ഒരു അമുസ്‌ലിമും അന്യായങ്ങൾക്ക് ഇരയാകരുതെന്ന് അറ്റ്ലാന്റിക് സമുദ്രം മുതൽ ചൈന വരെ വ്യാപിച്ചു കിടക്കുന്ന ഗവർണർമാർക്ക് അദ്ദേഹം നിരന്തരം കത്തുകളയച്ചു. മൃഗങ്ങൾ, ജയിൽപുള്ളികൾ, തുടങ്ങി മാറ്റിനിറുത്തിയവരുടെ അവകാശങ്ങൾ പരിപോഷിപ്പിച്ചു. ഹ്രസ്വകാലം കൊണ്ട് നീതിയുടെ പര്യായം ഉമറെന്ന നാമം അദ്ദേഹം അന്വർത്ഥമാക്കി.

ജനങ്ങളോടുള്ള ആത്മാർത്ഥതയും സഹാനുഭൂതിയും കരുണയുമാണ് നല്ല ഭരണാധികാരിയുടെ സവിശേഷത. ഭാരം ചുമക്കുന്നവനോട് ബഹുമാനവും ദീനിനോട് ദയയും മർദ്ദിതനോട് മമതയും സാധാരണക്കാരോട് സന്മനസ്സും പ്രകടിപ്പിക്കാത്തവൻ ഇസ്ലാമിക ഖിലാഫത്തിന് അർഹനല്ല. ഇക്കാര്യം മറ്റാരെക്കാളും മനസ്സിലാക്കിയ വ്യക്തിയായിരുന്നു അമീറുൽ മുഅ്മിനീൻ ഉമർ ബ്നു അബ്ദിൽ അസീസ് (റ).

സ്നേഹനിർഭരമായ തലോടലുകളിലൂടെയും പിതൃസമാനമായ പരിലാളനകളിലൂടെയും പരാതികളും പരിവേദനകളും പരിഹരിച്ച് എല്ലാവർക്കും രക്ഷയും സമാധാനവും നൽകി. അനറബിയും അറബിയും, സ്ത്രീയും പുരുഷനും, അടിമയും ഉടമയും, ദിമ്മിയും മുസ്ലിം തമ്മിലുണ്ടായിരുന്ന അന്തരം ഇല്ലാതാക്കി ഇസ്ലാം അംഗീകരിച്ച അവകാശങ്ങൾ മുഴുവനാളുകൾക്കും നൽകി. മർദിതർക്ക് ഉമർ(റ)നെ കാണാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും   പ്രവേശനാനുമതി പോലും ആവശ്യമുണ്ടായിരുന്നില്ല. കുറ്റവാളികളെ ശിക്ഷിക്കുമ്പോൾ പോലും കരുണ കാണിക്കണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരേ കുറ്റത്തിന് മല്ലന്മാരെയും ദുർബലരെയും ശിക്ഷിക്കുമ്പോൾ വ്യത്യസ്തമായ രീതികളണ് അദ്ദേഹം സ്വീകരിച്ചത്. ജയിൽവാസികളുടെ ജീവിതം സുഖകരമാക്കാനും അവരുടെ പ്രയാസങ്ങൾ അകറ്റാനും ധാരാളം ധനം അദ്ദേഹം വിനിയോഗിക്കുകയുണ്ടായി. ദുർബലരുടെയും സ്ത്രീകളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ഉമർ (റ) നിതാന്ത ജാഗ്രത പുലർത്തി. പ്രശ്നങ്ങൾ പരിഹരിക്കാൻ പരാതികൾക്ക് കാത്തിരിക്കുന്ന പതിവ് ഉമർ(റ)ന് ഉണ്ടായിരുന്നില്ല. സമൂഹത്തിൻറെ പ്രശ്നങ്ങൾ അന്വേഷിച്ചറിഞ്ഞ് നിവാരണം വരുത്തുകയാണ് അദ്ദേഹം ചെയ്തിരുന്നത്. ഇങ്ങനെ, മനുഷ്യരോട് തികഞ്ഞ കരുണയും സഹാനുഭൂതിയും പുലർത്തിയിരുന്ന ഉമർ(റ) മറ്റു ജീവജാലങ്ങളോടും അതേ സമീപനമാണ് സ്വീകരിച്ചിരുന്നത്. തമാശക്കും വിനോദത്തിനും വേണ്ടി കന്നുകാലികളെ പോരടിപ്പിക്കുന്ന കിരാതമായ രീതികൾ അദ്ദേഹം അവസാനിപ്പിച്ചു. ഒട്ടകങ്ങളുടെയും കുതിരകളുടെയും കഴുതകളുടെയും പുറത്ത് അമിതമായ ഭാരം കയറ്റി വെക്കുന്നത് നിരോധിച്ചു. വിനോദത്തിനായി കുതിരപ്പന്തയം നടത്തുന്നതും ഉമർ(റ) വിലക്കി. ഭാരമുള്ള കടിഞ്ഞാൺ ഉപയോഗിക്കുന്നത് പോലും അദ്ദേഹം കുറ്റകരമായ പ്രഖ്യാപിച്ചു.

