ആത്മസംസ്കരണമാണ് റമളാനിന്റെ അടിസ്ഥാന ലക്ഷ്യം. അതിനായി അനേകം മാർഗങ്ങളുണ്ട്; അതിലൊന്നാണ് മഹത്തുക്കളെ സ്മരിക്കുക എന്നത്. സച്ചരിതരുടെ ജീവിത സ്മരണകൾ നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാകുമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്.
വായിക്കാം:
ആത്മസംസ്കരണമാണ് റമളാനിന്റെ അടിസ്ഥാന ലക്ഷ്യം. അതിനായി അനേകം മാർഗങ്ങളുണ്ട്; അതിലൊന്നാണ് മഹത്തുക്കളെ സ്മരിക്കുക എന്നത്. സച്ചരിതരുടെ ജീവിത സ്മരണകൾ നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാകുമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്. അവരുടെ ജീവിതതാളുകളിലൂടെ സഞ്ചരിക്കുന്നത് സ്വയം സംസ്കരിക്കപ്പെടാൻ നമ്മെ സഹായിക്കും. നമ്മെ വഴിനയിച്ച അനേകം മഹത്തുക്കൾ ഈ വിശുദ്ധ മാസത്തിലാണ് വിടപറഞ്ഞുപോയത്.
തിരുനബിയുടെ പ്രിയ പത്നിമാരായ ബീവി ഖദീജ(റ) (ഹിജ്റയുടെ മൂന്ന് വർഷം മുമ്പ് റമളാൻ), ബീവി ആയിഷ(റ) (ഹി. 58 റമളാൻ 17), പ്രിയപുത്രി ബീവി ഫാത്തിമ(റ) (ഹി. 11 റമളാൻ 3), അറിവിന്റെ കവാടമായ അലി(റ) (ഹി. 40 റമളാൻ 17) എന്നിവർ ഈ മാസത്തിന്റെ പവിത്രതയിൽ യാത്രയായവരാണ്. കൂടാതെ, മക്കയിലെ പ്രമുഖ താബിഈ പണ്ഡിതനും മുഫ്തിയുമായിരുന്ന അതാഅ് ബിനു അബീ റബാഹ്(റ) (ഹി. 115), ഹദീസ് ക്രോഡീകരണത്തിന് നേതൃത്വം നൽകിയ ഇബ്‌നു ശിഹാബ് അൽ സുഹ്‌രി(റ) (ഹി. 124 റമളാൻ 17), ഇമാം ഷാഫിഈ(റ)യുടെ പ്രമുഖ ശിഷ്യനും വിജ്ഞാനകോശവുമായ ഇമാം മുസനി(റ) (ഹി. 264 റമളാൻ 24), പ്രമുഖ ഹദീസ് പണ്ഡിതനായ ഇബ്നു മാജ(റ) (ഹി. 273 റമളാൻ 22), ഇമാം ഗസ്സാലി(റ)യുടെ ശിഷ്യനും പിൽക്കാല കർമശാസ്ത്ര പണ്ഡിതന്മാരുടെ ഗുരുവുമായ മുഹമ്മദ് ബിൻ യഹ്‌യ(റ) (ഹി. 548) തുടങ്ങിയവരും റമളാനിൽ വിടപറഞ്ഞവരാണ്. ഈ നിരയിലെ പ്രമുഖരായ ഇമാം മുസനിയെയും ഇബ്നു മാജയെയും നമുക്ക് അല്പം കൂടി അടുത്തറിയാം.
കർമശാസ്ത്ര ഭൂപടത്തിലെ വിസ്മയ നക്ഷത്രം
അൻപത് വർഷത്തോളം ഇമാം ശാഫിഈ(റ)യുടെ ‘രിസാല' പാരായണം ചെയ്തിട്ടും, ഓരോ വായനയിലും പുതിയ അറിവുകളുടെ ചക്രവാളങ്ങൾ തനിക്ക് മുന്നിൽ തുറക്കപ്പെട്ടുവെന്ന് സാക്ഷ്യപ്പെടുത്തിയ ഇമാം മുസനിയുടെ ജ്ഞാനദാഹം വിസ്മയകരമാണ്. മഹാൻ്റെ ബുദ്ധികൂർമതയും ഇൽമിനോടുള്ള അനുരാഗവും അത്രമേൽ അപാരമായിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് അനേകം വിഷയങ്ങൾ മനപാഠമാക്കുന്ന അസാമാന്യമായ ശീലം മഹാനുണ്ടായിരുന്നു. സലഫുസ്സ്വാലിഹീങ്ങളുടെ വിശ്വാസ-കർമങ്ങളിൽ അടിയുറച്ചു നിൽക്കുക എന്ന അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആദർശ ദൃഢത രചനകളിൽ ഉടനീളം ദർശിക്കാനാകും. പ്രത്യേകിച്ചും ‘ശറഹുസ്സുന്ന’യുടെ അവസാന ഭാഗങ്ങളിൽ ആ ദൃഢത കൂടുതൽ പ്രകടമായി കാണാം.
“എന്റെ ഹൃദയമാണ്, എന്റെ മദ്ഹബിന്റെ സഹായിയാണ്” ഇമാം ശാഫിഈ(റ) ഇങ്ങനെയാണ് അബൂ ഇബ്രാഹീം ഇസ്മാഈലുബ്നു യഹ്‌യ അൽമുസ്‌നി(റ)വിനെ വിശേഷിപ്പിച്ചത്. ഹിജ്റ 175ൽ മിസ്‌റിലാണ് ജനനം. ഇല്മിനെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്യുന്ന മഹിതമായ കുടുംബമായിരുന്നു മഹാന്റേത്. സഹോദരിയും ഒരു വലിയ പണ്ഡിതയായിരുന്നു. ഇമാം ശാഫിഈ(റ)യുടെ മജ്ലിസുകളിൽ മഹതി പങ്കെടുക്കാറുണ്ടായിരുന്നു. ഇമാം സുബ്കി(റ)വും ഇസ്നവി(റ)വും അവരുടെ ചരിത്ര കൃതികളിൽ മഹതിയെ പരിചയപ്പെടുത്തിയിട്ടുണ്ട്. വലിയ പരിത്യാഗിയും മുജ്തഹിദുകളിൽ പ്രധാനിയുമായിരുന്ന ഇമാം മുസനി
മുഴുവൻ ശാഫിഈ പണ്ഡിതരുടെയും നേതാവാണ്. മുളർ വംശത്തിലെ മുസൈന ഗോത്രത്തിലേക്ക് ചേർത്തി മുസനി എന്നറിയപ്പെട്ടു."പിശാചിനെ പോലും പരാജയപ്പെടുത്തുന്ന സംവാദകനെ…" എന്ന മഹാഗുരു ഇമാംശാഫിഈ(റ)യുടെ വിളിയിൽ നിന്നും ആ അതുല്യ വ്യക്തിത്വത്തെ നമുക്ക് മനസ്സിലാക്കാനാകും. വാദപ്രതിവാദ വിഷയത്തിൽ ജ്ഞാനത്തിന്റെ പർവതമാണെന്നാണ് ഇമാം സുബ്കി(റ) മഹാനെ വിശേഷിപ്പിച്ചത്. ഇമാം ശാഫിഈ(റ)യിൽ നിന്ന് ധാരാളം വിഷയങ്ങളിൽ പ്രാവീണ്യം നേടി. അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്തു.
