ഇസ്ലാമിക ലോകത്ത് സർവതല സ്പർശിയായ മുന്നേറ്റങ്ങൾക്ക് നിദാനമായി വർത്തിച്ച ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവുമായിരുന്നു ബൈത്തുൽ ഹിക്മ. ഇസ്ലാമിക ഖിലാഫത്തിൻ്റെ സുവർണ കാലഘട്ടത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഇത് ‘ഹൗസ് ഓഫ് വിസ്ഡം’ ആയാണ് യൂറോപ്യർക്കിടയിൽ അറിയപ്പെടുന്നത്. ഗ്രന്ഥ രചനക്കും മറ്റും ഈ കേന്ദ്രത്തെയായിരുന്നു അക്കാലത്ത് പലരും വിജ്ഞാന സ്രോതസ്സായി തിരഞ്ഞെടുത്തിരുന്നത്. ഖലീഫ അബു ജഅ്ഫർ അൽ മൻസൂറിന്റെ ഭരണകാലത്ത് കവിതാ സമാഹാരങ്ങളുടെ കേന്ദ്രമായും എട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഖലീഫ ഹാറൂൺ റഷീദിന്റെ കാലത്ത് ഗ്രന്ഥശാലയായും പിന്നീട് മഅമൂനിൻ്റെ ഭരണകാലത്ത് പബ്ലിക് ലൈബ്രറിയായും ബൈത്തുൽ ഹിക്മ പ്രചാരം നേടി.

അക്കാലത്തെ അതുല്യമായ വിജ്ഞാനകോശങ്ങളുടെ സമാഹരണ കേന്ദ്രമായി ഇത് മാറി. പിന്നീട് ബാഗ്ദാദിൽ നടന്ന മംഗോളിയൻ ഉപരോധ ഘട്ടത്തിൽ ഇതിൽ പലതും നശിക്കുകയും ലൈബ്രറിയുടെ ഉള്ളടക്കം പോലും മാറ്റി എഴുതപ്പെടുകയും ചെയ്തത് കൊണ്ട്തന്നെ ലൈബ്രറിയെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ വിരളമാണ്. അതുതന്നെ സമകാലീനരായ പണ്ഡിതരുടെ സൃഷ്ടികളിൽ നിന്നും ലഭ്യമായതാണ്.

വിജ്ഞാന ഗ്രന്ഥങ്ങളുടെ ഗ്രീക്ക് ,സിറിയൻ, പേർഷ്യൻ ഭാഷകളിൽ നിന്നുള്ള വിവർത്തന ഘട്ടത്തിൽ വിവർത്തന പ്രസ്ഥാനത്തിൻറെ പ്രധാന കേന്ദ്രമായും ബൈത്തുൽ ഹിക്മ നിലകൊണ്ടിട്ടുണ്ട്. തത്തുല്യമായ മറ്റൊരു പരിഭാഷാ കേന്ദ്രം അന്ന് ലോകത്തെവിടെയും ഇല്ലായിരുന്നു . കൈറോയിലും ഡമസ്കസിലും ഇത്തരം ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ആ വിവർത്തന പ്രസ്ഥാനത്തിൽ അത്യുന്നതമായ കാർമികത്വത്തിനായത് ബാഗ്ദാദിന് മാത്രമാണ്. അങ്ങനെ, പണ്ഡിതർ ഗ്രീക്ക് പേർഷ്യൻ ഭാഷകളിലെ വിജ്ഞാനങ്ങളെ അറബിയിലേക്ക് മൊഴിമാറ്റം നടത്തി.തർജ്ജമ രംഗത്ത് പറയപ്പെടേണ്ട സംഭാവന നൽകിയവരായിരുന്നു ബർമകി കുടുംബം.

ഒമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ലൈബ്രറിയായാണ് ബൈത്തുൽ ഹിക്മ വിശേഷിപ്പിക്കപ്പെട്ടത്. മഅമൂനിൻ്റെ ഭരണകാല ബൈത്തുൽ ഹിക്മയുടെ സുവർണ്ണ കാലഘട്ടമായിരുന്നു. അന്ന് അവിടെ ജോലി ചെയ്യുക ചെയ്യുക എന്നത് മഹാഭാഗ്യമായാണ് ജനങ്ങൾ വിശ്വസിച്ചു പോന്നിരുന്നത്. കൂടാതെ അവിടുത്തെ ജോലിക്കാർക്ക് മഅമൂൻ വേതനം വർധിപ്പിച്ചു നൽകുകയും സ്കോളർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്തു.

