ഹദീസ് ക്രോഡീകരണത്തിൻ്റെ ഏറ്റവും സമ്പന്നമായ കാലഘട്ടം ഹിജ്റ 200 മുതൽ 300 വരെയായിരുന്നു. പ്രശസ്‌ത ഹദീസ് ഗ്രന്ഥങ്ങളായ അസ്സിഹാഹുസ്സിത്ത വിരചിതമാകുന്നത് ഇക്കാലയളവിലാണ്. ഹിജ്റ 256ൽ വഫാതായ ഇമാം ബുഖാരി(റ)വിൻ്റെ പ്രശസ്‌ത രചനയായ അൽ 'ജാമിഉ സഹീഹ്' ആണ് ഇന്ന് ലഭ്യമായ ഏറ്റവും ആധികാരിക ഹദീസ് ഗ്രന്ഥം.
വായിക്കാം:
ഒന്നാം ഘട്ടം
നബി(സ) തങ്ങളുടെ വഫാത്ത് വരെ
വിജ്ഞാന സമ്പാദനത്തിനു വേണ്ടി മദീന പള്ളിയിൽ കഴിഞ്ഞിരുന്ന അഹ്‌ലുസ്സുഫ എന്നറിയപ്പെട്ട തിരുനബിയുടെ ശിഷ്യന്മാരാണ് അക്കാലത്തെ ഹദീസ് ക്രോഡീകരണത്തിനും അവയുടെ പ്രസരണത്തിനും നേതൃത്വം വഹിച്ചത്. ശത്രുക്കളുടെ ശല്യം രൂക്ഷമായതിനാൽ സ്വഹാബത്തിൽ നിന്ന് വലിയൊരു വിഭാഗം മദീനയുടെ അതിർത്തി സംരക്ഷണത്തിനും മറ്റു സുരക്ഷാ കാര്യങ്ങൾക്കും വേണ്ടി നിയ മിക്കപ്പെട്ടവരായിരുന്നു. മാത്രമല്ല പലരും കച്ചവടവും തൊഴിലും മറ്റുമായി തങ്ങളുടെ ജീവിതോപാധികളിൽ വ്യാപൃതരായിരുന്നു. അതുകൊണ്ട് സദാസമയവും നബി(സ) തങ്ങളുടെ സവിധത്തിൽ കഴിയാൻ ഭാഗ്യം ലഭിച്ചത് അഹ്‌ലുസ്സുഫ എന്നറിയപ്പെട്ട പഠിതാക്കൾക്ക് മാത്രമായിരുന്നു. ഇവരിൽ പ്രധാനിയായിരുന്നു അബൂഹുറൈറ(റ). സ്വന്തമായി ഉപജീവനമാർഗം പോലുമില്ലാതെ പട്ടിണി കിടന്നാണ് അബൂഹുറൈറ(റ) തിരുസവിധത്തിൽ കഴിഞ്ഞുകൂടിയത്. അറിവായിരുന്നു മഹാനവർകളുടെ അന്നമെന്ന് സാരം.
ത്വൽഹത് ബിൻ ഉബൈദില്ല(റ) പറയുന്നു. ഞങ്ങൾക്കറിയാത്ത പല ഹദീസുകളും അബുഹുറൈറക്കറിയുമെന്നതിൽ സംശയമില്ല. കാരണം അദ്ദേഹം മിക്കപ്പോഴും നബി തങ്ങളുടെ കൂടെയായിരുന്നു. സ്വഹാബിമാരിൽ ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്തത് അബൂഹുറൈറ(റ) ആണ്. അവർക്ക് 800ഓളം ശിഷ്യന്മാർ ഉണ്ടായിരുന്നു. ഒരിക്കൽ അബൂഹുറൈറ(റ)വിൻ്റെ അടുത്ത് ഹസനുബ്‌നു അംറ് ഒരു ഹദീസ് പറഞ്ഞപ്പോൾ അബൂഹുറൈറ(റ)ന് അതിൽ സംശയം തോന്നി. ആ ഹദീസ് താങ്കളിൽ നിന്ന് പഠിച്ചതാണെന്ന് പറഞ്ഞപ്പോൾ മഹാൻ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഹദീസുകൾ രേഖപ്പെടുത്തിയ ഒട്ടനവധി ഏടുകൾ ഹസൻ(റ)ന് കാണിച്ചുകൊടുക്കുകയും ചെയ്‌തു. ഫത്ഹുൽ ബാരിയിലും ജാമിഉ ബയാനിൽ ഇൽമിലും ഈ സംഭവം വിവരിക്കുന്നുണ്ട്.
