കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന തേയിലച്ചെടികൾക്കിടയിലൂടെ അണിയൊപ്പിച്ച് നടന്നു നീങ്ങുന്ന താട്ട് കെട്ടിയ പെണ്ണുങ്ങൾ. ഇടക്കിടെ, പരിസരം വീക്ഷിച്ച് തലയുയർത്തി നിൽക്കുന്ന ചൗക്ക മരങ്ങൾ. താഴ് വാരത്തെ ഇടുങ്ങിയ പാതയിലൂടെ നിരങ്ങി നീങ്ങുന്ന ആന വണ്ടി, അങ്ങിങ്ങായി, ഒറ്റിയും തെറ്റിയുമുള്ള പാഡികളുടെ ക്ലാവ് പിടിച്ച മേൽക്കൂരകൾ. അതിഥി മലയിറങ്ങിയാലും അകം ബാക്കിയാക്കുന്ന നെല്ലിയാമ്പതിക്കുന്നിലെ ചിത്രങ്ങളേറെയാണ്.


 കണ്ടു കണ്ടെല്ലാം പച്ചയായി, ആത്മസുഖത്തിന്റെ പച്ചപ്പ്. അതിന്റെ ഇലയിലൂടെ ... തണ്ടിലൂടെ പൂ മണത്ത് കായ് ചുരണ്ടി മുകുളം തരിപ്പിച്ചുകടിച്ച് പതിയെ.. പതിയെ ..

  മഞ്ഞ് മൂടിക്കിടന്ന പശ്ചിമഘട്ട മലനിരകൾക്കിടയിലൂടെ തേക്കും തണൽ മുരിക്കും നീരാലും, ഇടതൂർന്ന് വളർന്ന കാടും, മേടും കടന്നെത്തുന്നവർ മിഴി തുറക്കുന്നത്,പുലർക്കാല ഹിമകണങ്ങൾ പുതപ്പിച്ചുറക്കിയ നെല്ലിയാമ്പതിക്കുന്നിലെ പച്ചപ്പിലേക്കാണ്. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന തേയിലച്ചെടികൾക്കിടയിലൂടെ അണിയൊപ്പിച്ച് നടന്നു നീങ്ങുന്ന താട്ട് കെട്ടിയ പെൺകോലങ്ങൾ. ഇടക്കിടെ, പരിസരം വീക്ഷിച്ച് തലയുയർത്തി നിൽക്കുന്ന ചൗക്ക മരങ്ങൾ. താഴ് വാരത്തെ ഇടുങ്ങിയ പാതയിലൂടെ നിരങ്ങി നീങ്ങുന്ന ആന വണ്ടി, അങ്ങിങ്ങായി, ഒറ്റിയും തെറ്റിയുമുള്ള പാഡികളുടെ ക്ലാവ് പിടിച്ച മേൽക്കൂരകൾ. കാടും തോടും കടന്നെത്തുന്ന കാട്ടാനയുടെ ചൂളം വിളി, ചെന്തിരാമലക്കുന്നുകളിൽ വിളഞ്ഞു നിൽക്കുന്ന ഓറഞ്ച് തോട്ടത്തിന്റെ പുളിയുള്ള പരിമളം. അതിഥി മലയിറങ്ങിയാലും അകം ബാക്കിയാക്കുന്ന നെല്ലിയാമ്പതിക്കുന്നിലെ ചിത്രങ്ങളേറെയാണ്.

നെല്ലിയാമ്പതി ദേശം, പാലക്കാട് ജില്ല, കേരള സ്റ്റേറ്റ്

  നെല്ലിയാമ്പതിയാണ് കഥാകേന്ദ്രം. പാലക്കാട് നഗരത്തിന്റെ അറുപത് കിലോമീറ്റർ അകലെ, നെന്മാറക്കടുത്ത്, 82 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനമേഖല. പുൽമേടുകളും ചോലക്കുളങ്ങളും ഇടതൂർന്ന കാടുകളും സമ്പന്നമാക്കിയ, കാവേരിയുടെയും ഭാരതപ്പുഴയുടെയും ഉത്ഭവകേന്ദ്രം. സമുദ്ര നിരപ്പിൽ നിന്ന് 1585 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 'പാടഗിരി' യാണ് ഏറ്റവും ഉയരമേറിയ പ്രദേശം. താഴ് വാരത്ത്, ഭാരതപ്പുഴയുടെ പോഷകനദിയായ മീൻചാടി. ചാടി നദികൾക്ക് കുറുകെ നിർമ്മിക്കപ്പെട്ട വിശാലമായ പോത്തുണ്ടി ഡാം. ഇവിടെ നിന്നും, വനാന്തരത്തിലൂടെ മല കയറുന്ന പതിനേഴോളം ചെറു റോഡുകളാണ് നെല്ലിയാമ്പതിയിലേക്കുള്ള വഴി തുറക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവേശന സമയം. ഒപ്പം, കേശവൻപാറയും സീതാർകുണ്ടും ലില്ലിയിലെ തേയിലത്തോട്ടങ്ങളും ഓറഞ്ച് വിളഞ്ഞ ചെന്തിരാമലക്കുന്നുകളും മനോഹരിയാക്കിയ നെല്ലിയാമ്പതി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്.

എസ്റ്റേറ്റിലെ തോട്ടംതൊഴിലാളികൾ

  ഈസ്റ്റ് ഇന്ത്യ കമ്പനി 1805 ൽ സർ. ജോർജ് എവറസ്റ്റിനെ ജിയോഗ്രഫിക്കൽ സർവ്വെക്കായി ഇന്ത്യയിലേക്കയച്ചു. ജോലിയുടെ ഭാഗമായി മദ്രാസ് പ്രസിഡൻസിയിലും ട്രാവൻകൂറുമെത്തിയ ഇദ്ദേഹം, ഓരോ ഭൂപ്രദേശങ്ങളും സൂക്ഷ്മമായി പരിശോധിച്ചു. ഇദ്ദേഹത്തിന്റെ സർവ്വേ റിപ്പോർട്ടിലാണ്, ആദ്യമായി, മൂന്നാർ മലനിരകളും നെല്ലിയാമ്പതിക്കുന്നുകളും പ്രതിപാദിക്കപ്പെടുന്നത്. തേയിലക്ക് വളക്കൂറുള്ള മണ്ണെന്ന റിപ്പോർട്ട് പ്രകാരം, അന്നത്തെ നീലഗിരി കലക്ടറായിരുന്ന ജോൺ സുള്ളിവാൽ തേയില പ്ലാന്റേഷനു വേണ്ട ഒരുക്കങ്ങളാരംഭിച്ചു. അന്ന് ഇടതൂർന്ന വനമേഖലയായിരുന്ന നെല്ലിയാമ്പതിക്കുന്നുകൾ വെട്ടിത്തെളിച്ച്, പാകപ്പെടുത്തി, ഡാർജിലിംഗിൽ നിന്ന് തൊഴിലാളികളെ ഇറക്കി തേയിലക്കൃഷിക്ക് തുടക്കം കുറിച്ചു.

