ഇമാം അബൂ ഹനീഫ(റ)യുടെ വിയോഗം ഹിജ്റാബ്ദം 150ൻ്റെ രാത്രികളിലൊന്നിലായിരുന്നു. അന്നേ ദിനം തന്നെ മുസ്ലിം ജ്ഞാന ചക്രവാളത്തിൽ രജതശോഭ നിറച്ച് മറ്റൊരു ഉദയാർക്കൻ  പൊട്ടിവിരിഞ്ഞു. കർമശാസ്ത്രത്തിൻറെ ഹിജാസി, ഇറാഖി ധാരകൾ സമന്വയിച്ച ഖുറശീ പണ്ഡിതസാകല്യം തിരുമൊഴി പോലെ വിജ്ഞാനത്തിൻ്റെ വെള്ളിവെളിച്ചം ദിക്കുകളഖിലം നിറച്ചു.

ഒരു സൂര്യൻ അസ്‌തമിക്കുമ്പാേൾ മറ്റൊരു സൂര്യനുദിക്കുന്നു. ഇമാം അബൂ ഹനീഫ(റ)ന്റെ വഫാതും ഇമാം ശാഫിഈ(റ)ന്റെ ജനനവും ഒരേ വർഷത്തിലായതിനെ ഇങ്ങനെ അലങ്കാരികമായി വായിക്കാം. ഇമാം അബൂ ഹനീഫ(റ) വിടവാങ്ങിയ 
ഹിജ്റ 150ൽ തന്നെയാണ് മറ്റൊരു
പണ്ഡിതജ്യോതിസ്സിനെ ഇസ്ലാമിക 
ലോകത്തിന് കനിഞ്ഞു കിട്ടിയത്.
ലോക ഭൂപടമൊന്നാകെ വൈജ്ഞാനിക പ്രഭയിൽ പരിലസിക്കും വിധം ഒരു ഖുറൈശീ പണ്ഡിതൻ വരാനുണ്ടെന്ന മുത്ത് നബിയുടെ വചനത്തിന്റെ അകസാരം ഒന്നര നൂറ്റാണ്ടിനു ശേഷം കടന്നു വന്ന ഇമാം ശാഫിഈ(റ)വാണെന്ന് ഭൂരിപക്ഷ പണ്ഡിതരുടെയും 
അഭിപ്രായം. വിശ്വാസ ശാസ്ത്രത്തിലെ നമ്മുടെ ഇമാം അബുൽ
ഹസനുൽ അശ്അരി(റ) ആണല്ലോ. അശ്അരികൾ യമനികളുമാണ്. 
കര്‍മശാസ്‌ത്രത്തിലെ ഇമാമും യമനിയാകുന്നത് സന്തോഷദായകമാണ്. വിശ്വാസവും കര്‍മശാസ്‌ത്രവും യമനിയാണ് എന്ന ഹദീസ്‌ 
ശ്രദ്ധേയമാണ്. തന്റെ പിതാമഹാന്മാരിലൊരാളും സ്വഹാബിയുമായ ശാഫിഈ (റ) എന്ന മഹാന്റെ പേരിലേക്ക് ചേർത്തിയാണ് ശാഫിഈ എന്ന പേരിൽ ഇമാം പ്രസിദ്ധനായത്.

രണ്ടാം വയസ്സിൽ പിതാവ് ഇദ്രീസ് മരണപ്പെട്ടു. ജനിച്ച് അധികനാൾ കഴിയും മുമ്പേ പിതാവ് മരണമടഞ്ഞപ്പോൾ ഒരു വലിയ പണ്ഡിതനെ വാർത്തെടുക്കാനുള്ള ഉത്തരവാദിത്വം ഉമ്മ ഫാത്തിമയിലാണ് സ്വയം ഏറ്റെടുത്തത്. അവിടുത്തെ പിതൃപരമ്പര ഇങ്ങനെയാണ്. ഇദ് രീസ്‌, അബ്ബാസ്‌, ഉസ്‌മാൻ, ശാഫിഅ്, സാഇബ്, ഉബൈദ്, അബ്ദു യസീദ്, ഹാശിം, മുത്തലിബ്, അബ്ദു മനാഫ്.

