കേരളീയ മുസ്‌ലിംകളുടെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ അറബി മലയാള ഭാഷക്ക് നിർണായക പങ്കുണ്ട്. അറബി ഭാഷ അത്രമേൽ സുപരിചിതമല്ലാത്ത കാലത്ത് മത നിയമങ്ങൾ പഠിക്കാൻ ജനങ്ങൾ ആശ്രയിച്ച ഭാഷയാണിത്. അറബി മലയാളത്തിൽ വിരചിതമായ പാഠപുസ്തകങ്ങളും കാവ്യങ്ങളും ജനങ്ങൾക്ക് ഭൗതികവും മതപരവുമായ വിവരങ്ങൾ കൈമാറ്റം ചെയ്യാനുള്ള മാർഗം കൂടിയായിരുന്നു.

വായിക്കാം:

കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു സങ്കരഭാഷയാണ് അറബി മലയാളം. നൂറ്റാണ്ടുകളായി കേരളത്തിലെ മുസ്‌ലിം സമുദായത്തിൻ്റെ വ്യവഹാര ഭാഷയാണിത്. അറബി ലിപിയിൽ മലയാളം എഴുതുന്ന ഒരു സവിശേഷ രീതിയാണിത്. കേവലമൊരു എഴുത്തുരീതി എന്നതിലുപരി, കേരളീയ മുസ്‌ലിംകളുടെ മതപരവും സാമൂഹികവും സാഹിത്യപരവുമായ ജീവിതത്തെ അടയാളപ്പെടുത്തിയ ഒരു സമ്പന്നമായ പാരമ്പര്യത്തെയാണ് അറബി മലയാളം പ്രതിനിധീകരിക്കുന്നത്. അറബി, പേർഷ്യൻ, ഉറുദു, മലയാളം എന്നീ ഭാഷകളുടെ സമ്മിശ്രണം ഈ ഭാഷയെ സവിശേഷമാക്കുന്നു. മാപ്പിളപ്പാട്ടുകളിലൂടെയും ഒട്ടനവധി വൈജ്ഞാനിക ഗ്രന്ഥങ്ങളിലൂടെയും വികാസം പ്രാപിച്ച അറബി മലയാളം, കേരളത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തിന് ഒരു ഉത്തമ ഉദാഹരണം കൂടിയാണ്. അറബി-മലയാളം ഇസ്‌ലാമിൻ്റെ ആത്മീയ വിനിമയങ്ങളുടെയും ബൗദ്ധിക രൂപകല്പനകളുടെയും ഒരു പ്രധാന ഭാഷാ-ലിഖിത രൂപമായി പരിണമിക്കുന്നുണ്ട്.
പരിമിതികളുടെ ചുറ്റുപാടുകളിൽ നിന്നും ചിറകു വിരിച്ച്, സ്വതന്ത്രമായ സാഹിത്യ വ്യവഹാരങ്ങൾ കൈകാര്യം ചെയ്‌ത മാപ്പിളമാരുടെ സൃഷ്ടികൾ, കാലം ചെല്ലുന്തോറും അവഗണിക്കപ്പെട്ടതിന്റെ വേദന പേറുന്നുണ്ട്. പ്രകാശമാനമായ ആ സാഹിത്യഭാഷ ഏറെ ഘോഷിക്കപ്പെടേണ്ടിയിരുന്നിട്ടും, അവജ്ഞയുടെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. ഒരു സൃഷ്ടിയെ അതിൻ്റെ ഉള്ളടക്കത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ വിലയിരുത്തുന്നതിന് പകരം, സൃഷ്ടികർത്താവിനെ ആധാരമാക്കി അവന്റെ ജാതിക്കോ മതത്തിനോ ഭാഷക്കോ പ്രാധാന്യം നൽകി അവയെ മാറ്റി നിറുത്തി എന്നതാണ് സത്യം. ഒരു കീഴാള സാഹിത്യത്തിന്റെ തലത്തിൽ നിന്നും അറബി മലയാള സാഹത്യകൃതികൾ വായന ആവശ്യപ്പെടുന്നുണ്ട്. അറബി മലയാളത്തിന്റെ ചരിത്രവും ഉത്ഭവവും കേരളക്കരക്ക് അറബ് നാടുകളുമായുള്ള പുരാതന വാണിജ്യ ബന്ധങ്ങളാണ് അറബി മലയാളത്തിന്റെ പിറവിക്ക് പ്രധാനകാരണം. ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടോടെ ഇസ്‌ലാം മതം കേരളത്തിൽ എത്തുകയും മത വിശ്വാസികൾ വർധിക്കുകയും ഒരു സമൂഹമായി തീരുകയും ചെയ്തു. ഇത്തരം മുസ്‌ലിം സമൂഹത്തിലെ ജനവിഭാഗങ്ങൾക്കിടയിൽ മതപരമായ അറിവുകൾ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചു. ഖുർആൻ, ഹദീസ്, ഇസ്‌ലാമിക നിയമങ്ങൾ തുടങ്ങിയവയെല്ലാം അറബി ഭാഷയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സാധാരണക്കാർക്ക് അറബിയിൽ പൂർണ്ണമായ അറിവുണ്ടായിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് അറബി മലയാളം എന്ന നവലിപി പിറവി കൊള്ളുന്നത്. തുടക്കത്തിൽ മതപരമായ കാര്യങ്ങൾ പഠിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത് ഉപയോഗിച്ചിരുന്നതെങ്കിലും, പിന്നീട് ഈ ഭാഷാരൂപത്തിന് വലിയൊരു സാംസ്കാരിക പ്രാധാന്യം കൈവന്നു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ ഭാഷാരീതികൾ നിലവിലുണ്ടായിരുന്നു. ഉദാഹരണത്തിന്, സ്പെയിനിലെ മുസ്‌ലിമീങ്ങൾ സ്പാനിഷ് ഭാഷ അറബി ലിപിയിൽ എഴുതാനായി ഉപയോഗിച്ചിരുന്ന അൽജമിയാഡോ, ഇന്ത്യയിൽ ഉണ്ടായിരുന്ന അറബി-പഞ്ചാബി, അറബി-തമിൾ, അറബി-കന്നട തുടങ്ങിയ ലിപികളുമെല്ലാം ഇതിന് സമാനമാണ്.
അറബി മലയാളത്തിന്റെ ഉത്ഭവം എപ്പോഴാണെന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും ഒൻപതാം നൂറ്റാണ്ടോടുകൂടി ഇതിന് പ്രചാരം ലഭിച്ചു തുടങ്ങിയെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ നിലവിൽ ലഭ്യമായ ഏറ്റവും പഴക്കമുള്ള അറബി മലയാള കൃതി കോഴിക്കോട് ഖാസി മുഹമ്മദ് 1606-ൽ രചിച്ച മുഹിയുദ്ദീൻ മാലയാണ്. ഈ ഗ്രന്ഥത്തിൽ ഖാസി മുഹമ്മദ് തന്നെ സൂചിപ്പിക്കുന്നത് പ്രകാരം പ്രസ്തുത മാല രചിക്കപ്പെടുന്നത് കൊല്ല വർഷം 782 (ഏ ഡി 1606) ലാണ്. അതായത് നാലു നൂറ്റാണ്ടോളം പഴക്കമേ അറബി മലയാളത്തിനുള്ളൂ എന്നർത്ഥം. എന്നാൽ പിന്നീട് അങ്ങോട്ട് സാമൂഹികമായും സാംസ്കാരികമായും സാഹിത്യപരമായും മാപ്പിളമാരെ സമുദ്ധരിക്കുന്നതിൽ നിസ്തുലമായ പങ്കുവഹിക്കുന്ന ലക്ഷണമൊത്ത ഒരു ഭാഷയായാണ് നാം അറബി മലയാളത്തെ കാണുന്നത്. സാംസ്കാരികവും സാമൂഹികവുമായ പ്രാധാന്യം ഒരു ജനതയുടെ ഹൃദയഭാഷയായ അറബി മലയാളം കേവലം ഒരു ലിപി സമ്പ്രദായമായിരുന്നില്ല; അത് കേരളത്തിലെ മുസ്‌ലിം സമുദായത്തിൻ്റെ ആത്മാവിൻ്റെ പ്രതിഫലനം കൂടിയായിരുന്നു. മതപരമായ കാര്യങ്ങൾ പഠിപ്പിക്കാനുള്ള ഉപാധി എന്നതിലുപരി ഒരു സമൂഹത്തിൻ്റെ വൈജ്ഞാനികവും സാംസ്കാരികവും കലാപരവുമായ അഭിലാഷങ്ങളെ നെഞ്ചേറ്റിയ ഒരു മാധ്യമമായി ഇത് രൂപാന്തരപ്പെട്ടു.