  പൊതുവേ, തണുത്ത കാലാവസ്ഥയായതിനാൽ, തഴച്ചു വളരുന്ന തേയിലയും കാപ്പിയുമാണ് പ്രധാന കാർഷിക വിഭവം. അതിനാൽ തന്നെ, നെല്ലിയാമ്പതിയിലെ താമസക്കാരിലേറെയും എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളാണ്.

  മല കയറി കൈകാട്ടിയിലെത്തിയ കെ.എസ്.ആർ.ടി .സി കിതച്ചു നിന്നു. നെന്മാറയിൽ നിന്നും 26 കി.മീറ്റർ അകലെയുള്ള കൈകാട്ടിയാണ് മലയോരവാസികളാശ്രയിക്കുന്ന ഏക പട്ടണം. നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ബാങ്ക്, ഫോറസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവ ഉൾക്കൊളളുന്നതാണിവിടം. ശിശിരത്തിന്റെ മഞ്ഞുതുള്ളികൾ മരവിപ്പിച്ച പാതകളും ഇടനാഴികളും എസ്റ്റേറ്റിലേക്കുള്ള തൊഴിലാളികളെക്കൊണ്ട് തിക്കും തിരക്കും കൂട്ടുന്നുണ്ട്. അകലെ, ബസ്റ്റോപ്പിന്റെ വരാന്തയിൽ, മൂടിപ്പുതച്ച കമ്പിളിപ്പുതപ്പിനുള്ളിൽ എന്നെയും കാത്തിരിക്കുന്ന ഹനീഫ്ക്കയെക്കണ്ട് ഞാനടുത്തു ചെന്നു.

'ലില്ലി'യിൽ കായ്ച്ച തേയിലച്ചെടികൾ

  കോടമഞ്ഞിന്റെ തണുപ്പിലും ആവി പറക്കുന്ന പെട്ടിക്കടയുടെ അടുപ്പിലെ, തിളക്കുന്ന പാൽച്ചായക്ക് കാഴ്ചയിൽ തന്നെ ഒരിത്തിരി മധുരക്കൂടുതലുണ്ട്. വിശേഷങ്ങളാരായും മുമ്പ് ഒരു ചായയാവാമെന്നും പറഞ്ഞ് ഹനീഫ്ക്ക കൈ പിടിച്ച് ചായക്കട ലക്ഷ്യമാക്കി നടന്നു.

മണലാരൂ എസ്റ്റേറ്റ്

  ആവി പറക്കുന്ന ചായക്കൊപ്പം ഹനീഫ്ക്കയുടെ എരിവും പുളിയും ചേർത്ത കഥകൾക്ക് പ്രത്യേക സ്വാദുണ്ടായിരുന്നു. കടയിൽ നിന്നിറങ്ങി, 220 ഏക്കറിൽ പരന്നുകിടക്കുന്ന മണലാരു എസ്റ്റേറ്റിന്റെ ഒത്ത മധ്യത്തിൽ തലയുയർത്തി നിൽക്കുന്ന A.V.T ഫാക്ടറി ലക്ഷ്യമാക്കി നടന്നു. ബ്രിട്ടീഷ് പട്ടാളം ഇന്ത്യ വിട്ടപ്പോൾ അനാഥമായ തേയിലത്തോട്ടങ്ങളെല്ലാം സർക്കാറേറ്റെടുത്തു. അധീനതയിലായ ഭൂമി, നടത്തിപ്പിനായി വൻകിട കമ്പനികൾക്ക് ലീസിന് നൽകാനായിരുന്നു സർക്കാർ തീരുമാനം. ചായയും കാപ്പിയും ഓറഞ്ചും തഴച്ചുവളരുന്ന നെല്ലിയാമ്പതിക്കുന്നുകളുടെ നടത്തിപ്പു ചുമതല A.V.T,Poabs, എന്നീ മൂന്ന് വൻകിട കമ്പനികളുടെ അധീനതയിലായി. ഇതിൽ, ആകെ ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും മണലാരു എസ്റ്റേറ്റിന്റെ ഭാഗമായിരുന്നു.

തേയിലച്ചെടികൾ 220 ഏക്കറിൽ കണ്ണെത്താദൂരത്തോളം പരന്നുകിടന്ന മണലാരു എസ്റ്റേറ്റിന്റെ ലീസ്, പ്ലാന്റേഷൻ കമ്പനിയായിരുന്ന A.V.T ക്കായിരുന്നു. മദ്രാസാണ് കമ്പനിയുടെ ആസ്ഥാനം. എ.വി. തോമസ് എന്ന കമ്പനി സ്ഥാപകന്റെ പേരിനെ ചുരുക്കിയാണ് A.V.T എന്ന് വിളിക്കുന്നത്. തമിഴ്നാട്ടിലെ തിരുമലനഗറിൽ ജനിച്ച ഇദ്ദേഹം പിന്നീട് ലോക്സഭ എം.പി യായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളത്തിൽ ആലപ്പുഴ കേന്ദ്രീകരിച്ചായിരുന്നു ഇദ്ദേഹത്തിൻറെ പ്രവർത്തനം. സർക്കാരിൽ നിന്ന് 99 വർഷത്തേക്ക് ലീസിന് എടുത്ത തോട്ടത്തിന്റെ കാലാവധി ഈ വരുന്ന 2025 ൽ തീരാനിരിക്കെ, പുതുക്കാനുള്ള നടപടികൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. നെല്ലിയാമ്പതിയിലെ താമസക്കാരിലേറെയും എസ്റ്റേറ്റിലെ തോട്ടപ്പണിക്കുവേണ്ടി മല കയറിയവരാണ്. പശിയടക്കാൻ പകലന്തിയോളം തേയിലത്തോട്ടങ്ങൾക്കിടയിൽ ഞെങ്ങി ഞെരുങ്ങി ജീവിക്കുന്നവർ, ഫാക്ടറിയിലെ ഉരുണ്ടുകൂടിയ പുകച്ചുരുളുകൾക്കിടയിൽ ശ്വാസമടക്കിപ്പിടിച്ച് പണിയെടുക്കുന്നവർ, എസ്റ്റേറ്റിന് പുറത്തെ ജീവിതമെന്ന സ്വപ്നത്തിലേക്ക് നാണയത്തുട്ടുകൾ സ്വരുക്കൂട്ടി വെച്ച് ദിവസമെണ്ണി കാത്തിരിക്കുന്നവർ, അങ്ങനെയെത്രയെത്ര ചിത്രങ്ങൾ. "തൊലിപ്പുറത്ത് ചുളിവ് വന്നു തുടങ്ങിയെങ്കിലും വിശപ്പടങ്ങണമെങ്കിൽ തേയിലച്ചെടികൾ തന്നെ ശരണം" ഒരു ദീർഘ നിശ്വാസത്തോടെ ഹനീഫ്ക്ക എന്നെ നോക്കി പറഞ്ഞു.

