സ്വതന്ത്ര്യ ഇന്ത്യ കേട്ടു പരിചയിച്ചിട്ടില്ലാത്ത വിദ്വേഷ പരാമർശങ്ങളാണ് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയിൽ നിന്നും ഈ ഇലക്ഷൻ കാലത്ത് പുറത്ത് വന്നത്. അടവുകളെല്ലാം അടിപതറുകയാണെന്ന പരാജയഭീതി പിടികൂടിയപ്പോഴേ ഉഗ്രവർഗീയവിഷം വമിക്കുന്നതായി മോദി-അമിത് ഷാ ദ്വയങ്ങളുടെ പൊതുസദസ്സുകൾ. ഇപ്പോഴും ആ പേടി ചുറ്റുവട്ടങ്ങളിലുണ്ട്, അവർ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. |
ജനാധിപത്യ രാജ്യമായ ഇന്ത്യ ജൂൺ നാലിന് വേണ്ടി കാത്തിരിക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായിരിക്കുന്നു. ഇന്ത്യ വീണ്ടെടുപ്പിന്റെയും തിരുത്തലിന്റെയും വക്കിലാണ്. വിവേചന രഹിതമായി 543 അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടുന്ന 2024 ലോക്സഭ ഇലക്ഷനാണ് അതിന്റെ പ്രധാന കാതൽ. വിവിധ പാർട്ടികളും സംഘടനകളും ജനപ്രതിനിധികളാകുന്ന ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇതിനിടയിലാണ് ലോക്സഭാ ഇലക്ഷനിൽ 400 സീറ്റ് ലക്ഷ്യമാക്കി ഇറങ്ങിയ ബിജെപിയുടെ സീറ്റ് കഴിഞ്ഞ വർഷത്തേക്കാൾ കുറയുമെന്ന അവലോകന റിപ്പോർട്ടുകൾ വന്നത്. ഇതേത്തുടർന്ന് വർഗീയ ധ്രുവീകരണവും സാമുദായിക ചേരിതിരിവുകളും വോട്ടു ബാങ്കായി ലക്ഷ്യം കണ്ട് രംഗത്തിറങ്ങിയിരിക്കുകയാണ് മോദിയും പരിവാരവും. അതിന് അവർ തിരഞ്ഞെടുത്ത ആശയം നഷ്ടപ്പെട്ടവന്റെ അവസാന അസ്ത്രമായ വിദ്വേഷപ്രസംഗങ്ങളും.
ലോക്സഭാ തിരെഞ്ഞെടുപ്പിൽ തിരിച്ചടി മുന്നിൽ കണ്ടാണ് മോദിയുടെ വിദ്വേഷ പരാമർശങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീന്റെ ചട്ടങ്ങളും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളും മാനിക്കാതെയാണ് മോദിയുടെ വിദ്വേഷപ്രസംഗങ്ങൾ. ആദ്യഘട്ട തിരെഞ്ഞെടുപ്പ് നടന്നപ്പോൾ യുപി യിൽ നിന്ന് ബിജെപിക്ക് കിട്ടിയ പ്രതികരണം പത്രമാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്. 2019 ൽ 70% വോട്ടുള്ളിടത്ത് 2024 ആയപ്പോൾ 64% ആയി കുറഞ്ഞിരിക്കുന്നു. വിജയത്തിലുള്ള അമിത വിശ്വാസമാണ് യുപിയിൽ സമ്മതിദായകരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കുന്നതിൽ അലംഭാവം കാണിക്കാൻ കാരണമെന്ന് നമുക്ക് വിലയിരുത്താം. ഇത് ബിജെപിയെ സംബന്ധിച്ചെടുത്തോളം ഭയക്കേണ്ടുന്ന കാര്യമാണ്. 2004 ലെ അതേ അവസ്ഥ ആവർത്തിക്കുമോ എന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. അന്ന് ‘SHINING INDIA’ എന്ന മുദ്രാവാക്യത്തിൽ വാജ്‌പേയ് അധികാരത്തിൽ വരുമെന്ന അമിത വിശ്വാസം അവരെ സ്വയം അലസന്മാരാക്കിയിരുന്നു. അതിന്റെ ഫലമായി 103,408,949 വോട്ടോടെ സോണിയാഗാന്ധി വിജയിച്ചത് ബിജെപി യെ സംബന്ധിച്ച് കയ്‌പേറിയ അനുഭവമായിരുന്നു. അത് 2024 ലും ഭയക്കുന്നു.
