പണിയെടുപ്പിച്ച് പീഢിപ്പിച്ച യജമാനനെ ശാസിച്ച് ഒട്ടകത്തിന് ആശ്വാസമേകി. നോവനുഭവിക്കുന്ന ജീവജാലങ്ങൾക്കു പോലും സ്വാന്തനമേകിയ കാരുണ്യത്തിന്റെ ലോകമാണ് തിരുദൂതർﷺ. എല്ലാം മറന്ന്, മനുഷ്യകുലം ഭയപ്പാടിലാകുന്ന അന്ത്യനാളിലും ഒരേയൊരു അഭയം ആ റഹ്മത്താണ്.
കേൾക്കാം, വായിക്കാം::
ഉറ്റവരെ പോലും കണ്ടെത്താനാകാത്ത, സ്വന്തം നിഴൽ പോലും അപരിചിതമായി മാറുംവിധം ഓരോ മനുഷ്യനും ഭയത്താൽ സ്വയം വിജ്രംഭിച്ചു നിൽക്കുന്ന നിമിഷം; അന്ത്യനാളിലെ വിചാരണാങ്കണം.
സ്വന്തം മാതാപിതാക്കളോ മക്കളോ സഹോദരങ്ങളോ സ്വാന്തനിപ്പിക്കാനില്ലാതെ, 'നഫ്സീ... നഫ്സീ...' എന്ന് സർവ മനുഷ്യരും നിലവിളിക്കുന്ന അന്ത്യനാളിൻ്റെ അസഹനീയമായ വിചാരണച്ചൂടിൽ ഏവരും തളർന്നുനിൽക്കും. എന്നാൽ, നിരാശരായ ആത്മാക്കളുടെ ഒരേയൊരു പ്രകാശഗോപുരമായി, പ്രത്യാശയുടെ പ്രഭ ചൊരിഞ്ഞ് മുന്നിൽ അന്ന് ഉദിച്ചുയരുന്നത് അന്ത്യപ്രവാചകർ തിരുനബിﷺ മാത്രമാണ്.
ഇഹത്തിലും പരത്തിലും ചേർത്തുവെക്കുന്ന, പ്രപഞ്ചത്തിലെ സകല ജീവജാലങ്ങൾക്കും ആശ്വാസത്തിന്റെ തണലായി മാറിയ ആ അണയാത്ത വെളിച്ചത്തെക്കുറിച്ചുള്ള ചിന്തകൾ വിശ്വാസിയുടെ ഹൃദയത്തിന് വലിയ ആനന്ദവും ആത്മീയ കുളിർമയുമാണ് സമ്മാനിക്കുന്നത്.
ദിനേന അഞ്ചുനേരത്തെ പ്രാർത്ഥനാവേളകളിൽ വിശ്വാസി ആത്മാർത്ഥമായി അല്ലാഹുവിനോട് യാചിക്കാറില്ലേ; ഇഹ ലോകത്തുവെച്ച് അവിടുത്തെ തിരുസന്നിധി കാണാനും, പരലോകത്ത് അവിടുത്തെ മഹത്തായ ശുപാർശ(ശഫാഅത്ത്) ലഭിക്കാനും അനുഗ്രഹം നൽകണേ എന്ന്.
ഓരോ വിശ്വാസിയും ഉള്ളുരുകി പ്രാർത്ഥിക്കുന്നത് ആ വിചാരണ നാളിലെ അഭയത്തിന് വേണ്ടിയാണ്.
മുൻഗാമികളുടെ അഭയ മാർഗം
നമ്മുടെ മുൻഗാമികളായ ആരിഫീങ്ങളും പ്രമുഖ പണ്ഡിതന്മാരും തങ്ങളുടെ കീർത്തനങ്ങളിലൂടെയും കാവ്യങ്ങളിലൂടെയും വിശ്വാസി സമൂഹത്തെ ഉണർത്തിയത് തിരുനബിﷺയുടെ ശുപാർശയുടെ പ്രാധാന്യത്തെക്കുറിച്ചാണ്.
മലബാറിലെ ആത്മീയ പ്രകാശകാവ്യമായ മൻഖൂസ് മൗലിദിൽ ശൈഖ് സൈനുദ്ദീൻ മഖ്ദൂം തങ്ങൾ ഉത്കണ്ഠ നിറച്ച് എഴുതുന്നത് കാണാം:
"നബിമാരിൽ സർവശ്രേഷ്ഠരായവരേ... നാളെ വിചാരണ നാളിൽ അങ്ങയുടെ ശുപാർശ ഞങ്ങൾക്ക് ദാനമായി നൽകേണമേ, ആ ശുപാർശ നമുക്ക് നഷ്ടപ്പെടുകയാണെങ്കിൽ എന്തൊരു വലിയ നാശമാണ് നമ്മെ കാത്തിരിക്കുന്നത്!".
