ഹിന്ദു-മുസ്‌ലിം ഐക്യം തകർക്കാൻ കച്ച കെട്ടിയിറങ്ങിയവർക്ക് എതിരെയായിരുന്നു ഓമാനൂർ ശുഹദാക്കൾ പടപൊരുതിയത്.  കൊണ്ടോട്ടി പഴയങ്ങാടി പള്ളിയിലാണ് ഓമാനൂർ ശുഹദാക്കൾ എന്നറിയപ്പെടുന്ന കുഞ്ഞാലിയും സഹോദരി പുത്രന്മാരായ കുഞ്ഞിപോക്കർ മൊയ്തീൻ എന്നിവർ അന്ത്യവിശ്രമം കൊള്ളുന്നത്.

വായിക്കാം:

അല്ലാഹുവിൻ്റെ മാർഗത്തിൽ ദീനിന്റെ സംരക്ഷണത്തിനുവേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച യോദ്ധാക്കളാണ് ശുഹദാക്കൾ.  നീതിക്കു വേണ്ടി പോരാടുന്ന യോദ്ധാക്കൾക്ക് ഇസ്‌ലാമിൽ വലിയ പ്രാധാന്യവുമുണ്ട്. അതിനാൽ തന്നെ തിരുനബി(സ്വ)യുടെ കാലം മുതൽ വിശ്വാസികൾ സത്യത്തിനു വേണ്ടി പോരാടി രക്തസാക്ഷിത്വം വരിക്കാൻ താൽപര്യപ്പെടുന്നവരായിരുന്നു. കേരളത്തിലുടനീളം ബ്രിട്ടീഷുകാർക്കെതിരെയും മറ്റും പോരാടിയ ധാരാളം ശുഹദാക്കളുടെ മഖ്ബറകൾ കാണാം. അവരുടെ പിന്നിൽ വലിയ ചരിത്രവുമുണ്ടായിരിക്കും. അതിൽ പെട്ടവരാണ് സാമുദായിക വർഗീയ വിഷം തുപ്പുന്ന വിഘടനവാദികൾക്കെതിരെ കടുത്ത പ്രതിരോധം തീർത്ത ഒമാനൂർ ശുഹദാക്കൾ. അവർക്കു പിന്നിലും വലിയ ചരിത്ര പശ്ചാതലമുണ്ട്. 

മുന്നൂറു വർഷങ്ങൾക്കു മുമ്പ് തിരൂരിലെ നായന്മാരിൽ പെട്ടൊരാൾ മറ്റൊരു സ്ത്രീയെ മാനഭംഗത്തിന് ഇരയാക്കുന്നു. നായന്മാരിൽ പെട്ട കാരണവന്മാർ  ഈ വ്യക്തിയെ നാട്ടിൽനിന്ന് ബഹിഷ്കരിക്കാനും തീരുമാനിക്കുന്നു. മറ്റു ചിലർ വധശ്രമത്തിന് ഗൂഢാലോചന നടത്തി. ഒടുവിൽ നായർ  നാടുവിട്ടു. ചെന്നെത്തിയത് കൊണ്ടോട്ടിക്കടുത്തുള്ള ബിംബനൂർ(ഇന്നത്തെ ഓമാനൂർ)എന്ന ദേശത്തായിരുന്നു. ഹൈന്ദവർ തിങ്ങി നിറഞ്ഞ ഈ നാട്ടിൽ മൂന്ന് മുസ്ലിം കുടുംബങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.കുഞ്ഞാലി, സഹോദരി പുത്രന്മാരായ കുഞ്ഞിപോക്കർ, മൊയ്തീൻ ഇവരായിരുന്നു മുസ്ലിം കുടുംബനാഥന്മാർ. 

