ഭാഗം- 1
സാമ്രാജ്യത്വ താൽപ്പര്യങ്ങളും ആഗോള സലഫിസത്തിന്റെ രൂപീകരണവും അതോടൊപ്പം അക്കാലഘട്ടത്തിലെ കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യവുമെല്ലാം ചേർത്തിവായിക്കുമ്പോൾ സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായാണ് ഐക്യസംഘമെന്ന പേരിൽ കേരളത്തിലും സലഫി പ്രസ്ഥാനം, രൂപംകൊണ്ടത് എന്ന് കാണാൻ കഴിയും. ചെറുതും വലുതുമായ അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഘട്ടത്തിലാണ് കേരളത്തിൽ ഐക്യസംഘം പിറവിയെടുക്കുന്നത്. ബ്രിട്ടീഷ് ഭരണകൂട ഭീകരതകൾക്കെതിരെയുള്ള പലവിധ പ്രതിഷേധങ്ങളിൽ മുസ്ലിംകളുടെ സാന്നിധ്യം വലിയൊരളവിൽ അവരെ അലോസരപ്പെടുത്തിയിട്ടുണ്ടായിരുന്നു. വിശേഷിച്ചും മലബാറിൽ മാപ്പിളമാരുടെ പോരാട്ടവീര്യത്തിന്റെ കാരണമന്വേഷിച്ചു ബ്രിട്ടൻ എത്തിച്ചേർന്നത് മുസ്ലിംകളുടെ ഐക്യവും മുസ്ലിം പണ്ഡിതരുടെ സ്വാധീനവും സമരത്തിനുള്ള അവരുടെ ആത്മീയ ഊർജങ്ങളുമൊക്കെയാണ്.
അധിനിവേശത്തിനൊപ്പം ക്രിസ്ത്യൻ മിഷണറി ദൗത്യവും കൂടി ലക്ഷ്യമാക്കി കടന്നുവന്ന പാശ്ചാത്യർക്ക് നേരെ ശക്തമായി പോരാടുന്നത് ഇവിടുത്തെ മുസ്‌ലിംകളാണെന്ന് തിരിച്ചറിയുമ്പോൾ, ഏതൊരു ആശയത്തെയാണോ നിർമാർജനം ചെയ്യാൻ ഉന്നം വെച്ചത്, ആ ആശയഗതിക്കാർ തന്നെ തങ്ങളുടെ മുന്നിൽ പ്രതിരോധക്കോട്ട പണിയുമ്പോൾ അവരെ എങ്ങനെ പരാജയപ്പെടുത്തണമെന്നു തന്നെയായിരിക്കും ബ്രിട്ടീഷുകാർ പ്രാഥമികമായി ചിന്തിച്ചിട്ടുണ്ടാവുക. അതിനോടൊപ്പം ഇതുവഴി തങ്ങളുടെ ലക്ഷ്യ പൂർത്തീകരണം എളുപ്പമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും. 1857ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ നേതൃസ്ഥാനം മുസ്ലിംകൾക്കായിരുന്നുവെന്നതും അവരുടെ പിന്നിൽ അണിനിരന്നവർക്കാകട്ടെ ജാതിമതഭേദ ചിന്തയില്ലായിരുന്നുവെന്നതും ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായൊരു കാര്യമല്ലായിരുന്നു. തുടർന്ന്, മുസ്ലിംകളിൽ നിന്ന് ഇസ്ലാമികാവേശം എടുത്തുകളയുക, അവരെ ഛിന്നഭിന്നമാക്കുക, അവരുടെ ഇന്ത്യൻ പൈത്യകം ചോദ്യം ചെയ്യുക, ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റ സമുദായമായ അവരെ കവച്ചുവെക്കുന്ന രീതിയിൽ മറ്റൊരു ഭൂരിപക്ഷ സമുദായത്തെ സൃഷ്ടിക്കുക, ജനങ്ങളുടെ മനസ്സിൽ പരസ്പരം സംശയവും വിദ്വേഷവും വെറുപ്പും ജനിപ്പിക്കുക തുടങ്ങിയ വഴികളിലൂടെ സാമ്രാജ്യത്വം പ്രവർത്തിക്കാൻ തുടങ്ങി. ബ്രിട്ടീഷ് ഭരണം ഇനിയൊരിക്കലും അവസാനിക്കാത്ത വിധത്തിൽ ഒരു യാഥാർത്ഥ്യമായി മാറിയെന്നും അതുകൊണ്ടുതന്നെ അവരോട് ഏറ്റുമുട്ടുന്നതിനുപകരം സഹകരിക്കുകയാണ് ഭൗതിക നേട്ടങ്ങളുണ്ടാക്കാൻ എളുപ്പവഴിയെന്ന ചിന്ത മുസ്ലിം അഭിജാതവർഗത്തിലുണ്ടാക്കാൻ ബ്രിട്ടീഷുകാർ കഴിവിന്റെ പരമാവധി ശ്രമിച്ചു.