ഇമാം ശാഫിഈ(റ) ഖുറൈശിയാണെന്ന ചരിത്ര സത്യത്തിനെതിരെ ചിലർ ഉന്നയിച്ച മറുവാദങ്ങൾ അടിസ്ഥാന രഹിതമാണ്. ഇമാം ബുഖാരിയും ഇമാം മുസ്ലിമും അടക്കമുള്ള പണ്ഡിത ശ്രേഷ്ഠർ ഈ പരമ്പര ശരി വെച്ചിട്ടുണ്ട്. അസദ് ഗോത്രക്കാരിയാണ് ഉമ്മയെന്നാണ് പ്രബലാഭിപ്രായം. ശാഫിഈ ഇമാം തന്നെ ഇങ്ങനെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അലി(റ)ന്റെ മകൻ ഹുസൈൻ(റ) ന്റെ മകൻ അബ്ദുള്ളയുടെ(റ) ന്റെ മകൾ ഫാത്വിമയാണെന്ന് അൽ ഹാഫിള് ഹാകിം(റ) ഉദ്ധരിച്ചിട്ടുണ്ട്. ഈ അഭിപ്രായപ്രകാരം മാതാവും പിതാവും ഖുറൈശിയാണെന്ന് വരും.

പട്ടിണിയിലും പ്രയാസത്തിലുമായിരുന്നിട്ടും ആ ദൗത്യം ഉമ്മ ഭംഗിയായി തന്നെ നിർവഹിച്ചു. സമുന്നത തറവാട്ടുകാരനായിരുന്നുവെങ്കിലും ദരിദ്രനായാണ് ഇമാം ജീവിച്ചത്. തറവാടിത്തം ഉള്ളവരുടെ ദാരിദ്ര്യം നിലവാരം കെട്ട പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമാവുക സ്വാഭാവികം. അതോടൊപ്പം അശരണരുടെ കൂടെ ജീവിക്കാനും അവരുടെ ആവശ്യങ്ങൾ അനുഭവിച്ചറിയുവാനും ദാരിദ്ര്യം മുഖേനെ ഇമാമിന് കഴിഞ്ഞു. പൈതൃകത്തിന്റെ പ്രതാപവും ദാരിദ്ര്യത്തിന്റെ സുഗന്ധവും സമം ചേർന്നപ്പോൾ സമുന്നതമായ ഒരു ജീവിത വിശുദ്ധി കൈവന്നു. മന്ത്രിമാർ ദരിദ്രർക്ക് നൽകുന്ന ഹദ് യകൾ അദ്ദേഹം സ്വീകരിച്ചില്ല. കുടുംബം കൊണ്ട് സമ്പന്നനായിരുന്നു എന്നതാണ് കാരണം. എന്നാൽ രാജാവ് നൽകുന്ന ഹദിയകൾ ദരിദ്രർക്കിടയിൽ വിതരണം ചെയ്യാൻ തല്പരനുമായിരുന്നു.

ഇമാം മാലിക്(റ), ശൈഖ് സൻജി(റ) അടക്കമുള്ള പ്രഗൽഭരായ ഗുരുവര്യരിൽ നിന്നാണ് അറിവ് നേടിയത്. ഹംബലി മദ്ഹബിന്റെ ഇമാമായ ഇമാം അഹ്മദ് ബിൻ ഹമ്പൽ(റ) തന്റെ ശിഷ്യരിൽ പ്രമുഖനാണ്. എന്നാൽ തന്നെക്കാൾ പതിനാല് വയസ്സ് കുറവുള്ള ഇമാം അഹ്മദ് ഇബ്നു ഹമ്പൽ (റ) ഹദീസ് വിജ്ഞാനത്തിൽ പ്രാവീണ്യം നേടിയവരായതിനാൽ അദ്ദേഹത്തിൽ നിന്നും ആ അറിവുകളെ പഠിച്ചെടുക്കാൻ ഇമാം ശാഫിഈ(റ) ശ്രദ്ധിച്ചിരുന്നുവെന്നത് വിജ്ഞാന കുതുകികൾക്ക് നല്ലൊരു മാതൃകയാണ്.

