തിരുനബിയുടെ കാലത്ത് ഹദീസുകൾ ക്രോഡീകരിക്കാതിരിക്കാൻ പല കാരണങ്ങളുണ്ട്. ഖുർആനുമായി ഇടകലരാനുള്ള സാധ്യത, അന്നത്തെ അറബികൾക്കിടയിൽ എഴുത്തും വായനയും അത്ര കണ്ട് സാർവത്രികമല്ലാത്ത സാഹചര്യം, അന്നത്തെ അറബികളുടെ അപാരമായ മനഃപ്പാഠസിദ്ധി തുടങ്ങിയവ അതിൽ ചിലതാണ്.
വായിക്കാം:
ഇസ്‌ലാമിക വൈജ്ഞാനിക മുന്നേറ്റത്തിൽ തിരുഹദീസുകൾ വഹിച്ച പങ്ക് നിർണായകമാണ്. കൃത്യതയുടെയും വിശ്വാസ്യതയുടെയും കാര്യത്തിൽ പ്രവാചകർ(സ) തങ്ങളുടെ വാക്കും പ്രവൃത്തിയും എന്നല്ല, ചലന-നിശ്ചലനങ്ങൾ വരെ കൃത്യമായി രേഖപ്പെടുത്തപ്പെട്ട ഹദീസുകളോട് കിടപിടിക്കുന്ന മറ്റ് ആർക്കൈവുകളൊന്നും ഇന്ന് ലോകത്ത് നിലനിൽക്കുന്നില്ല എന്ന് തന്നെ പറയാം. അത്രയും സൂക്ഷ്‌മതയുടെയും കരുതലിന്റെയും ചരിത്രമാണ് ഹദീസ് ക്രോഡീകരണത്തിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. നബി(സ)യുടെ കാലം മുതൽ ആരംഭിച്ച ഹദീസ് ക്രോഡീകരണത്തിന്റെ ചരിത്രം ഇസ്‌ലാമിക പ്രബോധനത്തിന്റെയും വൈജ്ഞാനിക പ്രസരണത്തിൻ്റേതുമാണ്.
തിരുനബിയുടെ കാലത്ത് സ്വഹാബികൾ ഹദീസുകൾ ധാരാളമായി ഹൃദിസ്ഥമാക്കുകയും പലരും എഴുതി ശേഖരിച്ച് വെക്കുകയും ചെയ്തിട്ടുണ്ട്. പുറമെ വിവിധ നാടുകളിലേക്ക് ഇസ്‌ലാമിന്റെ സന്ദേശവാഹകരായി യാത്ര ചെയ്‌ത സ്വഹാബിമാർ വഴി ഹദീസുകൾ പ്രചരിച്ചിട്ടുണ്ട്. ഹുദൈബിയ സന്ധിയെ തുടർന്ന് രൂപപ്പെട്ട സമാധാനാന്തരീക്ഷത്തെ തന്ത്രപരമായി ഉപയോഗപ്പെടുത്തി തിരുനബി(സ) വിവിധ രാജാക്കന്മാർക്കും ഗോത്ര തലവന്മാർക്കും ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് നടത്തിയ കത്തിടപാടുകൾ വഴിയും ഹദീസുകൾക്ക് പ്രചാരം ലഭിച്ചു. വ്യത്യസ്‌ത നാടുകളിൽ നിന്ന് തിരുനബി(സ)യുടെ സവിധത്തിലേക്ക് വന്നിരുന്ന നിവേദക സംഘങ്ങൾ പലപ്പോഴായി തങ്ങളുടെ സമൂഹങ്ങളിലേക്കുള്ള നിർദേശങ്ങൾ രേഖയായും അല്ലാതെയും ശേഖരിച്ച് അവരുടെ നാടുകളിലേക്ക് മടങ്ങി. ഇങ്ങനെയും ഹദീസുകൾ ലോകത്തിൻ്റെ പല ഭാഗത്തേക്കും എത്തിപ്പെടുന്നുണ്ട്.