എന്ത് കൊണ്ട് പത്ത് വർഷം ഭരിച്ച ഒരു ഭരണാധികാരിക്ക് തൻ്റെ വികസനങ്ങൾ മുൻ നിർത്തി സംസാരിക്കാൻ കഴിയുന്നില്ല ? വോട്ട് രാഷ്ട്രീയത്തിൽ എന്ത് കൊണ്ട്
മോദി ബ്രാൻഡ് വിറ്റഴിയുന്നില്ല ? അതിനുത്തരം ചെന്നെത്തുന്നത് മോദി വ്യക്തമായി റിജെക്ട് ചെയ്യപ്പെടുന്നു എന്നതിലേക്കാണ്. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് അവസാന അസ്ത്രം എന്ന് നാം വിശേഷിപ്പിച്ച വിദ്വേഷപ്രസംഗങ്ങൾ മോദി പുറത്തെടുക്കാൻ ഒരുങ്ങിയത്. ഒന്നാം ഘട്ട തിരെഞ്ഞെടുപ്പിൽ കൃത്യമായ ധാരണ രൂപപ്പെടുത്തിയ മോദിയും കൂട്ടരും പിന്നീടുള്ള ഘട്ടങ്ങളിൽ ഒട്ടും വൈകിക്കാതെ തങ്ങളുടെ രാഷ്ട്രീയ ആയുധം പുറത്തെടുത്തു തുടങ്ങി. രാജസ്ഥാനിലെ ടോങ്കിൽ നടന്ന പ്രചരണ റാലിയിൽ നാം കണ്ടത് അതായിരുന്നു. "കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർക്കും നൽകും. രാജ്യത്തെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്ലിംകളാണെന്ന് മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. അവരുടെ പിൻഗാമികൾ സ്ത്രീകളുടെ സ്വർണത്തിന്റെ കണക്കെടുത്ത് മുസ്ലിം സ്ത്രീകൾക്ക് വിതരണം ചെയും. അധ്വാനിച്ച് നിങ്ങൾ ഉണ്ടാക്കിയത്‍ നുഴഞ്ഞ് കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർക്കും നൽകണമോ ? " ഇല്ലാ കഥകൾ കെട്ടിച്ചമച്ചായിരുന്നു മോദി രാജസ്ഥാൻ ജനങ്ങളിലേക്ക് വിഷം ചീറ്റിയറ്റത്. അവസാനം ഒരു ചോദ്യം കൂടിയായപ്പോൾ അത് ആ നാടിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കണം. എന്നാൽ അത് യാഥാർഥ്യ വിരുദ്ധമാണ്. 2006 ഡിസംബർ 9 ന് ദേശീയ വികസന കൗൺസിൽ യോഗത്തിൽ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന മൻമോഹൻ സിങ് നടത്തിയ പ്രസംഗം വളച്ചൊടിച്ച് തിരെഞ്ഞെടുപ്പ് രാഷ്ട്രീയ ആയുധമാക്കലായിരുന്നു മോദിയുടെ ലക്ഷ്യം. UPA സർക്കാരിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മൻമോഹൻ സിംങ്.
പട്ടിക ജാതിക്കാർക്കും പട്ടിക വർഗക്കാർക്കും ക്ഷേമപദ്ധതികൾ പുനരുജ്ജീവിപ്പിക്കുകയും വികസനങ്ങളുടെ ഗുണഫലങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തിന് തുല്യ പങ്കാളിത്തം ഉറപ്പാക്കാനായി നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നും, ഇവർക്കെല്ലാം വിഭവങ്ങളുടെ മേൽ പ്രാഥമിക അവകാശം ഉണ്ടാവണമെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഈ ഭാഗം സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റിയാണ് മോദിയും യോഗിയും വിദ്വേഷപ്രസംഗത്തിന് ഉപയോഗിച്ചത്. അതോടൊപ്പം കൂടുതൽ കുട്ടികൾ ഉണ്ടാക്കുന്നവർ എന്ന വാദവും മുസ്ലിം ജനസംഖ്യ പെരുപ്പത്തെക്കുറിച്ചുള്ള സാമ്പത്തിക ഉപദേശക കൗൺസിലിന്റെ റിപ്പോർട്ടും പൊള്ളയാണ്. 1950ൽ രാജ്യത്തെ ജനസംഖ്യയിൽ 84.68% ഉണ്ടായിരുന്ന ഹിന്ദു ജനസംഖ്യ 2015 ലെത്തിയപ്പോൾ 7.8% ഇടിഞ്ഞ് 78.6% ആയത്രേ. അതേ സമയം മുസ്ലിം ജനസംഖ്യ ഇക്കാലയളവിൽ 9.84% ൽ നിന്ന് 14.9% ആയി വർധിക്കുകയും ചെയ്തുവത്രേ. എന്നാൽ സെൻസസിലൂടെ മാത്രമാണ് ജനസംഖ്യയെ കുറിച്ചുളള ശരിയായ കണക്കുകൾ ലഭ്യമാകുന്നത്. 2011 ലെ സെൻസസിന് ശേഷം രാജ്യത്ത് സെൻസസ് നടന്നിട്ടില്ല. പിന്നെയെങ്ങനെ 2015 വരെയുള്ള കണക്കുകൾ സാമ്പത്തിക ഉപദേശ സമിതിക്ക് ലഭ്യമായി ?
