ആരമ്പ റസൂലിന്റെ കോടതി അസാധാരണമാം വിധം നീതിയുടെ സങ്കേതമായിരുന്നു. മുസ്‌ലിം, അമുസ്‌ലിം, അടിമ, ഉടമ, നിർധനൻ, ധനികൻ, തുടങ്ങി വാദിയുടേയും പ്രതിയുടേയും പ്രതിനിധാനങ്ങൾക്ക് സമാനപരിഗണനയുള്ളതായിരുന്നു അവിടുത്തെ വിധിതീർപ്പുകൾ.


"ഒത്ത ഉയരം, വീതിയുള്ള ചുമലുകളും കരുത്തുറ്റ കരങ്ങളും മേലങ്കിക്ക് മുകളിലൂടെ പരന്നൊഴുകുന്ന താടി..." ന്യൂയോർക്ക് സുപ്രീംകോടതിയിൽ സ്ഥാപിച്ചിരുന്ന തിരുനബിയുടെ രൂപത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് നൽകിയ വിശദീകരണമാണിത്.

രാഷ്ട്ര നിർമിതിയെ സ്വാധീനിച്ച നിയമദായകരുടെ ശിൽപങ്ങളിൽ തിരു നബി ﷺ യുടേതും ഉണ്ടായിരുന്നത്രെ. ന്യൂയോർക്ക് സുപ്രീം കോടതിക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന ശിൽപങ്ങളുടെ കൂട്ടത്തിൽ നിന്നും 1955 ന് ശേഷമാണ് ഈ പ്രതിമ നീക്കം ചെയ്യപ്പെട്ടതെന്ന് പറയപ്പെടുന്നു.

നീതി സങ്കൽപ്പങ്ങളിൽ ആധുനിക സമൂഹങ്ങൾക്കുള്ള തിരുനബി മാതൃകയാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.

മനുഷ്യനായി ജീവിക്കാൻ ആഗ്രഹിക്കുന്നവരൊക്കെ തിരു ജീവിതത്തെ മാതൃകയാക്കാൻ സങ്കോചങ്ങളില്ലാത്തവരാണ്. നീതിപീഠങ്ങളിൽ നിന്നും നീതി ലഭിക്കാതെയാകുമ്പോഴാണ് ജനം അസ്വസ്ഥരാകുന്നത്, നിയമം കയ്യിലെടുക്കാൻ ഒരുമ്പെടുന്നത്, ഭരണാധികാരികളെ ശത്രുക്കളായി കാണുന്നത്. കോടതികളിൽ നീതി കളിയാടുമ്പോഴെല്ലാം ജനങ്ങളിൽ നിന്നും ആശ്വാസ നെടുവീർപ്പുകൾ ഉയരും. മറിച്ചാവുമ്പോൾ ഹൃദയം നീറിപ്പുകഞ്ഞ് മറുവഴികൾ ചിന്തിച്ചു തുടങ്ങും.

തിരുനബി ﷺ യുടെ മദീനയിൽ നീതിയെ ചൊല്ലിയുള്ള ആശങ്കകൾ ഇല്ലായിരുന്നു. സ്വന്തക്കാർ, ബന്ധുക്കൾ, അനുയായികൾ എന്നീ ഘടകങ്ങൾക്കൊന്നും നീതി നടപ്പാക്കുന്നിടത്ത് ഒരു പ്രധാന്യവും കൽപ്പിക്കപ്പെട്ടിരുന്നില്ല.

വ്യക്തി സ്വാതന്ത്ര്യത്തേക്കാൾ സാമൂഹ്യ ജീവിതത്തിന് പ്രസക്തി നൽകുന്ന പാഠങ്ങളാണ് തിരു ജീവിതം മുഴുക്കെയും.

ധനികർക്ക് പ്രാധാന്യം നൽകുന്നതും ദരിദ്രരെ അവഗണിക്കുന്നതും ബന്ധുക്കളെ പരിരക്ഷിക്കുന്നതുമായ നിയമ സംവിധാനമല്ല അവിടുന്ന് ലോകത്തിന് പരിചയപ്പെടുത്തിയത്.