സൂക്ഷ്മതയോടെ ജീവിതം നയിച്ച മഹാൻ വലിയ പരിത്യാഗിയുമായിരുന്നു. അക്കാലത്ത് പൊതുവായി ഉപയോഗിച്ചിരുന്ന ചില പാത്രങ്ങളിൽ വെള്ളം കുടിക്കുമായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മഹാന്റെ മറുപടി 'അവ നിർമിക്കുന്നതിൽ ചാണകം ഉപയോഗിക്കുന്നുണ്ടെന്നറിയാൻ കഴിഞ്ഞിട്ടുണ്ട്. തീയുടെ സഹായത്താലാണ് നിർമിച്ചതെന്നാലും ചാണകം മാറുന്നില്ലല്ലോ' എന്നായിരുന്നു. ജമാഅത്തായുള്ള ഏതെങ്കിലും ഒരു നിസ്കാരം നഷ്ടപ്പെട്ടാൽ മഹാനവർകൾ അത് ഇരുപത്തഞ്ച് തവണ ഒറ്റയ്ക്ക് നിസ്കരിച്ചു വീട്ടാറുണ്ട്. തനിച്ചു നിസ്കരിക്കുന്നതിനേക്കാൾ ജമാഅത്തായുള്ള നിസ്കാരത്തിന് ഇരുപത്തഞ്ച് ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന മുത്ത് നബിയുടെ ഹദീസ് അനുസരിച്ച് പരിപൂർണ പ്രതിഫലം കിട്ടാനാണ് മഹാൻ ഇത് ചെയ്തിരുന്നതെന്ന് ചരിത്ര പണ്ഡിതന്മാർ വിശദീകരിക്കുന്നുണ്ട്. തൂങ്ങി ഉറങ്ങിയാൽ വുളൂഅ് മുറിയില്ലെങ്കിലും ഒരിക്കൽ മഹാനവർകൾ ഇക്കാരണത്താൽ പതിനേഴ് തവണ വുളൂഅ് എടുത്തിരുന്നുവെന്ന് സാക്ഷിയായ യൂസുഫ് അബ്ദുൽ അഹദ്(റ) എന്നവർ പങ്കുവെച്ചിട്ടുണ്ട്. പ്രാർത്ഥനക്ക് ഇജാബത്തുള്ളവരിൽ പെട്ടയാളായിരുന്നു ഇമാമെന്ന് മഹത്തുക്കൾ പറഞ്ഞിട്ടുണ്ട്.
ജനാസ കുളിപ്പിക്കുന്ന പതിവ് മഹാനുണ്ടായിരുന്നു. അത് വലിയ ഇബാദത്തായി റബ്ബിന്റെ പ്രതിഫലം ആഗ്രഹിച്ച് കൊണ്ടായിരുന്നു ചെയ്തിരുന്നത്. എന്റെ അഹം മൃതമാക്കാൻ സഹായകമായി അനുഭവപ്പെട്ടതുകൊണ്ടാണ് ഞാൻ ഇത് പതിവാക്കുന്നതെന്ന് മഹാനവർകൾ പറഞ്ഞിരുന്നു. ഇമാം ശാഫിഈ(റ)വിന്റെ മയ്യിത്ത് കുളിപ്പിക്കാനുള്ള ഭാഗ്യവും മഹാനുണ്ടായി.
ഇബാദത്തുകൾ കൊണ്ട് ജീവിതം ധന്യമാക്കിയവരും ഹദീസിൽ സ്വീകാര്യയോഗ്യനായ വിശ്വസ്തനും ഫിഖ്ഹിൽ അഗ്രേസരനായ പണ്ഡിതനുമാണ് ഇമാം മുസനി(റ) എന്ന് മിസ്‌റിലെ മുഹദ്ദിസും ചരിത്ര പണ്ഡിതനുമായ ഇബ്നു യൂനുസ്(റ) പറഞ്ഞിട്ടുണ്ട്. പ്രയാസങ്ങളുണ്ടായാലും അവ സഹിച്ചുകൊണ്ട് മുറപോലെ ആരാധനകൾ നിർവഹിക്കുന്നതിൽ ഇമാം വീഴ്ച വരുത്തിയില്ല.
ഇൽമിനോടും പണ്ഡിതരോടും വല്ലാത്ത സ്നേഹവും ബഹുമാനവുമായിരുന്നു.
