വാതിൽക്കൽ താവളമുറപ്പിച്ച ഇന്ത്യയുടെ പൊതുശത്രുവിനെ മറന്ന് ഹിന്ദുവും മുസ്‌ലിമും തമ്മിൽ കലഹിച്ച് ആഭ്യന്തര ശക്തി നഷ്ടപ്പെടുന്ന കാലത്ത് ടിപ്പുവിൻറെ ജീവചരിത്രം ഹൃദയത്തിൽ സന്തോഷത്തിന്റെ അലമാലകൾ സൃഷ്ടിക്കുന്നുണ്ട്. (ഗാന്ധിജി, യംഗ് ഇന്ത്യ)
കൊളോണിയൽ ഭരണം കരുത്തുകാട്ടിയ കാലം, നാട്ടുരാജാക്കന്മാർ കൊളോണിയലിസത്തിന് സ്തുതിഗീതമോതിയ ഘട്ടം, കൃത്യമായി പറഞ്ഞാൽ 1782 മുതൽ 1799 വരെയുള്ള 17 കൊല്ലക്കാലമാണ് മൈസൂർ സുൽത്താൻ നടത്തിയ വിപ്ലവങ്ങൾക്ക് ഇന്ത്യൻ ചരിത്രം സാക്ഷിയായത്. മൈസൂർ നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു ടിപ്പുവിന്റെ പിതാവായ ഹൈദർ അലി . തീവ്രമായ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ കൈകൊണ്ട ഹൈദരലിയുടെ മകനായി 1750 ലാണ് ടിപ്പു ജനിക്കുന്നത്. പിതാവിൽ നിന്നും വ്യത്യസ്തനായി കുട്ടിക്കാലത്ത് തന്നെ ധാരാളം വിജ്ഞാനം സമ്പാദിക്കാൻ ടിപ്പുവിന് സാധിച്ചു. കൊളോണിയൽ ശക്തികളോട് ഒരിക്കൽപോലും സന്ധിയില്ലാത്ത പിതാവിന്റെ വഴി പിന്തുടർന്ന ടിപ്പു 1782-ൽ തന്റെ മുപ്പത്തിരണ്ടാം വയസ്സിലാണ് മൈസൂരിന്റെ ചക്രവർത്തിയായി അധികാരമേൽക്കുന്നത്. ഭൂരിഭാഗം ഇന്ത്യൻ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് വിധേയത്വ നിലപാടുകൾ കൈകൊണ്ടപ്പോൾ ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിലൂടെ വൈദേശിക ശക്തികളെ വിറപ്പിക്കുകയായിരുന്നു മൈസൂരിലെ സുൽത്താൻ. ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന നൈസാമിനെയും മറാഠികളെയും കൂട്ടുപിടിച്ച് ബ്രിട്ടനെതിരെ സഖ്യമുണ്ടാക്കാൻ ടിപ്പു ശ്രമിച്ചെങ്കിലും ടിപ്പുവിനൊപ്പം നിൽക്കാൻ ഇവർ തയ്യാറായിരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ടിപ്പു ഇംഗ്ലീഷുകാരുമായി ഘോരസമരം നടത്തിയ സമയം ഹൈദരാബാദ് ഇംഗ്ലീഷുകാരുമായി ചേർന്നില്ലായിരുന്നുവെങ്കിൽ അവരെ ഇന്ത്യവിടാൻ ടിപ്പു നിർബന്ധിക്കുമായിരുന്നു, എന്ന് യംഗ് ഇന്ത്യയിൽ ഗാന്ധി പറയുന്നുണ്ട്. നാട്ടുരാജാക്കന്മാരുമായി വെല്ലസ്ലി പ്രഭു നടപ്പിലാക്കിയ സൈനിക സഹായവ്യവസ്ഥ നിരസിച്ച ടിപ്പു ഒരിക്കൽ പോലും ബ്രിട്ടീഷുകാരന്റെ അടിമയാകാൻ തയ്യാറായിരുന്നില്ല.
