മനുഷ്യന്റെ അകവും പുറവും ധന്യമാക്കാൻ അവതീർണമായ ഖുർആനിന്റെ മനുഷ്യരൂപമാണ് മുത്ത്നബി എന്നാണ് സ്വന്തം പത്നി ആഇശ ബീവി പ്രവാചകരെപ്രതി പുകളോതുന്നത്. മനുഷ്യനിടപെടുന്ന മേഖലകളിലെല്ലാം ഉത്തമമാതൃകയും സമ്പൂർണ്ണരുമായിരുന്നു തിരുദൂതർﷺ.
അറിയാൻ ശ്രമിച്ചാൽ നിരാശരാവേണ്ടി വരില്ലെന്ന് ഉറപ്പിക്കാൻ മാത്രം സമ്പന്നമായ വ്യക്തിത്വമാണ് തിരുനബി ജീവിതം കൊണ്ട് നെയ്ത് വെച്ചത്. അന്ധകാരം മുഖമുദ്രയായ സാമൂഹിക പരിസരത്ത് അൽഅമീൻ എന്ന് വിളിപ്പേര് ലഭിച്ച വ്യക്തിത്വമാണ് അവിടുന്ന്. പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം വൈജ്ഞാനിക, സാംസ്‌കാരിക, നാഗരിക, സാമൂഹിക രംഗങ്ങളിലഖിലവും പ്രഭ നിറച്ചുകൊണ്ട് അരങ്ങൊഴിഞ്ഞ ഒരു മഹാവ്യക്തിത്വം ഇന്നും സജീവ ചർച്ചയ്ക്ക് പാത്രീഭൂതമാവുന്നത് വ്യക്തിയുടെ മാഹാത്മ്യം കൊണ്ട് തന്നെയാണെന്ന് ആർക്കും ബോധ്യമാവും. ഗ്രീക്ക് ക്ലാസ്സിക്കുകളിലെ ഒരു ചരിത്രപരതയുമില്ലാത്ത വീര പുരുഷന്റെ കഥയല്ല റസൂലിനുള്ളത്. ആധുനിക മനുഷ്യർക്ക് ജീവിതം പഠിപ്പിച്ച, കോമൺ ഇറ-AD 571 ൽ ജനിച്ച് 632 ൽ മണ്മറഞ്ഞ ഒരു ചരിത്ര പുരുഷനെ കുറിച്ചുളള വസ്തുതാപരമായ കാര്യങ്ങളാണ് ആത്മാർത്ഥ അന്വേഷകന് മുന്നിൽ തുറക്കപ്പെടുന്നത്.
തിരുദൂതരുടെ വ്യക്തിത്വം
ലോകത്തിനു മുന്നിൽ സർവ്വ തല സ്പർശിയായ വികസന പാഠങ്ങൾ പകർന്നു നൽകിയ തുറന്ന പുസ്തകമാണ് തിരുജീവിതം. അതിൽ നിന്നും ഏതെങ്കിലും അടരുകൾ സന്ദർഭത്തിൽ നിന്നും അടർത്തി എടുത്തു മാറ്റി സ്വന്തം അജണ്ടകൾ നിർമ്മിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ പ്രവാചകരെ അധിക്ഷേപിക്കാനാകൂ എന്ന് നിഷ്പക്ഷമതികളായ ആർക്കും ബോധ്യം വരും.
സംശുദ്ധമായ കുട്ടിക്കാലം
സാങ്കേതികമായി അനാഥമാണ് റസൂലിന്റെ ബാല്യം. ജനനത്തിന് മുന്നേ ഉപ്പ മരണപ്പെട്ടിരുന്നു. ആറാം വയസ്സിൽ ഉമ്മയും ലോകത്തോട് വിട പറഞ്ഞു. പോറ്റുമ്മയായ ഹലീമ ബീവിയുടെ മടിയിലാണ് ശൈശവ ജീവിതം. ഉമ്മുഅയ്മൻ മറ്റൊരു പോറ്റുമ്മയായിരുന്നു. ബന്ധപ്പെട്ടവരെല്ലാം റസൂലിനെ അതിരറ്റു സ്നേഹിച്ചിരുന്നു. സ്നേഹം കൊടുത്തവർക്ക് മുഴുവൻ പതിന്മടങ്ങ് സ്നേഹം തിരിച്ചു ലഭിച്ചിട്ടുമുണ്ട്.
