ജബലുറഹ്മ എത്രയധികം മനസ്സുകളെ സ്നേഹത്തിലേക്ക് പുനരാഖ്യാനം ചെയ്തിട്ടുണ്ട്. എത്രവിധം വൈവിധ്യങ്ങളായ ജീവിതസങ്കല്പങ്ങളെ ഒന്നായി ചേർത്തിട്ടുണ്ട്. ആ കുന്നിൽ പരസ്പരം കാണുമ്പോൾ, അതിൻറെ ഓർമ്മകളിൽ അഭിസംബോധനകളിൽ, ഹൃദയം കൊണ്ട് തൊടുമ്പോൾ പച്ചമനുഷ്യൻ പിഞ്ചുകുഞ്ഞിനെപ്പോലെ പരിശുദ്ധിയിലേക്ക് പിറക്കുന്നു. |
"വിശുദ്ധ നഗരമായ മക്ക സന്ദര്‍ശിക്കാന്‍ എനിക്ക് സൗഭാഗ്യം ലഭിച്ചു. മുഹമ്മദ് എന്ന് പേരുള്ള യുവ മുത്വവ്വിഫിന്റെ കൂടെ കഅബയെ ഏഴ് തവണ ഞാന്‍ പ്രദക്ഷിണം വെച്ചു. സംസം കിണറില്‍ നിന്ന് ദാഹം തീര്‍ത്തു. സഫ മര്‍വ്വ കുന്നിന്‍ചെരുവുകള്‍ക്കിയില്‍ ഏഴ് തവണ ഓടി. പുരാതന നഗരമായ മിനയില്‍ വെച്ച് പ്രാര്‍ത്ഥനാ നിരതനായി. അറഫയില്‍ വെച്ചും പ്രാര്‍ത്ഥിച്ചു. ലോകത്തിന്റെ പല ദിക്കുകളില്‍ നിന്നായി പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ അവിടെയുണ്ടായിരുന്നു. നീലക്കണ്ണുള്ള വെളുത്തവര്‍ മുതല്‍ തൊലി കറുത്ത ആഫ്രിക്കക്കാരടക്കം പല വര്‍ണ്ണങ്ങളിലുമുള്ളവര്‍. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആവേശത്തോടെ ഞങ്ങളനുഷ്ടിച്ചിരുന്നത് ഒരേ ആചാരങ്ങള്‍ തന്നെയായിരുന്നു. വെളുത്തവര്‍ക്കും കറുത്തവര്‍ക്കും ഇടയിൽ ഒരിക്കലും സംഭവിക്കാനിടയില്ല എന്ന് എന്റെ അമേരിക്കന്‍ അനുഭവം എന്നെ പഠിപ്പിച്ച കാര്യങ്ങളായിരുന്നു ഇതെല്ലാം. അമേരിക്ക ഇസ്‌ലാമിനെ മനസിലാക്കേണ്ടതുണ്ട്. കാരണം ഈ ഒരൊറ്റ മതം മാത്രമാണതിന്റെ സാമൂഹികതയില്‍ നിന്ന് വംശീയതയെ ഇല്ലായ്മ ചെയ്തത്"
- മാൽക്കം എക്സ്
ഇസ്‌ലാമിനെ അറിഞ്ഞനുഭവിച്ചവർക്കെല്ലാം ഇസ്‌ലാമിനോട് കൂടുതൽ അടുപ്പവും സ്നേഹവും ബഹുമാനവും അനുഭവിക്കാൻ കഴിയുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
ആരുടെയും പ്രഖ്യാപനമില്ലാതെ ആഹ്വാനമില്ലാതെ കൃത്യ സമയത്ത് കൂടിപ്പിരിയുന്ന അപൂർവ്വ സംഗമമായ ഹജ്ജ് തന്നെ ഇസ്‌ലാമിനെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
ലോകത്തിൻ്റെ നാനാ തുറകളിൽ നിന്നും മനുഷ്യൻ ഒഴുകി വന്നു സംഗമിക്കുന്ന ഇടമാണ് മക്കയിലെ അറഫ. വിവിധ സംസ്കാരങ്ങളും ഭാഷകളും
നിറങ്ങളും ഒന്നിക്കുന്ന മനോഹരമായ കാഴ്ച.
ഭൂമിയിലെ ആദ്യ മനുഷ്യൻ മറ്റൊരു മനുഷ്യനെ കണ്ട് മുട്ടിയ സ്ഥലം, പിന്നീട് ഈ ഓർമ പുതുക്കി കൊണ്ട് മനുഷ്യ സംഗമങ്ങളുടെ വേദിയായി മാറുകയായിരുന്നു.
ഇന്നും മനുഷ്യന് മറ്റു മനുഷ്യരെ കണ്ട് മനസ്സിലാക്കാൻ അവസരം നൽകുന്ന ഇടമാണിത്. ഭാഷയും വേഷവും ആകാരവും വിഭിന്നാമായവർ മനുഷ്യൻ മാത്രമായി സംഗമിക്കുന്ന അപൂർവ്വ നിമിഷങ്ങളാണ് അറഫ.
മനുഷ്യനെന്ന വികാര ജീവിയെ, കടിഞ്ഞാണിട്ട് ആത്മ നിയന്ത്രണമുള്ള വിശിഷ്ട ജീവിയാക്കി മാറ്റുന്നതിൽ അറഫക്ക് വലിയ പങ്കുണ്ട്.
