തിരുനബി വർണ്ണനകളെ പോലെ തന്നെ ഹൃദയഹാരിയാണ് തിരുവിളികളുടെ മൊഞ്ച്. മലയാളികളുടെ മനോമുകുരത്തിൽ ഉമ്മ ഉപ്പ എന്നതുപ്പോലെ തറച്ചു പോയ സ്നേഹാഭിവാദ്യങ്ങളിൽ ഒന്നാണ് മുത്തുനബി. നബി മുത്ത് ഉള്ളോട് ചേർത്ത് മലയാളി കോർത്ത പ്രേമോപഹാരങ്ങളുടെ മത്തു മാലയങ്ങനെ നീളുന്നു.
മലയാളി റസൂലിനെ വിളിച്ചത് 'മുത്ത്നബി' എന്നാണ്. ഒരു പേരിനൊപ്പം നവരത്നങ്ങളിൽ പെട്ട മുത്ത് എന്ന് ചേരുന്നത്, ആ പേര് വിളിക്കുന്നയാൾക്ക് അത്രമേൽ പ്രിയപ്പെട്ടതാകുമ്പോഴാണല്ലോ. അങ്ങനെയെങ്കിൽ മുത്ത്നബി എന്ന വിളിയിൽ നിന്ന് തന്നെ മലയാളി നബിയെ പ്രണയിച്ചു തുടങ്ങുകയാണ് എന്നല്ലേ.
ആരായിരിക്കും മുത്ത്നബി എന്ന് വിളിച്ച ആദ്യത്തെ മലയാളി... ആരായാലും അതിലൂടെ ശ്രേഷ്ടമാക്കപ്പെടുന്നത് മലയാളം എന്ന ഭാഷയാണ്. കാരണം, അറബിയടക്കമുള്ള മറ്റൊരു ഭാഷയിലും മുത്ത് എന്നർത്ഥം വരുന്ന പദങ്ങളുപയോഗിച്ചുള്ള പ്രവാചകാഭിധേയമില്ലെന്ന് കാണാം. അറബിയില്‍ لؤلؤة, جوهرة, درة തുടങ്ങിയ പദങ്ങളാണ് സാമാന്യമായി മുത്ത് എന്ന അർത്ഥകൽപ്പനക്കായി ഉപയോഗിക്കാറുള്ളത്. ആഖ്യാനങ്ങൾക്കും അലങ്കാരങ്ങൾക്കും ഈ പദങ്ങൾ പല കവിതകളിലും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ പേരിനൊപ്പം കണ്ടെടുക്കാനാകില്ല.
എങ്ങനെ ആ വിളി വന്നു എന്നൊരു ചോദ്യമുണ്ട്. അതിനുത്തരം തേടിയിറങ്ങിയാൽ പ്രഥമ പ്രപഞ്ചസൃഷ്ടിപ്പിന്റെ ഉള്ളടക്കങ്ങളിലേക്ക് പോകേണ്ടി വരും. മുത്ത്നബിയുടെ ആത്മാവിന്റെ പ്രാഗ് രൂപമായ പ്രകാശമാണല്ലോ പടച്ചവനന്റെ പ്രഥമ സൃഷ്ടിപ്പ്. നബിപ്രകാശത്തിന്റെ (നൂറുന്നബി) പര്യായപദമായി മുത്ത് (جوهرة, درة) എന്ന് ഖുർആൻ വ്യാഖ്യാനങ്ങളിലും സീറകളിലും വന്നിട്ടുണ്ട്. ആത്മാവ് എന്നർത്ഥം വരുന്ന 'റൂഹ്' എന്ന പദത്തിന്റെയയും പര്യായമായി മുത്ത് വന്നിട്ടുണ്ട്. 'അല്ലാഹു ആദ്യം പടച്ചത് എന്റെ പ്രകാശമാണ്/എന്റെ ആത്മാവാണ്/ഒരു മുത്തിനെയാണ്' എന്നെല്ലാം ഹദീസുകളില്‍ വന്നിട്ടുണ്ട്. അഥവാ ഇവയെല്ലാം ഒരേ ആശയത്തെയാണ് ധ്വനിപ്പിക്കുന്നത്. റൂഹുല്‍ ബയാനില്‍ അല്ലാമാ ഇസ്മാഈല്‍ ഹഖി വിശദീകരിക്കുന്നതിങ്ങനെയാണ്: 'ഒറ്റ മുത്ത്, അമൂല്യരത്നം തുടങ്ങിയ വിശേഷണങ്ങളുള്ള നബിപ്രഭയെയാണ് അല്ലാഹു ആദ്യമായി സൃഷ്ടിച്ചത്'.
