സോനാമർഗിലിറങ്ങുമ്പോൾ ദേഹമാസകലം തണുപ്പ് ഇരച്ചുകയറുന്നുണ്ടായിരുന്നു. എങ്ങുനോക്കിയാലും വെള്ളപുതച്ച ഗിരിനിരകൾ, പലയിടങ്ങളിലായി ഹിമകണങ്ങൾ ഒലിച്ചിറങ്ങിയതിൻ്റെ പാടുകൾ.കണ്ണിന് കുളിരേകാൻ ഇതിനപ്പുറം എന്ത് വേണം!
വായിക്കാം:
റമളാനായതിനാൽ മഗ്‌രിബിന് ശേഷമാണ് ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്ന കടകൾ കൂടുതലായി സജീവമാവുന്നത്. ചിക്കൻ, മട്ടൻ, ബീഫ്, മത്സ്യം എന്നിവയുടെ കബാബും മറ്റു വിഭവങ്ങളും സുലഭമാണ് ശ്രീനഗറിൽ. കടയോട് ചേർന്ന് ചെറിയ ഇരിപ്പിടം സംവിധാനിച്ചിട്ടുണ്ടാവും, അവിടെ ഇരുന്നു വേണം പ്രത്യേക രീതിയിൽ തയ്യാറാക്കിയ സോസോട് കൂടെ ഉണക്കറൊട്ടിയും മടക്കിപിടിച്ച് കബാബ് അകത്താക്കാൻ. കഴിക്കുന്നിടത്തേക്ക് ഓരോരുത്തർ വന്ന് സുഖവിവരങ്ങൾ അന്വേഷിക്കുന്നു. ചുറ്റുപാടും ബേക്കറി പലഹാരങ്ങളും ചൂട് വിഭവങ്ങളും അത്തറുകളും വിൽക്കുന്ന ഒത്തിരി കടകളും കാണാം.
ശ്രീനഗറിൽ നിന്ന് ടാക്സി പിടിച്ച് താമസസ്ഥലത്തേക്ക് നീങ്ങി. തണുപ്പ് തിങ്ങിയ അന്തരീക്ഷമായതിനാലാവണം ആബാലവൃദ്ധജനങ്ങളും പുകവലി ശീലമാക്കിയവരാണ്. വളരെ ലാഘവത്തോടെ സിഗരറ്റ് ഉപയോഗിക്കുന്നത് കണ്ടാൽ തന്നെ മനസ്സിലാക്കാം അവർ പാരമ്പര്യമായി ചെയ്തുപോരുന്ന കാര്യമാണിതെന്ന്.
ശ്രീനഗറിലെ ആദ്യദിനത്തെ പ്രഥമ സന്ദർശനം ദാൽ തടാകത്തിലേക്കായിരുന്നു. അവിടുത്തെ പ്രധാന തടാകമാണ് ദാൽ. ജമ്മു കാശ്മീർ ഭരണകൂടത്തിൻ്റെ വേനൽകാല വസതി കൂടിയാണ് ഇവിടം. ശ്രീനഗറിൻ്റെ രത്നം. ഫ്ലോട്ടിംഗ് മാർക്കറ്റുകളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. തടാകത്തിന്റെ പല ഭാഗത്തായി കൃഷി ചെയ്യുന്ന ഉൽപന്നങ്ങൾ അവിടെ വരുന്ന സ്വദേശികൾക്കും വിദേശികൾക്കുമായി വിൽപ്പനക്ക് വെക്കുന്നു. സുബ്ഹ് നിസ്കാരാനന്തരം ആരംഭിക്കുന്ന മാർക്കറ്റ് ഏഴ് മണിയോടെയാണ് സമാപിക്കുക.
