പാരമ്പര്യത്തിന്റെ സൗരഭ്യവും പുതിയകാലത്തിന്റെ ചോദ്യങ്ങളും ഒരുമിച്ച് തുറന്ന് കാണിച്ചുകൊണ്ട്, ഫിഖ്ഹിന്റെ സങ്കീർണതകളെയും സൗന്ദര്യങ്ങളെയും അധ്യാപകനും വിദ്യാർത്ഥിയും എങ്ങനെ നേരിടണമെന്ന് വഴികാട്ടുന്നൊരു ആത്മീയ-ബൗദ്ധിക യാത്രയായാണ് ഈ ലേഖനം വായനക്കാരനെ മുന്നോട്ട് നയിക്കുന്നത്.

വായിക്കാം:

കര്‍മശാസ്ത്രം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അധ്യാപകരും വിദ്യാര്‍ഥികളും അഭിമുഖീകരിക്കുന്ന ധാരാളം പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങള്‍ ഒരു വിഭാഗത്തിന്റേത് മാത്രമല്ല. കാരണം, അധിക കാരണങ്ങളും സമ്മിശ്രമാണ്. ഒരു അധ്യാപകന്‍ എത്ര മാത്രം അധ്യാപകന്‍ ആയിട്ടുണ്ടോ അത്രയും ഈ പ്രശ്നങ്ങളെ അദ്ദേഹം മറികടന്നിരിക്കും. ഒരു വിദ്യാര്‍ഥി അധ്യാപകന്‍ ചിന്തിക്കുന്ന മേഖലയിലേക്ക് എത്രമാത്രം കടന്നിട്ടുണ്ടോ അത്രയും വിദ്യാര്‍ഥിത്വം അവനില്‍ പൂര്‍ണമായിട്ടുമുണ്ടാകും.
വന്ദ്യഗുരു തരുവറ ഉസ്താദ് പറയാറുണ്ടായിരുന്നു, ഫിഖ്ഹിന് ഒരു ‘മറി’ ഉണ്ട് അത് മനസ്സിലായാല്‍ ഫിഖ്ഹ് എളുപ്പമാണ് എന്ന്. ആ ‘മറി’ മനസ്സിലാക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്.

ഫിഖ്ഹ് എന്നാല്‍ ജംഅ്-ഫര്‍ഖ് എന്നാണല്ലോ. അഥവാ സാമ്യമുള്ളത്ര കര്‍മ പ്രശ്നങ്ങളുടെ സാമ്യതയും, സമാനമെന്നു തോന്നിക്കുന്നതും എന്നാല്‍ ഭിന്നമായിരിക്കുന്നതുമായ പ്രശ്നങ്ങളുടെ സാമ്യതാ-ഭിന്നതകള്‍ പരാമര്‍ശിക്കുകയുമാണ്. നാം ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പരതുമ്പോള്‍ ഈ ജംഅ്-ഫര്‍ഖ് കാണുന്നുണ്ട്. ഗൗനിക്കാറുണ്ടോ എന്നറിയില്ല. ഇത് കൂടുതലായി കുട്ടികള്‍ക്ക് താല്‍പര്യം ഉണ്ടാക്കാനും ഫിഖ്ഹിന്റെ രീതി ശാസ്ത്രം മനസ്സിലാക്കാനും അധികവായനക്ക് സഹായിക്കുകയും ചെയ്യുന്നു.

ഉദാഹരണം:- തയമ്മുമും വുളൂഉം തമ്മില്‍ ഉള്ള സാമ്യതകള്‍ വ്യത്യാസങ്ങള്‍ നോക്കൂ. വുളൂ വ്യക്തിയെ ശുദ്ധനാക്കുന്നു, എന്നാല്‍ തയമ്മും അനിവാര്യ കര്‍മങ്ങൾ‍ നിര്‍വഹിക്കാന്‍ സമ്മതം നല്‍കുന്നു എന്ന് മാത്രം. ശുദ്ധനാക്കുന്നില്ല.

1. യുക്തിബോധവും ഫിഖ്ഹും
കേവല യുക്തിബോധം കത്തി നില്‍ക്കുന്ന കൗമാര പ്രായത്തിലാണ് ഒരു കുട്ടി കൂടുതലായും സമഗ്രമായും ഫിഖ്ഹ് ശ്രവിക്കുന്നത്. കൗമാര ചാപല്യത്തിനൊത്ത് അല്ലെങ്കില്‍ പ്രായോഗിക ജീവിതത്തിന്റെ കുറവ് മൂലം ആസന്ന യുക്തി കുട്ടിയെ ഫിഖ്ഹില്‍ മടിയനാക്കുന്നു. മറ്റു വിഷയങ്ങള്‍ ഒന്നുകില്‍ ബൗദ്ധികമായി. ഉദാഹരണം തര്‍ക്കശാസ്ത്രം അല്ലെങ്കില്‍ വൈകാരികമായി, ഉദാഹരണം ഇല്‍മുല്‍ മആനി ഗ്രഹിചെടുക്കുമ്പോള്‍ ഫിഖ്ഹ് ചിലപ്പോള്‍ നേര്‍യുക്തിയുടെ ഭാഗത്തും മറ്റു ചിലപ്പോള്‍ വൈകാരികമായും ഇടപെടുന്നു. ചിലപ്പോള്‍ രണ്ടും കാണുന്നില്ല (തൗഖീഫിയ്യ്). നമ്മുടെ പ്രായോഗിക ജീവിതം ഇങ്ങനെ ആണ് എന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. അഥവാ കേവല യുക്തി മാത്രമോ വൈകാരികമായ ചിന്തയോ സമര്‍പ്പണം മാത്രമോ അല്ല, ഇവയുടെ എല്ലാം മനോഹരമായ മിശ്രണമാണ് ജീവിതം.

