മുസ്‌ലിം എൻക്ലൈവുകളിലേക്ക് ചേർത്ത് സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ അപഗ്രഥിക്കുമ്പോൾ അധ്യാത്മിക ഇടപെടലുകളുടെ മനോഹരദൃശ്യങ്ങൾ വരച്ചെടുക്കാനാവും. പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശങ്ങളെ അതിജയിച്ച മലബാർ പൈതൃകം അത്തരം പ്രേരകങ്ങളുടെ പ്രദർശനപാളിയാണ്. |
കോഴിക്കോട് കാപ്പാട് കടപ്പുറത്ത് 1498 മെയ് 20ന് വാസ്കോഡഗാമ കപ്പലിറങ്ങുന്നതോടെയാണ് കേരളത്തിലേക്കുള്ള വൈദേശിക ശക്തികളുടെ അധിനിവേശ ചരിത്രം ആരംഭിക്കുന്നത്. പിന്നീട് 1663 മുതൽ 1795 വരെ നീണ്ടുനിന്ന ഡച്ച് അധിനിവേശത്തിനും 1720 കളിൽ ആരംഭിച്ച ഫ്രഞ്ച് അധിനിവേശത്തിനും 1600 കളിൽ രാജ്യത്ത് സ്ഥാപിതമായ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കു കീഴിലെ ബ്രിട്ടീഷ് കൊളോണിയലിസത്തിനും മലബാർ സാക്ഷിയായി. മികച്ചതും ഉയർന്നതുമായ സമ്പൽസമൃദ്ധിയിൽ അസൂയ പൂണ്ട്,അതിൽ കണ്ണ് വെച്ചാണ് കൊളോണിയൽ ശക്തികൾ വാണിജ്യ ബന്ധത്തിനെന്ന വ്യാജേന ഇന്ത്യയിലെത്തുന്നത്. ബ്രിട്ടീഷ് സാമ്പത്തിക ചരിത്രകാരൻ അംഗസ് മാഡീസന്റെ കണ്ടെത്തൽ ഉപരിസൂചിത സമ്പൽസമൃദ്ധിയെ വിളിച്ചോതുന്നതാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ,മുഗൾഭരണകാലത്ത് ലോക സാമ്പത്തിക വ്യവസ്ഥയുടെ 23 ശതമാനവും ഇന്ത്യയിലായിരുന്നു. പതിനേഴാം നൂറ്റാണ്ടിലത് 27 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ടെന്നാണ് മാഡീസൻ്റെ കണ്ടെത്തൽ. വ്യാപാരബന്ധങ്ങളിൽ സുപ്രസിദ്ധമായ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭവങ്ങൾ മോഷ്ടിച്ചു കടത്തുവാനും തദ്ദേശിയരെ അടിച്ചമർത്തി ഭരിക്കുവാനും സ്വാഭാവികമെന്നോണം വൈദേശിക ശക്തികൾ തുനിഞ്ഞു. ഒരുതരത്തിൽ കേരളമടക്കമുള്ളയിടങ്ങളിലെ സാംസ്കാരിക തനിമയെ നശിപ്പിക്കും വിധത്തിലുള്ള അധിനിവേശം കൂടി (Cultural imperialism) സാമ്പത്തിക അധിനിവേശത്തിന്റെ ഉപോൽപ്പന്നമായി ലക്ഷ്യംവെക്കുകയോ ഉയർന്നുവരികയോ ചെയ്തു. എങ്കിലും പ്രാരംഭ ദശയിൽ തന്നെ അവക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പുകളുണ്ടായിരുന്നു. അതിൽ പ്രധാനമാണ് കേരളത്തിലെ മാപ്പിളമുസ്ലിംകളുടെ അധിനിവേശ വിരുദ്ധ സമീപനങ്ങൾ. രാഷ്ട്രസംരക്ഷണം മതാധ്യാപനങ്ങളുടെ ഭാഗമാണെന്ന വിശ്വാസമായിരുന്നു മുസ്ലിം സമരങ്ങൾക്ക് പിന്നിലെ പ്രധാന ഹേതു. കാർഷികമായി പലവിധത്തിൽ അടിച്ചമർത്തലുകൾക്ക് വിധേയരായ മാപ്പിള സമൂഹത്തെ ആത്മീയമായി സംഘടിപ്പിച്ച്,സാമ്രാജ്യത്വ വിരുദ്ധ ചെറുത്തുനിൽപ്പുകൾക്ക് ചുക്കാൻ പിടിച്ചത് അക്കാലങ്ങളിലെ പണ്ഡിത-സൂഫി സാന്നിധ്യങ്ങളായിരുന്നു. കായിക സേവനങ്ങൾക്കപ്പുറം തങ്ങളുടെ ധൈഷണിക, സർഗാത്മക പ്രവർത്തനങ്ങളിലൂടെയും അവർ സാമ്രാജ്യത്വ ശക്തികളുടെ ഉറക്കം കെടുത്തി. ഇംപീരിയലിസത്തിനെതിരെയുള്ള ആത്മീയ ഊർജ്ജസ്രോതസ്സുകളായി പ്രവർത്തിച്ച വിശ്വാസികളെ പോർമുഖത്ത് ദൃഢതയോടെ ഉറപ്പിച്ചു നിർത്തിയ സാമ്രാജ്യത്വ വിരുദ്ധ സാഹിത്യവും അതിൻറെ വാമൊഴിയായും വരമൊഴിയായുമുള്ള സംവേദനങ്ങളും സംഗമങ്ങളും അവയിൽ എടുത്തു പറയേണ്ടവയാണ്. കേരളം പരിചയിച്ച പലവിധ മാപ്പിള സമരങ്ങളുടെയും ഏകത ഈ ആത്മീയ സാന്നിധ്യം തന്നെയായിരുന്നു. എഴുതിയും പാടിയും പ്രസരിച്ച മാലയും മൗലിദും കിസ്സപ്പാട്ടുകളും റാത്തീബുകളും ചേർന്നു പ്രവഹിക്കുന്ന ആത്മീയതയുടെ ആന്തരികസംവേദനവും സമ്പന്നതയും സംശുദ്ധമനോവീര്യവും മാപ്പിള പോരാട്ടങ്ങളുടെ ചെറുതല്ലാത്ത പ്രചോദകമായിരുന്നു.
കേരളത്തിലെ "മക്ക"യെന്ന് അറിയപ്പെട്ട പൊന്നാനി കേന്ദ്രീകരിച്ച് വ്യത്യസ്തങ്ങളായ വൈജ്ഞാനിക നവോത്ഥാന മുന്നേറ്റങ്ങൾക്ക് നേതൃത്വമേകിയ മഖ്ദൂമുമാർ അതിൽ പ്രഥമരും പ്രധാനരുമാണ്. സാമ്പത്തിക വ്യാപാര താല്പര്യങ്ങൾക്ക് പുറമേ മതപരമായ അജണ്ടകളാവാഹിച്ച് (Evangelism) മലബാർ തീരമണഞ്ഞ പോർച്ചുഗീസ് ശക്തികൾക്കെതിരെ അവരുടെ തൂലികകൾ ചലിച്ചു. മുസ്ലിം സമുദായ അംഗങ്ങളായിരുന്നു ഇവാഞ്ചലിക്ക് കൊളോണിയലിസത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ക്രൂരതകളുടെ മുഖ്യഇരകൾ. എ ഡി 1501 ഒക്ടോബർ മാസം മക്കയിൽ നിന്നും പുറപ്പെട്ട മുന്നൂറ് ഹാജിമാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കപ്പൽ കൊള്ളയടിച്ചതിനു ശേഷം യാത്രക്കാരെ ചങ്ങലക്കിട്ട് അഗ്നിക്കിരയാക്കിയ പോർച്ചുഗീസ് ചെയ്തി ഈ ചരിത്ര ധാരണയെ ഊട്ടിയുറപ്പിക്കുന്നതാണ്.