നാം യാചിക്കുന്ന ആ ശുപാർശ പരലോകത്ത് മാത്രമല്ല, ഇഹലോക ജീവിതത്തിലും നമുക്ക് അനിവാര്യമാണെന്നാണ് പൂർവസൂരികളായ പണ്ഡിതന്മാർ വിശദീകരിക്കുന്നത്.
ഇരുലോകത്തെയും സകല വിഷമഘട്ടങ്ങളിലും ആപത്തുകളിലും താങ്ങും തണലുമായി അവിടുത്തെ സ്നേഹാർദ്രമായ തിരുനോട്ടം നമുക്കുണ്ടാകണം.
ഇമാം ബുസ്വീരി(റ)വിൻ്റെ കാലാതീതമായ 'ഖസ്വീദത്തുൽ ബുർദ'യും വിശ്വാസിയെ ഓർമിപ്പിക്കുന്നത് ഇതേ യാഥാർത്ഥ്യമാണ്. ഏതൊരു പ്രയാസവും കടന്നുവരുന്ന ഭയാനകമായ സന്ദർഭങ്ങളിൽ, ഒരേയൊരു ശുപാർശകനായി നാം പ്രതീക്ഷയോടെ നോക്കുന്നത് തിരുനബിﷺയെ മാത്രമാണെന്ന് അവിടുന്ന് വ്യക്തമാക്കുന്നു.
പ്രപഞ്ചത്തിലെ സർവ അനുഗ്രഹങ്ങളും തിരുനബിﷺയുടെ ഔദാര്യത്തിന്റെ തണലിലാണ്. അപായ സൂചന ലഭിക്കുമ്പോൾ ജീവികൾ സ്വന്തം മാളത്തിലേക്ക് ഓടിയൊളിക്കും പോലെ, ഭയവും സങ്കടങ്ങളും തളർത്തുമ്പോൾ ഒരു വിശ്വാസിയുടെ ഹൃദയം എന്നും അഭയം തേടുന്നത് തിരുറൗളയിലാണ്.
അഖില ചരാചരങ്ങൾക്കും തണലായവർ
തിരുനബിﷺയുടെ സ്നേഹവും കാരുണ്യവും മനുഷ്യരിൽ മാത്രം പരിമിതമായിരുന്നില്ല; ജീവജാലങ്ങൾക്കും ജീവനില്ലാത്ത അജൈവ വസ്തുക്കൾക്കും ഒരുപോലെ അവിടുന്ന് തണൽമരമായിരുന്നു. ചരിത്രത്തിന്റെ ഏടുകളിൽ ആർദ്രമായ ഒരു സംഭവമുണ്ട്. വഴിയിൽ ഒരു മാൻപേടയെ വേട്ടക്കാരൻ കെട്ടിയിട്ടിരിക്കുന്നത് തിരുനബി കാണാനിടയായി. ആ മാൻപേട നബിﷺയോട് സംസാരിച്ചു. മലമുകളിൽ വിശപ്പോടെ കഴിയുന്ന തന്റെ പിഞ്ചുകുഞ്ഞുങ്ങൾക്ക് പാലൂട്ടാൻ അനുവാദം ചോദിക്കുകയാണ് മാൻപേട. പ്രവാചകർ സ്വന്തം ജാമ്യം നിന്ന് അതിനെ വിട്ടയച്ചു. കുഞ്ഞുങ്ങളെ പാലൂട്ടി വാക്കുപാലിച്ച് ആ മാൻപേട തിരികെ വരികയും, ശേഷം നബിﷺയുടെ കാരുണ്യപൂർവമായ ഇടപെടലിലൂടെ വേട്ടക്കാരനിൽ നിന്ന് സ്വാതന്ത്ര്യം നേടുകയും ചെയ്തു.