തിരൂരിൽ നിന്ന് ഒളിച്ചോടിപ്പോന്ന നായർക്ക് കുഞ്ഞാലി അഭയം നൽകി.
നായർ കുഞ്ഞാലിയുടെ സംരക്ഷണത്തിലാണെന്ന വിവരം തിരൂരിലെ നായർമാരും ബിംബന്നൂരിലെ ഹൈന്ദവരും അറിഞ്ഞതോടെ കുഞ്ഞാലിക്കെതിരെ അവർ മാർച്ച് നടത്തി. നായരെ കൊലക്ക് വിട്ടുകൊടുക്കാൻ കുഞ്ഞാലി സമ്മതിച്ചില്ല. നായർ തെറ്റ് ഏറ്റു പറഞ്ഞെന്നും  ഞാൻ  അഭയം നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും വാദിച്ച് കുഞ്ഞാലി താനൂരിലെ നായന്മാരെ തടഞ്ഞു. എന്നാൽ, പിന്നീട് തന്ത്രം മെനഞ്ഞ് അവർ നായരെ വധിച്ചു. എങ്കിലും താനൂർ നായന്മാർക്ക് കുഞ്ഞാലിയോട് പ്രതികാര മനോഭാവം സൃഷ്ടിക്കാൻ ഇത് കാരണമായി. നായരെ വധിച്ചതിൽ പിന്നെ മതസ്പർധയുണ്ടാകാതിരിക്കാൻ കുഞ്ഞാലി മൗനം അവലംബിച്ചു. 

അതേസമയം, ചെറൂപ്പക്കടുത്തുള്ള പള്ളിക്കുന്നിൽ അമ്മാളുഅമ്മ എന്ന ഹൈന്ദവ സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ചു. തുടർന്ന് ഹലീമ എന്ന മുസ്ലിം നാമം സ്വീകരിക്കുകയും ചെയ്തു. ഇത് മുസ്ലിങ്ങളുടെ പ്രേരണയാൽ ഉണ്ടായതാണെന്നുള്ള തെറ്റിദ്ധാരണ പടർന്നു. നാട്ടിലെ പ്രമുഖനായ നായരുടെ  സഹോദരി കൂടിയായിരുന്നു. രോഷാകുലരായ നായർ സമൂഹം  ഹലീമയെ തൻ്റെ പഴയ മതത്തിലേക്ക് തന്നെ നിർബന്ധിച്ചു തിരിച്ചു കൊണ്ടുവന്നു.

മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യൽ ലക്ഷ്യമിട്ട് ചില വർഗീയ കക്ഷികൾ സമാധാനത്തോടെ കഴിഞ്ഞിരുന്ന ഹിന്ദു-മുസ്‌ലിം ഐക്യം തകർക്കാൻ മുന്നിട്ടിറഞ്ഞി. അതിനുവേണ്ടി അന്നത്തെ രാജാവ് സാമൂതിരിയുടെ സവിധത്തിൽ ചെന്ന് അവരുടെ ആവശ്യങ്ങൾ ഉണർത്തി. നാട്ടിലുള്ള മതസൗഹാർദത്തെ തകർക്കാനുള്ള ശ്രമത്തെ അംഗീകരിക്കുകയില്ല എന്ന പക്ഷത്തായിരുന്നു സാമൂതിരി രാജാവ്. തുടർന്ന് ഇവർ രാജാവിൻ്റെ ഉന്നതമന്ത്രിയെ സന്ദർശിച്ചു. പ്രതികൂലമായിരുന്നു മന്ത്രിയുടെ പ്രതികരണം. സാഹചര്യങ്ങൾ അനുകൂലമല്ലാതെയായപ്പോൾ മുസ്‌ലിംകളെ ആക്രമിക്കാൻ മറ്റു വഴികളെ തേടി.  മുസ്‌ലിംകളുടെ കാർഷികവിളകൾ നശിപ്പിച്ചു. പന്നിയുടെ തലയറുത്ത് മുസ്‌ലിം പള്ളിയിൽ വലിച്ചെറിഞ്ഞു. ശേഷം ക്ഷേത്രങ്ങളിലെ ബിംബങ്ങളുടെ ശിരസിൽ  പശുവിന്റെ കുടൽമാല പ്രതിഷ്ഠിച്ചിട്ട് മുസ്‌ലിംകളുടെ മേൽ ആരോപണമുയർത്തി. ഇത് വലിയ തോതിലുള്ള ഹിന്ദു-മുസ്‌ലിം ചേരിതിരിവിന് കാരണമായി. തുടർന്ന് ശത്രുക്കൾ മുഴുവനും ഒരുമിച്ചു കൂടി മുസ്‌ലിംകൾക്കെതിരെ ആയുധ സന്നാഹത്തോടെ രംഗത്തുവന്നു. മുസ്‌ലിം പള്ളികൾക്ക് തീയിട്ടു. അകാരണമായി പലരെയും കൊലപ്പെടുത്തി. ഈ വർഗീയത കുഞ്ഞാലിയുടെയും സഹോദരി പുത്രന്മാരുടെയും കാതുകളിൽ എത്തി. മുസ്ലിങ്ങളെ കഠിനമായ ആക്രമണത്തിനിരക്കിയത് മൂവരെയും  ദുഃഖത്തിലാഴ്ത്തി.

