ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
“ഭ്രൂണം വളരുന്നത് സ്ത്രീയുടെ ഗർഭപാത്രത്തിലായതിനാൽ ഗർഭഛിദ്രം വേണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അവളുടേതാണ്. നിയമാനുസൃതം വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നതിലൂടെ ഗർഭം ധരിക്കുന്ന സ്ത്രീകളെ നിയമത്തിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ആഗ്രഹമില്ലാതെ നടന്ന ഗർഭധാരണം പൂർണ കാലയളവിൽ തുടരണമെന്ന് സ്ത്രീയെ ഭരണകൂടത്തിന് നിർബന്ധിക്കാനാകില്ല.”
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ ചുരുക്കമിതാണ്. 23 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി ആവശ്യപ്പെട്ട് അവിവാഹിതയായ ഇരുപത്തിയഞ്ചുകാരി നൽകിയ ഹരജിയിലാണ് പുതിയ വിധി വന്നിരിക്കുന്നത്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം ഗർഭഛിദ്രം ചെയ്യുന്നതിന് മാരിറ്റൽ പദവി അടിസ്ഥാന ഘടകമായിരുന്നു. വിവാഹത്തിന്റെ അടിസ്ഥാനത്തിൽ ഗർഭഛിദ്രം നടത്തുന്നതിനുള്ള അവകാശം അനുവദിക്കാനും നിഷേധിക്കാനുമാകില്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്.

മൈ ബോഡി ഈസ് മൈ ചോയ്സ് എന്നത് പുതിയ കാലത്തെ ലിബറൽ മുദ്രാവാക്യങ്ങളിൽ ഏറ്റവും പ്രധാനമായതാണ്. മനുഷ്യശരീരത്തിന്റെ അവകാശം അതതു വ്യക്തികളിൽ നിക്ഷിപ്തമാണെന്നാണ് കോടതിയും പറയുന്നത്. ഇവിടെ രണ്ട് കാര്യങ്ങളെയാണ് നാം അവലോകനം ചെയ്യുന്നത്. മനുഷ്യശരീരത്തിന്റെ അവകാശം ആർക്കാണെന്നതാണ് ഒന്നാമത്തേത്. ഉടമാവകാശത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മാനുഷികതയുടെയോ ധാർമികതയുടെയോ അതിർവരമ്പുകൾ ഉണ്ടോ എന്നതാണ് രണ്ടാമത്തേത്.

സ്ത്രീ ശരീരത്തിന്റെ അവകാശവും അധികാരവും അവൾക്കാണ് എന്നാകുമ്പോൾ ശരീരത്തിൽ ക്രയവിക്രയങ്ങൾ നടത്താൻ അവൾക്ക് അധികാരം ഉണ്ടെന്ന് വരുന്നു. അതുപ്രകാരം കോടതിവിധി പോലെ ഗർഭത്തിലുള്ള ഭ്രൂണത്തെ നശിപ്പിക്കാനും അവൾക്ക് അധികാരമുണ്ട്. ആർക്കും അത് തടയാൻ കഴിയില്ല. ഇനി ഉടമാവകാശം നമുക്കില്ലെന്ന് വന്നാൽ ശരീരത്തിൽ കൈകടത്തലുകൾ നടത്തുന്നതിന് യഥാർത്ഥ ഉടമാവകാശി നിശ്ചയിക്കുന്ന പരിധികൾ സ്വാഭാവികമായും ഉണ്ടാകുന്നു. അങ്ങനെ വരുമ്പോൾ കോടതിവിധിയിൽ കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമാവുന്നു. ഇതാണ് ഒന്നാമത്തെ കാര്യം.