ടിപ്പു പൂർണ്ണാർത്ഥത്തിൽ ഒരു ഇസ്‌ലാംമത വിശ്വാസിയായിരുന്നു. എന്നാൽ ഒരിക്കലും മതഭ്രാന്തനായിരുന്നില്ല. മതഭക്തനും മതഭ്രാന്തനും രണ്ടും രണ്ടാണ്. ഒരിക്കലും മദ്യം കുടിച്ചില്ല, പരസ്ത്രീ ബന്ധം പുലർത്തിയില്ല. കള്ളും പെണ്ണും സ്വന്തമാക്കാൻ രാജാവിന് പ്രയാസമൊന്നും ഇല്ലാതിരുന്നിട്ടും മതവിധേയത്വമായിരുന്നു ടിപ്പുവിനെ ഇത്തരം തിന്മകളിൽ നിന്നും തടഞ്ഞത്. മൈസൂർ നാട്ടുരാജ്യത്തെ എല്ലാ മതങ്ങളിലുമുൾപ്പെട്ട ആളുകൾക്കും ഒരു നികുതി, സിവിൽ നിയമവ്യവസ്ഥ, മതങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തിൽ സൈനിക പങ്കാളിത്തം എന്നിവ ടിപ്പു നടപ്പിൽ വരുത്തി. ശ്രീരംഗപട്ടണം ഹൈക്കോടതിയിൽ മുസ്ലിം- ഹിന്ദു ജഡ്ജിമാർ, ഭരണ ഉപദേശകരിലും സംസ്ഥാന ഭരണ രംഗങ്ങളിലും വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരെ നിയോഗിച്ചു. കനറാ കൃസ്ത്യാനിയായിരുന്ന ഫാദർ ഫ്രാൻസിസ് സേവ്യർ തന്റെ രാജകീയ വസതിയുടെ ചീഫും പ്രസ്തുത മത വിഭാഗത്തിൽ പെട്ട സാൽദോർപിനെ വ്യക്തിഗത മുൻഷിയായും നിയമിച്ചു. മൈസൂർ നാട്ടുരാജ്യത്തെ മുഴുവൻ മതവിഭാഗങ്ങൾക്കും അർഹിച്ച പരിഗണന നൽകുകയും അവരുടെ പൗരത്വ,വിശ്വാസ,ആചാര സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുകയും ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങളിൽ നിന്നും തുല്യ നികുതി പിരിച്ചിരുന്ന ടിപ്പു പൊതു ഖജനാവിലെ പണം എല്ലാ വിഭാഗങ്ങൾക്കും നീതിപൂർവ്വം വിനിയോഗിക്കാൻ ശ്രദ്ധിച്ചിരുന്നു. ഈ അർത്ഥത്തിൽ ഇതരമത ആരാധനാലയങ്ങളുടെ വിശിഷ്യാ ഹൈന്ദവ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് മൈസൂർ ചക്രവർത്തി ഊന്നൽ നൽകിയിരുന്നു. മൈസൂരിലെ പുരാതനമായ ക്ഷേത്രങ്ങൾ പുതുക്കിപ്പണിതത് ടിപ്പുവിന്റെ ഭരണകാലത്തായിരുന്നു. മൈസൂരിലെ പ്രസിദ്ധമായ നാരായണ സ്വാമി ക്ഷേത്രത്തിലേക്ക് 12 ആനകളെയും സ്വർണ്ണം , വെള്ളി എന്നിവ കൊണ്ട് നിർമ്മിച്ച പാത്രങ്ങളും ഉപഹാരമായി നൽകി. ഈ പാത്രങ്ങളിൽ കൊത്തിവെക്കപ്പെട്ട ടിപ്പുവിൻറെ നാമം ഇതിനുള്ള തെളിവായി ഇന്നും അവശേഷിക്കുന്നുണ്ട്. ശ്രീരംഗപട്ടണത്തെ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിലേക്ക് ഏഴ് വെള്ളിക്കപ്പുകളും സുഗന്ധദ്രവ്യ പാത്രങ്ങളും നൽകി. ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിൽ ഇന്നും പൂജക്ക് ഉപയോഗിക്കുന്നത് ടിപ്പു നൽകിയ ഈ പാത്രങ്ങളാണ്. 156 ക്ഷേത്രങ്ങൾക്ക് വാർഷിക ഗ്രാന്റുകൾ നൽകി. പൂജാരികൾക്ക് കാശ് അലവൻസ് അനുവദിച്ചു. പലർക്കും ഭൂമി ഇനാം നൽകി.ശിവൻ, പാർവതി, കൃഷ്ണൻ തുടങ്ങിയ ഹൈന്ദവ ദൈവങ്ങളുടെ രൂപങ്ങൾ കൊത്തിവെച്ച നാണയങ്ങൾ അടിച്ചിറക്കി വിനിമയത്തിന് വ്യാപകമായി ഉപയോഗപ്പെടുത്തി. മൈസൂർ ദസറ, ബാംഗ്ലൂർ കരഗ തുടങ്ങിയ നാട്ടുത്സവങ്ങളും ആഘോഷങ്ങളും ടിപ്പുവിൻറെ മേൽനോട്ടത്തിൽ ഗംഭീരമായി ആഘോഷിക്കപ്പെട്ടു. ഒരു പൂർണ്ണ മതവിശ്വാസി ആയിരിക്കത്തന്നെ മുഴുവൻ ഇതര മതവിശ്വാസങ്ങളോടും സഹിഷ്ണുതയോടെ പെരുമാറിയ മൈസൂർ സുൽത്താനെയാണ് യഥാർത്ഥ ഇന്ത്യൻ ചരിത്രത്തിൽ നിന്ന് നമുക്ക് വായിക്കാനാവുന്നത്.