ഏഴാം വയസ്സിൽ തന്നെ ഖുർആനും പിന്നീട് ഹദീസും മന:പ്പാഠമാക്കി. ഹദീസ് പണ്ഡിതരുടെ അടുത്ത് നിന്ന് ഹദീസുകൾ കേൾക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യും. ഓട്ടു കഷ്ണങ്ങളിലോ തോലുകളിലോ എല്ലുകളിലോ എഴുതിവെക്കും. ഒരു പുറം മാത്രം എഴുതി ഉപേക്ഷിച്ച കടലാസ്സുകളും ഗ്രന്ഥങ്ങളും തേടിപ്പിടിച്ച് അവയുടെ മറുപുറത്ത് ഹദീസുകൾ എഴുതിവെച്ചു. ദാരിദ്ര്യം നിമിത്തം വിദ്യാഭ്യാസത്തിന് ആവശ്യമായ പണമില്ലാതെ കഷ്ടപ്പെട്ടെങ്കിലും ഉമ്മയുടെ ഇടപെടലുകൾ മകനെ ജ്ഞാനത്തിന്റെ സഹയാത്രികനാക്കി.

ഇമാമിന്റെ ജീവിതം ജ്ഞാന സഞ്ചാരങ്ങളുടെ ഒരു നൈരന്തര്യം തന്നെയായിരുന്നു. മക്ക, മദീന, യമൻ, ഇറാഖ് തുടങ്ങിയ നാടുകളിലൂടെ ജ്ഞാനനദാഹവുമായി അലയുകയും ഓരോ ദേശത്തുമുള്ള പണ്ഡിത ശ്രേഷ്ഠരിൽ നിന്നും അറിവ് നുകരുകയും ചെയ്തു.

സർവ മേഖലകളിലും തികഞ്ഞ നിപുണനായിരുന്നു എന്നതാണ് മറ്റു ഇമാമുകളിൽ നിന്നും ശാഫിഈ ഇമാമിനെ വ്യതിരിക്തമാക്കുന്നത്. ശുദ്ധമായ അറബി യഥാർത്ഥ സ്രോതസ്സിൽ നിന്ന് പഠിക്കാനായിരുന്നു അടുത്ത ശ്രമം. പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള അനറബികളുമായുള്ള സഹവാസം വഴി ഉണ്ടായേക്കാവുന്ന അറബി ഭാഷയുടെ അനറബി സ്വാധീനം തിരിച്ചറിഞ്ഞ് ഗ്രാമപ്രദേശത്തേക്ക് പുറപ്പെട്ട് ഹുസൈൽ ഗോത്രവുമായി ഇടപഴകി ജീവിച്ചു. അതേക്കുറിച്ച് ഇമാം തന്നെ പറയുന്നു. ഞാൻ മക്കയിൽ നിന്ന് പുറപ്പെട്ട് ഗ്രാമവാസികളായ ഹുസൈൽ ഗോത്രവുമായി ചേർന്നു. അവരുടെ പ്രകൃതിയും ഭാഷയും സ്വായത്തമാക്കി. അറബികളിലേറ്റവും സാഹിത്യ പാരമ്പര്യം അവർക്കായിരുന്നു. അവരോടൊത്ത് യാത്ര ചെയ്യുകയും അവർ ഇറങ്ങുന്നിടത്ത് ഇറങ്ങി പാർക്കുകയും ചെയ്തു. മക്കയിൽ തിരിച്ചെത്തിയപ്പോൾ കവിത നന്നായി വഴങ്ങുന്നുണ്ടായിരുന്നു. സാഹിത്യവും ചരിത്രവും ഏതാണ്ടൊക്കെ പിടികിട്ടിയിരുന്നു. അറബി ഭാഷാ പണ്ഡിത പ്രമുഖനായ അൽ ഇസ്മാഈ പറയുന്നത്, ഹുസൈലുകാരുടെ കവിതകളിൽ എനിക്കുണ്ടായിരുന്ന ചില പിശകുകൾ ഞാൻ തിരുത്തിയത് മുഹമ്മദ് ബിനു ഇദിരീസ് എന്ന ഖുറൈശി ചെറുപ്പക്കാരനിൽ നിന്നായിരുന്നു. പത്തു കൊല്ലത്തോളം ഈ പട്ടണത്തിൽ ചെലവഴിച്ചു. അക്കാലത്താണ് അമ്പെയ്ത്തു വിദ്യയും സ്വായത്തമാക്കിയത്.

