തത്വചിന്തയും ആത്മീയതയും സമന്വയിപ്പിച്ച അതുല്യ പണ്ഡിതനായിരുന്നു ഇമാം ഗസ്സാലി (റ). പാണ്ഡിത്യത്തോടൊപ്പം ഹൃദയത്തിന്റെ ഉൾവെളിച്ചത്തിനും പ്രാധാന്യം നൽകിയ മഹാൻ, തന്റെ രചനകളിലൂടെ ആത്മീയതയുടെ സത്ത ലോകത്തിന് പകർന്നുനൽകി.
വായിക്കാം:
ഇമാം ഗസ്സാലിയുടെ കാലം
ക്രി.വ 1059ൽ ജനിച്ച് 1111ൽ വഫാത്തായ ഇമാം ഗസ്സാലി (റ) സൽജൂഖികളുടെ പ്രഭാവ കാലത്തായിരുന്നു ജീവിച്ചത്. തുഗ്റുൽ എന്ന സൈനിക നായകൻ ക്രി.വ1037 (ഹി.492)ൽ ഖുറാസാൻ ആസ്ഥാനമായി സ്ഥാപിച്ച ഭരണവംശമാണ് സൽജൂഖ്. പ്രവിശാലമായ ഒരു സാമ്രാജ്യം തുഗ്റുൽ കെട്ടിപ്പടുത്തു. തുർക്കി വംശജരായ സൽജൂഖികൾ മധ്യേഷ്യയിൽ നിന്നു വന്ന് ഖുറാസാനിൽ താമസമുറപ്പിക്കുകയായിരുന്നു.
സൂഫിസത്തിനും തത്വചിന്തക്കുമിടയിൽ ഗസ്സാലി (റ)യുടെ പാദങ്ങൾ ഉറച്ചുനിന്നത് മതമീമാംസയുടെയും അറിവാനന്ദത്തിന്റെയും ഉറപ്പുള്ള മണ്ണായ ബഗ്ദാദിലായിരുന്നു. അശ്അരീ ചിന്തയെയും, കർമ്മശാസ്ത്രത്തിൽ ശാഫിഈ മദ്ഹബിനെയും ഉയർത്തിപ്പിടിച്ച ഇമാം, അശ്അരീ ദൈവശാസ്ത്രത്തെ തന്റേതായ രീതിയിൽ വികസിപ്പിക്കുകയും ചെയ്തു. വളരെ ക്രിയാത്മകമായ തത്വചിന്ത ബലപ്പെടുത്തിയ സൂഫിസമായിരുന്നു ഗസ്സാലി ഇമാമിന്റേത്.
കുറിപ്പു പുസ്തകം
"ചില കടലാസ് തുണ്ടുകൾ നഷ്ടപ്പെട്ടാൽ കെട്ടുപോവുന്നതാണോ നിന്റെ കണ്ണിന്റെ കാഴ്ച്ച? താൻ ഇത്രയും കാലം കുത്തിയിരുന്നു പഠിച്ചതൊക്കെ അതോടെ തീരുമോ..?"
കൊള്ളക്കാരന്റെ പരിഹാസച്ചിരി അന്തരീക്ഷത്തിൽ മുഴങ്ങി.
ജൂർജാനിലെ ഗുരുസന്നിധിയിൽ നിന്ന് ഒരു യാത്രാ സംഘത്തോടൊപ്പം സ്വദേശത്തേക്കു മടങ്ങുകയായിരുന്നു ഗസ്സാലി (റ). ഗുരുമുഖത്തു നിന്നും പകർന്നു കിട്ടിയ വിജ്ഞാനം മുഴുവൻ കുറിപ്പു പുസ്തകങ്ങളിൽ (തത്ത്ലീഖാത്) രേഖപ്പെടുത്തി വെച്ചിരുന്നു. യാത്രാ സംഘത്തെ ആക്രമിച്ച കൊള്ളക്കാർ കൈവശപ്പെടുത്തിയ വസ്തുക്കളിൽ ഗസ്സാലി (റ)വിന്റെ പഠനക്കുറിപ്പുകളും ഉൾപ്പെട്ടു. എങ്ങനെയെങ്കിലും അവ തിരിച്ചുകിട്ടുക എന്ന ഉദ്ദേശ്യത്തോടെ കൊള്ളത്തലവനോടു കെഞ്ചിയപ്പോൾ കിട്ടിയ പരിഹാസം അസ്ഥിയിൽ തറക്കും വിധം മൂർച്ചയേറിയതായിരുന്നു.