അനാഥത്വം നബിക്ക് നൽകിയ സമ്പാദ്യം.
യാദൃശ്ചികമായിരുന്നില്ല റസൂലിന്റെ അനാഥജീവിതം. അല്ലാഹുവിൽ നിന്നുള്ള പ്രത്യേക പരിശീലനത്തിന്റെ ഭാഗമായി അന്ത്യ പ്രവാചക പദവിയിലേക്കുള്ള ചിട്ടപ്പെടുത്തൽ അതിലുണ്ട്. ലോകർക്ക് പകർന്നു കൊടുക്കേണ്ട സ്നേഹത്തിന്റെയും കരുണയുടേയും വിത്തായിരുന്നു യഥാർത്ഥത്തിൽ അനാഥത്വം. സ്നേഹത്തിന്റെയും ആർദ്രതയുടേയും മൂല്യം ഇത്രമേൽ പഠിച്ചത് അനാഥതത്വം കൊടുത്ത പ്രത്യേക സാഹചര്യത്തിൽ നിന്നാണ്.
തൊഴിലെടുത്തു തുടങ്ങിയ യൗവനം
അധ്വാന ഫലം കൊണ്ട് തന്നെയാണ് തിരുനബി ജീവിതം കരുപ്പിടിപ്പിച്ചത്.
ആട് മേച്ചാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. പ്രവാചകന്മാരെല്ലാം ആട് മേച്ചിട്ടുണ്ടെന്ന് പഠിപ്പിക്കുകയും ചെയ്തു. ക്ഷമ ശീലിക്കാൻ ഇതിലും നല്ല തൊഴിലുണ്ടാവില്ല. സമൂഹത്തെ നയിക്കാൻ ആവശ്യമായ നിരവധി ഗുണഗണങ്ങൾ ഇത് വഴി പരിശീലിക്കാമെന്നത് കൊണ്ടായിരിക്കും അവർക്കൊക്കെയും ആട് മേക്കേണ്ടി വന്നത്.
കച്ചവടം നടത്തിയ റസൂൽ
തിരുദൂദരുടെ യുവത്വ കാലം അധ്വാനത്തിലായിരുന്നു. ആട് മേച്ചും കച്ചവടം നടത്തിയും യുവത്വ കാലത്തെ തിരുനബി സജീവമാക്കി. പന്ത്രണ്ടാം വയസ്സിലാണ് കച്ചവടത്തിൽ ഭാഗവാക്കായത്. ജനസമ്പർക്കത്തിൻറെ രീതി ശാസ്ത്രം പഠിക്കാൻ കച്ചവടത്തോളം വലിയ അവസരമില്ല. പിതൃ സഹോദരൻ ആബൂത്വാലിബുമൊത്തായിരുന്നു ആദ്യ ഘട്ടങ്ങളിൽ ശാമിലേക്ക് കച്ചവടത്തിന് പോയത്. ആ പ്രദേശത്തുകാരിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. സ്വന്തം മക്കളെക്കാൾ ബൈബിളിലെ വാഗ്ദത്ത പ്രവാചകൻറെ അടയാളങ്ങൾ അറിഞ്ഞവരായിരുന്നു അവർ. ശാമിലേക്കുള്ള യാത്രക്കിടയിൽ കണ്ടുമുട്ടിയ ബഹീറ എന്ന ക്രിസ്ത്യൻ പുരോഹിതൻ ജൂത കുതന്ത്രത്തിൽ നിന്നുള്ള സുരക്ഷിതത്വത്തിനായി മക്കയിലേക്ക് തിരിച്ചെത്തിക്കാൻ സൂചന നൽകിയതിന്റെ അടിസ്ഥാനത്തിൽ അബൂത്വാലിബ് ഏറെ വൈകാതെ പ്രവാചകരെ മക്കയിലേക്ക് തിരിച്ചെത്തിച്ചു. ഇരുപതാം വയസ്സിൽ മക്കയിലെ അതി സമ്പന്നയായ ഖദീജ ബീവിയുടെ കച്ചവടം ഏറ്റെടുക്കാൻ മാത്രം കഴിവിലും മികവിലും വിശ്വസ്തതയിലും പ്രവാചകർ പ്രസിദ്ധി ആർജ്ജിച്ചിരുന്നു. ഖദീജ ബീവി തന്റെ ഭൃത്യൻ മൈസറത്തിനോടൊപ്പം പ്രവാചകരെ വീണ്ടും ശാമിലേക്ക് കച്ചവടത്തിനയച്ചു.