മറ്റൊരു സംഭവത്തിൽ, വിശപ്പടക്കാൻ ആവശ്യത്തിന് ആഹാരം നൽകാതെ കഠിനമായി പണിയെടുപ്പിച്ച ഉടമസ്ഥനെതിരെ പരാതിപ്പെട്ട ഒട്ടകത്തിന്റെ കണ്ണീർ സ്നേഹത്തോടെ തുടച്ചുകൊടുക്കാനും, ഉടമസ്ഥനെ വിളിച്ച് ശാസിക്കാനും തിരുനബി മടിച്ചില്ല. മദീന പള്ളിയിൽ പുതിയ മിമ്പർ പണിതപ്പോൾ തന്നിൽ നിന്നുമുള്ള വേർപാടിൽ വിങ്ങിപ്പൊട്ടിയ ഈന്തപ്പനത്തടിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചതും, അല്ലാഹുവിന്റെ പക്കൽ നിന്നുള്ള ശിക്ഷ ഭയന്ന് കരഞ്ഞ കല്ലിന് പ്രാർത്ഥനയിലൂടെ കാവൽ നൽകിയതും പ്രവാചകരുടെ അറ്റമില്ലാത്ത കാരുണ്യത്തിന്റെ തെളിവുകളാണ്.
'ഉമ്മത്തീ... ഉമ്മത്തീ...'
തങ്ങൾക്ക് മാത്രം നാഥൻ പ്രത്യേകമായി നൽകിയ അപൂർവ അനുഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കവെ അന്ത്യനാളിൽ ശുപാർശ ചെയ്യാനുള്ള കാര്യത്തെക്കുറിച്ച് പ്രവാചകർ എടുത്തുപറയുന്നുണ്ട്.
വിശുദ്ധ ഖുർആനിലൂടെ അല്ലാഹു വാഗ്ദാനം ചെയ്ത 'മഖാമുൻ മഹ്മൂദ്' (പ്രശംസനീയമായ സ്ഥാനം) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും ഈ മഹത്തായ ശുപാർശക്കുള്ള അധികാരമാണ്.
പരലോകത്തെ ഭയാനകമായ അന്തരീക്ഷത്തിൽ ഭയചകിതരായ മനുഷ്യർ ആദം(അ), നൂഹ്(അ), ഇബ്രാഹീം(അ), മൂസാ(അ), ഈസാ(അ) തുടങ്ങിയ പ്രവാചകന്മാരുടെ അരികിലേക്ക് സഹായത്തിനായി ഓടിയെത്തും. എന്നാൽ അന്ത്യനാളിൻ്റെ ഭയാനകതയുടെ തീവ്രതയോർത്ത് എല്ലാവരും 'നഫ്സീ നഫ്സീ' എന്ന് പറഞ്ഞ് കൈമലർത്തും. ഒടുവിൽ വിറച്ചുകൊണ്ട് എല്ലാവരും തിരുനബിﷺയുടെ അടുത്തെത്തുമ്പോൾ, അവിടുന്ന് പറയും: "അതിനായി നിയോഗിക്കപ്പെട്ടവൻ ഞാനാണ്."
തുടർന്ന് പ്രവാചകർ അർശിന് താഴെ അല്ലാഹുവിന് മുന്നിൽ സുജൂദിൽ വീണ് പ്രാർത്ഥിക്കും. അപ്പോൾ അല്ലാഹു തിരുനബിയോട് പറയും: "ഓ മുഹമ്മദ് നബിയെ, തലയുയർത്തൂ... ചോദിക്കൂ, ഉത്തരം നൽകപ്പെടും! ശുപാർശ ചെയ്യൂ, അങ്ങയുടെ ശുപാർശ സ്വീകരിക്കപ്പെടും!"
അന്ന് സ്വന്തം കാര്യത്തെക്കുറിച്ചല്ല അവിടുന്ന് സംസാരിക്കുക; മറിച്ച് ഉമ്മത്തിന് വേണ്ടി കണ്ണീരൊഴുക്കുന്ന മുത്ത് നബിയെയാണ് അവിടെ കാണുക.
ശുപാർശക്ക് അർഹതയുള്ളവർ
നാളെ വിചാരണ നാളിൽ അവിടുത്തെ ശുപാർശ വേണമെന്ന് യാചിച്ച റബീഉബ്നു കഅ്ബ്(റ) എന്ന സ്വഹാബിയോട്,
ഈ ലോകത്തെ സമ്പത്തോ സ്ഥാനമാനങ്ങളോ ആഗ്രഹിക്കാതെ, "ധാരാളം സുജൂദുകൾ ചെയ്ത് എന്നെ സഹായിക്കുക" എന്നാണ് നബിﷺ ഉപദേശിച്ചത്. കേവലം ആഗ്രഹങ്ങൾക്കപ്പുറം ആരാധനകളിൽ കണിശത പുലർത്തുന്നതിലൂടെ മാത്രമേ പ്രവാചകരുടെ ശുപാർശയ്ക്ക് നാം യോഗ്യരാകൂ എന്ന വലിയ സന്ദേശമാണ് തിരുനബിﷺ നൽകിയത്.
