സുഖാഡംബരങ്ങളിലേക്ക് ഇസ്ഖിലാമിക ഖിലാഫത്ത് ലക്ഷ്യം തെറ്റിയപ്പോള്‍ ഉമവി ഖിലാഫത്തിന്റെ പങ്കായം ഏറ്റെടുത്ത് ശരിയായ ദിശാ ബോധം നൽകി രാഷ്ട്രത്തെ സമുദ്ധരിച്ച ഭരണാധികാരിയാണ് ഉമറുബ്ന്‍ അബ്ദിൽ അസീസ്. നീതിയുടെ പര്യായമായി ഇസ്ലാമിക ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നതാണ് ഖലീഫയുടെ ജീവിതം. |
സുലൈമാനുബ്നു അബ്ദിൽ മലിക് വിടപറഞ്ഞു. മയ്യിത്ത് ഖബറടക്കും മുമ്പുതന്നെ സുലൈമാന്റെ വിശ്വസ്തനായ റജാഉബ്നു ഹൈവ മിമ്പറിൽ കയറി. തന്റെ പിൻഗാമി ആരാണെന്നെഴുതി സുലൈമാൻ ഏല്പിച്ച കത്തെടുത്ത് പേര് വായിച്ചു:
''സഹോദരൻ അബ്ദുൽ അസീസിന്റെ മകൻ ഉമർ "
പള്ളിയിൽ കൂടി നില്ക്കുന്നവരിൽ നിന്നൊരാൾ ഉച്ചത്തിൽ പറഞ്ഞു. ''ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ' പിന്നീടയാൾ തളർന്നിരിക്കുകയും ചെയ്തു.
ആളുകൾ അദ്ദേഹത്തെ താങ്ങിയെടുത്ത് മിമ്പറിൽ കയറ്റി. നിറകണ്ണുകളോടെ അല്പം വാക്കുകൾ സംസാരിച്ചു. ശേഷം അവിടെ കൂടിയവരെല്ലാം അദ്ദേഹത്തെ ബൈഅത്തും ചെയ്തു.
ഇസ്ലാമിക സാമ്രാജ്യത്തിന്റെ അടുത്ത അമീറായിരുന്നു അദ്ദേഹം. ഖലീഫമാർക്കുശേഷം മുസ്ലിം ലോകത്തിനു മുന്നിൽ വെൺ താരകമായി തിളങ്ങിയ ഉമറുബ്നു അബ്ദിൽ അസീസ്(റ).(717-720).
നമസ്കാരം കഴിഞ്ഞ് പരിചാരകർ ഉമറിനെ കൊട്ടാരത്തിലേക്ക് ആനയിച്ചു. എന്നാൽ അദ്ദേഹം സ്വന്തം വീട്ടിലേക്കാണ് പോയത്. അതും തൻ്റെ കോവർ കഴുതയിലായിരുന്നു യാത്ര. രാജകീയവും സമ്പന്നവുമായ ഒരു കുടുംബത്തിൽ ജനിച്ച് വളർന്ന ഖലീഫ, ഭരണം ഏറ്റെടുത്തതോടുകൂടി പരിത്യാഗിയാവുകയും അവസാനം ദരിദ്രനായി വിടവാങ്ങുകയും ചെയ്യുകയായിരുന്നു.
ഹിജ്റ 61 ൽ അബ്ദുൽ അസീസ് ബ്നു മർവാന്റെയും ലൈലാ ബിൻത് ആസിമുബ്നു ഉമറുബ്നുൽ ഖത്താബ്(റ)വിന്റെയും മകനായി മദീനയിൽ ജനിച്ചു. മദീനയിൽ തന്റെ മാതാവിന്റെ (ഉമറുബ്നു ഖത്താബ്(റ)വിന്റെ പേരക്കുട്ടി) കുടുംബത്തോടൊപ്പമാണ് ചെറുപ്പത്തിൽ വളർന്നത്.