സമാധാനത്തോടെ ജീവിക്കുന്ന സാമാന്യ ജനവിഭാഗത്തിന്റെ സ്വാഭാവിക ജീവിതത്തിന് തുരങ്കം വയ്ക്കാൻ ശ്രമിക്കുന്ന പറങ്കിപട്ടാളത്തെ മഖ്ദൂമുമാരടങ്ങുന്ന മുസ്ലിം പണ്ഡിതരെപ്പോലെ തന്നെ നാട്ടുരാജാവായ കോഴിക്കോട് സാമൂതിരിയും മനസ്സിലാക്കിയതോടെയാണ് ഒന്നിച്ചുള്ള ചെറുത്തുനിൽപ്പുകൾ കേരളത്തിൽ ദൃശ്യമായത്.
കൊച്ചി രാജാവിന്റെ പിന്തുണയോടുകൂടി മലബാർ ആക്രമിക്കാൻ പറങ്കികൾ കോപ്പുകൂട്ടുന്ന അവസരത്തിലാണ് സൈനുദ്ദീൻ മഖ്ദൂം (റ) മുസ്ലിംങ്ങളോട് സമരാഹ്വാനം ചെയ്യുന്നത്. എ ഡി 1531 മുതൽ 1583 വരെ ജീവിച്ച സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ തഹ്രീളു അഹ്ലിൽ ഈമാൻ അലാ ജിഹാദി അബ്ദതി സുൽബാൻ എന്ന പ്രശസ്ത ഗ്രന്ഥം മാപ്പിള സാമ്രാജ്യത്വ വിരുദ്ധ സാഹിത്യങ്ങളിൽ ഒന്നാമതെണ്ണാവുന്ന ആദ്യ കാവ്യമാണ്. പാശ്ചാത്യ ശക്തികളുടെ അധിനിവേശത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു അവയിലെ ഓരോ വരികളും. യൂറോപ്പ്യൻ അധിനിവേശ വിരുദ്ധ പ്രസ്ഥാനങ്ങളുടെ ആദ്യ പ്രകടനപത്രിക എന്നായിരുന്നു ചരിത്രകാരൻ എം ജി എസ് നാരായണൻ തഹരീളിനെക്കുറിച്ച് വാചാലനായത്. പോർച്ചുഗീസ് ക്രൂരതകൾക്കെതിരെ ആ കാലഘട്ടങ്ങളിൽ തന്നെ പിറന്ന ഗ്രന്ഥങ്ങളായിരുന്നു സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻറെ തുഹ്ഫത്തുൽ മുജാഹിദീനും മുഹിയുദ്ദീൻ മാലയുടെ രചയിതാവായ കോഴിക്കോട്ടുകാരൻ ഖാളിമുഹമ്മദിൻ്റെ കുത്തുബത്തുൽ ജിഹാദും. ഇത്തരം സമരസന്ദേശ രചനകളായിരുന്നു മുസ്ലീങ്ങൾക്കു പുറമേ നായർ പടയാളികൾക്കു പോലും പോരാട്ട രംഗത്ത് അണിനിരക്കാൻ പ്രചോദനമായത്. 1571ൽ,പറങ്കികൾ അധീനപ്പെടുത്തിയ ചാലിയം കോട്ട സാമൂതിരിക്ക് തിരിച്ചുപിടിക്കാൻ സമരോർജ്ജമായി വർത്തിച്ചത് ഈ വരികളിലൂടെയിരുന്നു. വീരേതിഹാസമായ വിജയത്തെ തുടർന്ന് ഖാളി മുഹമ്മദ് രചിച്ച ഗ്രന്ഥമാണ് ഫത്ഹുൽ മുബീൻ.
ഡച്ചുകാർ കൂടുതൽ വ്യാപാര താൽപ്പര്യങ്ങളിൽ നിക്ഷിപ്തരായിരുന്നതിനാൽ ചെറുത്തുനിൽപ്പുകൾ അക്കാലത്ത് ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ പിന്നീടെത്തിയ ഫ്രഞ്ച് പോരാളികൾക്കു നേരെ മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിൻ്റെ നേതൃത്വത്തിലും മറ്റു മലബാർ മാപ്പിള മേഖലകളിൽ നിന്നും ചില എതിർസ്വരങ്ങൾ ഉണ്ടായിട്ടുണ്ട്.
