കൃഷിക്കാലം വരുമ്പോഴേക്കും കഴിവുറ്റ കർഷകനായ ബാവ മുസ്‌ലിയാരെ എല്ലാവരും പ്രതീക്ഷിച്ചു കൊണ്ടിരുന്നു. കൃഷിക്ക് ഇറങ്ങിയാൽ പഠനം പാതി വഴിയിലാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ, സ്വന്തം നാട്ടിൽ പഠിച്ചാൽ പഠനം മുന്നോട്ടു പോകില്ലെന്ന ബോധ്യമായിരുന്നു നാട് വിടാൻ കാരണമായത്.

വായിക്കാം:


നാട്ടിലെ മതപഠനശാലയിൽ കുണ്ടൂർ അബ്ദുൽ ഖാദർ മുസ്‌ലിയാർ വരുന്ന നാളിൽ ഞാൻ കാലികളെ മേക്കുന്ന കൃഷിക്കാരനായിരുന്നു. തുടർന്ന് വിജ്ഞാനത്തിന്റെയും അതിനനുസരിച്ചുള്ള പ്രവർത്തനത്തിൻ്റെയും വഴിയിലേക്ക് അവരെന്നെ തിരിച്ചു, ഉപദേശങ്ങൾ നൽകി സന്മാർഗത്തിലേക്ക് വഴിതെളിച്ചു കൊണ്ടിരുന്നു''
ബാവ മുസ്‌ലിയാർ തൻ്റെ കവിതയിൽ കുറിച്ച വരികളാണ്.

കേരളീയ മുസ്‌ലിം വൈഞാനിക ചരിത്രത്തിൽ അറബി സാഹിത്യത്തിൽ അനേകം സംഭാവനകൾ സമർപ്പിച്ച പണ്ഡിതനാണ് വൈലത്തുർ ബാവ മുസ്‌ലിയാർ (ന:മ). പാരമ്പര്യ കുലീന തറവാട്ടിൽ ജനിച്ച ബാവ മുസ്‌ലിയാരുടെ പിതാവ് നന്തനിൽ സെയ്താലിക്കുട്ടി ഹാജി എന്നവരാണ്. ഗർഭസ്ഥശിശുവായിരിക്കെ പിതാവ് വിടപറഞ്ഞതിനാൽ ചെറുപ്പം മുതലേ അനാഥത്വത്തിന്റെ കൈപ്പറിഞ്ഞാണ് വളർന്നത്. ജ്യേഷ്ഠ സഹോദരന്മാരായിരുന്നു അദ്ദേഹത്തിന്റെ പഠനത്തിന് ആവശ്യമായ സഹായങ്ങൾ നൽകി തണലൊരുക്കിയത്. കൂടാതെ, പാണ്ഡിത്യമുണ്ടായിരുന്ന മാതാവിന്റെ ആത്മീയ ശിക്ഷണത്തിലൂടെ പ്രാഥമിക കർമശാസ്ത്ര പാഠങ്ങൾ അദ്ദേഹം അഭ്യസിച്ചു. മകന്റെ അഭിരുചി തിരിച്ചറിഞ്ഞ ആ മാതാവ് അദ്ദേഹത്തെ ദീനീചിട്ടയിൽ വളർത്തുകയായിരുന്നു.