അബൂഹുറൈറ(റ) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്തതത് ആഇശ ബീവി(റ) ആണ്. മഹതിയെ ഒമ്പതാം വയസ്സിൽ തന്നെ നബി(സ) വിവാഹം ചെയ്തത് ഹദീസുകളും ദീനീ വിജ്ഞാനങ്ങളും ഭാവി തലമുറക്ക് കൈമാറാൻ വേണ്ടി കൂടിയായിരുന്നു. അതീവ ബുദ്ധിമതിയായിരുന്നു ആഇശ(റ). അവരിലൂടെയാണ് സ്ത്രീകളും കുടുംബവുമായി ബന്ധപ്പെട്ട നിരവധി അറിവുകളും നിയമങ്ങളും തിരുനബി(സ)യിൽ നിന്ന് ലഭിച്ചത്. സ്ത്രീകളുമായി ബന്ധപ്പെട്ട മസ്അലകൾ വിശദീകരിക്കുന്ന ഒരുപാട് ഹദീസുകൾ മഹതിയിൽ നിന്ന് മറ്റ് സ്വഹാബി വനിതകൾ ചോദിച്ചറിഞ്ഞതിന് നിരവധി സംഭവങ്ങൾ കാണാം. സ്വഹാബികളിൽ നിന്ന് സമുറത് ബിൻ ജുൻദുബ്(റ), സഅദ് ബിൻ മുആദ്(റ) തുടങ്ങിയവരും വലിയ ഗ്രന്ഥങ്ങളിൽ ഹദീസ് രേഖപ്പെടുത്തിയിരുന്നതായി കാണാം. അബ്ദുല്ലാഹിബ്നു അംറുബിൻ ആസ്(റ)ൻ്റെ ഹദീസ് ശേഖരത്തിൽ പതിനായിരത്തിലേറെ ഹദീസുകൾ ഉണ്ടായിരുന്നു.
ഇങ്ങനെ സ്വഹാബികൾ രേഖപ്പെടുത്തിയ ഹദീസുകൾക്ക് പുറമേ വിവിധ നാടുകളിലേക്കും ഗോത്രങ്ങളിലേക്കും മതവിധികൾ പഠിപ്പിച്ചു കൊടുക്കാൻ വേണ്ടി തിരുനബി(സ) അയച്ച കത്തുകളിലൂടെയും ഹദീസുകൾ പ്രചരിക്കുന്നുണ്ട്. യമൻ, ബഹ്റൈൻ, യമാമ, ഹളർമൗത്ത് എന്നിവിടങ്ങളിലേക്കെല്ലാം ഹദീസുകൾ എത്തുന്നത് ഇങ്ങനെയാണ്. രാജാക്കന്മാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് അയച്ച കത്തുകളിലൂടെയും ഹദീസുകൾ പ്രചരിക്കുന്നുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ, നജാശി രാജാവിനയച്ച കത്തും സുറാഖത് ബിൻ മാലികിന് കൊടുത്ത അഭയപത്രവും ഇതിൽ വിശ്രുതമാണ്. ഇസ്‌ലാം വികസിച്ചതനുസരിച്ച് കത്തുകളുടെയും കരാറുകളു ടെയും എണ്ണവും വർധിച്ചു. ഇത്തരത്തിൽ രാജാക്കന്മാർക്കും ഗവർണർമാർക്കുമയച്ച 400ഓളം എഴുത്തുകളുടെ രേഖകൾ ഇന്ന് ലഭ്യമാണ്.
