ഇസ്ലാമിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് പ്രവാചക കാലത്തോളം പഴക്കമുണ്ട്. മൗലിക പ്രമാണങ്ങളായ ഖുർആനിനെയും തിരുഹദീസിനെയും നിഷേധിക്കാനും നിരാകരിക്കാനുമുള്ള ശ്രമങ്ങൾ അവിരാമം ഇന്നും തുടരുകയാണ്. ഖുർആനിനെ അപേക്ഷിച്ച് ഹദീസുകളുടെ കാര്യത്തിലാണ് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പത്തിൽ സാധിക്കുക. അതോടൊപ്പം ഹദീസ് നിഷേധത്തിലൂടെ തന്നെ ഫലത്തിൽ ഖുർആനിന്റെ സ്വാധീനവും പ്രയോഗവൽക്കരണവും കുറയ്ക്കാൻ സാധിക്കും. ആ ദൈവിക ഗ്രന്ഥത്തിന്റെ വിശദീകരണം ആണല്ലോ തിരുഹദീസ്. മനുഷ്യ ജീവിതത്തിലെ ജനനം മുതൽ മരണം വരെയുള്ള ജീവിതത്തിൽ അനുവർത്തിക്കേണ്ട ഒട്ടേറെ കാര്യങ്ങളും മരണാനന്തരമുള്ള മയ്യിത്ത് സംസ്കരണ രീതികളും എല്ലാം തിരു ഹദീസിലൂടെയാണ് പഠിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ ആശയ പ്രതിയോഗികൾ ഹദീസുകളിലും ഹദീസ് നിവേദകരിലും തിരിമറികൾ നടത്താൻ ശ്രമിക്കുന്നതിന് മറ്റു കാരണങ്ങളൊന്നും അന്വേഷിക്കേണ്ടതില്ല.
പലപ്പോഴും അതിനവരുപയോഗിച്ച മാർഗങ്ങൾ നിഗൂഢവും ആസൂത്രിതവുമാണ്. ഹദീസുകളുടെ സ്വീകാര്യതയ്ക്ക് അപ്രായോഗികവും അനാവശ്യവുമായ നിബന്ധനകൾ വെക്കുക, അവയിലെ നിവേദകരുടെ മേലിൽ അവിശ്വാസം ജനിപ്പിക്കുക എന്നീ മാർഗത്തിലൂടെ ഹദീസുകളിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം.
സ്വഹാബി പ്രമുഖനായ അബൂഹുറൈറ(റ)യുടെ മേലിലുള്ള ഓറിയന്റലിസ്റ്റ് വിമർശങ്ങളുടെ ഉൾപ്രേരകവും അതു തന്നെയായിരുന്നു. കാരണം ഹദീസ് നിവേദകരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്തത് മഹാനാണ്. അവർ റിപ്പോർട്ട് ചെയ്ത ഹദീസുകൾ സ്വീകാര്യമല്ലെന്ന് തെളിഞ്ഞാൽ പിന്നീട് പ്രവാചകചര്യ പിൻപറ്റാൻ മുസ്ലീങ്ങൾക്ക് സാധിക്കുകയില്ല. അതില്ലാതെ ഖുർആൻ ഗ്രഹിക്കാനും കഴിയില്ല. അങ്ങനെ മുസ്ലീങ്ങളെ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകറ്റുക എന്ന ഗൂഡലക്ഷ്യമാണ് അവർക്കുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി ഒരുപാട് നിവേദകർക്ക് സ്വീകാര്യത ഇല്ല എന്ന് അവർ വാദിച്ചെങ്കിലും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത അബൂഹുറൈറ (റ ) മേലിലാണ് കൂടുതൽ അക്രമങ്ങൾ നടന്നത്.ഹദീസുകളെയും അവയിലെ നിവേദകരെയും സംബന്ധിച്ച് വ്യാജ ആരോപണങ്ങൾ നടത്തി തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്നതിൽ ഏറ്റവുമധികം പങ്കുവഹിച്ചത് ഓറിയന്റലിസ്റ്റ് നേതാവും ജൂതനുമായ ഗോൾഡ് സിഹർ ആയിരുന്നു.
അബൂ ഹുറൈറ(റ) ജൂതനോ?
പുത്തൻ മോഡേണിസ്റ്റുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് "അബൂഹുറൈറ (റ) ജൂതനായിരുന്നുവെന്നാണ്. ജൂത ആശയങ്ങൾ ഇസ്ലാമിൽ കൂട്ടി കലർത്താൻ വേണ്ടിയാണ് അദ്ദേഹം മുസ്ലിമായതെന്നാണ് അവർ നടത്തിയ കണ്ടുപിടുത്തം!അബൂഹുറൈറയെ(റ) പറ്റി ഗോൾഡ് സിഹർ പറയുന്നത് കാണുക. "ബുദ്ധിസാമർഥ്യം കൊണ്ട് അബൂ ഹുറൈറ അതിനുള്ള എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചു. അങ്ങനെ ജൂത സിദ്ധാന്തങ്ങൾ ഇസ്ലാമിൽ കൂട്ടിച്ചേർക്കാൻ അദ്ദേഹത്തിന് സാധിച്ചു. പൂർവികർക്കാർക്കും ഇത് മനസ്സിലാക്കാനോ തിരുത്താനോ കഴിഞ്ഞില്ല" വെറും കല്ലുവെച്ച നുണകൾ എന്നതിനപ്പുറം യാതൊരാടിസ്ഥാനവും ഈ വാദഗതിക്ക് ഇല്ല എന്നതാണ് വസ്തുത.