മനുഷ്യന് മാലാഖയോളം ഉയരാനാകുമെന്നും എന്നാല് അശ്രദ്ധ പിശാചിനോളം തരം താഴ്ത്തുമെന്നും പറഞ്ഞു തന്നിട്ടുണ്ട് അറഫ.
ഹിജ്റ പത്താം വർഷമായിരുന്നു ഹജ്ജത്തുൽ വിദാഅ്. നബി യുടെ ജീവിത ത്തിലെ ഏക ഹജ്ജിന് സാക്ഷ്യം വഹിച്ച വർഷം. അന്ന് അറഫാ മൈതാനിയിൽ ഒരുമിച്ച് കൂടിയ മനുഷ്യ സാഗരത്തോട് നബി (സ) ഒത്തിരി കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇസ്‌ലാമിൻ്റെ മാനുഷിക മൂല്യങ്ങളെല്ലാം ജീവിതത്തിലൂടെ വരച്ച് കാണിച്ചിട്ട് മുത്ത് നബി (സ) വിളിച്ചു ചോദിക്കുന്നുണ്ട്, ഞാൻ അറിയിച്ചു തന്നില്ലെയോ" എന്ന്, അഥവാ നല്ല മനുഷ്യനെ കാണിച്ചു തന്നില്ലെയോ എന്ന്, അറിയാത്തവർക്ക് നിങ്ങള് കാണിച്ചു കൊടുക്കണമെന്ന് അവിടെ കൂടിയവരെ ഏൽപ്പിച്ചിട്ടാണ് റസൂൽ (സ) മടങ്ങുന്നത്.
മനുഷ്യൻ്റെ ആത്മാഭിമാനത്തിൻ്റെ മൂല്യവും, മനുഷ്യ രക്തത്തിൻ്റെ വിലയും സ്ത്രീ ജന്മങ്ങളുടെ മഹത്വവും അവകാശങ്ങളുമെല്ലാം അവിടെ വെച്ച് ഒരിക്കൽ കൂടി വിളംബരം ചെയ്യപ്പെടുകയുണ്ടായി.
മനുഷ്യന് സ്വന്തത്തിലേക്ക് ചുരുങ്ങാതിരിക്കാൻ, തൊലി വെളുപ്പ് നോക്കി അഹങ്കരിക്കാതിരിക്കാൻ, കുടുംബവും കുലവും പറഞ്ഞു തമ്മിൽ പോരടിക്കാതിരിക്കാൻ അറഫ നൽകുന്ന പാഠം വലുതാണ്, ഹജ്ജിൻ്റെ കർമങ്ങളെല്ലാം തന്നെ അപരനെക്കൂടി ചേർത്ത് നിർത്തുന്നതാണ്.
പുരോഗമനത്തിൻ്റെ പരകോടിയിലെത്തിയെന്ന് ഗീർവാണം മുഴക്കുമ്പോഴും നമുക്ക് അപരനെ ചേർത്ത് നിർത്താൻ മടി തന്നെയാണ്. നമ്മുടെ നിറമില്ലാത്തവരെ, നമ്മുടെയത്ര വൃത്തിയില്ലാത്തവരെ, പണമില്ലാത്തവരെ, ഭാഷയറിയാത്തവരെയൊക്കെ ഉൾക്കൊള്ളാൻ നമുക്ക് പ്രയാസമുണ്ട്. അപരനെ കാണുമ്പോഴുള്ള ഈയൊരു മനം പിരട്ടൽ ഒഴിവാക്കാൻ ഹജ്ജിൽ ചേർന്ന് നടന്നാൽ മതി. അറഫയിൽ നടത്തിയ പ്രഭാഷണമൊന്നുകൂടെ ശ്രവിച്ചാൽ മതി.
നാഥൻ്റെ വിളിക്കുത്തരാമായി മനുഷ്യർ "ലബ്ബൈക" ചൊല്ലി ഹജ്ജിൽ ഒരുമിക്കുമ്പോൾ അവർ ഒരേ രക്ഷിതാവിൻ്റെ അടിമകൾ മാത്രമാണ്. പണത്തിൻ്റെയോ കുടുംബത്തിൻ്റെയോ നിറത്തിൻ്റെയോ ഒന്നും തന്നെ ഗർവ്വ് അവിടെ പ്രകടമാകുന്നില്ല. മനുഷ്യനെന്ന അടിമ, അത്ര മാത്രം.
ഹജ്ജിൽ ആദം നബി (അ) ൻ്റെയും ഹവ്വാ ബീവിയുടെയും ഇബ്രാഹീം നബി യുടെയും ഹാജർ ബീവിയുടേയും ഇസ്മാഈല് നബിയുടെയുമെല്ലാം സ്മരണയുണ്ട്. അഥവാ ഇലാഹീ സ്മരണക്കൊപ്പം ത്യാഗ സന്നദ്ധതയും സമർപ്പണ ബോധവും ക്ഷമയും സഹനവുമെല്ലാം ഉൾച്ചേർന്ന മഹത്തായ ഒരു സൽകർമ്മം. മനുഷ്യനെ മറന്നവർക്ക് വീണ്ടും മനുഷ്യനെ കാണാനും പഠിക്കാനും അറിയാനും പറ്റുന്ന മനോഹരമായ ഇടം.
17 June, 2024 06:00 pm
MUHAMMED ANSAR.R
❣️.......عيد مبارك. تقبل الله منا ومنكم