വിശുദ്ധ ഖുർആനിലെ നിരവധി സൂക്തങ്ങളിലൂടെ അല്ലാഹുവിന്റെ അനുമതിയോടെയുള്ള ശുപാർശ എന്ന യാഥാർത്ഥ്യം അല്ലാഹു വ്യക്തമായി അറിയിച്ചിട്ടുണ്ട്. പ്രമാണബദ്ധമായ ഈ സത്യത്തെ തള്ളിക്കളയുന്ന ചിന്തകൾ തികച്ചും ഖേദകരമാണ്. സത്യനിഷേധികൾക്ക് ഇത് ലഭിക്കില്ലെങ്കിലും, സത്യവിശ്വാസികൾക്ക് നാഥന്റെ അനുമതിയോടെ ഈ അനുഗ്രഹം ലഭിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
അന്ത്യനാളിൽ വിചാരണക്ക് ശേഷം മനുഷ്യർ മൂന്ന് വിഭാഗങ്ങളായി വേർത്തിരിക്കപ്പെടും. ഒന്ന്, തിന്മകളൊന്നുമില്ലാതെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന സൗഭാഗ്യവാന്മാരാണ്.
രണ്ട്, യാതൊരു നന്മയുമില്ലാതെ നരകത്തിലേക്ക് തള്ളപ്പെടുന്ന ദുർഭാഗ്യവാന്മാരും
മൂന്ന്, നന്മയും തിന്മയും ഇടകലർന്നുപോയ ഭൂരിഭാഗം വരുന്ന സാധാരണ വിശ്വാസികളുമാണ്. ഈ മൂന്നാമത്തെ വിഭാഗത്തിനാണ് തിരുനബിﷺയുടെ ശുപാർശ ഏറ്റവും വലിയ ആശ്വാസവും രക്ഷയുമായി മാറുന്നത്.
ആത്മബന്ധത്തിന്റെ വഴി
ഇസ്ലാമിക ചരിത്രത്തിൽ നബിയുﷺടെ പിതൃസഹോദരനായ അബൂത്വാലിബിന് ലഭിച്ച പ്രത്യേക ഇളവും ഇതിനൊരു തെളിവാണ്. തിരുനബിക്ക് ജീവനുതുല്യം സ്ഥാനം നൽകിയ സംരക്ഷണത്തിന് പകരമായി പ്രവാചകർ നടത്തിയ പ്രത്യേക പ്രാർത്ഥന കാരണത്താലാണ് നരകത്തിലെ കഠിനമായ ശിക്ഷയിൽ നിന്ന് അദ്ദേഹത്തിന് ഇളവ് നൽകപ്പെടുന്നത്. സകല കാര്യങ്ങളും അല്ലാഹുവിന്റെ അനുമതിക്ക് വിധേയമാണെന്നും അതിന്റെ പൂർണ അധികാരം അല്ലാഹുവിന് മാത്രമാണെന്നും ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു.
തീക്ഷ്ണമായ വിചാരണയുടെ അന്ത്യനാളിൽ അല്ലാഹുവിന്റെ കോപത്തിൽ നിന്ന് രക്ഷപ്പെടാനും വിജയിക്കാനും തിരുനബിﷺയോടുള്ള ആത്മാർത്ഥമായ സ്നേഹബന്ധവും അവിടുത്തെ ശുപാർശയിലുള്ള പ്രതീക്ഷയും മാത്രമാണ് വിശ്വാസിയുടെ ഏറ്റവും വലിയ കൈമുതൽ.
അവിടുത്തെ മാതൃകാപരമായ ജീവിതചര്യാക്രമങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തിയും, തിരുനബിﷺയുടെ മേൽ ധാരാളം സ്വലാത്തുകൾ ചൊല്ലി പ്രാർത്ഥിച്ചും ആ തിരുറൗളയോട് ചേർന്നുകിടക്കാൻ ഓരോ വിശ്വാസിയും പരിശ്രമിക്കേണ്ടതുണ്ട്. ആ പ്രകാശഗോപുരം മാത്രമാണ് ഇരുളടഞ്ഞ പരലോക ജീവിതത്തിലെ ഏക രക്ഷാതീരം!