മുസ്ലിംകളിൽ നിന്ന് ഇസ്ലാമികാവേശം എടുത്തുകളയുമ്പോൾ തന്നെ അമുസ്ലിം ജനവിഭാഗവുമായി അവർ ഒരുമിച്ചു മുന്നോട്ട് പോകാനുള്ള സാധ്യത ഇല്ലാതാക്കാനും ബ്രിട്ടീഷുകാർ പരമാവധി ശ്രമിച്ചു. ഒരേ സമയം ഹിന്ദു-മുസ്‌ലിം മതവിഭജനവും, അതോടൊപ്പം തന്നെ മുസ്‌ലിംകൾക്കിടയിലുള്ള ആഭ്യന്തര വിഭജനവും ബ്രിട്ടൻ ഒരുപോലെ നടപ്പിലാക്കാൻ ശ്രമിച്ചു. മുസ്‌ലിം സമൂഹത്തിൻ്റെ കെട്ടുറപ്പിനെ തകർക്കാൻ, ക്രൈസ്തവസമൂഹത്തിൽ ഭിന്നിപ്പിൻ്റെ വിത്തുപാകിയ പ്രൊട്ടസ്റ്റൻ്റ് പ്രസ്ഥാനത്തിൻ്റെ മാതൃകയിൽ വഹാബി പ്രസ്ഥാനത്തിന് തുടക്കമിടുകയായിരുന്നു. അതുവരെ കേരളീയ മുസ്‌ലിംകൾ ജീവിച്ചു പോന്നിരുന്ന ആദർശ-ആത്മീയ-ആചാരരീതികളിൽ നിന്ന് വിഭിന്നമായി ഒരു സങ്കൽപ്പത്തെ പ്രതിഷ്ഠിച്ചു കൊണ്ടാണ്, തങ്ങളുടെ പൂർവപിതാക്കന്മാരെയെല്ലാം മതത്തിനുവെളിയിലാക്കിക്കൊണ്ടാണ് വഹാബിസം കടന്നുവരുന്നത്.
യഥാർത്ഥത്തിൽ, മലയാള നാടിൻ്റെ ഇസ്‌ലാമികാഗമനത്തിന് ഇസ്‌ലാമിൻ്റെ ആവിർഭാവത്തോളം പഴക്കമുണ്ട്. തിരുനബി മദീനയിൽ അനുചരർക്ക് ഇസ്‌ലാമിക പാഠങ്ങൾ പകർന്നു നൽകിയ കാലത്തു തന്നെ സത്യമതത്തെ വരവേറ്റ നാടാണിത്. മാലിക് ബ്നു ദീനാറും കൂട്ടരും പകർന്നു നൽകിയ ഇസ്‌ലാമിക പാഠങ്ങൾ കൃത്യതയോടെയും വ്യക്തതയോടെയും മുസ്‌ലിംകൾ ആവാഹിക്കുകയും അനുസരിക്കുകയും ചെയ്തു. തിരുനബിയും സ്വഹാബത്തും പഠിപ്പിച്ചുതന്ന, മുൻഗാമികളിലൂടെ കൈമാറിവന്ന വിശുദ്ധ ഇസ്‌ലാമിനെ ഒറ്റയടിക്ക് റദ്ദ് ചെയ്ത്, വികലമായ വിശകലനങ്ങളിലൂടെ ഇസ്‌ലാമിനെ പൊതുമധ്യത്തിൽ തെറ്റിദ്ധരിപ്പിച്ച്, പാരമ്പര്യമുസ്‌ലിം വിശ്വാസികളെ ഒന്നടക്കം മതത്തിനു പുറത്താക്കുന്ന ഒരു വിശ്വാസസംഹിതയിൽ എത്രത്തോളം ഇസ്‌ലാമുണ്ടാവും? ഏത് ഇസ്‌ലാമിനെയാണവർ പ്രതിനിധീകരിക്കുന്നത് ? ആർക്കു വേണ്ടിയാണ് അവരിത് പ്രചരിപ്പിക്കുന്നതെന്നത് സ്വാഭാവികമായും ഉരുത്തിരിയുന്ന ചോദ്യങ്ങളാണ്.