  കൂനം പാലം, ലില്ലി, ചെന്തിരാമം, പോത്തുപാറ എന്നീ നാല് ഡിവിഷനുകൾ ചേരുന്നതാണ് മണലാരു എസ്റ്റേറ്റ്. ഇവിടെയുള്ള താമസക്കാരെല്ലാം കമ്പനിക്കു കീഴിലെ തോട്ടംതൊഴിലാളികളാണ്. 58 വയസ്സാണ് വിരമിക്കൽ പ്രായം. വിരമിച്ചവർക്ക് മാസത്തിൽ, 3000 രൂപ വീതം കമ്പനി പെൻഷനായി നൽകുന്നുണ്ട്.

കേരള കൃഷി വകുപ്പ് നടത്തുന്ന ഒരേയൊരു ഓറഞ്ച്, പാഷൻ ഫ്രൂട്ട് ഫാം.

താട്ട് കെട്ടിയ പെൺ കോലങ്ങൾ

  ഫാക്ടറിയിൽ നിന്നും സൈറൺ മുഴങ്ങി. പാഡികളിൽ ജോലിത്തിരക്കിലേക്കുള്ള കോപ്പുകൂട്ടലിന്റെ അവസാന ഘട്ടം. തൊഴിലാളികൾക്ക് ജോലിക്കിറങ്ങാനുള്ള സമയമായെന്നറിയിക്കാനാണ് സൈറണടിക്കുന്നത്. പരിസരം മുഴുക്കെ കേൾക്കുമാറുച്ചത്തിൽ ദിവസവും മൂന്ന് നേരം സൈറൺ ശബ്ദിക്കും. പുലർച്ചെ 4:00 നും ഉച്ചക്ക് 12:00 നും പിന്നെ രാത്രി 8: 00 നും. കേട്ട മാത്രയിൽ, പണിയായുധങ്ങളെടുത്ത് തോട്ടത്തിലെത്തുന്ന തൊഴിലാളികൾ, തോട്ടത്തിനിടയിലെ പൊടി പിടിച്ച വഴിയിലൂടെ തങ്ങളെത്തേടിയെത്തുന്ന കമ്പനി ട്രാക്ടറും കാത്ത് നില്ക്കും.

  മണലാരു ഫാക്ടറിയിലെ ഗെയ്റ്റ് കീപ്പറായ ഹനീഫ്ക്ക ഇന്നെനിക്കു വേണ്ടി നേരത്തെയിറങ്ങിയതാണ്. നാല്പത് വർഷത്തെ ജോലി ഭാരത്തിന്റെ അവശത നീരുവച്ച കാലിൽ തളം കെട്ടി നില്ക്കുന്നുണ്ടെങ്കിലും, ഞാനുമായുള്ള സംഭാഷണം കുളിരുള്ളതാക്കാനയാൾ മനപ്പൂർവ്വം ശ്രമിക്കുന്നുണ്ടെന്നെനിക്ക് തോന്നി.

താട്ടു കെട്ടിയ പെണ്ണുങ്ങൾ 

  ഫീൽഡിലും ഫാക്ടറിയിലുമായി രണ്ട് സെക്ഷനിലായാണ് എസ്റ്റേറ്റുകാരുടെ ജോലി. സ്ത്രീകളാണ് ഫീൽഡിലെ തൊഴിലാളികൾ. രാവിലെ 8:00 മുതൽ വൈകീട്ട് 5:00 വരെയുള്ള ജോലി സമയത്തിനടയിൽ ഒരു മണിക്കൂർ വിശ്രമം. തേയിലച്ചെടിയിലെ പാകമായ ഇലകൾ വെട്ടി, വട്ടിയിലാക്കി, കമ്പനി വണ്ടിയിലെത്തിക്കുന്നതാണ് ജോലി, സൊറ പറഞ്ഞും ശണ്ഠ കൂടിയും പച്ച വിരിച്ച തോട്ട് വരമ്പിലൂടെ അണിയൊപ്പിച്ച് നീങ്ങുന്ന താട്ട് കെട്ടിയ സ്ത്രീകൾ, മേനി മുഴുക്കെ ചുറ്റിവച്ച പ്ലാസ്റ്റിക് ഷീറ്റ്, അരപ്പട്ട കൊണ്ട് കെട്ടി ഭദ്രമാക്കിയിട്ടുണ്ട്. വെയിലടിക്കാത്ത വിധം മുൻവശം നെറ്റിയിലേക്കിറക്കിയ, അര വരെ നീളുന്ന കൊങ്കണിത്തലപ്പാവ്. പിൻവശത്ത് ഇരിപ്പുറപ്പിച്ച, ഇലകളിട്ടു വെക്കുന്ന അരത്താട്ട്. ചെടികൾക്കിടയിൽ പതുങ്ങിയ ശുദ്രജീവികളുടെ പെട്ടെന്നുള്ള ആക്രമണത്തെ ചെറുക്കാനുള്ള മുട്ടോളമെത്തുന്ന ഷൂ. ഇല നുള്ളാനുപയോഗിക്കുന്ന കത്രികക്ക് അരമീറ്ററോളം നീളം കാണും . കത്രികയുടെ വലത്തെ കാലിൽ കെട്ടിയുറപ്പിച്ച ഇരുമ്പു ബാസ്കറ്റിനുള്ളിൽ, വെട്ടപ്പെടുന്ന തളിരിലകൾ ഇരിപ്പുറപ്പിക്കും. ബാസ്കറ്റ് നിറയുന്ന പക്ഷം, പുറകുവശത്തെ അരത്താട്ടിലേക്ക് മാറ്റിയിടും.