ഖിലാഫത്ത് ഏറ്റെടുക്കുമ്പോൾ സാധാരണ മുസ്ലിങ്ങളെ പോലെ തന്നെ സഹോദര സമുദായങ്ങളും പീഡനങ്ങൾക്ക് വിധേയമായിരുന്നു. അവരുടെ അനവധി അവകാശങ്ങൾ നിഷേധിക്കപ്പെടുകയും അന്യായമായ സമ്മർദ്ദങ്ങൾക്ക് ഇരയാവുകയും ചെയ്തിരുന്നു. എന്നാൽ ഖലീഫ മറ്റു മർദ്ദിതരോട് എന്നപോലെ അവരോടും അത്യുദാരമായ സമീപമാണ് സ്വീകരിച്ചത്. രാജ്യത്തെ മുഴുവൻ അമുസ്ലിം പൗരന്മാരോടും മാന്യമായി പെരുമാറാനും അവർക്കാവശ്യമായ സംരക്ഷണവും സുരക്ഷിതത്വവും നൽകാൻ നിർദ്ദേശിക്കുന്ന കത്തുകൾ അദ്ദേഹം ഗവർണർമാർക്ക് അയച്ചു. അമുസ്ലിങ്ങളിൽ നിന്ന് അന്യായമായി പിടിച്ചെടുക്കപ്പെടുന്ന വസ്തുക്കളെല്ലാം തിരിച്ചു നൽകുകയും അവരോട് മാന്യമായി വർത്തിക്കാൻ മുസ്ലിങ്ങളോട് കൽപ്പിക്കുകയും ചെയ്തു. ഭരണ പ്രദേശത്തെ ക്രിസ്ത്യാനികളുടെ മേൽ നടപ്പാക്കിയിരുന്ന ജിസിയ അമീറുൽ മുഅ്മിനീൻ വെട്ടിച്ചുരുക്കി. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ പൂർണ്ണമായും നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ചർച്ചുകളും മഠങ്ങളും നിൽക്കുന്ന സ്ഥലങ്ങൾക്ക് ഈടാക്കിയിരുന്ന ഭൂനികുതികൾ നിർത്തലാക്കി. പൊതു ഭണ്ഡാരത്തിൽ നിന്ന് രാജ്യത്തെ അമുസ്ലിം പൗരന്മാർക്കും വിഹിതം നൽകാൻ ഏർപ്പാട് ചെയ്തു. സഹോദര സമുദായങ്ങളിലെ പല പണ്ഡിതന്മാരും പുരോഹിതന്മാരും അദ്ദേഹത്തിൻറെ അന്ത്യ വിശ്രമസ്ഥലത്തെ "ഖബറുസിദ്ദീഖ് " എന്നാണ് വിളിച്ചിരുന്നത്. പൂർണ്ണ സഹിഷ്ണുതയും നീതി നിഷ്ഠവുമായ ഇത്തരം നിലപാട് കാരണം ഇതര മതാനുയായികൾ പോലും ഉമർ(റ)നെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു.

സ്വതന്ത്ര ചിന്ത വിലങ്ങു വെക്കപ്പെടുന്ന സമൂഹത്തിൽ സാഹിത്യം ഭരണാധികാരികളെ പ്രശംസിക്കാനും അശ്ലീലതയും നിർലജ്ജതയും  പ്രചരിപ്പിക്കാനുമായിരിക്കും വിനിയോഗിക്കപ്പെടുക. അക്കാലത്തെ അവസ്ഥയും ഇതിനോട് എതിരായിരുന്നില്ല. മൂല്യനിഷേധവും വിശ്വാസനീരസതയും അക്കാലത്തെ കവിതകളിൽ പ്രകടമായിരുന്നു. പ്രശസ്ത കവികളെല്ലാം ഭരണകൂടത്തെ വാഴ്ത്തിയും എതിരാളികളെ അപഹസിച്ചും കൊട്ടാരങ്ങളെ ആശ്രയിച്ചു കഴിയുകയായിരുന്നു. ഉമർ (റ) ഖലീഫ ആയതോടെ അവർക്ക് തങ്ങളുടെ നിലപാട് മാറ്റേണ്ടി വന്നു. അനർഹമായി ആളുകളെ പ്രശംസിക്കുന്നതും മനുഷ്യൻറെ അഭിമാനത്തിൻമേൽ നാവു വെക്കുന്നതും അധാർമികത പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കാൻ അവർ നിർബന്ധിതരായി. അതോടെ മൂല്യാധിഷ്ഠിതവും ആദർശ സുന്ദരവുമായി സാഹിത്യം രംഗത്ത് വരാൻ തുടങ്ങി. ജരീർ പോലും തന്റെ രചനകളിൽ സാരമായ മാറ്റം വരുത്തി. ഖലീഫ നന്മയുടെ സന്ദേശം ഉൾക്കൊള്ളുന്ന കവിതകൾക്ക് പ്രോത്സാഹനവും സമ്മാനവും നൽകി. അങ്ങനെ സമൂഹത്തിൻറെ പരിവർത്തനത്തിന് സാഹിത്യകാരന്മാർക്കും തങ്ങളുടെതായ പങ്കുവഹിക്കാൻ സാധിച്ചു.