ഭ്രൂണത്തെ നശിപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ നാളെ ഭൂമിയിൽ ജീവിക്കേണ്ട ഒരു മനുഷ്യൻറെ ജീവിതാവകാശത്തെ ഹനിക്കുകയാണ് ചെയ്യുന്നത്. ഒരു സ്ത്രീയുടെ ഗർഭകാലത്തെ പരിചരണം എങ്ങനെയാണ്? വളരെ സൂക്ഷ്മതയോടെ മുന്നോട്ടുപോകുന്ന കാര്യമാണത്. കുഞ്ഞിന് പോറലുകളൊന്നും ഏൽക്കാതിരിക്കാനുള്ള ജാഗ്രത ഗർഭിണി പുലർത്തുന്നു. കുഞ്ഞ് ജനിക്കുന്നതോടെ അവളൊരു അമ്മയാകുന്നു. ഇവിടെ ഗർഭിണിയെ സംബന്ധിച്ചിടത്തോളം അവൾ ജീവിക്കുന്നത് രണ്ട് ജീവനുകളെ സംരക്ഷിച്ചു കൊണ്ടാണ്. ഒന്ന് അവളുടെതും രണ്ടാമത്തേത് ഗർഭസ്ഥശിശുവിന്റെതും. ശരീരം അവളുടെതാണെങ്കിലും ഗർഭസ്ഥശിശു അവളല്ല . അത് തീർച്ചയായും മറ്റൊരു ജീവനാണ്. ഉടലധികാരത്തെച്ചൊല്ലി ഭ്രൂണഹത്യ ചെയ്യുമ്പോൾ മറ്റൊരു ജീവനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ജീവൻ ഇല്ലായ്മ ചെയ്യാൻ ഏത് നിയമമാണ് നമുക്കനുവാദം നൽകുന്നത്?
ഇതാണ് രണ്ടാമത്തെ കാര്യം.

മാരിറ്റല്‍ പദവി അടിസ്ഥാനപ്പെടുത്തുമ്പോൾ വിവേചനം സംഭവിക്കുന്നത് കൊണ്ടാണ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞത്. ആർക്കും ഗർഭഛിദ്രം നടത്താനുള്ള അവകാശം നൽകുകയാണ് ചെയ്തിരിക്കുന്നത്. ഇസ്‌ലാം ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടാണ് പരിശോധിക്കുന്നത്.

 വിശ്വാസിയെ സംബന്ധിച്ചിടത്തോളം ശരീരത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് ചർച്ചകളെ വഴിതിരിച്ചുവിടേണ്ട ആവശ്യം വരുന്നില്ല. കാരണം, ശരീരത്തിന്റെ അവകാശം സ്രഷ്ടാവിനാണ് എന്ന സമഗ്രമായ കൺസെപ്റ്റാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. ശരീരത്തെ ചെറിയ രൂപത്തിൽപോലും അനാവശ്യമായി വേദനിപ്പിക്കലരുതെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. മൂക്ക് കുത്തുന്നത് പോലും നിയന്ത്രിക്കുന്നതിന്റെ ലക്ഷ്യമിതാണ്. അല്ലാഹു നൽകിയ ശരീരത്തെ വേദനിപ്പിക്കാനും നശിപ്പിക്കാനും അവകാശം അവന് മാത്രമേ അവകാശമുള്ളൂ.
അല്ലാഹു പറയുന്നു: “അന്യായമായി നിങ്ങൾ ശരീരങ്ങളെ ഇല്ലായ്മ ചെയ്യരുത് ” (1)
ഗർഭഛിദ്രത്തിന്റെ പേരിലായാലും മറിച്ചായാലും ശരീരത്തെ നശിപ്പിക്കാനുള്ള അവകാശമില്ലെന്നാണ് ഇസ്‌ലാമിക ദർശനം. ഇത് മനസ്സിലാക്കാൻ ഭ്രൂണവളർച്ചയെക്കുറിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഗർഭകാലം

മനുഷ്യരുടെ ഗർഭകാലം സാധാരണഗതിയിൽ അണ്ഡ ബീജ സങ്കലനത്തിനാനന്തരം 38-42 ആഴ്ചയാണ്. അതായത് ഒമ്പതിലേറെ മാസക്കാലം .
ബീജത്തിനോ അണ്ഡത്തിനോ വിഭജനശേഷിയില്ല. അവയുടെ ആയുർദൈർഘ്യം വളരെ കുറവാണ്. എന്നാൽ ബീജാണ്ഡ സങ്കലനത്തോടെ കോശങ്ങൾ വിഭജിച്ച് വളരാൻ ശേഷിയുള്ള പുതിയൊരു ജീവിയായി അത് മാറുന്നു. ഇതിനെ “അകത്തുനിന്ന് വികസിക്കുന്ന” എന്നർത്ഥം വരുന്ന എംബ്രയോ(ഭ്രൂണം)എന്ന് വിളിക്കുന്നു. ആദ്യത്തെ 8 ആഴ്ചയാണ് ഈ പേരിലറിയപ്പെടുന്നത്. ഇക്കാലയളവിനെ എംബ്രയോണിക് പീരിഡ് എന്ന് വിളിക്കുന്നു. ഇക്കാലയളവിൽ പ്രധാന ശാരീരിക സംവിധാനങ്ങൾ രൂപപ്പെടുന്നുവെന്നതാണ് പഠനങ്ങൾ പറയുന്നത്.
ഇതിനുശേഷം ഗർഭകാലം പൂർത്തിയാകുന്നതു വരെ “ജനിച്ചിട്ടില്ലാത്ത ശിശു” എന്നർത്ഥം വരുന്ന ഫെറ്റസ്(ഗർഭപിണ്ഡം)എന്ന് വിളിക്കുന്നു. ഇക്കാലയളവിൽ ശരീരം വലുതാകാൻ തുടങ്ങുകയും ശരീര സംവിധാനങ്ങളുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നു.