അധിനിവേശ നീക്കങ്ങൾക്കും മിഷനറി പ്രവർത്തനങ്ങൾക്കും അനിവാര്യമെന്നോണം മുസ്‌ലിം സമൂഹത്തിനിടയിൽ ഛിദ്രതയുണ്ടാക്കുക എന്നത് ബ്രിട്ടീഷുകാരുടെ അനിവാര്യമായ ദൗത്യമായിരുന്നു. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലെ മുസ്‌ലിം പണ്ഡിതരുടെ ഇടപെടലുകൾ, അവരുടെ ആത്മീയ നേതൃത്വം, വിശ്വാസി സമൂഹത്തെ സമരങ്ങൾക്ക് സജ്ജമാക്കുന്നതിലെ കഴിവും നേതൃപാടവും, മതപരവും സാമൂഹികമായി ദൗത്യ നിർവഹണത്തെ കുറിച്ചുള്ള ഉൽബോധനങ്ങൾ, മാലയും-മൗലിദും-ബൈത്തുകളും നൽകുന്ന, മഖ്ബറകൾ പകർന്നു നൽകുന്ന ആത്മീയതയും സമരോർജവും തുടങ്ങി നിരവധി കാരണങ്ങൾ മുസ്‌ലിം സമൂഹത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു. വിഭജിച്ചു ഭരിക്കുക എന്നത് ബ്രിട്ടീഷുകാരുടെ ഒരു സാമ്രാജ്യത്വ നയമായിരുന്നല്ലോ. മറ്റേത് സമുദായങ്ങളേക്കാളും മുസ്‌ലിം സമുദായത്തിന് പോരാട്ടങ്ങൾക്ക് ശക്തി പകരുന്നത് ആത്മീയതയാണെന്നും അതിനാൽ തന്നെ ആത്മീയഇസ്‌ലാമിന് പകരം രാഷ്ട്രീയ ഇസ്‌ലാമിനെ സമുദായത്തിൽ പ്രതിഷ്ഠിക്കുക എന്നത് ബ്രിട്ടന് അനിവാര്യമായിരുന്നു. ആഗോളതലത്തിൽ സലഫിസം രൂപംപ്രാപിച്ചത് മുതൽ മുസ്‌ലിം സമൂഹത്തിനിടയിൽ അവരുണ്ടാക്കിയ വിഭാഗീയതയും അനൈക്യവും കേരളത്തിലും സമാനമായ ഒന്നിനെ പ്രതിഷ്ഠിക്കാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവും.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ ക്ഷയിപ്പിക്കുക എന്നതോടൊപ്പം, വിശേഷിച്ചും മലബാർ സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന ഘട്ടത്തിൽ, ദീർഘകാലാടിസ്ഥാനത്തിൽ മുസ്‌ലിം സമൂഹത്തിൻ്റെ സാമൂഹിക-സാമ്പത്തിക-വൈജ്ഞാനിക പുരോഗതിയെയാണ് വഹാബിസത്തിലൂടെ ബ്രിട്ടൻ തടസ്സപ്പെടുത്തിയത്. അതുവരെയുള്ള സമരങ്ങളെ മന്ദഗതിയിലാക്കാനെന്നോണം, പോരാട്ടങ്ങൾക്ക് പ്രാപ്തമാക്കിയിരുന്ന ആത്മീയ അംശങ്ങളെ തുടച്ചു നീക്കാനെന്നോണം വഹാബിസം മുസ്ലിംകളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി. മാലയും-മൗലിദും മഖ്ബറകളുമെല്ലാം ശിർക്കിൻ്റേയും അനാചാരത്തിൻ്റേയും അടയാളങ്ങളായി മുദ്രകുത്തപ്പെട്ടു. മുസ്‌ലിം സമൂഹത്തിൻ്റെ എല്ലാനിലക്കുമുള്ള നേതൃത്വങ്ങളായ പണ്ഡിതന്മാരെ അപരിഷ്കൃതരും യാഥാസ്ഥികരുമായി ചിത്രീകരികരിക്കപ്പെട്ടു. പൊതുമധ്യത്തിൽ അവഹേളിച്ചു.