ഇസ്‌ലാമിൻ്റെ ആഴമേറിയ ആശയങ്ങളെയും അനുഷ്ഠാനങ്ങളെയും സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അറബി മലയാളം വഹിച്ച പങ്ക് നിസ്തുലമാണ്. ഖുർആൻ, ഹദീസ്, ഇസ്‌ലാമിക കർമ്മശാസ്ത്രം എന്നിവയെല്ലാം അറബി ഭാഷയിൽ നിന്ന് അറബി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ, മതപരമായ അറിവുകൾ ഇസ്‌ലാമിന്റെ ആശയങ്ങൾ സാധാരണക്കാരിലേക്കും എത്തി. പള്ളികളിലും മദ്രസകളിലും ഈ ഭാഷയിൽ നടന്ന മതബോധനം, വിശ്വാസത്തെയും ആചാരങ്ങളെയും ജനജീവിതത്തിൻ്റെ അഭിവാജ്യ ഘടകമാക്കി മാറ്റി. ഓരോ മുസ്‌ലിം വീടിൻ്റെയും അകത്തളങ്ങളിൽ, മതപരമായ പാരായണങ്ങളിലൂടെയും പഠനങ്ങളിലൂടെയും അറബി മലയാളം തൻ്റെ സ്ഥാനം ഉറപ്പിച്ചു. അറബി മലയാളം സാഹിത്യ ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് മാപ്പിളപ്പാട്ടുകൾ. ഭക്തിയും വിരഹവും വീരഗാഥകളും അലിഞ്ഞുചേർന്ന ഈ കാവ്യരൂപം, കേരളത്തിലെ മുസ്‌ലിം സമുദായത്തിൻ്റെ ഹൃദയതാളമായി മാറി. മോയിൻകുട്ടി വൈദ്യരെയും കുഞ്ഞായിൻ മുസ്‌ലിയാരെയും പോലുള്ള പ്രതിഭാശാലികൾ ഈ കലാരൂപത്തിന് അനശ്വരമായ സംഭാവനകൾ നൽകിവരാണ്. തലമുറകളായി പകർന്നുപോന്ന ഈ പാട്ടുകൾ, കേവലം വിനോദോപാധികൾ എന്നതിലുപരി, സാമൂഹിക സന്ദേശങ്ങളെയും ധാർമ്മിക മൂല്യങ്ങളെയും പ്രചരിപ്പിക്കുന്നതിനുള്ള ഉപാധികളായി വർത്തിച്ചു. മതപരമായ വിഷയങ്ങൾക്കപ്പുറം, വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ഒരു വലിയ ശേഖരം അറബി മലയാളത്തിൽ രചിക്കപ്പെട്ടു. ചരിത്രം, വൈദ്യ ശാസ്ത്രം, തത്വശാസ്ത്രം, വ്യാകരണഗ്രന്ഥങ്ങൾ, യാത്രാവിവരണങ്ങൾ, കത്തുകൾ എന്നിവയെല്ലാം ഈ ഭാഷയിൽ രചിക്കപ്പെട്ടു. ഇത് കേരളത്തിലെ മുസ്‌ലിം സമൂഹത്തിൻ്റെ ബൗദ്ധികമായ ഉണർവിനും അറിവിൻ്റെ വ്യാപനത്തിനും വഴിയൊരുക്കി. അറബ് ലോകത്തുനിന്നും പേർഷ്യയിൽ നിന്നുമുള്ള വിജ്ഞാനത്തെ മലയാളത്തിലേക്ക് കൊണ്ടുവരാൻ അറബി മലയാളം മധ്യവർത്തിയാകുന്നുണ്ട്. ഈ ഗ്രന്ഥങ്ങൾ, കാലഘട്ടത്തിൻ്റെ സാമൂഹികവും സാംസ്കാരികവുമായ അവസ്ഥകളെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നു.