ഏകദേശം ആദ്യത്തെ 40 ദിവസം പിന്നിടുമ്പോഴേക്കും ഗർഭസ്ഥ ശിശുവിന് മനുഷ്യരൂപം വരുന്നു എന്നതാണ് ശാസ്ത്രം. ഇസ്‌ലാമിക അധ്യാപനങ്ങളിൽ നിന്നും ഇത് വ്യക്തമാണ്. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)നിവേദനം ചെയ്യുന്നു: നബി(സ്വ)പറഞ്ഞു: “നിങ്ങൾ മാതാവിൻറെ ഗർഭാശയത്തിൽ ജീവിക്കുന്ന ആദ്യത്തെ 40 ദിവസം ഭ്രൂണമായും രക്തക്കട്ടയായും മാംസപിണ്ഡമായും ശേഷിക്കുകയും അതിന് രൂപം നൽകപ്പെടുകയും ചെയ്യുന്നു”(2)
ഖുർആൻ പറയുന്നു: “മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. ശേഷം ബീജത്തുള്ളിയും രക്തക്കട്ടയും മാംസപിണ്ഡവുമായി മജ്ജയും മാംസയും എല്ലുമെല്ലാമുള്ള പൂർണ്ണ രൂപവുമാക്കിയിരിക്കുന്നു”(3)
ഭ്രൂണം മനുഷ്യരൂപമാകുന്ന 40 ദിവസത്തെ വ്യത്യസ്ത ഘട്ടങ്ങളാണ് ഖുർആനിലൂടെയും ഹദീസിലൂടെയും വ്യക്തമാക്കിയത്.

ഗർഭാശയത്തിന് പുറത്ത് ശിശുവിന് അതിജീവനം സാധ്യമാവുന്ന ഏറ്റവും ചെറിയ ഗർഭകാലത്തെക്കുറിച്ചാണ് പ്രവർത്തനക്ഷമത എന്ന് പറയുന്നത്. നിലവിൽ 23-24 ആഴ്ചയാണത്. പ്രവർത്തനക്ഷമത മാനദണ്ഡമാക്കിയാണ് ഭൗതിക നിയമവ്യവസ്ഥകളിൽ ഗർഭഛിദ്രം അനുവദിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്നത്. എന്നാൽ പ്രവർത്തനക്ഷമതയുടെ ഈ കാലത്തിന് മുൻപേ ഗർഭസ്ഥശിശുവിന് ജീവൻ നൽകപ്പെടുന്നുണ്ട്. ഇസ്‌ലാം മാനദമാക്കുന്നത് ഗർഭസ്ഥശിശുവിന്റെ ജീവനാണ്. ജീവനെ അടിസ്ഥാനപ്പെടുത്തിയേ ഭ്രൂണഹത്യയുടെ ഇസ്‌ലാമിക നിലപാടുകളെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. പ്രബലാഭിപ്രായ പ്രകാരം ജീവൻ നൽകപ്പെടുന്നത് 120 ദിവസമാകുമ്പോഴാണ്. 40 ദിവസമാകുമ്പോൾ ജീവനുണ്ടാകുന്നു എന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്.

