സാമൂഹിക, രാഷ്ട്രീയ, അക്കാദമിക, വ്യവഹാരങ്ങളിലെ ശ്രദ്ധാകേന്ദ്രമാണ് മുഗൾ സാമ്രാജ്യവും ഭരണപരിഷ്കാരങ്ങളും. വ്യാജചരിത്രങ്ങളുടെ തുടർപ്രചരണ കാലത്ത് ഫാഷിസത്തിന്റെ രാഷ്ട്രീയോപാധികളാവുകയാണ് മുഗൾ ചക്രവർത്തിമാർ. AD 1658 മുതൽ 1707 വരേയുള്ള ഔറംഗസീബിയൻ ചരിത്രത്തെ സൂക്ഷ്മവായനക്കെടുക്കുന്നു.
കൂടുതൽ കാലം ഇന്ത്യ ഭരിച്ച മുസ്‌ലിം സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻഗാമികളും , മാതൃത്വം വഴി മംഗോൾ പോരാളിയായ ചെങ്കിസ്ഖാന്റെ പാരമ്പര്യവുമുള്ളവരാണ് മുഗളന്മാർ . മധേഷ്യയിൽ നിന്ന് കടന്നുവന്ന സഹീറുദ്ദീൻ ബാബർ 1526 ലാണ് ഈ രാജവംശത്തിന് ബീജാവാപം നൽകിയത്. ബാബറിന്റെ പുത്രൻ അക്ബറിന്റെ കാലത്താണ് മുഗൾ വലിയ സാമ്രാജ്യമായി വികസിച്ചത്. ഇന്ത്യ, പാകിസ്ഥാൻ , അഫ്ഗാനിസ്ഥാന്റെ ഭാഗങ്ങൾ എന്നിവ അടങ്ങിയ വിസ്തൃതമായ ഭൂപ്രദേശം മുഗൾ സാമ്രാജ്യത്തിന് കീഴിലുണ്ടായിരുന്നു.
മുഗളന്മാർ ഇന്ത്യക്ക് ഒട്ടനവധി ചരിത്ര നിർമ്മിതികളും വാസ്തുവിദ്യകളും സമ്മാനിച്ചിട്ടുണ്ട്. മുഗൾ സാമ്രാജ്യകാലം ഇന്ത്യയുടെ സമ്പന്ന കാലഘട്ടമായാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കാറുള്ളത്. ഷാജഹാന്റെ താജ്മഹൽ, ചെങ്കോട്ട, ആഗ്ര കോട്ട, ഡൽഹി ജുമാ മസ്ജിദ് തുടങ്ങിയവ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ചരിത്ര നിർമ്മിതികളാണ്. വാസ്തുവിദ്യ കലകളിലും ഇന്ത്യക്ക് അനേകം സംഭാവന നൽകാൻ മുഗളന്മാർക്ക് സാധിച്ചിട്ടുണ്ട്. ഷാജഹാനെക്കാൾ ചരിത്ര പ്രാധാന്യം അദ്ദേഹത്തിൻറെ പുത്രനും മുഗൾ സാമ്രാജ്യത്തിലെ ആറാമത്തെ ചക്രവർത്തിയുമായ ഔറംഗസിബിനുണ്ട്. മാത്രമല്ല, ചരിത്രം രണ്ട് രൂപത്തിൽ വായിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.
1618 നവംബർ 23 ന് ഗുജറാത്തിലെ ദാഹോറിലാണ് ഔറംഗസീബിന്റെ ജനനം. ഷാജഹാന്റെയും മുംതാസ് മഹലിന്റെയും നാല് ആൺമക്കളിൽ മൂന്നാമനാണ് ഔറംഗസീബ്. ധാര, ഷൂജ, മുറാദ് എന്നിവരാണ് സഹോദരന്മാർ. അബു മുസാഫിർ മുഹിയുദ്ധീൻ മുഹമ്മദ് ഔറംഗസീബ് എന്നാണ് അദ്ദേഹത്തിൻറെ പൂർണ്ണനാമം. സിന്ദ് പീർ (ജീവിക്കുന്ന സന്യാസി) ആലംഗീർ (ലോകം കീഴടക്കിയവൻ) തുടങ്ങിയ സ്ഥാനപ്പേരുകളിൽ പ്രസിദ്ധനാണ് ഔറംഗസീബ്. ചെറുപ്പം മുതലെ പക്വമായ പെരുമാറ്റവും ഇടപെടലും ഔറംഗസിബിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി.
