സഹനത്തിന്റെയും സമർപ്പണബോധത്തിന്റെയും വലിയ പാഠങ്ങളാണ് ബദ്ർ നൽകുന്നത്. ഭൗതികസംവിധാനങ്ങൾക്കും കരുത്തിനുമപ്പുറം കറകളഞ്ഞ വിശ്വാസത്തിന്റെ വിജയമായിരുന്നു ബദ്ർ.


ലോകത്ത് മുസ്ലിം അതിജീവനത്തിന് കരുത്തുറ്റ സംഭാവനകൾ നൽകിയ പ്രതിരോധ സമരമായിരുന്നു ബദർ. യോദ്ധാക്കളുടെ എണ്ണം കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ച യുദ്ധമെന്ന ഖ്യാതികൂടി ബദറിനുണ്ട്. സൃഷ്ടാവിന്റെ അപാരമായ സഹായം കൊണ്ട് സത്യവിശ്വാസികൾ വിജയത്തിന്റെ വെന്നിക്കൊടി വാനിലുയർത്തിയ പ്രഥമ സമരമെന്ന പേരിലും മറ്റു യുദ്ധങ്ങളിൽ നിന്നെല്ലാം ബദർ വ്യത്യസ്തമാകുന്നു

ബദർ ചരിതം ചുരുക്കത്തിൽ

    ശത്രുസമൂഹത്തിന്റെ കൊടിയ പീഡനം സഹിക്കവയ്യാതെയായിരുന്നു നബിയും സ്വഹാബത്തും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത്. ഉപരോധവും ആക്രമണങ്ങളും അതിക്രമങ്ങളുമൊക്കെയായി മക്കയിലെ മുസ്ലിം വിശ്വാസികൾ പൊറുതിമുട്ടിയിരിക്കുകയായിരുന്നു. ഒറ്റയ്ക്ക് ശത്രുക്കളുടെ മുന്നിൽ പെട്ടാൽ ജീവൻ അപകടത്തിലാകുന്ന കാലമായിരുന്നു അത്. അനുദിനം സമ്പത്തും പരിവാരങ്ങളും നഷ്ടപെട്ടുകൊണ്ടിരുന്നു. തദവസരത്തിലാണ്, സമാശ്വാസമായി മദീനയിലേക്ക് പലായനത്തിനുളള അനുവാദം നബിക്കും സ്വഹാബികൾക്കും ലഭിക്കുന്നത്. ഓർക്കണം ഇത്രയധികം ആക്രമണങ്ങൾ നേരിട്ടിട്ടും തിരിച്ചൊരു പ്രത്യാക്രമണത്തിന് മുതിർന്നിരുന്നില്ലെന്നത്. ഒറ്റപ്പെട്ട കൊച്ചു കൊച്ചു ആയുധനീക്കങ്ങളിലൂടെ മുസ്ലിങ്ങൾക്ക് ശക്തമായി തിരിച്ചടിക്കാമായിരുന്നു. ശത്രു പരിവാരത്തിന് ശക്തമായ നാശം വിതക്കാമായിരുന്നു. എങ്കിലും പലായനത്തിനുളള കൽപ്പനയാണ് നബിക്കും സ്വഹാബത്തിനും ലഭിച്ചത്.

    സമ്പത്തും ബന്ധുക്കളും മക്കയിലിരിക്കെ നാഥനിലേക് ഹൃദയമർപ്പിച്ച് അവർ മദീനയിലേക്ക് പലായനത്തിനൊരുങ്ങി. മുത്ത് നബി (സ്വ) തങ്ങൾ പോലും മക്കയുടെ വിടുന്ന നേരം ദുഖിതനായി അതിർത്തിയിലെത്തിയപ്പോൾ മക്കയിലേക്ക് അഭിമുഖമായി തിരിഞ്ഞ് നിന്ന് വിരഹ വേദനയോടെ, പിറന്നനാടിനോടുള്ള സ്നേഹ പ്രകടനം നടത്തിയിരുന്നു.

