ഞാനീ കത്തെഴുതുന്നത്, നിർദ്ദയവും നിഷ്കരുണവുമായ ഇസ്രായേലി ബോംബുവർഷത്തിൽ ജീവൻ പൊലിഞ്ഞ എന്റെ ഗസ്സയിലെ ബന്ധുക്കളുടെയും, അയൽവാസികളുടെയും, സുഹൃത്തുക്കളുടെയും, കണ്ണീരോർമ്മകളിൽ പേനമുക്കിക്കൊണ്ടാണ്...
പ്രിയ യൂറോപ്പ്,
നിഷ്ഠൂരമായ കൂട്ടകൊലകൾക്കിടയിൽ ഉയരുന്ന വെടിയൊച്ചകളുടെയും പിഞ്ചു ബാല്യങ്ങളുടെ നിലവിളികളുടെയും പേക്കിനാവു കണ്ടു കൊണ്ടാണ് ദശലക്ഷക്കണക്കിന് ഫലസ്തീനികളെപ്പോലെ ഞാനുമോരോ പുലരിയിലും ഉണരുന്നത്. "പലസ്തീനിയൻ-ഇസ്രായേൽ സംഘർഷം രൂക്ഷം" എന്നായിരിക്കും ഇതേപ്രതി നിങ്ങൾ കേൾക്കുന്ന വാർത്തകളുടെ തലക്കെട്ടുകൾ.
ഞാൻ ഈ വരികൾ എഴുതുന്നതിനിടെ അൽ-അഹ്ലി ഹോസ്പിറ്റൽ ബോംബാക്രമണത്തിനിരയായി. ആശുപത്രി പരിസരത്തേക്ക് സുരക്ഷ തേടി ഓടിയെത്തിയ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ജീവനുകളാണ് അറ്റുപോയത്. എന്റെ സുഹൃത്ത് മുഹമ്മദ് മുഖൈമിർ, ഭാര്യ സഫ, അവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞ് എലൈന എന്നിവരുടെ മരണവാർത്ത കാതിൽ മുഴങ്ങിയിട്ട് സമയമേറെയായിട്ടില്ല.
ഇസ്രായേൽ ഉത്തരവിനെത്തുടർന്ന് കുടുംബാംഗങ്ങൾക്കൊപ്പം തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്നു അവർ. അവർക്കു പുറമേ 70 പലസ്തീനികളും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ എനിക്ക് ശക്തമായ മാനസിക വേദനയും നോവും അടങ്ങാത്ത ദേഷ്യവുമുണ്ട്. അതിലുപരി, എനിക്കിപ്പോൾ തോന്നുന്ന വികാരത്തെ സൂചിപ്പിക്കാൻ ഏറെക്കുറെ യോജിപ്പുള്ള ഒരേയൊരു വാക്ക് "ഖഹ്ർ" എന്ന അറബി പദമാണ്. 75 വർഷത്തിലേറെയായി അനുഭവിച്ചു കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനം, ആൾക്കൂട്ട കൊലപാതകങ്ങൾ, അനീതി, അടിച്ചമർത്തൽ, കോളനിവൽക്കരണം, അധിനിവേശം, വർണ്ണവിവേചനം എന്നിവയുടെ അനന്തര ഫലമായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വികാരമാണിത്. ഓരോ ഫലസ്തീയുടെ മനസിലും കട്ടപിടിച്ചിരിക്കുന്ന ഒരു വികാരം!
ഗാസ മുനമ്പിലെയൊരു അഭയാർത്ഥി കുടുംബത്തിൽ ജനിച്ച എന്റെ കൂടപ്പിറപ്പാണ് ഈ വികാരം. ഇന്ന് അഷ്ദോദ് എന്ന പേരിൽ അറിയപ്പെടുന്ന ഇസ്ദുദ് ഗ്രാമത്തിൽ നിന്നും ബൈത് ജിർജ ഗ്രാമത്തിൽ നിന്നുമുള്ളവരാണ് എന്റെ മുത്തച്ഛനും മുത്തശ്ശിയും. അവരുടെ വീടുകളിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ (12.4 മൈൽ) അകലെയുള്ള ജബാലിയ അഭയാർത്ഥി ക്യാമ്പിലാണ് അവരിപ്പോൾ താമസിക്കുന്നത്.
