വേൾഡ് കോയിൻ ആശയവുമായി ചാറ്റ് ജിപിറ്റി സ്ഥാപകൻ സാം ആൾട്ട് മാൻ രംഗത്തുവന്നിരിക്കയാണ്. അധ്വാനമില്ലാതെ സമ്പാദിക്കാമെന്ന മോഹവാഗ്ദാനങ്ങൾ മനുഷ്യനെ വില്പനച്ചരക്കാക്കുന്നിടത്ത് ഇസ്‌ലാം പങ്കുവെക്കുന്ന നാണയസങ്കൽപ്പത്തിന് പ്രധാന്യമേറെയാണ്. ക്രിപ്റ്റോ ലോകവുമായി വിശ്വാസി അറിഞ്ഞിരിക്കേണ്ട കർമശാസ്ത്ര വിശേഷങ്ങൾ.
ക്രിപ്റ്റോ കറൻസി
ഡിജിറ്റൽ പണമാണ് ക്രിപ്റ്റോ കറൻസി. ഗോപ്യഭാഷാസാങ്കേതികവിദ്യയായ ക്രിപ്റ്റോഗ്രഫി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭൗതിക രൂപം കൈവരിക്കാത്ത (physical existence) നാണയ വ്യവസ്ഥയാണിത്. ഈ വെർച്വൽ കറൻസികൾ കാണാനോ, സ്പർശിക്കാനോ സാധിക്കില്ല. അതിസങ്കീർണമായ പ്രോഗ്രാമുകളാണ് ക്രിപ്റ്റോ കറൻസികളുടെ അടിസ്ഥാനം. എൻക്രിപ്ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇവയെ ക്രിപ്റ്റോ എന്ന് വിശേഷിപ്പിക്കുന്നത്.
ബിറ്റ്‌കോയിന്‍
ലോകത്തിലെ ആദ്യ ക്രിപ്‌റ്റോകറന്‍സിയാണ് ബിറ്റ്‌കോയിന്‍. മേഖലയില്‍ ഏറ്റവും മൂല്യമുള്ളതും, പ്രചാരമുള്ളതും ബിറ്റ്‌കോയിനുകള്‍ക്കുതന്നെ. 2008- ല്‍ സതോഷി നകമോട്ടോ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു കേന്ദ്രമാണ് ബിറ്റ് കോയിന്‍ ആദ്യമായി അവതരിപ്പിച്ചത്. സൃഷ്ടാവ് ഇപ്പോഴും അജ്ഞാതനായി തുടരുന്നു. ഡോളറിനെതിരെ ഏകദേശം 30,000 ഡോളര്‍ റേഞ്ചിലാണ് നിലവില്‍ ബിറ്റ്‌കോയിന്റെ വിപണനം നടക്കുന്നത്. 60000 ഡോളറിനു മുകളില്‍ ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ന്ന സാഹചര്യങ്ങളുമുണ്ട്. ബിറ്റ്‌കോയിനു പിറകേ 100 കണക്കിനു ക്രിപ്‌റ്റോ കറന്‍സികളാണ് വിപണികളില്‍ അവതരിപ്പിക്കപ്പെട്ടത്. എതേറിയം, റിപ്പിള്‍, ലൈറ്റ് കോയിന്‍, സെറ്റലര്‍, ഷിബാ ഇനു, ഡാഷ് കോയിന്‍, ടെറാ കോയിന്‍ തുടങ്ങിയവയെല്ലാം ഇന്നും വിപണികളിലെ താരങ്ങളാണ്.