2. ളന്നിയാത്
”കുറേ എന്തൊക്കെയോ പറഞ്ഞു അവസാനം എഴുതിയവര്‍ക്കും വായിക്കുന്നവര്‍ക്കും ഒന്നും മനസ്സിലാകാത്ത രൂപത്തിലാണ് ഫിഖ്ഹ് ഗ്രന്ഥങ്ങള്‍” എന്ന് അറബി ഭാഷ പഠിച്ചു ഫിഖ്ഹ് വായിച്ചു നോക്കിയ ഒരു എഴുത്തുകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫിഖ്ഹിലെ മസ്അലകള്‍ ഖന്ധിതം അല്ല/ ളന്നിയാത്
ആണ് എന്ന കാര്യം ഉള്ളില്‍ ഉറക്കാത്തത് കൊണ്ടാണ് ഇത്. ഇനി ളന്നിയാത് ആണ് എന്നറിയുന്നവര്‍ക്ക് തന്നെ ആ സാങ്കേതിക സംജ്ഞ ഉള്‍ക്കൊള്ളുന്ന ആശയ മേഖല എത്ര വിപുലമാണ് എന്ന് അറിയുന്നില്ല.
പരിഹാരം: സ്വഹാബികള്‍ തമ്മില്‍ ഉള്ള ഖിലാഫുകള്‍, ഇമാമുകള്‍ പരസ്പരം ഖിലാഫുകള്‍ കേട്ട സംഭവങ്ങള്‍ എല്ലാം പഠിപ്പിക്കണം.

ഉദാഹരണം :- ഭാര്യയെ തൊട്ടാല്‍ വുളൂ മുറിയുമോ എന്ന മസ്അലയില്‍ സ്വഹാബികള്‍ക്കിടയിലെ തര്‍ക്കം. ഇബ്നു ഉമര്‍ (റ) വുളൂ മുറിയും. ഇബ്നു അബ്ബാസ് മുറിയില്ല. (ശറഹ് മുസ്‌ലിം) ഇതാണ് പിന്നീട് രണ്ടു മദ്ഹബുകളായി രൂപപ്പെട്ടത്.

ഇമാം അബൂ ഹനീഫയും(റ) ഇമാം ഔസാഇയും തമ്മില്‍ നടന്ന സംഭാഷണം:
റുകൂഇല്‍ കൈ ഉയര്‍ത്തേണ്ടതുണ്ടോ എന്നതാണ് വിഷയം:
മക്കയില്‍ ഇരു വൈജ്ഞാനിക സാത്വികരും ഒരിക്കല്‍ ഒരുമിച്ചു കൂടി, ഇമാം ഔസാഇ പറഞ്ഞു തുടങ്ങി: ”റുകൂഇല്‍ വരുമ്പോഴും അവിടെ നിന്നും ഉയരുമ്പോഴും നിങ്ങള്‍ കൈ ഉയര്‍ത്തുന്നത് കാണുന്നില്ലല്ലോ?”
”ആ വിഷയത്തില്‍ സ്വഹീഹായ ഹദീസ് ഇല്ല. അതിനാല്‍ ആണ് ഞാന്‍ അങ്ങനെ നിര്‍വഹിക്കാത്തത്. സ്വഹീഹ് അല്ല എന്ന് ഇവിടെ ഞാന്‍ പറഞ്ഞത് കൊണ്ട് ഉദ്ദേശം കൈ ഉയര്‍ത്തുന്നത് പരാമര്‍ശിക്കുന്ന ഹദീസ് അതിനെക്കാള്‍ സഹീഹ് ആയ മറ്റൊരു ഹദീസുമായി അര്‍ത്ഥത്തില്‍ യോജിക്കുന്നില്ല”.
”എങ്ങനെ സ്വഹീഹായ ഹദീസ് ഇല്ലെന്നു പറയും, എന്നോട് ഇമാം സുഹ്‌രി സാലിമില്‍ നിന്നും അദ്ദേഹം സ്വന്തം പിതാവ് ഇബ്‌നു ഉമര്‍(റ)ല്‍ നിന്ന് കേട്ടതായും പറയുന്നു: ‘നബി (സ്വ) നിസ്‌കാരം തുടങ്ങുമ്പോള്‍ റുകൂഇല്‍ അതില്‍ നിന്ന് ഉയരുമ്പോള്‍ ഇവിടെ എല്ലാം കൈ രണ്ടും ഉയര്‍ത്തിയിരുന്നു’.
”ഹമ്മാദ് നമ്മോടു പറഞ്ഞു, ഇബ്രാഹിം എന്നവര്‍ അല്‍ഖമയെയും അസ്‌വദിനെയും കേട്ടിരിക്കുന്നു അവര്‍ ഇരുവരും അബ്ദുല്ലാഹി ഇബ്‌നു മസ്ഊദ്(റ) പറയുന്നത് കേട്ടിരിക്കുന്നു: നബി (സ്വ) നിസ്‌കാരം തുടങ്ങുമ്പോള്‍ മാത്രമേ കൈ ഉയര്‍ത്തിയിരുന്നുള്ളൂ.
അപ്പോള്‍ ഇമാം ഔസാഇ പറഞ്ഞു: ”ഞാന്‍ നിങ്ങളോട് ഇമാം സുഹ്‌രി സാലിമില്‍ നിന്നും എന്ന് പറയുമ്പോള്‍ നിങ്ങള്‍ ”ഹമ്മാദ് നമ്മോടു പറഞ്ഞു ഇബ്രാഹിം എന്നവര്‍ അല്‍ഖമയെയും അസ്‌വദിനെയും കേട്ടിരിക്കുന്നു എന്ന് പറയുകയോ?”
ഉടന്‍ ഇമാം അബൂഹനീഫ പ്രതിവചിച്ചു: ഹമ്മാദ് ആയിരുന്നു നിങ്ങള്‍ പറഞ്ഞ സുഹ്‌രിയേക്കാള്‍ വലിയ പണ്ഡിതന്‍. ഇബ്രാഹിമായിരുന്നു സാലിമിനെക്കാള്‍ പാണ്ഡിത്യമുള്ളവര്‍. അല്‍ഖമയും ഇബ്‌നു ഉമര്‍(റ) അറിവില്‍ ഒന്നിനൊന്നു മികച്ചവറായിരുന്നു. അസ്‌വദും അത്‌പോലെ മഹത്വത്തിനു ഉടമയാണ് പിന്നെ ഉള്ളത് അബ്ദുല്ലാഹി ഇബ്‌നു മസ്ഊദ് ആണ് അവരെ കുറിച്ച് പറയേണ്ടതില്ലല്ലോ. ഇവിടെ ഇമാം അബൂഹനീഫ റിപ്പോര്‍ട്ടറുമാരുടെ പാണ്ഡിത്യത്തിനു പ്രാധാന്യം കൊടുക്കുമ്പോള്‍ ഇമാം ഔസാഇ വളരെ വേഗത്തില്‍ (റിപ്പോര്‍ട്ടര്‍മാര്‍ കുറഞ്ഞ ഹദീസിനു) നബി (സ്വ) യില്‍ എത്തിചേരുന്ന ഹദീസിന് പ്രാമുഖ്യം നല്‍കുന്നു. ഓരോ ഇമാമിനും അവരവരുടെ തെളിവുകള്‍ ഉണ്ട് (ഫത്ഹുല്‍ ഖദീര്‍, കമാല്‍ ഇബ്‌ന് അല്‍ ഹുമാം).