      അങ്ങനെ ഒറ്റയായും കൂട്ടമായും ചെറുസംഘങ്ങളായി വിശ്വാസികൾ മദീനയിലെത്തി. മദീനക്കാർ മുത്തുനബിക്കും സംഘത്തിനും ഊഷ്‌മളമായ സ്വീകരണം നൽകി. ഇതിനിടയിൽ മക്കയിൽ ശത്രുക്കൾ തന്ത്രപരമായി മുസ്‌ലിംകൾ ഉപേക്ഷിച്ചു പോയ സമ്പത്ത് മുഴുവൻ സ്വരൂപിച്ച് യുദ്ധഫണ്ട് ഒരുക്കാൻ തുടങ്ങി.

യുദ്ധ കാരണം

    അബൂസുഫിയാനും സംഘവും കച്ചവടം കഴിഞ്ഞ് വൻലാഭവുമായി ശാമിൽ നിന്നും പുറപ്പെടുന്ന രഹസ്യവിവരം നബി സഖാക്കൾക്ക് ലഭിച്ചു. മക്കയിൽ നിന്ന് അതിക്രൂരമായി തങ്ങളെ അക്രമിച്ചു അന്യാധീനപ്പെടുത്തിയ സമ്പത്തിന് ബദലായി യാത്രാസംഘത്തെ തടഞ്ഞാൽ അത് ശത്രുക്കൾക്ക് കനത്ത തിരിച്ചടിയാകുമെന്ന നിഗമനത്തിൽ മുസ്ലിംസംഘം ഉപരോധത്തിന് ഒരുങ്ങുകയായിരുന്നു. അതോടുകൂടെ മക്കയിലെ ബിംബാരാധനക്കും അതിരു വിട്ട ആഭാസങ്ങൾക്കും ഇതൊരു കടിഞ്ഞാണിടൽ കൂടിയാകുമെന്നുളള തീരുമാനം മുസ്ലിംകൾക്കിടയിൽ നിന്ന് ഉയർന്നുവന്നു.

       സൈനികമായും സാമ്പത്തികമായും ശത്രുക്കൾക്ക് കനത്ത തിരിച്ചടി നൽകാനാണ് നബിയും സംഘവും ഉദ്ദേശിച്ചത്. ആയിരത്തോളം ഒട്ടകങ്ങളെയും വഹിച്ച് അളവറ്റ കച്ചവട ലാഭവുമായാണ് അബൂസുഫിയാൻ കടന്നുവരുന്നത്. എന്തുകൊണ്ടും ഇതൊരു പറ്റിയ അവസരം തന്നെയാണെന്ന് കണ്ടുകൊണ്ട് കച്ചവടസംഘത്തെ വളയാൻ വിശ്വാസികൾ മുത്ത് നബി (സ്വ)യുടെ പിന്നിലായി മുൻപിൻ നോക്കാതെ അണിനിരന്നു.വന്നു ചേർന്നേക്കാവുന്ന പ്രത്യാഗാതങ്ങളെ കുറിച്ചൊ പ്രതികൂല സാഹചര്യങ്ങളെ കുറിച്ചൊ ആലോചിച്ചിക്കാൻ പോലുമവർ മുതിർന്നിട്ടുണ്ടായിരുന്നില്ല.

        അതിനിടയിൽ മുസ്ലിംകളുടെ നീക്കത്തെ മണത്തറിഞ്ഞ അബൂസുഫിയാനും സംഘവും ചെങ്കടൽ തീരത്തോടു ചേർന്ന്, മറ്റൊരു വഴിയിലൂടെ സുരക്ഷിതമായി മക്കയിലെത്തി. പക്ഷേ കച്ചവട സംഘം അപായത്തിലാണെന്ന് അറിയിച്ചു കൊണ്ട് അബൂസുഫിയാൻ മക്കയിലേക്ക് അയച്ച ദൂതന്റെ വാക്കുകേട്ട് മക്കക്കാർ സർവ്വ സന്നാഹങ്ങളും ഒരുക്കി മുസ്ലിം സംഘത്തെ എതിരിടാൻ യുദ്ധ സജ്ജമായിക്കഴിഞ്ഞിരുന്നു. അബൂജഹലിന്റെ നേതൃത്വത്തിൽ വൻ സൈന്യം തന്നെ തയ്യാറായിരുന്നു. മക്കയിൽ സുരക്ഷിതമായി തിരിച്ചെത്തിയ അബൂസുഫിയാൻ യുദ്ധം ഉപേക്ഷിക്കാമെന്ന വിധത്തിൽ മുന്നോട്ടു വെച്ച അഭിപ്രായങ്ങൾ അവർ മുഖവിലക്കെടുത്തില്ല. ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുളള കടുത്ത വിരോധം തീർച്ചയായും യുദ്ധം വേണമെന്ന തീരുമാനത്തിലേക്ക് അവരെ നിർബന്ധിതരാക്കി.

