എല്ലാവർക്കും കാരുണ്യവും സ്‌നേഹവും നൽകുന്നതായിരുന്നു തിരുനബി(സ)യുടെ നോമ്പ് കാലം. ദരിദ്രർ, രോഗികൾ, പ്രായമായവർ, കുട്ടികൾ, കുടുംബാംഗങ്ങൾ, അയൽവാസികൾ തുടങ്ങിയവരിലേക്കെല്ലാം ആ കാരുണ്യസ്പർശം നീളുമായിരുന്നു
വായിക്കാം:
നോമ്പാണ് റമളാനിന്റെ കാമ്പ്. നോമ്പൊരു പരിചയാണ്. സ്വർഗത്തിലേക്കുള്ള വഴികാട്ടിയും ദേഹേച്ഛകളിൽ നിന്നുള്ള കാവൽ കോട്ടയുമാണത്. നാളത്തെ ശുപാർശകനും ആത്മശുദ്ധിയുടെ കാതലുമാണ് നോമ്പ്. റയ്യാനെന്ന സ്വർഗ കവാടം നോമ്പുകാർക്കുള്ള സമ്മാനമാണ്.
റജബിൽ വിതക്കുകയും ശഅബാനിൽ നനച്ച് പാകപ്പെടുത്തുകയും ചെയ്ത സുകൃതങ്ങളുടെ വിളവെടുപ്പ് കാലത്തെ, അതീവ സന്തോഷത്തോടെയും ബഹുമാനത്തോടെയുമായിരുന്നു നബി(സ) തങ്ങൾ വരവേറ്റിരുന്നത്. റമളാൻ ആഗതമാകും മുമ്പേ ആ മാസത്തിന്റെ പോരിശകൾ തിരുദൂതർ(സ) സ്വഹാബത്തിന് പറഞ്ഞ് കൊടുക്കുമായിരുന്നു. റജബ് മാസം മുതലേ ഈ കാത്തിരിപ്പ് തുടങ്ങും. റജബിലും ശഅബാനിലുമുള്ള ബറകതിന് വേണ്ടി പ്രാർത്ഥിക്കും. റമളാനിലേക്ക് ആയുസ്സ് നീട്ടി കിട്ടാൻ നിരന്തരം റബ്ബിനോട് തേടും. ആ പ്രാർത്ഥനകൾ പതിവാക്കാൻ അനുയായികളോട് ഉണർത്തും. റമളാനിലെ പുണ്യ കർമങ്ങൾക്ക് ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്യുകയും പാപങ്ങൾ പൊറുക്കാനുള്ള ഒരു അവസരമായി റമളാനിനെ പരിചയപ്പെടുത്തുകയും ചെയ്യും. നോമ്പുകാരന്റെ വായ അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയേക്കാൾ സുഗന്ധമുള്ളതാണ് എന്നായിരുന്നു തിരുനബിപാഠം.
അത്താഴം കഴിച്ച് കൊണ്ടാണ് മുത്ത്നബി(സ) നോമ്പ് ആരംഭിച്ചിരുന്നത്. നിങ്ങൾ അത്താഴം കഴിക്കുക, തീർച്ചയായും അത്താഴത്തിൽ ഐശ്വര്യമുണ്ട്(ബുഖാരി) എന്നാണ് നബി(സ) തങ്ങളുടെ അധ്യാപനം. സുബ്ഹിക്ക് തൊട്ട് മുമ്പ് ഈത്തപ്പഴവും വെള്ളവും കഴിച്ചുകൊണ്ടായിരുന്നു നോമ്പിന്റെ തുടക്കം. അത്താഴത്തിൽ ബറകത് ഉണ്ടെന്നും ഒരിറക്ക് വെള്ളം കൊണ്ടെങ്കിലും അത്താഴം കഴിക്കണമെന്നും അവിടുന്ന് അനുയായികളെ ഓർമപ്പെടുത്തി. ആ സമയത്തെ പ്രാർത്ഥനക്ക് പ്രത്യേകം പ്രതിഫലം വാഗ്ദാനം ചെയ്തു. അമ്പത് ഖുർആൻ ആയത്തുകളുടെ ദൈർഘ്യം മാത്രമേ അവിടുത്തെ അത്താഴത്തിനും സുബ്ഹി ബാങ്കിനും ഇടയിൽ ഉണ്ടാകാറുള്ളൂ. അത്താഴ ശേഷം സുബ്ഹി വരെ വീട്ടിൽ തന്നെ കാത്തിരിക്കും. ബാങ്കിന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത് നിസ്കരിച്ച് പള്ളിയിലേക്ക് നീങ്ങും. പള്ളിയിൽ വെച്ച് ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കുകയും ശേഷം സൂര്യോദയം വരെ ദിക്റുകളിൽ മുഴുകുകയും ചെയ്യും.
