ഹദ്ദാദ് റാതീബിന് കേരളീയ മുസ്‌ലിംകൾക്കിടയിൽ വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഹദ്ദാദിൻ്റെ രചയിതാവ് മഹാനായ ഹദ്ദാദ് (റ)വിനെക്കുറിച്ച് മലയാളത്തിൽ വന്ന ആധികാരിക ഗ്രന്ഥങ്ങൾ വളരെ കുറവാണ്. ഹദ്ദാദുൽ ഖുലൂബ് എന്ന പുസ്തകം ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ രചിച്ച പുസ്തകം ഹദ്ദാദ് (റ)വിൻ്റെ ജീവിതത്തിന്റെ സർവ്വ തലങ്ങളെയും സ്പർശിച്ചാണ് കടന്നുപോകുന്നത്.
വായിക്കാം:
എന്നാല്‍, ഹദ്ദാദ് (റ) വിന്റെ നാടായ തരീം നിരവധി തവണ സന്ദർശിക്കുകയും അവിടുത്തെ മാതൃകകളെ കേരളത്തിലേക്ക് പകർത്തുവാൻ പ്രയത്നിക്കുകയും ചെയ്ത സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി രചിച്ച 'ഹദ്ദാദുൽ ഖുലൂബ്; ഹൃദയങ്ങളുടെ ഇടയൻ' എന്ന ഗ്രന്ഥം മഹാനവറുകളുടെ ജീവിതം വളരെ വ്യക്തമായി വരച്ചിടുന്നുണ്ട്. ഉറവ പബ്ലിക്കേഷൻ പ്രസാധനം ചെയ്ത ഗ്രന്ഥത്തിൽ തങ്ങളുടെ യാത്രാനുഭവങ്ങൾ കൂടി ഇതില്‍ ഉൾപ്പെടുത്തിയത് വായനയെ കൂടുതൽ കനപ്പെട്ടതാക്കുന്നു. മൂന്ന് ഭാഗങ്ങളിലായി ഇരുപത്തിനാല് അധ്യായങ്ങളിൽ സരളമായ ഭാഷയിലാണ് പുസ്തകം ക്രോഡീകരിച്ചിരിക്കുന്നത്. തരീമിനെ കുറിച്ചും ഹദ്ദാദ് തങ്ങളുടെ പഠനം, അധ്യാപനം, കുടുംബം, കൂട്ടുകാർ, ഗുരുവര്യന്മാർ, ശരീര സ്വഭാവ പ്രകൃതി തുടങ്ങിയവയെ കുറിച്ചും വിശദീകരിക്കുന്നതാണ് ഒന്നാം ഭാഗം.
ഇരുമ്പുകളെ സംസ്‌കരിക്കുകയും പാകപ്പെടുത്തുകയും ചെയ്യുന്നവർക്ക് പറയുന്ന പേരാണ് 'ഹദ്ദാദ് '. ഇരുമ്പിനെ തീയിൽ പഴുപ്പിച്ച് പരുവപ്പെടുത്തുന്ന കൊല്ലന്മാരെപ്പോലെ മനുഷ്യ മനസ്സുകളിൽ നിന്നും സകല അഴുക്കുകളെയും ശുദ്ധിയാക്കിയെടുത്ത് ജനങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിച്ച ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൻ്റെ പരിഷ്കർത്താവായ (മുജദ്ദിദ്) മഹാനവർകൾക്ക് തീർത്തും അനുയോജ്യമായ പേര് തന്നെ. ആ അർത്ഥത്തിൽ തന്നെ 'മാനസ്സങ്ങളെ പാകപ്പെടുത്തിയിരുന്ന ആൾ' എന്നതാണ് ഹദ്ദാദുൽ ഖുലൂബ് എന്ന നാമത്തിനുമടിസ്ഥാനം.