സന്നദ്ധതയോടെ മുസ്ലിം പക്ഷം

    ശത്രുക്കളുടെ സൈന്യം ബദറിലേക്ക് തിരിച്ച വിവരം ലഭിച്ചു. മക്കക്കും മദീനക്കും ഇടയിൽ സ്ഥിതിചെയ്യുന്ന വിശാലമായ ബദർ ഭൂമികയിലേക്കാണ് അവർ വന്നടുക്കുന്നത്. യുദ്ധവും മറ്റും മുന്നിൽ കാണാതെ അബൂസുഫിയാനെയും കച്ചവട സംഘത്തേയും കാത്തിരുന്ന നബിയും അനുയായികളും ഏറ്റുമുട്ടേണ്ടിവരുന്നത് ആയിരക്കണക്കിന് വരുന്ന ശത്രുക്കളോടാണ്. യാതൊരുവിധ സന്നാഹങ്ങളുമില്ലാതെ പുറപ്പെട്ട വിശ്വാസി സമൂഹത്തിന് മനക്കരുത്ത് മാത്രമായിരുന്നു മുതൽക്കൂട്ട്.

       യുദ്ധം ഉറപ്പായതോടെ മുത്ത് നബി (സ) അനുയായികളിലേക്ക് തിരിഞ്ഞു അവരുടെ സന്നദ്ദതയെ കുറിച്ച് അഭിപ്രായം തേടി. അബൂബക്കർ (റ) , ഉമർ (റ ) തുടങ്ങിയ പ്രമുഖർക്ക് പിന്നാലെ ആൻസ്വറുകളും, മുഹാജിറുകളും ഒരുപോലെ നബിയെ പിന്തുണച്ചു. ഇസ്ലാമിൻറെ നിലനിൽപ്പിനായി ഏതറ്റം വരെ പൊരുതാനും ത്യാഗം സഹിക്കാനും അവർക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. മുത്ത് നബി എന്ത് തീരുമാനമെടുത്താലും കൂടെ നിൽക്കാൻ തയ്യാറെന്ന് മുഹാജിറുകൾ വാക്ക് നൽകുകയും ചെയ്തു. അൻസാറുകളുടെ നേതാവായ സഅദ് ബ്നു മുആദ് (റ) വിന്റെ മറുപടിയിങ്ങനെയായിരുന്നു. " പ്രവാചകരെ നിങ്ങൾ ഉദ്ദേശിക്കുന്നത് ചെയ്യുക, ഞങ്ങൾ കൂടെയുണ്ടാവും. ഞങ്ങളോട് ഒരു നദിയിൽ ചാടാൻ പറഞ്ഞാലും സംശയിക്കാതെ ഞങ്ങൾ അതിനു തയ്യാറാകും". "മൂസാനബിയോട് അവരുടെ സമുദായം പറഞ്ഞ വാക്കുകൾ ഒരിക്കലും ഞങ്ങൾ തങ്ങളോട് പറയുകയില്ല. ഞങ്ങൾ തങ്ങളുടെ കൂടെ തന്നെ ഉണ്ടാകും നബിയെ " എന്ന മിഖ്ദാദ് (റ) വിന്റെ ഊർജസ്വലമായ വാക്കുകളും കൂടിയായപ്പോൾ മുത്തുനബിക്ക് സന്തോഷമായി.

     ഇസ്ലാമിന്റെ വഴിയിൽ യുദ്ധം ചെയ്താലുളള മഹത്വങ്ങളെ കുറിച്ച് മുത്ത് നബി അവരെ ഓർമ്മപ്പെടുത്തി. അതും കൂടെയായപ്പോൾ അവർ യുദ്ധത്തിനു വരാനുള്ള സമ്മതം തേടി മുത്തുനബിയെ സമീപിച്ചുകൊണ്ടിരുന്നു. സ്ത്രീകളും കുട്ടികളും വരെ നബിയോട് സമ്മതം തേടിയിരുന്നത്രേ. ആയുധങ്ങളും വാഹനങ്ങളും കുറവാണെങ്കിലും അവർ ധീരമായ ചെറുത്തു നില്പിന് മനസ്സുറപ്പിച്ചു തന്നെയായിരുന്നു. റമദാൻ മാസത്തിലെ കടുത്ത പട്ടിണിയും ചൂടും വകവെക്കാതെ അവർ പ്രതിരോധത്തിനു സജ്ജരായി. അങ്ങനെ ഹിജ്റ രണ്ടാം വർഷം റമളാൻ 17ന് മുസ്ലിം പക്ഷവും ബദറിൽ എത്തി.