'നൂറുന്നബി'യെ അല്ലാഹു സൂക്ഷിച്ചു വെച്ചത് ഒരു മുത്തിനകത്തായിരുന്നുവെന്ന വിശദീകരണവും ചില സീറഗ്രന്ഥങ്ങളിലുണ്ട്. അബുല്‍ ഹസന്‍ അല്‍ അശ്അരിയുടെ ശജറതുല്‍ യഖീന്‍ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ കാണാം: 'അല്ലാഹു ആദം നബിയെ സൃഷ്ടിക്കുന്നതിനു മുമ്പ് പ്രകാശത്താലുള്ള ഒരു മരം സൃഷ്ടിച്ചു. പേര് ശജറതുല്‍ യഖീന്‍. ശേഷം മയിലിന്റെ രൂപത്തില്‍ വെളുത്ത മുത്തിനാലുള്ള ഒരു മറക്കകത്ത് നബിപ്രഭയും പടച്ചുവെച്ചു. തുടർന്ന് അതിനെ യഖീന്‍ മരത്തില്‍ പ്രതിഷ്ഠിച്ചു, എഴുപതിനായിരം വർഷം ആ പ്രഭ അല്ലാഹുവിനെ വാഴ്ത്തി'.
പ്രപഞ്ചസൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഈ വിവരണം വീണ്ടും നീണ്ടുപോകുന്നുണ്ട്. ആത്മജ്ഞാന ദർശനങ്ങളിൽ ഗുപ്താർത്ഥങ്ങളുള്ള പ്രയോഗങ്ങളാണ് ഇവയിലെ ത്വഊസ് (മയില്‍), ശജറതുല്‍ യഖീന്‍, ദൂറതുൻ ബൈളാഅ് (വെളുത്ത മുത്ത്) എന്നിവ. ത്വഊസ് എന്നതിന് കേവലം നാം കാണുന്ന പക്ഷിയിനത്തില്‍ പെട്ട മയില്‍ എന്ന അർത്ഥമുണ്ടാവണമെന്നില്ല. യഥാർത്ഥ അർത്ഥം മനസ്സിലാകണമെങ്കില്‍ ആത്മജ്ഞാനികളുടെ ഭാഷയറിയണം. പ്രവാചക നൈർമല്യത്തെ സൂചിപ്പിക്കുന്നതാണ് ഉപരിസൂചിത ഉദ്ധരണിയിലെ വെളുത്ത മുത്ത് എന്ന് പറഞ്ഞ പണ്ഡിതന്മാരരും ഉണ്ട്. ഇമാം സൂയൂത്വിയുടെ ഉദ്ധരണിയില്‍ യാഖൂതുന്‍ ബൈളാഅ് (വെളുത്ത മാണിക്യം എന്നാണ്).
ഖസ്വീദതുല്‍ ഉമരിയ്യയില്‍ ഉമര്‍ ഖാളി ഇക്കാര്യം പറയുന്നു: 'ലില്ലാഹി സബ്ബഹ ഹാദിസന്‍ വ ഖദീമാ, ത്വാഊസു ഹള്റതി ഖുദ്സിഹി മക്തൂമാ' (നാഥസവിധത്തില്‍ ഗോപ്യമായിരുന്ന മയിലിന്റെ സാദൃശ്യ സൗന്ദര്യപ്രഭയായിരുന്ന പുണ്യനബി അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തി)
ഉപരിസൂചിത വിശദീകരണങ്ങളെല്ലാം ചെന്നെത്തുന്നത് നൂറുന്നബിയുടെ പര്യായമായുള്ള, മുത്ത് എന്ന പ്രയോഗ സാധ്യതകളിലേക്കാണ്. മുഹമ്മദീയ പ്രഭാവത്തിന്റെയും പ്രഭയുടെയും നിഗൂഡ രഹസ്യങ്ങളും അവിടുത്തെ വ്യക്തിത്വത്തിന്റെ അതീന്ദ്രിയതയുമാണ് ഇത്തരം വിവരണങ്ങളുൾക്കൊള്ളുന്നത്. മുത്ത് എന്ന പദം വലിയ അർത്ഥങ്ങളുള്ള നബിയാഥാർത്ഥ്യ ങ്ങളിലേക്കുള്ള താക്കോലായി നിലകൊള്ളുന്നു.
മുത്ത്നബി എന്ന വിളിയുടെ അറുത്തുമാറ്റാനാവാത്ത ജനകീയതക്ക് പിന്നിൽ അറബിമലയാളത്തിലെഴുതപ്പെട്ട നബികീർത്തനങ്ങൾ വലിയ ചാലകമായിട്ടുണ്ട്. നൂറുന്നബിയെക്കുറിച്ചുള്ള ഉപരിസൂചിത വിവരണങ്ങൾ, നബിചരിത്രം പ്രമേയമാകുന്ന അറബിമലയാളത്തിലെ ഒട്ടുമിക്ക രചനകളിലും വന്നിട്ടുണ്ട്. പ്രവാചകസൗന്ദര്യത്തെ ഉപമിക്കാനും വർണിക്കാനും നവര്തനങ്ങളിലേക്ക് ചേർത്തി നബിയെ വായിച്ചവരുമുണ്ട്.
