പൗരത്വ ഭേദഗതി നിയമത്തിലെ ചതിപ്രയോഗം പകൽ പോലെ വ്യക്തമാണ്. മതവിദ്വേഷം പ്രചരപ്പിക്കുന്നതും ഭരണഘടനമൂല്യങ്ങളെ അട്ടിമറിക്കുന്നതുമായ സംഘ് രാഷ്ട്രീയം ചെറുത്തു തോൽപ്പിക്കേണ്ടതാണ്. ഈ രാജ്യത്തിൻറെ ആത്മാവ്   അതിനായി തുടിച്ചുകൊണ്ടിരിക്കുകയാണ്.

ഇലക്ട്രൽ ബോണ്ട് തട്ടിപ്പ് മറനീക്കി പുറത്തുവന്ന തക്കത്തിലാണ്,  നാലു വർഷങ്ങൾക്കു മുമ്പ് ബിജെപി സർക്കാർ തന്നെ ഉരുവം നൽകിയ സി.എ.എ ആക്ട് നടപ്പാക്കാനുള്ള നയങ്ങളും രീതികളും വിശദീകരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ കളം നിറയുന്നത്. ബോണ്ട് വിവാദത്തിൽ അകപ്പെടുകയും,  ലോക്സഭ ഇലക്ഷൻ സമീപത്തെത്തുകയും ചെയ്ത സാഹചര്യത്തിൽ, സി.എ.എ നടപ്പാക്കാൻ ബി.ജെ.പി കാണിക്കുന്ന  തത്രപ്പാടിനെ അവർ കാലങ്ങളായി സ്വീകരിച്ചു പോരുന്ന ഗൂഢ രാഷ്ട്രീയത്തിന്റെ തുടർച്ചയായിട്ടേ വിലയിരുത്താനാകൂ.

ആസാമിൽ എൻ ആർ സി പരീക്ഷിക്കാനായതിന്റെ  ആത്മവിശ്വാസത്തിലാണ് സി.എ.എയുമായി ബിജെപി രംഗത്തെത്തിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അന്ന് സ്വന്തം പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ജനങ്ങളോട് കൽപ്പിക്കപ്പെടുകയുണ്ടായി. അസമിൽ 15 ദശലക്ഷത്തോളം ബംഗ്ലാദേശി മുസ്ലീങ്ങൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവരെ പുറത്താക്കാൻ ഈ നടപടി സർക്കാരിനെ സഹായിക്കുമെന്നായിരുന്നു നയരൂപീകരണത്തിനു മുമ്പ്  ബിജെപി പറഞ്ഞു പരത്തിയിരുന്നത്. മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രകുത്തി. അവരെ തളച്ചിടാനായി പലയിടങ്ങളിലും തടങ്കൽ പാളയങ്ങൾ കെട്ടിപ്പൊക്കി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും  ഇന്നും ഇത്തരം കേന്ദ്രങ്ങളുടെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ആശ്ചര്യപ്പെടുത്തുന്നതായിരുന്നു എൻ ആർ സി യുടെ ഫലം. മതിയായ രേഖകളില്ലാത്തവരായി പിടിക്കപ്പെട്ടവരിൽ 19 ലക്ഷത്തോളം ഹിന്ദുക്കളായിരുന്നു, മുസ്ലീങ്ങൾ കേവലം 7 ലക്ഷം മാത്രം. ആസാമിൽ 15 ദശലക്ഷം മുസ്ലിമീങ്ങൾ കുടികൊള്ളുന്നുണ്ട് എന്ന നുണപ്രചാരണം അതോടെ നനഞ്ഞ പടക്കം പോലെയായി.