ഭർത്താവാകുന്ന മുത്ത്നബി
തിരുനബിക്ക് ഇരുപത്തി അഞ്ച് വയസ്സായപ്പോൾ അന്നാട്ടിലെ ഏറ്റവും കുലീനയായ ഖദീജ ബീവി റസൂലിനോടൊത്തുള്ള ദാമ്പത്യം ആഗ്രഹിക്കുന്നെണ്ടെന്നു തോഴിമാർ മുഖേന അറിയിച്ചു. വയസ്സിലെ വ്യത്യാസമൊന്നും തടസ്സമായി ഉന്നയിക്കാതെ അവിടുന്ന് അത് സ്വീകരിച്ചു. റസൂലിന് ഏറ്റവും ഇഷ്ടപ്പെട്ട ഭാര്യയായിരുന്നു ഖദീജ ബീവി. ഇബ്രാഹീം ഒഴികെ എല്ലാ സന്താനങ്ങളും ഖദീജയിലാണ് ഉണ്ടായത്.
ദൗത്യബാഹുല്യം മാതൃകായോഗ്യനായ ഒരു ഭർത്താവാകുന്നതിൽ നിന്നും തിരുദൂദരെ തടഞ്ഞില്ല. ദാമ്പത്യ ജീവിതത്തിന്റെ അടരുകളിലൂടെ സഞ്ചരിച്ചാൽ ഭാര്യമാർ ആഗ്രഹിക്കുന്ന എല്ലാ കാല്പനിക ഭാവങ്ങളിലൂടെയും ആറ്റൽനബി അവരെ കൊണ്ട് പോയത് നമുക്ക് ബോധ്യപ്പെടും. അവർക്കു വേണ്ട സ്നേഹവും കരുതലും ആവോളം നല്കിയിട്ടുണ്ടായിരുന്നു ആ ജീവിതത്തിൽ. ആർത്തവ കാലത്ത് പോലും ഖദീജ ബീവിയുമായി അടുത്തിടപഴകി. ആ സമയം വെള്ളം കുടിക്കുമ്പോൾ ബീവി വായ വെച്ചിടം തന്നെ നബി തങ്ങളും വായ വെച്ചിരുന്നു. ബീവിയുടെ വിയർപ്പ് തുടയ്ക്കാൻ മടി കാണിച്ചില്ല. എല്ലിൽ നിന്നും മാംസം കടിക്കുമ്പോൾ ബീവി കഴിച്ച അതേഭാഗത്ത് നിന്ന് തന്നെ പ്രവാചകനും കടിച്ചിരുന്നു.
അനസ് (റ) ഉദ്ധരിക്കുന്നുണ്ട് : ഒരിക്കൽ മദീനയിൽ ഒരു ഒട്ടകത്തിന്റ ചാരെ മുത്ത്നബി ഇരിക്കുന്നു. തന്റെ ഭാര്യ സ്വഫിയ്യ എന്നവരെ ഒട്ടകപ്പുറത്തേക്ക് കയറ്റാൻ വേണ്ടി തൻറെ മുട്ടുകാൽ പാകപ്പെടുത്തി കൊടുക്കാനാണ് അങ്ങനെ ഇരുന്നത്. മുട്ടിൽ ചവിട്ടി ഒട്ടകത്തിലേക് കയറുന്ന സ്വഫിയ്യ ബീവിയുമായി സ്നേഹം പങ്കുവെക്കുന്ന നേതാവിനെ അനുചരർ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം തല്കാലത്തേക്കെങ്കിലും പുണ്യറസൂൽ വിസ്മരിക്കുന്നുണ്ട്. ഇത്തരം കാല്പനിക സന്ദർഭങ്ങൾ തിരുനബിയുടെ ദാമ്പത്യജീവിതത്തിലുടനീളം നമുക്ക് കാണാൻ കഴിയും.