കുഞ്ഞായീന്‍ മുസ്ലിയാരുടെ നൂൽമദ്ഹ് ഇക്കാര്യങ്ങളിലേക്ക് വലിയ വെളിച്ചം തരുന്നുണ്ട്. നവരത്നങ്ങളുമായി നബിയെ ഉപമിക്കുന്ന ഈരടികള്‍ ഇതിലൊരുപാടുണ്ട്. മാമണിമുത്ത്, ആരമണിമുത്ത് തുടങ്ങിയ വിവിധ പ്രയോഗങ്ങളും നൂല്മുദ്ഹിൽ നബിയെക്കുറിച്ചുണ്ട്. ഏഴാം ഇശലിലെ 'അണിമുത്ത് നല്ലെ നവമുത്ത് ഇളത്തെ' എന്ന വരിക്ക് 'നവരത്നങ്ങളാല്‍ കോർക്കപ്പെട്ട മാലയാണ് നബി' എന്നാണർത്ഥം . മുത്ത് ഉൾ വഹിക്കുന്ന ഭാവനാക്ഷമതയും സൗന്ദര്യവും നൂൽമദ്ഹില്‍ ഉപയോഗിച്ചത് പോലെ മറ്റൊരു അറബിമലയാളം കാവ്യത്തിലും പിന്നീട് പ്രയോഗിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നൂല്‍മദ്ഹിന്റെ ഘടനയും ഭാഷയും പ്രയോഗങ്ങളും ഉള്ളടക്കം പോലും പിന്നീട് വന്ന നബികീർത്തന രചനകളെ വലിയരീതിയില്‍ സ്വീധീനിച്ചിട്ടുണ്ടെന്ന് നിരീക്ഷിക്കാനാകും.
മോയിന്‍ കുട്ടി വൈദ്യരുടെ ബദ്ർ ഖിസ്സപ്പാട്ടില്‍ നൂറുന്നബിയെക്കുറിച്ച് ഇങ്ങനെ പാടുന്നത് കാണാം:
'പെരിഫം പടഫെല്ലാം ഒരു മുത്താലെ,
പെരിയോന്‍ അമയ്ത്ത് തന്‍ ഖുദ്റത്താലെ'
ഒരു മുത്തിനകത്താണ് അല്ലാഹു മുഹമ്മദ് നബിയുടെ പ്രകാശത്തെ സൃഷ്ടിച്ചുവെച്ചതെന്നും മറ്റു സൃഷ്ടിപ്പുകൾക്കെല്ലാം കാരണമായത് ആ മുത്തായിരുന്നുവെന്നുമാണ് വൈദ്യര്‍ പറയുന്നത്. ഇതേ ആശയം മൂലപ്പുരാണത്തിലും വൈദ്യര്‍ പങ്കുവെക്കുന്നുണ്ട്: 'മൂലപ്പുരാന്‍ അവന്റെയ മുത്തിനാല്‍ പടച്ചു മുന്നേ, മുദലായ് മുവ്വാറ് സാവര്‍ ആലമുക്കും മുമ്പുതന്നെ'. (അല്ലാഹു തന്റെ ഒളിയില്‍ നിന്ന് ഒരു മുത്തിനാല്‍, പതിനെണ്ണായിരം ലോകങ്ങള്‍ പടക്കുന്നതിന് മുമ്പ് പടച്ച് കോലം തിരിച്ച് നബിയെ മറയില്‍ വെച്ചു)
നൂര്‍/റൂഹ് എന്നതിന്റെ പര്യായപദമായിട്ടാണ് വൈദ്യര്‍ മുത്ത് എന്നുപയോഗിച്ചിരിക്കുന്നത്. എന്നാല്‍ നൂൽമദ്ഹിൽ, നൂര്‍ സൂക്ഷിക്കപ്പെട്ടത് മുത്തിനകത്തായിരുന്നുവെന്നുമാണ്. രണ്ടും ശരിയാണ്. പല രൂപത്തില്‍ ഇവ നിവേദനം ചെയ്യപ്പെട്ടതു കൊണ്ടാണ് ഈ വ്യത്യാസം.