വൈകാതെ  പള്ളിക്കുന്നിലെ നായരുടെ വീട്ടിൽ ജോലിക്ക് എത്തിയ മുസ്‌ലിം തൊഴിലാളിയെ നായർ വിഭാഗത്തിൽ പെട്ട ഒരാൾ ആക്ഷേപിക്കുകയും ആക്രമണമനോഭാവം വെച്ചുപുലർത്തുകയും ചെയ്തു. അതിരുവിട്ടപ്പോൾ മുസ്‌ലിം തൊഴിലാളി തൻ്റെ കയ്യിലുള്ള അരിവാൾ ആഞ്ഞുവീശി,നായരുടെ കയ്യറ്റു. ഈ സംഭവം അവർ മുസ്‌ലിംകൾക്കെതിരക യുദ്ധത്തിനുള്ള ഒരവസരമായി കണ്ടു. 

കുഞ്ഞാലിയെയും സഹോദരി പുത്രന്മാരെയും കൊലപ്പെടുത്തുക എന്നതായിരുന്നു ശത്രുക്കളുടെ പ്രഥമമായ ലക്ഷ്യം. ശത്രുക്കൾ യുദ്ധത്തിനുവേണ്ടി ഓമാനൂരിലേക്ക് യാത്രതിരിച്ചു. കുഞ്ഞാലിക്ക് നേരത്തേ ഈ വിവരം ലഭിച്ചിരുന്നു. കുഞ്ഞാലി വീട്ടിലുള്ളവരെ അകലെയുള്ള ബന്ധുവീട്ടിലെത്തിച്ചു. വുളൂഅ് എടുത്ത് രണ്ട് റക്അത്ത് നിസ്കരിച്ച് പ്രാർത്ഥനയിൽ മുഴുകി. ശേഷം യുദ്ധത്തിനായി തയ്യാറെടുപ്പുകൾ നടത്തി. അധികം വൈകാതെ പതിനഞ്ച് തികയാത്ത കുഞ്ഞിപ്പോക്കരും വിവരമറിഞ്ഞു. യുദ്ധത്തിന് പോകാനൊരുങ്ങി. കൗമാരക്കാരനായ തൻ്റെ മകനെ യുദ്ധത്തിന് സമ്മതം കൊടുക്കുന്നതിന് ആദ്യം ഉമ്മ വിസമ്മതിച്ചിരുന്നു. ഏറെ നേരത്തെ അനുനയത്തിനുശേഷം പൊന്നുമോന് മുത്തം നൽകി അമ്മാവന്റെ കൂടെ യുദ്ധത്തിനയച്ചു. കുഞ്ഞാലി കുഞ്ഞിപ്പോക്കരോട് വുളൂഅ് ചെയ്ത് യുദ്ധത്തിന് തയ്യാറാകാൻ ആവശ്യപ്പെട്ടു. 