പിന്നീട് ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ വാണിജ്യ താൽപര്യങ്ങളിൽ നിന്നും വ്യതിചലിക്കുകയും അപഹരണം നയനിലപാടാക്കുകയും ചൂഷണത്മക ഭരണത്തിലേക്കും വഴിമാറിയപ്പോൾ ശക്തമായ പ്രതിരോധങ്ങൾ മാപ്പിള പക്ഷത്തുനിന്നുമുണ്ടായി. ഖുത്തുബുസ്സമ്മാൻ സയ്യിദ് മമ്പുറം അലവി തങ്ങളുടെയും മകൻ സയ്യിദ് ഫസൽ തങ്ങളുടെയും നേതൃത്വത്തിൽ നടന്ന അധിനിവേശവിരുദ്ധ സമരങ്ങൾ അതിൽ പ്രധാനപ്പെട്ടവയാണ്. ക്രൂരമായ ബ്രിട്ടീഷ് അടിച്ചമർത്തലുകൾക്ക് വിധേയരായ മാപ്പിള ജനതയെ ധീരം പോരാടാൻ സജ്ജരാക്കിയ മമ്പുറം തങ്ങളുടെ സൈഫുൽ ബത്താർ അലാ മൻ ഹുവാലിൽ കുഫ്ഫാർ എന്ന ഗ്രന്ഥം പ്രശസ്തമാണ്.
ഹിജ്റ 1166 ദുൽഹിജ്ജ മാസത്തിൽ യമനിലെ തരീമിൽ സയ്യിദ് മുഹമ്മദ് മൗലദ്ദവീല തങ്ങളുടെയും ഫാത്തിമയുടെയും മകനായി ജനിച്ച സയ്യിദ് ഹിജ്റ 1183 റമളാൻ 19നാണ് ജന്മദേശത്ത് നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്നത്. ഔലിയാക്കളിൽ അത്യുന്നതരും (ഖുത്തുബ്) മഹാപണ്ഡിതരും അനവധിയാളുകളുടെ ആശാകേന്ദ്രവുമായിരുന്ന തങ്ങൾ തികഞ്ഞ സ്വാതന്ത്ര്യ പ്രേമിയായിരുന്നു. വെള്ളക്കാർക്കും അവരുടെ ചാരന്മാരായി പ്രവർത്തിച്ചിരുന്ന ജന്മി മുതലാളിത്തത്തിനും എതിരിൽ നടന്ന സമരങ്ങളുടെയെല്ലാം പ്രചോദനനാളമായിരുന്നു മമ്പുറം തങ്ങൾ. ബ്രിട്ടീഷുകാർക്കെതിരെ നടന്ന ചേറൂർ പടയിൽ തങ്ങളുടെ സാന്നിധ്യം എടുത്തുദ്ധരിക്കേണ്ടതാണ്. അനുനയ നീക്കങ്ങൾക്കായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ തങ്ങളെ സമീപിച്ചിരുന്നു. ചേറൂർ പടയിൽ കാലിനു വെട്ടേറ്റുണ്ടായ മുറിവ് മൂർചിച്ച് ഹിജ്റ 1260 മുഹറം ആറിനാണ് മമ്പുറം തങ്ങൾ വഫാത്താകുന്നത്.
സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ
മമ്പുറം സയ്യിദ് അലവി തങ്ങളുടെയും ഫാത്തിമ മദനിയുടെയും പുത്രനായി ഹിജ്റ 1240 മമ്പുറത്ത് ജനിച്ച സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ തികഞ്ഞ സൂഫിവര്യരും വലിയ നേതൃവൈഭവത്തിന് ഉടമയും രാഷ്ട്രീയ കാര്യങ്ങളിലും മറ്റും വലിയ ദീർഘദൃഷ്ടിയുമുള്ളവരുമായിരുന്നു. പിതാവിനെപ്പോലെ തന്നെ ഇംഗ്ലീഷുകാരുടെ പേടിസ്വപ്നമായിരുന്ന ഫസൽ തങ്ങൾ ബ്രിട്ടീഷ് വിരുദ്ധ പക്ഷത്ത് ജനങ്ങളെ അണിനിരത്തുന്നതിൽ അത്യുത്സാഹിയായിരുന്നു. കിരാത ബ്രിട്ടീഷ് ഭരണങ്ങൾക്കെതിരെ സമരത്തിന് പ്രേരിപ്പിക്കുന്ന ‘ഉദ്ധതുൽ ഉമറാഇ വൽ ഹുക്കാമി ലി ഇഹാനത്തിൽ കാഫത്തി വ അബദതിൽ ഇസ്‌ലാം’ എന്ന ഗ്രന്ഥം അവിടുത്തെ തൂലികയിൽ നിന്നും വിരചിതമായതാണ്. അറേബ്യയിൽ മുദ്രണം ചെയ്ത ഗ്രന്ഥത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. പക്ഷേ ബ്രിട്ടീഷുകാർക്ക് വലിയ ഭീഷണിയായി മാറിയ ഗ്രന്ഥം കണ്ടുകെട്ടുകയാണുണ്ടായത്.
തങ്ങളെ അറസ്റ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്ന് പ്രഖ്യാപിച്ച് നാടിൻ്റെ നാനാഭാഗത്തുനിന്നും ജനം മമ്പുറത്തേക്ക് പ്രവഹിച്ചു. രോശാകുലരായ ജനങ്ങളെ തങ്ങൾ സമാധാനിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. ഹിജ്റ 1270 ക്രി. 1852 മാർച്ച് 19ന് തങ്ങൾ താൻ പ്രേരകമായി സമുദായത്തിന് നഷ്ടമുണ്ടാകരുതെന്ന് തീരുമാനമെടുത്ത് ഈജിപ്തിലേക്ക് പോയി. അവിടെ നിന്നും തുർക്കിയിലേക്കും പിന്നീട് യമനിലേക്കും സഞ്ചരിച്ചു. മുസ്ലിം ഭരണപ്രദേശങ്ങളിലെ രാഷ്ട്രീയ വ്യവഹാരങ്ങളുടെ അഭിവാജ്യ ഘടകമായി മാറുകയും ഹിജ്റ 1318 റജബ് ആറിന് മഹാനവർകൾ ഇസ്താബൂളിൽ വെച്ച് ഈ ലോകത്തോട് വിടപറയുകയും ചെയ്തു.
വെളിയങ്കോട് ഉമർ ഖാളി
ക്രിസ്താബ്ദം 1757 ൽ വെളിയങ്കോടിൽ ആലി മുസ്ലിയാരുടെ മകനായി ജനിച്ച ഉമർ ഖാളി (റ) സൂഫിയും അതുല്യ പണ്ഡിതനും പ്രഗൽഭ കവിയും വാഗ്മിയുമായ സ്വതന്ത്ര സമരസേനാനിയാണ്. മമ്പുറം സയ്യിദ് അലവി തങ്ങളുടെ സമകാലീനരും മുരീദുമായിരുന്ന ഖാളിയവർകൾ കൊളോണിയൽ വിരുദ്ധ സമരങ്ങളിലെ നേതൃത്വവും നികുതി നിഷേധ നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ ഉറച്ചുനിന്ന വ്യക്തിയുമായിരുന്നു. ബ്രിട്ടീഷുകാർക്ക് നികുതിപ്പണം നൽകുകയില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ മഹാൻ്റെ നികുതിപ്പണം നൽകിയിരുന്നത് സ്നേഹിതൻ മരക്കാർ ഹാജിയായിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷം നികുതി മുടങ്ങിയതിന്റെ പേരിലാണ് മഹാനവർകളെ ബ്രിട്ടീഷ് പട്ടാളം ജയിലിലടക്കുന്നത്.