ഒരു കുഞ്ഞായിരിക്കുമ്പോൾ എന്റെ അമ്മയുടെ മുഖത്ത് ഞാൻ വായിച്ച ആദ്യത്തെ വികാരം ഖഹ്റായിരിക്കാം- ആദ്യത്തെ ഇൻതിഫാദയ്ക്കിടയിൽ ഗാസയിൽ ഇസ്രായേൽ അഴിച്ചുവിട്ട ആക്രമണങ്ങളെ അതിജീവിച്ച തങ്ങളുടെ പിഞ്ചോമനകളെ നോക്കി ആകുലപ്പെടുന്ന അമ്മമാരുടെ മുഖത്തെ ഭാവങ്ങളിൽ നിന്ന് വായിച്ചെടുക്കാവുന്ന ഒരു വികാരം.
ഇസ്രായേലികൾ ആദ്യമായി ഞങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴും, വിചാരണയോ കുറ്റപത്രമോ ഇല്ലാതെ പലവുരു തടങ്കലിലടക്കപ്പെട്ട എന്റെ പിതാവിനെ ആദ്യമായി അറസ്റ്റ് ചെയ്തപ്പോഴും എനിക്ക് തോന്നിയത് ഖഹ്റായിരുന്നു.
സമാധാനപരമായി പ്രകടനങ്ങൾ നടത്തുന്ന ഫലസ്തീൻ പൗരന്മാർക്ക് നേരെ ഇസ്രായേൽ സൈനികർ നിഷ്കരുണം വെടിയുതിർക്കുന്നത് കണ്ടപ്പോൾ ഖഹർ എന്നെ തളർത്തി. ഞാൻ വെടിയേറ്റു കിടന്നപ്പോൾ എനിക്കുണ്ടായ വേദനയേക്കാൾ ശക്തമായിരുന്നു ഖഹർ.
2008, 2009, 2012, 2014, 2020, 2021 വർഷങ്ങളിൽ എന്റെ കുടുംബക്കാരെ, സുഹൃത്തുക്കളെ, അയൽക്കാരെ, സഹജീവികളെ കൊന്നൊടുക്കി, അംഗഭംഗം വരുത്തി, പരിധിയില്ലാത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. അപ്പോഴൊക്കെ എന്റെയുള്ളിലെ ഖഹ്ർ കനം വെക്കുകയായിരുന്നു.
ഇന്ന്, ഞാൻ പിറന്നു വീണ നാട്ടിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ, എനിക്ക് ഖഹ്ർ, തോന്നുന്നു. അതിലുപരി കടുത്ത രോഷവും നിരാശയും. പ്രിയ യൂറോപ്യന്മാരേ, നിങ്ങൾ തെരഞ്ഞെടക്കുന്ന നിങ്ങളുടെ നേതാക്കൾ പ്രഖ്യാപിക്കുന്ന ഐക്യദാർഢ്യത്തിലെ ധാർമ്മികത ഒന്ന് പരിശോധിച്ചു നോക്കൂ.....
ഒക്ടോബർ 11 ന് ആരംഭിച്ച ഇസ്രായേലിൻ്റെ ഏക പക്ഷീയമായ ബോംബാക്രമണം 1,000-ത്തിലധികം ഫലസ്തീനികളുടെ ജീവൻ അപഹരിച്ചപ്പോൾ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഇസ്രായേലിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തു. “യൂറോപ്പ് ഇസ്രായേലിനൊപ്പം നിൽക്കുന്നു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ ഞങ്ങൾ പൂർണ്ണമായി പിന്തുണയ്ക്കുന്നു” എന്നാണവർ പ്രസ്താവിച്ചത്. ഗാസയിൽ ഇസ്രായേൽ സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തിയതിനെ കുറിച്ച് വൈദ്യുതി, വെള്ളം, ഭക്ഷണം, മരുന്ന് വിതരണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിച്ചതിനെ കുറിച്ച് -ഇതൊക്കെ യുദ്ധക്കുറ്റമാണെന്നാണ് നിയമവിദഗ്ധർ നിർവചിക്കുന്നത്- ഒന്നും ഉരിയാടിയില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഫലസ്തീൻ ജനതയ്ക്കുള്ള എല്ലാ സഹായങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു കൊണ്ട് കമ്മീഷണർ ഒലിവർ വാർഹെലി പറഞ്ഞത് നോക്കൂ... “ഇസ്രായേലിനും അതിലെ ജനങ്ങൾക്കുമെതിരായ ഭീകരതയും ക്രൂരതയും അവസാനിപ്പിക്കാറായി. പതിവു വ്യവഹാരങ്ങളിലിനി ആവർത്തിക്കില്ല”. തീരുമാനം പിൻവലിച്ചുവെങ്കിലും ഈ പ്രസ്താവന വരുത്തിവെച്ച വിന ചെറുതല്ല. ഇസ്രയേൽ ചെയ്തു കൂട്ടുന്ന കൈരാതങ്ങളെ പലസ്തീന് മേൽ കെട്ടിവെക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. ഇവിടെ ഫലസ്തീനുകളാണ് "ഭീകരർ" ആയി ചിത്രീകരിക്കപ്പെട്ടത്.