സൈനികശക്തി

    മുസ്‌ലിംകളുടെ മൂന്നിരട്ടിയോളമായിരുന്നു അബൂജഹലിന്റെ നേതൃത്വത്തിലുള്ള ശത്രുക്കളുടെ അംഗബലം. ആയിരത്തിലധികം വരുന്ന സൈനികരും അതിൽ 100 കുതിരപ്പടയാളികളും 600 അങ്കികളും നിരവധി ഒട്ടകങ്ങളുമടങ്ങിയ സർവ്വായുധ വിഭൂഷിതർ. അഹങ്കാരവും ധൂർത്തും അഹംഭാവമായിരുന്നു അവരുടെ ഉർജജ സ്രോതസ്സുകൾ. കളളും പെണ്ണും ചൂതാട്ടവുമൊക്കെയായി അവർ ആടിത്തിമർത്തു നടന്നടുത്തു. മുസ്‌ലിംകളെ ഏതു വിധേനയും നിലംപരിശാക്കാൻ അവർ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഇതിനു പുറമേ യുദ്ധതന്ത്രങ്ങളിൽ മിടുക്കന്മാരായ അബൂജഹലും ഉതുബയും ശൈബയും തുടങ്ങിയ നീണ്ട നിര തന്നെ അവരോടൊപ്പമുണ്ടായിരുന്നു.

        നന്നേ ചെറുതായിരുന്നു മുസ്ലിം പക്ഷം. വെറും 313 പേരടങ്ങുന്ന ചെറു സൈന്യം. മുസ്ലിം പക്ഷത്ത് അഞ്ച് കുതിരകൾ, ഏഴ് അങ്കികൾ, എഴുപതോളം ഒട്ടകങ്ങൾ എന്നിവയാൽ പരിമിതമായിരുന്നു മുസ്ലിം യുദ്ധോപകരണങ്ങൾ. താരതമ്യേന വളരെ ചെറിയൊരു സംഘമായിരുന്നു ഇത്. അലി (റ) വിന്റെ നേതൃത്വത്തിൽ മുഹാജിറുകളും സഅദ് ബ്നു മുആദ് (റ)വിൻറെ നേതൃത്വത്തിൽ അൻസാറുകളും അണിനിരന്നു. പ്രധാന സൈന്യാധിപനായി മുസ്അബ് ഇബ്നു ഉമൈർ(റ) ഉണ്ടായിരുന്നു. ശത്രുക്കൾക്ക് കനത്ത തിരിച്ചടി നൽകി ബദറിലെ ജലസംഭരണി മുസ്ലിംസൈന്യം ആദ്യമേ പിടിച്ചെടുത്തു. തലേ ദിവസം രാത്രി പെയ്ത മഴയിൽ മുസ്ലിംകൾ സന്തോഷിക്കുകയും ശത്രുക്കൾ നിരാശരും നിരാശ്രയരുമായി ദേഷ്യം കടിച്ചമർത്തുകയായിരുന്നു.

അടിയറവുകളില്ലാത്ത രണാങ്കളം

      ബദറിൽ സത്യവും അസത്യവും പരസ്പരം അടരാടാൻ പോവുകയാണ്. പക്ഷേ യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ ശത്രുപക്ഷത്തെ കൊമ്പന്മാർ ചേതനയറ്റ് എവിടെ വീഴുമെന്നത് മുത്ത് നബി സ്വഹാബികൾക്ക് കാണിച്ചു കൊടുത്തു. ശത്രുക്കളുടെ തലവൻ അബൂജഹലും അക്കൂട്ടത്തിലുണ്ടായിരുന്നു.യുദ്ധഭൂമിയിൽ ഇരു സൈന്യങ്ങളും മുഖാമുഖം നിലയുറപ്പിച്ചു.