ഇസ്ലാമിക ചരിത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രദേശമാണല്ലോ യമൻ. പ്രത്യേകിച്ചും യമനിലെ തരീം. ഈമാനികാവേശത്തിൽ തിരുനബി (സ്വ) യുടെ പ്രത്യേക അഭിനന്ദനങ്ങൾ ലഭിച്ച നാട്. അനവധി ആത്മീയ പണ്ഡിതന്മാർ ജന്മം കൊണ്ട ഭൂമി. അവിടെയാണ് ഹിജ്റ വർഷം 1044 സഫർ മാസം അഞ്ചിന് ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) ജനിക്കുന്നത്. വന്ദ്യരായ പിതാവ് സയ്യിദ് അലവിയ്യുബ്നു മുഹമ്മദിൽ ഹദ്ദാദ്(റ) വും മാതാവ് സയ്യിദ് അഹമ്മദുബ്നു മുഹമ്മദിൽ ഹബ്ശീ(റ) വിന്റെ മകൻ ഐദ്രൂസിന്റെ മകൾ സയ്യിദത്ത് സൽമ(റ)യുമാണ്. വലിയ കുടുംബ പാരമ്പര്യം ഉള്ളവരായിരുന്ന രണ്ട് പേരും ആത്മീയ ലോകത്തെ അത്യുന്നതരായിരുന്നു.
നിരവധി പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു ഹദ്ദാദ്(റ)വിന്റെ ജീവിതം. അല്ലാഹു അവൻ്റെ ഇഷ്ടദാസന്മാർക്ക് പല പരീക്ഷണങ്ങളും നൽകുമല്ലോ. ജനിച്ച ദിവസം തന്നെ രാത്രി ഉറങ്ങാനാവാതെ കുഞ്ഞ് കരഞ്ഞു കൊണ്ടേയിരുന്നു. എത്ര ശ്രമിച്ചിട്ടും കരച്ചിൽ നിർത്താനാവുന്നില്ല. നേരം പുലർന്ന് നോക്കിയപ്പോൾ കുഞ്ഞിനെ പൊതിഞ്ഞ വസ്ത്രത്തിനുള്ളിൽ ഉഗ്രൻ തേൾ. അതിന്റെ കടിയും വിഷവുമേറ്റ് ശരീരമാകെ ചുവന്നിരിക്കുന്നു.
പിന്നീട് നാലാം വയസ്സായപ്പോൾ വസൂരി രോഗം ബാധിച്ച് അവിടുത്തെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. എന്നാല്‍ ഇതിലൊന്നും ആ കുഞ്ഞു മനസ്സ് തളർന്നില്ല. കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും അകക്കാഴ്ച വളരെയധികം മൂർച്ചയേറിയതായിരുന്നു.
ഇമാമിന്റെ പതിനെട്ടാം വയസ്സിലാണ് പിതാവ് സയ്യിദ് അലവി വഫാത്താകുന്നത്. പിതാവിന് പുറമെ മാതാവും. തുടർന്ന് ശൈഖുമാരിലൊരാളായ സയ്യിദ് ഉമർ ബിൻ അബ്ദുറഹ്മാനുൽ അത്വാസ് എന്നവരും വഫാത്താവുന്നു.
എല്ലാം കൊണ്ടും വിഷമം നിറഞ്ഞു നിന്ന സാഹചര്യങ്ങളിലും മഹാൻ എല്ലാം ക്ഷമിച്ചു നിന്നു. തൻ്റെ സമപ്രായക്കാരെയെല്ലാം പിന്നിലാക്കി കൊച്ചുനാളിൽ തന്നെ അദ്ദേഹം വിശുദ്ധ ഖുർആൻ മുഴുവനും മനപ്പാഠമാക്കി.