ഉമവി ഭരണാധികാരികളിൽ അധികമാളുകളും പള്ളികളിലെ പ്രസംഗ വേദികളിൽ  വെച്ച് ഹസ്രത്ത് അലി(റ) നെയും കുടുംബത്തെയും ശകാരിക്കലും ആക്ഷേപിക്കലും പതിവാക്കിയിരുന്നു. ഉമർ (റ) അത് നിർത്തലാക്കുകയും ഔദ്യോഗിക മേഖലകളിൽ നിന്ന് പൂർണ്ണമായി അകറ്റി നിർത്തപ്പെട്ടിരുന്ന അലി (റ) ന്റെ കുടുംബത്തിന് മാന്യമായ പദവി നൽകുകയും അവരുടെ പ്രതാപം പുനസ്ഥാപിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. സമൂഹത്തിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്ന വ്യക്തികളെ നേരിട്ട് കണ്ട് സംവാദത്തിൽ ഏർപ്പെടുകയും അവരെ ശരിയായ രീതിയിലേക്ക് കൊണ്ടുവരികയും ചെയ്തു. ഭരണാധികാരികളെ വിമർശിക്കുന്നവരെ വധശിക്ഷക്ക് വിധിക്കുന്ന പ്രാകൃത സമ്പ്രദായം  അദ്ദേഹം നിർത്തലാക്കി. അപ്രകാരം തന്നെ ജുമുആ പ്രഭാഷങ്ങളിൽ ഭരണാധികാരികളുടെ അപദാനങ്ങൾ വാഴ്ത്തുന്ന രീതിയും അദ്ദേഹം അവസാനിപ്പിച്ചു. നിലവിലുണ്ടായിരുന്ന നാണയത്തിന്മേൽ "അല്ലാഹു നീതിയും വാഗ്ദത്ത പാലനവും ആജ്ഞാപിച്ചിരിക്കുന്നു "  എന്ന് മുദ്ര ചെയ്യാൻ അദ്ദേഹം മറന്നില്ല. ജനങ്ങളുടെ ക്ഷേമ-ക്ഷാമ വിവരങ്ങൾ അന്വേഷിച്ചിറങ്ങി രാജ്യത്തെങ്ങും ചുറ്റിക്കറങ്ങിയ  ഭരണാധികാരിയാണ് ഉമർ ബിൻ അബ്ദുൽ അസീസ് (റ). തത്ഫലമായി അറ്റ്ലാന്റിക് സമുദ്രതീരം മുതൽ ചൈന വരെ വ്യാപിച്ചു കിടക്കുന്ന വിശാലമായ ഇസ്ലാമിക് സാമ്രാജ്യത്തിലെങ്ങും നന്മയും നീതിയും സമാധാനവും  സമത്വവും സാഹോദര്യവും വളർത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
"കരുണ കാണിക്കുന്നവരോട് അള്ളാഹു കരുണ കാണിക്കും. മണ്ണിലുള്ളവരോട് കരുണ ചെയ്യുക, വിണ്ണിലുള്ളവൻ നിങ്ങളോട് കരുണ ചെയ്യും" എന്ന പ്രവാചക  വചനത്തിന്റെ ചൈതന്യം പൂർണമായും ഉൾക്കൊണ്ട ഭരണാധികാരിയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വികസനം

ഉമവി ഭരണാധികാരികൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തീരെ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. സമൂഹത്തിൻറെ വിജ്ഞാനപരമായ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത് സേവനാസന്നദ്ധരായ മതപണ്ഡിതന്മാർ ആയിരുന്നു. ഈ മേഖലയിൽ അവർ സ്വതന്ത്രമായി പ്രവർത്തിക്കുകയാണ് ചെയ്തിരുന്നത്. ഉമറുബ്നു അബ്ദുൽ അസീസ് (റ) അധികാരമേറ്റതോടെ  ഇതര മേഖലകളെ പോലെ വൈജ്ഞാനികരംഗവും പരിവർത്തന വിധേയമായി. സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി രാഷ്ട്ര വളർച്ചക്ക് അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. വിജ്ഞാന വിരോധികളെ വെറുക്കുകയും ചെയ്തു.

 വിദ്യാർത്ഥികളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും അവർക്ക് സ്കോളർഷിപ്പുകൾ നൽകുകയും ചെയ്തു. മനുഷ്യ ചരിത്രത്തിൽ ആദ്യമായി വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം നടത്തിയത് അദ്ദേഹമാണ്. ഇതര ജോലികൾ ഉപേക്ഷിച്ച് പഠനത്തിലും പാരായണത്തിലും വിജ്ഞാന വ്യാപനത്തിലും വ്യാപൃതരായി മസ്ജിദുന്നബവിയിൽ കഴിഞ്ഞവർക്കെല്ലാം അദ്ദേഹം നൂറു ദിനാർ വീതം നൽകിയിരുന്നു.

പണ്ഡിതനായ ഉമർ (റ) അധികാരം ഏറ്റടുത്തതോടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തി. വിദ്യാർത്ഥികളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും അവർക്ക് സ്കോളർഷിപ്പുകൾ നൽകുകയും ചെയ്തു. മനുഷ്യ ചരിത്രത്തിൽ ആദ്യമായി വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം നടത്തിയത് അദ്ദേഹമാണ്. ഇതര ജോലികൾ ഉപേക്ഷിച്ച് പഠനത്തിലും പാരായണത്തിലും വിജ്ഞാന വ്യാപനത്തിലും വ്യാപൃതരായി മസ്ജിദുന്നബവിയിൽ കഴിഞ്ഞവർക്കെല്ലാം അദ്ദേഹം നൂറു ദിനാർ വീതം നൽകിയിരുന്നു. രാജ്യത്തിൻറെ ഇതര ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളെ സഹായിക്കാൻ ഗവർണർമാരെ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ജനങ്ങളെ പഠിപ്പിക്കാനായി നിരവധി പണ്ഡിതന്മാരെ നാടിൻറെ നാനാഭാഗങ്ങളിൽ നിയോഗിച്ചു.