ബിറ്റ്കോയിൻ credit: freepik.com
പ്രവര്‍ത്തനവും ഉപയോഗവും
ക്രിപ്‌റ്റോ കറന്‍സികള്‍ ഒരു രാജ്യത്തിന്റെയോ, കേന്ദ്ര ബാങ്കിന്റെയോ അനുമതി കൂടാതെയാണ് പ്രവര്‍ത്തിക്കുന്നത്. വിപണികളിലെ ആവശ്യകതയാണ് ഇത്തരം കറന്‍സികളുടെ മൂല്യം നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ അവ തികച്ചും അസ്ഥിരമാണ്. ആധുനിക/പാരമ്പര്യ സമ്പദ് ഘടനയനുസരിച്ച് നമ്മുടെ പണമിടപാടുകള്‍ നിയന്ത്രിക്കുന്ന ഒരു അതോറിറ്റിയുണ്ട്. ഇന്ത്യയില്‍ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റ്, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തുടങ്ങിയ സ്ഥാപനങ്ങളാണ് അത് നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ ഒരാളുടെ വരുമാനത്തെ കുറിച്ചും അതിന്റെ ക്രയവിക്രയങ്ങളെക്കുറിച്ചും കൃത്യമായ ധാരണ സര്‍ക്കാറിനുണ്ടാകും. അനധികൃതമായി പണമിടപാട് നടത്താനോ നികുതി വെട്ടിക്കാനോ സാധിക്കുകയില്ല. രാജ്യത്തുള്ള പണത്തിന്റെ ലഭ്യതയെ (Money Supply) നിയന്ത്രിക്കാനും സാധിക്കും. മേല്‍നോട്ടം ഇല്ലാത്തതിനാല്‍ തന്നെ ഇത്തരം കറന്‍സികളുടെ കൈമാറ്റം ട്രാക് ചെയ്യാന്‍ സാധിക്കില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും, കള്ളപ്പണം വെളുപ്പിക്കാനും ക്രിപ്‌റ്റോ കറന്‍സികള്‍ വലിയതോതില്‍ ഉപയോഗിക്കപ്പെട്ടേക്കാം. ബിറ്റ്‌കോയിന്‍ ഉപയോഗം ലളിതമാണ്. അത് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരു സൈറ്റിലൂടെ ആവശ്യക്കാര്‍ ഒരു ബിറ്റ്‌കോയിന്‍ വാലറ്റ് സ്വന്തമാക്കണം. അതിനുശേഷം അവരുടെ ബാങ്കില്‍ നിന്ന് പണം വാലറ്റിലേക്ക് മാറ്റി പിന്നീട് ബിറ്റ് കോയിന്‍ വാങ്ങാന്‍ ഉപയോഗിക്കാം. ബിറ്റ്‌കോയിനുകള്‍ വാലറ്റിലോ കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ ശേഖരിച്ചു വെക്കാം. ഇത് ഉപയോഗിച്ച് പ്രത്യേക രീതിയില്‍ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണ കറന്‍സി പോലെ ഉപയോഗിക്കാവുന്നതല്ല.
പ്രചാരം
മണി മാര്‍ക്കറ്റില്‍ കേന്ദ്രീകൃത രീതി(Centralized) ഒഴിവാക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ട് വെക്കുന്നത് ഓസ്ട്രിയന്‍ സാമ്പത്തിക ശാസ്ത്രഞ്ജനായ ഫ്രഡ്‌റിക്ക് ഹയെക് (Friedrich Hayek) ആണ്. 1976 ല്‍ പ്രസിദ്ധീകരിച്ച ഹയെകിന്റെ 'Denationalisation of money' എന്ന പുസ്തകത്തിലൂടെയാണ് കേന്ദ്രീകൃതമല്ലാത്ത, സ്വകാര്യ സ്വഭാവമുള്ള 'good money' എന്ന ആശയത്തെ അദ്ദേഹം മുന്നോട്ട് വെക്കുന്നത്. പണപ്പെരുപ്പം പോലുള്ള സാമ്പത്തിക സമസ്യകളുടെ കെട്ടഴിക്കാന്‍ ഇത്തരം പണങ്ങള്‍ക്ക് സാധിക്കുമെന്നായിരുന്നു ഹയെകിന്റെ അവകാശവാദം.