കാശ്മീരിലെ രണ്ടാമത്തെ വലിയ തടാകമാണ് ദാൽ തടാകം. 26 ചതുരശ്ര കിലോമീറ്ററാണ് തടാകത്തിന്റെ വ്യാപ്തി. ബ്രിട്ടീഷ് സ്വാധീനത്തിൻ്റെ ബാക്കിപത്രമെന്നോണം വിക്ടോറിയൻ നിർമ്മാണ രീതിയിലുള്ളതാണ് ഇവിടുത്തെ ബോട്ടുകൾ. ഹൗസ് ബോട്ടിംഗ്, ശികാര യാത്രകൾ തുടങ്ങിയവ ആസ്വദിക്കുന്നതിനാണ് പ്രധാനമായും സഞ്ചാരികൾ ഇങ്ങോട്ട് വരുന്നത്. ഹിമാലയൻ മലനിരകൾക്ക് താഴെ തടാകമിങ്ങനെ പ്രതാപത്തോടെ നിലയുറപ്പിച്ചിരിക്കുന്നു. നീന്തൽ, തുഴച്ചിൽ തുടങ്ങിയ ജല വിനോദങ്ങൾ ആസ്വദിക്കാനും ദാൽ തടാകത്തിൽ സൗകര്യമുണ്ട്. യാത്രികരെ കൊണ്ടുവരുന്നതിനായി ഓരോ ഹൗസ് ബോട്ടിനും ശികാരങ്ങളുണ്ട്. ആളുകളെയും, ഒപ്പം ലഗേജും കയറ്റി തുഴഞ്ഞ് നീങ്ങുന്ന കാഴ്ച അതിഗംഭീരമാണ്. തടാകം മൊത്തം കറങ്ങി നടക്കാൻ ആറ് മണിക്കൂറെങ്കിലും സമയമെടുക്കും. വളരെ സ്വാദിഷ്ടമായ ഭക്ഷണം ദാൽ തടാകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഏറെ ആരോഗ്യകരമായ ബസ്മതി റൈസും വെജിറ്റബിൾ കറിയും രുചിയുടെ കാര്യത്തിൽ മുൻപന്തിയിൽ തന്നെ.
ഗേറ്റ് നമ്പർ അഞ്ചിൻ്റെ അടുത്തു നിന്നാണ് ഞങ്ങൾ ശികാര കയറിയത്. ശികാരക്കാരൻ അഹമ്മദ് റസ ഞങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ചു. അദ്ദേഹം പറഞ്ഞ പൈസക്ക് ഞങ്ങൾ വിലപേശി. ഒടുവിൽ ഞങ്ങൾ പറഞ്ഞ പൈസക്ക് അദ്ദേഹം തയ്യാറായി. പൊതുവേ കേരളക്കാർക്കൊരു പേരുണ്ട് 'ജുഗാഡ് വാല' അഥവാ പിശുക്കനെന്ന്. യഥാർത്ഥത്തിൽ ന്യായമായതിന് പൈസ കൊടുക്കാൻ ഒരു പിശുക്കുമില്ലാത്തവരാണ് കേരളക്കാർ. യാത്രയിലുടനീളം അമ്പതുകാരനായ അഹമ്മദ് റസാ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടേയിരുന്നു. പാരമ്പര്യമായി ചെയ്തുപോരുന്ന ജോലിയായതിനാൽ തന്നെ വളരെ പ്രാവീണ്യത്തോടെ അദ്ദേഹം തുഴഞ്ഞുകൊണ്ടേയിരുന്നു. ശികാരയിൽ പാട്ട് വെക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ റമളാൻ ആയതിനാലാണ് പാട്ട് വെക്കാത്തതെന്ന് നർമ്മം നിറഞ്ഞ സ്വരത്തോടെ പറഞ്ഞു. പായയുമായി ഒരു തോണിക്കാരൻ ഞങ്ങളെ സമീപിച്ചു, നോമ്പുണ്ടെന്ന് പറഞ്ഞു വളരെ സ്നേഹത്തോടെ അദ്ദേഹത്തെ ഞങ്ങൾ തിരിച്ചയച്ചു. കുറച്ചു കുഴിഞ്ഞപ്പോൾ മറ്റൊരു തോണിക്കാരൻ വന്ന് കാശ്മീരി പാരമ്പര്യ ഡ്രസുടുത്ത് ഫോട്ടോ എടുക്കാമെന്നായി, അത്യാവശ്യമല്ലാത്തതിനാൽ അതിനെയും ഞങ്ങൾ സ്നേഹത്തോടെ നിരസിച്ചു. സാഹസികത നിറഞ്ഞ കുറച്ചു ഫോട്ടോകളെടുത്ത് ഞങ്ങൾ കരപ്പറ്റി.