അബോർഷൻ:
ഇസ്‌ലാം എന്തു പറയുന്നു

ഗർഭഛിദ്രം രണ്ടു വിധമാണ്.
1. സ്വാഭാവികമായി നടക്കുന്ന ഗർഭഛിദ്രം .
ബാഹ്യഘടകങ്ങളുടെ ഇടപെടലില്ലാതെ വ്യത്യസ്ത കാരണങ്ങൾ മുഖേനെ സ്ത്രീ അറിയാതെ നടക്കുന്നതാണിത്. ഗർഭമലസൽ എന്ന് നാമിതിനെ വിളിക്കുന്നു. ഭ്രൂണത്തിന് വളരാനാവശ്യമായ ഘടകങ്ങൾ ഗർഭാശയത്തിൽ പൂർത്തിയാക്കപ്പെടാതിരിക്കൽ, സ്ത്രീയുടെ പ്രത്യുൽപാദനശേഷിയിലെ തകരാറുകൾ, അമിതഭാരമുള്ള ജോലികൾ, മാനസിക സമ്മർദം, ഗർഭത്തെയും ഗർഭസ്ഥശിശുവിനെയും ദോഷകരമായി ബാധിക്കുന്ന മരുന്നുകളുപയോഗം തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ബാഹ്യമായ ഇടപെടലുകളില്ലാത്തതുകൊണ്ട് ഇവിടെ നിയമം ബാധകമാകുന്നില്ല. ഇത്തരം ഗർഭമലസലിൽ 80 ശതമാനവും ഗർഭസ്ഥശിശുവിന്റെ വളർച്ച അപൂർണമോ വൈകല്യമുള്ളതോ ആണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

2. ബോധപൂർവ്വം നടക്കുന്ന ഗർഭഛിദ്രം.
മരുന്നുകളോ ഉപകരണങ്ങളോ ഉപയോഗിച്ച് ഭ്രൂണത്തെ നശിപ്പിക്കുന്ന രീതിയാണിത്.
സ്വാഭാവിക ഗർഭമലസലിൽ നിയമം ബാധകമല്ലാത്തതു കൊണ്ട് ബോധപൂർവ്വം നടക്കുന്ന ഗർഭ ഛിദ്രത്തിലാണ് കൂടുതൽ ചർച്ചകൾ അനിവാര്യമാകുന്നത്.

1. ഗർഭസ്ഥശിശുവിന് ജീവൻ വന്നിട്ടുണ്ടെങ്കിൽ അബോർഷൻ ചെയ്ത് നശിപ്പിക്കൽ നിരുപാധികം ഹറാമാണ്.(4)
2. മനുഷ്യരൂപം എത്തിയ ഗർഭസ്ഥശിശുവിന് ജീവൻ നൽകപ്പെട്ടിട്ടില്ലെങ്കിൽ അബോർഷൻ ചെയ്ത് നശിപ്പിക്കൽ കറാഹത്താണ്.(5)
3. മനുഷ്യരൂപം എത്താത്ത ഗർഭകാലത്തിന്റെ ആദ്യഘട്ടങ്ങളിൽ അബോർഷൻ പറ്റും.
(6)
അടിസ്ഥാനപരമായി ഈ മൂന്ന് നിഗമനങ്ങളിലേക്കാണ് പണ്ഡിതരധികവും എത്തിയിട്ടുള്ളത്.
ചില പണ്ഡിതാഭിപ്രായങ്ങൾ താഴെ കാണാം.
ഗർഭസ്ഥശിശുവിന് ജീവൻ വന്നിട്ടില്ലെങ്കിൽ ന്യായമായ കാരണത്തിന് വേണ്ടി ഛിദ്രമാവാം എന്നാണ് ഷാഫി,ഹനഫി മദ്ഹബുകളും മാലികി,ഹമ്പലി മദ്ഹബുകളിലെ പ്രമുഖരും പറഞ്ഞിട്ടുള്ളത്.
ഇമാം റംലി(റ)പറയുന്നു:
” പ്രബലാഭിപ്രായപ്രകാരം ശിശുവിന് ജീവൻ വരുന്ന സമയത്തിന് ശേഷമാണെങ്കിൽ നിരുപാധികം നിഷിദ്ധമാണെന്നും മുൻപാണെങ്കിൽ അനുവദനീയമാണെന്നുമാണ് “.(7)