കാലങ്ങളായി സംഘ്‌പരിവാർ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു നുണക്കഥയാണ് മുസ്ലിം ജനസംഖ്യ സ്ഫോടനം. എന്നാൽ ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളിലും പ്രത്യുൽപ്പാദന നിരക്ക് [ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് ] കുറയുകയാണെന്നും ഏറ്റവും കൂടുതൽ കുറവ് മുസ്ലിം മതവിഭാഗങ്ങളിലുമാണെന്ന് 2019-20 ലെ ദേശീയ കുടുംബാരോഗ്യ സർവേ ഫലം കാണിക്കുന്നത്. ഹിന്ദു സമുദായത്തിൽ 41% വും ക്രിസ്ത്യൻ സമുതായത്തിൽ 34.5%വുമാണ് കുറവെങ്കിൽ മുസ്ലിങ്ങളുടേത് 46.6% മാണ്. ഇതിനെ മൂടി വെച്ചത് മോദിയുടെ സാമ്പത്തിക ഉപദേശക കൗൺസിലാണെന്നറിയുമ്പോൾ, അതിന്റെ പിന്നിലുള്ള താല്പര്യത്തെക്കുറിച്ച് സാമാന്യബോധമുള്ള ആർക്കും മനസ്സിലാകും.
രാജസ്ഥാനിലെ വിദ്വേഷ പ്രസംഗത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ മോദിക്കെതിരെ പരാതികളുടെ
പ്രളയമായിരുന്നു. പ്രസംഗം നടത്തി 24 മണിക്കൂറിനുള്ളിൽ കോൺഗ്രസ്, സിപിഎം, പാർട്ടികൾക്ക് പുറമെ 20000+ പരാതികളാണ് നടപടി ആവശ്യപ്പെട്ടത്. ആയിരങ്ങൾ ഒപ്പു വെച്ച പരാതി ഇ-മെയിൽ വഴി വേറെയും. 'സംവിധാൻ ബചാവോ നാഗരിക് അഭിയാൻ' എന്ന സംഘടന അവതരിപ്പിച്ച പരാതിയിൽ 17400 ലധികം പേരാണ് ഒപ്പു വെച്ചത്. 2200 പേര് ഒപ്പു വെച്ച ഒരു പരാതിയിൽ പറയുന്നതിങ്ങനെ "മോദിയുടെ പ്രസംഗം ആപത്കരമാണ്. ഇന്ത്യയിലെ
മുസ്ലിംകൾക്കെതിരെയുള്ള നേരിട്ടുള്ള ആക്രമണമാണിത്. ഇത് ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യക്ക് കളങ്കം ചാർത്തും". എന്നാൽ ഇതൊന്നും കണ്ടതായി നടിക്കുക പോലും ചെയ്തില്ല തിരഞ്ഞെടുപ്പ് കമ്മീഷൻ.