സത്യസന്ധതയുടെ നേർസാക്ഷ്യം
ഹിർഖൽ ചക്രവർത്തി റസൂലിനെ കുറിച്ച് ചോദിച്ചറിഞ്ഞത് ശത്രു പക്ഷത്തുള്ള ചിലരോടായിരുന്നു. അവിടുത്തെ സത്യസന്ധതയെ കുറിച്ച് ചോദിച്ചപ്പോൾ , അൽ അമീൻ എന്ന അപര നാമം ചെറുപ്പത്തിലേ സമ്പാദിച്ച പ്രവാചകരെ ഇകഴ്ത്താൻ തന്നെയെങ്കിലും മുഹമ്മദ് ഒരു നുണയാനാണ് എന്നവർക്ക് പറയാൻ സാധിച്ചില്ല. അത്രയധികം സത്യസന്ധത പുലർത്തിപ്പോന്ന ജീവിതമായിരുന്നു പ്രവാചകന്റേത്.
തിരുനബിയിലെ ദാർശനികൻ
പ്രബുദ്ധതയുടെ പ്രകാശനമായിരുന്നു മുഹമ്മദ് നബിയുടെ ജീവിത ദർശനങ്ങൾ. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലേക്കും പ്രകാശം പരത്തുന്ന ജീവിതമായിരുന്നു അവിടുന്ന് ജീവിച്ചു കാണിച്ചത്.
നബിയുടെ ജീവിത ദർശനങ്ങൾ സർവ്വകാല പ്രസക്തമാണ്.കോവിഡ് മഹാമാരിയുടെ കാലത്ത് ക്വാറന്റൈൻ നടപ്പിലാക്കിയപ്പോൾ ഇത് പ്രവാചക ദർശനങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുന്നേ ഇടപിടിച്ച സിദ്ധാന്തമായിരുന്നുവെന്ന് ലോകം തിരിച്ചറിഞ്ഞു. ദിശ തെറ്റുന്ന നവലോകത്തിന് സർവ്വവിധ പരിഹാരങ്ങളും പ്രവാചക ദർശനങ്ങൾ മുന്നോട്ടുവെക്കുന്നു.
സാമൂഹ്യ പരിഷ്ക്കർത്താവ്
ചരിത്രം കണ്ട ഏറ്റവും വലിയ പരിഷ്കർത്താവും രാഷ്ട്ര നിമ്മാതാവും തിരുനബി തന്നെയാണ്. വൈവിധ്യമാർന്ന ചിന്താപദ്ധതികൾ അടിസ്ഥാനപ്പെടുത്തി ജീവിക്കുന്ന, കുടിപ്പകകൾ തീർക്കാൻ പരസ്പരം കലഹിച്ചും നൂറ്റാണ്ടുകളോളം യുദ്ധം ചെയ്തും ജീവിതം തള്ളിനീക്കിയ നിരവധി ഗോത്രവർഗ്ഗങ്ങളെ ഒരു ചരടിൽ കോർത്ത മുത്തു മണികളെ പോലെ ഏകോപിപ്പിച്ചു നിർത്തുകയും അവർക്ക് വികാസനോന്മുഖമായ ഭരഘടനയുള്ള ഒരു രാഷ്ട്രവും പണിത് കൊടുക്കുകയും ചെയ്താണ് പ്രവാചകർ ഈ ലോകത്തോട് വിട പറഞ്ഞത്. ലോകത്തെ ഏറ്റവും വലിയ ദാർശനികരും ചക്രവർത്തിമാരും അവരിൽ നിന്നാണ് ഉയിർകൊണ്ടത്.