ഖുർആൻ, ഹദീസ്, കർമശാസ്ത്രം, വ്യാകരണം, കവിത, അമ്പെയ്ത്ത്, വൈദ്യശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ശാഫിഈ ഇമാമിനോട് ഒരാൾ ചോദിച്ചു. അങ്ങേയ്ക്ക് വിജ്ഞാനത്തിനുള്ള തീക്ഷ്ണത എപ്രകാരമാണ്? മഹാന്റെ മറുപടി, ഞാൻ ഇതുവരെ കേൾക്കാത്ത വിജ്ഞാനത്തിൽ നിന്ന് ഓരോ അക്ഷരങ്ങൾ കേൾക്കുമ്പോഴും എന്റെ അവയവങ്ങൾക്കെല്ലാം കേൾവി ശക്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുമായിരുന്നു. അങ്ങനെയാകുമ്പോൾ അവകൾക്കെല്ലാം ആ വിജ്ഞാനങ്ങൾ കേട്ട് ആസ്വദിക്കാമല്ലോ. അയാൾ വീണ്ടും ചോദിച്ചു. അറിവിനെ അങ്ങ് തേടുന്നത് എങ്ങനെയാണ്? ഇമാമിന്റെ മറുപടി ഇപ്രകാരമായിരുന്നു. ഒരു മകനല്ലാതെ മറ്റാരുമില്ലാത്ത സ്ത്രീ തന്റെ മകൻ നഷ്ടപ്പെട്ടാൽ അവനെ അവൾ എത്രമാത്രം തേടിപ്പോകുമോ അതുപോലെയാണ് ഞാൻ ഇല്മിനെ തേടുന്നത്.(തദ്കിറതുസ്സാമിഅ്:32)

ആഴമേറിയ അറിവിനോടൊപ്പം അല്ലാഹുവിന്റെ മുന്നിൽ നിരന്തരം ആരാധനകളിൽ മുഴുകുന്ന പതിവായിരുന്നു. എല്ലാ ദിവസവും ഖുർആൻ ഒരു ഖത്മും റമദാനിൽ രണ്ട് ഖത്മും വീതം അവിടുന്ന് ഓതിത്തീർക്കാറുണ്ടായിരുന്നുവെന്ന് റബീഅ് ഇബ്നു സുലൈമാൻ പറഞ്ഞിട്ടുണ്ട്.

ഇമാം മാലിക്(റ)ന്റെ അടുത്ത് നിന്ന് ഗുരുത്വത്തോടെ മുവത്വ പൂർണ്ണമായും പഠിച്ചു. അദ്ദേഹത്തിൽ നിന്ന് കർമശാസ്ത്രം പഠിച്ചു. എങ്കിലും ഇടയ്ക്കിടെ ജനങ്ങളെക്കുറിച്ച് അറിയാൻ ഇസ്ലാമിക രാജ്യങ്ങളിൽ ചുറ്റിക്കറങ്ങുകയും ചെയ്യുമായിരുന്നു. ഇടക്ക് മക്കയിൽ ചെന്ന് ഉമ്മയെ കാണാനും ഉപദേശങ്ങൾ സ്വീകരിക്കാനും സമയം കണ്ടെത്തി.