    യുദ്ധകളത്തിനരികിൽ മുത്ത് നബിക്ക് ചെറിയൊരു കൂടാരം തയ്യാറാക്കിയിട്ടുണ്ടായിരുന്നു . സൈന്യത്തെ ക്രമീകരിച്ചതിനുശേഷം സിദ്ദിഖി (റ)നേയും കൂട്ടി കൂടാരത്തിൽ കയറി കുറച്ചു നേരം അവിടുന്ന് പ്രാർത്ഥിച്ചു. ബദറിൽ പരാജിതരായാൽ പിന്നെ ലോക ഭൂപടത്തിൽ നിന്ന് തന്നെ മുസ്ലിം വംശം പിഴുതെറിയപ്പെടും. സത്യവിശ്വാസികൾ ക്രൂരമായി കൊല ചെയ്യപ്പെടും. അതുകൊണ്ടുതന്നെ നബിയേയും സ്വഹാബാക്കളേയും സംബന്ധിച്ചിടത്തോളം ബദറിൽ വിജയം അനിവാര്യമായിരുന്നു.

       സിരകളിൽ തുടിച്ചു കൊണ്ടിരിക്കുന്ന ഗോത്രഗർവ്വോടെ മുസ്‌ലിം പക്ഷത്തെ വെല്ലുവിളിച്ചുകൊണ്ട് ഉതുബ, ശൈബ, വലീദ് എന്നിവർ ശത്രുപക്ഷത്ത് നിന്ന് യുദ്ധത്തിന് തയ്യാറായി മുന്നോട്ടു കടന്നു വന്നു. ശത്രു പക്ഷത്തിലെ വീരർ, യുദ്ധ തന്ത്രങ്ങളെക്കുറിച്ച് നന്നായി ബോധ്യമുള്ളവർ. ആരാണ് തങ്ങളോട് യുദ്ധത്തിനുള്ളവരെന്ന വെല്ലുവിളി അവർ ഉയർത്തി. അതിന് മറുപടിയെന്നോണം അൻസാറുകളിൽ നിന്നും മൂന്നു പേർ മുന്നോട്ട് വന്നു. അവർക്ക് മതിയായില്ല , അവരുടെ നാട്ടുകാരെ, തറവാട്ടുകാരെ തന്നെ വേണമായിരുന്നു. മുഹാജിറുകളിൽ നിന്ന് അഗ്രഗണ്യരായ ഉബൈദ് ബിനു ഹാരിസ് (റ), ഹംസ (റ), അലി (റ) എന്നിവർ ദന്ദ്വയുദ്ധത്തിന് തയ്യാറായി മുന്നോട്ടെത്തി. ഉബൈദ (റ) ഉതുബയെയും ഹംസ (റ) ശൈബയേയും അലി (റ) വലീദിനെയും നേരിട്ടു. നിമിഷങ്ങൾക്കുള്ളിൽ അലി(റ)വും ഹംസ(റ) വും ശത്രുക്കളെ വെട്ടിവീഴ്ത്തി. ഉതുബയും, ഉബൈദ (റ) വും തമ്മിൽ ഘോരമായ യുദ്ധം തന്നെ അരങ്ങേറി. അവസാനം ഉബൈദ (റ) വെട്ടേറ്റ് നിലത്തുവീണു. ഉടൻ തന്നെ അലി(റ)യും ഹംസ(റ)യും ചാടിവീണു വലീദിനെ നിലംപരിശാക്കി. മാരകമായി പരിക്കേറ്റ ഉബൈദ (റ) വൈകാതെ വഫാത്തായി. ബദറിൽ യുദ്ധം കൊടുംമ്പിരി കൊണ്ടു.

വിജയപ്പതാക വാനിൽ

       പിന്നീട് ബദർ കണ്ടത് ഘോര യുദ്ധമായിരുന്നു. മുശ്രിക്കുകളും മുസ്‌ലിംകളും തമ്മിൽ അതിശക്തമായ യുദ്ധം തന്നെ നടന്നു. ഇരച്ചു കയറി വരുന്ന മുസ്ലിം സൈന്യത്തിൽ അള്ളാഹു മാലാഖമാരെ കൂടി അണിനിരത്തിയപ്പോൾ ശത്രുക്കൾക്ക് കാലുറപ്പിക്കാനായില്ല. അവർക്ക് മുസ്‌ലിംകളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചത് പോലെ തോന്നി. അവർ പിന്തിരിഞ്ഞോടാൻ തുടങ്ങി. മാലാഖമാരും മുസ്ലിം സൈന്യവും അവരെ പിന്തുടർന്ന് തുരത്തിയോടിച്ചു.