പ്രാബല്യത്തിലുള്ള വിജ്ഞാപനമനുസരിച്ച്,  2014 ഡിസംബറിന് മുമ്പ് അഫ്ഗാനിസ്ഥാൻ,  പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ, ജൈന, സിക്ക് തുടങ്ങിയ വിശ്വാസികൾക്ക് ഇന്ത്യൻ പൗരത്വം നൽകപ്പെടും. അതേസമയം മുസ്ലിംകൾക്ക്  പട്ടികയിൽ  ഇടം പിടിക്കാനാവില്ല. രാജ്യമൊട്ടുക്കും വ്യാപകമായ പ്രതിഷേധത്തിന് ഇത് തിരി കൊളുത്തി. അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയിലും ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിലും അരങ്ങേറിയ പ്രതിഷേധങ്ങൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു. അങ്ങനെയാണ് ന്യൂഡൽഹിയിൽ ചരിത്രപ്രസിദ്ധമായ ഷഹീൻ ബാഗ് സമരം ഉയർന്നു വരുന്നത്. രാജ്യത്തെ പെൺപടയായിരുന്നു സമര സേനയുടെ മുന്നിൽ. കയ്യിൽ ഭരണഘടനയും നെഞ്ചിൽ ഗാന്ധി പടവുമേന്തിയായിരുന്നു അവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നത്.

സമരക്കാർ തങ്ങളെ പീഡിപ്പിക്കാനും കൊല്ലാനും ഇടയുണ്ടെന്നും എതിർ നീക്കങ്ങൾ ആകെയും ഹിന്ദു സമുദായത്തിന് വലിയ ഭീഷണിയാണെന്നും ബിജെപി നേതാവ് പാർവേശ് സാഹിബ് സിംഗ് തട്ടിവിട്ടു. മറ്റൊരു നേതാവായ കബിൽ ശർമ,  പ്രതിഷേധക്കാരെ പോലീസ് നിയന്ത്രിച്ചിട്ടില്ലെങ്കിൽ, ഞങ്ങൾക്ക് രംഗത്തേക്ക് ഇറങ്ങേണ്ടി വരുമെന്ന്  അലമുറയിട്ടു. അന്നത്തെ മിനിസ്റ്റർ ഓഫ് സ്റ്റേറ്റായിരുന്ന അനുരാഗ് താക്കൂർ  "ഗോലി മാരോ" മുഴക്കി. തുടർന്നുണ്ടായ സംഘർഷത്തിൽ 51 പേർക്ക് ജീവഹാനി സംഭവിച്ചു. അതിൽ 38 പേരും മുസ്ലിങ്ങളായിരുന്നു. ഇന്നലെവരെ ചുവപ്പുനാടക്കുള്ളിലായിരുന്ന വിവാദനയത്തെ അവർ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നു.

അയൽ രാജ്യങ്ങളിൽ നിന്നുള്ള  പീഡിത വിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ് ? ഇന്ദിരാ ജയ്സിംഗ്  അതിനു മറുപടി പറയുന്നത് ഇങ്ങനെയാണ് "മത പരിഗണനയില്ലാതെ ജന്മം, അനന്തരം,  കുടിയേറ്റം ഇവയിൽ ഏതെങ്കിലും മാർഗത്തിലൂടെ ഒരാൾക്ക് ഇന്ത്യൻ പൗരനാകാൻ കഴിയുമെന്ന് ഭരണഘടന ആണയിടുന്നുണ്ട്. പൗരത്വം   അനുവദിക്കുന്നതിനും ഇല്ലാതാക്കുന്നതിനും  പ്രത്യേക നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പൗരത്വ നിയമം (1955) പാർലമെന്റ് നേരത്തെ പാസാക്കിയിരുന്നു. ഈയൊരു ആക്ടിൽ മതം ഒരളവു കോലായിരുന്നില്ല. പുതിയ ഭേദഗതിയനുസരിച്ച് മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും പൗരത്വ വിതരണം".