വിശുദ്ധ ഖുർആൻ മുസ്ഹഫിൽ ക്രോഡീകരിക്കാൻ ഖലീഫ അബൂബക്കർ (റ) നെ പ്രേരിപ്പിച്ചത് ഖലീഫ ഉമറുബ്നു ഖത്താബ് (റ)ആണ്. ഹദീസ് ക്രോഡീകരണത്തിന് മുമ്പോട്ട് വന്നത് അദ്ദേഹത്തിൻറെ പൗത്രൻ ഉമർ ഇബ്നു  അബ്ദുൽ അസീസ് (റ) ആയിരുന്നു. ഖലീഫ ഈ ആവശ്യം ഖാസിമുബ്നു മുഹമ്മദ് ബിൻ അബൂബക്കറിനോടും അംറത് ബിനു അബ്ദുറഹ്മാനിൽ അൻസാരിയോടും അബൂബക്കറി ബിനു മുഹമ്മദ് (റ) എന്നിവരോടും കൂടി ആലോചിച്ചു. കൂടാതെ ഹദീസ് പണ്ഡിതന്മാരെ തേടിപ്പിടിച്ച് ഈ  ചുമതല ഏൽപ്പിക്കാൻ ഗവർണർമാരോട് കൽപ്പിക്കുകയും ചെയ്തു.

രാഷ്ട്രത്തിന്റെ വളർച്ചയ്ക്കും സമൂഹത്തിൻറെ ക്ഷേമത്തിനും ആവശ്യമായ ബൗദ്ധിക വിദ്യാഭ്യാസം സംഘടിപ്പിക്കുന്നതിലും വളർത്തുന്നതിലും അമീറുൽ മുഅ്മിനീൻ അതിയായ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം അലക്സാണ്ടർ, അന്തോക്കിയ, ഹർ റാൻ തുടങ്ങിയ സ്ഥലങ്ങളിൽ മെഡിക്കൽ കോളേജുകൾ തുടങ്ങുകയും അക്കാലത്തെ ഏറ്റവും യോഗ്യനായ ഭിഷഗ്വരനെക്കൊണ്ട്  ചികിത്സാ ഗ്രന്ഥം തയ്യാറാക്കുകയും ചെയ്തു. ഇതേ പ്രകാരം തന്നെ കായിക പരിശീലന കേന്ദ്രങ്ങളും യുദ്ധതന്ത്രങ്ങൾ അഭ്യസിപ്പിക്കാൻ വേണ്ട നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർക്ക് കണക്കും ഭൂമിശാസ്ത്രവും പഠിപ്പിച്ചിരുന്നു. ഇങ്ങനെ തനിക്ക് കിട്ടിയ ഹ്രസ്വമായ കാലയളവിൽ പൗരന്മാരുടെ വൈജ്ഞാനിക ചക്രവാളം സാധ്യമാകുന്നത്ര വികസിപ്പിച്ചെടുക്കാൻ പണ്ഡിതനായ ആഭരണാധികാരി ആവുന്നതെല്ലാം ചെയ്തു.