പുറമേ ഖുര്‍ആന്‍/ഹദീസ് ഖണ്ഡിതമായിപ്പറഞ്ഞ കാര്യങ്ങള്‍ ആരുടേയും മദ്ഹബ് അല്ല എന്നും ഖണ്ഡിതമായിപ്പറയാത്ത കാര്യത്തിലാണ് ഇജ്തിഹാദു നടക്കുന്നത് എന്ന കാര്യം ഇടയ്ക്കിടെ ഉണര്‍ത്തേണ്ടതുണ്ട്.
മുജ്തഹിദ് ഗവേഷണം ചെയ്തു സത്യത്തിലെത്തിയാല്‍ രണ്ടു പ്രതിഫലം. തെറ്റുപറ്റിയാല്‍ ഒരു പ്രതിഫലവും. അപ്പോള്‍ ഇവിടെ തെറ്റും സ്വീകരിക്കപ്പെടും അത് കൊണ്ട് ഒരു പ്രതിഫലം കിട്ടുന്നു അല്ലെങ്കില്‍ ശിക്ഷയായിരുന്നു ലഭിക്കേണ്ടിയിരുന്നത്.
ഇമാം ശാഫിയുടെതായി ഉദ്ധരിക്കപ്പെടുന്ന ഒരു വാക്യം ഈ ഹദീസ് വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കും.
വല്ലാത്തൊരു പ്രതിപക്ഷ ബഹുമാനം ആണ് ഇവിടെ നാം കാണുന്നത്. ‘അന്നഹു മുസ്തഹബ്ബുന്‍ ഖറൂജന്‍ മിന്‍ ഖിലാഫി മന്‍ ഔജബഹു’ എന്ന വാചകം ഫതഹുല്‍മുഈനില്‍ പലയാവൃത്തി കാണാം. ഇതില്‍ മദ്ഹബുകള്‍ തമ്മിലുള്ള സഹകരണവും ബഹുമാനവും കാണാം.

മദ്ഹബുകള്‍ തമ്മിലുള്ള സഹകരണത്തിന്റെയും ബഹുമാനത്തിന്റെയും ജീവിക്കുന്ന തെളിവാണ് ദുബായ് വലിയ മുഫ്തി ശൈഖ് അബ്ദില്‍ അസീസ് അല്‍ഹാദ്ദാദ്. ശാഫിഈ മദ്ഹബ്കാരനായ ഇദ്ദേഹമാണ് അവിടെ മാലികി മദ്ഹബ്കാര്‍ക്ക് ഫത്വാ നല്‍കുന്നത്. യമന്‍ പൗരാനായ ഇദ്ദേഹത്തിനു ഇരു മദ്ഹബുകളിലും ഉള്ള അവഗാഹം കാരണം യുഎഇ പൗരത്വം നല്‍കി അവിടെ താമസിപ്പിക്കുന്നു.