ഇരുപത്തി അഞ്ചാം വയസ്സിൽ ഖലീഫ വലീദ്ബ്നു അബ്ദുൽ മലികിന്റെ ആജ്ഞപ്രകാരം അദ്ദേഹത്തെ മദീനയുടെ ഗവർണറാക്കി. മസ്ജിദുന്നബവിയുടെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചു. പിന്നീട് സുലൈമാനുബ്നു അബ്ദുൽ മലികിന്റെ കാലത്ത് തീർത്തും അപ്രതീക്ഷിതമായി മുസ്ലിം സമുദായത്തിന്റെ ഖലീഫയായി മഹാൻ അവരോധിതനായി. സ്ഥാനാരോഹണത്തിന് ശേഷം മിമ്പറിൽ കയറി ജനങ്ങളോട് അദ്ദേഹം നടത്തിയ പ്രഥമ പ്രഭാഷണം ചരിത്രപ്രസിദ്ധമാണ്. 'ഓ ജനങ്ങളേ, എന്റെ അഭിപ്രായമോ ആവശ്യപ്പെടലോ ഇല്ലാതെ മുസ്ലിംകൾക്കിടയിൽ കൂടിയാലോചിക്കാതെ ഞാനിതാ ഈ അധികാരം കൊണ്ട് ഇവിടെ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ചെയ്ത ബൈഅത്ത് ഞാനിതാ ഒഴിവാക്കിയിരിക്കുന്നു. നിങ്ങൾ നിങ്ങൾക്കുവേണ്ടി മറ്റൊരാളെ തിരഞ്ഞെടുക്കുക".
ഇതുകേട്ടപ്പോൾ ജനങ്ങൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു: "ഓ അമീറുൽ മുഅ്മിനീൻ, ഞങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. ഞങ്ങൾ പൂർണസംതൃപ്തരാണ്. ഞങ്ങളെ നിങ്ങൾ ഭരിച്ചാലും."
ഖലീഫയായതോടെ കൂടുതൽ വിനയാന്വിതനായി. ആഡംബരങ്ങളും സുഖസൗകര്യങ്ങളും വേണ്ടെന്നു വച്ചു. ബനൂ ഉമയ്യ അന്യായമായി കൈവശപ്പെടുത്തിയിരുന്ന സ്വത്തുവകകൾ പൊതുഖജനാവിലേക്കുമാറ്റി. രണ്ടരവർഷത്തോളം നീതിയും ധർമവും കളിയാടിയ അദ്ദേഹത്തിന്റെ ഭരണത്തിന് നാൽപതാം വയസ്സിൽ തന്റെ നിര്യാണത്തോടെ തിരശ്ശീല വീഴുകയായിരുന്നു. അല്ലാഹുവിനോടുള്ള ഭയവും ജനങ്ങളുടെ കാര്യത്തിലുള്ള ഉത്തരവാദിത്വബോധവും അദ്ദേഹത്തെ മരണശയ്യയിലേക്ക് തള്ളിയിട്ടുവെന്ന് ഭാര്യ ഫാത്വിമ ബിൻത് അബ്ദുൽ മലിക് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സുഖസൗകര്യങ്ങൾ വിലക്കപ്പെട്ടതിൽ വിറളി പൂണ്ട ബനൂ ഉമയ്യ, അദ്ദേഹത്തിന്റെ അടിമക്ക് ആയിരം ദീനാറും മോചനവും വാഗ്ദാനം നൽകി ഖലീഫയെ വിഷംകൊടുത്ത് കൊല്ലാൻ പദ്ധതിയിടുകയും നിരന്തരമായ പ്രലോഭനത്തിന് വഴങ്ങി അടിമ വിഷം കൊടുക്കുകയും ചെയ്തു. ഇത് ചരിത്രത്തിലെ കറപുരണ്ട അധ്യായമായി അവശേഷിക്കുന്നു. മഹാൻ വിടവാങ്ങുമ്പോൾ വെറും പതിനേഴു ദീനാറായിരുന്നു അനന്തര സ്വത്ത്. അതിൽ അഞ്ച് ദീനാർ കഫൻപുടക്കും രണ്ട് ദീനാർ ഖബ്റിനും മാറ്റി വെച്ച് ബാക്കി പത്ത് ദീനാർ പതിനൊന്ന് മക്കൾക്ക് വീതം വെക്കേണ്ടി വന്ന കരളലയിപ്പിക്കുന്ന വിടവാങ്ങലായിരുന്നു അത്.
