എത്ര മനോഹരമായാണ് കാശ്മീരികൾ പുറംനാട്ടുകാരെ സൽക്കരിക്കുന്നത്. അപരിചിതരെ കണ്ടാൽ, സുഖവിവരങ്ങളന്വേഷിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. റെയിൽപാളത്തിൻ്റെ ഇരുവശങ്ങളിൽ നിന്നും കൈ ഉയർത്തി അഭിവാദ്യമർപ്പിക്കുന്ന ഗ്രാമീണരുടെ കാഴ്ച  വിവരണാതീതമാണ്. പ്രത്യേകിച്ച് ചെനാബ് നദിക്കരയിലൂടെയുള്ള ബസ് യാത്ര. സുരക്ഷ വേലികളില്ലാത്തതും മണ്ണിടിച്ചിൽ ഭയക്കുന്നതുമായ ചെനാബ് നദിയോരം ചേർന്ന് 16 മീറ്റർ ഉയരമുള്ള ഈ റോഡിലെ യാത്രയായിരുന്നു കാശ്മീരിൽ ഏറ്റവും ഭയാനകമായ രംഗം.

വായിക്കാം:

'മുസ്ത്വഫാ ജാനേ റഹ്മത് പെലാകോ സലാം...'

ഉറുദു സാഹിത്യ ലോകത്ത് പ്രശസ്തനായ ഇമാം അഹ്മദ് റസാഖാൻ ഖാദിരി ബറേൽവിയുടെ ഈ നഅ്ത് സുബ്ഹ് നമസ്കാരത്തിന് ശേഷം കാശ്മീരിലെ എല്ലാ സുന്നി പള്ളികളിൽ നിന്നും കേൾക്കാനാവും. ഇമാം ആദ്യം ചൊല്ലുകയും ശേഷം ജമാഅത്തിന് വന്നവർ അത് ഏറ്റുപാടുകയും ചെയ്യും. കാശ്മീരികളുടെ ദിനചര്യകൾ തുടങ്ങുന്നത് തന്നെ ആരംഭ പൂവായ മുത്ത് നബി(സ)യോട് സലാം പറഞ്ഞുകൊണ്ടാണ്. 

റമളാൻ കാലത്തെ കാശ്മീരിൻ്റെ ഇസ്‌ലാമിക ചൈതന്യത്തിന് ഒരല്പം മാറ്റുകൂടുതലാണ്. സുബ്ഹ് ബാങ്ക് കൊടുക്കുന്നതിന്റെ അരമണിക്കൂർ മുമ്പ് തന്നെ പള്ളിയിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ ഇമാമിന്റെ അറിയിപ്പ് വരും; "ഇനി അരമണിക്കൂർ സമയമേ അത്താഴത്തിനുള്ളൂ, വേഗം ഭക്ഷണം കഴിച്ച് പൂർത്തീകരിക്കുക". തുടർന്നങ്ങോട്ട് അവസാനത്തെ പതിനഞ്ച് മിനിറ്റിലും പത്ത് മിനിറ്റിലും അഞ്ച് മിനിറ്റിലും ഇമാം അത്താഴത്തിന്റെ മഹത്വം നമ്മെ ഉണർത്തി കൊണ്ടേയിരിക്കും. സുബ്ഹി നിസ്കാര ശേഷം നഅ്ത്തുകൾ ആലപിച്ചു കഴിഞ്ഞാൽ കാശ്മീരികൾ പകരുന്ന സ്നേഹപ്രകടനങ്ങളെ അടയാളപ്പെടുത്തുന്ന സുന്ദര കാഴ്ചകൾ നമുക്ക് ദർശിക്കാനാവും. എല്ലാവരും ഇമാമിൻ്റെ കൈകൾ പിടിച്ചു മുത്തി പരസ്പരം ഹസ്തദാനം നടത്തിയിട്ടാണ് പള്ളിയുടെ പുറത്തേക്കിറങ്ങുന്നത്. അപരസ്നേഹത്തിൻ്റെയും സാഹോദര്യത്തിന്റെയും കാശ്മീർ മാതൃക! 