ഇമാം മുസനി(റ)യുടേതായി വിലപ്പെട്ട പതിനാറ് കിതാബുകളെ ഡോ. ജമാൽ ഉസ്സൈൻ എന്ന അൽജീരിയൻ പണ്ഡിതൻ തന്റെ പഠനത്തിൽ പറഞ്ഞിട്ടുണ്ട്. മഹാനവർകളുടെ അതിപ്രസിദ്ധ ഗ്രന്ഥമായ മുഖ്തസ്വറിൽ ഓരോ മസ്അല എഴുതുമ്പോഴും മിഹ്റാബിൽ പോയി രണ്ട് റക്അത്ത് നിസ്കരിക്കുമായിരുന്നു. മുഖ്തസറുൽ മുസനി എന്ന ഈ ഗ്രന്ഥം, ശാഫിഈ കർശാസ്ത്ര സരണിയിലെ അടിസ്ഥാന കിതാബാണെന്നും അതിൽനിന്നാണ് മറ്റുള്ള മുഴുവൻ കിതാബുകളും വിരചിതമായതെന്നും തീർത്തും ഇത് കിതാബുകൾക്കിടയിലെ ഒരു കന്യക തന്നെയാണെന്നുമാണ് മൂന്നാം നൂറ്റാണ്ടിലെ പ്രശസ്ത പണ്ഡിതൻ ഇബ്നു സുറൈജ്(റ) പ്രസ്താവിച്ചത്. ശാഫിഈ മദ്ഹബിലെ അസ്ഹാബിൽ നിന്ന് വിരചിതമായ ഗ്രന്ഥങ്ങളിൽ ആദ്യത്തേതാണത്. ഇരുപത് വർഷമെടുത്തുകൊണ്ടാണ് ബൃഹത്തായ ആ കിതാബ് രചിച്ചതെന്നും ഞാൻ അത് മൂന്നുതവണ എഴുതുകയും മാറ്റിയെഴുതുകയും ചെയ്തിട്ടുണ്ടെന്നും മഹാൻ പറഞ്ഞിരുന്നു. മഹാനവർകളുടെ കിതാബുകളെല്ലാം ദിഗന്തങ്ങൾ ഭേദിച്ച് പ്രസിദ്ധിയാർജ്ജിച്ചതാണെന്ന് അഞ്ചാം നൂറ്റാണ്ടിലെ പ്രശസ്ത ചരിത്ര പണ്ഡിതൻ ഇബ്നു അബ്ദിൽബർറ്(റ) നിരീക്ഷിച്ചിട്ടുണ്ട്.
എന്നെ ഞാനാക്കിയത് പ്രിയ ഗുരു ഇമാം ശാഫിഈ(റ) ആണെന്ന് മഹാൻ വിശ്വസിച്ചു. ഇമാം മുസനി(റ)ക്ക് ഉസ്താദുമാർ കുറയാനുള്ള കാരണമായി ഗവേഷകർ പറയുന്നത് സദാസമയവും മഹാ ഗുരുവിനോട് സഹവസിച്ചു അറിവ് നുകർന്നതുകൊണ്ടാണ് എന്നാണ്. ഫിഖ്ഹിന്റെ മഹത്വം മനസ്സിലാക്കി ഫിഖ്ഹിൽ തന്നെ പ്രിയ ശിഷ്യനെ വളർത്തിയത് ആ ഗുരു തന്നെയായിരുന്നു,മിസ്‌റിലെത്തിയ ഇമാം മുസനി(റ) ഇമാം ശാഫിഈ(റ)യുടെ അടുത്ത് വലിയ ജനക്കൂട്ടമുണ്ടാകുന്നതിന്റെ കാരണന്വേഷിച്ചു. 'പണ്ഡിതനായതുകൊണ്ടാണ്' എന്നായിരുന്നു ലഭിച്ച മറുപടി. ഇതിൽ പ്രബോധിതനായാണ് ഇമാം മുസനി(റ) പഠനത്തിനായി തീരുമാനിച്ചതെന്ന് മൂവഫഖുദ്ദീനുബ്നു ഉസ്മാൻ(റ) പറഞ്ഞിട്ടുണ്ട്. ശാഫിഈ(റ)ക്ക് പുറമെ വലിയ പണ്ഡിതനും ഇമാം ബുഖാരി അടക്കം അനേകം പണ്ഡിതരുടെ ഗുരുവുമായ നുഐമുബ്നു ഹമ്മാദ്(റ) പ്രസിദ്ധ മുഹദ്ദിസായ അലിയ്യുബ്നു മഅ്ബദ്ബ്നുശദ്ദാദ്(റ), അസ്ബഗ്ബ്നു നാഫിഅ്(റ) തുടങ്ങിയവർ മഹാൻ്റെ ഗുരു പരമ്പരയിൽ പെട്ടവരാണ്.
മിസ്‌ർ പണ്ഡിത സമ്പന്നമായ സ്ഥലമായതുകൊണ്ട് തന്നെ ജ്ഞാനസമ്പാദനാർത്ഥം മഹാൻ കൂടുതൽ യാത്ര ചെയ്യേണ്ട ആവശ്യം വന്നില്ല.