ദാൽ തടാകത്തിൽ നിന്നും നാല് കിലോമീറ്റർ മാറിയാണ് തുലിപ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ഏകദേശം 74 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് ഗാർഡനാണിത്. കാശ്മീർ താഴ്‌വരയിൽ പൂകൃഷിയും വിനോദസഞ്ചാരവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2007ലാണ് ഈ ഉദ്യാനം തുറന്നത്. ട്യൂലിപ്പ് കൂടാതെ ഹോളണ്ടിൽ നിന്ന് കൊണ്ടുവന്ന ഹയാസിന്ത്സ്, ഡാഫോഡിൽസ്, റാൻകുലസ് എന്നിവയുൾപ്പെടെ 46 ഇനം പൂക്കൾ നിലവിൽ തുലിപ് ഗാർഡനിലുണ്ട്, ഏകദേശം 73 ഇനം തുലിപ്പും ഇവിടെയുണ്ട്. വർഷത്തിൽ ഒരു മാസം മാത്രമാണ് തുലിപ് ഗാർഡൻ സന്ദർശകർക്ക് തുറന്നു നൽകാറുള്ളത്. 2023 ൽ ഉദ്യാനത്തിന് റെക്കോർഡ് സന്ദർശകരെയാണ് ലഭിച്ചത്. 2023 മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള ഒരു മാസത്തിനിടെ 3,00 വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 365,000 വിനോദസഞ്ചാരികളാണ് ഉദ്യാനം സന്ദർശിച്ചത്.
ദാൽ തടാകത്തിൽ നിന്ന് തുലിപ് ഗാർഡനിലേക്ക് ഓട്ടോറിക്ഷയായിരുന്നു ആശ്രയം. യാത്രാചാർജിനെ കുറിച്ച് വലിയ തർക്കങ്ങൾ ഉടലെടുത്തുവെങ്കിലും നോമ്പുകാരാണെന്ന് പറഞ്ഞപ്പോൾ ആ മനസ്സലിഞ്ഞു. വാഹനത്തിൽ കയറി അൽപം എത്തിയിട്ടും അൽപം കഴിഞ്ഞ് ഇറങ്ങാമെന്നായി. തുലിപ് ഗാർഡൻ കാണാനെത്തിയ മലയാളികളെ കൂടെ അവിടെ സന്ദർശിച്ച് സന്തോഷത്തോടെ മടങ്ങി.
ഹസ്രത്ത് ബാൽ മസ്‌ജിദിലെ സന്ദർശനം നല്ല അനുഭൂതിയായിരുന്നു, പ്രവാചക പ്രേമികൾക്ക് സന്ദർശിക്കാവുന്നതിൽ കാശ്മീരിലെ ഏറ്റവും മികച്ച സ്ഥലമാണ് ഹസ്രത്ത് ബാൽ മസ്ജിദ്. തിരുനബി ശേഷിപ്പുകൾ സംരക്ഷിക്കുന്ന മസ്‌ജിദെന്ന ഖ്യാതി ഹസ്രത്ത് ബാലിന്റെ സൗകുമാരികത വർധിപ്പിക്കുന്നു. ജാതി മത ഭേദമന്യേ ദിനംപ്രതി ആളുകൾ ഇവിടേക്ക് വന്ന് കൊണ്ടിരിക്കുന്നു.
പള്ളിയുടെ മുറ്റം വിശാലമാണ്, മനോഹരമായി നിർമിച്ച ഗാർഡനുകളും ഇരിപ്പിടങ്ങളും പള്ളിമുറ്റത്തെ ഭംഗിയാക്കുന്നു. കാശ്മീരിലെ ഭൂരിഭാഗം പള്ളികളിലും നമുക്കിത് ദർശിക്കാനാവും, വിശാലമായ പള്ളിമുറ്റവും അതിൽ ക്രമീകരിച്ചിരിക്കുന്ന ഗാർഡനുകളും ഉപയോഗപ്പെടുത്തുന്നവർ നിരവധിയാണ്. ഇരിപ്പിടങ്ങളിലിരുന്ന് പതിഞ്ഞ സ്വരത്തിൽ ദിക്റുകളും സ്വലാത്തുകളും നഅ്ത്തുകളും ചൊല്ലുന്ന കാശ്മീരികളെ യഥേഷ്‌ടം കാണാം. മാത്രമല്ല പള്ളികളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നവർ അവരെ ഗാർഡനിൽ കളിക്കാൻ വിടുന്നതിനാൽ, പള്ളിക്കകത്ത് കുട്ടികളുടെ സാന്നിധ്യം ഉണ്ടാവാറില്ല. പ്രാർത്ഥനാനിരതരാവുന്നവർക്ക് വലിയ ആശ്വാസമാണിത്.