സാമ്പത്തിക വികസനം

ഉമർ (റ) അധികാരമേൽക്കുമ്പോൾ നികുതിഭാരം സാധാരണക്കാരുടെ നട്ടെല്ലൊടിച്ചിരുന്നു. പലതരം പേരുകളിൽ ഭരണകൂടം ജനങ്ങളുടെ അധ്വാനഫലങ്ങൾ മുഴുവൻ കൊള്ളയടിച്ചു. കസ്റ്റം ഡ്യൂട്ടി, വരുമാനം നികുതി, വ്യാപാര നികുതി, വിവാഹനികുതി, വീട്ടു നികുതി  തുടങ്ങിയ എഴുത്തുകാർക്കും ഗവർണർമാർക്കും ശമ്പളം നൽകാനുള്ള ഓഫീസ് ചെലവുകൾക്കെല്ലാം പ്രത്യേകം ചുങ്കം ഈടാക്കിയിരുന്നു. ഇതെല്ലാം നിർത്തലാക്കി മുത്ത് നബിയുടെയും ഖുലഫാഉറാഷിദുകളുടെയും സാമ്പത്തിക ക്രമം പുനസ്ഥാപിച്ചു. മുസ്ലീങ്ങൾ ഒരേസമയം സക്കാത്തും, ഭൂനികുതിയും, കാർഷിക നികുതിയും അടക്കാൻ നിർബന്ധിതരായിരുന്നു. ഉമർ(റ)അത് നിർത്തലാക്കി. മുസ്ലീങ്ങൾ അല്ലാഹു നിശ്ചയിച്ച നിർബന്ധ ദാനവും,  അമുസ്ലിങ്ങൾക്ക് അതിനുപകരം ഖറാജും നിർബന്ധ പട്ടാള സേവനത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നതിന് പകരം ജിസയയും മാത്രം നൽകിയാൽ മതി എന്ന് വ്യക്തമാക്കി. ഇസ്ലാമിക ശാസനകൾക്ക് വിരുദ്ധമായി ഉമവി ഭരണാധികാരികൾ പുതുതായി ഇസ്ലാം സ്വീകരിച്ചവരിൽ നിന്ന് ജിസിയ പിടിച്ചെടുത്തിരുന്നു. സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയാണ് ജനങ്ങൾ സത്യമതത്തിലേക്ക് വരുന്നത് എന്ന വാദം ഉന്നയിച്ചാണ് അധികാരി വർഗ്ഗം ഈ ക്രൂരത കാണിച്ചത്.  ഉമർ (റ) ഈ സമ്പ്രദായം നിശ്ശേഷം നിർത്തലാക്കി. ഇസ്ലാം സ്വീകരിക്കുന്ന ആരും ജിസിയ നൽകേണ്ടതില്ലെന്ന് അറിയിച്ചു. ഇത് വരുമാനം കുറയാൻ കാരണമാകുമെന്ന് വിധിച്ചവരുടെ മുഖത്ത് നോക്കി അദ്ദേഹം പ്രഖ്യാപിച്ചു : "അല്ലാഹു മുഹമ്മദ് നബിയെ നിയോഗിച്ചത് പ്രബോധകൻ ആയാണ്, നികുതി പിരിവ് കാരനായല്ല ". ക്ഷാമ ബാധിത പ്രദേശങ്ങളെ സക്കാത്തിൽ നിന്നും ഖറാജിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. കൃഷിനാശം സംഭവിക്കുന്നവരും നികുതിയിൽ നിന്ന് മോചിതരായി. ഓരോ പ്രവിശ്യയിലെയും വരുമാനം അവിടത്തെ ആവശ്യങ്ങൾക്ക് വിനിയോഗിച്ച ശേഷം ബാക്കിയുണ്ടെങ്കിൽ മാത്രം കേന്ദ്ര ഖജനാവിൽ അടച്ചാൽ മതിയെന്ന് അമീറുൽ മുഅ്മിൻ മുഴുവൻ ഗവർണർമാരെയും അറിയിച്ചു. ഇപ്രകാരം തന്നെ ഏതെങ്കിലും പ്രദേശങ്ങളിൽ ആവശ്യം അവിടുത്തെ വരുമാനം കൊണ്ട് പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ കേന്ദ്രത്തിൽ നിന്നും നൽകുകയും അങ്ങനെ നൽകുമെന്ന് മുൻകൂട്ടി പ്രഖ്യാപിക്കുകയും ചെയ്തു. വരുമാനം വർദ്ധിപ്പിക്കാനായി പൗരന്മാരെ പ്രയാസപ്പെടുത്താതിരിക്കാനാണ് ഇങ്ങനെ  വിളംബരം ചെയ്തത്.

മുസ്ലീങ്ങൾ ഒരേസമയം സക്കാത്തും, ഭൂനികുതിയും, കാർഷിക നികുതിയും അടക്കാൻ നിർബന്ധിതരായിരുന്നു. ഉമർ(റ)അത് നിർത്തലാക്കി. മുസ്ലീങ്ങൾ അല്ലാഹു നിശ്ചയിച്ച നിർബന്ധ ദാനവും,  അമുസ്ലിങ്ങൾക്ക് അതിനുപകരം ഖറാജും നിർബന്ധ പട്ടാള സേവനത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നതിന് പകരം ജിസയയും മാത്രം നൽകിയാൽ മതി എന്ന് വ്യക്തമാക്കി.

ഇസ്ലാമിക സാമൂഹിക നീതിയുടെ താൽപര്യം നിറവേറ്റപ്പെടണമെങ്കിൽ എല്ലാ പൗരന്മാരുടെയും പ്രാഥമിക ആവശ്യങ്ങൾ പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനാൽ അശരണരുടെയും അവശരുടെയും കുട്ടികളുടെയും സ്ത്രീകളുടെയും രോഗികളുടെയും യാത്രക്കാരുടെയും മുസ്ലിങ്ങളുടെയും അമുസ്ലിങ്ങളുടെയും അറബികളുടെയും അനറബികളുടെയും ജീവിതാവശ്യങ്ങൾ മാനമായി നിറവേറ്റപ്പെടുന്നുണ്ടന്ന് ഉമർ (റ) ഉറപ്പുവരുത്തി. ദൂരയാത്രക്കാർക്ക് വേണ്ടി വഴികളിൽ അതിഥി മന്ദിരങ്ങളും സത്രങ്ങളും പണികഴിപ്പിക്കുകയും അവിടങ്ങളിൽ തങ്ങുന്നവർക്ക് രണ്ടുദിവസം സൗജന്യമായി ആഹാരം നൽകാൻ വേണ്ടി നടപടികൾ സ്വീകരിക്കുകയും ചെയ്തു. സമരാർജിത സമ്പത്തുകളുടെ വിതരണത്തിൽ സമത്വം സ്ഥാപിച്ചു. സ്പെയിനിൽ ജനസംഖ്യ നിർണയം നടത്തിയതും അവിടുത്തെ കൃഷിയിടങ്ങളുടെ കണക്കുകൾ ശേഖരിച്ചതും ഉമർ(റ)ന്റെ കാലത്താണ് .  ധാരാളം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടാക്കി ആ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. അനാഥ - വാർദ്ധക്യ -വിധവ -വികലാംഗ പെൻഷനുകളുടെ അനീതികൾ ഇല്ലാതാക്കി. മാറാരോഗ ബാധിതർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകി. സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ രാജ്യത്ത്  ഏർപ്പെടുത്തി. താമസിക്കാൻ ഒരു വീട് , അവിടെ ആവശ്യമായ വീട്ടുപകരണങ്ങൾ, കഴിക്കാൻ ആഹാരം, ധരിക്കാൻ വസ്ത്രം, സഞ്ചരിക്കാൻ ഒരു വാഹനം ഇത്രയും ഇല്ലാത്ത ഒരാളും രാഷ്ട്രത്തിൽ ഉണ്ടാവരുത് എന്ന  നിർബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കാൻ കഴിയാത്തവരെയും കടംകൊണ്ട് വിഷമിക്കുന്നവരെയും സഹായിക്കാൻ പൊതു ഫണ്ടുകൾ ഏർപ്പെടുത്തിയിരുന്നു. ദരിദ്രർക്ക് വീട് വെച്ചു കൊടുക്കുകയും വികലാംഗർക്ക് പരിചാരകരെ നിയമിച്ചു കൊടുക്കുകയും ചെയ്തിരുന്നു. രാഷ്ട്രത്തിലെ എല്ലാ പൗരന്മാർക്കും സൗജന്യ ചികിത്സ നൽകിയിരുന്നു. കൃഷി നടത്തുവാൻ വിഷമിക്കുന്നവർക്ക് സഹായ ധനം നൽകാൻ അദ്ദേഹം വിമുഖത കാണിച്ചിരുന്നില്ല.