യുദ്ധം, സൈനിക തന്ത്രം, ഭരണം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു മുഗൾ നാട്ടുരാജ്യ വിദ്യാഭ്യാസം. ഈ വിദ്യാഭ്യാസം പിൽക്കാലത്ത് മികച്ച ഭരണാധികാരിയാക്കുന്നതിൽ ഔറംഗസീബിനെ സഹായിച്ചു. മാത്രമല്ല അദ്ദേഹത്തിൻറെ പഠന പരിധിയിൽ ഇസ്‌ലാമിക അധ്യാപനങ്ങൾ, തുർക്കിഷ് സാഹിത്യം, പേർഷ്യൻ സാഹിത്യം തുടങ്ങിയവ ഉൾപ്പെട്ടിരുന്നു. ചെറുപ്രായത്തിൽ തന്നെ ഭക്തിയിലധിഷ്ഠിത ജീവിതമായിരുന്നു ഔറംഗസീബിന്റെത്. ബുദ്ധിയും സാമർത്ഥ്യവും പിതാവിനെ ഭരണത്തിൽ സഹായിക്കുന്നതിന് അദ്ദേഹം ഉപയോഗപ്പെടുത്തി.
രാഷ്ട്രീയവും സാമ്രാജ്യ വികസനവും
20 വയസ്സായപ്പോൾ തന്നെ ഷാജഹാൻ രാജ്യത്തിൻറെ സുപ്രധാന നടപടി കാര്യങ്ങൾ ഔറംഗസീബിനെ ഏൽപ്പിച്ചു തുടങ്ങിയിരുന്നു. മാത്രമല്ല ഏൽപ്പിക്കപ്പെട്ട മുഴുവൻ ചുമതലകളും വളരെ ഭംഗിയായി കൃത്യതയോടെ പൂർത്തിയാക്കാനും ഔറംഗസീബിന് സാധിച്ചിട്ടുണ്ട്. പിതാവിന്റെ കീഴിൽ ഭരണപരവും സൈനികപരവുമായ സ്ഥാനങ്ങൾ വഹിക്കുകയും പ്രഗത്ഭനായ സൈനിക കമാൻഡറായി അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഔറംഗസീബ് 1636-37 കാലഘട്ടത്തിൽ ഡെക്കാനിലെ വൈസ്രോയിയായും 1645-47 കാലഘട്ടത്തെ ഗുജറാത്ത് ഗവർണറായും സേവനമനുഷ്ഠിച്ചു. 1648-52 ൽ മുൾട്ടാൻ, സിന്ധുപ്രവിശ്യകൾ സംയുക്തമായി ഭരിക്കുകയും അയൽ രാജ്യമായ സഫാവിദ് പ്രദേശങ്ങളിലേക്കുള്ള പരിവേഷങ്ങൾ തുടരുകയും ചെയ്തു.