നികുതി, കുടിശ്ശികവരുത്തിയതിന് ചാവക്കാട് കച്ചേരിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടതനുസരിച്ച് അവിടെ ചെന്ന അദ്ദേഹത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത സംഭവം പ്രസിദ്ധമാണ്. തുറങ്കലിലിട്ട പിറ്റേന്ന് രാവിലെ അദ്ദേഹത്തെ ജയിലിൽ കണ്ടില്ല,അത്ഭുതരായ പാറാവുകാർ പോലീസിനെ അറിയിക്കുകയും അദ്ധേഹം പോയി തുക്കിടിയെ വിവരമറിക്കുകയും ചെയ്തു.
ജയിൽ മുക്തനായ ഉമർ ഖാളി ഈ സമയം കോടഞ്ചേരി ജുമാഅത്ത് പള്ളിയിലുണ്ടായിരുന്നു. വീണ്ടും അറസ്റ്റ് വരിച്ച് കോഴിക്കോട്ടേക്ക് കൊണ്ടുപോയി. എല്ലാ വിഭാഗം ജനങ്ങളും ഉൾക്കൊള്ളുന്ന വമ്പൻ ജനാവലി അവിടുത്തെ അനുഗമിച്ചിരുന്നു. കലക്ടർ അദ്ദേഹത്തെ മാന്യമായി സ്വീകരിച്ചു. നികുതി നൽകേണ്ടതില്ലെന്ന് ജനങ്ങളെ ഉപദേശിച്ചതിന് ഖേദം പ്രകടിപ്പിക്കണമെന്ന കളക്ടറുടെ ആവശ്യം നിരസിച്ചതിനാൽ കുറച്ചു നാൾ കൂടെ തടങ്കൽ ശിക്ഷ വിധിക്കുകയായിരുന്നു. കുഴപ്പമൊന്നും കൂടാതെ പിരിഞ്ഞു പോകണമെന്ന് മഹാനവരുടെ ആഹ്വാനം മാനിച്ച് ജനങ്ങൾ സംഘട്ടനത്തിൽ നിന്നും പിന്തിരിയുകയാണുണ്ടായത്. ബ്രിട്ടീഷ് വിരുദ്ധ മുന്നണിയുടെ ശക്തി കേന്ദ്രമായിരുന്ന മഹാൻ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.
നെല്ലിക്കുത്ത് ആലി മുസ്‌ലിയാർ
പ്രശസ്ത പണ്ഡിതനും എഴുത്തുകാരനും ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖും നേതാവുമായിരുന്നു ആലി മുസ്ലിയാർ. ഹിജ്റ 1270 ൽ ക്രി.1861 നെല്ലിക്കുത്ത് ഇരിക്കുന്ന കാലത്ത് മൂലയിൽ കുഞ്ഞു മൊയ്തീന്റെയും മഖ്ദൂം കുടുംബത്തിലെ മുടിക്കോട്ട് ഒറ്റകത്ത് മുഹമ്മദ് മുസ്ലിയാരുടെ മകൾ ആമിനയുടെയും മകനായി ജനിച്ചു. 1907 മുതൽ തിരൂരങ്ങാടി കിഴക്കേ പള്ളി ഇമാമും മുദരിസുമായിരുന്നു അദ്ദേഹം. അവിടെ താമസിച്ചുവരുന്നതിനിടയിൽ 1920 ൽ രൂപീകൃതമായ ഖിലാഫത്ത് കമ്മിറ്റിയുടെ വൈസ് പ്രസിഡൻറായി സേവനമനുഷ്ഠിച്ചു. അതിനിടെയാണ് അദ്ദേഹം പള്ളി കേന്ദ്രീകരിച്ച് ബ്രിട്ടീഷ് വിരുദ്ധ സമര പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. 1921 ലെ മലബാർ കലാപത്തിൽ തിരൂരങ്ങാടി ലഹളയിൽ അദ്ദേഹത്തെയും പന്ത്രണ്ട് അനുയായികളെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും കോയമ്പത്തൂർ ജയിലിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തെ ബ്രിട്ടീഷ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ വധശിക്ഷയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് 1922 ഫെബ്രുവരി 17ന് സുജൂദിൽ കിടന്ന് അവിടുന്ന് വഫാത്താകുകയാണുണ്ടായത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കൊപ്പം ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകി മലയാള നാട് എന്ന സ്വതന്ത്ര രാജ്യം കെട്ടിപ്പടുത്ത അഭിമാനകരമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൻറെ അഭിവാജ്യഭാഗമാണ് ആലി മുസ്ലിയാർ.