മലബാറിലെ പല ക്ഷേത്രങ്ങൾക്കും ഭൂമി ഇനാം അനുവദിച്ച് കൊടുത്ത പാരമ്പര്യം ടിപ്പുവിന് അവകാശപ്പെടാനുണ്ടെന്ന് വിഖ്യാത ചരിത്രകാരൻ കെ കെ എൻ കുറുപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്.ഗുരുവായൂർ കീഴടക്കാൻ അയക്കപ്പെട്ട സൈന്യത്തിലെ ചിലർ ക്ഷേത്രമതിലിനു തീയിട്ടെന്നറിഞ്ഞപ്പോൾ രോഷം പൂണ്ട് ഉത്തരവാദികളായ പട്ടാളക്കാരെ ശിക്ഷിക്കുകയും ഗുരുവായൂരിൽ നിന്നുമുള്ള സർക്കാർ നികുതി ഇനി മുതൽ ക്ഷേത്രചിലവിനു വേണ്ടി വിനിയോഗിക്കണമെന്ന് ഉത്തരവിടുകയും ചെയ്ത നീതിയുടെ ഏടുകളും ടിപ്പുവിന്റെ ചരിത്രത്തിൽ കാണാനാകുന്നുണ്ട്. പുറമേ പ്രായശ്ചിത്തമായി വർഷംതോറും 800 പഗോഡ ഗുരുവായൂർ ക്ഷേത്ര കർമ്മങ്ങൾക്ക് സംഭാവന നൽകിപ്പോന്നു ഈ മൈസൂർ ചക്രവർത്തി.
ടിപ്പു നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ മറവിലാണ് അദ്ദേഹത്തെ ഒരു മതഭ്രാന്തനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ അരങ്ങേറിയത്. എന്നാൽ മതമായിരുന്നില്ല, രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യങ്ങൾ മുന്നിൽ വെച്ചാണ് ടിപ്പു പടനയിച്ചത്. ടിപ്പുവിന്റെ മലബാറിലേക്കുള്ള സൈനിക മുന്നേറ്റവും അത്തരത്തിലൊരു രാഷ്ട്രീയ നീക്കമായിരുന്നു. ബ്രിട്ടീഷുകാർക്കൊപ്പം നിന്ന മലബാറിലെ നായന്മാരെ ഒതുക്കലായിരുന്നു ടിപ്പുവിന്റെ മലബാർ അധിനിവേശത്തിന്റെ മുഖ്യലക്ഷ്യം. പ്രസ്തുത ലക്ഷ്യത്തിന് വേണ്ടി ഹൈദരാബാദിലെ നൈസാമിനെതിരെയും ടിപ്പു പടനയിച്ചിട്ടുണ്ട്. മറാഠികൾക്കെതിരെയും കാനറാ ക്രിസ്ത്യാനികൾക്കെതിരെയും സൈനിക നടപടി സ്വീകരിച്ചത് അവർ ബ്രിട്ടീഷുകാരുടെ ചാരന്മാരും സഹായികളുമായി വർത്തിച്ചതുകൊണ്ടായിരുന്നു. മറിച്ച് ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആയത് കൊണ്ടായിരുന്നില്ല. മലബാറിലെ നായർ, നമ്പൂതിരി മേധാവിത്വവും കുടകിലെ ഒരു വിഭാഗം ഹിന്ദുക്കളിലെ ബഹുഭർതൃത്വവും സൈനിക നടപടികളിലൂടെ ടിപ്പു ഇല്ലാതാക്കി. തന്റെ സമുദായാംഗമായ കണ്ണൂരിലെ ആലിരാജ കപ്പം നൽകാതായപ്പോൾ അവിടുത്തെ അധികാരം ടിപ്പു നൽകിയത് ഹിന്ദുവായ കോലത്തുനാട് രാജാവിനായിരുന്നു. 