അപ്പോഴേക്കും ശത്രു സൈന്യം കുഞ്ഞാലിയുടെ വീടിനെ വളഞ്ഞിരുന്നു. എളിമയോടെ അവരോട് തിരികെ പോകാൻ പറഞ്ഞെങ്കിലും ശത്രുക്കൾ കുഞ്ഞാലിയുടെ വീടിന് തീയിട്ടു. കുഞ്ഞാലിയും കുഞ്ഞിപോക്കരും ശത്രു സൈന്യത്തിനു നേരെ ചാടി പടപൊരുതി. അവരിൽ ചിലർ നിലം പതിച്ചു. മറ്റു ചിലർ വിരണ്ടോടി. തിരികെ പോകുന്നത് മൊയ്തീൻ്റെ വീട്ടിലേക്കാണെന്ന് മനസ്സിലാക്കിയ കുഞ്ഞാലിയും കുഞ്ഞിപോക്കരും മൊയ്തീന്റെ വീട്ടിലേക്ക് ഓടി. ആയുധങ്ങളും മറ്റും വാങ്ങിതിരികെ വരുകയായിരുന്നു മൊയ്തീൻ. കുഞ്ഞാലി നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തു. വുളുഅ് എടുത്ത് യുദ്ധത്തിന് തയ്യാറെടുക്കാൻ ആവശ്യപ്പെട്ടു. ശത്രുസൈന്യം മൊയ്തീന്റെ വീട്ടിലേക്കെത്തിയിരുന്നു. പടപൊരുതാൻ ആരംഭിച്ചു. മരണം വരെ ശത്രുക്കളോട് പോരാടുക എന്നതായിരുന്നു മൂവരുടെയും തീരുമാനം. എന്നാൽ യോദ്ധാക്കൾക്ക് മുന്നിൽ ശത്രുക്കൾ പരാജയം നേരിട്ടു. ശഹീദാകാൻ അങ്ങേയറ്റം ആഗ്രഹിച്ചിറങ്ങിയ മൂന്നു യോദ്ധാക്കളും അതിന് സാധിക്കാത്തതിൻ്റെ സങ്കടത്തിലായി. തുടർന്ന് ശഹീദാവുകയെന്ന കളങ്കമില്ലാത്ത ആഗ്രഹം സാധിച്ചെടുക്കാൻ ഓരോരുത്തരായി അടർക്കളത്തിലേക്കിറങ്ങി ഒറ്റയ്ക്ക് പൊരുതുക എന്ന അഭിപ്രായത്തിലായി.

ഹിജ്റ 1128 ദുൽഹിജ്ജ 7 വെള്ളിയാഴ്ച. ആദ്യം പോരാട്ട ഭൂമിയിലേക്ക് ഇറങ്ങിയത് മൊയ്തീനായിരുന്നു. മൊയ്തീൻ്റെ പോരാട്ടത്തിനു മുന്നിൽ ശത്രുക്കൾ വീണുടഞ്ഞു. എന്നാൽ യുദ്ധത്തിനിടയിൽ, ശത്രുക്കളിലൊരാൾ പിറകിൽ ഒളിഞ്ഞിരുന്ന് മൊയ്തീനു നേരെ കുന്തമെറിഞ്ഞു. വീരയോദ്ധാവ് രക്തസാക്ഷിയായി. 
രണ്ടാമതായി കളത്തിലേക്കിറങ്ങിയത് കുഞ്ഞാലിയായിരുന്നു. നിരവധിയാളുകളെ മുട്ടുകുത്തിച്ച് കുഞ്ഞാലിയും മുന്നേറി. എന്നാൽ, ശത്രു സൈന്യത്തിനോട് പോരാടുന്നതിനിടയിൽ കുഞ്ഞാലിക്ക് നേരെ ആരോ നിറയൊഴിച്ചു. ചോര വാർന്ന് അദ്ദേഹവും ശഹീദായി.