2008 ലെ സാമ്പത്തികമാന്ദ്യമാണ് ക്രിപ്‌റ്റോ കറന്‍സിയെന്ന ആശയം മുന്നോട്ടു കൊണ്ടുവന്നത്. ജനങ്ങളുടെ കൈകളിലേക്കുള്ള അധികാര വികേന്ദ്രീകരണമാണ് ക്രിപ്‌റ്റോ കറന്‍സികളുടെ ലക്ഷ്യം. ബാങ്കുകളും, സര്‍ക്കാരുകളും സാമ്പത്തികമാന്ദ്യത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു. സര്‍ക്കാരുകള്‍ ആവശ്യാനുസരണം കറന്‍സി അച്ചടിക്കുന്നതു മൂലം കാലക്രമേണ അതിന്റെ മൂല്യം കുറയുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു ക്രിപ്‌റ്റോ വക്താക്കള്‍ വിശ്വസിക്കുന്നു. ഇതിനു ബദലായി അവര്‍ ക്രിപ്‌റ്റോ കറന്‍സികള്‍ അവതരിപ്പിക്കുകയായിരുന്നു. മൂല്യം നിലനിര്‍ത്തുന്നതിനായി ക്രിപ്‌റ്റോ കറന്‍സികളുടെ എണ്ണം പരിമിതപ്പെടുത്തി. ലോകത്ത് 21 ദശലക്ഷം ബിറ്റ്‌കോയിനുകള്‍ മാത്രമേ എക്കാലത്തും ഉണ്ടാകുകയുള്ളുവെന്ന് പറയുന്നതിന് കാരണവും ഇതാണ്.
ഒരു അതോറിറ്റിയുടെ അംഗീകാരമില്ലാതെ, ഭൗതിക രൂപമില്ലാതെ എങ്ങനെയാണ് ഇത്രയും വലിയ വില വരുന്നത് എന്ന് ആലോചിക്കുന്നവരുണ്ടാകാം. കേവലം ഡിമാന്റിനെയും ലഭ്യതയെയും അടിസ്ഥാനമാക്കിയാണ് ബിറ്റ്‌കോയിനിന്റെ വില കണക്കാക്കുന്നത്. 21മില്യണ്‍ ബിറ്റ്‌കോയിന്‍ മാത്രമേ ഖനനം ചെയ്‌തെടുക്കാന്‍ സാധിക്കുകയുള്ളു. നിലവില്‍ 18.7 മില്യണ്‍ ബിറ്റ്‌കോയിന്‍ ഖനനം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ലഭ്യതയിലെ ഈ കുറവാണ് (Scarcity) ബിറ്റ്‌കോയിന്‍ വില വര്‍ധിപ്പിക്കുന്നത്. ഇതര ബാങ്കിങ് സംവിധാനങ്ങളെക്കാളും സുരക്ഷിതമായ ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതിക വിദ്യയിലാണ് ബിറ്റ്‌കോയിന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല, ഇടപാടുകള്‍ പലയിടങ്ങളിലായി രേഖപ്പെടുത്തി വെക്കുന്നത് കൊണ്ട് പിഴവുകളും സംഭവിക്കുന്നില്ല. ഈ കാരണങ്ങള്‍ കൊണ്ട് ജനങ്ങള്‍ അതിനെ കൂടുതല്‍ ഡിമാന്‍ഡ് ചെയ്യുന്നു. ഇത് വില കൂടാന്‍ കാരണമാവുകയും ചെയ്യുന്നു. ഈ അടുത്ത് ചൈന ബിറ്റ്‌കോയിന്‍ വിഷയത്തില്‍ പ്രതികൂലമായ ഒരു നടപടി സ്വീകരിച്ചപ്പോള്‍ ഡിമാന്‍ഡ് കുത്തനെ ഇടിയുകയും വില കുറയുകയും ചെയ്തത് നാം കണ്ടതാണ്. ചുരുക്കത്തില്‍, സത്താപരമായി ഒരു മൂല്യമില്ലാത്ത (Intrinsic Value) ബിറ്റ്‌കോയിനുകളുടെ വില കേവലം ഡിമാന്‍ഡ്- സപ്ലെയെ അടിസ്ഥാനമാക്കിയാണെന്ന് മനസ്സിലാക്കാം.