3. നമ്മുടെ ഇടയില്‍ തന്നെ ഉള്ള പിന്തിരിപ്പന്‍ നയങ്ങള്‍
‘പത്ത് കിത്താബില്‍ ഫിഖ്ഹ്, ഖുലാസ, ഫത്ഹുല്‍ മുഈന്‍, മഹല്ലി, തുഹ്ഫ ഇവയിലെല്ലാം ഫിഖ്ഹ്; എന്തിനീ ഇത്രയും ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ ഒരുപാട് കാലവും വേണ്ടി വരുന്നു. പഠിച്ചത് തന്നെ വീണ്ടും പഠിക്കുന്നു’ എന്ന ആരോപണം അപകടകരമാണ്. പക്ഷേ, ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ ഓരോന്നും കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഇത് അറിവില്ലായ്മ മൂലം വന്ന ഒരു ന്യായം മാത്രമാണ് എന്നത്. കാരണം ഫത്ഹുല്‍ മുഈന്‍ അടക്കം ചെറിയ കിതാബുകള്‍ ഫിഖ്ഹ് എന്ത് എന്നറിയാനും (ഹയര്‍സെക്കന്‍ഡറി) മഹല്ലി, ഫിഖ്ഹിന്റെ വഴികള്‍ മനസ്സിലാക്കാനും (ഡിഗ്രീ) തുഹ്ഫ, വ്യത്യസ്ത കര്‍മ്മ ശാസ്ത്ര വിമര്‍ശനങ്ങള്‍  (പിജി) അറിയാനും ഉള്ളതാണ്. ഇത്തരം ന്യായങ്ങള്‍ മൊത്തം ഇസ്‌ലാമിക പഠനങ്ങളെ ബാധിക്കുന്നതാണെങ്കിലും ഫിഖ്ഹിനെ പ്രത്യേകമായി ബാധിക്കുന്നുണ്ട്. ബുഖാരി കാമ്പസില്‍ പ്രൊ. ഇല്യാസ് കുട്ടി സര്‍ ഇതിനു മറുപടി പറഞ്ഞത് ഇങ്ങനെ ആണ്: ”നാം സ്‌കൂളില്‍ പത്ത് വരെ പഠിച്ചു, പഠിച്ച കാര്യങ്ങളെല്ലാം നിത്യ ജീവിതത്തില്‍ ഉപകാരപ്പെട്ട ആരെങ്കിലും ഉണ്ടോ? എന്നാല്‍ നാം അന്ന് പഠിച്ച അറിവ് നമുക്ക് നല്‍കുന്ന ദിശാബോധം നമ്മെ നല്ല കുറേ കാര്യങ്ങളില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്’. വിദ്യാര്‍ഥികളുടെ മനസ്സിലെ ഇത്തരം ചിന്തകളെ സമയാസമയങ്ങളില്‍ പിഴുതെറിയാന്‍ നമുക്കാവേണ്ടതുണ്ട്. അതിനു വേണ്ടത് നമ്മുടെ ഗുരുനാഥന്മാര്‍ ചെയ്തത് പോലെ നീണ്ട ചര്‍ച്ചകള്‍ ആണ്.

4. വഹാബിസം ഉണ്ടാക്കിയെടുത്ത ഫിഖ്ഹ് വിരുദ്ധത
സി എന്‍ അഹ്മദ് മൗലവിയുടെ സ്മരണികയില്‍ അദ്ദേഹം ബാഖിയാത്തില്‍ പഠിക്കാന്‍ പോയപ്പോള്‍ അവിടെ നടന്ന ചര്‍ച്ചകള്‍ പറഞ്ഞു ഫിഖ്ഹിനെ അവഹേളിക്കുന്നുണ്ട്; നോമ്പ് തുറക്കുമ്പോള്‍ മൂന്നു ഈത്തപ്പഴം കഴിക്കണമോ അതല്ല ഒരു ഈത്തപ്പഴം മൂന്നായി മുറിച്ചു കഴിച്ചാല്‍ സുന്നത് ലഭിക്കുമോ എന്നതായിരുന്നു ചര്‍ച്ച. ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ നടത്തി കാലം കളയുന്നു എന്നായിരുന്നു അയാളുടെ കണ്ടെത്തല്‍. പക്ഷേ, കാക്കകളെ കുറിച്ച് പഠിച്ചു പോലും ഡോക്ടറേറ്റ് എടുക്കുന്ന ആധുനിക കാലത്ത് അത്തരം ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് അക്കാദമിക സമൂഹം കരുതുന്നില്ല. ഇവിടെ സി എന്‍ അഹ്മദ് മൗലവിക്ക് ഇല്ലാതെ പോയ ഘടകം തിരുസുന്നത്തിനോടുള്ള പ്രണയത്തിന്റെ അഭാവമാണ്. അത് ഉണ്ടെങ്കില്‍ ഇഴകീറിയുള്ള ഇത്തരം ചര്‍ച്ചകള്‍ സഹിഷ്ണുതയോടെ കാണാനെങ്കിലും അദ്ദേഹത്തിന് കഴിയുമായിരുന്നു. ഇത് തന്നെയാണ് കേരളത്തില്‍, നോമ്പ്തുറക്കാന്‍ തേങ്ങ ഉപയോഗിക്കണം എന്ന കാരശ്ശേരിയുടെ വാദത്തിനും ഉള്ള മറുപടി. ഇത്തരം വാദങ്ങള്‍ കുട്ടികളുടെ മനസ്സില്‍ കടന്നു കൂടുന്നുണ്ട്. ആ ചിന്തകള്‍ നമ്മെ സംബന്ധിച്ചിടത്തോളം പുരോഗമാനപരമല്ലെന്നും പിന്തിരിപ്പന്‍ ആണെന്നും വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ക്ലാസില്‍ ചോദിച്ചറിയാന്‍ താല്പര്യം കാണിക്കാതെ ഇതെല്ലാം മനസ്സിലൊതുക്കി കഴിയുന്നവരാണ് പിന്നീട് ചിലപ്പോള്‍ അപകടകാരികള്‍ ആകുന്നത്.