ഹദീസുകളുടെ സംരക്ഷണവും സൂക്ഷിപ്പും പ്രോത്സാഹിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഹദീസുകളിൽ കാണാം. മുആദ്ബ്നു ജബൽ(റ)വിനെ യമനിലേക്ക് ഗവർണറായി അയക്കുമ്പോൾ ജനങ്ങൾക്കിടയിൽ നിങ്ങൾ എങ്ങനെ വിധി തീർപ്പാക്കും എന്ന ചോദ്യത്തിന് മറുപടിയായി, ഞാൻ വിശുദ്ധ ഖുർആനിനെ ഉപയോഗിച്ച് മതവിധികൾ നിർദ്ധാരണം ചെയ്യും. അതല്ലെങ്കിൽ തിരുഹദീസുകൾ കൊണ്ട് ഞാൻ വിധികൾ തീർപ്പാക്കും എന്ന് മുആദ്(റ) പറഞ്ഞത് കാണാം. ഇവിടെ ഹദീസുകൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അവ പിൽക്കാലത്തുള്ളവർക്ക് മതവിധികൾ കണ്ടെത്താനുള്ള മാർഗമാണെന്നും പഠിപ്പിക്കുന്നുണ്ട്. മദീനയിലെ ആദ്യ നാളുകളിൽ റബീഅ് ഗോത്രത്തിൽ നിന്നും ഒരു നിവേദക സംഘം നബി(സ) തങ്ങളെ സമീപിച്ചപ്പോൾ അവിടുന്ന് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്. ഇക്കാര്യങ്ങൾ നിങ്ങൾ ഓർമിക്കുകയും നാട്ടിലുള്ളവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യുക.
മത വിധികൾക്ക് ഹദീസുകളെ ആശ്രയിക്കേണ്ടി വന്നതും ഹദീസ് ശേഖരണം ആരംഭിച്ചതും നബി(സ) തങ്ങളുടെ വിയോഗത്തിന് ശേഷമാണെന്നു ആരോപിക്കാൻ പഴുതില്ലെന്ന് ഇതുവരെ സൂചിപ്പിച്ച നിരവധി സംഭവങ്ങളിൽ നിന്ന് വ്യക്തമാകും. വാസ്തവത്തിൽ ഹദീസ് സംരക്ഷണം എന്ന ആശയം മുസ്‌ലിം ലോകത്ത് വൈകി ഉദിച്ച ഒന്നല്ലെന്നും സ്വഹാബികൾ ആദ്യകാലം മുതൽക്കേ ഹദീസുകൾ ഹൃദിസ്ഥമാക്കാനും അവ സംരക്ഷിക്കുവാനും ശ്രമിച്ചിരുന്നു എന്നും വ്യക്തമാണ്. അതെല്ലാം വ്യത്യസ്ത വ്യക്തികളിലായി പരന്നു കിടക്കുകയായിരുന്നു. ഇങ്ങനെ മനഃപാഠമായും വ്യക്തികളുടെ കൈവശമുള്ള എഴുത്തുകളായും ലഭ്യമായ ഹദീസുകളുടെ ആധികാരികത ഉറപ്പു വരുത്തിയും തികച്ചും വിശ്വസ്‌തമായ സ്രോതസ്സുകളിലൂടെയാണ് അവഅടുത്ത തലമുറകളിലേക്കെത്തിയതെന്ന് രേഖപ്പെടുത്തിയും ഹദീസുകളെ പരമാവധി ക്രോഡീകരിച്ച് സംരക്ഷിക്കാനുള്ള ശ്രമമാണ് പിന്നീടുള്ള ഘട്ടത്തിൽ ഉണ്ടായത്.