സ്ത്രീ വിമോചകൻ
ആധുനിക കാലഘട്ടത്തിൽ സ്ത്രീ വിമോചനത്തിന് അസ്ഥിവാരമിട്ടത് തിരുനബിയാണെന്നതിൽ സംശയിക്കേണ്ടതില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംവരെ യൂറോപ്പിൽ സ്ത്രീകളുടെ സ്ഥാനം രേഖീയമാണ്. എന്നാൽ "ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതിൽ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു" എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്.
കായിക ക്ഷമത ആപേക്ഷികമായി കുറഞ്ഞെ സ്ത്രീ സമൂഹത്തെ പുരുഷനോളം ഉയർത്തുന്ന പ്രായോഗിക നിലപാടുകളിലൂടെയാണ് പ്രവാചകർ സ്ത്രീ വിമോചനം സാധ്യമാക്കിയത്. സ്ത്രീയെയും പുരുഷനെയും ഇരു ധ്രുവങ്ങളിലേക്ക് അകറ്റുന്ന പദ്ധതികളല്ല, സ്ത്രീ പുരുഷ പാരസ്പര്യമാണ് പ്രവാചകാധ്യാപനങ്ങൾ ഉത്‌ഘോഷിച്ചത്. സ്ത്രീക്കും പുരുഷനും ഏറ്റവും നന്നായി ചെയ്യാവുന്ന കാര്യങ്ങളിൽ അവരുടെ ബാധ്യതകൾ നിർണ്ണയിക്കുന്ന സമീപനമാണ് ഒരു സമൂഹമെന്ന നിലയിൽ ഏറ്റവും പുരോഗമനപരമെന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള വിമോചന മാതൃകകളാണ് തിരുനബി പഠിപ്പിച്ചത്. താനാരെയാണ് ഏറ്റവും കൂടുതെൽ സ്‌നേഹിക്കേണ്ടതെന്ന ചോദ്യത്തോട് റസൂലിന്റെ പ്രതികരണം നിന്റെ ഉമ്മയെ എന്നായിരുന്നു. ആവർത്തിച്ചുള്ള ഇതേ ചോദ്യത്തിന് രണ്ടാം തവണയും മൂന്നാം തവണയും ഉമ്മയെന്ന ഉത്തരമാണ് കൊടുത്തത്. ഉമ്മയുടെ കാലിൻ ചുവട്ടിലാണ് നിൻറെ സ്വർഗ്ഗമെന്നരുളിയ തിരുനബി സ്ത്രീയുടെ മഹത്വം വാനോളം ഉയർത്തിയിട്ടുണ്ട്. പുരുഷൻമാർ സുരക്ഷ ഒരുക്കാനും സ്ത്രീകൾ പുരുഷനിൽ നിന്നും ലഭിക്കുന്ന സംരക്ഷണ ബോധം ആസ്വദിക്കാനും പറ്റിയ പ്രകൃതിയിലാണ് സൃഷ്ടിക്കപ്പെട്ടത്. അതടിസ്ഥാനപ്പെടുത്തിയ നിയമ നിർമ്മാണമാണ് തിരുനബി അധ്യാപനങ്ങളിലുള്ളത്.
അഗതി, അനാഥകൾക്കാശ്രയം
ഞാനും അനാഥയെ സംരക്ഷിക്കുന്നവനും ഇങ്ങനെയാണെന്നരുളി രണ്ടു വിരലുകൾ ചേർത്തി നിർത്തിപ്പിടിച്ചു തിരുനബി. അഥവാ അനാഥ സംരക്ഷകന്റെ സ്ഥാനം പ്രവാചകനൊപ്പമെന്ന് പഠിപ്പിക്കുകയിരുന്നു.