ആദ്യ രണ്ടു ഘട്ടം പൂർത്തിയായപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പരിശോധിച്ച ബിജെപി സർക്കാരിന് മനസ്സിലായത് 4% മുതൽ 6% വരെ മൊത്തം 2019-ൽ ഉണ്ടായിരുന്നതിനേക്കാൾ വോട്ടിങ് കുറവാണ് എന്നാണ്. തങ്ങളുടെ രാഷ്ട്രീയ നിർമിതിയായ രാമക്ഷേത്രവും, തീവ്രഹിന്ദുത്വവും,CAA ,NRC യും ഫലം കാണുന്നില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോൾ വിദ്വേഷ പ്രസംഗങ്ങളുടെ തീവ്രത കൂട്ടിയത്. ഈ ഘട്ടത്തിൽ ഉൾപ്പെടുന്ന രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാർ, ബംഗാൾ തുടങ്ങിയ വലിയ ലോക്സഭാ സീറ്റുകൾ ഉള്ള സംസ്ഥാനങ്ങൾ BJP യെ അസ്വസ്ഥതയിലാക്കിയിരുന്നു. കാരണം കർണാടകയിൽ അവരുടെ സീറ്റും പ്രതീക്ഷയും രണ്ടും രണ്ടാവുകയും പ്രജ്വൽ രേവണ്ണയുടെ സാന്നിധ്യം വിലപ്പെടാതെ വരികയും ചെയ്‌തു. കഴിഞ്ഞ തവണ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് സൈനികരോടുള്ള വികാരത്തിൽ ബീഹാറിൽ നിന്നുണ്ടായിരുന്ന വോട്ട് ഈ വർഷം അഗ്നിവീറിന്റെ വരവോടെ സംശയത്തിലുമായി. അത് കൂടാതെ ജാതി സെൻസസ് പ്രധാന ആയുധമാക്കി ഇന്ത്യ സഖ്യം രംഗത്തിറങ്ങുക കൂടി ചെയ്തപ്പോൾ പഴയത് പോലെ വികാര തള്ളിച്ചയിൽ വോട്ട് ചെയ്യാൻ ആരും വരില്ല എന്ന് സർക്കാർ മനസ്സിലാക്കി. അത് കൊണ്ടാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തെടുത്ത് വളച്ചൊടിക്കുക എന്നതിലേക്കെത്തിയത്. അതാണ് "SC ST വിഭാഗങ്ങൾക്ക് സർക്കാർ കരാറുകൾ കൊടുക്കുന്നതിന് ഊന്നൽ നൽകുകയും പിന്നോക്കക്കാർക്കും ആനൂകൂല്യ ലഭ്യത ഉറപ്പാക്കുകയും ചെയ്യുക" എന്ന കോൺഗ്രസ് പ്രകടന പത്രികയെ ബി ജെ പി "സർക്കാർ ടെൻഡറുകൾ ക്ഷണിക്കുമ്പോൾ മുസ്ലിമുകൾക്ക് ക്വാട്ട നൽകും" എന്നാക്കി മാറ്റിയയതിലൂടെ നാം കണ്ടത്. ഇതെല്ലം കോൺഗ്രസിന്റെ പ്രകടന പത്രികയിലോ പ്രസംഗങ്ങളിലോ പറയാത്തതാണെന്നതിലുപരി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെയും ജനപ്രാധിനിത്യ നിയമത്തിൻ്റെയും പച്ചയായ ലംഘനമാണ്.
മറുവശത്ത് മോദിയുടെ മുസ്ലിം സ്നേഹവും
മുസ്ലിം അനുനയവും കാണാം. അത് കേവലം രാഷ്ട്രീയ പ്രേരിതമാണ്. കൂടുതൽ സരളമായി പറഞ്ഞാൽ അത് മറ്റെന്തോ താല്പര്യത്തിന് വേണ്ടിയാണ്. "റഷ്യ - ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് പുടിൻ്റെ മുഖത്ത് നോക്കി യുദ്ധം വേണ്ട എന്ന് പറയാൻ താൻ ധൈര്യം കാണിച്ചു" എന്ന് വിദണ്ഡത അടിച്ചുവിട്ട മോദി,"ഇസ്രയേൽ പ്രശ്നം ഒഴിവാക്കാൻ താൻ ഇടപെട്ടു,റമദാനിൽ യുദ്ധം നടക്കരുതെന്ന് ഞാൻ ആഗ്രഹിച്ചു" എന്ന് കൂടി പറഞ്ഞപ്പോൾ ഒരു ശരാശരി ഇന്ത്യക്കാരന് ചിരിയടക്കാൻ സാധിച്ചിട്ടുണ്ടാകില്ല. ഐക്യ രാഷ്ട്ര സഭയിൽ ഈ പ്രമേയത്തിൽ കൂടുതൽ പരിഗണന നൽകണം എന്ന് വന്നപ്പോൾ ആ വോട്ടിൽ നിന്ന് മാറി നിന്ന രാജ്യമാണ് ഇന്ത്യ എന്നതാണ് ആ ചിരിക്ക് ആവേശം കൂട്ടുന്നത്. അവിടം കൊണ്ടും തീർന്നില്ല, വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസിനെ പഴിച്ചപ്പോഴാണ് NEWS 18 റിപ്പോർട്ടർ റൂപിയ ലിക്കായത്തിനോട് എനിക്ക് മുസ്ലിം സഹോദരങ്ങളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് കണ്ണ് നനച്ചതും പെരുന്നാളിൽ തൻ്റെ വീട്ടിൽ ഭക്ഷണം പാകം ചെയ്യാറുണ്ട് എന്നും ഓർത്തെടുത്തത്. പക്ഷെ ഇതെല്ലം അസാധാരണമായ ഒന്നായാണ് അദ്ദേഹം കാണുന്നത്. ഈ സ്നേഹം ചെന്നായയുടേതാണ്.