ചെറിയ പ്രായത്തിൽ തന്നെ പതിവായി ഇരുനൂറ് റകഅത്ത് സുന്നത്ത് നിസ്കരിക്കാൻ തുടങ്ങി. വലിയ മഹതിയായിരുന്ന അവിടുത്തെ വല്യുമ്മ വരെ അദ്ദേഹത്തിന്റെ നിസ്കാരം കണ്ടിട്ട് 'മോനേ നീ നിൻറെ ശരീരത്തോട് കനിവ് കാട്ടെടാ' എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു. ലാളനയും വാത്സല്യവുമേറ്റു വളരേണ്ട ചെറുപ്രായത്തിൽ തന്നെ ശരീരത്തെ പരുവപ്പെടുത്തുന്ന മുജാഹദയുടെ വിവിധ കർമ്മങ്ങളിൽ അദ്ദേഹം വ്യാപൃതനായിരുന്നു. എന്നാല്‍ അവിടുത്തെ പിതാവിനും മാതാവിനും അത് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അവർ പലപ്പോഴും മകനെ അതിൽ നിന്നും സ്നേഹത്തോടെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. മാതാപിതാക്കളുടെ നിർബന്ധം പരിഗണിച്ച് പല മുജാഹദകളും ചെറുപ്പകാലത്ത് ഒഴിവാക്കേണ്ടി വന്നു എന്ന് ഹദ്ദാദ്(റ)സ്മരിക്കുന്നുണ്ട്.
മഹാനായ അബ്ദുല്ലാഹിബിൻ അലവി എന്നവരുടെ ജീവിതവും ഹദ്ദാദ് തങ്ങളുടെ ജീവിതവും പല വിഷയങ്ങളിലും അല്ലാഹു സമാനമാക്കിയിട്ടുണ്ട്. സ്വന്തം പേരും പിതാവിൻ്റെയും പിതാമഹന്റെയും സഹോദരന്റെയും പേരും വരെ സമാനമായിരുന്നു. കൂടാതെ മക്കളുടെ വിഷയത്തിൽ രണ്ടു പേരും തുല്യരായിരുന്നു. ശാരീരിക പ്രകൃതിയിൽ രണ്ടു പേരും നീണ്ട് വെളുത്ത പ്രകൃതം. ഇരുവരുടെയും കാഴ്ച ശക്തിയും വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ടിരുന്നു. രണ്ടാളുകളും നല്ല ആതിഥ്യ മര്യാദയുള്ളവരായിരുന്നു. സമയം ചിലവഴിക്കുന്ന വിഷയത്തിൽ രണ്ട് പേരും കൃത്യനിഷ്‌ഠയും കണിശതയും പാലിച്ചവരായിരുന്നു. പാവപ്പെട്ടവരുടെ അത്താണിയും അവലംബവുമായിരുന്നു. 'ശൈഖ് അബ്ദുല്ലാഹി ബിൻ അലവി ബാഅലവി(റ), അബ്ദുല്ലാഹി ബിനു അബൂബക്കർ അൽ ഐദറൂസ്(റ) എന്നിവർ അല്ലാഹുവിന്റെ സന്നിധിയിൽ എത്തിപ്പിടിച്ച സ്ഥാനവും അവസ്ഥയും എനിക്കു നീ നൽകേണമേ?' എന്ന അവിടുത്തെ നിത്യ പ്രാർത്ഥനയുടെ ഫലമാകണമത്.