മുസ്ലിം സമൂഹത്തിൽ വഹാബിസം ഇപ്പോഴും ഇത്തരം ആശയങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. പാരമ്പര്യ മുസ്ലിംസമൂഹത്തെ അപരിഷ്‌കൃതരാക്കിയും യാഥാസ്ഥിതികരാക്കിയും ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന വഹാബിസം സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മാപ്പിളമാരുടെ പോരാട്ട വീര്യത്തെ നിർവീര്യമാക്കാൻ ഇത്തരം വാദഗതികൾ മുന്നോട്ടു വെച്ചുകൊണ്ട് മുസ്ലിം സമൂഹത്തിൽ ചിദ്രതയുണ്ടാക്കാൻ എത്രത്തോളം ബ്രിട്ടനെ സഹായിച്ചിട്ടുണ്ടാകും ? 1921-ലെ മലബാർ സമരം മുസ്ലിംകളെ എത്രമേൽ സ്തംഭനാവസ്തയിലാക്കിയോ അത്രതന്നെ ചില 'നവോത്ഥാന' ശ്രമങ്ങളും മുസ്ലിം സമുദായത്തിന്റെ ചില മേഖലകളിലുള്ള സ്തംഭനാവസ്തക്ക് കാരണമായിട്ടുണ്ട്. മലബാർ സമര കാലങ്ങളിൽ കൊളോണിയൽ നിയമ നിർമാണത്തിലൂടെ ബ്രിട്ടീഷുകാർ 'മുസ്ലിം ക്രിമിനലുകളെ' സൃഷ്ടിച്ചതിന് സമാനമായ ഒരു സാഹചര്യമാണ് 'നവോത്ഥാന' ശ്രമങ്ങളിലൂടെ പരിഷ്കർത്താക്കൾ സൃഷ്ടിച്ചത്.
കേരളീയ മുസ്ലീം സമൂഹത്തിന്റെ ധിഷണാപരവും വൈജ്ഞാനികാപരവുമായ ചലനാത്മകതയെ തടസ്സപ്പെടുത്തുന്നതിൽ കേരളത്തിലെ വഹാബി പ്രസ്ഥാനത്തിനും അതിന് അസ്തിവാരമിട്ടവർക്കും തുല്യതയില്ലാത്ത പങ്കാണുള്ളത്. കേരളീയ മുസ്ലിം സമുദായം സംഘടനാവത്കരിക്കപ്പെടുന്നതും അന്നുമുതലാണ്. മതത്തിനകത്തെ ഉത്പതിഷ്ണുക്കളെ പ്രതിരോധിക്കാനെന്നോണം ഒരു അനിവാര്യതയുടെ സൃഷ്ടിയായി രൂപപ്പെട്ടതാണ് സംഘടനാവൽകരണമെങ്കിലും ഇന്ന് കേരളീയ മുസ്‌ലിം സമൂഹം നേരിടുന്ന ഒരു പ്രതിസന്ധി അനിയന്ത്രിതമായ സംഘടനകളാണ്. സമുദായ പുരോഗതിക്ക് ചെലവഴിക്കേണ്ട സമയവും സമ്പത്തും ആഭ്യന്തര സംഘർഷങ്ങളെ തീർപ്പാക്കുന്നതിലേക്ക് മാറ്റിവെക്കുന്നു എന്നത് ഒരു സമുദായമെന്ന നിലയിൽ മുസ്ലീം സമൂഹത്തിന് വരുത്തി വെക്കുന്ന നഷ്ടങ്ങൾ എത്ര വലുതാണ്.? ഇതിന്റെയെല്ലാം പ്രഭവ കേന്ദ്രമെന്ന് നിലയിൽ വഹാബിസം സൃഷ്‌ടിച്ച പ്രത്യാഘാതങ്ങൾ എത്ര വലുതാണെന്നും അതിന്റെ രൂപീകരണത്തിന് വ്യാപനത്തിനും പരിശ്രമിച്ചവരുടെ താല്പര്യം എത്ര ഭീകരമായിരുന്നു എന്നും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
പാശ്ചാത്യർക്ക് ഇസ്ലാമിനോടുള്ള കുടിപ്പകയുടെ ആഗോള യാഥാർഥ്യത്തെ കേരളീയ പരിസരത്തേക്ക് ചേർത്തി വെക്കുമ്പോൾ, ഐക്യസംഘത്തിന്റെ പിറവിയിൽ ബ്രിട്ടനുള്ള പങ്ക്, വിശേഷിച്ചും അധിനിവേശ വിരുദ്ധ സമരസമയത്ത് കേരളീയ മുസ്ലിം സമൂഹത്തിൽ നിന്ന് നേരിട്ട ഭീഷണിയെ ഇല്ലായ്മ ചെയ്യാനുള്ള തങ്ങളുടെ മൗലിക ദൗത്യ പൂർത്തീകരണത്തിനുള്ള ഇടപെടലുകളുടെ ചരിത്രാംശങ്ങൾ പഠിക്കുമ്പോൾ എത്രത്തോളമുണ്ടെന്ന് മനസ്സിലാകും.