  വൈകിട്ട്, അഞ്ചാകുമ്പഴേക്കും കമ്പനി വണ്ടിയെത്തും. ഓരോരുത്തരും വെട്ടിയ ഇലകൾ, ഗുണ നിലവാരം പരിശോധിച്ച്, ചാക്കിലാക്കി തൂക്കി നോക്കി കർഷകന് ബില്ല് നൽകും. ഓരോ കർഷകരുടെയും ഇല നിറച്ച ചാക്കുകൾ പരസ്പരം മാറാതിരിക്കാൻ, ഒരു ടോക്കൺ ചാക്കിൽ ഘടിപ്പിച്ച് നമ്പർ ബില്ലിലെഴുതും. ബില്ലിലെ തുക ഫാക്ടറിയിലെത്തി നേരിട്ട് വാങ്ങിയാണ് കൂലി കൈപറ്റുന്നത്. തൂക്കത്തിലെ ഏറ്റവ്യത്യാസത്തിനനുസരിച്ച് കൂലിയും മാറും.

യന്ത്രമനുഷ്യർ

  ഫീൽഡിലെ ജോലിക്കാരിൽ നാലിൽ മൂന്നും സ്ത്രീകളാണെങ്കിലും ചെടികൾക്ക് വളമിടുന്നതും മരുന്നടിക്കുന്നതും പുരുഷൻമാരാണ്. ഡ്രോണുകളിൽ ഘടിപ്പിച്ച കീടനാശിനി ചെടികളിലെത്തിച്ചാണ് മരുന്നടിക്കുന്നത്. ഫാക്ടറിയിലെ തൊഴിലാളികളെല്ലാവരും പുരുഷൻമാരാണ്. തോട്ടത്തിൽ നിന്നെത്തിയ ഇലച്ചാക്കുകൾ 'ഓവർഹെഡ് കൺവെയർ' എന്ന യന്ത്രമുപയോഗിച്ച് ഫാക്ടറിയുടെ അകത്തെത്തിക്കും. സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഇരുമ്പു ചങ്ങലയാണിത്. അകത്തെത്തിയ ചാക്കുകളഴിച്ച് തേയിലകൾ ട്രഫിനകത്ത് നിരത്തി വെക്കും. വലിയ ചതുരാകൃതിയിലുള്ള ഇരുമ്പു പലകയാണ് ട്രഫ്. ശേഷം, ട്രഫിന്റെ ഒരറ്റത്ത് ഘടിപ്പിക്കപ്പെട്ട ഫാനിന്റെ സഹായത്തോടെ അതിശക്തിയായ തണുത്ത കാറ്റും ചൂടുകാറ്റും മാറി മാറി ട്രഫിലേക്കടിക്കും. ഇലകളിലെ ജലാംശം നീക്കം ചെയ്യുന്നതിനാണിത്. 10 ഉം 12 ഉം മണിക്കൂർ നീളുന്ന ഈ പ്രക്രിയ മഴക്കാലമാണെങ്കിൽ 20 മണിക്കൂർ വരെ നീണ്ടേക്കാം. ഇത് പൂർത്തിയാകുന്നതോടെ വാടിത്തുടങ്ങുന്ന ഇലകൾ വീണ്ടും ചാക്കിലാക്കും. ഈ പ്രക്രിയയെ 'വിതറിംഗ്' എന്നാണ് വിളിക്കുന്നത്.

നെല്ലിയാമ്പതിയിലെ AVT ടീ ഫാക്ടറി

  ഈ ഇലകൾ പിന്നീട് ഈവൻ ഫീഡർ എന്ന യന്ത്രത്തിലേക്കാണെത്തുന്നത്. കൂട്ടത്തിൽ കുരുങ്ങിയ ഉപയോഗശൂന്യമായ കമ്പുകളും വള്ളികളും നീക്കം ചെയ്യലാണ് ഈവൻ ഫീഡറിന്റെ ജോലി . വേർതിരിച്ചെടുക്കുന്ന തേയിലകൾ സി.ടി.സി എന്ന മിഷീനിൽ പ്രവേശിച്ച് ലേഹ്യ രൂപത്തിൽ പുറത്തെത്തും. ശേഷം, ഇതിനെ റോളറിന്റെ ചെറുപല്ലുകൾക്കിടയിലൂടെ കടത്തി വിടുന്നതോടെ ഇലകൾ ചെറു പൊടികളായി മാറുന്നു. പിന്നീട്, ഈ പൊടികൾ തൊട്ടടുത്തുള്ള ബെൽറ്റിലൂടെ നീങ്ങി ഫെർമന്റേഷൻ ഡ്രമിലെത്തും. ശുദ്ധമായ ഓക്സിജനുമായി ചേർന്ന് തേയിലയിലെ ജൈവരാസ മാറ്റം സംഭവിക്കുന്നതിവിടെയാണ്. ഇലയിലടങ്ങിയ ആൽക്കലോയ്ഡുകളെ വേണ്ട വിധത്തിൽ പാകപ്പെടുത്തി ചായപ്പൊടിയെ രുചികരമാക്കുന്നതിനുള്ള യന്ത്രമാണ് ഫെർമന്റേഷൻ ഡ്രം . ഡ്രമിൽ നിന്നും പുറത്തു വരുന്ന ചെറു നനവുള്ള പൊടികൾ തൊട്ടടുത്തുള്ള ഡ്രയറിക്ക് സമീപമെത്തും. ചുടുകാറ്റ് കടത്തിവിടുന്ന ഡ്രയറി മുകൾഭാഗത്തെ ചേംബറിലൂടെ കടന്ന് പോകുന്ന ചായപ്പൊടിയെ ഈർപ്പമുക്തമാക്കും. ഇതിനെ ജംബോ ഹൈബ്രോമാറ്റ് എന്ന യന്ത്രം വഴി ട്രനിക് ഹോപ്പർ എന്ന വൈബ്രേഷൻ മിഷിനിലെത്തിക്കും. ഇവിടെ നിന്നും ഗുണ നിലവാരത്തിനനുസരിച്ച് 1st, 2nd, 3rd, 4th, 5th ഗ്രേഡുകളാക്കി, ചായപ്പൊടി, ചാക്കുകളിലാക്കി പുറത്ത് തൂക്കവും വിലയും രേഖപ്പെടുത്തും. ചായപ്പൊടിയായി രൂപാന്തരപ്പെട്ട തേയിലച്ചെടികൾ, ലിഫ്റ്റ് വഴി പുറത്ത് നിരത്തിയിട്ട ലോറികളിൽക്കയറി അടുക്കള തേടി യാത്രയാവും. ഫാക്ടറിയിലെ തൊഴിലാളികളെല്ലാം പുരുഷൻമാരാണ്. 4:00AM -12:00AM, 12:00PM 8:00PM, 8:00PM -4:00AM എന്നീ മൂന്ന് ഷിഫ്റ്റുകളിലായുള്ള ജോലി സമയങ്ങളിലേതെങ്കിലും ഒരു ഷിഫ്റ്റിലായിരിക്കും ഒരാളുടെ ജോലി. വൈകിട്ട് അഞ്ചാകുമ്പഴേക്കും തൊഴിലാളികളെല്ലാം ഫാക്ടറിയിലെത്തി കൂലി കൈ പറ്റാനുള്ള തിരക്കായിരിക്കും. സ്ത്രീകൾക്കാണ് പുരുഷൻമാരെ അപേക്ഷിച്ച് കൂടുതൽ കൂലി. പൊതുവിൽ നിശ്ചയിക്കപ്പെട്ടത് 417 രൂപയാണെങ്കിലും ഇലയുടെ തോതിനും തൂക്കത്തിനുമനുസരിച്ച് കൂലിയും കൂടും. സാധാരണ 450 മുതൽ 500 വരെ ദിനേനെ സമ്പാദിക്കുന്നവരാണ് മിക്ക സ്ത്രീകളും .