തന്റെ ചിന്തകളെയും ഫത്വകളെയും ലോകം മുഴുവൻ അനുധാവനം ചെയ്യും വിധം ഇസ്ലാമിക ജ്ഞാന ശാഖയെ പൊതുവിലും ഇസ്ലാമിക കർമശാസ്ത്രത്തെ വിശേഷിച്ചും അദ്ദേഹം ജീവസുറ്റതാക്കി. ഖുർആനിലും ഹദീസിലും ഇമാമിനുള്ള പ്രവിശാലമായ ജ്ഞാനപ്പരപ്പിന്റെ ബലത്തിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ ഹനഫി, മാലികി കർമശാസ്ത്രധാരയിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു കർമശാസ്ത്രധാരയുടെ നിർധാരണത്തിലേക്ക് കൊണ്ടെത്തിച്ചു. അതോടെ ശാഫിഈ കർമശാസ്ത്രധാരയുടെ അമരക്കാരനായി മാറി ഇമാം.

ഇമാം ശാഫിഈ(റ) യുടെ ജീവിതത്തിൽ പ്രധാനമായും മൂന്ന് ഘട്ടങ്ങൾ കാണാൻ കഴിയും. ഒന്ന്, ബഗ്ദാദിൽ നിന്നും മക്കയിൽ എത്തിയ ഘട്ടം. ഈ ഘട്ടത്തിലാണ് ശാഫിഈ(റ) വിന്റെ ചിന്തകൾ വികസിക്കുന്നതും അദ്ദേഹം അറിവിന്റെ ആഴങ്ങൾ തേടി സഞ്ചരിക്കുന്നതും. മസ്ജിദുൽ ഹറാമിൽ പ്രത്യേക ഹൽക്ക സജ്ജീകരിക്കുകയും കർമശാസ്ത്ര സ്രോതസ്സുകളെ പരസ്പരം തുലനം ചെയ്യുകയും ചെയ്തു. രണ്ട്, ശാഫിഈ ഇമാം വീണ്ടും ബഗ്ദാദിലെത്തിയ ഘട്ടം. ഹിജ്റ 195ലായിരുന്നുവിത്. തന്റെ കർമ ശാസ്ത്ര നിദാനങ്ങൾ പ്രചരിപ്പിക്കുകയും വിവിധ കർമശാസ്ത്ര പണ്ഡിതരുടെ അഭിപ്രായങ്ങൾ മനസ്സിലാക്കി തന്റെ ഉസ്വൂലിനോട് യോജിക്കുന്നവയെ പ്രബലപ്പെടുത്തുകയുമായിരുന്ന ഈ ഘട്ടത്തിലാണ് ഇമാം ശാഫിഈ (റ) ന്റെ കർമശാസ്ത്രധാരയുടെ ഖദീം (പഴയ നിയമം) രൂപപ്പെട്ടു വന്നത്. മൂന്ന്, ബാഗ്ദാദിൽ നിന്നും ഈജിപ്തിൽ (മിസ്ർ)ൽ എത്തിയ ഘട്ടം. ഹിജ്റ 195ലായിരുന്നു ഇത്. അതുവരെ കാണാത്ത പല കാര്യങ്ങളും അനുഭവങ്ങളും ഇമാം ശാഫിഈ (റ) കണ്ടറിഞ്ഞു. ഈ പുതിയ അനുഭവങ്ങൾ വെച്ച് തന്റെ മുൻകാല അഭിപ്രായങ്ങൾ വിലയിരുത്തുകയും പലതും തിരുത്തുകയും ചെയ്തു. അതാണ് ശാഫിഈ ഫിഖ്ഹിലെ ജദീദ് (പുതിയ നിയമം) എന്ന പേരിൽ അറിയപ്പെടുന്നത്.