വിശുദ്ധ ഖുർആനിൻ്റെ ക്രോഡീകരണം പോലെ തിരുനബി(സ)യുടെ നേരിട്ടുള്ള മേൽനോട്ടമില്ലാതെയാണ് ഹദീസ് ക്രോഡീകരണവും നടക്കുന്നത്. തിരുനബിയുടെ കാലത്ത് ഹദീസുകൾ ക്രോഡീകരിക്കാതിരിക്കാൻ പല കാരണങ്ങളുണ്ട്. ഖുർആനുമായി ഇടകലരാനുള്ള സാധ്യത, അന്നത്തെ അറബികൾക്കിടയിൽ എഴുത്തും വായനയും അത്ര കണ്ട് സാർവത്രികമല്ലാത്ത സാഹചര്യം, അന്നത്തെ അറബികളുടെ അപാരമായ മനഃപ്പാഠസിദ്ധി തുടങ്ങിയവ അതിൽ ചിലതാണ്. ആയിരക്കണക്കിന് കവിതകൾ ഹൃദിസ്ഥമാക്കിയ പലരും ഉണ്ടായിരുന്നു അക്കാലഘട്ടത്തിൽ. ഒരുപാട് കാര്യങ്ങൾ മനഃപാഠമാക്കി വെക്കുക എന്നതു മാത്രമല്ല ഒരു കാര്യം ഒരാവർത്തി കേൾക്കുന്നതോടുകൂടി മനസ്സിൽ അതേപടി പകർത്താനുള്ള കഴിവും അവർക്കുണ്ടായിരുന്നു. മാത്രമല്ല രേഖപ്പെടുത്തപ്പെട്ട പലതും തെറ്റുകൾ തിരുത്തിയിരുന്നതും സംശയങ്ങൾ നികത്തിയിരുന്നതും എല്ലാം മനഃപ്പാഠത്തിലുള്ള ഹദീസുകൾ നോക്കിക്കൊണ്ടായിരുന്നു.
ഹദീസ് ക്രോഡീകരണം: പ്രോത്സാഹിപ്പിച്ചതും നിരുത്സാഹപ്പെടുത്തിയതും
ഹദീസ് എഴുതിവെക്കുന്നതിനെയും ശേഖരിക്കുന്നതിനെയും പ്രോത്സാഹിപ്പിച്ചതും അനുവദിച്ചതുമായ രംഗങ്ങൾ ഹദീസിൽ കാണാം. നിരുത്സാഹപ്പെടുത്തുന്ന സംഭവങ്ങളും കാണാം. വ്യത്യസ്‌ത സാഹചര്യങ്ങളും പരിഗണനകളുമായിരുന്നു രണ്ടു തരം നിർദേശങ്ങളുടെയും പിറകിലുണ്ടായിരുന്നത്. ഈ വ്യത്യസ്‌ത തലങ്ങളെ പരിഗണിക്കുന്ന വ്യത്യസ്‌ത നിലപാടുകൾ സ്വഹാബീ പ്രമുഖർക്കുണ്ടായിരുന്നതായും കാണാം. വിശുദ്ധ ഖുർആൻ തിരുനബി(സ)യുടെ കാലത്ത് വ്യത്യസ്‌ത ഭാഗങ്ങളായിട്ടാണല്ലോ എഴുതി വെച്ചിരുന്നത്. ഒറ്റ ഗ്രന്ഥരൂപത്തിലല്ലായിരുന്നു. അതിനാൽ എഴുതി വെക്കപ്പെടുന്ന ഹദീസുകൾ ഖുർആനുമായി ഇടകലർന്നു മനസ്സിലാക്കി പോകുമോ എന്ന ഭയമായിരുന്നു എഴുതി വെക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയതിൻ്റെ പ്രധാന കാരണങ്ങളിലൊന്നായി കാണുന്നത്. എഴുതി വെക്കേണ്ട സന്ദർഭങ്ങളിൽ അത് ആകാവുന്നതാണെന്നു സൂചിപ്പിക്കുന്നതാണ് അനുവദിച്ചു കൊണ്ടുള്ള നിർദേശം.