അദ്ദേഹത്തിൻറെ ശക്തമായ ഇടപെടലുകൾ കാരണമായിരുന്നു അന്നത്തെ ഇസ്ലാമിക സാമ്രാജ്യം സാമൂഹികപരമായും സാമ്പത്തികപരമായും രാഷ്ട്രീയപരമായും കൃത്യമായ പരിഷ്കരണങ്ങൾ കൊണ്ടും വികസനങ്ങൾ കൊണ്ടും സമ്പന്നമായത്. ആധുനിക രാഷ്ട്ര നിർമ്മാണങ്ങൾക്ക് മാതൃകയാകുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ. വെറും രണ്ടരവർഷം കൊണ്ട് അദ്ധേഹം ചെയ്ത് തീർത്ത പ്രവർത്തനങ്ങൾ ആധുനികതക്ക് ഏറെ മാതൃകയുള്ളതാണ്.
പരിഷ്കരണ പ്രവർത്തങ്ങൾ
ഉമർ ഇബ്ൻ അബ്ദുൽ അസീസ് (റ) അധികാരമേൽക്കുന്ന സമയത്ത് സമൂഹം ഛിന്നഭിന്നമയിരുന്നു. ഉമവി ഭരണകർത്താക്കൾ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാൻ ഗോത്രമാത്സര്യവും കുടുബ വഴക്കും പ്രാദേശിക ചിന്തയും ഭാഷാപക്ഷപാതിത്വവും കുത്തിപ്പൊക്കിയിരുന്നു. യമനികളെന്നും സിറിയക്കാരെന്നും ഇറാഖികളെന്നും പറഞ്ഞ് പോരും പകയും വളർത്തിയിരുന്നു. മൗലിക പ്രശ്നങ്ങളിൽ നിന്നും സമൂഹത്തിൻറെ ചിന്ത തിരിച്ചു വിടലായിരുന്നു അവരുടെ ലഷ്യം. ശീഇകളും ഖവാരിജുകളും ഖദ്രിയ്യാക്കളും എല്ലാം തങ്ങളുടെ വിശ്വാസ വീക്ഷണങ്ങളിൽ തീവ്രത പുലർത്തുകയും അന്യോന്യം ശത്രുത വളർത്തുകയും ചെയ്തു. പലപ്പോഴും അത് സായുധ സംഘട്ടനത്തിലേക്ക് മുതിരുയും ചെയ്തു. ഏതു സ്വേച്ഛാധിപത്യ വാഴ്ചയിലെയും പോലെ അക്കാലത്തും നിയമം ഭരണാധികാരിയുടെ നാവിൻ തുമ്പിൽ വരുന്നതും നന്മ അയാളുടെ മനസ്സിലുദിക്കുന്നതും ആയിരുന്നു.
അമീറുൽ മുഅ്മിനീനെ അന്ധമായി അനുസരിക്കാൻ ആരോടും ആവശ്യപ്പെട്ടിരുന്നില്ല. എന്നല്ല അത് അനുവദിക്കുകപോലും ചെയ്തിരുന്നില്ല. സ്വന്തം ഗവർണർമാർ പോലും വിവേചനരഹിതമായ തൻറെ കൽപ്പനകൾ സ്വീകരിക്കരുത് എന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. പലപ്പോഴും അവരെ ഇങ്ങനെ ഉപദേശിക്കാറുണ്ടായിരുന്നു : "സത്യവിരുദ്ധമായി വല്ല കാര്യവും ഞാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ അത് ചവിട്ടിത്തേക്കുക. സത്യം മാത്രം മുറുകെ പിടിക്കുക ".