ഖനനം (Mining)
എന്താണ് ബിറ്റ്‌കോയിന്‍ ഖനനം? രണ്ടു വ്യക്തികള്‍ തമ്മില്‍ Peer to Peer ഇടപാട് നടത്തുന്ന സമയത്ത് അത് രേഖപ്പെടുത്തിവെക്കാന്‍ ആധുനിക സമ്പദ്‌വ്യവസ്ഥയില്‍ ഗവണ്മെന്റ് അതോറിറ്റികള്‍ ഉണ്ട്. എന്നാല്‍ ബിറ്റ്‌കോയിനില്‍ ഈ ചുമതല നിര്‍വഹിക്കുന്നത് പബ്ലിക് ആണ്. അതിന് വേണ്ടി തയ്യാറാക്കിയ റൂമിലേക്ക് ഒരു പബ്ലിക് കീ ഉപയോഗിച്ച് അവര്‍ കയറുന്നു. ശേഷം ഇടപാടിനെ കണക്ക് പുസ്തകമായ ബ്ലോക്ക്‌ചെയിനില്‍ രേഖപ്പെടുത്താന്‍ വേണ്ടി ശ്രമങ്ങള്‍ നടത്തുന്നു. ഈ ശ്രമത്തെയാണ് 'ഖനനം' എന്ന് പറയുന്നത്. പ്രൈവറ്റ് കീ കണ്ടെത്തുന്നതോടെ ഖനനം പൂര്‍ത്തിയാകുന്നു. പ്രസ്തുത ഇടപാട് ബ്ലോക്ക് ചെയിനില്‍ കൂട്ടി ചേര്‍ക്കപ്പെടും. ഇടപാടുകള്‍ രേഖപ്പെടുത്തി വെക്കുന്ന പബ്ലിക് ഇലക്ട്രോണിക് ലെഡ ്ജര്‍ ആണ് ബ്ലോക്ക് ചെയിന്‍. ആദ്യകാലത്ത് ഖനനം വളരെ എളുപ്പമായിരുന്നു. 1 മുതല്‍ 10 വരെയുള്ള സംഖ്യയില്‍ നിന്ന് ഒരക്കം കണ്ടെത്തല്‍ എളുപ്പമാണല്ലോ. എന്നാല്‍ ദിവസം കഴിയുന്തോറും അക്കം വലുതായിതുടങ്ങുന്നു. കണക്ക് രേഖപ്പെടുത്തലും സങ്കീര്‍ണമാകുന്നു. ഇതിനു വേണ്ടിയാണ് നിലവില്‍ ഖനനം ചെയ്യുന്നവര്‍ സൂപ്പര്‍ കമ്പ്യൂട്ടറുകളെ ആശ്രയിക്കുന്നത്. അങ്ങനെ ശരിയായ രീതിയില്‍ ഖനനം ചെയ്യുന്നവര്‍ക്ക് (കണക്ക് രേഖപ്പെടുത്തുന്നവര്‍ക്ക് //private key) കണ്ടെത്തുന്നവര്‍ക്ക്) പ്രതിഫലമായി ബിറ്റ്‌കോയിന്‍ ലഭിക്കുന്നു. കാലക്രമേണെ, പ്രതിഫലമായി ലഭിക്കുന്ന ബിറ്റ്‌കോയിനിന്റെ അളവും കുറയുന്നുണ്ട്. പുതുതായി ബ്ലോക്ക്‌ചെയിനിലേക്ക് ചേര്‍ക്കപ്പെട്ട ബ്ലോക്ക് ബിറ്റ്‌കോയിന്‍ നെറ്റ്‌വര്‍ക്കിലുള്ള മുഴുവന്‍ കമ്പ്യൂട്ടറിലും സേവ് ചെയ്യപ്പെടുന്നതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവും.
ഇസ്‌ലാമിക വിധി
ബിറ്റ്‌കോയിനിന്റെ ഇസ്‌ലാമിക വിധി എന്താണെന്നറിയാന്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഒന്ന്, ഇത് ഉത്പാദിപ്പിക്കപ്പെടുന്ന രീതി. അങ്ങനെ ഒരു ഉത്പാദന രീതി ഇസ്‌ലാമികമായും മാനുഷികമായും സാമൂഹികമായും ശരിയാണോ എന്ന് ഉറപ്പുവരുത്തണം. രണ്ടാമതായി ഏതെങ്കിലും ഒരു വസ്തു ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ട വിനിമയോപാധി ആവുകയും വസ്തുക്കളുടെ വിലയാവുകയും യഥാര്‍ത്ഥ നാണയങ്ങളെ പോലെയോ, അതില്‍ കൂടുതലോ മൂല്യമുള്ളത് ആവുകയും നിത്യജീവിതത്തില്‍ ഉപയോഗിക്കല്‍ അനിവാര്യമാവുകയും ചെയ്താല്‍ അത് ഉപയോഗിക്കാമോ എന്നതാണ്.
ബിറ്റ്‌കോയിനിന്റെ ഉല്പാദന രീതിയെ കുറിച്ച് പറയാം. സ്വര്‍ണവും വെള്ളിയും പോലെയുള്ള ലോഹങ്ങള്‍ ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്നതുപോലെ ചുരുളഴിയാന്‍ പ്രയാസമുള്ള അതിസങ്കീര്‍ണമായ ഗണിതക്ക്രിയകൾ ചെയ്തു തീർക്കുക. ഇത്തരം ഖനനത്തിലൂടെ കണ്ടെത്തുന്നോരോ ഉത്തരങ്ങള്‍ക്കും പകരമായി സൃഷ്ടിക്കപ്പെടുന്നതാണ് ഓരോ ബിറ്റ്‌കോയിനുകള്‍. ഇവിടെ ബിറ്റ്‌കോയിന്‍ ശൃംഖലയിലെ അംഗങ്ങള്‍ നിക്ഷേപിക്കുകയും വിനിമയം നടത്തുകയും ചെയ്യുന്ന ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ രേഖപ്പെടുത്തപ്പെടുന്ന ബ്ലോക്ക് ചെയിന്‍ എന്ന പബ്ലിക് ഇലക്ട്രോണിക് ലെഡ്ജറില്‍ ഓരോ ഇടപാടും ശരിയാണോ എന്ന് നോക്കാന്‍ വേണ്ടി നല്‍കപ്പെടുന്ന സങ്കീര്‍ണമായ കണക്കുകളെ ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ഉപയോഗിച്ച് അപഗ്രഥിച്ച് ഉറപ്പുവരുത്തുന്ന ഏര്‍പ്പാടാണ് മൈനിങ്. ഇങ്ങനെ നിര്‍വഹിക്കപ്പെടുന്ന ഓരോ മൈനിങ്ങിനും പകരമായി ഓരോ ബിറ്റ്‌കോയിനുകള്‍ സൃഷ്ടിക്കപ്പെടുന്നു. ലെഡ്ജറിലെ കണക്കുകള്‍ കുറ്റമറ്റതാക്കുന്ന കണക്കെഴുത്തുകാരാണ് മൈനേഴ്‌സ്. കുറേക്കാലം കഴിയുമ്പോള്‍ ഖനിയിലെ അയിര് തീരുന്നതു പോലെ ബിറ്റ്‌കോയിന്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട് ഹാഷിങ് മുഖേന നടക്കുന്ന മൈനിങ്ങും തുടക്കത്തില്‍ വളരെ എളുപ്പവും പിന്നീടങ്ങോട്ട് വളരെ പ്രയാസകരവും ആയിരിക്കും. ഒരു ഘട്ടം കഴിഞ്ഞാല്‍ ബിറ്റ്‌കോയിനുകളുടെ ഉല്‍പാദനവും നില്‍ക്കും. ഇതിന്റെ ശില്പികള്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് മാത്രം ചുരുളഴിക്കാവുന്ന ഒരു ഗണിത പ്രഹേളികയുണ്ടാക്കി അതിലെ ഓരോ സങ്കീര്‍ണതക്കും പരിഹാരം കണ്ടെത്തുന്നതിന് കൂലി എന്നോണം അവര്‍ക്ക് നല്‍കേണ്ട വേതനം നിലവിലെ ഏതെങ്കിലും കറന്‍സികളായി നല്‍കാതെ ഒരു സാങ്കല്പിക കറന്‍സി സൃഷ്ടിച്ച് അത് നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്. ഏതൊരു കറന്‍സിക്കും സ്വര്‍ണമായും വെള്ളിയായും മറ്റു നിക്ഷേപങ്ങളായും ഒരു മൂല്യമുണ്ടാകുമല്ലോ. അതില്ലാതെ അതിനുപകരം ഇവിടെ പ്രോബ്ലം സോള്‍വിങ് ആയി ഉപയോഗിക്കപ്പെടുന്ന കമ്പ്യൂട്ടര്‍ വിഭവശേഷിയും അത് ഉപയോഗിച്ച് കണക്കുകൂട്ടലുകള്‍ക്ക് ആവശ്യമായ വൈദ്യുതിയുടെ വിലയും അതിന് കഠിനാധ്വാനം ചെയ്യുന്ന മനുഷ്യ ഊര്‍ജ്ജവും ആണ് ബിറ്റ് കോയിന്റെ മൂല്യം എന്നാണ് പറയപ്പെടുന്നത്. ഇത് ശരിയല്ലെന്ന് നമുക്ക് ബോധ്യപ്പെടും.
