ഗോവധ നിരോധനമെന്നത്ത് ബി ജെ പി സര്‍ക്കാരിന്റെ സാംസ്‌കാരിക ഫാസിസമാണ്. ബ്രസീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. മൃഗസ്നേഹത്തിന്റെ പേരിൽ മാനുഷിക മൂല്യങ്ങൾ ഹനിക്കുമ്പോഴും മറുഭാഗത്ത് കൊഴുക്കുന്ന ബിസിനസ് കപടഭക്തിയുടെ അടയാളമാണ്. |
രണ്ടു ഉത്തരങ്ങളെ സാധൂകരിക്കാം. ചോദ്യം ഇതാണ് 'മൃഗസ്നേഹം ഒരു തെറ്റാണോ'? "അല്ല" എന്ന് ഒരാലോചനയോടെയും "അതെ"എന്ന് ഒരു പര്യാലോചനയോടെയും പറയാം. ഒരാലോചനയോടു കൂടെ എന്നു പറഞ്ഞത് മൃഗസ്നേഹം സ്വാഭാവികമായും മനുഷ്യരിൽ നിന്നുണ്ടാകുന്ന സ്നേഹം, കരുണ, അനുകമ്പ, ബന്ധം എന്നിവ ഉൾക്കൊള്ളുന്ന ഒരു സങ്കീർണ്ണമായ വികാരമായതുകൊണ്ടാണ്. ആ സ്നേഹം ക്രൂരമാവില്ല. എന്നാൽ ഒരാലോചനയും കൂടാതെ എന്നു പറഞ്ഞത് ഇന്ത്യയുടെ തെറ്റായ ചില സാമൂഹിക ബോധങ്ങളെ അടിസ്ഥാനമാക്കിയാണ്. പശുവാണ് പ്രതിപാധ്യം. പശു സ്നേഹത്തിന്റെ പേരിൽ മനുഷ്യന്റെ ജീവനെടുക്കുമ്പോഴാണ് നാം പറഞ്ഞ സ്നേഹം ക്രൂരവും അടിസ്ഥാനരഹിതവുമാകുന്നത്. നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം ആസൂത്രിതമായി എത്ര ആക്രമണങ്ങളാണ് ബീഫിന്റെ പേരിൽ രാജ്യത്ത് ഉണ്ടായത്? അനേകം പേരെ ഗോരക്ഷ ഗുണ്ടകൾ തല്ലിക്കൊന്നു. ദാദ്രിയിൽ മുഹമ്മദ് അഖ്ലാക്കിൽ തുടങ്ങിയ കുരുതി ജുനൈദിലൂടെ ഒരു തുടർക്കഥയായപ്പോൾ അത് പതിവ് വാർത്തയായി, നമ്മൾ ഞെട്ടാതെയായി, മുസ്ലീങ്ങളെ മാത്രമല്ല ദളിതരെയും പശുവിന്റെ പേരിൽ വളഞ്ഞിട്ടു ആക്രമിച്ചു. കുട്ടികൾ മുതൽ വയോവൃദ്ധർ വരെ ആക്രമണത്തിനിരയായി. കഴിഞ്ഞ ജൂൺ ഏഴാം തീയതി ഗോരക്ഷാ ഗുണ്ടകൾ ഛത്തീസ്ഗഡിൽ അഴിഞ്ഞാടിയത് നാം കണ്ടതാണ്. തങ്ങളുടെ പശു രാഷ്ട്രീയ വീണ്ടും ആളിക്കത്തിച്ചെടുക്കാനുള്ള ആർഎസ്എസിന്റെ ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായിട്ട് വേണം ഇതിനെ കാണാൻ. പശുവിനെ കടത്തിയെന്നാരോപിച്ച് ഛത്തീസ്ഗഡിൽ മൂന്ന് പേരെയാണ് അടിച്ചുകൊന്നത്. ദേഹമാസകലം മുറിവുകളുള്ള അവസ്ഥയിലാണ് പിന്നീട് മൃതദേഹങ്ങൾ കണ്ടെത്തിയത്. റഫ്രിജറേറ്ററിൽ ഇറച്ചി കണ്ടെത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശിൽ 11 വീടുകൾ ഇടിച്ചു നിരത്തി. ഹിമാചൽ പ്രദേശിലെ നഹാനിൽ പശുവിനെ ബലി നൽകിയെന്ന് ആരോപിച്ച് മുസ്ലിം വ്യാപാരിയുടെ കട കൊള്ളയടിച്ച് തകർക്കുക കൂടി ചെയ്തു ഗോരക്ഷ ഗുണ്ടകൾ. തീർന്നില്ല, ഡൽഹിയിലെ ഒരു ആരാധനാലയത്തിന് സമീപത്തുനിന്ന് പശുവിന്റെ ജഡം കിട്ടിയെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകൾ പ്രകോപനപരമായി ഇടപെടുകയും തുടർന്ന് നൂറുകണക്കിന് മുസ്ലീങ്ങൾ പലയിടങ്ങളിലേക്കും പലായനം ചെയ്യുകയും ചെയ്തു. ഇത് യഥാർത്ഥ ഒരു പശു സ്നേഹത്തിൽ നിന്ന് വരുന്നതല്ല. മറിച്ച് ഒരു രാഷ്ട്രീയ ആയുധം ആയിട്ടാണ് സംഘപരിവാരം ഇതിനെ കാണുന്നത്. ഗോവധ നിരോധനം , ഗോസംരക്ഷണം നമ്മുടെ ഭരണഘടനയിൽ പറയുന്നത് തന്നെയാണ് (1960 ലെ മൃഗങ്ങൾക്കു നേരെയുള്ള ക്രൂരതകൾ തടയൽ നിയമം). എന്നാൽ അത് പശു മാതാവ് ആണെന്നോ ദൈവമാണെന്നോ കണ്ടു കൊണ്ടല്ല. മറിച്ച്, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഗ്രാമീണ സമ്പദ് വ്യവസ്ഥയാണ്. ഗ്രാമീണ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നത് കൃഷിയിലാണ്. കന്നുകാലികളാണ് അതിനു പ്രധാന ഉപാധി. അത് അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്. എന്തിനേറെ ആർഎസ്എസ് രണ്ടാം സാർ സംഘ ചാലക് ആയിരുന്ന ഗോൾവാൾക്കർ പശുവിനെ മതചിഹ്നമായി കാണുന്നത് ഭരണഘടന ഉണ്ടാക്കി രണ്ട് പതിറ്റാണ്ട് കഴിഞ്ഞാണ്. അദ്ദേഹത്തിന്റെ പശു രാഷ്ട്രീയ മനോഭാവത്തെക്കുറിച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ അദ്ദേഹത്തിന്റെ 'ഇന്ത്യ ആഫ്റ്റർ ദി ഗാന്ധി' എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത് ഇങ്ങനെ " നമ്മുടെ ഭക്തിക്കും ആരാധനയ്ക്കും ഏകപാത്രം. നമ്മുടെ ദേശീയാഭിമാനത്തിന്റെ ചിഹ്നത്തിന് നേരെയുള്ള ഏത് കടന്നാക്രമണത്തെയും ഉടനെ അവസാനിപ്പിക്കണം. അങ്ങനെ മാതൃഭൂമിയോടുള്ള ഭക്തി വളർത്തണം. ഇതിന് സ്വരാജ് സംബന്ധമായ ദേശീയ പുനരുദ്ധാരണത്തിനുള്ള നമ്മുടെ പരിപാടിയിൽ ഗോവധത്തിന് ഏറ്റവും ഉന്നതമായ പരിഗണന നൽകണം." ഈ വാക്കുകളായിരുന്നു ഗോരക്ഷകരുടെ പ്രധാനായുധം. ആ ലക്ഷ്യത്തിലേക്ക് അടുക്കാൻ മാനുഷിക മൂല്യത്തിന് പശുവോളം വലിപ്പം ഇല്ല എന്നവർ മനസ്സിലാക്കി. ഗാന്ധിജി ഗോവധത്തിനെതിരായിരുന്നു എന്ന് വിടുവായുത്തം പറയുന്ന സംഘപരിവാരം 1947 ജൂലൈ 25ന് പ്രാർത്ഥനാ യോഗത്തിൽ അദ്ദേഹം പറഞ്ഞ "എങ്ങനെയാണ് എന്റെ മതം