ഓർക്കായിലെ ഭരണാധികാരി ജുജാർ സിംഗ് ഷാജഹാന്റെ നയത്തെ ധിക്കരിച്ച് മറ്റൊരു പ്രദേശം ആക്രമിക്കുകയും തൻ്റെ പ്രവർത്തികൾക്ക് പ്രായശ്ചിത്യം ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു. ജുജാർ സിംഗിനെ കീഴടക്കുക എന്ന ഉദ്ദേശ്യത്തോടെ ബുന്ദേൽ ഖണ്ഡിയിലേക്ക് അയച്ച സേനയുടെ ചുമതല ഔറംഗസീബിനായിരുന്നു. സിങ്ങിനെ അധികാര ഭ്രംഷ്ടനാക്കാൻ ഔറംഗസീബിന് സാധിച്ചു. ഇത്തരത്തിൽ ഒട്ടനവധി വിജയങ്ങൾക്ക് ഔറംഗസീബ് ഷാജഹാന്റെ ഭരണകാലത്ത് തന്നെ കൊടി പിടിച്ചിട്ടുണ്ട്.
പിതാവിൻ്റെ അമിതമായ പണ ദുർവിനിയോഗം ധൂർത്ത് തെറ്റാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഔറംഗസീബിന് , അനുവദിച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ പട്ടിണി കിടക്കുന്ന അനേകം മനുഷ്യരുള്ള സാമ്രാജ്യത്തിന്റെ ഭരണാധികാരം സ്വയം ഏറ്റെടുക്കുകയും പിതാവിനെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. സാമ്രാജ്യത്തിലെ ഓരോ വ്യക്തിയുടെ പ്രശ്നവും സാമ്രാജ്യത്തിന്റെ പ്രശ്നമായി വായിച്ചെടുത്ത് പരിഹരിക്കണമെന്ന് ഔറംഗസീബ് വിശ്വസിച്ചിരുന്നു.
ഷാജഹാൻ ചക്രവർത്തിക്ക് ധാരാളം മക്കൾ ഉണ്ടായിരുന്നു. മൂത്തമകൻ ധാര ഷി ഗോവിനോടാണ് പിതാവിന് കൂടുതൽ പ്രിയം. എന്നാൽ ധാര ഷിഗോവിന് വിശ്വാസപരമായ ന്യൂനതയും ഭരണപരമായ യോഗ്യതക്കുറവുമുണ്ടായിരുന്നു. വലിയ മുത്തശ്ശനായ അക്ബറിനെ സ്മരിക്കും വിധത്തിലാണ് ഇദ്ദേഹത്തിൻറെ വിശ്വാസങ്ങളും ആഭിമുഖ്യങ്ങളും. ഷാജഹാൻ ശയ്യയിലായപ്പോൾ ധാര പിതാവിനൊപ്പം ആഗ്രയിലും ഔറംഗസീബ് തലസ്ഥാനത്ത് നിന്ന് വളരെ അകലെ ഡക്കാനിലുമായിരുന്നു. മാത്രമല്ല ഔറംഗസീബിന്റെ ഭരണ നൈപുണ്യത്തിൽ ധാരക്ക് വലിയ ഭീതിയുണ്ടായിരുന്നു. ചക്രവർത്തി പദം ഉറപ്പുവരുത്തുന്നതിന് വേണ്ടി ധാര പിതാവിൻറെ പേരിൽ ഔറംഗസീബിന് ഒരു കത്തെഴുതി. കത്തിന്റെ ഉള്ളടക്കം പിതാവ് ശയ്യയിലാണ്, അതിനാൽ ആഗ്രയിലേക്ക് വരണമെന്നായിരുന്നു. സിംഹാസനം പിടിച്ചെടുക്കാനുള്ള പദ്ധതിയായിരുന്നു കത്ത്. മുപ്പതിനായിരം വരുന്ന പരിചയ സമ്പന്നരായ സൈന്യവുമായാണ് ചതി മണത്ത ഔറംഗസീബ് ആഗ്രയിലേക്ക് പുറപ്പെട്ടത്. ഒന്നേകാൽ ലക്ഷം വരുന്ന ഭീമൻ സൈന്യവുമായി ധാരയും ഔറംഗസീബിനെ ലക്ഷ്യമാക്കി നീങ്ങി.