രണ്ടാം ഘട്ടം ഹിജ്റ 11 മുതൽ ഹിജ്റ 100 വരെ
അലിയ്യുബ്നു അബീത്വാലിബ് (റ), ഇബ്നു അബ്ബാസ്(റ) പോലെയുള്ള സ്വഹാബികളും ഇബ്‌നു ശിഹാബ് അസ്സുഹ്‌രി(റ) ഉൾപ്പടെയുള്ള താബിഉകളും അടങ്ങുന്ന വലിയ വിഭാഗം പണ്ഡിതർ ഹദീസുകൾ ക്രോഡീകരിക്കുകയും തങ്ങൾ ശേഖരിച്ച ഹദീസുകൾ ലിഖിത രൂപത്തിലാക്കാൻ തീരുമാനിക്കുകയും ചെയ്യുന്നതു കാണാം. സ്വഹാബിമാർ അവരുടെ ജീവിതകാലത്തു തന്നെ ശിഷ്യന്മാരിലേക്ക് എഴുതി നൽകുകയോ അവരുടെ സമാഹാരത്തിൽ നിന്ന് ശിഷ്യന്മാർ പകർത്തുകയോ ചെയ്‌തു. ഇതാണ് ഹദീസ് ക്രോഡീകരണത്തിൻ്റെ രണ്ടാം ഘട്ടമായി അറിയപ്പെടുന്നത്.
നേരത്തെ സൂചിപ്പിച്ചതുപോലെ അബൂഹുറൈറ(റ) ആയിരുന്നു ഏറ്റവും കൂടുതൽ ഹദീസുകൾ ശേഖരിച്ചിരുന്നത്. അവർക്ക് 800ഓളം ശിഷ്യന്മാരും ഉണ്ടായിരുന്നു. ശിഷ്യന്മാർ വഴി പിൽക്കാലക്കാരിലേക്ക് ഹദീസുകൾ പ്രസരണം ചെയ്യപ്പെട്ടു. മാത്രമല്ല, സ്വഹാബികൾ ഹദീസ് പ്രസരണത്തിനു വേണ്ടി നിരന്തരം യാത്രകൾ ചെയ്‌ത സംഭവങ്ങളും കാണാം. ഒരൊറ്റ ഹദീസിന് വേണ്ടി ഒരു മാസത്തോളം സഞ്ചരിച്ച് മദീനയിൽ നിന്ന് സിറിയയിലേക്ക് പോയ സംഭവം ജാബിറുബ്‌നു അബ്ദുല്ലാഹി(റ)വിന്റെതായി ഫത്ഹുൽ ബാരി അടക്കമുള്ള ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതായി കാണാം.
ഹദീസ് ക്രോഡീകരണത്തിൽ ഏറ്റവും നിർണായകമായ ചുവടുവെപ്പ് നടക്കുന്നത് ഉമവിയ്യ ഖലീഫയായിരുന്ന ഉമർ ഇബ്നു അബ്ദുൽ അസീസ്(റ)വിന്റെ കാലത്താണ്. ഇമാം മുഹമ്മദുബ്നു ഹസനി ശൈബാനി(റ) രേഖപ്പെടുത്തുന്നു: ഉമറുബ്നു അബ്ദിൽ അസീസ്(റ) വലിയ ഹദീസ് പണ്ഡിതനായിരുന്ന അബൂബക്റുബ്‌നു അംറുബ്‌നു ഹസ്‌മ്(റ) എന്നിവരിലേക്ക് കത്തെഴുതി. നിങ്ങളുടെ അടുത്തുള്ള മുഴുവൻ ഹദീസുകളും ക്രോഡീകരിച്ചു രേഖപ്പെടുത്തണം. കാരണം പണ്ഡിതന്മാരും അവരുടെ വിജ്ഞാനങ്ങളും ഇനിയുള്ള കാലത്തേക്ക് ലഭിക്കാതെ പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഇങ്ങനെ അബൂബക്കർ ഇബ്നു അംറ് ഇബ്‌നു ഹസ്‌മ(റ) ഖലീഫയുടെ അറിയിപ്പ് ലഭിച്ച ഉടനെ ക്രോഡീകരിക്കാൻ തുടങ്ങി. പക്ഷേ, മഹാനവർകൾക്ക് കൂടുതൽ കാലം ജീവിക്കാൻ കഴിഞ്ഞില്ല. പിൽക്കാലക്കാരനായ ഇബ്‌നു ശിഹാബ് അസ്സുഹ്‌രി(റ)വാണ് ഹദീസ് ക്രോഡീകരണത്തിലും ശേഖരണത്തിലും ഏറ്റവും വലിയ പങ്കുവഹിച്ചത്. വാസ്‌തവത്തിൽ ഹദീസുകൾ ശേഖരിക്കാൻ വേണ്ടി ഉമറുബ്നു അബ്ദുൽ അസീസ്(റ) അബൂബക്റുബ്നു അംറുബ്‌നു ഹസ്‌മ്(റ)നെ മാത്രമല്ല ചുമതലപ്പെടുത്തിയത്. ഇക്കാര്യം ഉണർത്തി വിവിധ ദിക്കുകളിലേക്ക് അമീർ എന്ന നിലക്ക് മഹാനവർകൾ സന്ദേശം അയച്ചിരുന്നു. ഇക്കാര്യം താരിഖു ഇസ്ബഹാൻ എന്ന ഗ്രന്ഥത്തിൽ അബൂ നുഐം എന്നിവർ ഉദ്ധരിക്കുന്നത് കാണാം.
كتب عمر بن عبد العزيز إلى الأفاق: انظروا حدیث رسول الله (ص) فاجمعوا
മൂന്നാം ഘട്ടം
സ്വഹാബികളുടെ ശിഷ്യന്മാരും അവരുടെ ശിഷ്യന്മാരുമാണ് ഇക്കാലഘട്ടത്തിലെ ഹദീസ് ക്രോഡീകരണത്തിന് മുഖ്യപങ്ക് വഹിച്ചത്. ഹി.179ൽ വഫാതായ അബു അബ്ദില്ല മാലിക്ബ്നു അനസ്(റ)ൻ്റെ വിശ്രുതമായ മുവത്ത്വയാണ് ആദ്യത്തെ ഹദീസ് ഗ്രന്ഥം. ഈ ഗ്രന്ഥത്തിൽ ഹദീസുകൾക്ക് പുറമേ ഹിജാസുകാരായ മുഹദ്ദിസുകളുടെ വിശദീകരണക്കുറിപ്പുകളും സ്വഹാബത്തിന്റെയും താബിഉകളുടെയും ഫത്‌വകളു ഉൾപ്പെടുന്നതായിരുന്നു. ഹിജ്റ 150ൽ വഫാതായ അബൂ മുഹമ്മദ് അബ്ദുൽ മലികുബ്നു അബ്ദുൽ അസീസ് ഇബ്‌നു ജുറൈജ(റ) മക്കയിലും ഹിജ്റ 156ൽ വഫാതായ അബു അംറ് അബ്ദുറഹ്മാൻ ഇബ്‌നു അംറുൽ ഔസാഈ(റ) ശാമിലും ഹിജ്റ 161ൽ വഫാതായ അബു അബ്ദുല്ല സുഫിയാനുബ്‌നു സഈദ് അസ്സൗരി(റ) കൂഫയിലും ഹിജ്റ 176ൽ വഫാതായ അബൂ സലമത് ഹമ്മാദുബ്നു സലമതുബ്നു ദീനാർ(റ) ബസ്വറയിലും ഹിജ്റ 181ൽ വഫാതായ അബ്ദുല്ലാഹി മുബാറക്(റ) ഖുറാസാനിലും ഹിജ്റ 183ൽ വഫാതായ മഅ്മറുബിനു റാശിദ്(റ) യമനിലും ഹിജ്റ 188ൽ വഫാതായ ഹുശൈമുബ്‌നു ബുശൈർ അസ്സലമി അൽ വാസിത്വി(റ) വാസിത്വിലും ഹിജ്റ 188ൽ തന്നെ വഫാതായ ജലീലുബ്നു അബ്ദുൽ ഹമീദ്(റ) റയ്യിലും ഹദീസുകൾ ക്രോഡീകരിച്ചു