ഗർഭസ്ഥശിശുവിന് ജീവൻ വന്നതിനുശേഷം അതിനെ നശിപ്പിക്കുന്നത് കൊലപാതകമാണ്. ഭൂമിയിലേക്ക് ജനിച്ചു വീണിട്ടില്ല എന്ന് മാനദണ്ഡപ്പെടുത്തി ഒരു ജീവൻ ഇല്ലായ്മചെയ്യാൻ നമുക്കൊരിക്കലും അവകാശമില്ല. അങ്ങനെ അവകാശം നൽകുന്ന ഏത് നിയമവും മനുഷ്യത്വരഹിതവും ധാർമിക രഹിതവുമാണ്. ജീവൻ വരാൻ സമയമാകുന്നതിന് മുമ്പ് അബോർഷൻ ചെയ്ത് നശിപ്പിക്കുന്നതിലും ധാർമിക പൊരുത്തക്കേടുകളുണ്ട്. കാരണം, ജീവനിലേക്കുള്ള സഞ്ചാരത്തിലായിട്ടാണ് ഭ്രൂണ വളർച്ചയുടെ ഓരോ ഘട്ടത്തെയും കണക്കാക്കുന്നത്. അപ്പോൾപിന്നെ അതിനെ ഇല്ലായ്മ ചെയ്യുന്നത് മനസ്സാക്ഷിയില്ലായ്മയുടെ അടയാളം തന്നെയാണ്.
“മനുഷ്യ ബീജത്തിന് മനുഷ്യ കുഞ്ഞിൻറെ അതേ പവിത്രത ഉണ്ട്. അതിനാൽ ഗർഭധാരണം ഉറപ്പായശേഷം പുറത്തെടുക്കാനോ നശിപ്പിക്കാനോ പാടില്ലെന്ന്” പണ്ഡിതർക്ക് അഭിപ്രായമുണ്ടെന്ന് ഇമാം ത്വബിരി(റ)യെ ഉദ്ധരിച്ച് ഇമാം റംലി(റ)രേഖപ്പെടുത്തുന്നുണ്ട്. ഗർഭധാരണാനന്തരം അതിനെ നശിപ്പിക്കാൻ പാടില്ലെന്നതിലേക്കാണ് പണ്ഡിതർ എത്തുന്നത്. ഏറെ പ്രാധാന്യമർഹിക്കുന്ന നിലപാട് തന്നെയാണിത്. കാരണം ജീവിതത്തിൻറെ എല്ലാ ഘട്ടങ്ങളും ഏറെ പ്രധാനം തന്നെയാണ്. ജനിച്ചതിനു ശേഷം മാത്രമാണ് ശിശുവിന് പരിഗണന നൽകേണ്ടതുള്ളൂവെന്നത് വിഡ്ഢിത്തമാണ്. അങ്ങനെയാണെങ്കിൽ ജർമനിയിൽ രാജ്യത്തിൻറെ പുരോഗതിക്കാവശ്യമില്ലാത്തവരെന്ന പേരിൽ വൈകല്യമുള്ളവരെ കൊന്നുതള്ളിയ ഹിറ്റ്ലറുടെ പ്രവൃത്തി ശരിയാണെന്ന് പറയേണ്ടി വരില്ലേ. പക്ഷേ അതെപ്പോഴും തെറ്റ് തന്നെയാണല്ലോ. സമൂഹത്തിൽ വൃദ്ധർക്ക് സ്ഥാനമില്ലെന്നോ യുവാക്കളെ മാത്രമാണ് രാജ്യത്തിന് ആവശ്യമെന്നോ നാം പറയാറില്ലല്ലോ. അതുതന്നെയാണ് ഈ വിഷയത്തിലും പറയാനുള്ളത്. കുഞ്ഞായതിനുശേഷമാണ് എല്ലാവരും യുവത്വത്തിലെത്തുന്നത്. സ്വാഭാവികമായും വാർദ്ധക്യത്തിലേക്കെത്തുന്നു. ജീവിതത്തിൻറെ ഓരോ ഘട്ടവും പ്രധാനമാണ്. ഏതെങ്കിലും ഒരു ഘട്ടം അപ്രധാനമെന്ന പേരിൽ മാറ്റിനിർത്താനാവില്ല. അങ്ങനെ തന്നെയാണ് ഗർഭകാല ജീവിതവും. അതിനത്ര പ്രാധാന്യമില്ലെന്ന്, അല്ലെങ്കിൽ നിശ്ചിതമാസത്തിനു ശേഷമുള്ള ഗർഭസ്ഥ ശിശുവിനെ മാത്രം പരിഗണിച്ചാൽ മതിയെന്നുള്ള അഭിപ്രായത്തെ എല്ലാവരുംകൂടി നടപ്പിലാക്കിയാൽ ലോകത്തിൻറെ ഗതിയെന്താവും.

