ഇന്ത്യൻ സാഹിത്യ, രാഷ്ട്രീയ ചരിത്ര മേഖലയിലെ ബൗദ്ധിക സാന്നിധ്യമാണ് തരൂരിയൻ രചനകൾ. ഈ വർഷത്തെ സാഹിത്യോത്സവ് അവാർഡിന് അർഹനായിരിക്കുകയാണ് എംപിയും എഴുത്തുകാരനുമായ ശശി തരൂർ. അദ്ദേഹത്തിന്റെ India: From Midnight to the Millennium, An Era of Darkness: The British Empire in India എന്നീ പ്രധാനകൃതികളുടെ വായനാവിശേഷം.


 ബ്രിട്ടീഷ് ഇന്ത്യ, സ്വതന്ത്ര ഇന്ത്യ എന്നീ രണ്ട് തരംതിരിവുകളിലൂടെയാണ് പൊതുവെ ഇന്ത്യൻ ചരിത്രത്തെ ചർച്ച ചെയ്യാറുള്ളത്.അധിനിവേശ കാലത്തെ സമര സഹന സംഗതികൾക്ക് പ്രാമുഖ്യം നൽകിയാണ് ഇന്ത്യക്കാർ 'ബ്രിട്ടീഷ് ഇന്ത്യ'ക്കാലത്തെ ചരിത്രം കണ്ടെത്താറുള്ളത്. സ്വാതന്ത്രാനന്തര ഇന്ത്യയുടെ ഉയിർത്തെഴുന്നേൽപ്പും തുടർന്നുള്ള രാഷ്ട്രീയ, സാമൂഹിക സംഭവ വികാസങ്ങളുമാണ് പൊതുവെ 'സ്വതന്ത്ര ഇന്ത്യൻ' ചരിത്രങ്ങളിൽ പ്രമേയമാവുന്നത്. ഈ രണ്ട് യുഗങ്ങളെ തീർത്തും വ്യത്യസ്തമായ വീക്ഷണത്തിലൂടെ നിരീക്ഷിച്ച് തയ്യാറാക്കിയതാണ് ശശി തരൂരിന്റെ "ആൻ എറ ഓഫ് ഡാർക്നെസ് (ദി ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ)"യും "ഇന്ത്യ, ഫ്രം മിഡ്‌നൈറ്റ് ടു മില്ലെനിയവും".

'Why Iam Hindu' എന്ന പുസ്തകവുമായി ശശി തരൂർ രാഹുൽ ഗാന്ധിയോടൊപ്പം

  ലിൻസി കെ തങ്കപ്പൻ മലയാളത്തിലേക്ക് "ഇരുളടഞ്ഞ കാലം:ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്" എന്ന പേരിൽ വിവർത്തനം ചെയ്ത ആദ്യപുസ്തകം ബ്രിട്ടീഷുകാരുടെ ഇന്ത്യൻ കോളനിവാഴ്ച്ചയെ വിശദമായി വിലയിരുത്തുന്നതാണ്. തരൂർ 2015 ൽ ഓക്സ്ഫോർഡ് യൂണിയന്റെ ക്ഷണം സ്വീകരിച്ച് 'ബ്രിട്ടൺ അതിന്റെ പ്രാചീന കോളനികളോട് നഷ്ടപരിഹാരത്തിന് കടപ്പെട്ടിരിക്കുന്നു' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയിരുന്നു. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ തന്റെ സുഹൃത്പ്രസാധകൻ ഡേവിഡ് ദാവിദാറിന്റെ നിർബന്ധമാണ് പ്രസ്തുത ഗ്രന്ഥരചനയിലേക്ക് നയിച്ചത്. ബ്രിട്ടീഷ് കൊളോണിയലിസവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ അനുഭവങ്ങളെപ്പറ്റിയുള്ള അടിസ്ഥാന വസ്തുതകൾ അന്വേഷിക്കുന്ന വിദ്യാർഥികൾക്കും, സാധാരണക്കാർക്കും ഒരു മൂല്യവത്തായ സൂചക ഉറവിടമായാണ് ഇത്‌ തയ്യാറാക്കിയിട്ടുള്ളതെന്ന് തരൂർ ആമുഖത്തിൽ എഴുതുന്നു.