കരയുന്ന പാഡികൾ

  ദിവസക്കൂലി കൈ പറ്റിയതിന്റെ സന്തോഷത്തിൽ, തൊട്ടടുത്ത കോഴിക്കടയിൽ നിന്ന് അരക്കിലോ ഇറച്ചിയും വാങ്ങി, ചുളിവു വീണ കൈകളിലെന്നെ കൂട്ടിപ്പിടിച്ച് , തേയിലക്കാറ്റിന്റെ പച്ചപരിമളം പരക്കുന്ന കുന്നിൻ വരമ്പിലൂടെ, അകലെയല്ലാതെ ഉയർന്ന് കാണുന്ന പാഡിയിലെ തന്റെ വീടും ലക്ഷ്യമാക്കി ഹനീഫ്ക്ക പതിയെ നടന്നു.

  തൊഴിലാളികളുടെ താമസ സ്ഥലമാണ് പാഡികൾ. മൂന്നോ നാലോ യൂണിറ്റുകൾ ചേരുന്നതാണൊരു പാഡി . ഒരു കുടുംബത്തിന് ഒരു യൂണിറ്റെന്നോണം കമ്പനി നിശ്ചയിച്ചു നൽകിയ സ്ഥലത്താണ് താമസം. ഇടുങ്ങിയ ഹാളിനോടു ചേർന്നുള്ള ചെറു മുറിയും അടുക്കളയും ചേരുന്നതാണൊരു യൂണിറ്റ് . കാലപ്പഴക്കം വന്ന് ചിതലെടുത്ത പാഡികളിലെ അവശരായ കവുക്കോലുകൾ എന്നെത്തന്നെ തുറിച്ച് നോക്കുന്നുണ്ട്. അങ്ങിങ്ങായി, പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിക്കുന്ന കറപിടിച്ചഓടിന്റെ മേൽക്കൂര . നിലത്തു വിരിച്ച സിമന്റു തറയിൽ കിടന്ന് കുഴിവീണ കൊച്ചു മോന്റെ പുറത്ത് തടവിയാണ് മറിയുമ്മ സങ്കടം പറയുന്നത്.

 ഹനീഫ്ക്കയുടെ രണ്ടു ഭാര്യമാരിലൊരാളാണ് മറിയുമ്മ.  അകത്തെ അടുപ്പിലെ പുകച്ചുരുളുകളിൽ കിടന്ന് വിങ്ങി വിയർത്ത ചുമരുകൾ കറുത്ത് കരുവാളിച്ചിട്ടുണ്ട്. ജനൽപാളികൾ തുളച്ചകത്തു വന്ന കോടമഞ്ഞ്, ഇടുങ്ങിയ ഹാളിന്റെ വലത്തെ മൂലയിൽ ചുരുണ്ടു കൂടിയ അംജദിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഫാക്ടറിയിലെ സൈറൺ കേട്ട്, തിടുക്കത്തിൽ, വാൽക്കിണ്ടിയിൽ വെള്ളമെടുത്ത് മുറ്റത്തേക്കോടുന്ന അയൽവാസിയായ ഹംസക്ക എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. റൂമിനോട് ചേർന്ന ശുചി മുറികൾ, ഇവർക്കിന്നും സ്വപ്നമാണ്. പൊതു സ്ഥലത്ത് നിരത്തി നിർത്തിയ മൂന്നോ നാലോ കക്കൂസുകൾക്ക് മുൻപിൽ ഇടം പിടിച്ച് കാത്തു നിലക്കുന്ന മുഖങ്ങളിൽ അരിശത്തിന്റെ ചുവപ്പു നിറം പടർന്നിട്ടുണ്ട്.

തോട്ടപ്പണിക്കാരുടെ പാഡികൾ
പതിവായി, പകലുദിക്കും മുമ്പേ മുറ്റത്തെത്തുന്ന കമ്പനിവക ടാങ്കറിലാണ് ഓരോ യൂണിറ്റിലേക്കുമുള്ള വെള്ളമെത്തുന്നത്. പാഡികളുടെയോ സ്ഥലത്തിന്റെയോ ഉടമമസ്ഥാവകാശം തൊഴിലാളികൾക്കില്ല. മറിച്ച്, കമ്പനിക്കാണ്. സർക്കാർ ലീസിലുള്ള സ്ഥലമായതിനാൽ, കമ്പനി നിശ്ചയിച്ചു തരുന്ന സ്ഥലത്ത് തൊഴിലാളികൾ സൗകര്യമുള്ള വീടൊരുക്കലും സാധ്യമല്ല. താമസ സ്ഥലത്തെ സൗകര്യത്തിന്റെ കാര്യത്തിൽ കമ്പനി കനിയുന്നതും കാത്തിരിക്കുന്നവരാണ ധികമാളുകളും . ചോർന്നൊലിക്കാത്ത മേൽക്കൂരയുള്ള, അടച്ചുറപ്പുള്ളൊരു കൊച്ചു വീടും സ്വപ്നം കണ്ട് പകലന്തികൾ തള്ളിനീക്കുന്നവർ .