അനേകം പ്രസിദ്ധ പണ്ഡിതരെ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വം കൂടെയാണ് സ്മര്യ പുരുഷൻ. ഖുറാസാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലായി അനേകം പണ്ഡിതർ ഇമാമിന്റെ ശിഷ്യഗണങ്ങളിലുണ്ട്. അഗാധ ജ്ഞാനികളും അമൂല്യ ഗ്രന്ഥങ്ങളുടെ രചയിതാക്കളുമായ ഇബ്നു ഖുസൈമ(റ), ഇമാം ത്വഹാവി(റ), ഇബ്നു അബിഹാതിമുർറാസി(റ)
തുടങ്ങിയവർ അവരിൽ ചിലരാണ്.
ഹിജ്റ 264 റമളാൻ 24 എൺപത്തിയേഴാം വയസ്സിൽ ജന്മനാട്ടിൽ തന്നെയാണ് ആ മഹാമനീഷി ദിവംഗതനായത്. വഫാത്തിന് ശേഷവും പ്രിയ ഗുരുവിൻ്റെ ചാരത്താണ് അന്ത്യവിശ്രമം കൊള്ളുന്നത് .ഇമാം ശാഫിഈ( റ )യുടെ മറ്റൊരു പ്രധാന ശിഷ്യനായ റബീഅ(റ) യാണ് ജനാസ നിസ്കാരത്തിന് നേതൃത്വം നൽകിയത്. വലിയ ജ്ഞാനിയും ആത്മീയ ലോകത്തെ സുപ്രസിദ്ധ നേതൃത്വവുമായ ദുന്നൂനിൽമിസ്രി(റ)യെ ഖബ്റിൽ അല്ലാഹു ആദരിച്ചത് പോലെ ഇമാം മുസനി(റ)യെയും അല്ലാഹു പരിഗണിച്ചുവെന്ന് മഹാന്വറുകളുടെ ഖബറടക്ക സമയത്തെ ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ഭംഗിയാർന്ന വെളുത്ത പക്ഷികൾ ആ ഖബറിലേക്ക് പാറി വന്ന സന്ദർഭമൊക്കെയുണ്ടായിരുന്നത്രെ.
അനേകം ചരിത്ര താളുകളിൽ പരന്നുകിടക്കുന്ന ആ മഹാ ജീവിതം ഒട്ടേറെ ആധുനിക പഠനങ്ങൾക്കും വിധേയമായിട്ടുണ്ട്.
ഹദീസ് സാഗരത്തിലെ ആറാം പ്രഭാവം
ഹദീസ് ലോകത്തെ ആറ് പ്രസിദ്ധ സ്വഹീഹുകളിൽ സ്ഥാനം ലഭിച്ച സുനനു ഇബ്‌നിമാജയുടെ രചയിതാവായ മുഹമ്മദ് ബിനു യസീദ് അർറബഇയ്യ്(റ), ഇബ്‌നുമാജ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇറാനിലെ ഖസ്‌വീനിൽ ഹിജ്‌റ 209 ലാണ് ജനനം. യഹ്‌യബ്‌നു മഈൻ(റ), അഹ്മദ് ബിൻ ഹമ്പൽ(റ) തുടങ്ങിയ പ്രമുഖ മുഹദ്ദിസുകളുടെ കാലമായ മൂന്നാം നൂറ്റാണ്ടുകാരനായ മഹാൻ, ചെറുപ്പം മുതൽ തന്നെ ഇൽമിനോടും വിശിഷ്യ ഹദീസിനോടും അതിയായ താല്പര്യം പ്രകടിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ നാട്ടിലെ വലിയ മഹത്തുക്കളിൽ നിന്ന്
ഹദീസ് ശേഖരിക്കാനായി മഹാനെ പറഞ്ഞയച്ചിരുന്നു. അവരുടെ അടുത്തുനിന്നൊക്കെ പരമാവധി കരസ്ഥമാക്കിയതിനുശേഷമാണ് വിശാലമായ യാത്ര ആരംഭിച്ചത്. മക്ക, മദീന, സിറിയ, ബാഗ്ദാദ്, ബസറ, ഈജിപ്ത്, ഹിജാസ്, ഖുറാസാൻ, നൈസാബൂർ, ദമസ്കസ്, ഹിംസ്, റയ്യ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഹാൻ വിജ്ഞാനശേഖരണത്തിനായി യാത്ര ചെയ്തിട്ടുണ്ട്. വിജ്ഞാന പര്യടനങ്ങൾക്ക് ശേഷം അവസാനം നാട്ടിൽ തന്നെ തിരിച്ചെത്തി, രചനയും മറ്റുമായി ശിഷ്ടകാലം ചെലവഴിച്ചു.
