കഴിഞ്ഞ വർഷം മാത്രം രണ്ടുലക്ഷത്തോളമാണ് ഇന്ത്യയിലെ ആത്മഹത്യാനിരക്ക്. ആത്മാഹുതി, മനുഷ്യമനസുകളിലേക്ക് സാംക്രമിക്കുന്ന സാമൂഹിക രോഗമാണോ? മരിച്ചവരുടെ ആത്മാക്കൾ ബാക്കിവെച്ച മോക്ഷം കിട്ടാത്തൊരുപറ്റം ചോദ്യങ്ങളുടെ ദാർശനികവും, കാല്പനികവും, അത്മീയവുമായ വിശകലനം.


       ലോകസാഹിത്യത്തിലെ എണ്ണം പറഞ്ഞ കൃതികളിലൊന്നാണ് ദ ഓൾഡ് മാൻ ആൻഡ് ദ സി. പ്രതിസന്ധികളുടെ വന്മലകൾക്കു മുന്നിൽ ഒരിക്കലും തളരാതെ കൂടുതൽ വാശിയോടെ മുന്നേറുന്ന കഥയിലെ വൃദ്ധൻ വിധിക്കു മുമ്പിൽ കീഴടങ്ങാൻ തയ്യാറല്ലാത്ത മനുഷ്യമനസ്സിന്റെ അനശ്വര പ്രതീകമായി നിരൂപിക്കപ്പെട്ടു. പക്ഷേ തന്റെ അറുപത്തി രണ്ടാം വയസ്സിൽ കഥാകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേ വായിലേക്ക് തോക്ക് കടത്തി വച്ച് ട്രിഗറിൽ വിരലമർത്തി. തന്റെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കുന്നുവെന്ന് ബോധ്യമായതായിരുന്നു ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ലോകത്ത് മരണകാരണത്തിൽ പത്താമത് ആത്മഹത്യയാണെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിവർഷം എട്ട് മുതൽ പത്ത് ലക്ഷം വരെ വരും ലോകത്തെ  ആത്മഹത്യ ചെയ്യപ്പെടുന്നവരുടെ കണക്ക്. ഓരോ വർഷവും പരാജയപ്പെടുന്ന ആത്മഹത്യയുടെ എണ്ണം ഒന്നുമുതൽ രണ്ടുകോടി വരെയാണെന്ന വസ്തുത കൂടി ചേർത്തു വയ്ക്കുമ്പോൾ ആധുനിക മനുഷ്യൻ എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാണ്.എന്തുകൊണ്ടായിരിക്കും ജീവിത വിജയത്തിന്റെ അനേകം വാതായനങ്ങൾ തുറന്നിരിക്കെ പരാജയങ്ങളുടെ നീണ്ട ലിസ്റ്റുകൾ ഉണ്ടാക്കി അവർ മരണത്തിൽ അഭയം കണ്ടെത്താൻ ശ്രമിക്കുന്നത്.

ദ ഓൾഡ് മാൻ ആൻഡ് ദ സി,ഏണസ്റ്റ് ഹെമിംഗ് വേയുടെ പുസ്തകത്തിന്റെ പുറംചട്ട.