തുടർന്ന്, പ്രാഥമിക മതപഠനശാലയായിരുന്ന ഒത്തുപള്ളിയിൽ നിന്നും പഠനം തുടർന്നു.
ഏകദേശം 13 വയസ് പ്രായമുള്ളപ്പോഴാണ് കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാരുടെ അടുക്കൽ നിന്ന് ചിലവിൽ പള്ളിയിൽ വച്ച് ദർസ് പഠനത്തിന് തുടക്കം കുറിച്ചത്. അന്നുമുതലേ പഠിക്കുന്ന വിഷയങ്ങളോട് അതീവ താല്പര്യം കാണിച്ചിരുന്നു. പഠനകാലം തൊട്ടേ സമയ ക്രമീകരണത്തിൽ കൃത്യത പുലർത്തിയവരായിരുന്നു ബാവ മുസ്‌ലിയാർ. പാഠ്യവിഷയങ്ങൾ വേഗത്തിൽ ഗ്രഹിക്കാൻ ശേഷിയുണ്ടായിരുന്ന അദ്ദേഹം, അറബി വ്യാകരണത്തിലെ കാഠിന്യമേറിയതായ 'സഞ്ചാൻ' പോലും അനായാസം പഠിച്ചെടുത്തു.
അന്ന് പഠനാവശ്യങ്ങൾക്ക് വേണ്ടി ഒത്താശകളെല്ലാം ചെയ്ത് പിന്തുണ നൽകിയ ഗുരുവര്യർ അബ്ദുറഹ്മാൻ മുസ്‌ലിയാർ, തന്റെ ശിഷ്യൻ്റെ കർമമണ്ഡലങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് നിരന്തരം പ്രചോദിപ്പിച്ചിരുന്നു. ''നീ അധ്യാപനത്തിലും ഗ്രന്ഥരചനയിലും ഉയർന്നുവരേണ്ടവരാണെന്ന'' ഉസ്താദിൻ്റെ ഉപദേശങ്ങൾ ആ ജീവിതത്തിൽ വലിയ വഴിത്തിരിവായിട്ടുണ്ട്.   

പഠനകാലത്ത് ബാവ മുസ്‌ലിയാരെ അലട്ടിയിരുന്ന ഒന്നായിരുന്നു കൃഷി. കാർഷികവൃത്തി നല്ല വശമുള്ളവരായതിനാൽ കൃഷിയിടങ്ങളിൽ നിർണായകമായിരുന്നു ബാവ മുസ്‌ലിയാരുടെ സാന്നിധ്യം. പകലിൽ പള്ളിയിൽ ചെന്ന് കുറഞ്ഞ സമയം ഓതി പഠിക്കും. പിന്നീട്, പാടത്ത് കൃഷി പണി ആരംഭിക്കുമ്പോൾ മെല്ലെ മെല്ലെ പഠനം നിലക്കും. ഇങ്ങനെയൊരു തടസ്സം നിലനിൽക്കുമ്പോഴാണ് കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാരുടെ ദർസ് വിദ്യാർത്ഥിയായിരുന്ന കുണ്ടൂർ അബ്ദുൽ ഖാദർ മുസ്‌ലിയാർ ബാവ മുസ്‌ലിയാരുടെ വീട്ടിലേക്ക് ഭക്ഷണത്തിന് വരുന്നത്. പള്ളിയിലേക്ക് കൂട്ടിക്കൊണ്ടു പോകുമോ എന്ന ഭയത്താൽ ഒളിച്ചു കളിക്കലായിരുന്നു ബാവ മുസ്‌ലിയാരുടെ പതിവ്. ഒരിക്കൽ തന്ത്രപൂർവ്വം അബ്ദുൽ ഖാദർ മുസ്‌ലിയാർ ഇടപെട്ടു. “രാത്രിയൊക്കെ തനിച്ചു പോകാൻ എനിക്ക് വലിയ പേടിയാണ്. നിങ്ങൾക്ക് എൻ്റെ കൂടെ വന്നൂടെ. ആ ക്ഷണം സ്വീകരിച്ചു. ഒരുനാൾ ബാവ മുസ്‌ലിയാർ തൻ്റെ മുത്തഅലിം സുഹൃത്തിനോടൊപ്പം പള്ളിയിലേക്ക് പോകുന്ന വഴിയിൽ വെച്ചുള്ള ആത്മീയ ഉപദേശ നിർദ്ദേശങ്ങൾക്കൊടുവിൽ കിതാബ് പഠനം തുടരാൻ തീരുമാനിച്ചു. തുടർന്ന്, പൂക്കാട്ടിരി ഹസൻ മുസ്‌ലിയാരുടെ അടുക്കൽ നിന്ന് ‘ഉംദ’ എന്ന കിതാബ് ഓതാൻ തുടങ്ങി.