ബനൂ മഖ്സും ഗോത്രത്തിലെ ഒരു സ്ത്രീ മോഷണക്കേസിൽ പ്രതിയായി. സ്ത്രീയുടെ ബന്ധുക്കൾ നബിﷺ യെ സ്വാധീനിക്കാൻ ചില ശ്രമങ്ങൾ നടത്തി. തിരുദൂതർ ﷺ യുടെ പ്രിയ കൂട്ടുകാരൻ ഉസാമതുബ്നു സൈദ് (റ) മുഖേനയാണ് അവർ ഈ കാര്യത്തിന് മുതിർന്നത്. എന്നാൽ സൈദ് (റ) വിഷയം അവതരിപ്പിച്ചപ്പോൾ കാരുണ്യത്തിന്റെ തിരുദൂതർ അരിശം കൊണ്ടു.

"സൈദ്, നീ അല്ലാഹു നിശ്ചയിച്ച ശിക്ഷ നടപ്പാക്കുന്നിടത്താണോ ശുപാർശക്ക് വന്നിരിക്കുന്നത് "

പിന്നീട് എല്ലാവരോടുമായി പറയാൻ തുടങ്ങി.

"ജനങ്ങളെ, നിങ്ങൾക്കു മുമ്പ് ഒരു സമുദായമുണ്ടായിരുന്നു. അവർ അവരുടെ കൂട്ടത്തിലെ ഉന്നതർ മോഷണത്തിൽ പിടിക്കപ്പെടുമ്പോൾ വെറുതെ വിടുകയും അബലരാണ് പിടിക്കപ്പെടുന്നതെങ്കിൽ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പ്രവണതയുള്ളവരായിരുന്നു. അല്ലാഹുവാണേ സത്യം , മുഹമ്മദിന്റെ മകൾ ഫാത്വിമയാണ് കളവ് നടത്തുന്നതെങ്കിലും അവളുടെ കൈ മുഹമ്മദ് മുറിച്ചിരിക്കും."

വർണ, ജാതി, കുല മഹിമകൾക്കനുസൃതമായി വിധി പുറപ്പെടുവിച്ചിരുന്ന അക്കാലത്ത് നീതിയുടെ പ്രഖ്യാപനമായിരുന്നു തിരുനബി ﷺ യുടെ വാക്കുകൾ.

കേവലം വിധി പ്രസ്താവനകളിലൊതുങ്ങുന്നതല്ലായിരുന്നു തിരുനബി ﷺ യുടെ നീതിന്യായനിലപാടുകൾ. വാദിക്കും പ്രതിക്കും ഉപകാരപ്പെടുന്ന സദുപദേശങ്ങൾ കൂടി ഉൾക്കൊള്ളുന്ന രൂപത്തിലായിരുന്നു അവിടുത്തെ വിധി തീർപ്പുകൾ.

ഒരിക്കൽ അനന്തരസ്വത്തുമായി ബന്ധപ്പെട്ട തർക്കം തിരുസന്നിധിയിലെത്തി. രണ്ടുപേരുടെ അടുക്കലും വാദങ്ങൾക്കനുകൂലമായ തെളിവുകളില്ലായിരുന്നു. ഈയൊരു സന്ദർഭത്തിൽ കാര്യത്തിന്റെ ഗൗരവം ഓർമപ്പെടുത്തിക്കൊണ്ട് നബി ﷺ ഹൃസ്വമായ ഒരു ഉപദേശം നൽകി.