         ജീവിത നൈരാശ്യങ്ങൾ ആണ് മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത് . നിരാശരായ കാമുകീകാമുകന്മാർ, കടക്കെണിയിൽ വീണ കുടുംബം , പീഡനമേൽക്കേണ്ടി വരുന്ന സ്ത്രീകൾ, പരീക്ഷകളിൽ തോൽക്കുന്ന വിദ്യാർത്ഥികൾ ദൈനംദിന വാർത്തകളിൽ നാം കണ്ടുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ ഇങ്ങനെ നീണ്ടു പോകുന്നു. ക്ഷണികമായ നഷ്ടങ്ങൾ വിവേക ശൂന്യതയുടെ ഒരു നിമിഷത്തിലേക്ക് എത്തിക്കുന്നതിൽ പല ഘടകങ്ങളും ഉൾച്ചേർന്നിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നവരിൽ 30 മുതൽ 90 ശതമാനം വരെ ആത്മഹത്യാ സമയത്ത് ഏതെങ്കിലും വിധത്തിലുള്ള മാനസികാസ്വാസ്ഥ്യം നേരിടുന്നവരാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കൃത്യമായി പറഞ്ഞാൽ മാനസിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു നയിക്കുന്നതിൽ മുൻപന്തിയിൽ. ശിഥിലീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങളും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളുമാണ് ഇതിന് മുഖ്യകാരണം. ആഗോളവൽക്കരണ ഫലമായി ഉണ്ടായ മത്സരാധിഷ്ഠിത ലോകത്ത് പലവിധത്തിലുള്ളള സമ്മർദ്ദങ്ങൾ ഏറി കൊണ്ടിരിക്കുകയും എന്നാൽ അത് ലഘൂകരിക്കുന്നതിന് ആവശ്യമായ മനുഷ്യബന്ധങ്ങൾ ചുരുങ്ങിപ്പോവുകയും ചെയ്തു. മുൻപ് കൂട്ടുകുടുംബ വ്യവസ്ഥ ഇതിനൊരു പരിഹാരമായിരുന്നു. പങ്കുവെക്കലിനുള്ള ഉയർന്ന സാധ്യതയും കൂട്ടുത്തരവാദിത്തവും ഒരു പരിധിവരെ മാനസിക പ്രശ്നങ്ങളും ജീവിതശൈലിയിലുണ്ടായേക്കാവുന്ന പോസിറ്റീവല്ലാത്ത മാറ്റങ്ങളും പരിഹരിക്കാൻ പ്രാപ്തമായിരുന്നു.

കേരള മോഡൽ

          ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ കുതിച്ചുചാട്ടം പുതിയ ബന്ധങ്ങളും സൗഹൃദങ്ങളും സ്ഥാപിക്കാനുള്ള മനുഷ്യന്റെ അഭിവാജ്ഞയെ ദേശ ഭാഷകളുടെ അതിരുകൾക്കതീതമാക്കിയെങ്കിലും ആന്തരികമായി അവൻ കൂടുതൽ അന്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ ചൂടുള്ള ചുറ്റുപാടുകളിൽനിന്നകന്ന് സോഷ്യൽ മീഡിയ തുറന്നിടുന്ന സൗഹൃദങ്ങളുടെ വലിയ ലോകത്തേക്ക് സഞ്ചരിക്കുന്നവർ സാമൂഹ്യ ജീവിതത്തിൽ ഒറ്റപ്പെടുന്നു. ഒടുവിൽ ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ ഒരുമിച്ചിരിക്കാൻ ആരുമില്ലാതെ സ്വയം ഉണ്ടാക്കുന്ന വിഭ്രാന്തികളിൽ അഭിരമിക്കുകയും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ജീവനെടുക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്.

          ആഗോളതലത്തിൽ ആത്മഹത്യാ നിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇന്ത്യയും ചൈനയുമാണ്. 1997 ശേഷം ഇന്ത്യയിൽ ഇരുപതിനായിരത്തിലധികം കർഷക ആത്മഹത്യകൾ മാത്രം നടന്നിട്ടുണ്ട്. നാഷണൽ ക്രൈം അതോറിറ്റി പുറത്തുവിട്ട കണക്കുപ്രകാരം ഓരോ മണിക്കൂറിലും 15 പേർ വീതം ഇന്ത്യയിൽ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്നു. ജീവിത സമരങ്ങളിൽ ഒരിക്കൽക്കൂടി ഉയർത്തെഴുന്നേൽക്കാൻ ആവതില്ലെന്ന് സ്വയം വിശ്വസിച്ച് ജീവിതം അവസാനിപ്പിക്കുന്നവർ ഏറ്റവും കൂടുതലുള്ളത് ‘ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്’. 2014ലെ കണക്കു പ്രകാരം കേരളത്തിലെ ആത്മഹത്യാനിരക്ക് 23.9 ശതമാനമാണ്. ഇത് ദേശീയ ശരാശരിയെക്കാളും വലുതാണ്. ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ആത്മഹത്യ ചെയ്യുന്നത് കേരളത്തിലെ കൊല്ലം ജില്ലയിലാണ് 43.3. ആത്മഹത്യ ചെയ്യുന്നവരിൽ അധികംപേരും മുപ്പതിനും നാൽപ്പതിനും ഇടയിലൂള്ള മധ്യവയസ്കരാണെന്നതും സങ്കീർണമായ കുടുംബപ്രശ്നങ്ങളാണ് ജീവിതം അവസാനിപ്പിക്കാൻ പ്രേരകമായി തീരുന്നതെന്നുമുള്ള വസ്തുത ഏറെക്കുറെ പൂർണമായി മാറിക്കഴിഞ്ഞ കേരളീയ കുടുംബവ്യവസ്ഥയോട് ചേർത്തുവായിക്കേണ്ടതുണ്ട്.

