നോമ്പ്, ഹജ്ജ്, നിസ്‌കാരം, ദാനധര്‍മം എന്നീ നാല് സൽകർമങ്ങളുടേയും സമാഗമമാണ് ദുല്‍ഹിജ്ജയുടെ വശ്യസൗന്ദര്യം. ഇലാഹിനേറ്റം പ്രിയങ്കരമായ ആരാധനകൾ അതിലെ ആദ്യ പത്തു പകലിരവുകളിലേതാണെന്നാണ് തിരുദൂതരുടെ മൊഴിസാക്ഷ്യം. |
നന്മകൾക്ക് കൂടുതൽ പ്രതിഫലം നൽകുമെന്ന് സ്രഷ്ടാവായ അല്ലാഹുﷻ വാഗ്ദാനം ചെയ്ത പ്രത്യേക മാസങ്ങളും ദിവസങ്ങളുമുണ്ട്. വിശുദ്ധ ഖുർആനിന്റെ മാസമാണ് റമളാൻ. യുദ്ധം നിഷിദ്ധമാക്കിയ പവിത്രമായ നാലു മാസങ്ങളാണ് ദുൽഖഅ്ദും
ദുൽഹിജ്ജയും മുഹർറവും റജബും. ആരാധനകളിൽ ശ്രേഷ്ഠമായ ഹജ്ജിന്റെ കർമ്മങ്ങൾ നിർവ്വഹിക്കുന്ന ദുൽഹിജ്ജയിലെ ആദ്യ പത്ത്ദിനങ്ങൾ അതിലേറ്റവും മഹത്വമേറിയതാണ്. സൂറതുൽ ഫജ്റിൽ അല്ലാഹു സത്യം ചെയ്തു പറയുന്നു: പ്രഭാതം തന്നെയാണ് സത്യം, പത്ത് രാത്രികൾ തന്നെയാണ് സത്യം. ഈ ആയതിനെ വിശദീകരിച്ചു കൊണ്ട് ഇമാം റാസി (റ) തഫ്സീറുൽ കബീറിൽ രേഖപ്പെടുത്തുന്നു: ഹജ്ജിന്റെ കർമ്മങ്ങൾ കൊണ്ട് സജീവമാകുന്ന ദുൽഹിജ്ജയിലെ പത്ത്ദിനങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
'അറിയപ്പെട്ട ദിനങ്ങളിൽ അവർ അല്ലാഹുവിന്റെ സ്മരണകളുയർത്തുവെന്ന' സൂറത് ഹജ്ജിലെ ഇരുപതിയെട്ടാം സൂക്തത്തിലെ പരാമർശവും ഈ ദിവസങ്ങളെ കുറിച്ചാണെന്ന് ഇബ്നു അബ്ബാസ് (റ) പറയുന്നുണ്ട്. നിരവധി തഫ്സീറുകളിൽ ഇമാമുമാർ ഈ രണ്ട് അഭിപ്രായങ്ങളും മുന്നോട്ടുവെക്കുന്നത് കാണാം.
തിരുനബി ﷺ പറയുന്നു: ഈ ദിവസങ്ങളെക്കാൾ സൽകർമ്മങ്ങൾക്ക് മഹത്വമുള്ള മറ്റൊരു ദിവസവുമില്ല. മുത്ത് നബിയോട് അനുചരർ ചോദിച്ചു: അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമ്മസമരം പോലുമില്ലേ? തിരുനബി ﷺപറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് പോലുമില്ല,സ്വശരീരവും സമ്പത്തും ലക്ഷ്യത്തിലായി സമർപ്പിച്ചു ശഹീദായാലൊഴികെ. (സ്വഹീഹുൽ ബുഖാരി)
നിസ്കാരം, നോമ്പ്, ഹജ്ജ്, സ്വദഖ, ഉള്ഹിയ്യത് തുടങ്ങി മുഖ്യമായ ആരാധനകളെല്ലാം സംഗമിക്കുന്ന പുണ്യമേറിയ ഈ ദിവസങ്ങളിൽ തഹ്ലീലും തക്ബീറും ഹംദും ധാരാളമായി വർധിപ്പിക്കണമെന്ന് മുത്ത്
നബി ﷺ പഠിപ്പിക്കുന്നു.