അനേകം സ്ഥലങ്ങളിൽ സഞ്ചരിച്ചത് കൊണ്ട് തന്നെ അവിടങ്ങളിലെല്ലാം ഉസ്താദുമാരുണ്ട്. 'സയ്യിദുൽ ഹുഫ്ഫാള്' എന്ന പേരിൽ അറിയപ്പെട്ട അഗാധ ജ്ഞാനി അബൂബക്കർബ്‌നു അബീ ശൈബ(റ), നൈസാബൂരിലെ വലിയ ഹദീസ് പണ്ഡിതനായ അബ്ദുല്ലാഹിബ്‌നുൽ ജർറാഹ് അത്തമീമി(റ), ഖസ്‌വീനിലെ പ്രഗല്ഭരിൽപെട്ട അലിയ്യ്ബ്‌നു മുഹമ്മദ് അത്ത്വനാഫസി(റ) തുടങ്ങിയവർ ഗുരു പരമ്പരയിൽ പെട്ടവരാണ്. കൂടാതെ, ഇമാം മാലിക് (റ), ലൈസ് ബ്‌നു സഅദ്(റ) തുടങ്ങിയ പ്രഗല്ഭരുടെ ശിഷ്യരിൽ നിന്നും അറിവ് നുകരാനും മഹാൻ ഭാഗ്യം ലഭിച്ചു. സുനനിലും തഫ്‌സീറിലും മാത്രം ഉദ്ധരിച്ച ഏകദേശം മുന്നൂറ്റിപ്പത്ത് ഉസ്താദുമാരെ സിറിയയിലെ ആധുനിക പണ്ഡിതനും അനേകം മൂല്യവത്തായ ഗ്രന്ഥങ്ങളുടെ രചയിതാവുമായ അബ്ദുൽ ഫത്താഹ് അബൂ ഗുദ്ദ(റ) രേഖപ്പെടുത്തിയിട്ടുണ്ട്.
ആ മഹാ ഗുരുവിന്റെ ശിഷ്യ ശൃംഖലയും വിപുലമാണ്. ഖസ്‌വീനിലെ പ്രശസ്ത പണ്ഡിതരായ അലിയ്യ്ബ്‌നു ഇബ്രാഹീമുൽഖത്താൻ(റ), സുലൈമാൻ ഇബ്‌നു യസീദ്(റ) തുടങ്ങിയവർ അവരിൽ പെടുന്നു. മഹാനവർകളിലേക്ക് ചേർത്ത 'മാജ' എന്ന പേര് മാതാവിൻ്റെ പേരാണോ പിതാവിൻ്റെ സ്ഥാനപ്പേരാണോ, അതോ വല്ലിപ്പയുടെ പേരാണോ എന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പ്രമുഖ ശിഷ്യനായ അബുൽഹസൻ അൽഖത്വാൻ(റ), നാട്ടുകാരായ ഇമാം റാഫിഈ(റ) തുടങ്ങിയവർ പറയുന്നത് അത് ഉപ്പ യസീദ്(റ) എന്നവർക്കുള്ള സ്ഥാനപ്പെരായിരുന്നുവെന്നാണ്.