കാൽപ്പനിക വൽക്കരണം

         ജീവിത സമരങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ആത്മഹത്യ. സാഹസികതയല്ലത്. തീർത്തും ദൗർബല്യമാണ്. പ്രതിസന്ധികളെ നേരിടാൻ തയ്യാറല്ലാത്ത, എന്തിനും എളുപ്പമാർഗം ആലോചിക്കുന്ന, മടിയനായ, ആത്മവിശ്വാസമില്ലാത്ത, ഒരലസൻ എല്ലാ ആത്മഹത്യകൾക്കുള്ളിലും ഒളിഞ്ഞിരിപ്പുണ്ട്.  ഭീരുത്വമാണത്. എന്നാൽ ഈ ഭീരുത്വത്തെ കാൽപ്പനിക വൽക്കരിച്ച്, മഹത്വവത്ക്കരിക്കുന്ന പ്രവണത എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. വിഭ്രാന്തിയുടെ മൂർദ്ധന്യാവസ്ഥയിൽ ചില സെമിസാഹിത്യ രോഗികളും മാധ്യമങ്ങളുമാണ് എല്ലായിപ്പോഴും അതിന് ചുക്കാൻ പിടിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ആത്മഹത്യ ഒരു തരം ഫാഷനായി മാറി. 1770 റൊമാൻസ് കവി തോമസ് ചാറ്റർട്ട് തന്റെ പതിനെട്ടാം വയസ്സിൽ വിഷം കഴിച്ച് മരിച്ചതോടെയാണ് ഇതിന് തുടക്കമാകുന്നത്. പ്രണയം തകർന്ന യുവാവിന്റെ ആത്മഹത്യ ആഘോഷിക്കുന്ന നോവലിസ്റ്റ് ഗെതയുടെ ദ സോറോസ് ഓഫ് യംഗ് വെർതർ പുറത്തിറങ്ങിയതോടെ യൂറോപ്പിലുടനീളം കാൽപനിക ആത്മഹത്യകൾ വ്യാപിക്കാൻ തുടങ്ങി. അക്കാലത്ത് പ്രമുഖരുടെ ആത്മഹത്യ പ്രസിദ്ധീകരിക്കുക പത്രങ്ങളുടെ പതിവായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ എന്ന ഗാനം കേട്ട് ജീവിതം ഒട്ടുക്കിയവർ നിരവധിയാണ്. ഈ ലോകത്തിൽ നിന്ന് അകന്നുപോയ പ്രണയിനിയുടെ കൂടെ മരണത്തിൽ ഒന്നാവാൻ തീവ്രമായി ആഗ്രഹിക്കുന്ന കാമുകന്റെ വിലാപഗാനം സൂയിസൈഡ് സോങ് എന്ന പേരിൽ അറിയപ്പെടുകയുണ്ടായി. ജീവിതത്തിൽ നിന്ന് രക്ഷനേടുക, ജീവിതത്തെ മരണംകൊണ്ട് തോൽപ്പിക്കുക തുടങ്ങിയ പ്രയോഗങ്ങളും കാൽപനിക വൽക്കരണത്തിന്റെ ഭാഗമാണ്.