പകൽ സമയങ്ങളിൽ അവിടുന്ന് അധിക നേരവും ഖുർആൻ പാരായണത്തിൽ മുഴുകിയിരിക്കും. റമളാനിൽ നന്നായി സ്വദഖ വർധിപ്പിക്കുകയും ദാന ധർമങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുമായിരുന്നു. അനസ്(റ) പറയുന്നു: തിരുനബി(സ)യോട് ഒരാൾ ചോദിച്ചു: ഏറ്റവും ശ്രേഷ്ഠകരമായ ദാനധർമം ഏതാണ്? അവിടുന്ന് പറഞ്ഞു: “ഒരാൾ റമളാനിൽ നൽകുന്ന ദാനധർമങ്ങളാണ് ഏറ്റവും മഹത്തരമായത്’ (തിർമിദി). റമളാനിൽ അവിടുന്ന് തടവുകാരെ മോചിപ്പിക്കുകയും, ദാരിദ്ര്യമുള്ളവരെ സഹായിക്കുകയും ചെയ്യുമായിരുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: റമളാൻ ആഗതമാകുമ്പോൾ തടവുകാരെ മോചിപ്പിക്കുകയും ചോദിച്ച് വരുന്നവർക്ക് നൽകുകയും ചെയ്യുന്ന പതിവുകാരനായിരുന്നു നബി(സ) തങ്ങൾ (ബൈഹഖി). റമളാനിലെ അവിടുത്തെ ധർമം അടിച്ചുവീശുന്ന കാറ്റിനെയും വെല്ലുന്നതായിരുന്നു എന്ന് ഇബ്നു അബ്ബാസ്(റ) പറയുന്നുണ്ട്(ബുഖാരി).
വീട്ടിലായിരിക്കുന്ന വേളകളിൽ അവിടുന്ന് ഭാര്യമാരെ സഹായിക്കുകയും വീട്ടു ജോലികളിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. ഫർള് നിസ്കാര സമയങ്ങളിലെല്ലാം അവിടുന്ന് പള്ളിയിലെത്തുകയും ജനങ്ങൾക്ക് നിസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്യും. അനുയായികൾക്ക് ആവശ്യമായ ഉൽബോധനവും നൽകും. ഇഅ്തികാഫ് വർധിപ്പിക്കും. റമളാനിന്റെ അവസാന പത്തിൽ പൂർണമായും ഇഅ്തികാഫ് ഇരിക്കും. പള്ളിയിൽ ഇപ്രകാരം സഹവസിക്കുന്നതിന് അവിടുന്ന് അനുചരർക്ക് പ്രോത്സാഹനം നൽകി. ഖുർആൻ അവതരിച്ച രാവിനെ ബഹുമാനിച്ചുകൊണ്ട് അവസാന പത്തിന്റെ പകലുകളിൽ കൂടുതലായി ആരാധനാ കർമങ്ങളിൽ ഏർപ്പെടുമായിരുന്നു. നിസ്കാരത്തിനും ഇബാദത്തുകൾക്കും കൂടുതൽ പ്രാധാന്യം കൊടുത്തും, അതേ സമയം കുടുംബ ബന്ധം പുലർത്തുകയും ചെയ്തായിരുന്നു നബി(സ) തങ്ങൾ റമളാനിലെ പകലുകളെ സമ്പന്നമാക്കിയിരുന്നത്.