ഇസ്‌ലാം ഓരോ ജീവത്ഘട്ടത്തിനും പ്രസക്തി നൽകുന്നുണ്ട്. ബീജത്തുള്ളികൾ പോലും അനാവശ്യമായി കളയാൻ പാടില്ലെന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. ഇന്ദ്രിയത്തുള്ളികൾ അനാവശ്യമായി കളയൽ ജീവനെ നിശബ്ദമായി കുഴിച്ചുമൂടലാണെന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്.

അണ്ഡബീജസങ്കലനാനന്തരം സിക്താണ്ഡം രൂപപ്പെടുന്നതോടെ അതിന് പ്രാധാന്യം വരുന്നുവെന്നതാണ് ഇസ്‌ലാമിക സമീപനം. ഹുദൈൽ ഗോത്രത്തിൽപ്പെട്ട രണ്ടുസ്ത്രീകളിൽ ഒരാളുടെ കല്ലേറുകൊണ്ട് മറ്റൊരു സ്ത്രീയുടെ ഗർഭം അലസിപ്പോയി. പ്രായശ്ചിത്തമായി ഒരു അടിമയെ മോചിപ്പിക്കാനാണ് പ്രവാചകർ(സ്വ)വിധിച്ചത്.

വിവാഹേതര ബന്ധത്തിലൂടെ ഉണ്ടായ ഗർഭമാണെങ്കിലും അതിനെ പരിചരിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ ഗർഭിണിയായി കുറ്റമേറ്റ് പറയാൻ വന്ന ഗാമിതിയ്യ ഗോത്രക്കാരിയോട് കുഞ്ഞിൻറെ മുലകുടിപ്രായം കഴിഞ്ഞതിനു ശേഷം വരാനാണ് പ്രവാചകർ(സ്വ)ആവശ്യപ്പെട്ടത്. ഗർഭസ്ഥശിശുവിന് വേണ്ടി നോമ്പ് ഉപേക്ഷിക്കേണ്ടി വന്നാൽ അങ്ങനെ ചെയ്യണമെന്നാണ് ഇസ്‌ലാമികാധ്യാപനം. മനുഷ്യരൂപം പ്രാപിച്ചതിനുശേഷം പ്രസവിക്കപ്പെടുന്ന കുഞ്ഞിനുവേണ്ടി മയ്യിത്ത് നിസ്കരിക്കണമെന്നാണ് ഇസ്‌ലാമിക വിധി. അത്രമേൽ പ്രധാനമാണ് ഗർഭവും ഗർഭസ്ഥശിശുവും.

ഗർഭഛിദ്രം ഇസ്‌ലാം അനുവദിക്കുന്നത് തന്നെ ഉപാധികളോടെയാണ്. ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാകുന്ന ഘട്ടങ്ങളിലാണ് ഈ വഴിയെക്കുറിച്ച് ആലോചിക്കേണ്ടത്. മക്കയിലെ മുസ്‌ലിം വേൾഡ് ലീഗിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫിഖ്ഹ് കൗൺസിൽ 2004ൽ ഈ വിഷയത്തിൽ വിധി പറഞ്ഞിട്ടുണ്ട്.
“ഗർഭസ്ഥശിശു വളർച്ച പിന്നിട്ടിട്ടുണ്ടെങ്കിൽ അതിനെ നീക്കം ചെയ്യൽ അനുവദനീയമല്ല. വൈദ്യപരിശോധനയിൽ കുഞ്ഞിന് വൈകല്യമുണ്ടെന്ന് സ്ഥിരീകരിച്ചാലും ശരി. എന്നാൽ ഗർഭം തുടരുന്നത് മാതാവിൻറെ ജീവനുതന്നെ ഭീഷണിയാണെന്ന് വിദഗ്ധ ഡോക്ടർമാർ പറഞ്ഞാൽ രണ്ടു ദോഷങ്ങളിൽ ഗുരുതരമായത് തടയുക എന്ന തത്വപ്രകാരം അബോർഷൻ ചെയ്യാം “
എന്നതാണ് വിധി. വൈകല്യത്തിന്റെയോ ജെൻഡറിന്റെയോ ഒന്നും പേരിൽ അബോർഷൻ പാടില്ലെന്നത് വ്യക്തമാണ്.