റമളാനിലെ അവസാന പത്ത് ദിനങ്ങളും ദുൽഹിജ്ജ മുഹർറം മാസങ്ങളിലെ ആദ്യ പത്ത് ദിനങ്ങളും മുൻഗാമികൾ പ്രത്യേകം ബഹുമാനിച്ചിരുന്നുവെന്ന് പണ്ഡിതൻമാർ സാക്ഷ്യപ്പെടുത്തുന്നു. ദുൽഹിജ്ജയിലെ പവിത്ര ദിനങ്ങളെ ഖുർആൻ സത്യം ചെയ്തു പറയുന്നതിലൂടെ ആ മഹത്വത്തിന് മാറ്റ് കൂടുന്നു. ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ) അൽ ഗുൻയതു ലിത്വാലിബി ത്വരീഖിൽ ഹഖ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു: ആരെങ്കിലും ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളെ ബഹുമാനിച്ചാൽ അല്ലാഹു ﷻ അവനെ പത്ത് നേട്ടങ്ങൾ കൊടുത്ത് ആദരിക്കും. ഒന്ന്,ആയുസ്സിൽ ബറകത്തുണ്ടാവും. രണ്ട്,സമ്പത്തിൽ വർദ്ധനവുണ്ടാവും. മൂന്ന്, ആശ്രിതർക്ക് സംരക്ഷണമുണ്ടാകും. നാല്,തെറ്റുകൾ പൊറുക്കപ്പെടും. അഞ്ച്, നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും. ആറ്, മരണവേദന ലഘൂകരിക്കപ്പെടും. ഏഴ്,ഖബ്റിലെ ഇരുളിൽ പ്രകാശം ലഭിക്കും. എട്ട്,നന്മതിന്മകൾ തൂക്കപ്പെടുന്ന തുലാസിൽ നന്മകൾക്ക് കനം കൂടും. ഒമ്പത്, നരക മോചനം ലഭിക്കും. പത്ത്,ഉന്നതമായ പദവികൾ ലഭിക്കും.
അറഫാ ദിനം
ഹജ്ജിന്റെ ഏറ്റവും പ്രധാന കർമ്മമായ അറഫാ സംഗമത്തിന്റെ സുദിനമാണിത്. ലോകത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നുള്ള വിശ്വാസി ജനലക്ഷങ്ങൾ ഒരേ മനസ്സോടെ അറഫയിൽ ഒരുമിച്ചു കുടുന്നു. ആഇശ ബീവി (റ) പറയുന്നു: തിരുനബിﷺ പറഞ്ഞു: അറഫ ദിനത്തെക്കാൾ കൂടുതൽ ആളുകൾക്ക് അല്ലാഹു നരക മോചനം നൽകുന്ന മറ്റൊരു ദിവസവുമില്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അവരുടെ മേൽ ചൊരിയുകയും അവരെക്കുറിച്ച് മലക്കുകളോട് അല്ലാഹു അഭിമാനം പറയുകയും ചെയ്യും. (സ്വഹീഹ് മുസ്ലിം -1348) ഈ ഹദീസ് അറഫ ദിനത്തിന്റെ മഹത്വം വ്യക്തമാക്കുന്നുണ്ട്. ഇമാം നവവി (റ) ശറഹ് മുസ്‌ലിമിൽ ഈ ഹദീസിനെ വിശദീകരിച്ച് പറയുന്നു: ഒരാൾ തന്റെ ഭാര്യയെ ഏറ്റവും ശ്രേഷ്ഠമായ ദിവസത്തിൽ ത്വലാഖ് ചൊല്ലപ്പെട്ടവളാണെന്ന് പറഞ്ഞാൽ അറഫദിനത്തിലാണ് അവളുടെ ത്വലാഖ് സംഭവിക്കുക. ആരാധനകൾ കൊണ്ട് ഈ ദിവസത്തെ സജീവമാക്കിയാൽ നമുക്ക് വിജയിക്കാനാവുമെന്ന കാര്യം തീർച്ചയാണ്.
തിരുനബിﷺ പറയുന്നു: അറഫാ ദിനത്തിലെ
നോമ്പ് മുൻ കാല വർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും പാപങ്ങൾ മായ്ച്ചുകളയും, ആശൂറാഇലെ (മുഹർറം 10) നോമ്പ് മുൻകഴിഞ്ഞ വർഷത്തെ പാപങ്ങൾ മായ്ച്ചുകളയും. (സ്വഹീഹ് മുസ്ലിം - 1162)
ഈ ഹദീസും അറഫ ദിനത്തിന് മറ്റു
ദിവസങ്ങളെക്കാൾ കൂടുതൽ മഹത്വമുണ്ടെന്ന് വിളിച്ചോതുന്നു. അറഫ ദിനത്തിലെ നോമ്പിന്റെ പ്രതിഫലമായി രണ്ട് വർഷത്തെ പാപങ്ങൾ മായ്ച്ചു കളയുമെന്ന് പറയുമ്പോൾ ആശൂറാഇലെ നോമ്പിന്റെ പ്രതിഫലം ഒരു വർഷത്തെ പാപങ്ങൾ പൊറുക്കുമെന്നാണ്. ശിഷ്ട ജീവിതത്തിൽ തെറ്റുകളിൽ നിന്ന് മാറി നിൽക്കാനുള്ള സൗഭാഗ്യം ലഭിക്കുമെന്നാണ് വരാനിരിക്കുന്ന വർഷത്തെ ദോഷങ്ങൾ പൊറുക്കും എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
നോമ്പിന്റെ മഹത്വം
പവിത്രമായ ഈ ദിനരാത്രങ്ങളിലെ പ്രധാനപ്പെട്ട ഒരു കർമ്മമാണ് നോമ്പ്. ദുൽഹിജ്ജ ഒന്ന് മുതൽ ഒമ്പത് വരെ നോമ്പെടുക്കൽ പ്രത്യേകം പുണ്യമുണ്ട്. ശൈഖ് സൈനുദ്ധീൻ മഖ്ദൂം(റ) ഫത്ഹുൽ മുഈനിൽ പറയുന്നു: ദുൽഹിജ്ജ ഒമ്പതു ദിനങ്ങളിലെ വ്രതാനുഷ്ഠാനം മുഹറം പത്ത് ദിവസങ്ങളിലെ നോമ്പിനെക്കാൾ മഹത്വമുള്ളതാണ്.