എന്നാൽ ഇവരുടെ ഹദീസ് ഗ്രന്ഥങ്ങളെല്ലാം തിരു നബി(സ)യുടെ ഹദീസുകൾക്ക് പുറമെ, മറ്റു വിശദീകരണങ്ങളുമുള്ളതായിരുന്നു. അതുകൊണ്ടു തന്നെ പിൽക്കാലത്ത് വന്ന മുഹദിസുകൾ ഹദീസുകൾ മാത്രം ശേഖരിച്ച് മുസ്‌നദുകൾ രചിക്കുകയുണ്ടായി. ഇത്തരത്തിൽ ഉബൈദുല്ലാഹിബ്‌നു മൂസൽ അബസി(റ), ശേഷം ഹിജ്റ 212ൽ വഫാതായ അസദുബ്നു മൂസൽ അമവി(റ), ഹിജ്റ 228 ൽ വഫാതായ മുസദ്ദദുബ്നു മുസർഫദ് അൽബസ്വരി(റ), നുഐമുബ്നു ഹമ്മാദ് അൽഖുസാഈ(റ) തുടങ്ങിയ മഹാന്മാരെല്ലാം മുസ്‌നദുകൾ രചിക്കുകയുണ്ടായി. പിന്നീട് വന്ന ഇമാമുമാർ അധികവും മുസ്‌നദുകളാണ് രചിച്ചത്. അഥവാ ഹദീസുകൾ മാത്രം സ്വീകരിച്ച് മറ്റുള്ള വിശദീകരണങ്ങൾ ഒഴിവാക്കി കൊണ്ടാണ് അവർ രചനകൾ നടത്തിയത്.
ഇമാം അഹ്മദുബ്‌നു ഹമ്പൽ(റ), ഹിജ്റ 238ൽ വഫാതായ അൽ ഇമാം ഇസ്ഹാഖുബിനു ഇബ്‌റാഹീം അൽ ഹൻളലി(റ), 279ൽ വഫാതായ ഉസ്‌മാനുബ്‌നു അബി ശൈബ(റ) തുടങ്ങിയവരെല്ലാം ഇങ്ങനെ മുസ്‌നദുകൾ രചിച്ചവരാണ്. അതേസമയം ഹിജ്റ 230ൽ വഫാതായ അബൂബക്റുബ്നു അബീശൈബ(റ) ഹദീസുകളും വിശദീകരണങ്ങളും ഒരുമിച്ച് ചേർത്തിക്കൊണ്ട് ഒരു രചന നടത്തിയതായി കാണാം.
നാലാം ഘട്ടം
ഹദീസ് ക്രോഡീകരണത്തിൻ്റെ ഏറ്റവും സമ്പന്നമായ കാലഘട്ടം ഹിജ്റ 200 മുതൽ 300 വരെയായിരുന്നു. പ്രശസ്‌ത ഹദീസ് ഗ്രന്ഥങ്ങളായ അസ്സിഹാഹുസ്സിത്ത വിരചിതമാകുന്നത് ഇക്കാലയളവിലാണ്. ഹിജ്റ 256ൽ വഫാതായ ഇമാം ബുഖാരി(റ)വിൻ്റെ പ്രശസ്‌ത രചനയായ അൽ ജാമിഉ സഹീഹ് ആണ് ഇന്ന് ലഭ്യമായ ഏറ്റവും ആധികാരിക ഹദീസ് ഗ്രന്ഥം. അസഹുൽ കുതുബി ബഅ്‌ദ കിതാബില്ലാഹ്, അഥവാ വിശുദ്ധ ഖുർആനിനു ശേഷം ഏറ്റവും ആധികാരികമായ ഗ്രന്ഥം സ്വഹീഹുൽ ബുഖാരി ആണെന്നാണ് പണ്ഡിത ലോകത്തിൻ്റെ വിലയിരുത്തൽ. അതിനുശേഷം ഏറ്റവും ആധികാരികമായി അംഗീകരിക്കപ്പെടുന്നത് ഇമാം മുസ്‌ലിം(റ)ൻ്റെ സ്വഹീഹുൽ മുസ്‌ലിമാണ്.