കൃഷിക്കാലം വരുമ്പോഴേക്കും കഴിവുറ്റ കർഷകനായ ബാവ മുസ്‌ലിയാരെ എല്ലാവരും പ്രതീക്ഷിച്ചു കൊണ്ടിരുന്നു. കൃഷിക്ക് ഇറങ്ങിയാൽ പഠനം പാതി വഴിയിലാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ, സ്വന്തം നാട്ടിൽ പഠിച്ചാൽ പഠനം മുന്നോട്ടു പോകില്ലെന്ന ബോധ്യമായിരുന്നു നാട് വിടാൻ കാരണമായത്. പിന്നീട് അക്കലത്തെ പണ്ഡിതന്മാരായിരുന്ന പുതിയങ്ങാടി കുഞ്ഞു മൊയ്തീൻ മുസ്‌ലിയാർ, അബ്ദുല്ല മുസ്‌ലിയാർ, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ, കാപ്പാട് ഇബ്രാഹിം മുസ്‌ലിയാർ, കരിഞ്ചാപ്പടി മൊയ്തീൻ കുട്ടി മുസ്‌ലിയാർ, നന്നമ്പ്ര സെയ്താലി മുസ്‌ലിയാർ
എന്നിവരിൽ നിന്ന് പാരമ്പര്യ ദർസി സിലബസിലായി പഠനം തുടർന്നു. ഒടുവിൽ അന്നത്തെ ഉയർന്ന മത കലാലയമായ ദയുബന്ദിലെ ദാറുൽ ഉലൂമിൽ നിന്ന് ഉപരി പഠനം പൂർത്തീകരിച്ചു നാട്ടിലേക്ക് തിരിച്ചെത്തി.

പാരമ്പര്യമായി വലിയ ഭൂസ്വത്തുകൾ ഉണ്ടായിരുന്നിട്ടും എല്ലാം ത്യജിച്ചായിരുന്നു അധ്യാപനങ്ങൾക്കു വേണ്ടി അദ്ദേഹം ജീവിതം സമർപ്പിച്ചത്. നീണ്ടകാല ഗുരുവര്യരായിരുന്ന 
കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാരുടെ നിർദ്ദേശപ്രകാരം പ്രഥമമായി തെയ്യാലയിൽ ദർസ് ആരംഭിച്ചു. പിന്നീട് തിരുരടങ്ങാടി, വെള്ളിമുക്ക്, ചെമ്മങ്കടവ്, എന്നിവിടങ്ങളിലായി അധ്യാപനം നടത്തി. തുടർന്നായിരുന്നു, തൻ്റെ ഗ്രന്ഥരചനാ ലോകത്തേക്കുള്ള വാതയനങ്ങൾ തുറന്നത്.
അക്കാലത്ത് കേരളത്തിൽ അറബി ഭാഷ വശമുള്ളവർ കുറവായതിനാൽ അറബി ഗ്രന്ഥങ്ങളുടെ വിപണനം വലിയൊരു പ്രശ്നമായിരുന്നു. മലയാള ഗ്രന്ഥങ്ങളെ പോലെ അവയുടെ പ്രസിദ്ധീകരണ ചുമതല ഏറ്റെടുക്കാൻ മിക്ക പ്രസാധകരും മുന്നോട്ടു വരില്ല. ഈ സാഹചര്യത്തിൽ തന്നെ, അറബി ഗ്രന്ഥങ്ങൾ വെളിച്ചം കാണിക്കാൻ വേണ്ടിയാണ് കോട്ടക്കൽ ബദ്‌രിയ ബുക്ക്സ്റ്റാൾ ആരംഭിച്ചത്. അതിനാൽ തന്നെ, ബാവ മുസ്‌ലിയാരുടെ മിക്ക ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചത് ബദ്‌രിയയാണ്. ഒരുപക്ഷേ, ഗ്രന്ഥങ്ങളോട് പുലർത്തിയിരുന്ന പ്രതിബദ്ധതയാൽ ബാവ മുസ്‌ലിയാർ ബാക്കി വെച്ചു പോയ സംവിധാനം കുടിയാണ് ബദ്‌രിയ ബുക്ക് സ്റ്റാൾ.