ദ ഡെത്ത് ഓഫ് ചാറ്റർട്ടൺ, ഇംഗ്ലീഷ് ചിത്രകാരൻ ഹെൻറി വാലിസിന്റെ പെയ്ന്റിംഗിൽ നിന്ന്


      പുതിയ കാലത്ത് ഈ ദൗത്യം ഏറ്റവും മികച്ച രൂപത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത് സൈബർ ലോകമാണ്. ഇന്റർനെറ്റിൽ ആത്മഹത്യയെക്കുറിച്ചുള്ള തിരച്ചിലിൽ 10 മുതൽ 30 ശതമാനം വരെയും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളാണ് അപ്ഡേറ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. വൈവിധ്യമാർന്ന രൂപത്തിൽ ജീവിതം ഒടുക്കാനുള്ള അപക്വമായ ആലോചനകൾക്ക് ലൈക്കടിച്ച് വെള്ളവും വളവും നൽകുന്നതിൽ സോഷ്യൽ മീഡിയകളും ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ഇന്റർനെറ്റിൽ അതിവേഗം വൈറലാകുന്ന സെൽഫി മരണങ്ങളുടെ കുത്തൊഴുക്കു നിലച്ചിട്ട് അധികകാലമായിട്ടില്ല. ഈ നിരയിലെ ഏറ്റവും ഒടുവിലത്തേതും മാരകവുമായതാണ് ബ്ലൂ വെയിൽ മരണങ്ങൾ. സാമൂഹികമായ ഒറ്റപ്പെടൽ അനുഭവിക്കുന്നവരും ഊഷ്മളമായ സൗഹൃദങ്ങൾ ഇല്ലാത്തവരുമായ വിദ്യാർഥികളാണ് മരണകാമനകളിലേക്കു നയിക്കുന്ന ഇത്തരം ഗെയിമുകൾക്ക് ഇരയാക്കപ്പെടുന്നത്.

ദാർശനിക വശം

         ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ ദാർശനിക പ്രശ്നം എന്നാണ് ആൽബേർ കമ്യു ആത്മഹത്യയെ വിശേഷിപ്പിച്ചത്. ഒരു ലോകയുദ്ധം ഉണ്ടാക്കിയ മുറിവുകളും ദുരിതങ്ങളും മറക്കുന്നതിന് മുൻപേ ഉരുണ്ടുകൂടിയ രണ്ടാം ലോകയുദ്ധത്തിന്റെ കാർമേഘങ്ങൾ മനുഷ്യന്റെ അസ്തിത്വ പ്രതിസന്ധിയെ സംബന്ധിച്ച ആശങ്കകൾ ഉണ്ടാക്കിയ സാഹചര്യത്തിലാണ് കമ്യൂ തന്റെ വിഖ്യാതമായ ഗ്രന്ഥം The myth of sisyphus എഴുതുന്നത്. ആധുനിക മനുഷ്യന്റെ വൈയക്തിക സംഘർഷങ്ങളുടെ പ്രതീകമായി ഗ്രീക്ക് പുരാണത്തിലെ സിസിഫസിനെയാണ് കമ്മ്യൂ അവതരിപ്പിക്കുന്നത്. ദൈവങ്ങളുടെ രഹസ്യം ചോർത്തിയതിന് പരലോകത്ത് മലമുകളിലേക്ക് കൂറ്റൻ കല്ല് കയറ്റി താഴേക്കിടുകയെന്ന നിഷ്ഫലമായ അധ്വാനത്താൽ സിസിഫസ് ശിക്ഷിക്കപ്പെടുന്നു. കല്ലുരുട്ടി മലയിറങ്ങുന്ന സിസിഫസ് തന്റെ വിധിയുടെ അർത്ഥ ശൂന്യതയെ കുറിച്ച് ചിന്തിക്കുന്നതോടെ അയാളിൽ ദുരന്തബോധം നിറയുന്നു. എന്നാൽ തന്റെ വിധിയെ ലാഘവത്തോടെ സമീപിക്കുമ്പോൾ അതിന്റെ തീക്ഷണതകുറയുന്നു. ചുരുക്കത്തിൽ, ആധുനിക മനുഷ്യൻ ജീവിതത്തിലെ പ്രതിസന്ധികളെ പൂർണബോധത്തോടെ അംഗീകരിക്കുകയും കൂടുതലായി ഒന്നും പ്രതീക്ഷിക്കാതിരിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നാണ് കമ്മ്യൂ അഭിപ്രായപ്പെടുന്നത്. എന്നാൽ സിസിഫസ് സന്തോഷവാനാണെന്ന് വിശ്വസിക്കുന്നതോടെ പ്രതിസന്ധികളിൽ നിന്നുള്ള താൽക്കാലിക രക്ഷപ്പെടൽ സാധ്യമാണെങ്കിലും തനിക്ക് ഭംഗിയായി നിർവഹിക്കേണ്ടുന്ന ദൗത്യങ്ങൾ ഒന്നും ഇല്ലെന്നു വിശ്വസിക്കുന്ന സിസിഫസിന്റെത് ഒരുതരം ജീവിച്ചു തീർക്കൽ മാത്രണെന്നത് വ്യക്തമാണ്.