വ്യത്യസ്ത പ്രാദേശിക ഭേദങ്ങളുണ്ടായിരുന്നിട്ടും, അറബി മലയാളം ഒരു പൊതുവായ ആശയവിനിമയ മാധ്യമമായി പരിണമിച്ചു. ബ്രിട്ടീഷുകാർക്കും പോർച്ചുഗീസ്കാർക്കും എതിരെയുള്ള പോരാട്ടങ്ങളുടെ വീരഗാഥങ്ങൾ പാട്ടുകളിലൂടെയും ലഘുലേഖകളിലൂടെയും പ്രചരിപ്പിക്കാനും അറബി മലയാളം ഒരു പ്രധാന ഉപാധിയായി ഉപയോഗിക്കപ്പെട്ടു. ഇത് മാപ്പിള സമൂഹത്തിന്റെ ബ്രിട്ടീഷ് അധിനിവേശത്തോടുള്ള ചെറുത്തുനിൽപ്പിന്റെ പുതിയ ആവിഷ്കാരമായി. അറബി മലയാളം സാധാരണക്കാർക്കിടയിൽ അത്ര പ്രചാരത്തിലല്ലാത്തതിനാൽ ബ്രിട്ടീഷ് ഭരണകാലത്തെ രഹസ്യ സന്ദേശങ്ങൾ കൈമാറാനും മലബാർ സമരത്തിന്റെ സമയങ്ങളിൽ ഐക്യത്തിന്റെ കണ്ണിയായി മാറാനും മാപ്പിള പോരാളികൾ ഇതിനെ ഉപയോഗിച്ചിരുന്നു. സെമിറ്റിക് ഭാഷാവലിയിലെ പ്രമുഖ ഭാഷയായ അറബിയുടെ നസ്ഖി ലിപിയിലെ വടിവുകൾക്ക് ചെറു മാറ്റങ്ങൾ വരുത്തിയാണ് അറബി മലയാളം രൂപപ്പെടുന്നത്. നസ്ഖി ലിപിയിൽ ഇതുപോലെ വിപുലീകരണങ്ങൾ നടത്തിയാണ് ഉറുദു, പഞ്ചാബി, കാശ്മീരി, ഫാരിസി ഭാഷകൾക്കൊക്കെ ലിപികൾ സ്ഥാപിക്കുന്നത്. അറബി ഭാഷ മുസ്‌ലിം സ്വതന്ത്രത്തെ എങ്ങനെ വാർത്തെടുത്തു എന്ന് തിരിച്ചറിയുമ്പോഴാണ് അറബി മലയാളം മാപ്പിള സ്വത്വരൂപീകരണത്തിൽ വഹിച്ച പങ്കിനെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളാനാവുക. ഇങ്ങനെ സ്വന്തമായി ഒരു അസ്തിത്വം സാധ്യമായതോടെയാണ് അറബി മലയാളം എന്ന സങ്കര ഭാഷയിൽ രചനകൾ വ്യാപൃതമാകുന്നത്. തേൻ പറമ്പിൽ അബ്ദുൽഖാദർ മുസ്‌ലിയാരുടെയും കൊങ്ങണം വീട്ടിൽ ഇബ്രാഹിംകുട്ടി മുസ്ലിയാരുടെയും തലശ്ശേരി വലിയപുരയിൽ മായിൻകുട്ടി എളയാവിൻ്റെയും ഖുർആൻ വ്യാഖ്യാനങ്ങൾ അറബി മലയാളത്തിലായിരുന്നു രചിക്കപ്പെട്ടത്. കൂടാതെ കെ ഉമർ മൗലവിയുടെ തർജുമാനുൽ ഖുർആനും ഈ ഗണത്തിൽ പെടുന്നു. ശുജായി മൊയ്‌ദീൻ മുസ്‌ലിയാർ മൂന്ന് വാള്യങ്ങളിലായി രചിച്ച ഫത്ഹുൽ ഫത്താഹ് ആദം നബി മുതൽ തുർക്കി ഖലീഫ അബ്‌ദുൽ ഹമീദ് ഖാൻ വരെയുള്ള ഇസ്‌ലാമിക ചരിത്രത്തെ ആസ്പദകമാക്കിയുള്ള ആധികാരിക ഗ്രന്ഥമാണ്. പിൽകാലത്ത് ഇദ്ദേഹം തന്നെ ഈ ഗ്രന്ഥത്തെ സംഗ്രഹിച്ച് ഫൈളുൽ ഫയ്യാള് രചിച്ചു. മൂസക്കുട്ടി മുസ്‌ലിയാരുടെ തുഹ്ഫ പരിഭാഷ, ഇബ്രഹിം മൗലവിയുടെ മലബാർ ചരിത്രം, ഉണ്ണിമൊയ്തീൻ കുട്ടിയുടെ ദുറൂസുൽ താരീഖിൽ ഇസ്‌ലാമിയ്യ, ബദ്ർ, ഉഹ്ദ് യുദ്ധങ്ങളെ ആസ്പദമാക്കി ചാലിലകത്ത് ഇബ്രാഹിംകുട്ടി മുസ്‌ലിയാരുടെ ഗ്രന്ഥം,
അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ മനാഖിബു സിദ്ധീഖ് തുടങ്ങി ഒട്ടനേകം ചരിത്ര കൃതികൾ അറബി മലയാളത്തിൽ വിരചിതമായിട്ടുണ്ട്. വൈദ്യശാസ്ത്ര രംഗത്തും ഇങ്ങനെ നിരവധി പുസ്തകങ്ങൾ കാണാവുന്നതാണ്. പ്രസിദ്ധ ആയുർവേദ ഗ്രന്ഥങ്ങളായ അഷ്ടാംഗ ഹൃദയം, വൈദ്യ സാരം, പരോപകാരം എന്നിവയെ മൂലഭാഷയായ സംസ്കൃതത്തിൽ നിന്നും അറബി മലയാളത്തിലേക്ക് കൊങ്ങണം വീട്ടിൽ ബാവ മുസ്‌ലിയാർ മൊഴിമാറ്റിയവയാണ്. ഇദ്ദേഹത്തിന്റെ തന്നെ, വൈദ്യശാസ്ത്രത്തിലുള്ള മറ്റൊരു സംഭാവനയാണ് മആനിമുൽ ഇഖ്‌വാൻ ഫീ തർജുമത്തിൽ അദ്‌വിയത്തി വൽ ഹയവാൻ എന്ന ഗ്രന്ഥം. പട്ടാളത്ത് കുഞ്ഞി രായിൻകുട്ടി പരിഭാഷ ചെയ്ത തിബ്ബുൽ അംറാള്, ഇലാജുൽ അത്ഫാൽ തുടങ്ങിയവയും ശ്രേദ്ധയമാണ്. കൂടാതെ അനവധി ആനുകാലികങ്ങളും അറബി മലയാളത്തിൽ സുലഭമാണ്. ലിത്തോ പ്രസ്സുകളുടെ ആവിർഭാവത്തോടെ വൻമുന്നേറ്റം നടത്തിയെങ്കിലും ഇന്ന് അറബിമലയാളം ശോഷിച്ചു കൊണ്ട് ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കേവലം മദ്റസകളിലെ പാഠപുസ്തകങ്ങളിലൊതുങ്ങിയ പാരമ്പര്യ ഭാഷയെ മാപ്പിള സമുദായം പോലും ഇന്ന് വേണ്ടവിധം ഗൗനിക്കുന്നില്ലെന്നതാണ് സത്യം.

Tags

.

Questions / Comments:



No comments yet.