അധ്യാപന കാലത്തും നാട്ടിലെ സംഘടന രംഗങ്ങളിൽ വലിയൊരു ഇടപെടൽ നടത്തി വിവിധ സംവിധാനങ്ങൾക്ക് രൂപം നൽകി. ആധ്യാത്മിക രംഗത്തെ ആത്മബന്ധങ്ങൾ കാത്ത് സൂക്ഷിച്ചു മുകളിൽ നിന്നും ഇജാസത്തുകൾ സ്വീകരിച്ചിരുന്നു. അവരിൽ പ്രമുഖരാണ് വാളക്കുളം അബ്ദുൽബാരി മുസ്‌ലിയാർ, ആലുവ അബൂബക്കർ മുസ്‌ലിയാർ, ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, പാനായിക്കുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, കക്കടിപ്പുറം അബൂബക്കർ മുസ്‌ലിയാർ.

തൻ്റെ ആയുഷ്ക്കാലം ഏറെ ഭാഗവും ഗ്രന്ഥരചനയിൽ മുഴുകിയ ബാവ മുസ്‌ലിയാർ അറബി സാഹിത്യ രംഗത്തും മലയാള സാഹിത്യ രംഗത്തും വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കുകയുണ്ടായി. അൻപതിലേറെ അറബി ഗ്രന്ഥങ്ങളും അഞ്ചിൽ പരം മലയാള പുസ്തകങ്ങളും ഉസ്താദിനാൽ വിരചിതമായിട്ടുണ്ട്.
കർമശാസ്ത്രം, വിശ്വാസ ശാസ്ത്രം, ആദർശം, തത്വശാസ്ത്രം, അറബി വ്യാകരണം, അറബി സാഹിത്യം, കാവ്യശാസ്ത്രം, ഭാഷാ ശാസ്ത്രം, ഹദീസ്, തജ്വീദ്, നിദാനശാസ്ത്രം എന്നീ ഫന്നുകളായിരുന്നു രചിക്കപ്പെട്ടതിൽ മിക്കതും. ഇന്നും ദർസി സിലബസിൽ നിലനിൽക്കുന്നതായ ഒട്ടനവധി ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. കൂടാതെ കേരളക്കരയിൽ ഹദീസ് രംഗത്ത് ആരും ഇടപെടാത്ത മുസൽസലാത്ത്, സബത്ത് എന്നീ വിഭാഗങ്ങളിലും ബാവ മുസ്‌ലിയാർക്ക് കൃതിയുണ്ട്.

ബാവ മുസ്‌ലിയാരുടെ ഈയൊരു മത വൈജ്ഞാനിക ഗവേഷണ പ്രചാര രംഗത്തെ സ്തുത്യർഹമായ ഇടപെടൽ മൂലം അനേകം അംഗീകാരങ്ങളും അവാർഡുകളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട് അതിൽ പെട്ടതാണ് തിരുനാവായ ഇസ്‌ലാമിക് റിസർച്ച് സെൻ്റർ അവാർഡ് 1993, കോടാമ്പുഴ ദാറുൽ മാഅരിഫ് ഗസ്സാലി അവാർഡ് 1994, സിൽവർ ജൂബിലി അവാർഡ് 2002, മുഹമ്മദ് അബ്ദുൽ യമാനി അവാർഡ് 2014. 
2015 ജൂലൈ 10 റമളാൻ 23ന് ഒരു വെള്ളിയാഴ്ച ദിവസമായ് ബാവ മുസ്‌ലിയാർ ഈ ലോകത്തോട് വിട പറയുന്നത്.

Questions / Comments:



No comments yet.