ബിദ്അതിനെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തിയ സമസ്തയിലെ ആദ്യകാല പണ്ഡിതരിൽ പ്രധാനിയായിരുന്നു വാണിയമ്പലം ഉസ്താദ്. തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ചും നൂരിശാ ത്വരീഖത്തിനെക്കുറിച്ചും പഠനം നടത്താൻ സമസ്ത നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു.

വായിക്കാം:

അഹ്ലുസ്സുന്നയുടെ ആദർശം ഉയർത്തിപ്പിടിച്ച,പുത്തനാശയങ്ങളുടെ പൊള്ളത്തരങ്ങളെ പഠനവിധേയമാക്കുന്നതിന് സമസ്ത കേരള ജംഇയ്യതുൽ ഉലമ നിയോഗിച്ച പണ്ഡിത പ്രതിഭയാണ് വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാർ. 
1917ൽ മലപ്പുറം ജില്ലയിലെ അരീക്കോട് മൈത്രയിൽ പൂവഞ്ചേരി മമ്മദ് മുസ്‌ലിയാരുടെയും പുന്നക്കണ്ടി ബിച്ചിപ്പാത്തുമ്മയുടെയും മകനായാണ് അബ്ദുറഹ്മാൻ മുസ്‌ലിയാർ ജനിക്കുന്നത്.
മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര സമര പോരാട്ടങ്ങൾ സജീവമായ കാലം, 1921ലെ ഖിലാഫത്ത് സമരവുമായി സഹകരിച്ചുവെന്ന കാരണത്താൽ മമ്മദ് മുസ്ലിയാരെ തമിഴ്‌നാട്ടിലെ വെല്ലൂരിലേക്ക് നാടുകടത്തി. പിന്നീട് മൂന്നു വർഷത്തിനു ശേഷം 1924 ൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ കുടുംബസമേതം വെല്ലൂരിലെത്തി. 

പഠനകാലം 


ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്ലാമിക മതകലാലയമായ വെല്ലൂർ ബാഖിയാതുസ്സാലിഹാത് മദ്റസയിലായിരുന്നു അദ്ധേഹത്തിന്റെ പ്രാഥമിക പഠനം. പതിനൊന്നു വർഷത്തെ വെല്ലൂരിലെ ജീവിതത്തിനു ശേഷം 1935ൽ അദ്ധേഹവും കുടുംബവും ജന്മനാട്ടിൽ തിരിച്ചെത്തി. അക്കാലത്ത് കേരളത്തിൽ ഉന്നത ശീർഷരായ പണ്ഡിതന്മാരിൽ നിന്ന് അറിവ് നുകർന്നു. വാഴക്കാട് നിന്ന് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെയും അബ്ദുൽ ഖാദിർ ഫള്ഫരിയുടെയും മമ്പാട് നിന്ന് വണ്ടൂർ സ്വദഖതുല്ല മുസ്ലിയാരുടെയും ദർസുകളിലാണ് അവർ പഠിച്ചത്. ഉപരി പഠനത്തിനായി വീണ്ടും ബാഖിയാതിലെത്തി. പല ഘട്ടങ്ങളിലായി  ബാഖിയാതിലെ ദീർഘമായ പഠനകാലത്ത് അദ്ധേഹം ഉറുദു, പേർഷ്യൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ അഗാധമായ പ്രാവീണ്യം നേടിയിട്ടുണ്ട്. 

അധ്യാപനം 


ബാഖവി ബിരുദം സ്വീകരിച്ച് നാട്ടിലെത്തിയ ശേഷം, പരിസര പ്രദേശങ്ങളായ അരീക്കോട്, പുത്തലം എന്നിവിടങ്ങളിലാണ് ആദ്യമായി ദർസ് നടത്തിയത്. സമ്പന്നനും വിജ്ഞാന ദാഹിയുമായിരുന്ന തണ്ടുപാറക്കൽ മൂസക്കുട്ടി ഹാജിയുടെ ക്ഷണം സ്വീകരിച്ച് പിന്നീട് കൂരാട്ടിലെത്തി. തുടർന്ന് ഹാജിക്ക് വേണ്ടി ചെറിയ രൂപത്തിൽ ദർസ് ആരംഭിച്ചു. 
നാട്ടുകാരെല്ലാവരും ഏറ്റെടുത്തതോടെ  നാടിന്റ വിജ്ഞാന വേദിയായി ഈ ദർസ് വികസിച്ചു. പിന്നീട് വെട്ടിക്കാട്ടിരിയിൽ ഖാളിയും മുദരിസുമായി. 1951ലാണ് അദ്ദേഹം വാണിയമ്പലത്ത് എത്തുന്നത്. മരണം വരെ, നീണ്ട മൂന്നു പതിറ്റാണ്ടുകാലം അവിടെ സേവനം ചെയ്തു. താമസവും അങ്ങോട്ട് മാറ്റി. അങ്ങനെയാണ്  വാണിയമ്പലം ഉസ്താദ് എന്ന പേരിൽ അദ്ദേഹം വിശ്രുതനാകുന്നത്. 