ഇങ്ങനെ ജനജീവിതം ഐശ്വര്യപൂർണ്ണവും ധന്യവുമാക്കാൻ നിരന്തരം പ്രയത്നിച്ചതിന്റെ  ഫലമായി ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കാൻ ആ കർമ്മയോഗിക്ക് കഴിഞ്ഞു. ഉമർ ബിൻ അബ്ദുൽ അസീസി (റ) ന്റെ കാലത്ത്  ഇസ്ലാമിക രാഷ്ട്രം കൈവരിച്ച സുഭിക്ഷത  ലോകത്ത് മറ്റേതെങ്കിലും രാഷ്ട്രം എന്നെങ്കിലും നേടിയത് ചരിത്രത്തിൽ അറിയപ്പെട്ടിട്ടില്ല. ഇരുപത്തോമ്പത് മാസത്തെ ശ്രമഫലമായി  സകാത്ത് വാങ്ങാൻ ഒരാളെപ്പോലും കിട്ടാത്ത വിധം ജനത്തെ സാമ്പത്തികമായി ഉയർത്തിക്കൊണ്ടുവരാൻ ഉമർ(റ)ന് സാധിച്ചു. യഹ്യബ്നു സഅദ് (റ) പറയുന്നു: " ഉമർ ബ്ൻ അബ്ദുൽ അസീസ് എന്നെ ആഫ്രിക്കയിലെ സക്കാത്ത് പിരിക്കാൻ ചുമതലപ്പെടുത്തി. ഞാനത് ശേഖരിച്ച ശേഷം വിതരണം നടത്താൻ ശ്രമിച്ചു.  ആവശ്യമുള്ള ദരിദ്ര്യരെ അന്വേഷിച്ചു. എന്നാൽ അത് സ്വീകരിക്കാൻ അർഹനായ ആരെയും കണ്ടെത്തിയില്ല. ഉമർ(റ)ജനങ്ങളെ അത്രയേറെ ഐശ്വര്യമാരാക്കിയിരുന്നു.
ഇതെങ്ങനെ സാധിച്ചു ?  നിലവിലുണ്ടായിരുന്ന അന്യായമായ നികുതികൾ എല്ലാം അവസാനിപ്പിച്ചു. മുഴുവൻ അമുസ്ലീങ്ങളെയും ജിസയയിൽ നിന്ന് ഒഴിവാക്കി. എല്ലാ പൗരന്മാരുടെയും ജീവിതാവശ്യങ്ങൾ നിർവഹിച്ചു കൊടുത്തു. ആവശ്യമായ സ്ഥലങ്ങളിലെല്ലാം റോഡുകളും കിണറുകളും നിർമ്മിച്ചു. എന്നിട്ടും ഭരണകൂടം സാമ്പത്തിക സുഭിക്ഷത കൈവരിച്ചു !
          