പ്രവാചകർ മിച്ചമുള്ളതൊന്നും എടുത്ത് വെച്ചിരുന്നില്ല. എല്ലാം പാവങ്ങൾക്ക് കൊടുക്കുന്നതായിരുന്നു പതിവ്. ധനാഢ്യരായ അനുചര വൃന്ദത്തോട് പാവപ്പെട്ടവനെ സംരക്ഷിക്കുന്നതിനെ പറ്റിയും അവർക്ക് ദാനം കൊടുക്കുന്നതിനെയും സംബന്ധിച്ച് നിരന്തരം ഓർമ്മപ്പെടുത്തി.
മനുഷ്യാവകാശസംരക്ഷകൻ
മനുഷ്യൻറെ ജീവനും അഭിമാനവും ഏറ്റവും വിലമതിപ്പുള്ളതാണെന്നും അക്രമത്തിൽ നിന്നും ചൂഷണത്തിൽ നിന്നും സമ്പൂർണ്ണ മോചനം സർവ മനുഷ്യരുടെയും അവകാശമാണെന്നും തിരു നബി പഠിപ്പിച്ചു.
"മനുഷ്യരേ, നിങ്ങളുടെ ഈ നാടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങൾ ആദരവ് കൽപ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടുന്നതു വരെ അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങൾക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു."
" അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ"
മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാർക്കുള്ള പോലെ തന്നെ, നിങ്ങൾക്ക് അവരോടും ചില ബാദ്ധ്യതകൾ ഉണ്ട്. നിങ്ങൾ സ്ത്രീകളോട് നല്ല നിലയിൽ പെരുമാറുക. അല്ലാഹു നിങ്ങളോട് സൂക്ഷിക്കാനേൽപ്പിച്ച ആസ്തിയാണ് (അമാനത്ത്) നിങ്ങളുടെ പത്നിമാർ. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങൾ ഭക്ഷിക്കുന്നത് തന്നെ അവർക്കും ഭക്ഷിക്കാൻ കൊടുക്കുക. ഇത്തരത്തിൽ
തിരുനബിയുടെ വിട വാങ്ങൽ പ്രഭാഷണം മനുഷ്യാവകാശ സംരക്ഷണ രംഗത്ത് തുല്യതയില്ലാത്ത പ്രഖ്യാപനങ്ങൾ നിറഞ്ഞതായിരുന്നു.
അടിമവിമോചകൻ
അടിമത്തം സ്ഥാപിതമാവുന്ന സമ്പ്രദായിക രീതികളിൽ ഭൂരിഭാഗവും മുത്ത്റസൂൽ നിയമം മൂലം നിർമ്മാർജ്ജനം ചെയ്തു. ദാരിദ്ര്യത്തെപ്പോലെ സാഹചര്യങ്ങളുടെ സമ്മർദ്ധം കൊണ്ട് രൂപപ്പെടുന്ന യുദ്ധത്തടവുകാരെ മിൽകുൽ യമീൻ എന്ന നിലയിൽ അടിമത്തം അനിവാര്യമായപ്പോൾ അടിമ ഉടമ ബന്ധത്തെ ഉദാത്ത രീതിയിൽ സമുദ്ധരിച്ചു. താൻ ധരിക്കുന്ന വസ്ത്രവും, സമാനഭക്ഷണവും തന്നെ അടിമക്കും കൊടുക്കാൻ നിർദ്ദേശിച്ചു. ഭാരമുള്ള ഒരു ജോലി അവനോട് എടുക്കാൻ പറയുകയാണെങ്കിൽ നിങ്ങളും ആ ജോലിയിൽ അവനോട് പങ്കുചേരണമെന്ന് പഠിപ്പിച്ചു. അടിമ മോചനത്തിന് വലിയ പ്രാധാന്യം കൽപ്പിച്ചു. തെറ്റുകൾ ചെയ്യുമ്പോൾ പ്രായശ്ചിത്തമായി , അടിമമോചനത്തെ നിശ്ചയിച്ചു.