" ഞാനൊരു മനുഷ്യൻ, നിങ്ങൾ എന്റെ അടുത്തേക്ക് പരാതിയുമായി കടന്നുവരും. പ്രതിയോഗികളിലൊരാൾ മറ്റൊരാളേക്കാൾ സമർഥന ശേഷിയുള്ളവനായേക്കാം. നിങ്ങളുടെ അവതരണത്തിൽ നിന്നായിരിക്കും ഞാൻ വിധി പ്രസ്താവിക്കുന്നത്. യഥാർത്ഥത്തിൽ അനർഹമായിട്ടാണ് അയാൾക്കിത് ലഭിക്കുന്നതെങ്കിൽ അയാൾ തന്റെ പ്രതിയോഗിയിൽനിന്ന് ഒന്നും എടുക്കാൻ പാടില്ല. കാരണം ഞാനീ വിധിച്ചു നൽകുന്നത് നരകാഗ്‌നിയിൽ നിന്നും ഒരു ഭാഗമാണ് ".

തിരുനബി ﷺ യുടെ വചനങ്ങൾ പരാതിക്കാരുടെ ഹൃദയങ്ങളിൽ തറച്ചു. അവർ കരയാൻ തുടങ്ങി. രണ്ടു പേരും അവർക്കുള്ള വിഹിതങ്ങൾ തന്റെ പ്രതിയോഗിക്ക് വിട്ടു നൽകാൻ തയ്യാറായി. രണ്ടു പേരും പറഞ്ഞത് " എന്റെ അവകാശം നിനക്ക് വിട്ടു തന്നിരിക്കുന്നു " എന്നായിരുന്നു.

നിഷ്കളങ്ക ഹൃദയരായ അവരെ മുത്ത്നബി സദുപദേശത്തിലൂടെ തിരുത്തുകയായിരുന്നു. തുടർന്ന് നബി ﷺ പറഞ്ഞു. "ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ സ്വത്ത് തുല്യമായി ഭാഗിച്ച് ഓരോരുത്തരും അവരവരുടെ സ്വത്തിനെ സഹോദരന് കൈകാര്യ അനുമതി നൽകിയതിന് ശേഷം ഓരോ വിഹിതങ്ങൾ ഓരോരുത്തരായി എടുത്തോളൂ." ഇതോടെ പ്രശ്നത്തിനു പരിഹാരമാവുകയായിരുന്നു.

കൃത്യമായ തെളിവുകളില്ലാതെ ഇത്തരം ഉദ്യമങ്ങൾക്ക് മുതിരരുതെന്നും അർഹതയില്ലാത്തതാണ് കോടതി വിധിച്ചതെങ്കിൽ അത് കൈപറ്റരുതെന്നുമാണ് നബി ﷺ ഈയൊരു സംഭവത്തിലൂടെ ഉമ്മത്തിനെ പഠിപ്പിച്ചിരിക്കുന്നത്.

മറ്റൊരു സംഭവമിങ്ങനെയാണ്. "ജാബിറുബ്നു അബ്ദില്ലാഹ്(റ) ഒരു യഹൂദിയിൽ നിന്നും കുറച്ച് പണം കടം വാങ്ങി. തിരിച്ചടക്കാനുള്ള സമയമായപ്പോൾ അദ്ദേഹത്തിൻ്റെ കയ്യിലൊന്നുമില്ല.

തിരുനബി വിഷയത്തിലിടപെടുകയും യഹൂദിയുമായി സംസാരിച്ച് ജാബിറി(റ)ന് സാവകാശം നൽകാൻ ആവശ്യപെടുകയും ചെയ്തു. പല തവണ പറഞ്ഞിട്ടും അയാൾ സാവകാശം അനുവദിക്കാൻ തയാറായില്ല. അതോടെ തിരുനബിﷺ തീർത്തു പറഞ്ഞു, "ജാബിർ ഉടനെ പണം തീർത്തു കൊടുത്തേ മതിയാകൂ."