ജീവിതവഴികൾ 


കുട്ടികളോട് വലിയ സ്നേഹമായിരുന്നു ഉസ്താദിന്. കുട്ടികൾക്ക് നൽകാൻ കയ്യിലെപ്പോഴും ഒരു മിഠായിപ്പൊതിയുണ്ടാകും.
എല്ലാ വിഭാഗം ജനങ്ങളും ഏറെ ബഹുമാനത്തോടെയാണ് ഉസ്താദിനോട് പെരുമാറിയിരുന്നത്. പ്രബോധന മേഖലയിൽ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചിരുന്നു. 
  " ആദർശ ധീരതയിൽ മികച്ച , വിനയാന്വിതനായ നേതാവെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ജാഡകളില്ലാതെ ദീനീ സേവനത്തിനും എതിരാളികളോടു പടവെട്ടാനുമായി തിങ്ങി നിറഞ്ഞ പൊതു ബസ്സുകളിലും കാൽനടയായും യാത്ര ചെയ്ത് മാതൃക കാണിച്ച നേതാക്കളിലൊരാൾ കൂടിയായിരുന്നു വാണിയമ്പലം". 'സമസ്തയുടെ ചരിത്രം' എന്ന പുസ്തകത്തിൽ മഹാനവർകളുടെ ജീവിതത്തെക്കുറിച്ച് എം എ ഉസ്താദ് ഇങ്ങനെ സ്മരിക്കുന്നുണ്ട്. ആദർശ പടയോട്ടങ്ങളിലും സംഘടനാ ചുമതലകളിലുമായി ജീവിതം സമർപ്പിച്ച ഉസ്താദിന് ഒഴിവു വേളകളില്ലായിരുന്നു. അധിക സമയവും ചെലവഴിച്ചിരുന്നത് കോഴിക്കോട് ഫ്രാൻസിസ് റോഡിലെ സമസ്ത ഓഫീസിലായിരുന്നു. 

ഖണ്ഡന പ്രസംഗങ്ങൾ 


ഉറുദു ഭാഷയിൽ അഗ്രഗണ്യനായ അദ്ധേഹം ഖാദിയാനി, ജമാഅത്തെ ഇസ്‌ലാമി, തബ്ലീഗ് പ്രസ്ഥാനങ്ങളുടെ വികല വാദങ്ങളെ പ്രതിരോധിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു. ഖണ്ഡന വേദികളിൽ വേറിട്ട ശൈലിയായിരുന്നു ഉസ്താദിന്. എതിരാളികളുടെ വാദങ്ങൾക്ക് പേജ്നമ്പർ സഹിതം അക്കമിട്ടു മറുപടി നൽകുന്ന ശൈലിയായിരുന്നു. എല്ലാവർക്കും മനസ്സിലാകും വിധത്തിൽ നർമ്മം കലർന്ന ഉപമകൾ ചേർത്തുവച്ച പ്രസംഗ ശൈലി ശ്രോതാക്കളെ പിടിച്ചിരുത്തുന്നതായിരുന്നു. കേരളത്തിലെ നിരവധി മഹല്ലുകളെ സുന്നത് ജമാഅത്തിന്റെ ആദർശത്തിൽ അടിയുറപ്പിച്ച് നിർത്തുന്നതിൽ ഉസ്താദ് വലിയ പങ്ക് വഹിച്ചു. ഒരിക്കൽ വ്യാജ ത്വരീഖത്തിനെതിരെ വയനാട് സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച ഖണ്ഡന പ്രസംഗത്തിനിടയിൽ അദ്ദേഹത്തിനെതിരെ എതിരാളികൾ
ആസിഡ് ബൾബ് എറിഞ്ഞു. ഉസ്താദിന്റെ കൂടെയുണ്ടായിരുന്ന ഒരാൾ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി.