കാരണം ഏതൊരു ജോലിക്കും മനുഷ്യ ഊര്‍ജ്ജവും അത് ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ അടക്കമുള്ള വിഭവശേഷിയും അതിനു വൈദ്യുതി ആവശ്യമെങ്കില്‍ അതും ഉപയോഗിക്കുക സാധാരണമാണ്. ആരാണോ ഈ തൊഴിലെടുപ്പിക്കുന്നത ് അവരാണ് ഈ ചെലവുകള്‍ വഹിക്കുന്നതും അതിനു ശമ്പളമായും വൈദ്യുതി കുടിശികയും മറ്റും പണം നല്‍കുന്നതും അത് ചെയ്യാതെ അതിനുപകരം ഒരു ബ്ലാങ്ക് പേപ്പര്‍ എടുത്ത് അതില്‍ ഒരു നമ്പര്‍ എഴുതിയോ ഒരു നാണയത്തിന്റെ രൂപം ഡിസൈന്‍ ചെയ്തു ഇതാണ് നിങ്ങള്‍ അധ്വാനിച്ചതിന്റെ പ്രതിഫലം, നിങ്ങള്‍ ഈ അധ്വാനം പൂര്‍ത്തിയാക്കിയതോടെ അതിന്റെ വിലയായി ഒരു പുതിയ നാണയം ഉണ്ടാക്കിയിരിക്കുന്നു അത് നിങ്ങള്‍ സ്വീകരിച്ചാലും എന്ന് പറയുന്നതില്‍ എന്ത് യുക്തിഹീനതയാണ് ഉള്ളത് അത് തന്നെയാണ് ഇവിടെയും ഉള്ളത്. ചുരുക്കത്തില്‍ ഒരു മൂല്യവും അടിത്തറയും ഇല്ലാത്ത ഒരു സാങ്കല്പിക നാണയ രൂപം ഉണ്ടാക്കി അതിനു മൂല്യമുള്ളതായി വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത് അതിനാല്‍ ഇത് ചതിയാണ് തെറ്റിദ്ധരിപ്പിക്കല്‍ ആണ്. സമ്പത്തിന്റെ മൂല്യം സാങ്കല്പിക സമ്പത്തിന് മൂല്യം നല്‍കി പ്രകൃതി സമ്പത്തും മനുഷ്യസമ്പത്തും ചിലരിലേക്ക് മാത്രം ഒതുക്കാനുള്ള ചെപ്പടിവിദ്യയാണ്
يبطل ترصف بنحو بيع فيما لم يقبض (خالصة الفقه الاساليمي / ٢٤١ص)
വികേന്ദ്രീകൃത (Decentralised) നാണയങ്ങളെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ഭരണാധികാരികളല്ലാത്തവര്‍ പണമടിച്ചിറക്കുന്നത് കറാഹത്താണ്. അതിലൂടെ മാര്‍ക്കറ്റില്‍ പ്രശ്‌നങ്ങള്‍ വരുന്നുവെന്നതാണ് കാരണം.