ഫിഖുഹുസുന്ന
ഈജിപ്തുകാരനും ഇഖ്വാനുല്‍ മുസ്ലിമുൻ അനുഭാവിയുമായ സയ്യിദ് സാബിഖിന്റെ ഫിഖ്ഹുസ്സുന്നയില്‍ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നേരിട്ട് ഫിഖ്ഹു പറയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തന്മൂലം അറബി ലോകത്ത് വന്‍സ്വീകാര്യത കിട്ടിയ ഗ്രന്ഥമാണ് അത്. പക്ഷേ യഥാര്‍ത്ഥ ഫിഖ്ഹിന്റെ മാര്‍ഗം അറിയുന്ന ഒരു പണ്ഡിതന്‍ പറഞ്ഞത്,
‘സയ്യിദ് സാബിഖിന് ഉസൂലുല്‍ ഫിഖ്ഹ് അറിയുമായിരുന്നെങ്കില്‍ അദ്ദേഹം ഈ ഗ്രന്ഥം എഴുതുമായിരുന്നില്ല’എന്നാണ്. ഇദ്ദേഹത്തിന്റെ ഈ ഗ്രന്ഥത്തിനും യൂസുഫുല്‍ ഖര്‍ളാവിയുടെ ഫിഖ്ഹ് കാഴ്ചപ്പാടുകള്‍ക്കും ശക്തമായ ഖണ്ഡനം ആണ് മുസ്തഫാ ബഷീര്‍ ത്വിറാബല്‍സിയുടെ മന്‍ഹജുല്‍ബഹ്സ് വല്‍ ഫതാവാ എന്ന തുടങ്ങുന്ന പേരിലുള്ള ഗ്രന്ഥം. ഇതിന്റെ പിഡിഎഫ് ലഭ്യമാണ്.

അല്‍ബാനി
പാരമ്പര്യ ഫിഖ്ഹ് പാഠങ്ങള്‍ക്ക് വിരുദ്ധമായ നയങ്ങള്‍ മുന്നോട്ട് വെച്ച് ആശയക്കുഴപ്പം സൃഷ്ടിച്ച വ്യക്തിയാണ് അല്‍ബാനി. എന്നാല്‍ ഖര്‍ളാവിയെക്കാളും സയ്യിദ് സാബിഖിനെക്കാളും ഇദ്ദേഹം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ‘അല്‍ബാനി അഖ്താഉന്‍ മൗസൂഅതുന്‍’ [അല്‍ബാനിയുടെ പിഴവുകള്‍] എന്ന പേരില്‍ പോലും ഗ്രന്ഥരചന നടന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്വാധീനം ഇസ്‌ലാമിക ലോകത്ത് വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ ഉസൂലുല്‍ ഫിഖ്ഹും ഹദീസ് ശാസ്ത്രവും വെച്ച് ശക്തമായ ഖണ്ഡനം നടത്തിയത് ഈജിപ്ഷ്യന്‍ പണ്ഡിതനും ദുബായ് ഔഖാഫിലെ പ്രധാന പണ്ഡിതനുമായിരുന്ന മംദൂഹ് സഈദ് മഹ്മൂദ് അല്‍മുഹദ്ദിസ് ആണ്. അദ്ധേഹത്തിന്റെ പ്രശസ്ത രചനയായ ”സുനനുകളെ കേവലം സ്വഹീഹും ളഈഫും മാത്രമായി തരം തിരിച്ചയാളെ പോളിച്ചെഴുതല്‍” എന്ന ഗ്രന്ഥം. ദുബായ് ഔഖാഫ് ഔദ്യോഗികമായിത്തന്നെ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണെന്നത് ഈ ഗ്രന്ഥത്തിന്റെ മഹത്വം അറിയിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ ആദ്യ അമ്പതു പേജെങ്കിലും വായിക്കുന്നത്, നാം ഉസൂലുല്‍ ഫിഖ്ഹും ഹദീസും ഉസൂലുല്‍ ഹദീസും പഠിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കും.

ചുരുക്കത്തില്‍ വഹാബിസവും ജമാഅത്തെ ഇസ്‌ലാമിയും ഉണ്ടാക്കിയെടുത്ത ഫിഖ്ഹ് വിരുദ്ധത നാം അടര്‍ത്തിയെടുത്താലേ ഫിഖ്ഹിന്റെ വഴിയോരുക്കാന്‍ നമുക്കാവൂ. അതേ സമയം ഫിഖ്ഹുസുന്നയുടെ മലയാള പരിഭാഷയില്‍ സ്വീകരിച്ചിരിക്കുന്ന ഭാഷാഭംഗി നമുക്കും അനുകരിക്കാവുന്നതാണ്.

5. ഭാഷാ പ്രശ്നങ്ങള്‍
അറബി ഗ്രാമര്‍ പഠിക്കാതെ ഭാഷയും സാഹിത്യവും പഠിക്കുന്നതാണ് നമ്മുടെ (അറബികള്‍) പ്രശ്നം എന്ന് അഹ്മദ് അമീന്‍ നിരീക്ഷിക്കുന്നുണ്ട്. അതേസമയം മലയാളികളുടെ പ്രശ്നം ഗ്രാമറിനു നല്‍കുന്ന അത്രയും പ്രാധാന്യം ഭാഷക്കും സാഹിത്യത്തിനും നല്‍കാത്തതാണെന്ന് ജാമിഉല്‍ അസ്ഹറില്‍ പഠിക്കുന്ന കാലത്ത് ഈജിപ്തില്‍ നിന്ന് തന്നെ പ്രസിദ്ധീകരിച്ച സ്വന്തം കൃതിയില്‍ അസ്ഹരി തങ്ങളും നിരീക്ഷിക്കുന്നുണ്ട്. നാം സ്ഥിരം ചൊല്ലുന്ന മൗലിദുകളും ബുര്‍ദയും അര്‍ത്ഥമറിഞ്ഞു ചൊല്ലിയാല്‍ തന്നെ ഈ പ്രശ്നത്തിന്‍ ചെറിയ ഒരു പരിഹാരമാകും. ഏറ്റവും നല്ലത് കോടമ്പുഴ ബാവ ഉസ്താദിന്റെ അല്‍അദബു ജിനാനുന്‍ എന്ന ഗ്രന്ഥം ആസ്വാദനാ പൂര്‍വ്വം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാവുന്നതാണ്. സാഹിത്യ ഭാഷാ ലോകത്തേക്കുള്ള ഒരു കവാടം ആണ് പ്രസ്തുത ഗ്രന്ഥം. ഭാഷയും സാഹിത്യവും അറിയുമ്പോള്‍ മാത്രമേ മടുപ്പില്ലാതെ മുതാലഅ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

6. കര്‍മശാസ്ത്ര പ്രഹേളികകള്‍
രസകരമായ കുറേ പ്രഹേളികകളുടെ സമാഹാരം കൂടിയാണ് ഫിഖ്ഹ്. മുഗ്നിയിലും നിഹായത്തു സൈനിലും കുറേ ഇത്തരം പ്രഹേളികകള്‍ കാണാം.

ഉദാഹരണം:- ഒരു കാര്യം അത് ചെയ്യല്‍ ഹറാമും എന്നാല്‍ തടയല്‍ സുന്നത്തുമാണ് ഏതാണ് അക്കാര്യം- സലാം പറയലും മടക്കലും പോലെ- (സാധാരണ ഹറാമായ കാര്യം തടയല്‍ വാജിബ് ആണല്ലോ?)
ഉത്തരം: നിസ്‌കരിക്കുന്ന ആളുടെ മുന്നിലൂടെ നടക്കല്‍ ഹറാമും നിസ്‌കരിക്കുന്നയാള്‍ മുന്നിലൂടെ നടക്കുന്നയാളെ തടയല്‍ സുന്നത്തുമാണ്.

7. ഇമാമുകളെ പരിചയപ്പെടുത്തല്‍
നാം വളരെ പിറകിലായ ഒരു മേഖലയാണ് ഇതെന്ന് തോന്നുന്നു. ഫത്ഹുല്‍ മുഈനില്‍ ഒരുപാട് ഇമാമുമാരെ നാം പരാമര്‍ശിക്കുന്നു. അവര്‍ ആരെന്നോ അവരുടെ ജീവിത വഴികളോ പഠനത്തിനു വേണ്ടി അവര്‍ സഹിച്ച ത്യാഗങ്ങളോ അറിയുകയാണെങ്കില്‍ അവര്‍ പറഞ്ഞ മസ്അല മനസ്സില്‍ തറച്ചു നില്ക്കാന്‍ അത് കാരണമാകുന്നു. ഫത്ഹുല്‍ മുഈനില്‍ പരാമര്‍ശിച്ച ഇമാമുകളെ കുറിച്ച് പ്രതിപാതിക്കുന്ന ഒരു ഗ്രന്ഥം കുഞ്ഞാലി മുസ്‌ലിയാർ രചിച്ചിട്ടുണ്ട്.

ഫാഷിസം ചരിത്രത്തിന്റെ ശത്രുക്കള്‍ ആയ പോലെ വഹാബിസവും ചരിത്ര ധ്വംസകരാണല്ലോ. ആയതിനാല്‍ വഹാബിസം ഉണ്ടാക്കിയെടുത്ത ഫിഖ്ഹ് വിരുദ്ധതയ്ക്കുള്ള ഒരു അക്കാദമിക് മറുപടി കൂടിയാണ് ഇമാമുകളെയും അവരുടെ ഗ്രന്ഥങ്ങളെയും പ്രതിയുള്ള പഠനം. ഏറ്റവും ചുരുങ്ങിയത് ഇമാം ശാഫിഈ(റ) മുതല്‍ ഇത് വരെയുള്ള ഇമാമുകളുടെയും ഗ്രന്ഥങ്ങളുടെയും ഒരു ചാര്‍ട്ട് ക്ലാസിലും മനസ്സിലും ഉണ്ടാകുന്നത്, ഇത്രയും മഹിതമായ പാരമ്പര്യം വഹിക്കുന്ന ഫിഖ്ഹാണ് നമ്മള്‍ മനസ്സിലാകുന്നത് എന്ന ചിന്ത വളര്‍ത്താന്‍ പ്രേരകമാകുന്നു. കൂടെ നമ്മുടെ ഉസ്താദ്മാരുടെ രീതികളും ചേര്‍ത്ത് പറഞ്ഞു കൊടുക്കുന്നത് ആ കാലം നമ്മളെയും സ്പര്‍ശിക്കുന്നു എന്ന ബോധമുണ്ടാക്കാന്‍ ഉപയുക്തമാണ്. സ്മരണികകള്‍ അതിനു നമ്മെ സഹായിക്കും.