മഗ്‌രിബിന്റെ തൊട്ട് മുമ്പുള്ള സമയം ദിക്റുകളിൽ മുഴുകും. ആ സമയത്തെ പ്രാർത്ഥന വർധിപ്പിക്കും. ബാങ്ക് വിളിച്ചാൽ പത്നിമാറിൽ ഒരാളുടെ വീട്ടിൽ വെച്ച് നോമ്പ് തുറക്കും. ഈത്തപ്പഴം, കാരക്ക അല്ലെങ്കിൽ വെള്ളം ഇവയിൽ ഒന്നുകൊണ്ടായിരുന്നു നോമ്പ് തുറന്നിരുന്നത്. മഗ്‌രിബ്, ഇശാ നിസ്കാരങ്ങൾ പള്ളിയിൽ വെച്ച് ജമാഅത്തായി നിർവഹിക്കും. മൂന്ന് ദിവസം മാത്രമായിരുന്നു മസ്ജിദുന്നബവിയിൽ വെച്ച് നബി(സ) തങ്ങൾ തറാവീഹ് നിസ്കരിച്ചിരുന്നത്. ആളുകൾ വർധിച്ചപ്പോൾ അത് ഉമ്മത്തിനു മേൽ ബാധ്യതയാക്കപ്പെടുമോ എന്ന് ഭയന്ന് വീട്ടിൽ നിന്നാണ് പിന്നീട് നിസ്കരിച്ചിരുന്നത്(മുസ്‌ലിം).
റമളാനിലെ അവസാനത്തെ പത്ത് വന്നെത്തിയാൽ അവിടുന്ന് ഉറക്കം വെടിഞ്ഞ് രാത്രിയെ സജീവമാക്കുമായിരുന്നു. സൽകർമങ്ങളിൽ കൂടുതൽ വ്യാപൃതനാവുകയും, ഇബാദത്തുകൾക്ക് വേണ്ടി അരക്കച്ച മുറുക്കിയുടുക്കുകയും ചെയ്യും(ബുഖാരി). രാത്രി നിസ്കാരങ്ങൾ അധികരിപ്പിക്കും. റമളാനിൽ ഈമാനോടെയും പ്രതിഫലം പ്രതീക്ഷിച്ചും ആരെങ്കിലും നിന്ന് നിസ്കരിച്ചാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ അല്ലാഹു പൊറുത്ത് നൽകുന്നതാണ്(ബുഖാരി-37) എന്നായിരുന്നു അവിടുത്തെ അരുൾ. രാത്രിയിൽ ഏറെനേരം നബി(സ) തങ്ങൾ സുന്നത്ത് നിസ്കാരങ്ങളിൽ മുഴുകും. വിത്റ് നിസ്കാരത്തിന് മുമ്പ് അല്പനേരം ഉറങ്ങും. ശേഷം വീണ്ടും എഴുന്നേറ്റ് നിസ്കാരത്തിൽ പ്രവേശിക്കും. നിസ്കാരങ്ങളിൽ ഖുർആൻ പാരായണം അധികരിപ്പിക്കുമായിരുന്നു.
അവസാന പത്തിൽ പൂർണമായും പള്ളിയിൽ ചിലവഴിക്കുകയും, ഖുർആൻ പാരായണവും, രാത്രി നിസ്കാരങ്ങളും അധികരിപ്പിക്കുകയും ചെയ്യും. ആ ദിവസത്തെ പ്രത്യേകം ബഹുമാനിക്കാൻ അനുയായികളോട് പറയുകയും, കുട്ടികളെയും കുടുംബാംഗങ്ങളെയും നിസ്കാരത്തിന് വേണ്ടി വിളിച്ച് എഴുന്നേൽപ്പിക്കുകയും ചെയ്യുമായിരുന്നു. വഫാത്തായ വർഷം 20 ദിവസം പൂർണമായും ഇഅ്തികാഫിൽ ആയിരുന്നു(ബുഖാരി). ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാവുകളിൽ പ്രത്യേക ദിക്റുകളിലും, പ്രാർത്ഥനകളിലും
ചിലവഴിക്കും.