ദൂരെ ദിക്കിൽ പോയി ദീർഘകാലം അഭ്യസിച്ചതെല്ലാം ആ കുറിപ്പു പുസ്തകങ്ങളിലാണുണ്ടായിരുന്നത്. അവ നഷ്ടപ്പെടുന്നത് എങ്ങനെ സഹിക്കും..? കൊള്ളത്തലവൻ നിന്ദാഗർഭമായ നോട്ടത്തോടെ തനിക്കൊരു ഉപകാരവും ഇല്ലാത്ത ആ കുറിപ്പുകൾ ഗസ്സാലി ഇമാമിന്റെ നേർക്ക് വലിച്ചെറിഞ്ഞു. അത് പെറുക്കിയെടുക്കുമ്പോൾ സന്തോഷത്തേക്കാളേറെ ആത്മനിന്ദയാണ് ഇമാം ഗസ്സാലി(റ)വിന് അനുഭവപ്പെട്ടത്. കൊള്ളക്കാരന്റെ വാക്കുകൾ ഉള്ളിൽ കിടന്നു മുഴങ്ങി.
ഇനി പഠിക്കുന്നതൊന്നും മറക്കുകയില്ല, കടലാസിനെ ആശ്രയിക്കേണ്ടതില്ലാത്ത വിധം മുഴുവൻ ഹൃദ്യസ്ഥമാക്കും. നിറകണ്ണുകളോടെ ഗസ്സാലി (റ) പ്രതിജ്ഞ ചെയ്തു. ജീവിതാന്ത്യം വരെ അതു പാലിക്കുകയും ചെയ്തു. കടലാസും പേനയും സന്തത സഹചാരികളായിരുന്നിട്ടും പഠിച്ചതൊന്നും മാഞ്ഞുപോവാത്ത രീതിയിൽ എല്ലാം അവിടുന്ന് ഹൃദയത്തിൽ കുറിച്ചുവെച്ചു.
ആലോചനകൾ
സത്യജ്ഞാനം തേടി ഒരു ദശാബ്ദം സ്വസ്ഥത കിട്ടാതെ കാടും മേടും മണലാരണ്യവും താണ്ടിയ ഇമാം ഗസ്സാലി (റ) തന്റെ മാനസിക വ്യാപാരത്തെ പ്രക്ഷുബ്ധമായ കടലിലൂടെയുള്ള യാത്രയോടുപമിക്കുന്നുണ്ട്.
'തിരയടങ്ങാത്ത സമുദ്രമായിരുന്നു ഇമാമിന്റെ മനസ്സ്'. പ്രശസ്തിയുടെയും സമൃദ്ധിയുടെയും ഉത്തുംഗതയിൽ നിൽക്കെ തന്നെ ഇമാം ഗസ്സാലി (റ) അന്തരാത്മാവിന്റെ വിളി കേട്ടു.