വെള്ളിയാഴ്ച ഹസ്രത്ത് ബാലും പരിസരവും ജനനിബിഢമാവും, വിദൂര ദിക്കുകളിൽ നിന്നുപോലും അന്നേദിവസം ആളുകൾ അവിടെക്ക് എത്തിച്ചേരും. ദാൽ തടാകത്തോട് ചേർന്നാണ് ഹസ്രത്ത് ബാൽ സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച ജനങ്ങളുടെ വലിയ തിരക്ക് ഉണ്ടാകുമെന്നതിനാൽ, പള്ളിക്ക് ചുറ്റും കാശ്മീരിലെ ഏറ്റവും വലിയ മാർക്കറ്റും സജ്ജമാകുന്നു. പള്ളിയുടെ ചുറ്റുമതിലിന് പുറത്തുള്ള റോഡിൽ നാനാവശങ്ങളിലായി ഒന്നര കിലോമീറ്റർ ദൂരം കച്ചവടക്കാരുടെ തിരക്കായിരിക്കും. ഡൽഹിയിലെ ജുമാ മസ്‌ജിദ് മാർക്കറ്റിനേക്കാൾ കുറഞ്ഞ വിലയിൽ ഇവിടെ നിന്ന് നല്ല മെച്ചപ്പെട്ട സാധനങ്ങൾ ലഭ്യമാകും.
കാശ്മീർ മാർക്കറ്റുകളിൽ മാംസ വിഭവങ്ങളും എണ്ണക്കടികളും സുലഭമായത് പോലെതന്നെ സുലഭമായ മറ്റൊന്നാണ് കാർപെറ്റുകൾ. വർഷത്തിൽ ഭൂരിഭാഗം സമയവും തണുപ്പ് നേരിടുന്നതിനാൽ വീടകങ്ങളിലും മറ്റും കാർപെറ്റ് അത്യാവശ്യമാണ്. അതിഥികളെ സൽക്കരിക്കുന്ന മുറികളിൽ വിലകൂടിയ മുന്തിയ ഇനം കാർപെറ്റുകൾ വിരിക്കാനും കാശ്മീരികൾ ശ്രദ്ധിക്കാറുണ്ട്. കാർപെറ്റ് മാർക്കറ്റ് സുലഭമായതിനാൽ തന്നെ താരതമ്യേനെ കാർപെറ്റുകൾക്ക് വില കുറവാണ് കാശ്മീരിൽ. മട്ടൻ വിഭവങ്ങൾ കാശ്മീരികൾക്ക് പ്രിയമേറിയതിനാൽ തന്നെ ആടിനെ അറുത്താൽ അതിൻ്റെ ഭൂരിഭാഗവും അവർ ഭക്ഷ്യാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു.
'മദിനസാനി' (രണ്ടാം മദീന ) എന്ന പേരിൽ കൂടി ഈ പള്ളി അറിയപ്പെടുന്നു. പള്ളിയുടെ അകംവശത്ത് ശ്രദ്ധേയമായ ഒരിടത്ത് ഇങ്ങനെ രേഖപ്പെടുത്തിയതായി കാണാം. "ഹസ്രത്ത് ബാലിലെ ചിനാർ മരങ്ങൾക്ക് കീഴെ ഞാൻ കാത്തിരിക്കുന്നു, തെളിച്ചത്തിനായി". കാശ്മീരികൾ അവർക്ക് ആധിയും സങ്കടങ്ങളും വരുമ്പോൾ ആദ്യം എത്താറുള്ളത് ഹസ്രത്ത് ബാലിലേക്കാണ്, 'ബഹുമാന്യ സ്ഥലം' എന്നാണ് ഹസ്രത്ത് ബാലിൻ്റെ അർത്ഥം. വിവാഹം കഴിഞ്ഞാൽ കാശ്മീരി ദമ്പതികൾ ആദ്യമെത്തുന്ന ഒരിടം കൂടിയാണ് ഇവിടം. സന്തോഷ സന്താപ ഘട്ടങ്ങളിൽ കാശ്മീരികളുടെ പ്രധാന അവലംബ കേന്ദ്രമാണ് ഹസ്രത്ത് ബാലെന്ന് സാരം. തിരുശേഷിപ്പുകൾ സൂക്ഷിച്ച് വെച്ചിരിക്കുന്ന സ്ഥലത്തേക്ക് പോകുന്ന ഗോവണിപ്പടിയുടെ ഗ്രില്ലുകളിൽ പിടിച്ച് കണ്ണീർ വാർക്കുന്ന കാശ്മീരികൾ പ്രവാചകപ്രേമത്തിന്റെ പ്രതീകങ്ങളാണ്.