ഉമർ ഇബ്ൻ അബ്ദുൽ അസീസ് (റ)ൻ്റെ വരവോടെ ഈ അവസ്ഥക്ക് പരിസമാപ്തിയായി. അദ്ദേഹം തന്റെ ഭരണത്തിലുടനീളം ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും ഗവൺമെന്റിനെ ജനങ്ങളുടേതാക്കി മാറ്റാനും നിഷ്കർഷത പുലർത്തി. ഉമർ ഇബ്ൻ അബ്ദുൽ അസീസ്(റ) ഭരണകാര്യങ്ങൾ കൂടിയാലോചിക്കാൻ സത്യസന്ധരും ധീരരും പ്രതിഭാശാലികളുമായ ഒരു സംഘത്തെ തിരഞ്ഞെടുത്തു. അവരെല്ലാം അല്ലാഹുവല്ലാത്തവരെ അല്പം പോലും ഭയപ്പെടാത്തവരും സത്യത്തോട് കലർപ്പ് കലർത്താത്ത പരിശുദ്ധരുമായിരുന്നു. അദ്ദേഹം അവരുമായി സുപ്രധാന വിഷയങ്ങളിലെല്ലാം കൂടിയാലോചിച്ചു. സമകാലിക സമൂഹത്തിലെ സമുജ്വല പണ്ഡിതനായ സാലിമുബ്നു അബ്ദുല്ലാ ഇബ്നു ഉമർ , റജാഹിബിന് ഹൈവ, ഖാസിമുബ്നു മുഹമ്മദ് (റ) എന്നിവരുമായി പല കാര്യങ്ങളും ചർച്ച ചെയ്തു. വല്ല പ്രശ്നങ്ങളിലും സംശയങ്ങളുണ്ടായാൽ സാലിമുബ്നു അബ്ദുല്ലയോട് എഴുതി ചോദിക്കുക്കയും ചെയ്തിരുന്നു. അമീറുൽ മുഅ്മിനീനെ അന്ധമായി അനുസരിക്കാൻ ആരോടും ആവശ്യപ്പെട്ടിരുന്നില്ല. എന്നല്ല അത് അനുവദിക്കുകപോലും ചെയ്തിരുന്നില്ല. സ്വന്തം ഗവർണർമാർ പോലും വിവേചനരഹിതമായ തൻറെ കൽപ്പനകൾ സ്വീകരിക്കരുത് എന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. പലപ്പോഴും അവരെ ഇങ്ങനെ ഉപദേശിക്കാറുണ്ടായിരുന്നു : "സത്യവിരുദ്ധമായി വല്ല കാര്യവും ഞാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ അത് ചവിട്ടിത്തേക്കുക. സത്യം മാത്രം മുറുകെ പിടിക്കുക ". അതോടൊപ്പം തന്നെ ഗവർണർമാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും എല്ലാ പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാനും നിരൂപണം നടത്താനും അപാകത വിമർശിക്കാനും രാജ്യത്തെ മുഴുവൻ പൗരന്മാർക്കും അനുവാദം നൽകി. അതുപോലെ സമ്പൂർണ്ണ സമത്വം പ്രഖ്യാപിച്ചു. ഒരു വിഭാഗം മാത്രം ഉന്നതരും പ്രത്യേകക്കാരുമായി വിലസുന്ന അവസ്ഥക്ക് അറുതിവരുത്തി.
ഉമർ(റ)തൻറെ ജീവിതം സമൂഹത്തിന് മുമ്പിൽ തുറന്നു വച്ചു. തന്നെ ആർക്കും എങ്ങനെയും ചോദ്യം ചെയ്യാനുള്ള അവകാശം നൽകി. രാജ്യത്തെ സാധാരണ പൗരന് നൽകുന്ന വിഹിതത്തേക്കാൾ ഒന്നും കൂടുതൽ എടുക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചു. വല്ല അനീതിയും സംഭവിച്ചാൽ അത് ഉടനെ ശ്രദ്ധയിൽപ്പെടുത്താൻ നിർദ്ദേശിച്ചു. അങ്ങനെ ചെയ്യുന്നവർക്ക് വിലപിടിച്ച പാരിതോഷികങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ഉമർ (റ) റജാഹിനോടൊന്നിച്ച് ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്ന് വിളക്ക് കേടു വന്നു. ഭൃത്യനെ നോക്കിയെങ്കിലും അയാൾ ഉറക്കത്തിലായിരുന്നു. റജാഹ് അത് നന്നാക്കാൻ ശ്രമിച്ചു. പക്ഷേ ഖലീഫ സമ്മതിച്ചില്ല. അദ്ദേഹം സ്വയം അതിൻറെ കേടുപാടുകൾ തീർത്തു. അത്ഭുതം തോന്നിയ റജാഹ് ചോദിച്ചു:
"അമീറുൽ മുഅ്മിനീൻതന്നെയാണോ ഇതും ചെയ്യുന്നത് "?.
" ഉമറാണ് "അമീർ മുഅ്മിനീൻ പ്രതിവചിച്ചു ".