ഫലസ്തീനികളെ "മൃഗങ്ങൾ", "അപരിഷ്കൃതർ" എന്ന് വിളിക്കുന്ന ഇസ്രായേലി ഉദ്യോഗസ്ഥർക്കും അത്തരം ഭാഷകൾ വഹിക്കുന്ന വംശഹത്യാപരമായ ആശയങ്ങൾക്കും എതിരെയൂറോപ്പിന് ഒന്നും പറയാനില്ല. "അറബികളെ കൊന്നൊടുക്കൂ" എന്ന് ആക്രോശിക്കുന്ന ഇസ്രായേലി കുടിയേറ്റക്കാരുടെ ജാഥകളൊരിക്കലും അപലപിക്കപ്പെട്ടില്ല.
മറുനാടുകളിൽ കഴിയുന്ന ഫലസ്തീനികളെയും അവരുടെ സഖ്യകക്ഷികളെയും ഗസ്സയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പ്രതിഷേധ പ്രകടനം നടത്താനും അനുവദിക്കാതെ അവരെ അടിച്ചമർത്തുകയും അറസ്റ്റ് ചെയ്യുകയുമാണ് വിവിധ യൂറോപ്യൻ രാജ്യങ്ങൾ.
ഫലസ്തീനികളെ കുരുതിക്ക് കൊടുക്കുന്ന രാഷ്ട്രീയ നിലപാടുകളെ പിന്താങ്ങുന്ന
യൂറോപ്പിലെ രാഷ്ട്രീയ ശക്തികൾ റഷ്യൻ അധിനിവേശത്തിനെതിരായ പോരാട്ടത്തിൽ ഉക്രെയ്നിനെ പിന്തുണയ്ക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു എന്നതാണ് വിരോധാഭാസം.
അവരുടെ ഭാഷയിൽ, ഉക്രൈൻകാർക്ക് ചെറുക്കാൻ അവകാശമുണ്ട്, ഫലസ്തീനികൾക്കില്ല; ഉക്രേനിയക്കാർ "സ്വാതന്ത്ര്യ സമര സേനാനികൾ", ഫലസ്തീനികൾ "ഭീകരവാദികൾ". ഉക്രൈനിൽ പൊലിഞ്ഞു പോയ ജീവനുകളും തകർക്കപ്പെട്ട വീടുകളും അടിസ്ഥാന സൗകര്യങ്ങളും അപലപിക്കപ്പെടണം. ഫലസ്തീൻ ജനത ഇവയൊന്നും അർഹിക്കുന്നില്ല. ഇവിടെ ഇസ്രായേലിനാണ് "സ്വയം പ്രതിരോധിക്കാനുള്ള അവകാശം". ഇതാണ് യൂറോപ്യൻ നിലപാടുകളിലെ ഇരട്ടത്താപ്പ്.
യൂറോപ്പുകാർ ഇപ്പോൾ ധാർമികമായ ഉന്നതി കൈവരിച്ചെന്നും ഫലസ്തീനികൾ "കരുണയില്ലാത്ത ഭീകരർ" ആണെന്നുമുള്ള നരേഷൻ കേൾക്കാൻ ഇമ്പമുണ്ട്; പ്രത്യേകിച്ച് ചരിത്രമറിയുന്നവർക്ക്.