ഇതെല്ലാം, ഹദീസ് കൃത്യമായും ഭദ്രമായും മനഃപാഠമാക്കി സംരക്ഷിക്കുന്നവർ ധാരാളം ഉണ്ടായിരുന്ന സാഹചര്യത്തിൽ കൂടെയാണ്. കാലം അല്‌പം കഴിയുകയും ഹദീസ് മനഃപാഠമുള്ള ആദ്യതലമുറ കടന്നുപോകുകയും ചെയ്യുന്നതിനനുസരിച്ച് ഹദീസ് ക്രോഡീകരണം അനിവാര്യമായി വന്നു. സിദ്ധീഖ്(റ)ൻ്റെ കാലത്ത് മുസ്ഹഫ് ക്രോഡീകരിച്ച് ഒറ്റ ഗ്രന്ഥരൂപത്തിൽ ഭദ്രമാക്കിയതോടെ, ഇടകലർന്നു പോകുമോ എന്ന ഭയത്തിൻ്റെ സാഹചര്യവും മാറി. എഴുതിവെക്കാതിരിക്കാനുള്ള കാരണം മാറുകയും എഴുതി വെക്കേണ്ടതിന്റെ അനിവാര്യത വർധിക്കുകയും ചെയ്‌ത ഘട്ടത്തിലാണ് ഹദീസ് ക്രോഡീകരണം സജീവമാകുകയും നിരവധി പേർ അതിനായി ജീവിതം സമർപ്പിക്കുകയും ചെയ്‌തത്. അബ്ദില്ലാഹിബ്നു ഉമർ(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. അൻസാറുകളിൽ പെട്ട ഒരാൾ മറവി കാരണം ഹദീസ് സൂക്ഷിച്ചുവെക്കാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് തിരുനബിയോട് പരാതി പറഞ്ഞപ്പോൾ വലതുകൈ ഉപയോഗിക്കാനായിരുന്നു അവിടുന്ന് നൽകിയ നിർദേശം. പേനയുടെ ഉപയോഗത്തെ സൂചിപ്പിച്ചുകൊണ്ടാണ് വലതു കൈ പ്രയോഗം നടത്തിയതെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു.
അബ്ദുല്ലാഹിബ്നു അംറ്(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ മഹാനവർകൾ ഹദീസ് എഴുതിവെക്കുന്നതിനെ കുറിച്ച് നബിയോട് ചോദിച്ചപ്പോൾ അവിടുത്തെ പ്രതികരണം ഇങ്ങനെയായിരുന്നു. എഴുതുക. ഞാൻ സത്യം മാത്രമേ പറയുന്നുള്ളൂ. ഈ ഹദീസ് പ്രശസ്‌തവും മുപ്പതോളം വ്യത്യസ്‌ത ഉറവിടങ്ങളിൽ നിന്ന് ലഭ്യവുമാണ്. ഇബ്നു അബ്ദിൽ ബർറ്(റ) തൻ്റെ ജാമിഉ ബയാനിൽ ഇൽമിൽ റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം.
قيدوا العلم بالكتاب
(നിങ്ങൾ വിജ്ഞാനങ്ങളെ എഴുത്ത് കൊണ്ട് ചങ്ങലക്കിടുക). അബൂഹുറൈറ(റ)വിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ മഹാനവർകൾ പറയുന്നത് കാണാം, എന്നെപ്പോലെ സഹാബികളിൽ ആരുംതന്നെ ഹദീസുകൾ സൂക്ഷിച്ചിരുന്നില്ല. അബ്ദുല്ലാഹിബ്‌നു അംറ്(റ) ഒഴികെ. അദ്ദേഹം എഴുതിവെച്ചിരുന്നു (ബുഖാരി).
യമൻകാരനായ അബൂശാഹ് എന്ന വ്യക്തി മക്കാ ഫത്ഹിൻ്റെ ദിവസത്തെ പ്രഭാഷണം എഴുതിത്തരാൻ നബി(സ) തങ്ങളോട് ആവശ്യപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു. അബൂ ശാഹിന് നിങ്ങൾ എഴുതിക്കൊടുക്കൂ (ബുഖാരി, മുസ്‌ലിം). വഫാത്തിനോട് അടുത്ത സമയത്ത് രോഗം മൂർച്ഛിച്ചപ്പോൾ നിങ്ങൾ എനിക്ക് ഒരു കിതാബ് കൊണ്ട് തരൂ, ഞാൻ അതിൽ കുറച്ചു കാര്യങ്ങൾ എഴുതിത്തരാം. അവ മുറുകെപ്പിടിച്ച് ജീവിച്ചാൽ നിങ്ങൾ വഴിപിഴച്ചു പോവുകയില്ല. എന്ന് പറയുകയും ചില കാര്യങ്ങൾ സ്വഹാബത്തിന് എഴുതിക്കൊടുക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി(റ), നസാഈ(റ) എന്നിവർ ഉദ്ധരിക്കുന്നുണ്ട്.