(شرح المهذب ٦/١١)
നിലവില്‍ ആധുനികസമ്പദ് വ്യവസ്ഥയും ഈ പ്രശ്‌നത്തെ ഗൗരവമായി തന്നെ സമീപിക്കുന്നുണ്ട്. പണം വികേന്ദ്രീകരിക്കപ്പെടുന്നതിലൂടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിങ് സാധ്യതകള്‍ കൂടുകയും രാജ്യത്തെ മണിസപ്ലെ നിയന്ത്രിക്കാന്‍ പറ്റാതെയുംവരും. ഒരു പക്ഷെ, അനിയന്ത്രിതമായ വിലക്കയറ്റമുണ്ടാകാനും ബാങ്കിങ് വ്യവസ്ഥ തകര്‍ന്നടിയാനും കാരണമായേക്കും. ബിറ്റ്‌കോയിനിനെ വില ആയോ ഒരു സേവനത്തിനുള്ള കൂലി ആയോ ഉപയോഗിക്കാമോ? മാര്‍ക്കറ്റുകളില്‍ വിലയായും ഖനനം ചെയ്യുന്നവര്‍ക്ക് അവരുടെ സേവനത്തിന്റെ പ്രതിഫലമായും ബിറ്റ്‌കോയിന്‍ ലഭിക്കുന്നുണ്ട്. ഭൗതികരൂപമില്ലാത്ത കറന്‍സിയായത് കൊണ്ട് തന്നെ, നാം സാധാരണ പറയുന്ന വിലയുടെ ഗണത്തില്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടില്ല. എങ്കില്‍ പിന്നെ ഒരു ഉപകാരമായി (service) കണക്കാക്കാമോ? ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയില്‍ സര്‍വീസിനെ വിലയായി പരിഗണിക്കാറുണ്ട്, ഒരു സാധനത്തിനു പകരമായി വസ്ത്രങ്ങള്‍ തുന്നി കൊടുക്കുന്നത് വിലയായി ഗണിക്കപ്പെടുന്നത് പോലെ. അങ്ങനെയൊരു ഗുണം ബിറ്റ്‌കോയിനില്‍ ഇല്ല താനും. കേവലം 'വസ്തുക്കള്‍ക്ക് വിലയാവുക' എന്നത് ബിറ്റ്‌കോയിനിന്റെ ആന്തരികമായ ഗുണമല്ല. അത് മറ്റൊരു വസ്തുവിലേക്ക് ചേര്‍ത്തി പറയുന്ന സമയത്ത് ഉണ്ടായിത്തീരുന്ന ഗുണം മാത്രമാണല്ലോ. അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഭൗതികരൂപമില്ലാത്ത/ഉപകാരത്തിന്റെ പരിധിയില്‍ പെടുത്താന്‍ സാധിക്കാത്ത ബിറ്റ്‌കോയിനെ ഒരു വിലയായോ കൂലിയായോ കണക്കാക്കാന്‍ പറ്റുകയില്ല.
شرط في الثمن كونه نقدا وفي المثمن كونه عينا أو نفعا (إعانة الطالبين١٣٢/٢)
ഇനി ബിറ്റ്‌കോയിന്‍ ഒരു സാങ്കല്പിക കറന്‍സി ആണെങ്കിലും അത് നിയന്ത്രിക്കുന്നത് നമ്മുടെ നാട്ടിലെ പോലെ ഭരണഘടനാ അനുശ്രുതമായി പ്രവര്‍ത്തിക്കുന്ന റിസര്‍വ് ബാങ്ക് പോലെയുള്ള കേന്ദ്രീകൃത ഏജന്‍സി ഒന്നുമല്ലെങ്കിലും ഒരു വിധപ്പെട്ട രാജ്യങ്ങള്‍ ഒന്നും അതിനെ അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും അതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സോഫ്റ്റ്‌വെയര്‍ വാലറ്റ് മൊബൈൽ വാലറ്റ് വെബ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള ബിറ്റ്‌കോയിന്‍ വാറ്റുകളിലൂടെ ധാരാളം പേര്‍ തങ്ങളുടെ കയ്യിലുള്ള മറ്റു കറന്‍സികളും ബിറ്റ്‌കോയിനും പരസ്പരം മാറ്റിയെടുക്കലും