അവസാനം കൗമാരക്കാരനായ കുഞ്ഞിപോക്കർ അടർക്കളത്തിലേക്ക് ചാടിയിറങ്ങി ശത്രു സൈന്യത്തോട് ഏറെ നേരം പൊരുതി. ഇടയ്ക്ക് വെച്ച് ശത്രു സൈന്യം ഒളിഞ്ഞിരുന്ന് അമ്പെയ്തു. കുഞ്ഞിപ്പോക്കർ അമ്പു തറച്ച് വീണു. ഇതുകണ്ട് നൃത്തമാടി ആഹ്ലാദിക്കുന്നതിനിടയിൽ കുഞ്ഞിപോക്കർ വാളെടുത്തു വീശുന്നുണ്ടായിരുന്നു. അവസാനം വെള്ളിയാഴ്ച മഗ്രിബിനോടടുത്ത സമയം കുഞ്ഞിപോക്കർ ശഹീദായി. അവശേഷിച്ചവർ പിന്തിരിഞ്ഞോടുകയും ചെയ്തു. 

എല്ലാം കെട്ടടങ്ങിയതോടെ ശനിയാഴ്ച ഈ സംഭവം അടുത്തുള്ള മുസ്‌ലിംകൾ താമസിക്കുന്ന നാടുകളായ കൊണ്ടോട്ടിയിലും അരീക്കോടും തീ പോലെ പടർന്നു. ജനങ്ങൾ ഒഴുകിയെത്തി. ഓരോരുത്തരും മൂന്നു രക്തസാക്ഷികളെയും തങ്ങളുടെ നാട്ടിലേക്ക് കൊണ്ടുപോകാൻ മത്സരിച്ചു. ഒടുവിൽ നറുക്കിടാൻ തീരുമാനമായി. കൊണ്ടോട്ടിക്കാർക്കാണ് നറുക്ക് വീണത്. തുടർന്ന് കൊണ്ടോട്ടി പഴയങ്ങാടി പള്ളിയിൽ മറമാടുകയും ചെയ്തു. 

വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച മറമാടുന്നതുവരെ ചലനമെറ്റു കിടക്കുന്ന ശുഹദാക്കളുടെ ശരീരത്തിൽ ഒരു ഈച്ചയോ ഉറുമ്പോ വന്നിരുന്നില്ല. ഹൈന്ദവർ ഭൂരിപക്ഷമായിരുന്ന ഓമാനൂർ പ്രദേശം പിന്നീട് മുസ്‌ലിംകൾക്ക് സ്വാധീനമുള്ള പ്രദേശമായി മാറുകയും ചെയ്തു. കുഞ്ഞിപോക്കരെ അമ്പെയ്യാൻ കൊണ്ടുവന്ന വിദഗ്ധന്റെ സന്താനപരമ്പരയിൽ വൈകല്യങ്ങൾബാധിച്ച ആൺകുഞ്ഞുങ്ങൾ മാത്രമാണ് പിറന്നതെന്ന് അറിയാൻ സാധിക്കും. നൂറ്റാണ്ടുകൾക്കിപ്പുറവും ജനമനസ്സുകളിൽ  ഓമാനൂർ ശുഹദാക്കൾ ജീവിച്ചിരിക്കുകയാണ്.'രക്തസാക്ഷികൾക്ക് മരണമില്ലെന്ന'വിശുദ്ധ ഖുർആനിലെ വചനത്തിൻ്റെ നേർചിത്രമെന്ന പോലെ. ദീനിനുവേണ്ടി ജീവൻ നൽകിയ ശുഹദാക്കൾ മുസ്‌ലിം സമൂഹത്തിന് എന്നും അഭിമാനമാണ്.

Tags

.

Questions / Comments:



No comments yet.