പള്ളിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയാൽ നിത്യ ജീവിതത്തിന് വേണ്ട സമ്പത്ത് ഉണ്ടാക്കാനായി ഓരോരുത്തർ വ്യത്യസ്ത ജോലിയിലേക്ക് തിരിയുന്നു. ആട് വളർത്തലും ചെറിയ ചെറിയ കച്ചവടങ്ങളും ആണ് പ്രധാന ഉപജീവനമാർഗ്ഗം. സുബ്ഹിയെല്ലാം നിസ്കരിച്ച് പ്രഭാത കർമ്മങ്ങൾ നിർവഹിച്ചു കഴിഞ്ഞാൽ ഭൂരിഭാഗം വീടുകളിൽ നിന്നും ഉച്ചത്തിൽ നഅ്ത്തിൻ്റെ ഈരടികൾ കേൾക്കാം. ഏകദേശം എട്ട് മണി വരെ വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരും നഅ്തുകൾ കേട്ട് വെയിൽ കൊള്ളുന്ന സുന്ദരകാഴ്ച 

ജമ്മുവിൽ നിന്നും തീർത്തും വ്യത്യസ്തമാണ് കാശ്മീർ. കാശ്മീർ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലേക്ക് വരുന്നത് പട്ടാളക്കാരും ടാങ്കറുകളും തോക്കുകളും നിറഞ്ഞ ഒരന്തരീക്ഷമാണ്. എന്നാൽ കുറച്ചു ദിവസങ്ങൾ കാശ്മീരിൽ താമസിച്ച ഒരാൾക്ക് അതിൻ്റെയെല്ലാം ബദൽ കാഴ്ചകൾ ദർശിക്കാനാവും. രാജ്യത്തിന്റെ അതിർത്തി പ്രദേശമായതിനാൽ തന്നെ സർവ്വസജ്ജരായ പട്ടാളവ്യൂഹത്തെ കാശ്മീർ നിരത്തുകളിലും വീടിൻ്റെയും മറ്റു ബിൽഡിങ്ങുകളുടെയും മുകൾ ഭാഗത്തും നമുക്ക് കാണാനാകും. വിവിധ ദേശങ്ങളിൽ നിന്ന് രാജ്യത്തിന്റെ പ്രതിരോധത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി നിൽക്കുന്ന യോദ്ധാക്കൾ. മലയാള ശബ്ദങ്ങൾ കേൾക്കുമ്പോൾ സുഖവിവരങ്ങളും യാത്ര ഉദ്ദേശ്യങ്ങളും ചോദിക്കുന്ന പട്ടാളക്കാർ വലിയ ആശ്വാസമാണ്. അതിലുപരി അഭിമാനവും. നമ്മുടെ നാട്ടുകാർ രാജ്യത്തിൻ്റെ അതിർത്തി കാക്കുന്നതിലുള്ള അഭിമാനം. 

ജമ്മുവിൽ നിന്നും കാശ്മീരിലേക്ക് ബസ്മാർഗ്ഗവും ഷെയർടാക്‌സി മാർഗ്ഗവുമാണുള്ളത്. ജമ്മുവിൽ നിന്നും ഉധംപൂർ വരെ ട്രെയിനായിരുന്നു യാത്രമാർഗ്ഗം, ഉത്തരേന്ത്യയിലെത്തിയാൽ ട്രെയിനിലെ റിസർവേഷൻ ബോഗികളും അൺറിസർവേഷൻ ബോഗികളും സമമാണ്. ഓരോ സ്റ്റേഷനുകളിൽ നിന്നും ഒരുപാട് ആളുകൾ ട്രെയിനിലേക്ക് കൂട്ടത്തോടെ കയറുന്നു. നിശ്ചയിച്ചിട്ടില്ലാത്ത ഇരിപ്പിടങ്ങളിൽ വന്നിരുന്ന് മറ്റുള്ളവരോട് തർക്കിക്കുന്നു. ഇങ്ങനെ ഒത്തിരി കാഴ്ചകളാൽ, ഉധംപൂർ വരെയുള്ള ട്രെയിൻ യാത്ര തീർത്തും പ്രക്ഷുബ്ധമായിരുന്നു. 
ഉധംപൂരിൽ ട്രെയിനിറങ്ങിയ ഉടനെ ടാക്സിക്കാർ ചുറ്റും ഓടിക്കൂടി പല നിരക്കുകളും പറയുന്നു. ആരുടെതും തൃപ്തികരമല്ലാത്തതിനാൽ ഞങ്ങൾ തിരഞ്ഞെടുത്തത് ബസ് യാത്രയാണ്. 

ഉധംപൂരിലെ ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ ബനിഹാലിലെത്തുന്ന ബസ് വന്നു. ബസ്സിൽ നല്ല തിരക്ക്. കാലുകുത്താൻ ഇടമില്ലെങ്കിലും മറ്റു മാർഗ്ഗങ്ങൾ പ്രതീക്ഷയില്ലാത്തതിനാൽ ബസ്സിലേക്ക് വലിഞ്ഞു കയറി. ബസ്സിൽ തിരക്കേറെയാണെങ്കിലും യാത്രക്കാർ പരസ്പര സഹകരണത്തോടെ എല്ലാവരെയും ഉൾക്കൊള്ളാനാകുന്ന വിധത്തിൽ സഹകരിക്കുന്നു. ഈ മാർഗ്ഗം നഷ്ടപ്പെട്ടാൽ മറുത്തൊരു മാർഗ്ഗം അപൂർവ്വമാണെന്നറിഞ്ഞതിനാലാവണം നാട്ടുകാരുടെ ഇത്തരത്തിലുള്ള ഒരു സഹകരണം. 