പഠനം വലിയ ഹരമായി കണ്ടിരുന്ന ഇമാം ഹദ്ദാദ്(റ) ചെറുപ്രായത്തിൽ തന്നെ ഖുർആൻ പഠനത്തിന് ശേഷം നിരവധി ഗ്രന്ഥങ്ങൾ മനപ്പാഠമാക്കുകയും ഏകദേശം നൂറ്റി നാൽപതോളം ഗുരുക്കന്മാരിൽ നിന്ന് പഠനം നടത്തുകയും ചെയ്തു. ഉമർ ബിൻ അബ്ദുറഹ്മാൻ അൽ അത്താസ്(റ), അൽ ഹബീബ് അല്ലാമ അയീൽ ബിൻ അബ്ദുറഹ്‌മാൻ അസഖാഫ്(റ), അൽ ഹബീബ് അല്ലാമ അബ്ദു റഹ്‌മാൻ ബിൻ ശൈഖ് ഐദീദ്, സയ്യിദുനാ അൽ ഹബീബ് അൽ അല്ലാമ സഹ്ൽ ബിൻ അഹ്‌മദ് ബാഹസൻ ബാഅലവി(റ) തുടങ്ങിയവരാണ് അവരില്‍ പ്രധാനികൾ. ഉമർ ബിൻ അബ്ദുറഹ്മാൻ അൽ അത്താസ്(റ)വാണ് അദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ചതും സൂഫീ സരണിയിലേക്ക് നയിച്ചതും. അതുപോലെ ആ ജീവിതം സാർത്ഥകമാകുന്നതിൽ വലിയ പങ്കുവഹിച്ചവരായിരുന്നു അവിടുത്തെ കൂട്ടുകാർ. അബ്ദുല്ലാഹിബ്നു അഹമ്മദ് ബൽഫഖീഹ് (റ), സയ്യിദ് അഹമ്മദ് ബിൻ ഉമർ അൽ ഹിന്ദുവാൻ (റ), സയ്യിദ് അഹമ്മദ് ബിൻ ഹാശിം(റ), സയ്യിദ് അലി ബിന്‍ ഉമർ ബിൻ ഹുസൈൻ ബിൻ ശൈഖ് അലി(റ), സയ്യിദ് അലി ബിൻ അബ്ദുല്ല ബിന്‍ അഹ്മദ് അൽ ഐദറൂസ്(റ) എന്നിവരാണത്. പിൽക്കാലത്ത് ഇവരെല്ലാം വലിയ വിലായത്തിന്റെ ഉന്നതമായ സ്ഥാനങ്ങൾ കരസ്ഥമാക്കിയവരായിരുന്നു.
പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ ഇമാമിന്റെ ഒരു ദിവസത്തെ സുബ്ഹ് മുതലുള്ള കർമ്മങ്ങളെയും ദിക്റുകളേയും വിവരിക്കുന്നുണ്ട്. അതോടൊപ്പം അവിടുത്തെ ഹജ്ജ് യാത്ര, അതിലെ അനുഭവങ്ങൾ, പ്രബോധന പഥങ്ങള്‍, രചനകൾ, ദീവാനുകൾ, യഖീൻ, മരണം, ഉപദേശങ്ങൾ എന്നിവയെല്ലാം വിശദമായി ഗ്രന്ഥ കർത്താവ് വിശദീകരിച്ചു തരുന്നുണ്ട്.
40 ദിവസത്തോളം രോഗബാധിതനായി കിടപ്പിലായിരുന്ന മഹാനവർകൾ ഹിജ്റ1132 ദുൽഖഅദ് ചൊവ്വാഴ്ചയാണ് അല്ലാഹുവിലേക്ക് യാത്രയായത്. ഹാവിയയിലെ വീട്ടിലായിരുന്നു വഫാത്ത്. അബ്ദുല്ലാഹിൽ ഐദറൂസ് തങ്ങളുടെ ഖബറിനടുത്താണ് അവിടുത്തെ മഖ്ബറ.
പുസ്തകത്തിന്റെ മൂന്നാം ഭാഗത്തിൽ ഹളറമൗത്തിനെ കുറിച്ചും ഹദ്ദാദ്(റ)വിന്റെ വിർദുകളെ സംബന്ധിച്ചും, പ്രത്യേകിച്ച് ഹദ്ദാദ് റാത്തിബിൻ്റെ ചരിത്രവും പശ്ചാത്തലവും ഗുണങ്ങളും എല്ലാം വിശദമായി ചർച്ച ചെയ്യുന്നുണ്ട്. തീർത്തും ഹദ്ദാദ്(റ)വിനെ കുറിച്ച് ആഴത്തിൽ പഠനവിധേയമാക്കാൻ ഈ പുസ്തകം ഉപകാരപ്പെടും. അത്രയധികം ഓരോ വിഷയങ്ങളും തന്റെ അനുഭവങ്ങളെയും ചേർത്ത് വെച്ച് സമ്പുഷ്ടമാക്കിയിരിക്കുകയാണ് രചയിതാവ്.