“ഇതെല്ലാമാണോ വിശ്വാസത്തിന്റെ യഥാർത്ഥ ഫലം. ആധ്യാത്മികതയെ കുറിച്ചുള്ള വിവരമാണോ ആധ്യാത്മികമായ അനുഭവമാണോ പ്രധാനം? വയറു നിറയുക എന്ന അവസ്ഥയെ കുറിച്ച് ഗവേഷണ പ്രബന്ധം വായിച്ചിട്ടെന്തു കാര്യം? വയറു നിറയുമ്പോഴല്ലേ അതെന്താണെന്നു മനസ്സിലാക്കാനാവൂ? ആരോഗ്യത്തെ കുറിച്ച് പഠിച്ചറിയുന്നതും ആരോഗ്യവാനായിരിക്കുന്നതും ഒരുപോലെയാണോ? രോഗി ഔഷധങ്ങളുടെ പേരുകൾ കാണാപാഠം പഠിച്ചിട്ടെന്ത്, ഔഷധം സേവിച്ച് രോഗത്തിന് ശമനം നേടുന്നില്ലെങ്കിൽ? ലഹരിയെ കുറിച്ച് അറിയുന്നതും ലഹരി അനുഭവികുന്നതും വ്യത്യസ്ത കാര്യങ്ങളല്ലേ..? ലഹരി മസ്തിഷ്കത്തെ എങ്ങനെ ബാധിക്കുന്നു എന്നും ബുദ്ധിയെ എങ്ങനെ അത് മന്ദീഭവിപ്പിക്കുന്നു എന്നും മനസ്സിലാക്കുന്നതും കുടിച്ച് ബോധം കെടുന്നതും രണ്ട് അവസ്ഥകളാണ്. കുടിച്ച് ബോധം കെട്ടവന് തന്റെ അവസ്ഥയെക്കുറിച്ച് ഒന്നും അറിയുകയില്ല. ലഹരിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചവന് ആ അറിവുകൊണ്ട് മാത്രം അതെന്താണെന്ന് അനുഭവിക്കാനുമാവില്ല..!” ഇമാം ഗസ്സാലി(റ) ഈ വക ചിന്തകളിൽ മുഴുകി. രഹസ്യ ജീവിതത്തിന്റെയും പൊതു ജീവിതത്തിന്റെയും തിരക്കുകൾക്കിടയിൽ മഹാനറിയാതെ ഒരു സന്ദേഹി ഉള്ളിൽ കുടിയേറിപ്പാർത്തിരുന്നു. താൻ പഠിക്കുന്നതും പഠിപ്പിക്കുന്നതുമൊക്കെ സത്യമാണോ! എന്ന് അദ്ദേഹം ചിലപ്പോഴെങ്കിലും സംശയിച്ചിരുന്നു.
തത്വചിന്ത
അറബ്-മുസ്‌ലിം ലോകത്ത് യൗവന തത്വചിന്ത ആധിപത്യമുറപ്പിച്ചിരുന്ന കാലത്താണ് ഇമാം ഗസ്സാലി (റ)യുടെ ധൈഷണിക ജീവിതം തളിർക്കുന്നതും പൂക്കുന്നതും ഫലം നൽകുന്നതും. മതമാണോ തത്വചിന്തയാണോ അസ്തിത്വത്തെ സംബന്ധിക്കുന്ന മൗലികമായ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകുക? ഗസ്സാലി (റ)യെ കീഴടക്കിയ പ്രശ്നം ഇതായിരുന്നു. പ്ലാറ്റോയുടെയും അരിസ്റ്റോട്ടിലിൻ്റെയും ഗ്രന്ഥങ്ങൾ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും പണ്ഡിതന്മാർ അവ സസൂക്ഷ്മം പഠിക്കുകയും ചെയ്തു. ഇമാം ഗസ്സാലി (റ)യും തത്വചിന്തയിലേക്ക് ആകൃഷ്ടനായി. തത്വചിന്തയെക്കുറിച്ചുള്ള