1658 മെയ് 29 ന് ഇരു സൈന്യവും വാളിയാറിലെ പാമ്പൽ നദിയുടെ തീരത്ത് സമൂഗണ്ഡിൽ ഏറ്റുമുട്ടി. ഇരു സൈന്യവും തമ്മിൽ ഗോരമായ യുദ്ധം നടന്നു. എണ്ണത്തിൽ 4 ഇരട്ടി വരുന്ന ധാരയുടെ സൈന്യത്തെ ഔറംഗസീബ് തൻ്റെ ദൃഢനിശ്ചയം കൊണ്ട് തുരത്തി. തുടർന്ന് ധാര ഗവർണർ ആയിരുന്ന ആഗ്രയുടെ നിയന്ത്രണം ഔറംഗസീബ് പിടിച്ചെടുത്തു. ഇത് സമുഗാർ യുദ്ധമെന്ന് അറിയപ്പെടുന്നു. സമുഗാർ യുദ്ധത്തിൽ ഔറംഗസീബ് തൻറെ വിജയവും പരമാധികാരവും ഉറപ്പിക്കുകയും സാമ്രാജ്യത്തുടനീളം അദ്ദേഹത്തിൻറെ ആധിപത്യം അംഗീകരിക്കപ്പെടുകയും ചെയ്തു. ഇങ്ങനെയാണ് പിതാവിൻറെ ജീവിതകാലത്ത് തന്നെ ഔറംഗസീബ് ചക്രവർത്തിയായത്. ഷാജഹാനെ വീട്ടു തടങ്കലിൽ അടച്ചെങ്കിലും ഇഷ്ട പുത്രി ജഹനാരയുടെ സ്നേഹ സമൃദ്ധമായ പരിചരണത്തിൽ ആഗ്രയിലെ വീട്ടിലായിരുന്നു. അവിടെ എട്ടു വർഷത്തോളം സുഖകരമായി തന്നെയാണ് ഷാജഹാൻ ജീവിച്ചത്. അന്ത്യാഭിലാഷ പ്രകാരം താജ്മഹൽ കണ്ടുകൊണ്ട് മൃതിയടയാനും അവസരമൊരുക്കി.
സമുഗാർ യുദ്ധത്തിൽ പരാജയപ്പെട്ട ധാര ഷിഗോവ് ലാഹോറിലേക്ക് രക്ഷപ്പെടുകയും അതിൻറെ പരിസരപ്രദേശങ്ങൾ പിടിച്ചെടുക്കാൻ പദ്ധതിയിടുകയും ചെയ്തു. ഇതറിഞ്ഞ ഔറംഗസീബ് ശക്തമായ സൈന്യത്തോട് കൂടെ ലാഹോറിലേക്ക് പുറപ്പെട്ടു. ധാര എതിരിടാൻ നിൽക്കാതെ സിന്ധിയിലേക്ക് രക്ഷപ്പെട്ടു. പിന്നീട് അജ്മീറിനടുത്ത് ബിയോറാവിൽ വെച്ചും ഇരുവരും തമ്മിൽ യുദ്ധം നടന്നിരുന്നു. അതിനുശേഷം അഫ്ഗാനിസ്ഥാനിലേക്ക് പോയ ധാരയെ വഴിയിൽ വെച്ച് ബോലായുരത്തിൽ അഫ്ഗാൻ സേനാപതി തടവിലാക്കുകയും പിന്നീട് ഔറംഗസീബിന് കൈമാറുകയും ചെയ്തു. ഔറംഗസീബ് മതപരിത്യാഗ കുറ്റത്തിന് ധാരയെ കോടതിയിൽ ഹാജരാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.