സമസ്തയുടെ നേതൃനിരയിൽ 


ഇസ്ലാമിക വിഷയങ്ങളിലെ അഗാധജ്ഞാനവും വിവിധ ഭാഷകളിലുള്ള അവഗാഹവും മനസ്സിലാക്കിയ സമുന്നതരായ നേതൃത്വം, അദ്ദേഹത്തെ സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ മുശാവറയിലേക്ക്  ക്ഷണിച്ചു. 1958 ഡിസംബർ 24ന് അയനിക്കാട് ഇബ്റാഹീം മുസ്‌ലിയാർ അധ്യക്ഷനായ യോഗത്തിലാണ് മുശാവറയിലെത്തുന്നത്. അതോടെ അദ്ദേഹത്തിന്റെ ആദർശ പോരാട്ടങ്ങൾക്ക്  കൂടുതൽ സ്വീകാര്യത ലഭിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സുപ്രധാന സമ്മേളനങ്ങളിലെല്ലാം ഉസ്താദിന്റെ
വിഷയാവതരണങ്ങൾ ഉണ്ടാകുമായിരുന്നു. 1963 ഡിസംബറിൽ കാസർകോട് നടന്ന സമസ്തയുടെ വാർഷിക സമമ്മേളത്തിൽ 'മൗദൂദിസം' എന്ന വിഷയമവതരിപ്പിക്കാൻ ഏൽപ്പിച്ചത് അദ്ദേഹത്തെയായിരുന്നു. 1965 ഓഗസ്റ്റ് 29ന് ചേർന്ന മുശാവറ യോഗത്തിൽ തബ്ലീഗ് ജമാഅത്തിനെ കുറിച്ചും 1974ൽ നൂരിശാ ത്വരീഖതിനെ കുറിച്ചും
പഠിക്കാൻ നിയോഗിച്ച കമ്മറ്റികളിലും പ്രധാന അംഗമായിരുന്നു. 1976 നവംബർ 29 നു ചേർന്ന മുശാവറയിലാണ് താജുൽ ഉലമ ഉള്ളാൾ തങ്ങൾ , കോട്ടുമല അബൂബക്കർ മുസ്‌ലിയാർ എന്നിവരോടൊപ്പം അബ്ദുറഹ്മാൻ മുസ്‌ലിയാരും സമസ്ത പണ്ഡിത സഭയുടെ ഉപാധ്യക്ഷരായി തെരഞ്ഞെടുക്കപ്പെടുന്നത്. 

സമസ്തയുടെ പ്രവർത്തനം അഖിലേന്ത്യ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും അബ്ദുറഹ്മാൻ മുസ്ലിയാർ നേതൃത്വം നൽകി. 1957 മുതൽ ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് മെമ്പറായിരുന്ന അദ്ധേഹം അയനിക്കാട് ഇബ്റാഹീം മുസ്ലിയാരുടെ വിയോഗാനന്തരം 1975 മുതൽ മരണം വരെയുള്ള പ്രസിഡൻ്റും 1978 മുതൽ ജാമിഅഃനൂരിയ്യയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു.  ഫ്രാൻസിസ് റോഡിലെ സമസ്ത ഓഫീസും സംവിധാനങ്ങളും ഒരുക്കുന്നതിനും മുന്നിൽ നിന്നത് അദ്ദേഹമായിരുന്നു. 

1966 ൽ ഹജ്ജ് നിർവ്വഹിച്ച ഉസ്താദ് സംഘടനാവശ്യാർത്ഥം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഗർഫ് നാടുകളിലും മലേഷ്യ , സിങ്കപ്പൂർ ,അന്തമാൻ എന്നിവിടങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്. മരണത്തിന് അൽപ ദിവസം മുമ്പ് വരെ  ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലൂടെ പ്രസ്ഥാനത്തിന്റെ ആവശ്യാർത്ഥമുള്ള പര്യടനത്തിലായിരുന്നു. അജ്മീറിലേക്കുള്ള യാത്ര മധ്യേ വിജയവാഡയിൽ വെച്ച്‌ അസുഖം ബാധിച്ചതിനെത്തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം നാട്ടിലേക്ക് തിരിച്ചു. 

അഹ്ലുസ്സയുടെ ആദർശ വഴിയിൽ ജീവിതം മാറ്റിവെച്ച വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാർ 1980 ഡിസംബർ 04
(ഹിജ്റ 1401 മുഹറം 26) വ്യാഴാഴ്ച വഫാതായി. അദ്ദേഹത്തിന്റെ മഖ്ബറ വാണിയമ്പലം പഴയ ജുമുഅത്ത് പള്ളിയുടെ മുൻവശത്താണ് നിലകൊള്ളുന്നത്.

Tags

/

Questions / Comments:



30 July, 2025   07:19 pm

Muhammed sabith.m

مقالة مرموقة