തനിക്കുവേണ്ടി ആരും എഴുന്നേറ്റു നിൽക്കുന്നത് അമീറുൽ മുഅ്മിനീന് ഇഷ്ടമായിരുന്നില്ല. അങ്ങനെ ആരെങ്കിലും ചെയ്താൽ അവരെ അല്ലാഹുവിനെ ഓർമിപ്പിക്കും. ഇപ്രകാരം തന്നെക്കാൾ പ്രായം ചെന്ന ദുർബലർ നിൽക്കുമ്പോൾ ഒരിക്കലും ഇരുന്നിരുന്നില്ല. ഒരു സാധാരണ സേവകൻ മാത്രമാണ് താനെന്ന ബോധമാണ് അദ്ദേഹത്തെ സദാ നയിച്ചുകൊണ്ടിരുന്നത്. സ്വന്തം സഹോദരനോടും സുഹൃത്തിനോടും എന്നപോലെ സാധാരണക്കാരുമായി ബന്ധപ്പെടാൻ കഴിയണമെന്ന നിർബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തർക്കും ഖലീഫ തങ്ങളിൽ പെട്ടവനാണ് എന്ന് തോന്നത്തക്ക വിധം അവരുമായി നിരന്തരം ബന്ധപ്പെട്ടു. രാജ്യത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കും പുരോഗതികൾക്കും പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് അമീറുൽ മുഅ്മിനീന് നന്നായി അറിയാമായിരുന്നു.പകലന്തിയോളം പാടുപെട്ട് പണിയെടുക്കുന്ന പാവങ്ങളാണ്. അവരുടെ ദാഹമോഹങ്ങൾ ശമിപ്പിക്കുകയും ഹൃദയ വികാരങ്ങൾ പ്രതിഫലിപ്പിക്കുകയും ചെയ്യാത്ത ഭരണകൂടം നീതിരഹിതമാണെന്ന ബോധവും ഉമർ(റ) ന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ നാടിൻറെ നട്ടെല്ലായ സാധാരണ ജനത്തെ ചെറിയ രൂപത്തിൽ പോലും അദ്ദേഹം അവഗണിക്കുകയോ തന്റെ ഉദ്യോഗസ്ഥരെ അതിനെ അനുവദിക്കുകയോ ചെയ്തില്ല.
നീതി നിർവ്വഹണം
മുൻഗാമികൾ രാജ്യാതിർത്തികൾ വികസിപ്പിക്കാനാണ് ശ്രമിച്ചിരുന്നതെങ്കിൽ ഉമർബിൻ അബ്ദുൽ അസീസ് ആഭ്യന്തര സംസ്കരണത്തിലാണ് ശ്രദ്ധയൂന്നിയത്. എങ്കിലും പുറത്തുനിന്നുള്ള ആക്രമണത്തിന് അദ്ദേഹം തീരെ അവസരം നൽകിയില്ല. റോമക്കാരുടെ ഭാഗത്തുനിന്ന് കയ്യേറ്റം ഉണ്ടാകാതിരിക്കാൻ അദ്ദേഹം അതിർത്തിയുടനീളം വീടുകൾ നിർമ്മിച്ച് കരുത്തരായ മുസ്ലീങ്ങളെ അവിടെ കുടിയിരുത്തി. കൂടാതെ വലീദ്ബ്നു ഹിശാമുൽ മുഈത്വിയുടെയും അംറുബ്നു ഖൈസുൽ കിന്തിയുടെയും നേതൃത്വത്തിൽ സുസജ്ജരായ സൈനികരെ നിർത്തുകയും ചെയ്തു. ഇപ്രകാരം തന്നെ ആദർബൈജാനിലെ മുസ്ലീങ്ങളെ കൂട്ടക്കൊല നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും ഉമർ(റ) അറച്ചുനിന്നില്ല. തദ്ഫലമായി അദ്ദേഹത്തിൻറെ അധികാരകാലത്ത് ഇസ്ലാമിക രാഷ്ട്രം ആഭ്യന്തരമോ വൈദേശികമോ ആയ എല്ലാ തരം ഭീഷണികളിൽ നിന്നും സുരക്ഷിതമായി നിലകൊണ്ടു.