പ്രശസ്‌ത ഹദീസ് ഗ്രന്ഥങ്ങളിൽ ബാക്കിയുള്ള നാലെണ്ണം ഹിജ്റ 275ൽ വഫാതായ ഇമാം അബു ദാവൂദ്(റ), ഹിജ്റ 279 ൽ വഫാതായ ഇമാം തുർമുദി(റ), ഹിജ്റ 315ൽ വഫാതായ അൽ ഇമാം അബ്ദുറഹ്മാൻ അഹ്മദുബ്നു ശുഅബ് അന്നസാഈ(റ), ഹിജ്റ 273ൽ വഫാതായ അബു അബ്ദുല്ല മുഹമ്മദ് യസീദ് ഇബ്‌നുമാജ അൽ ഖസ്‌വീനി(റ) എന്നിവരാണ് ക്രോഡീകരിച്ചത്. കർമശാസ്ത്ര വിഷയങ്ങൾക്ക് അനുസരിച്ച് അധ്യായങ്ങളും ഉപാധ്യായങ്ങളും ഉൾപെടുത്തി ഹദീസുകൾ ക്രോഡീകരിക്കാൻ തുടങ്ങിയത് ഇക്കാലഘട്ടത്തിലാണ്. അതേസമയം ചില മുഹദ്ദിസുകൾ ഇവയ്ക്കു പുറമേ ഇൽമ്, വഹ്‌യ്, തഫ്‌സീർ, മറ്റു ചരിത്രങ്ങൾ പോലുള്ള വിഷയങ്ങളെ അധികരിച്ചും അധ്യായങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഹദീസ് ക്രോഡീകരണത്തിൻ്റെയും സംരക്ഷണത്തിന്റെയും ഭാഗമായി ഹദീസ് നിവേദകരെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളും ഇക്കാലഘട്ടത്തിൽ നടക്കുന്നുണ്ട്. ഹദീസുകളുടെ ആധികാരികത ഉറപ്പുവരുത്താൻ വേണ്ടിയായിരുന്നു ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്ന റാവിമാരെ(നിവേദകർ) കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ ഓരോന്നും.
അഞ്ചാം ഘട്ടം
ഹിജ്റ 300ന് ശേഷമുള്ള കാലഘട്ടമാണ് ഹദീസ് ക്രോഡീകരണത്തിൻ്റെ അഞ്ചാം ഘട്ടമായി അറിയപ്പെടുന്നത്. മുൻപ് നടന്ന ഹദീസ് ക്രോഡീകരണങ്ങളുടെ വിപുലമായ രീതിയിലുള്ള ഹദീസ് ശേഖരണവും ഗ്രന്ഥരചനകളുമാണ് പിൽക്കാലത്ത് നടന്നത് ഇക്കാലഘട്ടത്തിൽ വിരചിതമായ പ്രധാനപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളെയും രചയിതാക്കളെയും പരിചയപ്പെടാം.