    വൈകാതെ ബദറിൽ മുസ്ലിം സൈന്യം വിജയക്കൊടി വാനിലുയർത്തി. അല്ലാഹുവിന്റെ മഹനീയമായ സഹായം മുസ്ലിംകൾക്ക് വലിയൊരു മുതൽക്കൂട്ടായിരുന്നു. ശത്രുക്കൾക്ക് അവരുടെ എണ്ണം പിടിച്ച നേതാക്കളെ തന്നെയും നഷ്ടപ്പെട്ടു. മുസ്ലിംകൾ അള്ളാഹുവിന് സ്തുതിയോതി മുത്ത് നബിയിലണഞ്ഞു.

       ശത്രുപക്ഷത്തെ 70 പേർ വധിക്കപ്പെടുകയും 70 പേരെ ബന്ദികളാക്കുകയും ചെയ്തു. മുസ്ലിം പക്ഷത്താവട്ടെ 6 മുഹാജിറുകളും 8 അൻസാറുകളുമടക്കം 14 പേർ ശഹീദായി. ശത്രുക്കളിൽ നിന്ന് വധിക്കപ്പെട്ടവരെയെല്ലാം ബദറിൽ ഉണ്ടായിരുന്ന ഒരു കിണറ്റിൽ മറമാടുകയും ചെയ്തു. ബദർ വിജയത്തോടെ മുസ്ലിംകൾക്ക് അന്തസ്സും അംഗബലവും വർദ്ധിച്ചു. ശത്രുക്കൾ മുസ്ലിംകളെ ഭയപ്പെടാൻ തുടങ്ങി. മക്കയിലാകെ പരിഭ്രാന്തി പരന്നു. നേതാക്കളെ നഷ്ടപ്പെട്ടതോർത്ത് അവർ ധർമ്മസങ്കടത്തിലായി. അതേസമയം ഒരുപാടാളുകൾ ഇസ്ലാമിനെ അറിയുകയും ദീനിലേക്ക് കടന്നു വരാൻ ധൈര്യം കൈവരിക്കുകയും ചെയ്തു. ഇസ്ലാമിൻറെ പേരും പ്രശസ്തിയും മക്കയിലെങ്ങും വളരാൻ തുടങ്ങി.

ബദറിലെ ബന്ദികൾ

    ബദറിൽ യുദ്ധത്തടവുകാരായ പ്രതികൾക്ക് മോചനദ്രവ്യം കെട്ടിവെക്കുന്ന പക്ഷം വെറുതെവിടാം എന്ന നിബന്ധനയാണ് മുത്ത് നബി സ്വ മുന്നോട്ടുവെച്ചത്. അതിന് സാധിക്കാത്തവർക്കാവട്ടെ മദീനക്കാരെ എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു മോചനദ്രവ്യം. വേണമെങ്കിൽ മുസ്ലിംകൾക്ക് ഒരൊറ്റ നിമിഷം കൊണ്ട് എല്ലാവരെയും കൊന്നു തളളാമായിരുന്നു, അടിമകളാക്കി ഉപയോഗിക്കാമായിരുന്നു, പക്ഷേ ഇസ്‌ലാം അപ്പോഴും മാനുഷിക പരിഗണനക്ക് പ്രാമുഖ്യം നൽകി. വിജ്ഞാനത്തിന് വളരെയധികം പ്രാധാന്യം നൽകുകയും ചെയ്തു. മുത്തു നബിയുടെ സ്വന്തം പിതൃവ്യനായ അബ്ബാസും പുത്രനും തടവിലാക്കപ്പെട്ടപ്പോൾ പോലും മോചനദ്രവ്യം വാങ്ങുന്നതിൽ വിവേചനം കാണിച്ചില്ല. യുദ്ധത്തിലെ തടവുകാരിൽ നീതിയുടെ കടാക്ഷം കാണിക്കാൻ മുത്തുനബി ബദ്ധശ്രദ്ധനായിരുന്നു. അതുതന്നെയായിരുന്നു ഇസ്ലാമിൻറെ വിജയവും.