സംശയം തോന്നുന്ന പ്രശ്നങ്ങളിൽ പണ്ഡിതന്മാരുമായി കൂടിയാലോചിക്കാനും പരമാവധി സൂക്ഷ്മത പാലിക്കാനും ഖലീഫ ന്യായാധിപന്മാരോട് നിരന്തരം നിർദ്ദേശിച്ചിരുന്നു. കേസിലെ തെളിവുകൾ ലഭ്യമല്ലെങ്കിൽ തീവ്രമായ ശ്രമം നടത്തിയെങ്കിലും വസ്തുത മനസ്സിലാക്കാൻ ജഡ്ജിമാർ ബാധ്യസ്ഥരായിരുന്നു. അതിനുവേണ്ടി വേഷ പ്രച്ഛന്നരായി സഞ്ചരിക്കാനും രഹസ്യ അന്വേഷണം നടത്താനും അവരോട് അമീറുൽ മുഅ്മിനീൻ കൽപ്പിച്ചിരുന്നു.
ഉമർ ഇബ്നു അബ്ദുൽ അസീസ് ഖിലാഫത്ത് ഏറ്റെടുക്കുന്നതിന് മുമ്പ് ഭരണാധികാരികളുടെ വാക്കും വികാരങ്ങളുമാണ് കുറ്റവും ശിക്ഷയും നിർണയിച്ചിരുന്നത്. തങ്ങളുടെ താല്പര്യങ്ങൾക്കെതിരെന്ന് തോന്നിയവരെയൊക്കെ അവർ നിഷ്ക്കരുണം ഹനിച്ചു. കൊട്ടാര സേവകരും തൊഴിലാളികളും കുറ്റവാളികളായി മുദ്രകുത്തുന്നവരെയെല്ലാം പിടികൂടി പീഡിപ്പിച്ചു. നിയമലംഘനം സംശയിക്കപ്പെടുന്നവരെ പോലും ശിക്ഷിച്ചു. ഉമർ(റ) ഈ നീച നടപടികൾക്ക് അറുതിവരുത്തി. കുറ്റം വ്യക്തമായി തെളിയിക്കപ്പെടാതെ ആരെയും സംശയത്തിന്റെ പേരിൽ ശിക്ഷിക്കരുതെന്ന് വിധിച്ചു. മാപ്പ് കൊടുക്കുന്നതിൽ ന്യായാധിപന് തെറ്റുപറ്റിയാലും ശിക്ഷ നൽകുന്നതിൽ അബദ്ധം പിണയരുതെന്ന് ശഠിച്ചു. സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് എന്ന തത്വം നടപ്പാക്കണമെന്ന് ജഡ്ജിമാരോട് നിർദ്ദേശിച്ചു. ഇക്കാര്യത്തിലും അദ്ദേഹം പിതാമഹൻ ഉമറുൽ ഫാറൂഖ് (റ) ന്റെ മാതൃകയാണ് അവലംബിച്ചത്. എന്നാൽ വാദികളുടെ എന്താവശ്യവും ഇടവും വലവും നോക്കാതെ അംഗീകരിക്കുന്ന അന്ധമായ നിലപാടും അമീറുൽ മുഅ്മിനീന് ഉണ്ടായിരുന്നില്ല. എല്ലാം കൃത്യമായി പരിശോധിച്ചശേഷമാണ് തീരുമാനങ്ങൾ എടുത്തിരുന്നത്. ന്യായാധിപന്മാർ പൂർണ്ണ സ്വതന്ത്ര്യരായിരുന്നു. അവരുടെ വിധികളിലും തീരുമാനങ്ങളിലും ഭരണാധികാരികൾ ഇടപെട്ടിരുന്നില്ല. അതിനാൽ അവർ ഖലീഫിക്കെതിരെ പോലും വിധി പ്രസ്താവിക്കാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. തെറ്റ് ബോധ്യപ്പെടുത്തിയും സാവധാനത്തിലും നീതി നടത്തുന്നതാണ് ഗുണകരമെന്ന വീക്ഷണമാണ് ഉമറു ഇബ്നു അബ്ദുൽ അസീസ് (റ)ന് ഉണ്ടായിരുന്നത്. എന്നാൽ പ്രശ്നം അനിശ്ചിതമായി നീണ്ടുപോകാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിൻറെ കാലത്ത് ന്യായാധിപന്മാർക്ക് കാര്യങ്ങൾ നിർവ്വഹിക്കാൻ നിർണിത സ്ഥലം ഉണ്ടായിരുന്നില്ല. വീട്ടിലും ഓഫീസിലും