അൽ ഇമാം സുലൈമാനുബ്നു അഹ്മദ് അത്വബ്റാനി(റ)വിൻ്റെ അൽ മആജിമുസ്സലാസ, ഹിജ്റ 311ൽ വഫാതായ അൽ ഇമാമുൽ കബീർ മുഹമ്മദ്‌ബ്നു ഇസ്ഹാഖുബ്നു ഖുസൈമ(റ)വിൻ്റെ സ്വഹീഹ്. ഹിജ്റ 316ൽ വഫാതായ അബു അവാനത യഅ്ഖൂബുബ്നു ഇസ്ഹാഖ്(റ)ന്റെ സ്വഹീഹ്, ഹിജ്റ 321ൽ വഫാതായ ഇമാം ത്വഹാവി(റ)വിന്റെ ഹദീസ് ഗ്രന്ഥം, ഹിജ്റ 340ൽ വഫാതായ ഖാസിം ഇബ്‌നു അസ്ബഗ്(റ)വിന്റെ ഹദീസ് ശേഖരം, 353ൽ വഫാതായ ഇബ്നു സകൻ സഈദുബ്‌നു ഉസ്മാനിൽ ബഗ്ദാദി(റ)വിൻ്റെ സ്വഹീഹ്, ഹിജ്റ 354ൽ വഫാതായ അബൂ ഹാത്തിം മുഹമ്മദ് ഇബ്നു ഹിബ്ബാൻ(റ)വിൻ്റെ സ്വഹീഹ്, ഹിജ്റ 355ൽ വഫാതായ അൽ ഇമാം അബുൽ ഹസൻ അദ്ദാറഖുതീനി(റ)വിൻ്റെ സുനനുദ്ദാറഖുത്‌നി. ഹിജ്റ 405ൽ വഫാതായ അൽ ഇമാം അബു അബ്ദുല്ല അൽഹാകിം(റ)വിന്റെ മുസ്‌തദ്റക്, ഹിജ്റ നാലാം നൂറ്റാണ്ടിനു ശേഷം വന്ന ഹദീസുമായി ബന്ധപ്പെട്ട രചനകൾ അധികവും മുൻഗാമികളുടെ ഗ്രന്ഥങ്ങളെ ക്രമപ്പെടുത്തുകയും വിവിധ കിതാബുകളിലായി പരന്നുകിടന്നിരുന്ന ഹദീസുകളെ ഒരുമിച്ചു കൂട്ടുകയും സനദുകളും മത്‌നുകളും സംക്ഷിപ്തമാക്കുകയും വ്യാഖ്യാനങ്ങൾ ഉൾകൊളളുന്ന വിധത്തിലുള്ളവയായിരുന്നു.
ചുരുക്കത്തിൽ ഹദീസ് ക്രോഡീകരണം എന്നത് തിരുനബി(സ)യുടെ കാലം മുതൽ ആരംഭിച്ച് സഹാബികളിലൂടെയും അവരുടെ ശിഷ്യ ഗണങ്ങളിലൂടെയും വികസിച്ചു വന്ന അതിമഹത്തായ ചരിത്രങ്ങൾ ഉൾകൊള്ളുന്ന ഒന്നാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ ഹദീസുകൾ ഇവ്വിധം ക്രോഡീകരിക്കപ്പെടേണ്ടത് ഒരു അനിവാര്യതയായിരുന്നു. കൃത്യമായി ശേഖരിക്കപ്പെടുകയും പിൽക്കാലക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും, കൈമാറ്റം ചെയ്‌ത നിവേദക പരമ്പരയെ കുറ്റമറ്റ രീതിയിൽ വിലയിരുത്തുകയും ചെയ്തുകൊണ്ട് ആ ദൗത്യം ഭംഗിയായിത്തന്നെ മുൻഗാമികൾ നിർവഹിക്കുകയും ചെയ്തു. ഇതാണ് ഹദീസുകൾക്ക് മറ്റേതു ദർശനങ്ങളുടെ രേഖകളെയും അപേക്ഷിച്ച് വലിയ ആധികാരികത നൽകുന്നൊരു ഘടകം. സഹാബികളുടെയും അവർക്ക് ശേഷം കടന്നുവന്ന ഹദീസിൻ്റെ ഇമാമുമാരുടെയും സമർപ്പിത യത്നങ്ങളോട് ഈ ഉമ്മത്ത് എന്നും കടപ്പെട്ടിരിക്കും.