പ്രിയപ്പെട്ട യൂറോപ്യരേ, നിങ്ങളുടെ ഭൂഖണ്ഡത്തിൽ, നൂറ്റാണ്ടുകളായി വന്യവും ക്രൂരവുമായ യഹൂദ വിരോധം ശക്തമാണ്. അതിന്റെ ഫലമായി രക്തരൂക്ഷിതമായ കൂട്ടക്കൊലകൾ, കുടിയൊഴിപ്പിക്കൽ, ബഹിഷ്കരണം, പീഡനമുറകൾ എന്നിവയും നടന്നു. പലസ്തീനിലേക്ക് കൂട്ട പലായനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ജൂത സമൂഹത്തിനുള്ളിൽ ഒരു പ്രസ്ഥാനം ഉയർന്നുവന്നപ്പോൾ, യൂറോപ്പിലെ യഹൂദ വിരുദ്ധർ അതിനെ പ്രോത്സാഹിപ്പിച്ചു.
അവരിൽ ഒരാളായ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ബാൽഫർ 1917-ൽ, തദ്ദേശീയരായ പലസ്തീൻ ജനതയുടെ ഭൂമിയിൽ, പലസ്തീനിൽ ജൂത ജനതയ്ക്ക് ഒരു ദേശസ്വരാജ്യം സ്ഥാപിക്കുന്നതിനു ബ്രിട്ടീഷ് സർക്കാർ പിന്തുണ നൽകണമെന്ന കരാറിൽ ഒപ്പുവച്ചു. യൂറോപ്യന്മാരുടെ തലക്കു പിടിച്ച യഹൂദ വിരുദ്ധത ഉരുവം കൊടുത്ത ഹോളോകോസ്റ്റിനെ തുടർന്നുണ്ടായ ഐക്യരാഷ്ട്രസഭയുടെ വോട്ടെടുപ്പിൽ യൂറോപ്പ്യൻ രാജ്യങ്ങൾ ഇസ്രായേൽ സംസ്ഥാപനത്തെ ഏകകണ്ഠമായി പിന്തുണച്ചു.
യൂറോപ്പിലെ സെമിറ്റിക് വിരുദ്ധ ക്രൂരതയ്ക്ക് വില കൊടുക്കേണ്ടി വന്നത് തദ്ദേശീയരായ പലസ്തീൻ ജനതയാണ്. തൊട്ടടുത്ത വർഷം, നാം 'നക്ബ' എന്നു വിളിക്കുന്ന ദുരന്തത്തിൽ ഇസ്രായേൽ മിലിഷ്യകൾ 750,000 ഫലസ്തീനികളെ അവരുടെ മാതൃരാജ്യത്തു നിന്നു തുടച്ചു നീക്കി.
അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് ബാൾഡ്വിൻ തൻ്റെ ലേഖനത്തിൽ ഈ യാഥാർത്ഥ്യത്തെ വളരെ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. "യഹൂദരെ സംരക്ഷിക്കുകയല്ല ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തിന് പിന്നിൽ; അത് പാശ്ചാത്യ താൽപ്പര്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു. 'വിഭജിച്ച് ഭരിക്കുക' എന്ന ബ്രിട്ടീഷ് കൊളോണിയൽ നയത്തിനും യൂറോപ്പിന്റെ കുറ്റകരമായ ക്രിസ്തീയ മനോഭാവത്തിനും മുപ്പത് വർഷത്തിലേറെയായി ഫലസ്തീനികളാണ് വില നൽകുന്നത്.
പ്രിയ യൂറോപ്യന്മാരേ, ഈ "കുറ്റകരമായ ക്രിസ്ത്യൻ ചിന്താഗതിക്ക്" ഇപ്പോൾ 75 വർഷത്തെ പഴക്കമുണ്ട്. ഫലസ്തീനികളായ ഞങ്ങൾക്ക് അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ സഹകരിച്ചതിൽ എന്നെങ്കിലും നിങ്ങൾക്ക് കുറ്റബോധം തോന്നിയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
മനുഷ്യാവകാശങ്ങൾ, സമത്വം, ജനാധിപത്യം എന്നിവയെക്കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന രാജ്യങ്ങൾ കോളനിവൽക്കരണത്തിന്റെയും വർണ്ണവിവേചനത്തിന്റെയും വക്താക്കളായ ഒരു രാജ്യത്തിന്റെ ക്രൂരമായ നയങ്ങളെ ചോദ്യം ചെയ്യുന്നതിൽ പരാജയപ്പെടുന്നത് അപമാനകരമാണ്.