ഒരു സമുദായമെന്ന നിലയിൽ ഐക്യത്തിലും സ്നേഹത്തിലും കഴിഞ്ഞുകൊണ്ടിരുന്ന, ആരാധന കർമങ്ങളിലും ആചാര രീതികളിലും പാരമ്പര്യവഴികളെ പിന്തുടർന്നിരുന്ന മുസ്ലിംകൾക്കിടയിലേക്ക് ഭിന്നിപ്പിന്റെ വിത്തുമായി കടന്നുവന്നത് എന്തിനാണ് ? അതും മുസ്ലിംലോകത്തിന് പരിചയമില്ലാത്ത, കേരളക്കാർ കേട്ടിട്ടുപോലുമില്ലാത്ത ഒരു വിശ്വാസസംഹിത മതത്തിനകത്തു തിരുകിക്കയറ്റിയത് എന്തിനാണ് ? അതും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, മാപ്പിളമാരുടെ പോരാട്ടങ്ങളെ, അതിലെ സ്വാധീന ഘടകങ്ങളെ ഇല്ലായ്മ ചെയ്യുന്ന തരത്തിൽ വഹാബിസത്തെ ഇവിടെ കൊണ്ടുവന്നതാരാണ്, ആർക്കുവേണ്ടിയാണ് ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോൾ കേരളത്തിലെ സലഫി മൂവ്മെന്റുകളുടെ ആദ്യരൂപമായ മുസ്ലിം ഐക്യസംഘത്തിന് പിറകിൽ ബ്രിട്ടന്റെ കറുത്ത കരങ്ങളുണ്ട് എന്ന് തീർച്ചയാണ്. പ്രത്യേകിച്ചും ഉസ്മാനിയ ഖിലാഫത്തിനെ തകർക്കാൻ ബ്രട്ടീഷുകാർക്ക് സഹായകരമായ അതേ മുസ്ലിം പ്രത്യേയശാസ്ത്രമാണ്, അതേ സന്ദർഭത്തിൽ കേരളത്തിലും ഉരുവം കൊണ്ടത് എന്ന സത്യം തിരിച്ചറിയുമ്പോൾ. മുസ്ലിം മതപരിഷ്കരണ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തിലും അതിന്റെ ഓരോ ചുവടിലും ബ്രിട്ടീഷുകാരുടെ, പാശ്ചാത്യരുടെ പങ്കാളിത്തം വളരെയധികം ദൃശ്യമാണെങ്കിലും പുതിയ കാലത്ത്, അധിനിവേശ വിരുദ്ധ സമരങ്ങളുടെ മൊത്തം കുത്തക ഏറ്റെടുക്കാൻ മത്സരിക്കുകയാണ് ഇസ്ലാമിസ്റ്റ് സംഘടനകൾ. അതിനപ്പുറത്തേക്ക് അന്ന് പാശ്ചാത്യ-വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകിയവരുടെ പിന്മുറക്കാരെ, പാരമ്പര്യ മുസ്ലിംവിശ്വാസികളെ ഒറ്റുകാരും ബ്രിട്ടന് പാദസേവ ചെയ്തവരായിരുന്നുവെന്ന നരേഷനുകൾ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ചരിത്രത്തിന്റെ യഥാർത്ഥ വസ്തുതകളെ മുൻനിറുത്തി കൗണ്ടർ നരേഷനുകൾക്ക് സമയം അതിക്രമിച്ചിട്ടുണ്ടെന്നു ഈ സമയത്ത് ഓർമപ്പെടുത്തുന്നു.
തുടരും
24 February, 2023 02:16 am
MOHAMMED SHIHABUDHEEN SAQUAFI
Great24 February, 2023 02:58 am
MUHAMMED AJMAL OLAMATHIL
Well done