തന്റെ അറിവ് കുറ്റമറ്റതാക്കുന്നതിനു വേണ്ടി പ്രസ്തുത വിഷയത്തിൽ ഒരു ഗ്രന്ഥം തന്നെ അദ്ദേഹം രചിച്ചു; 'മഖാസ്വിദുൽ ഫലാസിഫ' അരിസ്റ്റോട്ടിലിയൻ തത്വചിന്തയെ സരളമായും സമ്പൂർണമായും അവതരിപ്പിക്കുന്ന കൃതിയാണിത്. തത്വചിന്തയുടെ രീതിശാസ്ത്രം ഈ കൃതി വിശദമായി അപഗ്രഥിക്കുന്നു. ഡൊമിനക്കസ് ഗുൻഡിസാൽവസ് ഈ കൃതി ലാറ്റിൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച അരിസ്റ്റോട്ടിലിയൻ പഠനം എന്നാണ് പ്രസ്തുത ഗ്രന്ഥത്തെ അദ്ദേഹം ആമുഖത്തിൽ വിശേഷിപ്പിക്കുന്നത്. ആൽബർട്ട് ദ ഗ്രേറ്റ്, തോമസ് അക്വിനാസ്, റോജർ ബേക്കൺ തുടങ്ങിയ യൂറോപ്യൻ പണ്ഡിതന്മാർ 'മഖാസിദുൽ ഫലാ സിഫ'യെ പ്രകീർത്തിച്ചിട്ടുമുണ്ട്. അരിസ്റ്റോട്ടിലിയൻ തത്വചിന്ത പാശ്ചാത്യ ലോകം ഏറ്റവും നന്നായി ഗ്രഹിച്ചത് ഗസ്സാലി (റ)യുടെ 'മഖാസ്വിദുൽ ഫലാസിഫ'യുടെ തർജമകളിൽ നിന്നാണ്.
ആത്മീയാനന്ദം
മതമീമാംസയുടെയും തത്വചിന്തയുടെയും ബലിഷ്ഠമായ പുറംതോടുകൾക്കകത്ത് ആത്മീയ മധു സംഭരിച്ചുവെച്ച ഇമാം ഗസ്സാലി (റ) സദാ സമയവും ആ മധു നുണഞ്ഞു ആനന്ദ നിർവൃതി കൊണ്ടു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതൊരു സൗഭാഗ്യമായിരുന്നു. ആ സൗഭാഗ്യത്തിന്റെ രസവിദ്യ (കീമിയ സആദ) അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു. ആ മധുവന്വേഷിച്ച് അദ്ദേഹം വനാന്തരങ്ങളിൽ അലയുകയും മരുഭൂമികൾ താണ്ടുകയും ഏകാന്തതയിൽ ധ്യാനിക്കുകയും ചെയ്തിട്ടുണ്ട്. ഖുർആനിൽ ഊളിയിട്ട്, എല്ലാ വിജ്ഞാന ശാഖകളുടെയും അടിത്തട്ടുകളിലൂടെ സഞ്ചരിച്ചിട്ടുമുണ്ട്, പുറം കാണാതെ അകം കാണുന്നവരുമായും അകം കാണാതെ പുറം കാണുന്നവരുമായും സംവാദം നടത്തിയ ഇമാം ഗസ്സാലി (റ) പുറവും അകവും ഒരേ വ്യക്തതയോടെ കണ്ടു. പുറം മനോഹരമായിരുന്നു. അകം അതേക്കാൾ മൃദുലവും, ആനന്ദദായകവും. അകത്തു കടന്നപ്പോൾ പുറത്തെ തർക്കങ്ങൾ അദ്ദേഹം ഉപേക്ഷിച്ചു. സൗന്ദര്യത്തിൽ അതിൻ്റെ ഏഴയലത്തെങ്ങുമെത്താത്ത രാജകൊട്ടാരങ്ങളെ അവഗണിച്ചു. ദൈവത്തിൻ്റെ സമ്മാനങ്ങളേക്കാൾ വലിയ സമ്മാനങ്ങളില്ല എന്നു തിരിച്ചറിഞ്ഞു.