പുറംലോകത്തുള്ള പണ്ഡിതരുമായി ആശയ വിനിമയം നടത്തല്‍
സാങ്കേതിക വിദ്യ ഏറെ നന്മകള്‍ തന്നിട്ടുണ്ടല്ലോ. വിദേശ പണ്ഡിതന്മാരുമായി ആശയ വിനിമയം നടത്താനുള്ള അവസരമാണിത്. തന്മൂലം നമ്മുടെ അറിവ് വികസിക്കും. വാട്സാപിലൂടെ വരെ ബന്ധപ്പെടാം. അല്‍മുഫീദതില്‍ മസാഇല്‍ ഫിസ്സദീദതിത്തഖ്രീറാത് എന്ന ഗ്രന്ഥ രചയിതാവ് ശൈഖ് ഹസന്‍ അല്‍കാഫ് ഈ വിധത്തിലുള്ള ഒരു പണ്ഡിതനാണ്.

പുറമേ നമുക്ക് അവലംബിക്കാവുന്ന ദാറുല്‍ ഇഫ്താഉകളും ഉണ്ട്. അതില്‍ പ്രധാനം ജോര്‍ദാന്‍ ഔഖാഫിന്റെ വെബ് പോര്‍ട്ടല്‍ ആണ്. ശാഫിഈ- അശ്അരീ സരണികള്‍ പിന്തുടരുന്ന അവര്‍ നല്‍കുന്ന ഫത്വകള്‍ നമുക്ക് മാതൃകയാണ്. യുഎഇ ഔഖാഫിന്റെ വെബ് പോര്‍ട്ടലാണ് അടുത്തത്. ഇത് രണ്ടിലും നമുക്ക് ഫത്വാ ചോദിക്കാനും അവസരമുണ്ട്. ഈജ്പ്ത്, കുവൈറ്റ് ഫത്വാ വേദികളും നമുക്ക് അവലംബിക്കാവുന്നത് തന്നെ.

പുതിയ ഗ്രന്ഥങ്ങള്‍
വന്ദ്യ ഗുരു എം എ ഉസ്താദ് പലപ്പോഴായി പറഞ്ഞ ഒരു കാര്യമായിരുന്നു, ഫത്ഹുല്‍ മുഈന്‍ വിസ്തരിച്ചെഴുതി ആധുനിക അക്കാദമിക് ഭാഷയിലും രൂപത്തിലും പുറത്തിറക്കി അറബികള്‍ക്കും നമുക്കും കൂടുതല്‍ ഉപകാരപ്രദമായ രൂപത്തിലാക്കുക എന്നത്. ഇന്നത് മനോഹരമായി നിര്‍വഹിക്കപ്പെട്ടു. നടേ പരാമര്‍ശിച്ച അല്‍മുഫീദതില്‍ മസാഇല്‍ ഫിസ്സദീദതിത്തഖ്രീറാത എന്ന ഗ്രന്ഥ രചന നടത്തിയ യമനീ പണ്ഡിതന്‍, ശൈഖ് ഹസന്‍ അല്‍കാഫ് ഈ കൃത്യം മനോഹരമായി നിര്‍വഹിച്ചിരിക്കുന്നു. ഈ പേപ്പര്‍ തയ്യാര്‍ ചെയ്യുന്നതിന് അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ ഫിഖ്ഹിലെ മുഴുവന്‍ ബാബുകളും അദ്ദേഹം എഴുതി നാല്  ഭാഗമായി പ്രസിദ്ധീകരിച്ചു എന്ന് സന്തോഷപൂര്‍വ്വം അറിയിച്ചു.