എന്നാൽ പുതിയകാലത്ത് നിസ്സാരമായ കാരണങ്ങൾക്ക് വേണ്ടി സംവിധാനങ്ങളുപയോഗിച്ച് ഭ്രൂണത്തെ/ഗർഭസ്ഥശിശുവിനെ നിഷ്കരുണം ഇല്ലായ്മ ചെയ്യുന്ന ഭ്രൂണഹത്യ( Abortion) പ്രവണത വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഗർഭാവസ്ഥയിൽ തന്നെ ശിശുവിന്റെ ലിംഗനിർണയം നടത്താൻ സഹായിക്കുന്ന ആധുനിക മാർഗങ്ങൾ വന്നതോടെയാണ് ഇന്ത്യയിൽ ഗർഭഛിദ്രം വ്യാപകമായത്. ആംനിയോട്ടിക് സ്രവത്തിന്റെ സാമ്പിളെടുത്ത് ലിംഗനിർണയം നടത്തുന്ന ആംനിയോസിന്തസിസ് രീതി രണ്ടുദശകം മുമ്പ് വടക്കേഇന്ത്യയുടെ പലഭാഗങ്ങളിലും പ്രചരിച്ചിരുന്നു. എന്നാൽ പാർശ്വഫലങ്ങളില്ലാത്തതും ലളിതവുമായ അൾട്രാസൗണ്ട്സ്കാനിങ് വന്നതോടെ ലിംഗനിർണയം കൂടുതൽ എളുപ്പമായി. ഗർഭസ്ഥ ശിശുവിന്റെ ജന്മ-ജനിതക വൈകല്യങ്ങൾ, നാഡീവ്യൂഹ തകരാറുകൾ, ക്രോമസോം വൈകല്യങ്ങൾ, ലൈംഗിക ജന്യ രോഗങ്ങൾ തുടങ്ങിയവ കണ്ടുപിടിച്ച് ചികിത്സിക്കലാണ് അൾട്രാസൗണ്ട്സ്കാനിങ്ങിന്റെ ലക്ഷ്യം. പക്ഷേ ഇതിൻറെ മറവിൽ വ്യാപകമായ ലിംഗനിർണയവും ഗർഭഛിദ്രവും നടക്കുന്നുണ്ട്. വിവാഹേതര ലൈംഗിക ബന്ധങ്ങളിലൂടെയും, വിവാഹത്തിന്റെ ആദ്യ ഘട്ടങ്ങളിലുണ്ടായ ഗർഭവുമെല്ലാം നശിപ്പിക്കുന്നത് വ്യാപകമായിരിക്കുകയാണ്.

ചുരുക്കത്തിൽ, ഗർഭസ്ഥശിശുവിന് ജീവൻ വന്നതിനുശേഷം അബോർഷൻ ചെയ്യുന്നത് ഹറാമാണ്. കൊലപാതകമാണ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. ജീവൻ വരുന്നതിന്റെ മുമ്പാണെങ്കിൽ ജീവിതത്തിലേക്കുള്ള യാത്രയിലതിനെ ഇല്ലായ്മ ചെയ്യലാണ്. ധാർമികമായി അതും തെറ്റാണ്.
ഏറ്റവും തികവാർന്ന ധാർമികജീവിതം നയിക്കുകയെന്നതാണ് ഓരോ വിശ്വാസിയുടെയും ധർമം.
സർവമാന കർമങ്ങളിലും ധാർമികത കൈമുതലാക്കാൻ കഴിയുമ്പോഴാണ് വിശ്വാസിജീവിതം പൂർണമാകുന്നത് .

അവലംബം:

1.സൂറ:അൻആം 151
2.ബുഖാരി,മുസ്‌ലിം
3.സൂറ:മുഅ്മിനൂൻ 12-14
4.ശറഹുൽകബീർ 2/267, നിഹായതുൽ മുഹ്താജ് 8/416, ഹാശിയതുൽ ജമൽ 5/490, ഹാശിയതുൽ ബുജൈരിമി 3/303,
5.ഹാശിയതുഖൽയൂബി
6.ഫത്ഹുൽഖദീർ 2/495, ഹാശിയതു ഇബ്നുആബിദീൻ 2/380
7.നിഹായതുൽ മുഹ്താജ്

Questions / Comments:No comments yet.