  പൊതുവെ, ആരോഗ്യവാൻമാരാണെസ്റ്റേറ്റുകാർ. മേലനങ്ങി പണിയെടുക്കുന്നതിനാൽ വലിയ രോഗങ്ങളെയൊന്നും വല്ലാതെ അടുപ്പിക്കാത്തവരാണിവർ. കൈ കാട്ടിയിലെ കമ്പനി വക ക്ലിനിക്കാണ് രോഗികളുടെ ഏകാശ്രയം. ചെറിയ രോഗങ്ങൾക്കുള്ള മരുന്നും, കമ്പനി ചിലവിലിവിടെ കിട്ടും. രോഗം മൂർഛിച്ചവരെ കമ്പനി ആംബുലൻസെടുത്ത് ആശുപത്രിയിലെത്തിക്കും. എന്നിരുന്നാലും, പൊടുന്നനെയുള്ള രോഗം മലയിറങ്ങി ആശുപത്രിയെത്തുമ്പഴേക്കും ഗുരുതരമാകുന്നതിനാൽ, മലമുകളിൽ സൗകര്യമുള്ളൊരാശുപത്രി തൊഴിലാളികളുടെ ആവശ്യമാണ്.

തോട്ടപണിക്ക് പോവുന്ന സ്ത്രീ തൊഴിലാളി

  ഫാക്ടറിയോടുചേർന്നുള്ള പല ചരക്കുകടയിൽ നിന്നാണ്, നിത്യോപയോഗ സാധനങ്ങൾ വീട്ടിലെത്തുന്നത്. അതേസമയം, വസ്ത്രാഭരണങ്ങൾ, ചെരുപ്പ്, വീട്ടുസാധനങ്ങൾ തുടങ്ങിയവകൾക്ക് മലയിറങ്ങി നെന്മാറയിലെത്തണം. അവശ്യസാധനങ്ങളും, കറന്റു ബില്ലുമൊഴിച്ചുള്ള, ആശുപത്രി, വെള്ളം, താമസം തുടങ്ങിയവയെല്ലാം കമ്പനി ചിലവിലാണെന്നതാണേകാശ്വാസം.

  കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയപ്പാർട്ടികളും അവയുടെ ട്രേഡ് യൂണിയനുകളും തൊഴിലാളികൾക്കിടയിലുണ്ട്. എങ്കിലും നെല്ലിയാമ്പതിയുടെ രാഷ്ട്രീയം, പൊതുവെ, ഇടത്തോട്ടാണ്. യൂണിയനുകളുടെ നേതൃത്വത്തിൽ കമ്പനി ആസ്ഥാനത്തേക്കുള്ള അവകാശ സമരങ്ങളും പ്രതിഷേധങ്ങളും സർവ്വ സാധാരണമാണവിടെ. എസ്റ്റേറ്റുൾക്കൊള്ളുന്ന പഞ്ചായത്ത് പതിനഞ്ച് വർഷമായി ഇടതു പക്ഷമാണ് ഭരിക്കുന്നത്. പ്രദേശമുൾക്കൊളളുന്ന നെന്മാറ മണ്ഡലത്തിന്റെ പ്രതിനിധിയും ഇടതുപക്ഷ എം.എൽ. എ യായ കെ.ബാബുവാണ്.

ഹയ്യഅലൽ ഫലാഹ്

അകലെ നിന്ന് തോടും തോട്ടവും കടന്നെത്തിയ വാങ്കിന്റെ ശബ്ദം ഒരു വേളത്തേക്ക് സദസ്സിനെ മൗനിയാക്കി. അങ്ങകലെ, ലില്ലിയിലെ ശാദുലിപ്പള്ളിയുടെ മിനാരങ്ങൾ ചുണ്ടനക്കുന്നത് കാണാം. മണലാരു എസ്റ്റേറ്റ് പരിധിയിലെ നാല് ഡിവിഷനുകളിലും ഓരോ മസ്ജിദുകളുണ്ട്. ഇവിടെയുള്ള ഓരോ ഡിവിഷനും വിശ്വാസികൾക്കിടയിൽ ഓരോ മഹല്ലുകളാണ്. കൂനംപാലം മുഹിയുദ്ധീൻ പള്ളിയും ലില്ലിയിലെ ശാദുലിപ്പളളിയും ചെന്തിരാമലയിലെ മുഹിയുദ്ധീൻ മസ്ജിദും പിന്നെ പോത്തുപാറ രിഫാഈ മസ്ജിദും . നാല് മഹല്ലുകളിലുമായി 200 ഓളം മുസ്ലിം കുടുംബങ്ങളിൽ 700 ഓളം തൊഴിലാളികളുണ്ട്. ഇതിൽ കൂനംപാലം മഹല്ലിൽ മാത്രം 69 കുടുംബങ്ങളിലായി 120 പേരുണ്ട്. ഭൂരിഭാഗവും, തൊഴിലാളികളായതിനാൽ വെള്ളിയാഴ്ച ജുമുഅയും ഇശാ നമസ്കാരവുമൊഴിച്ചുളള സമയങ്ങളിൽ, വിരലിലെണ്ണാവുന്നവരേ പള്ളിയിലെത്താറുള്ളൂ. കമ്പനി നിശ്ചയിച്ചു നൽകിയ മൂന്ന് സെന്റ് ഭൂമിയിൽ, ആളുകളിൽ നിന്ന് പിരിവെടുത്ത് നിർമ്മിക്കപ്പെട്ടതാണ് പള്ളികൾ .ലീസിലുള്ള സ്ഥലമായതിനാൽ വഖ്ഫ് ചെയ്യപ്പെട്ടിട്ടില്ല. കാണാമറയത്തേക്ക് പരന്നു കിടക്കുന്ന തേയിലത്തോടത്തിനിടയിൽ തലയുയർത്തി നില്ക്കുന്ന ഇളം പച്ച മിനാരങ്ങളിലൂടെ പരന്നൊഴുകുന്ന ഇലാഹീ സ്മരണയുടെ സുഖമുള്ള ശബ്ദം. ' അല്ലാഹു അക്ബർ, അല്ലാഹു അക്ബർ,