40 വയസ്സായപ്പോഴാണ് ഔറംഗസീബിന്റെ സിംഹാസാരോഹണം. ഔറംഗസീബിന്റെ ചക്രവർത്തിത്വത്തിന് കീഴിൽ മുഗൾ സാമ്രാജ്യഭൂപ്രദേശം ഏതാണ്ട് ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചു. ദ്രൂതഗതിയിലുള്ള സൈനിക വിപുലീകരണത്തിന്റെ ഒരു കാലഘട്ടമാണ് അദ്ദേഹത്തിൻറെ ഭരണസവിശേഷതയിൽ ഒന്ന്. നിപുണനും തന്ത്രജ്ഞാനിയുമായ സൈനിക നേതാവ് കൂടിയാണ് അദ്ദേഹം എന്നതിനാൽ തന്നെ രാജ്യത്തിൻറെ വിസ്തൃതി വർധിപ്പിക്കാൻ സാധിച്ചു. നിരവധി രാജവംശങ്ങളെയും സംസ്ഥാനങ്ങളെയും ഔറംഗസീബിന്റെ കീഴിൽ മുഗളന്മാർ അട്ടിമറിച്ചു. അദ്ദേഹത്തിൻറെ വിജയങ്ങൾ ആലംഗീർ (ജയിച്ചയാൾ) എന്ന രാജപദവി നേടിക്കൊടുത്തു. മുഗൾ സൈന്യം ക്രമേണ മെച്ചപ്പെടുകയും ലോകത്തിലെ ഏറ്റവും ശക്തമായ സേനങ്ങളിൽ ഒന്നാവുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയും ഏറ്റവും വലിയ ഉൽപാദകശക്തിയുമായ ക്വിംഗ് ചൈനയെ ഈ കാലത്ത് മുഗൾ സാമ്രാജ്യം മറികടന്നു. ഉറച്ച മതവിശ്വാസിയായ ഔറംഗസീബ് മസ്ജിദുകളുടെ നിർമ്മാണത്തിന് സഹായവും അറബി കാലിഗ്രഫി പോലുള്ള കലകൾക്ക് സംരക്ഷണവും നൽകി. അദ്ദേഹം ഫത്താവ ആലംഗീർ വിജയകരമായി നടപ്പിലാക്കി. നിരവധി പ്രാദേശിക കലാപങ്ങൾ അടിച്ചമർത്തിയ ഔറംഗസീബ് വിദേശ സർക്കാറുമായി സൗഹാർദ്ദപരമായ ബന്ധം പുലർത്തി.
സമകാലിക ചരിത്ര സ്രോതസ്സുകളിൽ ഔറംഗസീബ് യഥാർത്ഥ വായന ചെറിയതോതിൽ നടക്കുന്നുണ്ടെങ്കിലും വികലമാക്കപ്പെട്ട ചരിത്രമാണ് പുസ്തകങ്ങളിലും മറ്റും ഉൾപ്പെടുത്തിയിരിക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുന്നതിനും ഹിന്ദുക്കളെ വധിച്ചതിനും അദ്ദേഹം വലിയതോതിൽ വിമർശിക്കപ്പെടുന്നുണ്ട്. കൂടാതെ പ്രാദേശിക ഇസ്‌ലാമികവത്കരണം, ജിസ് യ നികുതി ഏർപ്പെടുത്തൽ, അനിസ്‌ലാമിക ആരാധന കർമ്മങ്ങൾ നിരോധിക്കൽ എന്നിവ വിമർശനാത്മക വായനക്ക് വഴിവെട്ടുന്നു. ഔറംഗസീബിനെ മുസ് ലിംകൾ നീതിമാനായ ഭരണാധികാരിയായും ഇസ്‌ലാമിക നൂറ്റാണ്ടിലെ മുജദ്ദിദായുമാണ് അനുസ്മരിക്കുന്നത്.
28 July, 2023 07:30 am
Sahad Korad
we are must reed Mughal Empire, Expecily this28 July, 2023 07:38 am
Sahad Korad
we are must reed Mughal Empire, Expecily this27 July, 2023 07:41 am
MUHAMMED AJMAL OLAMATHIL
Good job Ramshad27 July, 2023 07:15 am
Muhammed Anas
Good27 July, 2023 07:42 am
Faiz pc
✨