  മുഗൾ ചക്രവർത്തി ഔറംഗാസീബിന്റെ കാലത്ത് ലോകസമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുടെ ഓഹരി 27% ആയിരുന്നു. യൂറോപ്പിന്റെ മുഴുവൻ പങ്കും ഒരുമിച്ച് വെച്ചാൽ പോലും അത്രയധികമില്ല. പിൽകാലത്ത് ബ്രിട്ടൻ ഇന്ത്യ വിട്ട് പോകുമ്പോൾ അത് 3% ആയി താഴ്ന്നതിന്റെ ലളിതമായ കാരണം തങ്ങളുടെ നേട്ടത്തിന് വേണ്ടി ഇന്ത്യയെ ഭരിച്ച് ബ്രിട്ടൻ കവർച്ച ചെയ്ത് വളരുകയായിരുന്നു എന്നതാണ്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപീകരണം മുതലുള്ള ഈ കൊള്ളയുടെ സംഭവവികാസങ്ങൾ അക്കമിട്ട് വിശദീകരിക്കുകയാണ് എഴുത്തുകാരൻ.

തരൂരിന്റെ പ്രധാനകൃതികൾ

  ആമുഖത്തിന് മുമ്പ് പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന പ്രധാന സംഭവങ്ങളുടെ നാൾവഴികൾ പ്രതിപാദിക്കുന്നുണ്ട്. തുടർന്നുള്ള വായനയ്ക്ക് ഇത്‌ വളരെയധികം ഉപകാരപ്പെടുന്നു. വർഷങ്ങൾ കൊടുത്ത് നേരെ ഒരു ഖന്ധികയിൽ പ്രധാന സംഭവങ്ങൾ പറഞ്ഞു തന്നുകൊണ്ടാണ് ഇതിന്റെ അവതരണം. 'ഒരു കോർപറേഷന്റെ ഇന്ത്യൻ കീഴടക്കൽ' എന്ന തലക്കെട്ടോടെയാണ് ആദ്യ അദ്ധ്യായമായ 'ഇന്ത്യയെ കൊള്ളയടിക്കൽ' ആരംഭിക്കുന്നത്. ഈ അദ്ധ്യായത്തിലൂടെ തന്നെ ബ്രിട്ടീഷ് ആഗമനത്തിന്റെയും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഉദ്ദേശലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു എന്ന് കാണിക്കുന്നുണ്ട്. വിൽ ഡ്യൂറന്റിന്റെ 'ദി കേസ് ഓഫ് ഇന്ത്യ' പോലുള്ള ഗ്രന്ഥങ്ങൾ റഫറൻസ് ചെയ്‌തും ജെ റ്റി സണ്ടർലാണ്ട്, മോണ്ട്ഗോമറി മാർട്ടിൻ, ദാദാഭായി നവറോജി അടക്കമുള്ള ധാരാളം പ്രമുഖരുടെ വീക്ഷണങ്ങൾ വിശകലനം ചെയ്തുമാണ് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നത്.

 'ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് രാഷ്ട്രീയ ഐക്യം നൽകിയോ?' എന്ന ചോദ്യത്തിലൂടെ കടന്നുപോകുന്ന രണ്ടാമദ്ധ്യായവും, ബ്രിട്ടീഷ് ഭരണവ്യവസ്ഥകളെ പരിശോധിക്കുന്ന മൂന്നാമദ്ധ്യായവും നാം ഇതര ഇന്ത്യൻ ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചറിഞ്ഞതിനേക്കാൾ കൂടുതൽ അവലംബങ്ങൾ ചേർത്തുകൊണ്ട് വിവരിക്കുന്നുണ്ട്. ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തെ ജാതി,വംശ,വർഗ ഇടങ്ങളിൽ ബ്രിട്ടീഷുകാർ എത്രത്തോളം മുതലെടുത്തു എന്ന അന്വേഷണം ശ്രദ്ധേയമാണ്. ഗാന്ധിയുടെ സഹനസമരത്തിലൂടെയുള്ള മുന്നേറ്റങ്ങൾ വിശദീകരിച്ചതും പുസ്തകത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നു. ഒടുവിൽ കൊള്ളയടിക്കപ്പെട്ട ഒരു രാജ്യത്തിന്റെ പ്രാകൃത സമാനമായ ശിഷ്ടജീവിതം കൂടി അവതരിപ്പിച്ച് പുസ്തകം പര്യവസാനിപ്പിക്കുന്നു.

India: From Midnight to Millennium എന്ന പുസ്തകവുമായി നരേന്ദ്ര മോഡിയോടൊപ്പം

  രണ്ടാമത്തെ പുസ്തകമായ 'ഇന്ത്യ,ഫ്രം മിഡ് നൈറ്റ് ടു ദി മില്ലേനിയം' എം.പി സദാശിവനാണ് 'ഇന്ത്യ, അർധ രാത്രി മുതൽ അര നൂറ്റാണ്ട് 'എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. ഡി എച് ലോറൻസ്,ജവഹർ ലാൽ നെഹ്‌റു,റൊമെയിൻ റോളണ്ട് തുടങ്ങിയവർ ഇന്ത്യയെ പ്രതി പറഞ്ഞ ആപ്തവാക്യങ്ങളാണ് പുസ്തകത്തിന്റെ ആദ്യ താളിൽ. ഇതിലും പ്രധാന സംഭവങ്ങളുടെ കാലാനുക്രമ വിവരണം തയ്യാറാക്കിയിട്ടുണ്ട്.

  '1947 ആഗസ്റ്റ് 15 ഇന്ത്യ സ്വതന്ത്രയാവുന്നു" എന്നതിൽ നിന്ന് തുടങ്ങി പുസ്തകം പബ്ലിഷ് ചെയ്ത 1997 ലെ പ്രധാന സംഭവങ്ങളിലൊന്നായ എച് ഡി ദേവഗൗഡയുടെ രാജിയും,ഐ കെ ഗുജ്‌റാളിന്റെ പ്രധാനമന്ത്രി സ്ഥാനാരോഹണവും വരെയുള്ള ചരിത്ര വിവരങ്ങളാണ് പ്രസ്തുത ഗ്രന്ഥത്തിൽ ഉൾകൊള്ളിക്കുന്നത്.

  ഇന്ത്യയുടെ സ്വാതന്ത്രാനന്തര ചരിത്രങ്ങൾ പതിനൊന്ന് അദ്ധ്യായങ്ങളാക്കി തിരിച്ചുകൊണ്ടാണ് അവതരിപ്പിക്കുന്നത്. ''1997 ലെ ആഗസ്റ്റ് 15, സ്വതന്ത്ര ഭാരതത്തിന് അൻപത് വയസാകുന്നു.ഈ അര നൂറ്റാണ്ട് കാലത്ത് എന്തൊക്കെ സംഭവിച്ചു? ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ സ്ഥിതിയെന്താകും? പിന്നെ,ഈ രണ്ട് ചോദ്യങ്ങളുടെയും പ്രസക്തി എന്താണ്?" എന്നീ മൂന്ന് ചോദ്യങ്ങളിലൂടെയാണ് മുഖവുര തുടങ്ങുന്നത്. മൂന്നിനും ഉത്തരം പറയാൻ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കാൽദശകം പിന്നിട്ട വായനക്കാർക്കാണ് കൂടുതൽ സൗകര്യമെന്നത് സാന്ദർഭികമായി സൂചിപ്പിക്കുന്നു.