ദ മിത്ത് ഓഫ് സിസിഫസ്, ആർബേർ കമ്യു വിന്റെ പുസ്തകത്തിന്റെ പുറംതാൾ


ഇസ്ലാമിക വീക്ഷണം

          ജീവിത നൈരാശ്യത്തിലേക്ക് നയിക്കാവുന്ന കാരണങ്ങൾ പലതാണെങ്കിലും അത് സംഭവിക്കുന്നതിനുള്ള അടിസ്ഥാനപരമായ കാരണം വ്യക്തിസ്വാതന്ത്ര്യത്തിന് അപ്രമാദിത്വം കൽപ്പിക്കുന്ന ഭൗതിക യുക്തിയാണ്. ജീവിതയാത്രയുടെ സുഖകരമായ മുന്നേറ്റത്തിനായി അവൻ നെയ്തെടുക്കുന്ന സ്വപ്നങ്ങളും ആഗ്രഹങ്ങളും വിധിവിപരീതത്താൽ താഴെ വീഴുന്ന ഘട്ടങ്ങളിൽ ഞാൻ എന്ന മിഥ്യാബോധം തകർന്നടിയുന്നതോടെ മരണത്തിലൂടെയുള്ള രക്ഷപ്പെടലിനെക്കുറിച്ചു മാത്രം ആലോചിക്കാൻ നിർബന്ധിതനാവുകയാണ്. റഷ്യൻ കവി സെർജി യെസനിന്റെ ആത്മഹത്യയെ അപലപിച്ചുകൊണ്ട് വിപ്ലവ കവി മക്കയോവ്സ്കി ഇങ്ങനെ എഴുതി: ഈ ജീവിതത്തിൽ മരിക്കാൻ പ്രയാസമില്ല ജീവിക്കാനാണു പ്രയാസം. എന്നാൽ കൃത്യം അഞ്ചു വർഷങ്ങൾക്കു ശേഷം തൻറെ ശിരസ്സിനു നേരെ തോക്കുചൂണ്ടി നിറയൊഴിച്ചു കൊണ്ട് മക്കയോവ്സ്കി ആത്മഹത്യ ചെയ്തു. റഷ്യൻ വിപ്ലവകാരി ലെനിൻ രോഗശയ്യയിൽ ഇരിക്കെ സഖാവ് സ്റ്റാലിനയച്ച വാക്കുകൾ, ശരീരം തകർന്നു കഴിഞ്ഞു സംസാരശേഷി കൂടി നശിച്ചാൽ വിഷം കഴിച്ചു ആത്മഹത്യ ചെയ്യും. വ്യക്തികേന്ദ്രീകൃതമായ ജീവിതവ്യവസ്ഥയുടെ വലിയ പോരായ്മ വ്യക്തിയുടെ സാധ്യതകൾ മങ്ങുന്നതോടെ അതിജീവനത്തിനുള്ള എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെടുന്നു എന്നുള്ളത് തന്നെയാണ്.

       എന്നാൽ, ഇലാഹീകേന്ദ്രീകൃതമായ ഇസ്ലാമിക വ്യവസ്ഥയിൽ ജീവന്റെമേലിലുള്ള സമ്പൂർണ്ണ അധികാരം ഏകനായ അല്ലാഹുവിൽ മാത്രം നിക്ഷിപ്തമാണ്. അതുകൊണ്ടുതന്നെ ജീവനുമേലുള്ള ഏതു വിധത്തിലുള്ള കൈകടത്തലുകളെയും ഖുർആൻ നിശിതമായി വിമർശിക്കുന്നുണ്ട്. ‘വിശ്വസിച്ചവരെ, നിങ്ങളുടെ മുതലുകൾ നിശിദ്ധ മാർഗത്തിലൂടെ ദുഷിപ്പിക്കരുത്. നിങ്ങൾ നിങ്ങളെത്തന്നെ വധിക്കരുത്. നിങ്ങളുടെ നാഥൻ നിങ്ങളോട് കരുണയുള്ളവനാകുന്നുവെന്ന് അറിയുക.'(4 :29).

          ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്തഹദീസിൽ ഇങ്ങനെ കാണാം. പൂർവ്വകാലത്ത് ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾക്ക് ഒരു മുറിവു പറ്റി. അതിൽ അസ്വസ്ഥനായി കത്തിയെടുത്ത് കൈമുറിച്ചു. രക്തം ഒഴുകി അയാൾ മരണപ്പെട്ടു.' അല്ലാഹു പറഞ്ഞു എന്റെ ദാസൻ സ്വന്തം ജീവൻ  വെടിഞ്ഞു'. സാബിത്ത് ബ്നു ഇസ്ഹാഖ് പറഞ്ഞു, പ്രസിദ്ധമായ മരച്ചുവട്ടിലെ ബൈഅതിന്റെ ഘട്ടത്തിൽ തിരുനബി ഇങ്ങനെ പറഞ്ഞു: "ഒരാൾ സ്വയം ജീവനൊടുക്കിയാൽ അന്ത്യദിനത്തിൽ ശിക്ഷിക്കപ്പെടുന്നതാണ്. ഒരാൾ സ്വയം അറുത്തുകൊന്നാൽ അന്ത്യദിനത്തിൽ അപ്രകാരം ശിക്ഷിക്കപ്പെടുന്നതാണ്.''

         ഇസ്ലാമിക വീക്ഷണപ്രകാരം ഒരുവൻ മറ്റൊരുവനെ കൊല്ലുന്നതും സ്വന്തം ശരീരത്തെ നശിപ്പിക്കുന്നതും തുല്യമാണ് രണ്ടിടത്തും അവന്റെ മേൽ യാതൊരു അധികാരവും ഇല്ലാത്ത ജീവന്റെ മേലുളള കടന്നാക്രമണമാണ്. മരണത്തെ കൊതിക്കുന്നതുപോലും നിഷിദ്ധമാക്കിയ തിരുനബി മരണത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതും വിലക്കുകയുണ്ടായി. യാതൊരു നിർവാഹവുമില്ലാതെ വന്നാൽ മരണം നന്മയാണെങ്കിൽ മരിപ്പിക്കണമെന്നും ജീവിതമാണ് നന്മയെങ്കിൽ ആരോഗ്യത്തോടെ ജീവിപ്പിക്കാനും പ്രാർത്ഥിക്കാമെന്ന് പ്രവാചകൻ അരുളിയിട്ടുണ്ട്. ജീവിതത്തിന്റെ അവസാനം മരണമാണെന്ന് വിശ്വാസത്തിൽ നിന്നുത്ഭവിക്കുന്ന ആത്മഹത്യാപ്രവണതയെ ശാശ്വതമായ മറ്റൊരു ലോകത്തെക്കുറിച്ചുള്ള മുന്നറിയിപ്പിലൂടെ തടയിടുന്നു ഖുർആൻ. കർശനമായ നിരോധനം മാത്രമല്ല സർവ്വശക്തനായ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് വാചാലമാകുക കുടി ചെയ്യുന്നുണ്ട്. ഇതിലൂടെ ഉയർത്തെഴുന്നേൽക്കാനുള്ള പ്രചോദനവും നൽകുന്നു. "ഹേ മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തിൽ നിന്നെ വഞ്ചിച്ചുകളഞ്ഞത് എന്താണ്"[82, 6]. ' തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ എളുപ്പം ഉണ്ടായിരിക്കും തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ എളുപ്പം ഉണ്ടായിരിക്കും ആകയാൽ ഒഴിവുകിട്ടിയാൽ നീ അധ്വാനിക്കുക നിൻറെ രക്ഷിതാവിന് തന്നെ നിന്റെ ആഗ്രഹം സമർപ്പിക്കുകയും ചെയ്യുക' [94 ,4-8] ചുരുക്കത്തിൽ ക്ഷണികമായ നിങ്ങളുടെ കഴിവുകളിൽ മാത്രം നിങ്ങൾ ആശ്രയിക്കരുതെന്നും, സർവശക്തനായ അല്ലാഹുവിന്റെ ശക്തിയിലാണ് നിങ്ങൾ അഭയം തേടേണ്ടതെന്നുമാണ് ഇസ്‌ലാം നിഷ്കർഷിക്കുന്നത്. ഇന്ത്യയുടെ ആത്മഹത്യാമുനമ്പെന്ന് വിളിക്കപ്പെടുന്ന കേരളത്തിൽ ഏറ്റവും കുറഞ്ഞ ആത്മഹത്യാനിരക്ക് മുസ്ലിംകൾ കൂടുതൽ തിങ്ങിപ്പാർക്കുന്ന മലപ്പുറത്തും കാസർകോടും ആണെന്ന കണക്കുകൾ കൂടി ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. എന്തുകൊണ്ട് നമുക്ക് ദൈവവിശ്വാസം മനസ്സിൽ കാത്തു കാത്തുസൂക്ഷിച്ചു കൂടാ?

Questions / Comments:No comments yet.