അഭയാർത്ഥികൾക്കായുള്ള ആഹ്വാനങ്ങൾ
അവിശ്വാസികൾ ശത്രുതാപരമായി പെരുമാറിയ കാലത്ത് പോലും അവർ ആവശ്യപ്പെടുന്ന മുറക്ക് അവർക്ക് അഭയം കൊടുക്കണമെന്നും അവരെ തിരിച്ച് സുരക്ഷിതമായ സ്ഥലത്തെത്തിക്കണമെന്നും ഖുർആനുദ്ധരിച്ചു കൊണ്ട് തിരുനബി അനുചരന്മാരെ പഠിപ്പിച്ചു. ഭയം, ദുർബലത, സ്ഥലമാറ്റം തുടങ്ങിയ വിഷയങ്ങൾ വരുമ്പോൾ ജാതി, മത വർഗ്ഗമനന്യേ എല്ലാവരെയും ചേർത്തു പിടിക്കാൻ പഠിപ്പിച്ച തിരുപാഠങ്ങൾക്ക് ഖുർആൻ സാക്ഷിയാണ്.
റസൂലിന്റെ അനുപമജീവിതത്തിന് എണ്ണിയാലൊടുങ്ങാത്ത അടരുകൾ വേറെയും പറയാനാവും. എല്ലാം മനുഷ്യർക്ക് ഉത്തമ മാതൃകയും മാർഗ്ഗ ദർശനവും നൽകുന്ന പ്രകാശ ഗോപുരങ്ങളാണ്. തിരുനബിയിൽ , കൊച്ചുമക്കളെ ലാളിച്ചു വളർത്തുന്ന ഒരു പിതാമഹാനെക്കാണാൻ, നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ തോളിൽ കയറികളിക്കുന്ന ഹസൻ ഹുസൈൻ സഹോദരന്മാരെ വീഴാതെ ശ്രദ്ധിക്കുന്ന പ്രവാചകനെ വായിച്ചാൽ മതി. അവർ ഇടയ്ക്ക് ഒട്ടകമാക്കി കളിക്കുന്നത് റസൂലിനെയാണ്. ഖുതുബ നിർവഹിക്കുമ്പോൾ പോലും കൊച്ചു മക്കളുടെ കാര്യം ശ്രദ്ധിക്കാൻ മിമ്പറിൽ നിന്നിറങ്ങി വന്ന പ്രവാചകനെ കാണാം.
ഹിറാ ഗുഹയിൽ ധ്യാനനിമഗ്‌നനായ തിരുനബിക്ക് ആദ്യ വഹ് യ് വന്നപ്പോഴുണ്ടായ പരിഭ്രമം മാറ്റാൻ, തന്റെ ഭാര്യയിൽ എന്ത് മാത്രം ആത്മ വിശ്വാസത്തോടെയാണ് അഭയം പ്രാപിക്കുന്നത്. ഖദീജ ബീവിയുടെ ആശ്വാസ വാക്കുകൾ ആ ദാമ്പത്യ ജീവിതം എന്തുമാത്രം മാധുര്യത്തോടെയാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
"പടച്ചോൻ അങ്ങയെ ഒരിക്കലും നൊമ്പരപ്പെടുത്തില്ല; അല്ലാഹുവാണേ സത്യം, അങ്ങ് കുടുംബ ബന്ധം ചേർക്കുന്നു, സത്യം സംസാരിക്കുന്നു, പ്രയാസങ്ങൾ ഏറ്റെടുക്കുന്നു, ഇല്ലാത്തവർക്ക് വേണ്ടി കഷ്ടപ്പെടുന്നു, അതിഥികളെ സൽകരിക്കുന്നു, സത്യകാര്യങ്ങൾക്ക് സഹായമേകുന്നു " എന്നായിരുന്നു ഖദീജ ബീവിയുടെ വാക്കുകൾ .