An Era of Darkness: The British Empire in India എന്ന പുസ്തകത്തിന്റെ കവർ ചിത്രം


  'നാനത്വത്തിൽ ഏകത്വം' എന്ന ഇന്ത്യൻ സൗന്ദര്യത്തെ ഒരു അദ്ധ്യായം മുഴുക്കെ ചർച്ചയ്ക്കിടുകയാണ് തരൂർ. വൈവിധ്യങ്ങളിലെ ഒരുമയെ കൊട്ടിഘോഷിക്കുമ്പോഴും കെട്ടുപോകുന്ന മൂല്യങ്ങളെ പരിശോധിക്കുന്ന എഴുത്തുകളാണ് ഏറെയും. ന്യൂനപക്ഷ പ്രീണനവും, സാമുദായികപരമായ നെഹ്‌റുവിയൻ സ്വപ്നങ്ങളും സംബന്ധിച്ചുള്ള കുറിപ്പുകൾ അതിൽ ഉൾകൊള്ളുന്നു.

  'സ്വാതന്ത്രമല്ല,ഭക്ഷണമാണ് മുഖ്യം. അടിയന്തരാവസ്ഥയും മറ്റ് അടിയന്തര പ്രശ്നങ്ങളും' എന്ന അദ്ധ്യായത്തിൽ ഇന്ത്യൻ ദാരിദ്രരേഖയെ തരൂർ നിശിദ്ധമായി തന്നെ വിമർശിക്കുന്നു. നിലപാടുകളുടെ വ്യക്തമായ വിശദീകരണങ്ങളാണ് പുസ്തകത്തെ മികവുറ്റതാക്കുന്നത്.

  ഇന്ത്യയുടെ രണ്ട് യുഗങ്ങൾക്ക് രണ്ട് പുസ്തകങ്ങളിലായി ചരിത്രം, രാഷ്ട്രീയം എന്നീ രണ്ട് സ്വഭാവങ്ങൾ ചാർത്തി അവതരിപ്പിക്കുന്നതാണ് തരൂരിന്റെ ഭാഷ. രണ്ട് ഗ്രന്ഥങ്ങളും അവതരണ ശൈലിയിൽ സാമ്യം കാണിക്കുന്നുവെങ്കിലും രചനാ രീതിയിൽ ഗണ്യമായ മാറ്റങ്ങൾക്ക് വിധേയപ്പെടുത്തുന്നു.

An Era of Darkness: The British Empire in India യുടെ മലയാളവിവർത്തനത്തിന്റെ കവർ ചിത്രം

  പ്രതിപാദ്യ വിഷയങ്ങളിൽ പ്രമുഖരുടെ അഭിപ്രായങ്ങളെ ശേഖരിച്ച് തുടക്കത്തിൽ തന്നെ പ്രദർശിപ്പിക്കുകയാണ് എഴുത്തുകാരൻ. തുടർന്ന് പുസ്തകത്തിലേക്ക് വഴി നടത്തിയ കാരണങ്ങൾ അറിയിച്ചുള്ള മുഖവുര, ആകെ അവതരിപ്പിച്ചതിന്റെ ചെറുവിവരണം എന്നിവ രണ്ട് പുസ്‌തകത്തിലും ഒരേ രൂപത്തിൽ തന്നെയാണ് കൊടുത്തിട്ടുള്ളത്. രണ്ട് മലയാള വിവർത്തനങ്ങളും നല്ല അവതരണ മികവിനുള്ള ക്രെഡിറ്റ് അർഹിക്കുന്നുണ്ട്.ഡി സി ബുക്‌സാണ് രണ്ടിന്റെയും പ്രസാധകർ. ഗഹനമായ ചരിത്രാവഗാഹമുള്ള തരൂരിന്റെ രചനകൾ പുതുതലമുറയ്ക്ക് ഏറെ പ്രയോജനകരമാണ്.

Questions / Comments:



12 August, 2023   08:47 pm

bury

Nice

11 August, 2023   08:47 pm

sahad

✨????

11 August, 2023   08:16 pm

sahad

✨????