ഭരണാധികാരിയുടെ ധൂർത്തുകൾ അവസാനിപ്പിച്ചു. ധനം ധനികർ കുന്ന്കൂട്ടി വെക്കുന്ന രീതി നീർത്തലാക്കി. പൊതുസ്വത്തിന്റെ ദുർവിനിയോഗത്തിന് പൂർണ്ണവിരാമമിട്ടു. ഒരു കഷ്ണം കടലാസോ ഒരു തുള്ളി മഷിയോ  ഒരുതുണ്ടം മെഴുകുതിരിയോ പോലും അനാവശ്യമായി വിനിയോഗിക്കുന്നത് വിലക്കി. പൊങ്ങച്ച പ്രകടനത്തിന്  പള്ളികൾ അലങ്കരിക്കുന്നത് തടഞ്ഞു. കഅ്ബയുടെ കില്ലകൾക്ക് വേണ്ടി ഭീമമായ സംഖ്യകൾ ചിലവഴിക്കുന്നത്  ഇല്ലാതാക്കി. സമ്പത്ത് നിർമ്മാണപരവും പ്രത്യുൽപാദനപരവുമായ മാർഗ്ഗങ്ങളിൽ  വിനിയോഗിച്ചു. കാർഷിക നിധി ഒഴിവാക്കി കൃഷിക്ക് പ്രേരണയും പ്രോത്സാഹനവും നൽകിയതിനാൽ വിളവുകൾ വളരെയേറെ വർദ്ധിച്ചു. വ്യാപാരനികുതിയും കസ്റ്റംസ് ചുങ്കവും നിർത്തലാക്കിയതോടെ ചരക്കുകളുടെ വില കുറയുകയും കച്ചവടം കൂടുകയും ചെയ്തു. കൂടാതെ കാലാവസ്ഥ അനുകൂലമായി തീർന്നതിനാൽ നാശനഷ്ടങ്ങൾ കുറഞ്ഞു. ഇങ്ങനെ നാടിൻറെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ആഡംബര ഭ്രമം അവസാനിക്കുകയും ചെയ്തതോടെ സമൂഹം സുഭിക്ഷത അനുഭവിച്ചു. പ്രാഥമിക ആവശ്യങ്ങൾക്ക് പ്രയാസമുള്ള ഒരാളും ചൈന മുതൽ അറ്റ്ലാൻറിക് തീരം വരെയുള്ള പ്രദേശങ്ങളിൽ എവിടെയും കാണപ്പെടാത്ത സ്ഥിതി സംജാതമായി.
ഇപ്രകാരം തന്നെ അദർബൈജാനിലെ മുസ്ലീങ്ങളെ കൂട്ടകൊല  നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും ഉമർ (റ) അറച്ചുനിന്നില്ല. തദ്ഫലമായി അദ്ദേഹത്തിൻറെ അധികാരകാലത്ത് ഇസ്ലാമിക രാഷ്ട്രം ആഭ്യന്തരമോ വൈദേശികമോ ആയ എല്ലാ തരം ഭീഷണികളിൽ നിന്നും സുരക്ഷിതമായി നിലകൊണ്ടു.

ന്യായാധിപന്മാർ പൂർണ്ണ സ്വതന്ത്ര്യരായിരുന്നു. അവരുടെ വിധികളിലും തീരുമാനങ്ങളിലും ഭരണാധികാരികൾ ഇടപെട്ടിരുന്നില്ല. അതിനാൽ അവർ ഖലീഫിക്കെതിരെ പോലും വിധി പ്രസ്താവിക്കാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. തെറ്റ് ബോധ്യപ്പെടുത്തിയും സാവധാനത്തിലും നീതി നടത്തുന്നതാണ് ഗുണകരം എന്ന വീക്ഷണമാണ് ഇബ്നു അബ്ദുൽ അസീസ് (റ) ന് ഉണ്ടായിരുന്നത്.