മാപ്പിള സ്വാതന്ത്ര്യ സമരങ്ങളിലെ ആത്മീയ ഊർജ്ജങ്ങളുടെ വ്യാപ്തി മുമ്പേ സൂചിപ്പിച്ചതുപോലെ നേതൃത്വങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല. പറങ്കിപ്പട തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ വിമോചനത്തിനായി ഒറ്റയ്ക്ക് പൊരുതിയ മന്നത്ത് മാനത്ത് പറമ്പിൽ കുഞ്ഞിമരക്കാരുടെ ചരിത്രം അനാവരണം ചെയ്യുന്ന കോട്ടുപള്ളി മാലയും, കണ്ണൂർ ജില്ലയിലെ ഏഴിമലക്കടുത്ത് രമനളിയിലെ പോർച്ചുഗീസ് കോട്ട നശിപ്പിക്കാൻ പോക്കർ മൂപ്പന്റെ നേതൃത്വത്തിൽ നടന്ന മുന്നേറ്റത്തിന്റെ കാവ്യാത്മക ആവിഷ്കാരമായ രാമനളിമാലയും എടുത്തു പറയേണ്ട ആവിഷ്കാരങ്ങളാണ്.
മമ്പുറം തങ്ങളുടെ നേരിട്ടുള്ള സാന്നിധ്യമുണ്ടായ ചേറൂർപടയെക്കുറിച്ചും മണ്ണാർക്കാട്, മഞ്ചേരി ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെയും ഇതിവൃത്തമാക്കുന്ന പടപ്പാട്ടുകൾ പ്രത്യേക പരാമർശം അർഹിക്കുന്നതാണ്. 1921 ലെ മലബാർ സമരസമയത്ത് ഇറങ്ങിയ പണ്ഡിത ഫത്വകൾ (ബ്രിട്ടീഷുകാർക്ക് കോപ്പി കണ്ടുകെട്ടിയ പരീകുട്ടി മുസ്ലിയാരുടെ മുഹിമ്മാത്തുൽ മുഅ്നീൻ) താത്തൂർ അബ്ദുറഹ്മാൻ ഷിഫിന്റെ പുത്രൻ അഹ്മദ് കുട്ടി എന്ന ആറ്റ മുസ്‌ലിയാരുടെ നാല്പത്തിയാറ് വരികൾ ഉള്ള കാവ്യവുമെല്ലാം ദേശവിരുദ്ധ പ്രകോപനങ്ങളോടുള്ള എതിർപ്പടയാളങ്ങളാണ്. മലബാർ മാന്വൽ വിവരിക്കുന്നത് പോലെ സമരകാലത്ത് മാപ്പിളമാർ തങ്ങളുടെ യുദ്ധവാളുകൾ ഖുതുബിയത്തിന്റെ ശബ്ദ വീചികൾക്കിടയിൽ കൈമാറ്റം ചെയ്യുന്ന ദൃശ്യലോകം വരച്ചിടുന്നത് കായിക ബലാബലങ്ങളെയും താണ്ടിയുള്ള സ്വാതന്ത്ര്യസമരത്തിൻ്റെ മതം, വിശ്വാസം, ഭരമേൽപ്പിക്കൽ(The concept of reliance on God), തുടങ്ങി മനുഷ്യഹൃദയങ്ങളോട് നേരിട്ട് ഇടപെടുന്ന സമ്മിശ്രസങ്കേതങ്ങളുടെ പ്രാധിനിത്യമാണ്.
റഫറൻസുകൾ:
1. മലബാർ മാന്വൽ - വില്യം ലോഗൻ
2. സിറാജ് ഗൈഡ് '97
3. വീര്യമേറ്റിയ മാപ്പിളയെഴുത്തുകൾ - ഉമൈർ ബുഖാരി
4. 1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതി കാലങ്ങൾ - സുന്നി സ്പെഷൽ പതിപ്പ് ( 2002 ജനുവരി 16-31)