ആധുനിക പ്രശ്നങ്ങളും ഇസ്‌ലാമിക് എക്കണോമിയും
പല സമ്മേളന സെമിനാറുകളിലും ഇസ്‌ലാമിക് ബാങ്കിംഗ് & എക്കണോമിയും ചര്‍ച്ചക്ക് വരാറുണ്ടെങ്കിലും ഒരു സമ്പൂര്‍ണതയിലേക്കോ അതുമല്ലെങ്കില്‍ തുടര്‍ച്ച നല്‍കാന്‍ പറ്റിയ ചര്‍ച്ചയിലേക്കോ നമുക്കിതുവരെ എത്തിച്ചേരാന്‍ പറ്റിയിട്ടില്ല. അതിനു പല കാരണങ്ങളുമുണ്ട്. പ്രധാനമായും അത് കൂടിയിരുന്നുള്ള ആലോചന നടന്നിട്ടുണ്ടോ എന്ന സംശയമുണ്ട്. രണ്ടാമത്തെ കാര്യം ഇത് നടപ്പിലാക്കി നോക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളിലെ പണ്ഡിതരുമായി സംസാരിക്കാന്‍ നാം തയ്യാറാവണം. ഒരു ലോണ്‍ എടുക്കാനോ/ മറ്റേതൊരു ബാങ്കിംഗ് സേവനത്തിലോ നാം ശരീഅത്തിന്റെ കാര്യത്തില്‍ സംശയിക്കുന്നു എന്ന് പറഞ്ഞാല്‍ ഫ്രീ കണ്‍സള്‍ട്ടന്‍സി തരാന്‍ യുഎഇ പോലുള്ള രാജ്യങ്ങളിലെ ബാങ്കുകള്‍ തയ്യാറാണ്. അതിന് അവര്‍ക്ക് പണ്ഡിതന്മാര്‍ ഉള്‍ക്കൊള്ളുന്ന ശരീഅത്ത് സമിതി തന്നെ ഉണ്ട്. ഒരു മാസത്തെ വിസിറ്റിന് പോയി ഓരോ ബാങ്കുകളുടെയും ശരീഅത്ത് കൗണ്‍സിലുമായി സംസാരിച്ച് നമുക്ക് ധാരണയിലെത്താവുന്നതേയുള്ളൂ. പുറമേ കേരളത്തില്‍ നിന്ന് പോയി ഗള്‍ഫില്‍ ദര്‍സ് നടത്തുന്ന ഉസ്താദുമാര്‍ കൂറച്ചാണെങ്കിലും നമുക്കുണ്ട്. അവരുമായി ബന്ധപ്പെട്ടോ അല്ലാതയോ ഉള്ള ഫിഖ്ഹ് സെമിനാറുകള്‍ അന്തര്‍ ദേശീയ സാന്നിധ്യത്തോടെ നമുക്ക് നടത്താവുന്നതേയുള്ളൂ. യമന്‍-സിറിയ പോലുള്ള പ്രശ്ന ബാധിത പ്രദേശങ്ങളിലുള്ള ഒരുപാട് ആഴവും പരപ്പുമുള്ള പണ്ഡിതര്‍ ഇപ്പോഴും ഉണ്ട് അവരെ കൊണ്ട് വന്ന് സ്ഥിരമായ സംവിധാനത്തോടെ നമുക്കിവ്വിഷയങ്ങള്‍ പഠിക്കാവുന്നതാണ്. ഇങ്ങനെ എന്തെങ്കിലും ചെയ്ത കര്‍മ ശാസ്ത്രത്തിന്റെ സാമ്പത്തിക മേഖല നാം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍, പുതിയ തലമുറയിലെ ഗള്‍ഫില്‍ മാത്രം പഠനം നടത്തിയ പാരമ്പര്യ ഫിഖ്ഹ് വാദി അല്ലാത്ത ആരുടെയെങ്കിലും ചര്‍ച്ചകള്‍ മുഖ്യധാരയില്‍ വന്നാല്‍ അതിനെ മറികടക്കാന്‍ നാം പാടുപെടും. കൂടുതല്‍ ജാഗ്രത വേണ്ട മേഖലയാണിത്. ശൈഖ് ഹസന്‍ അല്‍കാഫ കുറേ ആധുനിക സാമ്പത്തിക സമസ്യകള്‍ക്ക് പരിഹാരം കണ്ടിട്ടുണ്ടെന്ന് അതിന്റെ രചയിതാവ് അവകാശപ്പെടുന്നുണ്ട്. 

മസ്അല പറയുമ്പോഴുള്ള സൂക്ഷ്മത
തരുവറ ഉസ്താദ് പറഞ്ഞ ഒരു കാര്യം മാത്രം പറഞ്ഞു ഉപസംഹരിക്കാം. ഉസ്താദ് ബിരുദം എടുത്തതിനു ശേഷം, കൊണ്ടോട്ടി ഭാഗത്ത് പള്ളിയില്‍ സേവനം ചെയ്യുന്ന കാലം. ആളുകള്‍ സംശയം ചോദിച്ചു വന്നാല്‍ അറിയുന്ന എല്ലാ കാര്യത്തിനും മറുപടി പറഞ്ഞിരുന്നില്ല. വെള്ളിയാഴ്ച നമുക്ക് കണ്ണിയത്ത് ഉസ്താദിനെ വാഴക്കാട് പോയി കാണാമെന്ന് പറയും. അങ്ങനെ പലതവണ പോയപ്പോള്‍ കണ്ണിയത്ത് ഉസ്താദ് പറഞ്ഞത്രേ, എന്തിനാ ഇത്ര ചെറിയ മസ്അലക്ക് ഇങ്ങോട്ട് വരുന്നത് നിങ്ങള്‍ ഇതെല്ലാം പഠിച്ചതല്ലേ അങ്ങോട്ട് പറഞ്ഞു കൊടുത്തോളൂ. അതിനു ശേഷം കുഴങ്ങി മറിഞ്ഞ മസ്അല അല്ലാത്തെതെല്ലാം ഉസ്താദ് സ്വന്തം പറയാന്‍ തുടങ്ങി.

നമ്മുടെ ഉസ്താദുമാരുടെ ദറജ അല്ലാഹു ഉയര്‍ത്തട്ടെ- ആമീന്‍.

ഇവ്വിഷയികമായി ഇതിലും ഗഹനമായി പറയാന്‍ കഴിവുള്ളവര്‍ ഇവിടെ ഇരിക്കുന്നുണ്ട് എന്നറിയാം. സ്ഖലിതങ്ങള്‍ അറിയിക്കാന്‍ അപേക്ഷ.

9544118115

Tags

.

Questions / Comments:



No comments yet.