മിസ്റിലെത്തിയ ഇമാം തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ശാഫിഈ കർമശാസ്ത്രധാരയുടെ നവീകരണവുമായി കടന്നുവരുന്നത്. ജദീദ് കണ്ടെത്തി എന്നതിനു പുറമേ ഉമ്മ്, ഇംലാഅ്, കിതാബുൽ ഖസാമ, കിത്താബുൽ ജിസിയ തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിക്കുന്നതും ഈ കാലയളവിലാണ്. പിൽക്കാലത്ത് വന്ന ആയിരക്കണക്കിന് കർമശാസ്ത്ര ഗ്രന്ഥങ്ങളുടെ മാതാവായി പിന്നീട് ഇമാമിന്റെ ഉമ്മ് പരിഗണിക്കപ്പെട്ടു.

നാലുവർഷമെന്ന ചുരുങ്ങിയ കാലയളവിനുള്ളിൽ മതവിധികളെല്ലാം പ്രമാണബന്ധിതമായി നിർധാരണം ചെയ്ത് ഒരു കർമശാസ്ത്ര ചിന്താധാര രൂപപ്പെടുത്തിയെടുക്കാൻ ഇമാം ശാഫിഈ(റ) ന് കഴിഞ്ഞു എന്നത് അദ്ദേഹത്തിന് അല്ലാഹു കനിഞ്ഞു നൽകിയ കറാമത്തായാണ് വിലയിരുത്തപ്പെടുന്നത്. ഇബ്നു ഹജർ ഹൈതമി (റ) തന്റെ ഫിഹറസ്ത്തിൽ പറയുന്നു. ഇത് വളരെ ചിന്തനീയമായ, ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ സാധാരണ സംഭവിക്കാൻ സാധ്യതയില്ലാത്തതാണ് ഇമാം ശാഫിഇയുടെ മദ്ഹബിന്റെയും അനുബന്ധ കാര്യങ്ങളുടെയും പ്രവിശാലത. ഹിജ്റ 204ൽ വഫാതാകുമ്പോൾ ഇമാമിന് 54 വയസ്സായിരുന്നു.
لن يبلغ العلم أحد#لا ولو حاوله ألف سنة
إنما العلم عميق بحره#فخذوامن كل شيء أحسنه
ആയിരം വർഷം ശ്രമിച്ചാലും എല്ലാ വിജ്ഞാനങ്ങളും കൂടി ഒരാൾക്കും കരഗതമാക്കാൻ കഴിയില്ല. തീർച്ചയായും അറിവ് ആഴമേറിയ സമുദ്രമാണ് അതിനാൽ എല്ലാ കാര്യങ്ങളിൽ നിന്നും ഏറ്റവും നല്ലത് തിരഞ്ഞെടുക്കുക.(ദീവാനുശ്ശാഫിഈ)

Questions / Comments:



14 November, 2024   11:12 pm

Crawford

Hi, this is a friendly reminder that this may be your last chance for USA based businesses to file claims to receive potential compensation from the Visa/Mastercard $5.5 settlement. https://visasettlementclaim.org

4 July, 2024   07:34 pm

Waganabe Reck

Hi, I just saw your islamsight.org website. I really like the cool design and usability of it. It’s really nice. I have an irresistible offer for you. This is Waganabe. I have a Linkedin upgrade service. I specialized in upgrading anyone's Linkedin account to Premium Business with subscription period of 12 months. The price of this upgrade service is only $99.99 for 12 months subscription. That's only $8.33/month. You no longer need to pay the normal price of $59.99/month. You can learn more here: linkinprem.com Looking forward to upgrading your account. Note: You must not have an active subscription to get upgraded. All the best, Waganabe Reck Linkedin Premium Upgrader specialist proscratcher@gmail.com


RELIGION

അനന്യമായൊരു വിളിയാളമായിരുന്നു ഖലീലുള്ളാഹി ഇബ്റാഹീം നബിയുടെത്. സ്ഥലകാലങ്ങളുടെ തടസ്സങ്ങളില്ലാതെ ആകാശഭൂമികൾക്കിടയിലുള്ള സർവരുമത് കേൾക്കുകയുണ്ടായി....