17 വർഷം നീണ്ട തൻറെ ഭരണകാലയളവിനിടയിൽ ഒരിക്കൽ പോലും മതവർഗീയ കലാപം പൊട്ടിപ്പുറപ്പെടാത്ത വിധം സഹിഷ്ണുതയുടെ സാഹോദര്യത്തോടെ മൈസൂർ ഭരിച്ച ചക്രവർത്തിയായിരുന്നു ടിപ്പുസുൽത്താൻ. ടിപ്പുവിൻറെ ഭരണകാലത്ത് മൈസൂരിന്റെ സാങ്കേതിക രംഗത്തുണ്ടായ വികാസവും നാം അറിയേണ്ടതുണ്ട്. ഫ്രാൻസിൽ നിന്ന് കൊണ്ടുവന്ന 500 തോക്കുകൾ മൈസൂരിലെത്തിയപ്പോൾ മൈസൂരിൽ നാം നിർമ്മിക്കുന്ന തോക്കുകളുടെ നിലവാരം ഈ കൊണ്ടുവന്ന തോക്കുകൾക്കില്ല എന്ന് പറഞ്ഞു ഫ്രാൻസിലേക്ക് തന്നെ മടക്കി അയച്ചതും ചരിത്രത്തിൽ കാണാനാകും.പതിനേഴ് പതിനെട്ട് നൂറ്റാണ്ടിനിടയിൽ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി നിലയുറപ്പിച്ച സന്ധിയില്ലാ സമരം നടത്തിയ ഒരേയൊരു ഭരണാധികാരിയായിരുന്നു ടിപ്പുസുൽത്താൻ. പതിനെട്ടാം നൂറ്റാണ്ടിൽ ഒടുവിൽ പഴശ്ശിരാജയും ഇംഗ്ലീഷുകാരുമായി ചെറുത്തുനിൽപ്പിന് ഇറങ്ങിയെങ്കിലും പഴശ്ശിയുടെ പ്രശ്നം ബ്രിട്ടീഷുകാർ ആയിരുന്നില്ല.മറിച്ച് ആദ്യഘട്ടങ്ങളിൽ ബ്രിട്ടീഷുകാരോട് ഒപ്പം നിന്ന പഴശ്ശി കുറുമ്പനാട്ട് താലൂക്കിലെ കരം പിരിക്കാനുള്ള അധികാരം തനിക്ക് നൽകാതെ തന്റെ അമ്മാവന് നൽകിയതിലുള്ള വിരോധം കൊണ്ടാണ് ബ്രിട്ടീഷ് കമ്പനിക്കെതിരാകുന്നത്. എന്നാൽ ടിപ്പുവിൻറെ പ്രശ്നം ബ്രിട്ടീഷുകാരായിരുന്നു. തുടക്കം മുതൽ തന്നെ യാതൊരു അനുരജ്ഞനത്തിനും ബ്രിട്ടീഷുകാരുമായി താൻ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച ഭരണാധികാരിയായിരുന്നദ്ധേഹം. എന്നാൽ ചരിത്ര നിർമിതിയിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ടിപ്പുവിനെ ആദ്യമായി മതഭ്രാന്തനായി ചിത്രീകരിച്ചത് യൂറോപ്യന്മാരാണ്. ബ്രിട്ടീഷ് ആധിപത്യ ശ്രമങ്ങളെ നിരന്തരം എതിർക്കുകയും കമ്പനിയുടെ സൈനിക സഖ്യങ്ങളെ ശിഥിലമാക്കാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്ത മൈസൂർ ചക്രവർത്തിമാരെ ചരിത്രത്തിന്റെ കറുത്ത ചായങ്ങളിലാണ് ഇവർ വരച്ച് വെച്ചത്. ബ്രിട്ടീഷുകാരും ക്രിസ്ത്യൻ മിഷനറിമാരും രൂപപ്പെടുത്തിയ ആധുനിക ഇന്ത്യാ ചരിത്രത്തിൽ അങ്ങനെയാണ് ടിപ്പു മതഭ്രാന്തനായി മാറിയത്. ബ്രിട്ടീഷുകാരുടെ അടിമയാകുന്നതിനേക്കാൾ ഞാൻ കൊതിക്കുന്നത് പടക്കളത്തിലെ മരണമാണെന്ന് വെല്ലസി പ്രഭുവിന് കത്തെഴുതിയ, ഒരു നായയായി 200 വർഷം ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു സിംഹമായി രണ്ട് ദിവസം ജീവിക്കലാണെന്ന് പ്രഖ്യാപിച്ച ടിപ്പുവിനോട് ഈ വികല ചരിത്ര നിർമ്മാതാക്കൾക്ക് അത്രയേറെ പകയുണ്ടായിരുന്നു.