കാരണം ഒരു വിധത്തിലും ജൂത പശ്ചാത്തലം ഉള്ള ആളല്ലായിരുന്നു അബൂ ഹുറൈറ. ഒരു ജൂത കുടുംബത്തിൽ ജനിച്ച ആളുമല്ല. യമനിലെ ദൗസ് ഗോത്രത്തിൽ ആണ് മഹാനവർകളുടെ ജനനം. മഹാനായ അബൂബക്കർ സിദ്ദീഖ്(റ), ഉമർ(റ) എന്നിവരെ പോലെ ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് വിഗ്രഹാരാധകരായിന്നു. അങ്ങനെ അവരുടെ ഗോത്രത്തലവനായ തുഫൈൽ എന്നവരുടെ നേതൃത്വത്തിൽ അവർ ഇസ്ലാം സ്വീകരിക്കുകയും മുത്ത് നബിയുടെ അടുത്തേക്ക് പലായനം ചെയ്ത് വരികയുമാണുണ്ടായത്.
ഖൈബർ യുദ്ധത്തിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയായിരുന്ന നബി തങ്ങളുടെ അടുത്തേക്ക് അവർ പോവുകയും തൽഫലമായി അബൂഹുറൈറ(റ)ക്കും കൂട്ടുകാർക്കും ഖൈബർ യുദ്ധത്തിൽ സംബന്ധിക്കാൻ സാധിക്കുകയും ചെയ്തു. അതിനാൽ ആണ് അദ്ദേഹത്തിന് പ്രസ്തുത യുദ്ധവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ നിവേദനം ചെയ്യാൻ സാധിച്ചത്. നബിയെ സന്ദർശിച്ച് ഈ ഘട്ടത്തിൽ ജൂതന്മാരുടെ യുദ്ധം നടന്ന സമയത്തായതിനാൽ ആണ് അദ്ദേഹത്തെ ജൂതൻ എന്ന് ആരോപിക്കുന്നത്.
ഇതിനുപുറമെ തന്നെ സ്വഹാബികൾ തന്നെ അദ്ദേഹത്തെ എതിർത്തു പറഞ്ഞിട്ടുണ്ട് എന്ന് പറയപ്പെടുന്ന ഒരുപാട് കുപ്രചരണങ്ങൾ അവർ നിരന്തരം നടത്തിക്കൊണ്ടിരുന്നു. ഇബ്രാഹീമുബ്നു സയ്യാറുന്നല്ലാം പറയുന്നു:" ഉമർ, ഉസ്മാൻ, അലി (റ ) എന്നിവർ അദ്ദേഹത്തെ കളവാക്കിയിട്ടുണ്ട് ". ഉമർ (റ ) പറഞ്ഞതായി ബിഷറുൽ മിർരീസി പ്രസ്താവിക്കുന്നു :"ഹദീസ് നിവേദകരിൽ ഏറ്റവും വലിയ വ്യാജൻ അബൂഹുറൈറയാണ് ". ഇങ്ങനെ തുടങ്ങി അബൂഹുറൈറ(റ)യുമായി ബന്ധപ്പെട്ട ഏതു മേഖലയിലും വിമർശകരുടെ ഒളിച്ചു കടത്തലുകൾ കാണാം.
നാലുവർഷത്തോളം തിരുനബിയോടൊപ്പം വേർപിരിയാതെ സഹവസിക്കുകയും, അവിടുത്തെ വിയോഗാനന്തരം നീണ്ട 47 വർഷം പ്രവാചക അനുചരന്മാർക്കും, ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും തന്റെ അടുക്കൽ നിന്ന് വിജ്ഞാനം നുകരാൻ വേണ്ടി വന്ന അനേകായിരം മഹത്‌വ്യക്തികൾക്കും പ്രവാചകചര്യയെ സംബന്ധിച്ച സംശയങ്ങൾ തീർത്തു കൊടുക്കാനും ഭാഗ്യം ലഭിച്ചവരാണ് അബൂഹുറൈറ(റ). വലിയ അറിവിന്റെ കവാടമായ മഹാനവർകളുടെ മേലിൽ കളവ് പ്രചരിപ്പിക്കാനും തരംതാഴ്ത്തി കാണിക്കാനും ഇസ്‌ലാംവിരുദ്ധത തലയ്ക്കു പിടിച്ച, ജീർണമായ പാശ്ചാത്യൻ സംസ്കാരത്തിന്റെ വക്താക്കൾക്കും അവരുടെ വിഴുപ്പും പേറി നടക്കുന്ന മോഡേണിസ്റ്റുകൾക്കുമല്ലാതെ കഴിയുകയില്ല.
കുരിശുദ്ധങ്ങളിലെ ദയനീയമായ പരാജയങ്ങളിൽ വിളറിപൂണ്ട ക്രൈസ്തവ യൂറോപ്പിന് ഇസ്ലാമിനെതിരെ പ്രത്യയശാസ്ത്രപരമായ സംഘട്ടനത്തിനൊരുങ്ങാൻ പദ്ധതിയുണ്ടായിരുന്നു. സായുധ നീക്കത്തിലൂടെ മുസ്‌ലിം പ്രതാപം തുടച്ചു നീക്കുക അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ അവർ കണ്ടുപിടിച്ച ശ്രമമായിരുന്നു ഓറിയന്റലിസ്റ്റുകൾ വഴി ഇസ്ലാമിന്റെ ആധികാരികതയെ ചോദ്യം ചെയ്യുക എന്നത്. അതിന്റെ ഭാഗമായുള്ള ഒരു ഒളിച്ചുകടത്തൽ എന്നതിനപ്പുറം ഒന്നും അബൂഹുറൈറ(റ)യുടെ വിഷയത്തിൽ നടന്നിട്ടില്ല എന്നതാണ് വസ്തുത.