ഹദീസ് എഴുതിവെക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയ ഒരു ഹദീസ് ഇതാണ്. അബൂസഈദ് അൽ ഖുദ്‌രി(റ)ൽ നിന്ന് മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ കാണാം
لا تكتبوا عني ومن كتب عني غير القرآن فليمحه
ഖുർആനല്ലാത്ത ഒന്നും എന്നിൽ നിന്ന് നിങ്ങൾ എഴുതിവെക്കരുത്. അങ്ങനെ എഴുതിവെച്ചതുണ്ടെങ്കിൽ അവ മായ്ച്ചുകളയണം. ഒന്നാം ഖലീഫ അബൂബക്ർ(റ) തിരുനബി(സ) തങ്ങളുടെ ഹദീസുകൾ ശേഖരിച്ച് ഒരു ഗ്രന്ഥം കയ്യിൽ സൂക്ഷിച്ചിരുന്നു. ഹദീസല്ലാത്ത മറ്റു വല്ലതും അതിൽ ഇടകലർന്നിട്ടുണ്ടോ എന്ന ആശങ്ക കാരണം അത് നശിപ്പിച്ചു കളയുകയാണ് ചെയ്‌തത്.
രണ്ടാം ഖലീഫ ഉമർ(റ) ഇങ്ങനെ ഒരു ശ്രമത്തിന് മുതിർന്നെങ്കിലും പിന്നീട് വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ഇബ്നു ഉമർ(റ), ഇബ്നു മസ്ഊദ്(റ), അബൂ മൂസ അൽ അശ്അരി(റ), സൈദുബ്ന് സാബിത്(റ), അബൂസഈദ് അൽ ഖുദ്‌രി(റ) തുടങ്ങിയവരെല്ലാം ഹദീസുകൾ എഴുതിവെക്കുന്നത് പ്രോത്സാഹിക്കപ്പെടേണ്ടതില്ല എന്ന നിലപാടുകാരായിരുന്നു. എന്നാൽ ഹദീസുകൾ രേഖപ്പെടുത്തി വെക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയത് നേരത്തെ സൂചിപ്പിച്ചതുപോലെ വിശുദ്ധ ഖുർആനിനോട് ഇടകലരുന്ന സാഹചര്യവും എഴുത്ത് കൂടുതൽ പരിചിതമല്ലാത്തത് കൊണ്ടുമായിരുന്നു. ഏതായാലും ഹദീസ് എഴുതിവെക്കുന്നതിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പിന്നീട് നീങ്ങുകയും ഹദീസ് രേഖപ്പെടുത്തുന്നത് അനുവദനീയമാണെന്നല്ല അത് കാലഘട്ടത്തിൻ്റെ അനി വാര്യതയാണെന്ന നിലപാടിലേക്ക് എല്ലാവരും എത്തിച്ചേർന്നുവെന്ന് ഇബ്നു സ്വലാഹ്, ഹാഫിള് ഇബ്‌നു ഹജർ അൽ അസ്ഖലാനി എന്നിവർ വിശദീകരിക്കുന്നുണ്ട്. മാത്രമല്ല നബി(സ) തങ്ങളുടെ കാലത്ത് തന്നെ ഹദീസുകൾ രേഖപ്പെടുത്തി വെച്ചതിനും തെളിവുകൾ കാണാം.
സ്വഹാബിമാരുടെ കൂട്ടത്തിൽ തന്നെ ഹദീസ് രേഖപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിച്ചവരുമുണ്ടായിരുന്നു. ഉമറുബ്നുൽ ഖത്താബ്(റ), അലിയ്യുബ്നു അബീത്വാലിബ്(റ), ഹസൻ(റ), ജാബിർ(റ), അബ്ദുല്ലാഹിബ്നു അംറുബ്‌നൂൽ ആസ്(റ), സഈദുബ്‌നു ജുബൈർ(റ), തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിൽപെടുന്നു. അബ്ദുല്ലാഹിബ്നു അംറുബ്‌നുൽ ആസ്(റ)വിൻ്റെ ശേഖരത്തിൽ പതിനായിരത്തിലേറെ ഹദീസുകൾ ഉണ്ടായിരുന്നു.
18 May, 2026 05:06 pm
Muhammad shafeeque
എഴുത്തുകാരൻ അഭിവാദ്യങ്ങൾ