യുദ്ധത്തിന്റെ ആദ്യ ആറ് ദിവസങ്ങളിൽ, ജനസാന്ദ്രതയുള്ള ഗാസ മുനമ്പിൽ ഇസ്രായേൽ 6,000 ബോംബുകൾ വർഷിച്ചു. ഇത് ഒരു അണുബോംബിന്റെ നാലിലൊന്ന് വരും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 1,000-ത്തിലധികം കുട്ടികൾ ഉൾപ്പെടെ 3,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിതീകരണം. എന്നാൽ യഥാർത്ഥത്തിൽ എത്രജീവനുകൾ നഷ്ടപ്പെടുന്നു എന്ന് ഞങ്ങൾക്ക് അറിയില്ല. കാരണം തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ പുറത്തെടുക്കാൻ കഴിയാതെ കുടുങ്ങി കിടക്കുന്നവർ ധാരാളമുണ്ട്.
തുടർച്ചയായി ബോംബുകൾ വർഷിച്ചു കൊണ്ടിരിക്കുന്ന ഗാസയിലെ 1.1 ദശലക്ഷത്തിലധികം ഫലസ്തീനികളോട് അവരുടെ വീടുകൾ ഒഴിഞ്ഞ് പോകാൻ കഴിഞ്ഞ ആഴ്ച ഇസ്രായേൽ ഉത്തരവിട്ടിരുന്നു. അവരുടെ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിതത്വമെന്ന മരീചിക തേടി കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന പാലസ്തീനികളുടെ ചിത്രങ്ങൾ നക്ബയെ ഓർമ്മിപ്പിച്ചു. ഭാഗികമായി തകർന്നതാണെങ്കിലും ഒരായുഷ്കാലം ചെലവഴിച്ച് നിർമ്മിച്ച ഞങ്ങളുടെ വീട്, ഉപേക്ഷിച്ചുപോകുമ്പോഴുണ്ടാകുന്ന ഹൃദയഭാരത്തിന് പരിധിയില്ല.
ഈ വരികൾ എഴുതുന്നതിനിടെ ഏത് നിമിഷവും എന്റെ ഉറ്റവരുടെ മരണ വാർത്തകൾ എന്നെ തേടി വരുമെന്ന് ഞാൻ ഭയപ്പെടുന്നു: എന്റെ പിതാവ് ഇസ്മായിൽ, അമ്മ ഹലീമ, സഹോദരൻ മുഹമ്മദ്, സഹോദരി അസ്മ, ഏറ്റവും പ്രിയപ്പെട്ട പേരമക്കൾ എല്യയും (6 വയസ്സ്) നയയും (2 മാസം) എന്നെ വിട്ട് പിരിഞ്ഞേക്കാം.
പ്രിയ യൂറോപ്യന്മാരേ, നിങ്ങൾ
തിരഞ്ഞെടുത്ത ഗവൺമെന്റുകൾ
ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണ നൽകിയില്ലായെങ്കിൽ, നിങ്ങൾ തിരഞ്ഞെടുത്ത ഗവൺമെന്റുകൾ മൗനിയായി നോക്കി നിൽക്കുന്നില്ലായെങ്കിൽ, ഞങ്ങൾ ഫലസ്തീനികൾക്ക് ഈ ഭയപ്പാടുകൾ മാറ്റി വച്ച് സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുമായിരുന്നു.
ഫലസ്തീൻ സ്വതന്ത്രമാകുന്ന ഒരു ദിവസം വരും. അന്ന് ഞങ്ങൾ ഇതിനൊക്കെ കണക്ക് പറയും. ഇസ്രായേലി അധിനിവേശവും വർണ്ണവിവേചനവും ഫലസ്തീനികളെ തകർത്തുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ എന്തെടുക്കുകയായിരുന്നുവെന്ന് നിങ്ങളോടു ചോദിക്കും. അന്ന് നിങ്ങളീ കാണിക്കുന്ന നിസ്സംഗതക്ക് മറുപടി പറയേണ്ടി വരും.
ചരിത്രത്തിന്റെ തെറ്റായ ഓരം ചേർന്നു നിൽക്കുന്നതിന്റെ പേരുദോഷം ഒഴിവാക്കാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട്. ബെൽ ഹുക്ക്സ് പറഞ്ഞതുപോലെ, "ഐകമത്യമൊരു ക്രിയാ പദമാണ്". ഗാസയിലെ വംശഹത്യ തടയാൻ നിങ്ങൾക്കെന്തെങ്കിലും ചെയ്യാൻ കഴിയുമോ?
മൊഴിമാറ്റം: ഫാഇസ് ഇബ്രാഹിം
Courtesy: AL JAZEERA