രാഷ്ട്രീയമായ പലതിനെയും നാം ആ രൂപത്തിൽ തന്നെ വിലയിരുത്തേണ്ടതുണ്ട്. ചിലപ്പോൾ തിരെഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി ഫെറിയിൽ യാത്രചെയ്യുന്ന പൊള്ളയായ ജനനായകരെ നിങ്ങൾ കണ്ടേക്കാം. അതല്ലങ്കിൽ ഹിമാലയത്തിൽ തപസ്സിരിക്കുന്ന സീസൺ സന്യാസിമാരെ നിങ്ങൾ കണ്ടെന്ന് വരാം. അതെല്ലാം രാഷ്ട്രീയമാണെന്ന് മനസ്സിലാക്കണം. മുസ്ലിം അനുനയം സത്യത്തിൽ നിന്നുള്ള മുഖം മൂടിയാണെന്ന് കൂടി നാം തിരിച്ചറിയണം. ഈ സർക്കാരിന്റെ പ്രതിനിധികൾ ആദ്യമായല്ല വിഷം തുപ്പുന്നത്. പച്ചയായ വർഗ്ഗീയത ,വംശീയവിദ്വേഷം, അധിക്ഷേപങ്ങൾ ,ആക്രോശങ്ങൾ എല്ലാം ചേർന്ന ഒന്നാംതരം ഫാഷിസ്റ്റ് അടിവേരിൽ മുളച്ചു പൊങ്ങുന്ന പ്രസംഗളുടെ താൽപര്യം ഇക്കാലമത്രയും കേവലം കലാപങ്ങൾ മാത്രമല്ല ,വോട്ട് സുസ്ഥിരതകൂടിയാണ്. തിരെഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റിവെച്ച് പ്രവർത്തിക്കേണ്ടതായിരുന്നു. നിരാശയുടെ കാലത്ത് പ്രതീക്ഷയുടെ തിരിനാളമായാണ് ജാനാധിപത്യ വിശ്വാസികൾ കമ്മീഷനെ സമീപിക്കുന്നത്. അവരെ ഇരുട്ടിന്റെ കരിമ്പടം കൊണ്ട് മൂടി ,വർഗ്ഗീയതക്ക് കുടപിടിക്കുന്ന കാഴ്ചക്കാണ് നാം സാക്ഷിയായത്. മുഴുവൻ പാർട്ടികൾക്കും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലും ജനപ്രാധിനിത്യ നിയമത്തിലും തുല്യത ഉറപ്പ് വരുത്തുക കൂടി വേണ്ടിയിരുന്നു. പക്ഷെ അതൊന്നും ഈ തിരഞ്ഞെടുപ്പിൽ കണ്ടതേയില്ല. ഴാക് റാൻസിയയുടെ 'ജനാധിപത്യത്തോടുള്ള വിദ്വേഷം '[HATRED OF DEMOCRACY ]എന്നപുസ്തകത്തിൽ പറയുന്നതുപോലെ ജനാധികാരത്തെ പരിമിതപ്പെടുത്താനും ചെറുക്കാനും അടിച്ചമർത്താനുമുള്ളവരാവരുത് നമ്മുടെ ഭരണകൂടം. തിരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിൽ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളുടെ ബാക്കി പത്രം സാമൂഹിക ധ്രുവീകരണമായിരിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും അതിന്റെ പാടുകൾ മായ്ക്കൽ അസാധ്യവുമായിരിക്കും. ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യ എന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി ഈ ഇമേജിൽ തുടരുന്നത് ഗുണകരമാവില്ല. പുതിയ എക്സിറ്റ് പോളുകൾ എൻ ഡി എ സഖ്യത്തിന്റെ മൂന്നാം ഭരണം പ്രവചിക്കുമ്പോൾ ജനാധിപത്യ ഇന്ത്യയുടെ രാഷ്ട്രീയ ഭാവി എന്തായിരിക്കുമെന്ന് ഭീതിയോടെ കാണേണ്ടിയിരിക്കുന്നു.