അക്കാലത്ത് ‘ നുസ്ഹത്തുൽ മുഷ്താഖ് ഫീ ഇഖ്തിറാഖിൽ ആഫാഖ്’ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് കൂടിയായ അൽ ഇദ്രീസി പതിനഞ്ചഅടി വലിപ്പത്തിൽ ഡിസ്ക് ആകൃതിയിൽ ബൈതുൽഹിക്മയിൽ ഒരു ലോകഭൂപടം തീർക്കുന്നുണ്ട്. ഇതിൽ അക്ഷാംശ രേഖകളും രേഖാംശ രേഖകളും രേഖപ്പെടുത്തുകയും ചെയ്തു. സിസിലിയിലെ രാജാവായ റോജർ രണ്ടാമൻ്റെ രാജസദസ്സിൽ പ്രമുഖ പണ്ഡിതനായി നാല്പതു വർഷക്കാലം ചെലവഴിച്ച അദ്ദേഹം ഇംഗ്ലണ്ട് ,ചൈന, ഐസ്ലാൻഡ് ,മലായി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചാണ് ഇത് തയ്യാറാക്കിയത്. നൂറ്റി അമ്പത് വർഷക്കാലം ചലനാത്മകമായ വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് ബൈത്തുൽ ഹിക്മ സാക്ഷ്യംവഹിച്ചു. ഇക്കാലത്ത് നിരവധി പ്രമുഖരുടെ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യപ്പെടുകയുണ്ടായി . 116 ലധികം ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്ത് ബൈത്തുൽ ഹിക്മക്ക് വിലപ്പെട്ട സംഭാവനകൾ ഏകിയ വ്യക്തിത്വമാണ് സിസിലിയൻ ക്രിസ്ത്യാനിയായ ഹുസൈൻ ഇബ്നു ഇസ്ഹാഖ്. അരിസ്റ്റോട്ടിലിൻ്റെ ‘ടോപിക്സ്’ ആണ് തർജ്ജമ ചെയ്യപ്പെട്ടവയിൽ പ്രധാനപ്പെട്ട ഒന്ന്.കൂടാതെ പൈതഗോറസ്, പ്ലേറ്റോ, യൂക്ലിഡ്,ഹിപ്പോക്രാറ്റസ്, പ്രോട്ടിറസ്,ആര്യഭട്ട , ബ്രഹ്മഗുപ്ത, സുഗുത, ചവറ, സാബിത്ത് ബിന് ഖൈസ്, ആർക്കിമിദീസ്, ടോളമീ എന്നിവരുടെ ഗ്രന്തങ്ങളും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഗ്രന്ഥ വിവർത്തനങ്ങൾക്കപ്പുറം അനവധി ഗവേഷണങ്ങൾക്കും ബൈത്തുൽ ഹിക്മ സാക്ഷ്യം വഹിച്ചിട്ടുണ്ട്.അൽഗോരിതമടക്കമുള്ള ഗണിതശാസ്ത്ര സംജ്ഞകളുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന അൽ ഖവാരിസ്മി യുടെ കിതാബുൽ ജബർ വെളിച്ചം കാണുന്നത് ഇവിടെവച്ചാണ്. കൂടാതെ, ആദ്യമായി ലോക ഭൂപടം വരച്ച പ്രമുഖ പണ്ഡിതൻ നസ്രുദീൻ തൂസി, രാഷ്ട്രമീമാംസയിലെ പ്രസിദ്ധ ഗ്രന്ഥം ‘അൽ അഹ്‌കാമുൽ സുൽത്താന’യുടെ ഗ്രന്ഥകർത്താവ് അൽമാവർദി, വൈദ്യശാസ്ത്രത്തിലെ അതുല്യ ഗ്രന്ഥം അൽ ഹാവി യുടെ രചയിതാവ് അൽ-റാസി തുടങ്ങിയവർ അക്കാലത്ത് ബൈത്തുൽ ഹിക്മയിൽ സേവനമനുഷ്ഠിച്ചവരാണ്.

വാന നിരീക്ഷണങ്ങൾക്കും ഗോളശാസ്ത്ര പഠനങ്ങൾക്കുമായി ബൈത്തുൽ ഹിക്മയിൽ ഒരു വാനനിരീക്ഷണ കേന്ദ്രവും ഉണ്ടായിരുന്നു. മഅമൂനിൻ്റെ കാലഘട്ടത്തിനു ശേഷം അധികാരത്തിലേറിയ മുഅത്തസിം , വാസിത് തുടങ്ങിയവരുടെ കാലത്തും ബൈത്തുൽ ഹിക്മ അതിൻ്റെ പുരോഗതി നിലനിർത്തിപ്പോന്നു. എന്നാൽ മുതവക്കിലിൻ്റെ കാലം ആയതോടെ സ്ഥിതി മന്ദഗതിയിലായി.

1238 ഫെബ്രുവരിയിൽ മംഗോളിയർ അഴിച്ചുവിട്ട ആക്രമണങ്ങളിൽ ബൈത്തുൽ ഹിക്മ തകർന്നടിഞ്ഞു. ഗ്രന്ഥങ്ങൾ പുഴയിലേക്ക് എറിയപ്പെട്ടു. നാൽപതോളം പുസ്തകങ്ങൾ മാത്രമാണ് ആക്രമണങ്ങളിൽ നിന്ന് ബാക്കിയായത്. വിജ്ഞാന ഭന്ധാരങ്ങളായ എണ്ണമറ്റ ഗ്രന്ഥങ്ങളിലെ മഷി കലർന്ന് പുഴ കറുത്തു പോയെന്നാണ് ചരിത്രം.

Questions / Comments:



No comments yet.