തേയിലത്തോട്ടത്തിനിടയിലെ മുഹ്യുദ്ധീൻ ജുമാ മസ്ജിദ്

  ഓരോ പള്ളിയോടും ചേർന്ന് പ്രവർത്തിക്കുന്ന മദ്റസകളിലെത്തിയാണ് കുട്ടികളുടെ മത പഠനം. സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള നാല് മദ്റസകളിലായി 23 കുട്ടികളാണ്, നിലവിൽ, പഠിക്കാനെത്തുന്നത്. കൂടെ, ഇവരെ നിയന്ത്രിക്കുന്നതിനായുള്ള അഞ്ച് ഉസ്താദുമാരും. സംസാരത്തിനിടയിൽ, അൻപതും അറുപതും കുട്ടികൾ ഇടുങ്ങിയ മദ്റസ മുറിയിലിരുന്ന് ഖുർആനോതിയതിന്റെ ആദ്യകാല ഓർമകളിലേക്ക് ഹനീഫക്കയൊന്നു തെന്നിമാറി. ഇരുപത് വർഷം മുൻപ് വരെ, 100 ലധികം മുസ്ലിം കുടുംബങ്ങൾ തിങ്ങിപ്പാർത്തിരുന്ന പോത്തുപാറ മഹല്ലിലിന്ന് 22 കുടുംബങ്ങളാണുള്ളത്. അന്ന്, 'മിനി മലപ്പുറം' എന്ന് വിളിക്കപ്പെട്ടിരുന്ന ഈ പ്രദേശം, കാലക്രമേണ, വിരമിക്കുന്നതോടെ മലയിറങ്ങി, അടച്ചുറപ്പുള്ളാരു കുടിലുകെട്ടി ജീവിക്കാനാശിച്ചവരുടെ കൊഴിഞ്ഞു പോക്കിൽ, മുസ്ലിം ന്യൂനപക്ഷ മേഖലയായി മാറി. 'ശരിയാണ്. എത്രയെന്നു വെച്ചാ ഈ ചിതലരിച്ച വീട്ടിലെ ഇടുങ്ങിയ മുറിയിലിങ്ങനെ കുട്ടികളേം കൂട്ടി... ' പറഞ്ഞു തീരും മുൻപേ ഹനീഫ്ക്കയുടെ ശബ്ദം കനത്തു. മുഖത്തെ ചുവപ്പ് മങ്ങി. സങ്കടം കണ്ണീരായി.

  തോട്ടം തൊഴിലാളികളാണെങ്കിലും കുട്ടികളെ മദ്റസയിലെത്തിക്കുന്നതിൽ കണിശരാണ് നെല്ലിയാമ്പതിക്കാർ. പരിസരത്തുളള കുട്ടികളെല്ലാം മദ്റസയിലെത്തുന്നുണ്ട് . നബിദിനത്തിന്റെ മധുരോർമ്മകളും   നെല്ലിയാമ്പതിക്കയവിറക്കാനുണ്ട്. സുബ്ഹിക്കു മുമ്പുള്ള മൗലിദ് പാരായണത്തിനും അന്നദാനത്തിനും ജാതി, മത ഭേദമന്യേ നാട് മുഴുക്കെയെത്തും. പച്ചപ്പിനിടയിലെ പള്ളി മൈതാനിയിലിരുന്ന് നബിയോർമ്മകൾ പങ്കുവെക്കും. അറിയാത്തവർക്ക് ഹബീബിനെ പരിചയപ്പെടുത്തും. മധുരം പങ്കിടും.

  മതസൗഹാർദ്ധത്തിന് പേരുകേട്ട നാടാണ് നെല്ലിയാമ്പതി. പള്ളിയെപ്പോലെത്തന്നെ, ഓരോ ഡിവിഷനുകളിലും ഒരു ചർച്ചും ഒന്നിലധികം അമ്പലങ്ങളുമുണ്ട്. ഉത്സവവും പള്ളിപ്പെരുന്നാളുമെല്ലാം ഒരുമിച്ചാണാഘോഷിക്കുക. വിഭവ സമൃദ്ധമായ സദ്യക്കൊപ്പം മാപ്പിളമാർക്ക് പ്രിയപ്പെട്ട ബിരിയാണിയും മുടങ്ങാതിരിക്കാൻ അമ്പലക്കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും. ഉത്സവപരിപാടികളിലേക്ക് സംഭാവന ചോദിച്ച് മുസ്ലിം വീടുകളിലെത്തും. ഖുതുബിയ്യത്തിന്റെ ദിവസം, വെളുക്കും മുമ്പേ പള്ളിയിലെത്തി കാണിക്ക തന്നിട്ട് മടങ്ങും. പലപ്പോഴും നമ്മളെക്കാൾ ഓഹരി അവരുടേതാകും. പല്ലു പോയ മോണകാട്ടി സ്നേഹത്തോടെ പുഞ്ചിരിച്ച് ഹനീഫ്ക്ക പറഞ്ഞു. പള്ളിയോടു ചേർന്നുള്ള കമ്പനി വക സ്ഥലത്തെ ഖബറിടത്തിൽ തേയിലച്ചെടികളുടെ തെന്നലും തസ്ബീഹു മേറ്റുറങ്ങുന്നവരെയോർക്കാനും അദ്ദേഹം മറന്നില്ല. ആൺ-പെൺ ഭേദമന്യേ പതിനെട്ട് തികഞ്ഞ മഹല്ല് പരിധിയിലെ ഓരോരുത്തരും, മാസത്തിൽ അൻപത് രൂപ വീതമടുത്താണ് പള്ളി - മദ്റസ ചെലവും ഉസ്താദുമാരുടെ ശമ്പളവും കണ്ടെത്തുന്നത്.

ഹിദായതുസ്സ്വിബ്യാൻ മദ്രസ

ദേശീയ ഗാനത്തോടെ നീട്ടിയടിച്ച സ്കൂൾ ബെല്ലിനകമ്പടിയായി കൂട്ടം കൂടിയോടുന്ന കുട്ടികളുടെ കാലടി ശബ്ദം കേൾക്കുന്നുണ്ട്. പഠനത്തിന്റെ കാര്യത്തിൽ കണിശക്കാരാണ് നെല്ലിയാമ്പതിക്കാർ.സാമാന്യം സൗകര്യമുള്ള സ്കൂളുകൾ എസ്റ്റേറ്റിനകത്തുണ്ട്. അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന പോത്തുപാറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ പടിയിറങ്ങിയവരിൽ പുറത്തു പോയി ഉപരിപഠനം നടത്തുന്നവരുമുണ്ട്. എസ്റ്റേറ്റ് വാസികളെല്ലാം തോട്ടം തൊഴിലാളികളാകണമെന്ന നിർബന്ധ ബുദ്ധിയൊന്നും കമ്പനിക്കില്ല. എന്നല്ല, താൽപര്യപൂർവ്വം ഉപരിപഠനത്തിന് പോകുന്നവർക്ക്, സ്കോളർഷിപ്പ് നൽകാനും കമ്പനി തയ്യാറാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കുന്ന ആദ്യ എസ്റ്റേറ്റ് ഡോക്ടറെ വരവേൽക്കാനുള്ള ആവേശം അവരുടെ കണ്ണുകളിൽ കാണാം.