രാഷ്ട്രീയ ചിന്തകൾ
"ഇമാം ഗസ്സാലി (റ) വിജ്ഞാന ശാഖകളെ ഗണിതം, തർക്കശാസ്ത്രം, ഭൗതികം, അഭൗതികം, രാഷ്ട്രതന്ത്രം, ധർമമീമാംസ എന്നിങ്ങനെ ആറായി 'അൽ മുൻഖിദുമിനള്ളലാൽ' എന്ന ലഘുഗ്രന്ഥത്തിൽ വിഭജിക്കുന്നുണ്ട്. അധികാരത്തെയും ഐഹിക വ്യാപാരങ്ങളെയും സംബന്ധിക്കുന്ന പൊതു താത്പര്യ പ്രധാനമായ നിയമങ്ങളുടെ ക്രോഡീകരണം എന്നാണ് രാഷ്ട്ര വിജ്ഞാനീയത്തെ അദ്ദേഹം നിർവചിക്കുന്നത്. ദൈവിക വെളിപാടുകൾ, പൂർവീകരുടെ ധൈഷണിക സംഭാവനകൾ എന്നിവയാണ് ഈ വിജ്ഞാനത്തിന്റെ ഉറവിടമായി ഇമാം ഗസ്സാലി (റ) കാണുന്നത്. മനുഷ്യവംശത്തിന്റെ മുൻ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ് പൂർവീകരുടെ നിഗമനങ്ങൾ എന്നതിനാൽ, ഗസ്സാലി (റ) നിർദേശിക്കുന്ന അറിവിൻ്റെ രണ്ടാമത്തെ ഉറവിടം ശ്രദ്ധയർഹിക്കുന്നു. അതോടൊപ്പം രാഷ്ട്ര വിജ്ഞാനത്തെ ഒരു പ്രത്യേക പഠന ശാഖയായി ഗസ്സാലി (റ) അടയാളപ്പെടുത്തി എന്നതും, കൃത്യമായ ഒരു നിർവചനം നൽകി എന്നതും വളരെയേറെ പ്രാധാന്യമർഹിക്കുന്നു.
ഗ്രന്ഥങ്ങൾ
അറബിയിലും മാതൃഭാഷയായ പേർഷ്യനിലുമായി നൂറോളം ഗ്രന്ഥങ്ങൾ ഇമാം ഗസ്സാലി (റ) രചിച്ചു. കാവ്യാത്മകമാണ് ഗസ്സാലി (റ)യുടെ രചനാശൈലി. ആയിരം വർഷങ്ങൾ പിന്നിട്ടിട്ടും അവയുടെ വായന ഇന്നും തുടരുന്നു എന്നത് അത്ഭുതകരമാണ്. അക്കാലത്തെഴുതപ്പെട്ട മറ്റ് അറബി ഗ്രന്ഥങ്ങൾക്കൊന്നുമില്ലാത്ത വശ്യത ഗസ്സാലി (റ)യുടെ കൃതികളുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലളിതമായ ശൈലി, പുതുമയുള്ള പ്രയോഗങ്ങൾ, ആകർഷകങ്ങളായ ഗ്രന്ഥനാമങ്ങൾ, വിഷയ വൈവിധ്യം, ജീവസ്സുറ്റ ആഖ്യാനം, ശാസ്ത്രീയമായ അപഗ്രഥനം, ഉപമകളുടെയും കഥകളുടെയും സന്ദർഭോചിതമായ വിന്യാസം, ലളിത ഭാഷ, ബുദ്ധിയോടും ഹൃദയത്തോടും സംവദിക്കുന്ന സമർത്ഥനം ഇങ്ങനെ നീളുന്നു ഗസ്സാലി (റ)യുടെ രചനകളുടെ സവിശേഷതകൾ. അനേകം ഭാഷകളിൽ അവയുടെ വിവർത്തനങ്ങളുണ്ടായിട്ടുണ്ട്. ഇക്കാലത്ത് ഒരു പക്ഷെ ഏറ്റവുമധികം വായിക്കപ്പെടുന്ന പൗരാണിക മുസ്‌ലിം ഗ്രന്ഥകാരൻ ഇമാം ഗസ്സാലി (റ)യാണെന്നു പറയാം.
25 January, 2026 01:59 am
Uvais akkode
Avatharanavum