അനന്യമായൊരു വിളിയാളമായിരുന്നു ഖലീലുള്ളാഹി ഇബ്റാഹീം നബിയുടെത്. സ്ഥലകാലങ്ങളുടെ തടസ്സങ്ങളില്ലാതെ ആകാശഭൂമികൾക്കിടയിലുള്ള സർവരുമത് കേൾക്കുകയുണ്ടായി. ദേശങ്ങളുടേയും, വേഷങ്ങളുടേയും, വർഷങ്ങളുടേയും അകലവുമതിരുകളും ഭേദിച്ച് ആ ക്ഷണത്തിനുള്ള പ്രത്യുത്തരമായി അനേകലക്ഷങ്ങൾ ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. |
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മഹാനായ ഇബ്‌റാഹീം നബി(അ) നടത്തിയ വിളിയാളത്തിന് മറുപടി നല്‍കിക്കൊണ്ട് വിശ്വാസികള്‍ മക്കയിലേക്കൊഴുകാന്‍ തുടങ്ങി. ലോകം വീണ്ടും ഒരു മനുഷ്യ മഹാസമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുകയാണ്. ഒരു നബി കുടുംബത്തിന്റെ ത്യാഗപൂര്‍ണമായ ജീവിതതാളുകളുടെ പുനരാവിഷ്‌കാരമാണ് വിശുദ്ധ ഹജ്ജ്. അതിലൂടെ സര്‍വ്വ പ്രതിസന്ധികളും മറികടക്കാനുളള മനക്കരുത്ത് വിശ്വാസിക്ക് കൈവരുന്നു. ഭാവിജീവിതത്തെ സല്‍പ്രവര്‍ത്തികള്‍കൊണ്ട് ഭാസുരമാക്കാന്‍ അത് പ്രേരകമായിത്തീരുകയും ചെയ്യും. ജംറകളെ എറിഞ്ഞ് പൈശാചിക വൃത്തത്തില്‍ നിന്ന് സ്വയം രാജി പ്രഖ്യാപിക്കാനും അവന്‍ സന്നദ്ധനാകുന്നു. എല്ലാറ്റിനുമുപരി നാഥന്റെ പ്രീതിയും അനുഗ്രഹവും സര്‍വ്വ പാപങ്ങളില്‍ നിന്നുളള മോചനവുമാണ് ഹാജിയെ കാത്തിരിക്കുന്നത്. നബി(സ) പറഞ്ഞു: മോശപ്പെട്ടതൊന്നും ചെയ്യാതെയും ഭാര്യയുമായി വേഴ്ചയിലേര്‍പ്പെടാതെയും ഒരാള്‍ ഹജ്ജ് നിര്‍വഹിച്ചാല്‍ അവന്റെ മാതാവ് അവനെ പ്രസവിച്ച ദിനത്തില്‍ അവന്‍ എങ്ങനെയായിരുന്നുവോ അങ്ങനെ പാപമുക്തനായി അവന്‍ മടങ്ങും.
സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല എന്നും നബി(സ) അരുളിയിട്ടുണ്ട്. ഹജ്ജ് ഉയര്‍ത്തിപ്പിടിക്കുന്ന മാനവികബോധം വര്‍ഗ്ഗ, വര്‍ണ, ഭാഷ, ദേശ വൈവിധ്യങ്ങളെ അപ്രസക്തമാക്കുന്ന മാനവിക സംഗമമാണ് ഹജ്ജ്. ഒരു ഉമ്മത്ത്, ഒരു നാഥന്‍, ഒരേ ഒരു ദൈവദൂതൻ, ഒരേ ഒരു വേദഗ്രന്ഥം, ഒരേയൊരു ഖിബ്‌ല, ഒരേയൊരു ലക്ഷ്യം എന്ന ഒരുമയുടെ ബോധം വിശ്വാസികള്‍ക്കിടയില്‍ അത് വളര്‍ത്തുകയും പരലോകത്തെ മറന്ന് ഭിന്നിച്ച് പോകുന്ന മുസ്‌ലിം സമുദായത്തിനിടയില്‍ സാഹോദര്യം തിരിച്ച് കൊണ്ടുവരികയും ചെയ്യുന്നു.
സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും രാജാവും പ്രജയും ഒരേ വേഷത്തില്‍ ഒരേ കര്‍മത്തില്‍ നിരതരാവുക വഴി അവര്‍ക്കിടയിലുളള അന്തരം അവര്‍ മറന്ന് പോകുന്നു. അഹംഭാവത്തിന്റെയും അധികാര മോഹത്തിന്റെയും കനമുളള ഭാണ്ഡങ്ങള്‍ അഴിച്ച് വെക്കാന്‍ അവര്‍ സന്നദ്ധരാവുകയും ചെയ്യുന്നു. ഹാജി തന്റെ നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് കൂട്ടുകാരോടും കുടുംബാംഗങ്ങളോടും യാത്ര പറയാറുണ്ട്. കൂട്ടു ജീവിതത്തിനിടയില്‍ വന്ന് പോയ പിഴവുകളില്‍ ഖേദം പ്രകടിപ്പിക്കാനും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടാനും ഈ അവസരം അവര്‍ ഉപയോഗപ്പെടുത്തുന്നു. ഇത് അവര്‍ക്കിടയില്‍ സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുകയും ഒരു പുതിയ ജീവിതത്തിന് വഴി തുറക്കുകയും ചെയ്യും. തിരു നബി(സ) പറഞ്ഞുവല്ലോ: ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിയുമായുളള ബന്ധം ഒരു കെട്ടിടത്തിന് തുല്യമാണ്, അതിന്റെ ചില ഭാഗങ്ങള്‍ മറ്റു ഭാഗങ്ങള്‍ക്ക് ശക്തി പകരുന്നു. വിശുദ്ധ ഹജ്ജിലൂടെ വിശ്വാസികള്‍ ഇതാണ് സാക്ഷാത്കരിക്കുന്നത്.
ഇബ്റാഹീമീ കുടുംബം
മെസോപ്പൊട്ടോമിയ എന്ന പേരിലറിയപ്പെട്ടിരുന്ന ആധുനിക ഇറാഖിലാണ് മഹാനായ ഇബ്‌റാഹീം നബി(അ)യുടെ ജനനം. ബഹുദൈവാരാധകരായിരുന്ന തന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും വിശ്വാസാചാരങ്ങളില്‍ അസന്തുഷ്ടനായിരുന്നു കൊച്ചു ഇബ്‌റാഹീം. തുടര്‍ന്ന് നുബുവ്വത്ത് (പ്രവാചകത്വ പദവി) ലഭിക്കുകയും തന്റെ ജനതയെ അദ്ദേഹം സത്യപാതയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രവാചക ദൗത്യ പൂര്‍ത്തീകരണത്തില്‍ ഒരുപാട് വൈതരണികളെ മറികടക്കേണ്ടി വന്നെങ്കിലും തന്റെ ഉത്തരവാദിത്ത നിര്‍വ്വഹണത്തില്‍ ഇബ്‌റാഹീം നബി(അ) വിജയം കണ്ടു. അഹങ്കാരിയായ നംറൂദിന്റെ അഗ്നി കുണ്ഡത്തിന് പോലും ഇബ്‌റാഹീം നബി(അ)യുടെ നിശ്ചയ ദാര്‍ഢ്യത്തെ തളര്‍ത്താനായില്ല.
ഒരുപാട് കാലത്തെ പ്രാര്‍ത്ഥനക്കൊടുവിലാണ് മഹാനായ ഇബ്‌റാഹിം നബി(അ)ക്ക് തന്റെ അനന്തരഗാമിയായി ഒരു കുഞ്ഞ് പിറക്കുന്നത്. കുഞ്ഞിനെ ഇസ്മായില്‍ എന്ന് വിളിച്ചു. തന്റെ പിഞ്ചു പൈതലിന്റെ പിറവിയില്‍ സന്തോഷ വദനനായിരിക്കുന്ന ഇബ്‌റാഹിം നബി(അ)യെ തേടി അല്ലാഹുവിന്റെ പരീക്ഷണമെത്തി. ഭാര്യ ഹാജറാ ബീവിയെയും മകന്‍ ഇസ്മായിലിനെയും കഅ്ബയുടെ സമീപത്ത് കൊണ്ട് പോയി താമസിപ്പിക്കാനുളള കല്‍പനയായിരുന്നു അത്. ഇബ്‌റാഹീം നബി(അ) അതിന് സന്നദ്ധനായി. മരുക്കാറ്റിന്റെ വന്യതീക്ഷണതയില്‍ തന്റെ പ്രിയപത്‌നിയെയും കൈകുഞ്ഞിനേയും ഉപേക്ഷിച്ച് അദ്ദേഹം തിരിച്ചു നടന്നു. ആ സമയത്ത് ഹാജറാ (റ) ചോദിച്ചു: ദൈവ കല്‍പനയാലാണോ താങ്കള്‍ ഞങ്ങളെ ഇവിടെ താമസിപ്പിക്കുന്നത്? ഇബ്‌റാഹിം നബി(അ) പ്രതിവചിച്ചു: അതെ, അതു മതിയായിരുന്നു പ്രിയപ്പെട്ട ഹാജറ(റ)ക്ക്. ദൃഢ ചിത്തയായ അവര്‍ സര്‍വവും അല്ലാഹുവില്‍ അര്‍പ്പിച്ച് അവിടെ കഴിഞ്ഞ്കൂടി.