മറ്റ് ഇന്ത്യക്കാരുടെ മതമായി മാറുക? " എന്ന ചോദ്യം മനപ്പൂർവ്വം മറന്നതാണ്, മറച്ചു വെച്ചതാണ്. വാലന്റൈൻസ് ദിവസത്തിൽ പശുക്കളെ ആലിംഗനം ചെയ്യണമെന്ന ആഹ്വാനം, ഉള്ളിൽ വർഗീയത നിറഞ്ഞുതുളുമ്പുന്ന സംഘപരിവാരത്തിന്റെ പശുസ്നേഹം എന്ന മുഖംമൂടിയാണ്. കാരണം യഥാർത്ഥത്തിൽ പശുക്കൾ പരിഗണിക്കപ്പെടുന്നില്ല. യുപിയിൽ തന്നെ റോഡുകളിൽ തള്ളപ്പെടുന്ന, വണ്ടി കയറി ചാവുന്ന, ഗോശാലകളിൽ പട്ടിണികിടന്ന് മരണത്തോട് മല്ലടിക്കുന്ന പശുക്കളിൽ നിന്ന് നാം അതാണ് മനസ്സിലാക്കേണ്ടത്. കൂടാതെ ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇപ്പോഴും നമ്മുടേത് തന്നെ. 'Agriculture and processed food products export Development Authority' യുടെ കണക്കുകൾ സൂചിപ്പിക്കുന്നത് മോദി ഭരണത്തിൽ ഇന്ത്യയിൽ നിന്നുള്ള ബീഫ് കയറ്റുമതിയിൽ വലിയ വർദ്ധനവ് ഉണ്ടായി എന്നതാണ്. മോദി ആദ്യമായി അധികാരത്തിൽ വന്ന 2014ൽ 14, 75, 540 മെട്രിക് ടൺ ബീഫ് ആണ് കയറ്റി അയച്ചത്. 2013 -14 കാലത്ത് ഇത് 13,65, 643 മെട്രിക് മാത്രമായിരുന്നു. 2016 -17ൽ 13, 30, 013 മെട്രിക് കയറ്റുമതിചെയ്ത് മുൻവർഷത്തേക്കാൾ 1.2% വർദ്ധന രേഖപ്പെടുത്തി. തൊട്ടടുത്ത വർഷം 1.3%വർദ്ധനയിൽ 13, 48, 225 മെട്രിക് ബീഫ് കയറ്റുമതി ചെയ്തു. എന്നിട്ടും സംഘപരിവാരം അഭിപ്രായപ്പെടുന്നത് ഞങ്ങൾ ഗോവധത്തിനെതിരാണ് എന്നാണ്. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് പ്രശ്നം ഗോ സ്നേഹത്തിന്റെതല്ല, മുസ്ലിം -ദളിത് വിരോധത്തിന്റെതാണെന്നാണ്. കൂടാതെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം കൂടിയാണിത്. ചുരുക്കത്തിൽ, ഇന്ത്യയിൽ ഒരു വിഭാഗം ആളുകളുടെ മതപരമോ വൈകാരികമോ ആയ ആഭിമുഖ്യത്തെ രാഷ്ട്രീയമായി മുതലെടുത്ത് യഥാർത്ഥത്തിൽ പശുക്കളെ അവഗണിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കാലാവസ്ഥയാണിത്. പശു സമ്പദ് വ്യവസ്ഥയിലെ നട്ടെല്ലാണ് എന്ന ഭരണഘടനയിലെ ആഹ്വാനം കണ്ടല്ല സംഘപരിവാർ ഇതൊക്കെ പറയുന്നത്. പകരം ഇന്ത്യ പോലൊരു വൈവിധ്യമുള്ള രാജ്യത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ്.(ആ നിലയിൽ മൃഗസ്നേഹം ഒരു തെറ്റാകുന്നു)
13 August, 2024 08:26 am
6 August, 2024 08:25 pm