ഉമർ ഇബ്നു അബ്ദുൽ അസീസ് ഖിലാഫത്ത് ഏറ്റെടുക്കുന്നതിന് മുമ്പ് ഭരണാധികാരികളുടെ വാക്കും വികാരങ്ങളുമാണ് കുറ്റവും ശിക്ഷയും നിർണയിച്ചിരുന്നത്. തങ്ങളുടെ താല്പര്യങ്ങൾക്കെതിരെന്ന്  തോന്നിയവരെയൊക്കെ അവർ നിഷ്ക്കരണം ഹനിച്ചു. കൊട്ടാര സേവകരും തൊഴിലാളികളും കുറ്റവാളികളായി മുദ്രകുത്തുന്നവരെയെല്ലാം പിടികൂടി പീഡിപ്പിച്ചു. നിയമലംഘനം സംശയിക്കപ്പെടുന്നവരെ പോലും ശിക്ഷിച്ചു. ഉമർ (റ) ഈ നീച നടപടികൾക്ക് അറുതിവരുത്തി. കുറ്റം വ്യക്തമായി തെളിയിക്കപ്പെടാതെ ആരെയും സംശയത്തിന്റെ പേരിൽ ശിക്ഷിക്കരുതെന്ന് വിധിച്ചു. മാപ്പ് കൊടുക്കുന്നതിൽ ന്യായാധിപന് തെറ്റുപറ്റിയാലും ശിക്ഷ നൽകുന്നതിൽ അബദ്ധം പിണയരുതെന്ന് ശഠിച്ചു. സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് എന്ന തത്വം നടപ്പാക്കണമെന്ന് ജഡ്ജിമാരോട് നിർദ്ദേശിച്ചു. ഇക്കാര്യത്തിലും അദ്ദേഹം പിതാമഹൻ ഉമറുൽ ഫാറൂഖ് (റ) ന്റെ മാതൃകയാണ് അവലംബിച്ചത്. എന്നാൽ വാദികളുടെ എന്താവശ്യവും ഇടവും വലവും നോക്കാതെ അംഗീകരിക്കുന്ന അന്ധമായ നിലപാടും അമീറുൽ മുഅ്മിനീന് ഉണ്ടായിരുന്നില്ല.എല്ലാം കൃത്യമായി പരിശോധിച്ചശേഷമാണ് തീരുമാനങ്ങൾ എടുത്തിരുന്നത്. ന്യായാധിപന്മാർ പൂർണ്ണ സ്വതന്ത്ര്യരായിരുന്നു. അവരുടെ വിധികളിലും തീരുമാനങ്ങളിലും ഭരണാധികാരികൾ ഇടപെട്ടിരുന്നില്ല. അതിനാൽ അവർ ഖലീഫിക്കെതിരെ പോലും വിധി പ്രസ്താവിക്കാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. തെറ്റ് ബോധ്യപ്പെടുത്തിയും സാവധാനത്തിലും നീതി നടത്തുന്നതാണ് ഗുണകരം എന്ന വീക്ഷണമാണ് ഇബ്നു അബ്ദുൽ അസീസ് (റ) ന് ഉണ്ടായിരുന്നത്. എന്നാൽ പ്രശ്നം അനിശ്ചിതമായി നീണ്ടുപോകാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിൻറെ കാലത്ത് ന്യായാധിപന്മാർക്ക് കാര്യങ്ങൾ നിർവഹിക്കാൻ നിർണിത സ്ഥലം ഉണ്ടായിരുന്നില്ല. വീട്ടിൽ വച്ചും ഓഫീസിൽ വച്ചും പള്ളിയിൽ വെച്ചുമെല്ലാം കേസുകൾ കേൾക്കുകയും അവ പഠിക്കുകയും വിധി നടത്തുകയും ചെയ്യുമായിരുന്നു. സംശയം തോന്നുന്ന പ്രശ്നങ്ങളിൽ പണ്ഡിതന്മാരുമായി കൂടിയാലോചിക്കാനും പരമാവധി സൂക്ഷ്മത പാലിക്കാനും ഖലീഫ ന്യായാധിപന്മാരോട് നിരന്തരം നിർദ്ദേശിച്ചിരുന്നു. കേസിലെ തെളിവുകൾ ലഭ്യമല്ലെങ്കിൽ തീവ്രമായ ശ്രമം നടത്തിയെങ്കിലും വസ്തുത മനസ്സിലാക്കാൻ ജഡ്ജിമാർ ബാധ്യസ്ഥരായിരുന്നു. അതിനുവേണ്ടി വേഷ പ്രച്ഛന്നരായി സഞ്ചരിക്കാനും രഹസ്യ അന്വേഷണം നടത്താനും അവരോട് അമീറുൽ മുഅ്മിനീൻ കൽപ്പിച്ചിരുന്നു.  എന്നാൽ കുറ്റം സമ്മതിക്കാൻ മർദ്ദനമുറകൾ സ്വീകരിക്കുന്നത് അദ്ദേഹം തീരെ അംഗീകരിച്ചിരുന്നില്ല. ഇതേ പോലെ തന്നെ നിയമലംഘനത്തിന് നിർബന്ധിക്കുന്ന സാഹചര്യങ്ങളിൽ കുറ്റത്തിലേർപ്പെടുന്നവരെ ശിക്ഷിച്ചിരുന്നില്ല.  സാമ്പത്തിക പരാധീനതകളാൽ മോഷണം നടത്തിയ വ്യക്തികളെ വെറുതെ വിടുകയും അവർക്ക് പത്ത്  ദിർഹം ദാനമായി നൽകുകയുമാണ് അദ്ദേഹം ചെയ്തിരുന്നത്.

തൻറെ നിയമനടപടികളിലും വിധികളിലും വല്ല വീഴ്ചയും സംഭവിച്ചാൽ അത് തിരുത്താൻ അമീറുൽ മുഅ്മിനീന് തീരെ വൈമനസ്യം ഉണ്ടായിരുന്നില്ല. തീരുമാനത്തിൽ തെറ്റുകളുണ്ടെന്ന് ബോധ്യമാകുന്ന നിമിഷം തന്നെ അത് റദ്ദാക്കാൻ തയ്യാറാണെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലഭ്യമായ വസ്തുതകളുടെ വെളിച്ചത്തിൽ വിധി നടത്തുകയും പിന്നീട് അതിനേക്കാൾ പ്രബലമായ പ്രമാണങ്ങൾ കിട്ടിയാൽ അത് സ്വീകരിക്കുകയും ചെയ്യാമെന്ന് അദ്ദേഹം ആളുകളെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ സംശയത്തിന്റെ പേരിൽ ആരും ദ്രോഹിക്കപ്പെടരുതെന്ന നിർബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹം ന്യായാധിപന്മാരോട് നിർദ്ദേശിച്ചു : " സംശയം നിലനിൽക്കുന്നുവെങ്കിൽ  സാധ്യമാവും വിധം ശിക്ഷ ഒഴിവാക്കുക. ശിക്ഷയിൽ അനീതി ലഭിക്കുന്നതിനേക്കാൾ നല്ലത് മാപ്പ് നൽകുന്നതിൽ പിഴവ് പറ്റുന്നതാണ് " . ആധുനിക നിയമവിശാരതന്മാർ തങ്ങളുടെ വലിയ കണ്ടെത്തലായി കണക്കുകൂട്ടുകയും പുരോഗമനപരം എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ഈ തത്ത്വം നൂറ്റാണ്ടുകൾക്ക് മുമ്പ് ഉമർ‍ ബിനു അബ്ദുൽ അസീസ് (റ)  പ്രായോഗത്തിൽ വരുത്തിയിരുന്നു.  തന്റെ  നിയമനടപടികൾ നീതിയിലധിഷ്ഠിതമാകണമെന്ന്  അദ്ദേഹത്തെപ്പോലെ ശഠിച്ച ഭരണാധികാരികളെ ചരിത്രത്തിൽ ഏറെ കണ്ടെത്തുക സാധ്യമല്ല.

Questions / Comments:



No comments yet.