ചിതലരിച്ച സ്വപ്നങ്ങൾ

  അകലെ നിന്ന് കുട്ടിക്കൊമ്പന്റെ ചിന്നം വിളി കേട്ട് ഹനീഫ്ക്കയൊന്ന് പകച്ചു. ബ്രിട്ടീഷുകാർ വെട്ടിത്തെളിച്ചുണ്ടാക്കിയ തേയിലത്തോട്ടത്തിന്റെ നാല് വശവും അതിരിടുന്നത്, ഇടതൂർന്ന കൊടും വനത്തിലേക്കാണ്. കാടിറങ്ങുന്ന കാട്ടാനയും പുലിയും കാട്ടുപോത്തുമൊന്നും നെല്ലിയാമ്പതിക്കാർക്ക് പുതുമയല്ല. ഇടക്കിടെ കാണാനെത്തിയാലും, ആരെയും ഉപദ്രവിക്കാതെ കാടുകയറലാണത്ര പതിവ്.

  നേരം പാതിരയോടടുത്തു. ഇശാ നിസ്കാരത്തിന് പള്ളിയിലെത്തിവരിൽ പലരും നിസ്കാരശേഷം പള്ളിയുടെ മൂലകളിൽ തന്നെ ചുരുണ്ട് കൂടി . ആൺമക്കളിലാരെങ്കിലും വിവാഹിതരായാൽ അവിവാഹിതർ അന്തിയുറക്കം പള്ളിയിലേക്കാക്കും. അസൗകര്യങ്ങൾക്ക് നടുവിൽ വിങ്ങി വിയർത്ത് കിടക്കുന്നതിലും ഭേദം പള്ളിക്കാട്ടിലെ കാറ്റേറ്റുറങ്ങുന്നതാണെന്നാണ് ഇല്യാസിന്റെ ഭാഷ്യം.

  വേറിട്ട കല്യാണ വിശേഷമാണ് നെല്ലിയാമ്പതിയുടേത്. പള്ളിയിലായിരിക്കും വിവാഹം. ഹൈന്ദവരുടേത് അമ്പലങ്ങളിലും . ജാതി മത ഭേദമന്യേ നാട്ടുകാരെല്ലാം വന്ന് ആഘോഷപരിപാടികളിൽ പങ്കു ചേരും. പത്തു പവനാണ് നാട്ടു പതിവ്. ആഘോഷം പൊടി പൊടിക്കുമ്പഴും വീട്ടു കാരണവർക്ക് നെഞ്ചിടിപ്പാണ്.

ലേഖകൻ ഹനീഫ്ക്കയുടെ കൂടെ

  നാട്ടിൻ പുറത്തെ കൂലിപ്പണിക്കാരന്റെ പകുതിപോലുമെത്താത്ത ദിവസ വേതനത്തിൽ വർധനവ് വേണം . ഇടിഞ്ഞു തുടങ്ങിയ പാഡികളിലെ വെളിച്ചമെത്താത്ത മുറികൾ സൗകര്യപ്പെടുത്തണം. താമസ സ്ഥലങ്ങളോട് ചേർന്ന് ശൗചാലയങ്ങളുണ്ടാവണം. താമസഭൂമിയുടെ ഉടമസ്ഥാവകാശം തൊഴിലാളികളുടെ പേരിലാക്കണം. എസ്റ്റേറ്റിനകത്ത് സൗകര്യമുള്ള ആശുപത്രി വേണം. പ്രളയവും ഉരുൾ പൊട്ടലമുണ്ടാക്കുന്ന അടിയന്തര സാഹ ചര്യങ്ങളെ നേരിടാനുള്ള മുൻ കരുതലുണ്ടാവണം. നിലവിലുള്ള പെൻഷൻ തുക വർദ്ധിപ്പിക്കണം. ജോലി സമയത്തിൽ കുറവ് വേണം . മലയിറങ്ങി നഗരത്തിലെത്താനുള്ള പൊതു ഗതാഗത സൗകര്യം വർദ്ധിപ്പിക്കണം.

  തോട്ടപ്പണിക്കാർക്ക് സർക്കാറിനോടും കമ്പനിയോടും ചോദിക്കാനേറെയുണ്ട്. കിനാക്കൾ പൂക്കുന്നതും കാത്ത് അഭ്രപാളിയിലേക്ക് കണ്ണും നട്ടിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലുംസർക്കാറിലവർക്ക് വിശ്വാസമുണ്ട്. പ്രതീക്ഷയുണ്ട്. ഇരുട്ട് പരന്നു. കാഴ്ച കണ്ടും കഥ പറഞ്ഞും കടന്നു പോയ സമയത്തിന് ഹനീഫ്ക്ക യോട് നന്ദിയോടെ യാത്ര പറയാനൊരുങ്ങി. മോനേ, പ്രായം 57 കഴിഞ്ഞു. വിരമിക്കുന്നതിന് മുമ്പിനി ഒരു വർഷം കൂടിയുണ്ട്. മക്കൾ നല്ല നിലയിലെത്തണം. മലയിറങ്ങണം, പാലക്കാടോ പരിസരത്തോ ഒരു മൂന്ന് സെന്റ് വാങ്ങി ചോർന്നൊലിക്കാത്ത ചെറു കൂര പണിയണം'. കുഴിഞ്ഞ കണ്ണുകളിൽ കണ്ണീർ പൊടിഞ്ഞു. ചുളിവു വന്ന കൈകളെന്റെ തലയിൽ തലോടി. വരണ്ട ചുണ്ടുകൾ പ്രാർത്ഥിച്ചു. വാന മിരുണ്ടു. കാർമേഘം മഴയായ് പെയ്തിറങ്ങി.

Questions / Comments:



16 September, 2023   09:22 am

Muhammed Swafooh OK

Great

11 September, 2023   09:32 pm

faizibnnoor@gmail.com

അക്ഷരങ്ങൾ മനോഹരം ????????