എല്ലാവർക്കും കാരുണ്യവും സ്‌നേഹവും നൽകുന്നതായിരുന്നു തിരുനബി(സ)യുടെ നോമ്പ് കാലം. ദരിദ്രർ, രോഗികൾ, പ്രായമായവർ, കുട്ടികൾ, കുടുംബാംഗങ്ങൾ, അയൽവാസികൾ തുടങ്ങിയവരിലേക്കെല്ലാം ആ കാരുണ്യസ്പർശം നീളുമായിരുന്നു. ക്ഷമയുടെയും, അനുകമ്പയുടെയും മാസമാണത്. നോമ്പുകാരനെ നോമ്പ് തുറപ്പിക്കുന്നവർക്ക് നരകമോചനമാണ് തിരുനബി(സ)യുടെ വാഗ്ദാനം (ഇബ്നു ഖുസൈമ). നോമ്പ് തുറപ്പിക്കുന്നവർക്ക് നോമ്പുകാരന്റെ അതേ പ്രതിഫലമാണ് (തുർമുദി). ദരിദ്രരായവർക്ക് അവിടുന്ന് സഹായങ്ങൾ നൽകി. രോഗികളെ സന്ദർശിക്കുന്നതും, ജനാസയെ അനുഗമിക്കുന്നതും വർദ്ധിപ്പിച്ചു. നാഥനിലേക്ക് നടന്നെത്താൻ റമളാനിന്റെ രാപ്പകലുകളെ സൂക്ഷ്മതയോടെ ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു മാതൃകാ രേഖയായിരുന്നു തിരുനബി(സ)യുടെ റമളാൻ ജീവിതം.
പോർമുഖത്ത് പരിച കാവലാണെന്നത് പോലെ നോമ്പ് നരകത്തിൽ നിന്ന് കാവലാണ് എന്ന് തിരുനബി(സ) അരുളിയിട്ടുണ്ട്. അന്നപാനീയങ്ങളും, ഭോഗ മോഹങ്ങളും ഉപേക്ഷിച്ച് കൊണ്ടുള്ള നോമ്പ് നമ്മൾ തഖ്‌വയുള്ളവരാകാൻ വേണ്ടിയാണെന്നാണ് ഖുർആൻ ഭാഷ. നോമ്പുകാർക്കുള്ള പ്രതിഫലം ഞാൻ തന്നെ നൽകുമെന്ന് അല്ലാഹു വാക്കുനൽകിയിട്ടുണ്ട്. നബി(സ) പറഞ്ഞു: ‘അല്ലാഹു അറിയിച്ചിരിക്കുന്നു, ആദം സന്തതികളുടെ സൽപ്രവൃത്തികളെല്ലാം അവനുള്ളതാണ്, നോമ്പൊഴികെ. അത് എനിക്കുള്ളതാണ്, ഞാൻ അതിനുള്ള പ്രതിഫലം നൽകും. നോമ്പനുഷ്ഠിക്കുന്ന വ്യക്തിക്ക് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന്: അവൻ നോമ്പ് തുറക്കുമ്പോൾ, രണ്ട് : തന്റെ നാഥനെ കണ്ടുമുട്ടുമ്പോൾ (ബുഖാരി, മുസ്‌ലിം).
ഈ റമളാനിലെ ജീവിതാവസരം തന്നെ അവന്റെ ഔദാര്യമാണ്. അടുത്ത റമളാനിലേക്കും ആയുസ്സ് നീളാനുള്ള പ്രാർത്ഥനയും, ജീവിതാവസാനം വരെ നീണ്ട് നിൽക്കുന്ന ഒരു സമ്പൂർണ ആത്മീയ പരിവർത്തനവുമാണ് ഓരോ റമളാൻ കഴിയുമ്പോഴും വിശ്വാസിയിലുണ്ടാകേണ്ടത്.