ഇമാമിൻ്റെ കിതാബുകളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് ചരിത്ര പണ്ഡിതർ പരിചയപ്പെടുത്തിയത്. സ്വഹാബത്തിന്റെയും താബിഉകളുടെയും തഫ്സീറുകൾ കോർത്തിണക്കിയ, മഹാന്റെ തഫ്‌സീറിനെ, നിറഞ്ഞു കവിഞ്ഞ തഫ്‌സീറെന്നാണ് നിരീക്ഷകർ വിശേഷിപ്പിച്ചത്. സ്വഹാബത്തിന്റെ കാലഘട്ടം മുതൽ മഹാന്റെ കാലം വരെയുള്ളവരുടെ പരിപൂർണമായ ഒരു ചരിത്ര ഗ്രന്ഥവും ഇബ്‌നു മാജ(റ)ക്കുണ്ട്. സൗന്ദര്യമാർന്ന താരീഖെന്നാണ് ഇബ്‌നു ഖല്ലിക്കാൻ(റ) അതിനെ വിശേഷിപ്പിച്ചത്. അവ രണ്ടും ഇന്ന് ലഭ്യമല്ല. ഹദീസ് ലോകത്തെ പ്രധാന അവലംബമായ ആറു കിതാബുകളിൽ ഇടം നേടിയ സുനനു ഇബ്‌നി മാജയിൽ നാലായിരം ഹദീസുകൾ ഉൾക്കൊണ്ടിരിക്കുന്നു. ഈ കിതാബിനെ വലിയ പണ്ഡിതനും അനേകം പ്രഗല്ഭരുടെ ഗുരുവുമായ അബൂസുർഅ(റ)ക്ക്, ഇബ്‌നുമാജ(റ) തന്നെ കാണിച്ചു കൊടുത്തപ്പോൾ, ജനങ്ങളുടെ കൈകളിൽ ഇതെത്തിയാൽ മറ്റുള്ള കിതാബുകളേക്കാൾ ഇതിന് പ്രാധാന്യം നൽകുമെന്ന് ആശീർവദിച്ചിരുന്നു. സുനന്നിന്റെ രചയിതാവാണ് എന്നത് തന്നെ മഹാനവർകളുടെ സമുദ്ര സമാനമായ ഇൽമിന്റെയും അധ്വാനത്തിന്റെയും വ്യാപ്തി അറിയിച്ചു തരുന്നുണ്ടെന്ന് ഇബ്‌നു കസീർ പ്രസ്താവിച്ചിട്ടുണ്ട്. ഈ കിതാബിന് വ്യാഖ്യാനവും തത്തുല്യ സേവനങ്ങളും ചെയ്ത 21 പണ്ഡിതരെ അബ്ദുൽ ഫത്താഹ്(റ), വിശദമായി പരിചയപ്പെടുത്തിയിട്ടുണ്ട്.
നീണ്ട 64 വർഷത്തെ മഹിതമായ ആ ജീവിതം അവസാനിക്കുന്നത് ഹിജ്‌റ 273
റമളാൻ 22 നായിരുന്നു.
അവലംബം:
അൽജാമിഉസ്സഗീർ - ഇമാം സുയൂത്തി.
സിയറു അഅ്ലാമിന്നുബലാഅ് - ഹാഫിള് ദഹബി.
തദ്കിറത്തുൽ ഹുഫ്ഫാള് - ഹാഫിള് ദഹബി.
ത്വബഖാത്തു ഷാഫിഇയ്യത്തിൽ കുബ്റ - താജുദ്ദീൻ അസ്സുബ്കി (: 2/ 93). തഹ്ദീബുത്തഹ്ദീബ് - ഇബ്നു ഹജർ അൽ അസ്ഖലാനി.
മുർഷിദുസ്സുവ്വാർ ഇലാ ഖുബൂറിൽ അബ്രാർ - മുവഫ്ഫഖുദ്ദീൻ അബ്ദുറഹ്മാൻ ബിൻ ഉസ്മാൻ(1/505).
സിഫത്തുസ്സ്വഫ്‌വ - ഇബ്നുൽ ജൗസി.
വഫയാത്തുൽ അഅ്യാൻ - ഇബ്നു ഖല്ലികാൻ (1/217).
അൽഅഅ്ലാം - ഖൈറുദ്ദീൻ അസ്സിരിക്ലി (1/ 329).
ആദീബാജ ശറഹ് ഇബ്നു മാജ - ഇമാം സുയൂത്തി.
ഇമാം ഇബ്നു മാജ വ കിതാബുഹുസ്സുനൻ - അബ്ദുൽ ഫത്താഹ് അബൂ ഗുദ്ദ. ഇസ്മാഈൽ ബിൻ യഹ്‌യ അൽമുസനി വ രിസാലതുഹു ശറഹുസ്സുന്ന - ജമാൽ ഉസ്സൂൻ.