മുത്ത് വിശേഷണങ്ങളാല്‍ നബിപ്രണയം വിരിഞ്ഞുനില്ക്കുന്ന എണ്ണമറ്റ വരികള്‍ വൈദ്യരുടേതടക്കം പിന്നീട് പിറവിയെടുത്തു. ഉമര്‍ ഖാളിയുടെ ഖസ്വീദതുല്‍ ഉമരിയ്യയിലും(സ്വല്ലല്‍ ഇലാഹ്) ചേറ്റവായ് പരീക്കുട്ടിയുടെ സൗഭാഗ്യസുന്ദരമാലയിലും മുത്ത് എന്ന പ്രയോഗം കാണാം. സൂഫി കവിയായിരുന്ന ഇച്ചമസ്താന്റെ വിരുത്തങ്ങളിലും മുത്ത് മനോഹരമായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 'മുത്തില്‍ തെളിന്തവരേ' എന്ന് ഇച്ച മസ്താന്‍ തന്റെ 'ദേഹത്തിന്‍ ശാരിക' എന്ന കവിതയില്‍ പറയുന്നത് നൂറുന്നബിയെക്കുറിച്ച് മുകളില്‍ പറഞ്ഞ പ്രമേയം തന്നെയാണ്.
മുത്ത് എന്ന പദത്തെ പലരൂപത്തില്‍ മലയാള കവികള്‍ പിന്നീട് വികസിപ്പിക്കുകയും പരാവർത്തനം നടത്തുകയും ചെയ്യുകയുണ്ടായി. പ്രവാചകപ്രണയത്തിന്റെ മാത്രമല്ല, മലയാള ഭാഷയുടെ തന്നെ സൗന്ദര്യമായി അവ രേഖപ്പെടുത്തപ്പെട്ടു. 'മുത്തൊളി' എന്നാണ് ഇച്ച മസ്താന്‍ പ്രയോഗിച്ചത്. കെ.വി അബൂബക്കര്‍ മാസ്റ്റര്‍ സാരസമുത്ത് എന്ന പ്രയോഗം നടത്തി. മുത്താറ്റല്‍, മുത്ത്റസൂല്‍, മുത്ത്മുസ്ത്വഫാ തുടങ്ങിയ നിരവധി പ്രയോഗങ്ങള്‍ പിന്നീട് വന്നു. പക്ഷേ, ഇവയില്‍ നിന്നെല്ലാം വേറിട്ട് നില്ക്കു ന്നതും പ്രസ്താവ്യമായതുമായ രണ്ട് പ്രയോഗങ്ങളാണ് കൂണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്ന കുണ്ടൂര്‍ ഉസ്താദിന്റെ മുത്ത്മാണിക്യം, ശ്രീ.നാരായണ ഗുരുവിന്റെ മുത്ത് രത്നം എന്നിവ.
'സ്വല്ലി യാ റബ്ബനാ, സ്വല്ലിമന്നാ അലാ,
ത്വാഹ യാസീന്‍, മുത്ത്മാണിക്യമാണ് വ ഹാമീം'
കൂണ്ടൂര്‍ ഉസ്താദിന്റെ ഈ അറബികവിതയില്‍ മുത്ത്മാണിക്യം എന്ന വാക്യം മാത്രമാണ് മലയാളത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. പ്രവാചക സമക്ഷത്തിലേക്കുള്ള യാത്രയിലാണ് ഉസ്താദ് ഈ വരികള്‍ എഴുതുന്നത്. മറ്റു ഭാഷകളില്‍ നിന്ന് പ്രസ്തുത ആശയത്തെ ധ്വനിപ്പിക്കുന്ന പദം കിട്ടാതെ വന്നപ്പോഴാണ് കുണ്ടൂര്‍ ഉസ്താദ് മലയാളത്തിലുള്ള ആ പദം പ്രയോഗിച്ചതെന്ന് പറയപ്പെടുന്നു.
മലയാളത്തില്‍ നബിയെ ആദ്യമായി മുത്ത് രത്നം എന്ന് വിശേഷിപ്പിച്ചത് ശ്രീനാരായണ ഗുരുവാണ്. 'കരുണാവാന്‍ നബി മുത്ത് രത്നമോ' എന്ന അനുകമ്പാദശകത്തിലെ വരി, മുഹമ്മദ് നബിയെ നെഞ്ചോടുചേർത്തു പിടിക്കുന്ന ഗുരുവിന്റെ സ്നേഹപ്രകടനമാണ്. ഒരുപക്ഷേ, മലയാള കവിതാ ലോകത്ത് മുത്ത് എന്ന പദത്താല്‍ നബിയെ അഭിസംബോധന ചെയ്തത് നാരായണ ഗുരു മാത്രമായിരിക്കും.
5 November, 2023 11:37 pm
Muhammed Swafooh OK
Grate research17 October, 2023 10:50 pm
MUHAMMED AJMAL OLAMATHIL
ഈ മുത്തു നബി ആലോചനകൾക്ക് വളരെ പുതുമയുണ്ട്. ഈ റബീഉൽ അവ്വൽ മാസത്തിൽ നബിയെ കുറിച്ച് വായിച്ച മികച്ച ലേഖനം...