ഉധംപൂരിൽ നിന്നും ബനിഹാൽ വരെയുള്ള റോഡ്, യാത്രാ മനോഹരവും അതിലുപരി ഭീതിതവുമാണ്. പലപ്പോഴും ഈ റോഡിൽ വലിയ മണ്ണിടിച്ചിലുണ്ടാവാറുണ്ട്, ദിവസങ്ങളോളം യാത്ര തടസ്സപ്പെടാനും ഈ മണ്ണിടിച്ചിൽ കാരണമാവാറുണ്ട്, ദീർഘ യാത്രയായതിനാൽ തന്നെ യാത്രക്കിടയിൽ ഭക്ഷണം കഴിക്കാനും വെള്ളം ശേഖരിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും ഇടക്കിടെ ബസ് സൈഡാക്കുന്നുണ്ട്. ഈ സന്ദർഭങ്ങളിൽ വലിയ മാർക്കറ്റിംഗ് നടക്കുന്നതായി നമുക്ക് കാണാം, ബസ്സിലെ ജീവനക്കാർക്ക് കമ്മിഷൻ ലഭിക്കുന്നിടത്താണ് അവർ ഭക്ഷണത്തിനുവേണ്ടി വാഹനമൊതുക്കുന്നത്. അവിടെ നിന്ന് ബസ് ജീവനക്കാർക്ക് സൗജന്യ ഭക്ഷണവും കുറച്ചു പൈസയും ലഭിക്കുന്നു, ജീവിതനൗകയെ പരിക്കേൽപ്പിക്കാതെ കരക്കടുപ്പിക്കാനുള്ള ഒരു തോണിക്കാരന്റെ കരുതലിനെ നമുക്കവരുടെ മുഖങ്ങളിൽ നിന്നും ദർശിക്കാം. 

ചെനാബ് നദിക്കരയിലൂടെയുള്ള ബസ് യാത്ര തീർത്തും മനോഹരമായിരുന്നു. താഴെ കളകളാരവങ്ങളോടെ കുത്തിയൊഴുകുന്ന ചെനാബ് നദി, ഈ നദിയുടെ ഏകദേശം 16 മീറ്റർ ഉയരത്തിലാണ് റോഡുള്ളത്, സുരക്ഷ വേലികളില്ലാത്ത മണ്ണിടിച്ചിൽ ഭയക്കുന്ന നദിയുടെയോരം ചേർന്ന് ഈ റോഡിലൂടെയുള്ള യാത്രയായിരുന്നു കാശ്മീർ യാത്രയിലെ ഏറ്റവും പേടിപ്പെടുത്തിയ രംഗം. 

ചെനാബ് നദിക്കരയിലൂടെയുള്ള അപകടയാത്രക്ക് വിരാമമിടാനിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ ചെനാബ് നദിക്ക് കുറുകെ ഇന്ത്യൻ റെയിൽവേ നിർമ്മിച്ചത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ്. നദിക്ക് മുകളിൽ 359 മീറ്റർ ഉയരത്തിൽ നിർമ്മിച്ച ഈ പാലത്തിന് പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമാണുള്ളത്. നിലവിൽ ഇന്ത്യൻ റെയിൽവേ പാലത്തിലൂടെ വിജയകരമായി ട്രയൽ റൺ പൂർത്തീകരിച്ചിരിക്കുന്നു. പാലം യാഥാർത്ഥ്യമാകുന്നതോടെ ജമ്മു കാശ്മീരിലെ ഗതാഗത രംഗത്ത് നിലനിൽക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇല്ലാതെയാവുന്നത്. 

ബനിഹാലിൽ ബസിറങ്ങിയ ഞങ്ങൾ ശ്രീനഗറിലെത്താൻ ആശ്രയിച്ചത് ട്രെയിനായിരുന്നു, രാജ്യത്തെ ഏറ്റവും സുന്ദരമായ റെയിൽവേ റൂട്ടാണ് ബനിഹാൽ മുതൽ ശ്രീനഗർ വരെ. 