പള്ളിയിലുമെല്ലാം കേസുകൾ കേൾക്കുകയും അവ പഠിക്കുകയും വിധി നടത്തുകയും ചെയ്യുമായിരുന്നു. സംശയം തോന്നുന്ന പ്രശ്നങ്ങളിൽ പണ്ഡിതന്മാരുമായി കൂടിയാലോചിക്കാനും പരമാവധി സൂക്ഷ്മത പാലിക്കാനും ഖലീഫ ന്യായാധിപന്മാരോട് നിരന്തരം നിർദ്ദേശിച്ചിരുന്നു. കേസിലെ തെളിവുകൾ ലഭ്യമല്ലെങ്കിൽ തീവ്രമായ ശ്രമം നടത്തിയെങ്കിലും വസ്തുത മനസ്സിലാക്കാൻ ജഡ്ജിമാർ ബാധ്യസ്ഥരായിരുന്നു. അതിനുവേണ്ടി വേഷ പ്രച്ഛന്നരായി സഞ്ചരിക്കാനും രഹസ്യ അന്വേഷണം നടത്താനും അവരോട് അമീറുൽ മുഅ്മിനീൻ കൽപ്പിച്ചിരുന്നു. എന്നാൽ കുറ്റം സമ്മതിക്കാൻ മർദ്ദനമുറകൾ സ്വീകരിക്കുന്നത് അദ്ദേഹം തീരെ അംഗീകരിച്ചിരുന്നില്ല. ഇതേ പോലെ തന്നെ നിയമലംഘനത്തിന് നിർബന്ധിക്കുന്ന സാഹചര്യങ്ങളിൽ കുറ്റത്തിലേർപ്പെടുന്നവരെ ശിക്ഷിച്ചിരുന്നില്ല. സാമ്പത്തിക പരാധീനതകളാൽ മോഷണം നടത്തിയ വ്യക്തികളെ വെറുതെ വിടുകയും അവർക്ക് പത്ത് ദിർഹം ദാനമായി നൽകുകയുമാണ് അദ്ദേഹം ചെയ്തിരുന്നത്.
തൻറെ നിയമനടപടികളിലും വിധികളിലും വല്ല വീഴ്ചയും സംഭവിച്ചാൽ അത് തിരുത്താൻ അമീറുൽ മുഅ്മിനീന് തീരെ വൈമനസ്യം ഉണ്ടായിരുന്നില്ല. തീരുമാനത്തിൽ തെറ്റുകളുണ്ടെന്ന് ബോധ്യമാകുന്ന നിമിഷം തന്നെ അത് റദ്ദാക്കാൻ തയ്യാറാണെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലഭ്യമായ വസ്തുതകളുടെ വെളിച്ചത്തിൽ വിധി നടത്തുകയും പിന്നീട് അതിനേക്കാൾ പ്രബലമായ പ്രമാണങ്ങൾ കിട്ടിയാൽ അത് സ്വീകരിക്കുകയും ചെയ്യാമെന്ന് അദ്ദേഹം ആളുകളെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ സംശയത്തിന്റെ പേരിൽ ആരും ദ്രോഹിക്കപ്പെടരുതെന്ന നിർബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹം ന്യായാധിപന്മാരോട് നിർദ്ദേശിച്ചു : " സംശയം നിലനിൽക്കുന്നുവെങ്കിൽ സാധ്യമാവും വിധം ശിക്ഷ ഒഴിവാക്കുക. ശിക്ഷയിൽ അനീതി ലഭിക്കുന്നതിനേക്കാൾ നല്ലത് മാപ്പ് നൽകുന്നതിൽ പിഴവ് പറ്റുന്നതാണ് " . ആധുനിക നിയമവിശാരതന്മാർ തങ്ങളുടെ വലിയ കണ്ടെത്തലായി കണക്കുകൂട്ടുകയും പുരോഗമനപരം എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ഈ തത്ത്വം നൂറ്റാണ്ടുകൾക്ക് മുമ്പ് ഉമർ ബിനു അബ്ദുൽ അസീസ്(റ) പ്രായോഗത്തിൽ വരുത്തിയിരുന്നു. തന്റെ നിയമനടപടികൾ നീതിയിലധിഷ്ഠിതമാകണമെന്ന് അദ്ദേഹത്തെപ്പോലെ ശഠിച്ച ഭരണാധികാരികളെ ചരിത്രത്തിൽ ഏറെ കണ്ടെത്തുക അസാധ്യമാണ്.