കയ്യിലുണ്ടായിരുന്ന ഈത്തപ്പഴവും വെളളവും തീര്‍ന്നപ്പോള്‍ കുഞ്ഞ് കരയാനും കാലിട്ടടിക്കാനും തുടങ്ങി. ഹാജറാ ബീവി വെളളമന്വേഷിച്ച് സ്വഫാ, മര്‍വ്വാ കുന്നുകള്‍ക്കിടയിലൂടെ ഓടി. ഒടുവില്‍ അല്ലാഹുവിന്റെ അനുഗ്രഹമെന്നോണം പിഞ്ചു കുഞ്ഞിന്റെ ഇളം കാലുകള്‍ക്കിടയില്‍ നിന്ന് ജലധാര നിര്‍ഗളിച്ചു. ഹാജറയും കുഞ്ഞും ദാഹമകറ്റി. വെള്ളം കണ്ട് ആളുകള്‍ അങ്ങോട്ട് ഒഴുകാന്‍ തുടങ്ങി. സംസം എന്ന പേരില്‍ പ്രസിദ്ധമായ ആ പുണ്യ ജലമാണ് മക്കയില്‍ ഒരു മഹാനാഗരികത പിറവിയെടുക്കാന്‍ ഹേതുവായത്. പിന്നീടൊരിക്കല്‍ ഇബ്‌റാഹീം നബി(അ)ന് ഒരു സ്വപ്ന ദര്‍ശനമുണ്ടായി. തന്റെ പ്രിയപുത്രനെ ബലിയറുക്കണമെന്നതായിരുന്നു അത്. അല്ലാഹുവിന്റെ കല്‍പ്പന അലംഘനീയമാണല്ലോ. ഇബ്‌റാഹീം നബി(അ) ആ പരീക്ഷണത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ചു. തന്റെ കൊച്ചു മകനെയും കൂട്ടി അദ്ദേഹം മിനാ താഴ്‌വരയിലെത്തി ഇസ്മാഈലിനെ അവിടെ കിടത്തി. പക്ഷെ, അറുക്കും മുമ്പ് ജിബ്‌രീല്‍ (അ) സ്വര്‍ഗത്തില്‍ നിന്ന് ഒരു ആടിനെ കൊണ്ടുവന്ന് പരീക്ഷണത്തില്‍ വിജയിച്ച ഇബ്‌റാഹീം നബി(അ)ന് സമ്മാനിച്ചു. അതിനെ അദ്ദേഹം ബലിയറുത്തു.
ഈ ഐതിഹാസിക ജീവിതാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കലാണ് ഹജ്ജും ബലിപെരുന്നാളും. ഇബ്‌റാഹീം നബി(അ)യുടെ ത്യാഗ സന്നദ്ധതയും അര്‍പ്പണ ബോധവുമാണ് അവയിലെല്ലാം പ്രകടമാകുന്നത്. അതുവഴി മാനവിക ലോകത്ത് മാതൃകയാവാനും അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാനും അദ്ദേഹത്തിന് സാധിച്ചു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും ഇബ്‌റാഹീം അല്ലാഹുവിനോട് അനുസരണയുളള ചൊവ്വായ മതത്തിലേക്ക് തിരിഞ്ഞ നേതാവാണ്.
ഹജ്ജിന്റെ കർമ്മശാസ്ത്രം
ഒരാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാകണമെങ്കില്‍ ഒരുപാട് നിബന്ധനകളുണ്ട്.
- 1. മുസ്‌ലിമായിരിക്കുക.
- 2. പ്രായ പൂര്‍ത്തിയാവുക.
- 3. ബുദ്ധിക്ക് സ്ഥിരതയുണ്ടായിരിക്കുക.
- 4. സ്വതന്ത്രനായിരിക്കുക.
- 5. സാമ്പത്തികമായും ശാരീരികമായും ശേഷിയുണ്ടായിരിക്കുക.
- 6. സ്വത്തിന്റെയും ശരീരത്തിന്റെയും കാര്യത്തില്‍ വഴി നിര്‍ഭയമായിരിക്കുക.
- 7. ഹജ്ജ് നിര്‍ബന്ധമായ ശേഷം മക്കയില്‍ എത്തിച്ചേരാനുളള സമയം ഉണ്ടായിരിക്കുക എന്നിവയാണ് പ്രധാന നിബന്ധനകള്‍.
സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരോ വിവാഹബന്ധം ഹറാമായവരോ വിശ്വാസയോഗ്യരായ മറ്റു സ്ത്രീകളോ കൂടെയുണ്ടാവുകയും വേണം. ഈ ശര്‍ത്തുകള്‍ പൂര്‍ത്തിയായ ഏതൊരാള്‍ക്കും ആയുസിലൊരിക്കല്‍ ഹജജ് ചെയ്യല്‍ നിര്‍ബന്ധമാണ്. ഹജ്ജ് നിര്‍ബന്ധമായ ശേഷം അത് നിര്‍വഹിക്കാതെ നീട്ടി വെക്കുകയും പോകാന്‍ കഴിയാത്ത വിധം രോഗ ബാധിതനായിത്തീരുകയും ചെയ്താല്‍ മറ്റുളളവരെക്കൊണ്ട് ഹജ്ജ് ചെയ്യിപ്പിക്കല്‍ നിര്‍ബന്ധമാണ്. മറ്റുളളവര്‍ അന്യരായാലും കുഴപ്പമില്ല. ആരായാലും മറ്റൊരു വ്യക്തിക്ക് വേണ്ടി ഹജ്ജ് നിര്‍വ്വഹിക്കുന്ന ആള്‍ തന്റെ സ്വന്തം ഹജജ് ആദ്യം നിര്‍വഹിച്ചവനായിരിക്കണം.
ഹജ്ജിന് ആറ് ഫർളുകളുണ്ട്
- 1. ഇഹ്‌റാം ചെയ്യല്‍: ഹജ്ജിനെ ഞാന്‍ കരുതി എന്നും അല്ലാഹുവിന് വേണ്ടി അതിന് ഞാന്‍ ഇഹ്‌റാം കെട്ടിയെന്നും നിയ്യത്ത് ചെയ്യലാണ് ഇഹ്‌റാം.
- 2. അറഫയില്‍ സന്നിഹിതനാകല്‍: ദുല്‍ഹിജ്ജ ഒമ്പതിന്റെ ഉച്ചക്ക് ശേഷവും പത്തിന്റെ പ്രഭാതത്തിന്നുമിടയിലാണ് അറഫയില്‍ സംഗമിക്കേണ്ടത്. മസ്ജിദു ഇബ്‌റാഹീമും നമിറയും അറഫയുടെ ഭാഗമല്ല. നടന്നോ ഇരുന്നോ ഉറങ്ങിയോ എങ്ങനെ ഹാജറായാലും ഈ ഫര്‍ള് വീടുന്നതാണ്.
- 3. ഇഫാളത്തിന്റെ ത്വവാഫ്: അറഫക്ക് ശേഷമാണ് ഈ ത്വവാഫ് നിര്‍വ്വഹിക്കേണ്ടത്. ദുല്‍ ഹിജ്ജ പത്താം രാവിന്റെ പകുതി മുതലാണ് ഇതിന്റെ സമയം ആരംഭിക്കുന്നത്.
- 4. സഅ്‌യ്: ത്വവാഫിന്റെ ശേഷം സ്വഫാ-മര്‍വ്വാ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം നടക്കുന്നതിനാണ് സഅ്‌യ് എന്ന് പറയുന്നത്. സ്വഫയില്‍ നിന്നാണ് നടത്തം ആരംഭിക്കേണ്ടത്.
- 5. മുടി നീക്കല്‍: തലയില്‍ നിന്ന് ചുരുങ്ങിയത് മൂന്ന് മുടിയെങ്കിലും നീക്കിയാലേ ഈ ഫര്‍ള് വീടുകയുളളൂ. സ്ത്രീകള്‍ക്ക് വെട്ടലും പുരുഷന്മാര്‍ക്ക് കളയലുമാണ് ഉത്തമം.
- 6. തര്‍ത്തീബ്: ഇഹ്‌റാം കെട്ടിയ ശേഷം അറഫയില്‍ നില്‍ക്കുക, മുടി കളയലിനും ഇഫാളത്തിന്റെ ത്വവാഫിനും ശേഷം സഅ്‌യ് ചെയ്യുക എന്ന ക്രമത്തില്‍ നിര്‍വ്വഹിക്കുന്നതിനാണ് തര്‍ത്തീബ് എന്ന് പറയുന്നത്.
ഫര്‍ളുകളില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ അതിന് പ്രായശ്ചിത്തമായി അറുത്തു കൊടുത്താല്‍ മതിയാവുകയില്ല.