റെയിൽപാളത്തിനിരുവശവും കടും മഞ്ഞ നിറത്തിലുള്ള പൂക്കളെ കാണാം. ഞങ്ങളുടെ യാത്രാസമയം വൈകുന്നേരമായതിനാൽ തന്നെ സൂര്യകിരണങ്ങളുടെ ഒളിഞ്ഞുനോട്ടവും തണുപ്പ് നിറഞ്ഞ കാറ്റും യാത്രക്കൊത്തിരി മനോഹാരിത നൽകി. മനോഹരമാണ് ശാന്തത നിറഞ്ഞ പരിസരം, റെയിൽവേയിലൂടെ അലക്ഷ്യമായി നടക്കുന്നവരെ പോലീസുകാർ താക്കീത് നൽകി അകത്തേക്ക് കയറ്റുന്നു. എന്ത് മനോഹരമായിട്ടാണ് കാശ്മീരികൾ അന്യനാട്ടുകാരെ ട്രീറ്റ് ചെയ്യുന്നത്. അപരിചിതരെ കണ്ടാൽ സുഖവിവരങ്ങളും യാത്ര ഉദ്ദേശ്യവും ആരായുന്നു, വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. റെയിൽപാളത്തിൻ്റെ ഇരുവശങ്ങളിൽ നിന്നും കൈകാട്ടി അഭിവാദ്യമർപ്പിക്കുന്ന ഗ്രാമീണർ യഥാർത്ഥത്തിൽ ഞങ്ങൾക്ക് സ്വാഗതമോതുകയായിരുന്നു. 

ശ്രീനഗറിൽ ട്രെയിനിറങ്ങുമ്പോൾ മഗ്‌രിബിനോടടുത്തിരുന്നു. പള്ളി അന്വേഷിച്ച് ഏറെ പണിപ്പെടേണ്ടി വന്നില്ല, റെയിൽവേയിൽ നിന്ന് ഇറങ്ങുന്നതിൻ്റെ ഇടതുവശത്ത് തന്നെ വലിയൊരു പള്ളി കാണാം, കാശ്മീർ നിർമ്മിതിയുടെ ഒരു പ്രതീകമായി നമുക്ക് അതിനെ കാണാം. ഇഷ്ടിക കട്ടകൾ അടുക്കിവെച്ച് നിർമിച്ചിരിക്കുന്ന മനോഹരമായ പള്ളി. കാശ്മീരിലെ വീടുകളും ബിൽഡിങ്ങുകളുമെല്ലാം ഇതുപോലെ തന്നെയാണ്, നാലു നിലകൾക്ക് മേലെ കെട്ടിടം നിർമ്മിക്കാൻ പെർമിഷനില്ല. പള്ളിയുടെ അകത്ത് പ്രത്യേക അനുഭവമാണ്, അസർ നിസ്കരിച്ച് വേഗത്തിൽ പുറത്തിറങ്ങി ഇരുട്ടുന്നതിന് മുമ്പ് ലക്ഷ്യസ്ഥാനത്ത് എത്തണം. അപ്പോഴാണ് പള്ളി
സെക്രട്ടറി കടന്നുവന്നത്. പരിചയപ്പെട്ടു,  കേരളക്കാരാണെന്നറിഞ്ഞപ്പോൾ അതീവ സന്തോഷത്തോടെ നോമ്പുതുറന്നിട്ട് പോകാമെന്നായി. ആതിഥേയ മര്യാദ കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു അവർ. റൂഹഫ്സയും, കാശ്മീരിലെ പ്രത്യേക പാനീയങ്ങളും പകർന്നു നൽകി. അതിഥികൾ ആയതിനാലാവണം ഞങ്ങൾക്ക് എല്ലാം രണ്ടെണ്ണം വീതം നൽകി. ബാങ്ക് കൊടുക്കുന്നതിന്റെ പത്ത് മിനിറ്റ് മുമ്പ് തന്നെ വിഭവങ്ങൾ എല്ലാം നിരത്തിയിരിക്കും. അവസാന പത്ത് മിനിറ്റ് പ്രാർത്ഥനക്കുള്ള സമയമാണ്. മുത്ത് നബി (സ) യെ വിളിച്ച് കരഞ്ഞു പ്രാർത്ഥിക്കുന്ന കാഴ്ച്ച നയന മനോഹരം തന്നെ. 

നിസ്കാരം കഴിഞ്ഞിറങ്ങിയപ്പോഴാണ് അറിഞ്ഞത് ആ പള്ളി തീർത്തും പട്ടാളക്കാരുടേതാണെന്ന്. അതിന്റെ നിർമ്മാണവും പരിപാലനവും കമ്മിറ്റി അംഗങ്ങളും എല്ലാം പട്ടാളക്കാർ തന്നെ. നോമ്പുതുറക്കാൻ ക്യാമ്പിലേക്ക് ക്ഷണിക്കണമെന്നുണ്ട്. നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ പ്രയാസം അറിയിക്കുകയും വേണ്ട നിർദേശങ്ങൾ തന്ന് ഞങ്ങളെ യാത്രയയക്കുകയുമുണ്ടായി. പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ സമീപത്തുള്ള മലയിൽ ഒരു വെള്ള വര കണ്ടു.അതിനപ്പുറം, പാക്കിസ്ഥാനാണ്.

Questions / Comments:



No comments yet.