മത പരിഗണനയില്ലാതെ നിയമത്തിനു മുന്നിൽ  എല്ലാവർക്കും സമത്വവും തുല്യസംരക്ഷണവും വക വെച്ചു നൽകുന്ന ആർട്ടിക്കിൾ 14 നെ കീറി മുറിക്കുന്നതാണ് തിരുത്തപ്പെട്ട ഈ നയം. പൗരന്മാരെ മാത്രമല്ല എല്ലാ വ്യക്തികളെയും ഉൾകൊള്ളുന്നതാണ് ആർട്ടിക്കിൾ 14. മുസ്ലിംകൾക്ക് ഇന്ത്യൻ പൗരന്മാരാകാനുള്ള അവകാശത്തെ സി.എ.എ  തടയുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയും ഈ നിയമം മാറ്റിനിർത്തുന്നു. പാകിസ്ഥാനി ന്യൂനപക്ഷമായ അഹമദിയ മുസ്ലിങ്ങൾ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങൾ ലോകതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടും സി.എ.എയുടെ ലിസ്റ്റിൽ അവരെ കാണാനാവില്ല. മതം മാത്രം അടിസ്ഥാനമാക്കി  നിലകൊള്ളുന്ന ഒരു വിജ്ഞാപനത്തിൽ നിന്ന്  ഇത്രയേ പ്രതീക്ഷിക്കാവൂ.

അയൽ രാജ്യങ്ങളിലെ  പീഡിത വിഭാഗത്തെ സംരക്ഷിക്കാനുള്ള  നയമെന്നായിരുന്നു നടപ്പിൽ വരുത്തുന്നതിന് മുമ്പ് കേന്ദ്രസർക്കാർ സി.എ.എ യെ വിശേഷിപ്പിച്ചിരുന്നത്. നിയമത്തിന്റെ ചട്ടങ്ങളിലോ  മാനദണ്ഡങ്ങളിലോ ഏതുതരം പീഡനമെന്നോ അതിന്റെ തെളിവുകൾ പൗരത്വം നൽകുന്നതിന് മുമ്പ്  ഹാജരാക്കണമെന്നോ പരാമർശിക്കുന്നില്ല. മറിച്ച്, ഈ മൂന്ന് അയൽ രാജ്യങ്ങളിൽ നിന്നുള്ള  അഭയാർത്ഥികളോട് അവരുടെ മതം, ഇന്ത്യയിലേക്കുള്ള അവരുടെ പ്രവേശന തീയതി, ജന്മദേശം, ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷയിലുള്ള പരിജ്ഞാനം എന്നിവ വെളിപ്പെടുത്താനാണ് നിയമം ചട്ടം കെട്ടുന്നത്. പിറന്ന ഭൂമി തെളിയിക്കുന്നതിനുള്ള നിയമങ്ങളിൽ കാര്യമായ ഇളവുകൾ വരുത്തിയിട്ടുണ്ട്. ഇന്ത്യൻ റസിഡൻഷ്യൽ പെർമിറ്റും പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സാധുവായ പാസ്‌പോർട്ടും ഇനി മുതൽ അവർക്ക് നിർബന്ധമില്ല. പീഡനത്തിൻ്റെ തെളിവ് ബോധിപ്പിക്കേണ്ടതില്ല. അഞ്ചുവർഷമെന്ന അടിസ്ഥാന പരിധിയെയും വെട്ടിമാറ്റി പ്രക്രിയ പതിവിലും വേഗത്തിലാക്കി.

നിയമ പരിധിയിൽപ്പെടുന്ന മൂന്ന് രാജ്യങ്ങളിലെയും ഹിന്ദുക്കൾക്ക് ഇന്ത്യയിൽ  അധിവസിക്കാമെന്നും മുസ്ലിങ്ങൾ ഇസ്ലാമിക രാജ്യങ്ങളിൽ ഇടം തേടണമെന്നും   അശേഷം ലജ്ജ ഇല്ലാതെയായിരുന്നു കേന്ദ്രം ഭരിക്കുന്നവർ തുറന്നടിച്ചത്. ഈ മനോഭാവം തീർത്തും കുറ്റകരമാണ്. പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും പുറമേ  അഹമദിയാക്കൾ, ഖാദിയാനികൾ എന്നീ ന്യൂനപക്ഷങ്ങൾ  കൊടിയ ദുരിതങ്ങളിലൂടെ കടന്നു പോകുന്നുണ്ടെന്നത് പകൽപോലെ വ്യക്തമാണ്. തിരസ്കൃത വിഭാഗങ്ങൾക്ക് അഭയം നൽകുന്നതിനെ കുറിച്ചാണ് നമ്മൾ ചിന്തിക്കുന്നതെങ്കിൽ,  ഇവരെയൊക്കെ എങ്ങനെ വിസ്മരിക്കാനാകും? നീറുന്ന യാതന പർവങ്ങളുടെ പെരുമയിൽ സമീപകാലത്ത് വാർത്ത മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും മുഴച്ചു നിന്നവരായിരുന്നു  ശ്രീലങ്കയിലെ തമിഴന്മാരായ ഹിന്ദുക്കളും മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലിമീങ്ങളും. ഇവരൊക്കെ എങ്ങനെയാണ് പൗരത്വ പട്ടികയുടെ  പടിക്കു പുറത്തായത്?