കൈവശമുള്ള വസ്തുക്കള്‍ക്കോ സേവനങ്ങള്‍ക്കോ പകരമായി ബിറ്റ്‌കോയിന്‍ എക്‌സചേഞ്ചും ബിറ്റ്‌കോയിന്‍ ഖനി തൊഴിലാളിയായോ മുതലാളിയായ ഖനനം ചെയ്തും ഓണ്‍ലൈന്‍ രംഗത്ത് സജീവമാണ്. അതിവിദൂരമല്ലാത്ത ഭാവിയില്‍ ബിറ്റ്‌കോയിന്‍ മറ്റേതെങ്കിലും ക്രിപ്‌റ്റോ കറന്‍സിയോ ലോകാടിസ്ഥാനത്തില്‍ സ്വീകാര്യമായ ഒരു വിനിമയ മാധ്യമായും വസ്തുക്കളുടെയും മറ്റു കറന്‍സികളുടെയും വിലയായും ഉള്ള യഥാര്‍ത്ഥ നാണയമായി അംഗീകരിക്കപ്പെടുകയും ആശ്രയിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ആ നിര്‍ബന്ധിത ഘട്ടത്തില്‍ നമുക്കും അതിനെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയുണ്ടാകില്ലെങ്കില്‍ അപ്പോള്‍ അതിന് വിനിമയത്തിലും വ്യാപാരത്തിലും സക്കാത്ത് പരീക്ഷ അടക്കമുള്ള മറ്റു കാര്യങ്ങളിലും നാണയത്തിന്റെ വിധിയായിരിക്കും ഉണ്ടാവുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മാത്രവുമല്ല ചരക്കുകള്‍ക്ക് വിലയായി നല്‍കാവുന്ന ഒരു ഏകകം എന്ന നിയമപരമായ നിയന്ത്രണം ഇതിന് ബാധകമല്ല. അതിനാല്‍ നിയമാനുസൃതം എന്ന് കരുതുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബിറ്റ്‌കോയിന്‍ അല്ലെങ്കില്‍ മറ്റ് ഇലക്ട്രോണിക് കറന്‍സികളുമായി ഇടപഴകുന്നത് അനുവദനീയമല്ല. കാരണം ഇത്തരം ഇടപാടുകള്‍ ഇന്ന് പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും അനുചിതമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു.
الضرار الضرر (ابن ماجه٤٦٥/٢)
അന്യായമായി സ്വയം പ്രയാസമനുഭവിക്കലും മറ്റുളളവരെ പ്രയാസപ്പെടുത്തലും പാടില്ല എന്ന അടിസ്ഥാന തത്വത്തിന് ഇത്തരം ഇടപാടുകള്‍ എതിരാണ്. ശുബഹതുള്ള ( സംശയമുളളത്) വിഷയങ്ങളില്‍ വിട്ടുനില്‍ക്കല്‍ വിശ്വാസികളുടെ മാത്രം പ്രത്യേകതയാകുന്നു.
إن الحلال بين وان الحرام بين وبينهما أمور مشتبهات لا يعلمها كثير من الناس فمن اتقى الشبهات فقد استبرأ لدينه وعرضه ومن وقع في الشبهات وقع في الحرام (ترمذي ٢٣٢/١)
നിലവിൽ, രാജ്യ ഭരണകൂടങ്ങൾ അംഗീകരിക്കുക വഴി ഒരു സാർവത്രിക വിലയായി മാറുമ്പോഴാണ് ശാഫിഈ കർമ്മശാസ്ത്രത്തിൽ ഒരു കറൻസി 'നഖ്ദിന്റെ' പരിധിയിൽ വരുന്നത്. നിലവിൽ രൂപം ബിറ്റ്കോയിനിൽ വന്നിട്ടില്ല. അങ്ങനെയൊരു അവസ്ഥ വരുന്ന സമയത്ത് നമ്മുടെ ഉലമയെ കുറിച്ച് ചർച്ച നടത്തുകയും തീരുമാനത്തിലെത്തുകയും ചെയ്യും. അതുവരെ ഇത്തരം മാർക്കറ്റുകളിൽ നിന്ന് മാറിനിൽക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്.