കുടുംബ ജീവിതത്തിൽ ഏറ്റവും മാന്യത പുലർത്തിയ നബിയെക്കുറിച്ച് പറയാൻ ഓരോ ഭാര്യമാർക്കും നൂറു നാക്കായിരിക്കും. ഇസ്ലാമിന് വേണ്ടി, ചിലർക്ക് യോഗ്യമായ സംരക്ഷണം കൊടുക്കാൻ, ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ പൂവണിയാൻ, സ്ത്രീകളെ ബാധിക്കുന്ന ഇസ്ലാമിക നിയമങ്ങൾ തലമുറകൾക്ക് പകർന്നു കൊടുക്കാൻ ഇങ്ങിനെ നിരവധിയാർന്ന ഉന്നത ലക്ഷ്യങ്ങൾക്ക് വേണ്ടി അല്ലാഹു അനുവദിച്ചതായിരുന്നു പ്രവാചകരുടെ ബഹുഭാര്യത്വം.
രാഷ്ട്രീയത്തിൽ തിരുനബി യുദ്ധമുഖത്ത് അടരാടുന്ന പടയാളിയായും സൈന്യത്തെ വിജയത്തിലെത്തിക്കുന്ന സർവ്വ സൈന്യാധിപനായും പ്രവർത്തിച്ചിട്ടുണ്ട്. മറ്റൊരു രാഷ്ട്ര സംവിധാനത്തോട് ഉഭയകഷി ബന്ധങ്ങൾ സ്ഥാപിക്കേണ്ടി വരുമ്പോൾ ഏറ്റവും നല്ല നയനന്ത്രജ്ഞനായിരുന്നു. തർക്കവിതർക്കങ്ങൾ അവസാനിപ്പിക്കാൻ ഏറ്റവും നല്ല ന്യായാധിപനായി, പ്രജകളുടെ ക്ഷേമം തൊട്ടറിഞ്ഞ ഏറ്റവും നല്ല ഭരണാധികാരിയായി, നിയമ നിർമ്മാണ രംഗത്ത് ഏറ്റവും നല്ല നിയമജ്ഞനായി മാറുകയായിരുന്നു അന്ത്യദൂദർ.
അംഗീകാരം
ലോക രക്ഷിതാവായ അല്ലാഹുവിൻറെ വാക്കുകൾ പ്രവാചകർക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്. "തീർച്ചയായും നിങ്ങൾ മഹത്തായ സൽസ്വഭാവത്തിനു മേൽ അധിപത്യമുറപ്പിച്ചിരിക്കുന്നു" എന്നും
മറ്റൊരിടത്ത്, "നിങ്ങൾക്ക് പ്രവാചകരിൽ ഉത്തം മാതൃകയുണ്ടെന്നും" അല്ലാഹു ഖുർആനിൽ മനുഷ്യരോടായി പറഞ്ഞു.
മനുഷ്യന്റെ അകവും പുറവും ധന്യമാക്കാൻ അവതീർണമായ ഖുർആനിന്റെ മനുഷ്യരൂപമാണ് മുത്ത്നബി എന്നാണ് സ്വന്തം പത്നി ആഇശ ബീവി പ്രവാചകരെപ്രതി വിലയിരുത്തിയത്.
മോണ്ട്‌ഗോമറി വാട്ടും തോമസ് കാർലെയിലുമൊക്കെ വസ്തുനിഷ്ഠമായി പ്രവാചക ചരിത്രത്തെ അപഗ്രഥിച്ചിട്ടുള്ള പടിഞ്ഞാറിന്റെ ചിന്തകരാണ്. റസൂലിനെകുറിച്ച് അവർ എഴുതി വെച്ചത് അത്യത്ഭുതത്തോടെയല്ലാതെ ആർക്കും വായിച്ചവസാനിപ്പിക്കാനാകില്ല.
മനുഷ്യന്റെ അകവും പുറവും ഒരേ പോലെ ശുദ്ധീകരിക്കുകയും മാറ്റിമറിക്കുകയും ചെയ്ത ഒരു ദർശനം പ്രവാചകനല്ലാതെയില്ല. പൂർണ്ണ മനുഷ്യനെന്ന് ചൂണ്ടാൻ ചരിത്രത്തിലും വർത്തമാനത്തിലും ഒരേ ഒരാൾ മാത്രമേള്ളൂ. അതാണ് തിരുദൂദർ (സ്വ).