 അവതരണാരംഭം മുതൽക്കേ വ്യത്യസ്ത മാനുഷിക സംഘടനകളും ഒരുപറ്റം സാമൂഹിക ബോധമുള്ളവരും സി.എ.എ ക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. അവരുടെ വാദങ്ങൾ പരമോന്നത കോടതി കേൾക്കാനിരിക്കുകയാണ്. അനുകൂലമായ വിധി ഉണ്ടായേക്കാം. ബിജെപിയുടെ വിഭജന രാഷ്ട്രീയ നീക്കങ്ങളുടെ തുടർച്ച തന്നെയാണ് സി.എ.എ. മർദ്ദിത വിഭാഗത്തെ ചേർത്ത് നിർത്താൻ പ്രായോഗികമായ ഒട്ടേറെ പരിഹാരങ്ങളും നിയമങ്ങളും  നിലനിൽക്കെയാണ്  മനുഷ്യപ്പറ്റില്ലാത്ത നീക്കങ്ങൾക്ക്  ബിജെപി മുതിരുന്നത്.

ഇന്ത്യയിലെ മുസ്ലിംകളെ കഷ്ടതയുടെ നിലയില്ലാ കയങ്ങളിലേക്ക് തള്ളിയിടാനുള്ള  മറ്റൊരു ചാട്ടുളിയാണിത്. ഹൈറ്റ് ക്യാമ്പയിനുകളാലും വിദ്വേഷ പ്രസംഗങ്ങളാലും മുസ്ലിങ്ങൾക്ക് തലയുയർത്തി നടക്കാൻ പറ്റാത്ത അവസരത്തിലാണിതെന്നു കൂടി ഓർക്കണം. തെരഞ്ഞെടുപ്പിൽ അധികനേട്ടമുണ്ടാക്കാനായി  പ്രകോപനപരമായ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയവുമായി സമീപ നാളുകളിൽ  ബി.ജെ.പി എരി പൊരി കൊള്ളുകയായിരുന്നു. ഈയൊരു ഘട്ടത്തിൽ സി.എ.എ വരുത്തിവെക്കാനിടയുള്ള വിന ഊഹിക്കാവുന്നതേയുള്ളൂ.

ബംഗാൾ മുഖ്യമന്ത്രി മമതാ  ബാനർജിയും  കേരളാ മുഖ്യമന്ത്രി പിണറായി വിജയനും യാതൊരു വിധ ഭീഷണികൾക്കും വഴങ്ങാതെ ഈ ഉന്മൂലന നയത്തിനെതിരെ  നിലകൊള്ളുന്നത് ശുഭോദർക്കമാണ്. വരും നാളുകളിൽ  ബിജെപിയുടെ നിഷ്കാസിത നടപടികൾക്കെതിരെ പൊതുജനം തെരുവിലിറങ്ങുമെന്ന് പ്രതീക്ഷിക്കാം. പരമോന്നത കോടതിയിൽ നിന്നുള്ള അനുകൂല വിധിയിലേ നമുക്ക് സമാധാനപൂർണ്ണമായ ഇടപെടൽ പ്രദർശിക്കാനാവൂ.

 

മൊഴിമാറ്റം: സുഹൈൽ കോടിയമ്മൽ

Courtesy: thewire.in

Questions / Comments:No comments yet.