മുഗൾ ഭരണ കാലത്തെ കാശ്മീർ ഗവർണറായിരുന്ന സ്വാദിഖ് ഖാനാണ് 1636ൽ ഹസ്രത്ത് ബാലിന് ശിലയിട്ടത്. വർഷത്തിൽ രണ്ട് തവണയാണ് ഇവിടെ തിരുകേശ പ്രദർശനം നടത്താറുള്ളത്, അന്നേദിവസം നേരത്തെ പള്ളിയിലെത്തി പ്രവാചകപ്രകീർത്തനങ്ങൾ ഉരുവിട്ട് ആ ദിനത്തെ സമ്പുഷ്ടമാക്കുന്നു കാശ്മീരികൾ.
ഹസ്രത്ത് ബാലിലെ മുഫ്തിയോട് സംസാരിച്ച് തിരുകേശം കാണിച്ചു തരുമോയെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ പറഞ്ഞ് അദ്ദേഹം ക്ഷമ ചോദിച്ചു. ഹസ്രത്ത് ബാലിനോട് സലാം പറയാൻ നേരം, നേരത്തെ പരിചയപ്പെട്ട മുഫ്തിയുടെ മകൻ വീട്ടിലേക്ക് നോമ്പ് തുറക്കാൻ വരണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരുപാട് ഒഴിവുകഴിവുകൾ പറഞ്ഞെങ്കിലും ആ ബാല്യമനസ്സ് വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടേയിരുന്നു. പിന്നീടൊരിക്കലാവാമെന്ന് പറഞ്ഞ് കണ്ണുനീർ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ഞങ്ങൾ സലാം പറഞ്ഞിറങ്ങി.
ഇരുപത്തിയേഴാം രാവിൽ തറാവീഹിന് കാശ്മീരിലെ പ്രധാനപ്പെട്ട ഒരു പള്ളിയിലായിരുന്നു. 10:45നാണ് തറാവീഹ് തുടങ്ങുന്നത്.wxx zx a, സുന്നത്തുകളെല്ലാം കൃത്യമായി പാലിച്ചുകൊണ്ടുള്ള മനോഹരമായ ഖിറാഅത്തോടെയുള്ള തറാവീഹ് ആത്മസംതൃപ്തിയോതുന്നതായിരുന്നു. റമളാൻ ദിവസത്തെ രാത്രികളിൽ കാശ്മീരിൽ പട്ടാളനിയന്ത്രണങ്ങൾക്ക് ഇളവുകളുണ്ട്. സാധാരണ രാത്രി പത്തുമണി കഴിഞ്ഞാൽ പുറത്തിറങ്ങാനാവില്ലെങ്കിലും റമളാനിൽ യഥേഷ്ടം പുറത്തിറങ്ങാൻ സാധിക്കും.
ശ്രീനഗറിലെ രണ്ടാമത്തെ ദിവസമായിരുന്നു കാശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സോനാമർഗിലേക്കുള്ള യാത്ര. മഞ്ഞുമലകളാൽ നിബിഢമാണ് സോനാമർഗ്. ശ്രീനഗറിൽ നിന്നും 90 കിലോമീറ്റർ അകലെയാണിത്. സോനാമാർഗിലേക്കുള്ള യാത്ര മനോഹരമായിരുന്നു, ഷെയർ ടാക്സിയിൽ മുമ്പ് പരിചയമില്ലാത്തവരുടെ കൂടെയുള്ള ആ യാത്ര ഒത്തിരി പുത്തൻ പരിചയങ്ങൾ സമ്മാനിച്ചു.
സോനാമർഗിലേക്കുള്ള സുന്ദരമായ പാത സിന്ധ് നദിയുടെ ഓരത്തുകൂടെയാണ് കടന്നുപോകുന്നത്. നദിയുടെ മറുവശത്ത് കൊച്ചു കൊച്ചു ഗ്രാമങ്ങളും വെയിൽ കൊള്ളാനിറങ്ങിയ ഗ്രാമീണരെയും കാണാം. പോകുന്ന വഴികളിൽ മിക്കയിടങ്ങളിലും ചെറുതും വലുതുമായ ദർഗകൾ കാണാനാവും. സോനാമർഗിലിറങ്ങുമ്പോൾ ദേഹമാസകലം തണുപ്പ് ഇരച്ചുകയറുന്നുണ്ടായിരുന്നു. എങ്ങുനോക്കിയാലും വെള്ളപുതച്ച ഗിരിനിരകൾ, പലയിടങ്ങളിലായി ഹിമകണങ്ങൾ ഒലിച്ചിറങ്ങിയതിൻ്റെ പാടുകൾ.കണ്ണിന് കുളിരേകാൻ ഇതിനപ്പുറം എന്ത് വേണം!