ബദരീങ്ങളുടെ സഹനം

    വലിയ ആദരവാണ് ബദരീങ്ങൾക്ക് അള്ളാഹുവും മുത്ത് നബിയും നൽകിയത്. ബദറിന് ശേഷം ബദരീങ്ങൾക്ക് ഇഷ്ടം പോലെ ജീവിക്കാൻ വരെ നാഥൻ സമ്മതമരുളിയിട്ടുണ്ടായിരുന്നു. എന്നിട്ടുമവർ കളങ്കമില്ലാത്ത ജീവിതം അഭ്യസിക്കുകയും ദീനിന്റെ വിധിവിലക്കുകളെ കൃത്യമായി സൂക്ഷിക്കുകയും ചെയ്തു. താബിഉകളിൽ പ്രമുഖനായ ഹസനുൽ ബസരി (റ) പറയുന്നു, എൻറെ ജീവിതത്തിൽ എഴുപതോളം ബദരീങ്ങളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് , ഒരു കറാഹത്ത് പോലും അവരുടെ ജീവിതത്തിൽ വന്നിട്ടില്ല. അത്രയും സൂക്ഷ്മത പുലർത്തിയവരായിരുന്നു അവർ. മാത്രമല്ല, മദീനത്തെ പള്ളിയിൽ ബദരീങ്ങൾക്കായി പ്രത്യേകം ഇരിപ്പിടം വരെ തയ്യാറാക്കിയിരുന്നത്രെ. അവിടെ മറ്റാരും ഇരിക്കാൻ പാടില്ലായിരുന്നു. നബിയുടെ സദസ്സിൽ അവരെയായിരുന്നു മുന്നിൽ ഇരുത്തിയിരുന്നത്. അത്രയധികം ആദരവാണ് അവർക്കുണ്ടായിരുന്നത്.

       മുത്തുനബിയുടെ നുബുവ്വത്തിന് നേർസാക്ഷ്യം വഹിച്ച് മുത്തുനബിയുടെ കൂടെ ഒന്നിച്ച് ജീവിച്ചിരുന്നതിനാൽ അവരുടെ ഉള്ളകങ്ങൾ സ്ഫടികസമാനമായിരുന്നു. നാടും വീടും വിട്ട് ഇസ്ലാമിന്റെ നിലനിൽപ്പിന് വേണ്ടി യുദ്ധത്തിന് ഇറങ്ങിയവർ. ഹിജ്റയോട് കൂടെത്തന്നെ അവരുടെ മനസ്സിനെ അവർ ശുദ്ധമാക്കിയിരുന്നു. ഇസ്ലാമിൻറെ പേരിൽ മറ്റുളളവരെ യാതൊരു കാരണവും കൂടാതെ കൊന്നു തള്ളുന്ന പുത്തൻ സലഫി തീവ്രവാദം ഒരിക്കലും ഇസ്ലാമിലെ യുദ്ധങ്ങളോട് ബന്ധപ്പെടുത്താനാവുന്നതല്ല.

     ജിഹാദിന്റെ പേരും പറഞ്ഞു ഇസ്ലാമിക യുദ്ധങ്ങൾ മാതൃകയാക്കുന്നു എന്ന കുപ്രചരണം നടത്തി നാടുനീളെ ഇസ്ലാമിനെ കരിവാരിത്തേക്കാനുള്ള പ്രവർത്തനങ്ങളാണ് സലഫി തീവ്രവാദം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നബിയും സ്വഹാബത്തും പ്രതിരോധനാർത്ഥം ഒരു തിരിച്ചടിക്ക് മുതിർന്നതു തന്നെ 13 വർഷത്തോളം കൊടിയ പീഡനങ്ങൾ സഹിച്ചതിനുശേഷം ആണെന്നുളളത് അവർ സൗകര്യപൂർവ്വം കാണാതെ പോകുന്നു. നിവൃത്തിയില്ലാതെ സ്വന്തം നാടു വിട്ട് മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്തതിനു ശേഷമായിരുന്നു മുസ്ലിംകൾ പ്രതിരോധത്തിന് തയ്യാറായത്. വിശ്വാസത്തിലർപ്പിതമായ ക്ഷമയാണ് ബദർ മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ സന്ദേശങ്ങളിലൊന്ന്.

Questions / Comments:



No comments yet.