തിരുനബി ﷺ യുടെ ഇടപെടൽ ഇവിടെ ശ്രദ്ധേയമാണ്. തൻ്റെ സഹജീവിയുടെ കണ്ണീരൊപ്പാൻ തന്നാലാവും വിധം കഷ്ടപ്പെടുന്ന മനുഷ്യനായും, അബലനു കരുത്തേകാൻ മുന്നിട്ടിറങ്ങുന്ന സാമൂഹ്യ സേവകനായും അവസാനം വിധി തീർപ്പു കൽപ്പിക്കുന്ന ന്യായാധാപിനായും തൻ്റെ ദൗത്യം പൂർത്തീകരിക്കുകയാണ് തിരു നബി ﷺ ചെയ്തത്.

തിരുനബിയുടെ ഈ നീതി തീർപ്പുകളുടെ തുടർച്ചകൾ പിൽക്കാലത്തും കാണാനാവും.

ഉമർ (റ) ന്റെ ഭരണകാലം. ഒരാൾ അലി (റ) വിനെയും കൊണ്ട് ഖലീഫയുടെ അടുത്തെത്തി. അലി (റ) നെ കുറിച്ച് എന്തോ പരാതിയുണ്ടത്രെ. ഉമർ (റ) പറഞ്ഞു: "അബുൽ ഹസൻ, നിങ്ങൾ പ്രതിയോഗിക്കൊപ്പം ഇരിക്കൂ." ഇത് കേട്ട അലി (റ) ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു, പ്രതിയോഗിക്കൊപ്പമിരുന്നു.

ഈയൊരു സന്ദർഭത്തിൽ അലി (റ) വിലുണ്ടായ ഭാവവ്യത്യാസം ഉമർ (റ) ശ്രദ്ധിച്ചു. അങ്ങനെ വാദപ്രതിവാദങ്ങളും വിധി തീരുമാനങ്ങളും തീർപ്പാക്കിയതിനു ശേഷം ഉമർ അലി (റ) നോട് ചോദിച്ചു. അപ്പോഴേക്കും പരാതിക്കാരൻ സ്ഥലം വിട്ടിരുന്നു.

" ഞാൻ അയാളോടൊപ്പം ഇരിക്കാൻ പറഞ്ഞപ്പോൾ നിങ്ങളുടെ മുഖത്തെന്തേ ഒരു ഭാവ വ്യത്യാസം ? ഞാൻ പറഞ്ഞത് ഇഷ്ടമായില്ലേ? ഉമർ(റ)ൻ്റെ ചോദ്യം. ഉടനെ അലി (റ) , പറഞ്ഞു.

"അതെ, നിങ്ങളുടെ പ്രയോഗം അത്ര നന്നായില്ല. നിങ്ങളെന്റെ പേരിനു പകരം കുൻയത്(സ്ഥാനപ്പേര്)ആണ് (അബുൽ ഹസൻ) ഉപയോഗിച്ചത്. അങ്ങനെ പ്രയോഗിക്കുന്നത് ആദരവിന്റെ ഭാഗമാണ്. പകരം നിങ്ങളെന്നെ അലി എന്ന് തന്നെ അഭിസംബോധനം ചെയ്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു."

ഇത് കേട്ട ഉമർ (റ) അലി (റ) നെറ്റിയിൽ ചുംബനമർപ്പിച്ചു. സദുപദേശത്തിനുള്ള ന്യായാധിപൻ്റെ സ്നേഹ സമ്മാനമായിരുന്നു അത്.

റസൂലിന്റെ കോടതി മുറിയാണ് സ്വഹാബത്ത് കണ്ടു പഠിച്ചത്. അവിടെ, സത്യവും നീതിയും സങ്കോചങ്ങളില്ലാതെ പുലർന്ന് കൊണ്ടിരുന്നു. അസത്യത്തെ സത്യമാക്കിയും സത്യത്തെ അസത്യമാക്കിയും കോടതി വിധികൾ അസ്വസ്ഥമാക്കുന്ന പുതിയ ലോകത്തിന് പാഠമാണ് തിരുനബി ﷺ യുടെ കോടതിയും നീതിന്യായവും.

Questions / Comments:29 September, 2023   09:27 pm

Arshad saquafi mappatukara

ما شاء الله