ഇറങ്ങിയ ഉടനെ ഞങ്ങൾക്കരികിലേക്ക് പലയാളുകൾ കടന്ന് വന്നു, ചിലർ റൂമുകൾ ഉണ്ടെന്ന് അറിയിക്കുന്നു. ചിലർ മഞ്ഞിൽ സന്ദർശിക്കാനുള്ള വാഹനങ്ങൾടെ സൗകര്യങ്ങൾ അറിയിക്കുന്നു. ഞങ്ങൾ അവിടെയെത്തുമ്പോൾ ഏകദേശം ഉച്ചക്ക് 12 മണിയായിരുന്നു. അവിടുത്തെ പല ഹോട്ടലുകളിലെയും ജീവനക്കാർ മുറ്റത്ത് അടിഞ്ഞുകൂടിയ മഞ്ഞുകൾ നീക്കാനുള്ള കഠിന പരിശ്രമത്തിലാണ്. അവിടുത്തെ ബിൽഡിങ്ങുകളുടെയും വീടുകളുടെയും നിർമ്മാണരീതി തന്നെ തീർത്തും വ്യത്യസ്ത്തമാണ്. കഴിയാവുന്നത്ര ചെരിച്ചാണ് മേൽക്കൂരകൾ നിർമിച്ചിരിക്കുന്നത്. മഞ്ഞ് മേൽകൂരകളിൽ തങ്ങി നിൽക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും പല വീടുകളുടെയും ബിൽഡിങ്ങുകളുടെയും മേൽക്കൂരകളിൽ കട്ടപിടിച്ച മഞ്ഞിൻ കണങ്ങളെ ദർശിക്കാനാവും.
മഞ്ഞുമലകേറാൻ ഞങ്ങളുടെ നാടൻ ചെരിപ്പുകൾക്ക് ശേഷിയില്ലാതിരുന്നതിനാൽ വാടകക്ക് വെച്ചിരിക്കുന്ന ബൂട്ടുകളിൽ നിന്ന് 50 രൂപ കൊടുത്ത് ഓരോന്ന് വാങ്ങി,മഞ്ഞുമല കയറാൻ തുടങ്ങി. സൂര്യൻ കത്തിജ്വലിക്കുന്നുണ്ടെങ്കിലും താഴെ നിന്ന് വരുന്ന തണുപ്പ് മൂലം സൂര്യകിരണങ്ങൾ ലജ്ജിച്ചു തല താഴ്ത്തുന്നു. ചെറിയ ടാർപ്പായകൾ വലിച്ചുകെട്ടിയ ചെറിയ ചായക്കടകൾ കാണുന്നു. ചായക്ക് 30 രൂപയും 10 രൂപയുടെ ന്യൂഡിൽസിന് 60 രൂപയുമാണ് വില. മരം കോച്ചുന്ന തണുപ്പിൽ ആരും ഒരു ചൂട് ചായ കുടിക്കാൻ ആഗ്രഹിക്കുമെന്ന ചിന്ത കാശ്മീരികൾ മാർക്കറ്റാക്കിയെടുക്കുന്നു.
ദീർഘനേരത്തെ മഞ്ഞുമല സന്ദർശനത്തിനൊടുവിൽ മഞ്ഞിലൂടെ കീഞ്ഞ് താഴെയിറങ്ങി. കുറച്ചുനേരം കൂടെ നയന മനോഹാരിത നിറഞ്ഞ ആ കാഴ്ച ആസ്വദിച്ചുകൊണ്ട് അവിടെ നിന്നും തിരിച്ചു. സ്നേഹം പകർന്ന,സ്നേഹത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയ കാശ്മീരിന് വിട. അമീർ ഖുസ്രുവിന്റെ വാക്കുകളിൽ പറഞ്ഞാൽ ഭൂമിയിലെ സ്വർഗത്തിനോട് താൽക്കാലിക വിട.
22 May, 2025 05:52 pm
Saad
ഹിമകണങ്ങൾ ✨✨