ഹജ്ജിന്റെ കർമ്മങ്ങളിൽ വ്യാപൃതരാവാത്തവർക്ക് ദുൽഹിജ്ജ ഒമ്പതിന്റെ അറഫാ ദിനത്തിലെ നോമ്പ് ശക്തമായ സുന്നതാണ്. യൗമുതർവ്വിയ്യ എന്നറിയപ്പെടുന്ന ദുൽഹിജ്ജ എട്ടിനും നോമ്പ് എടുക്കൽ പ്രത്യേകം പുണ്യമുണ്ട്.
ശ്രേഷ്ഠമായ പ്രാർത്ഥന
ഇമാം നവവി(റ) അദ്കാർ എന്ന ഗ്രന്ഥത്തിൽ അറഫാ ദിനത്തിന്റെ മഹത്വം വിശദീകരിക്കുന്നത് കാണാം. നബിﷺ പറഞ്ഞു: പ്രാർത്ഥനകളിൽ ഏറ്റവും ഉത്തമമായത് അറഫാദിനത്തിലെ പ്രാർത്ഥനയാണ്. ഞാനും എന്റെ മുൻഗാമികളായ നബിമാരും പറഞ്ഞിട്ടുള്ളതിൽ ഏറ്റവും മഹത്തായ വചനം:
لا إله إلا الله وحده لا شريك له ، له الملك وله الحمد وهو على كل شئ قدير എന്നതുമാണ് .
ഹജ്ജിന്റെ മുഖ്യ ഭാഗമായ അറഫാ സംഗമത്തിന്റെ ഈ ദിവസത്തിൽ ദിക്റുകളും ദുആകളും വർധിപ്പിക്കുകയും ആരാധനകളിൽ സജീവമാവുകയും വേണം.
ഖുർആൻ പാരായണം ചെയ്യുകയും ഇസ്തിഗ്ഫാറുകൾ അധികരിപ്പിക്കുകയും റബ്ബിലേക്ക് തൗബ ചെയ്തു മടങ്ങുകയും ചെയ്യുക. നിബന്ധനകൾ പരിപൂർണമായി പാലിച്ച ഒരാളുടെ പ്രാർത്ഥനയും നിഷ്ഫലമാവുകയില്ല. ദുആ ചെയ്യുമ്പോൾ ശുദ്ധിയോടെ കഅ്ബയിലേക്ക് അഭിമുഖമാവണം. ഹജ്ജിനു വേണ്ടി അറഫയിൽ സംഗമിച്ചവർക്കും അല്ലാത്തവർക്കും ഈ കാര്യങ്ങൾ പ്രതിഫലാർഹമാണ്.
ദുൽഹിജ്ജ പത്ത് ദിനങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. എല്ലാ ദിവസവും ഇരുനൂറ് തവണ സൂറതുൽ ഇഖ്ലാസ് പാരായണം ചെയ്യുക.
2. സൂറതുൽ ഫജ്ർ പതിവായി ഓതുക
3. ഉള്ഹിയ്യത് ഉദ്ദേശിക്കുന്നവർക്ക് ദുൽഹിജ്ജ ഒന്ന് മുതൽ അറവ് നടത്തുന്നതു വരെ നഖം, മുടി പോലോത്തത് നീക്കം ചെയ്യൽ കറാഹതാണ്.
4. ഉള്ഹിയ്യത് അറുക്കപ്പെടുന്ന ആട് മാട് ഒട്ടകങ്ങളിൽ ഒന്നിനെ കാണുകയോ അവയുടെ ശബ്ദം കേൾക്കുകയോ ചെയ്താൽ അല്ലാഹു അക്ബർ എന്ന് ഒരു തവണ തക്ബീർ ചൊല്ലൽ സുന്നതാണ്.
5. പെരുന്നാളിന്റെ രാത്രി സൂര്യാസ്തമയം മുതൽ പെരുന്നാൾ നിസ്കാരത്തിന് ഇമാം തക്ബീറതുൽ ഇഹ്റാം ചൊല്ലുന്നതുവരെയുള്ള സമയങ്ങളിൽ തക്ബീറുകൾ അധികരിപ്പിക്കൽ സുന്നതാണ്.
6. അറഫാ ദിനത്തിലെ സുബ്ഹി മുതൽ അയ്യാമുത്തശ്രീഖിന്റെ അവസാന ദിനം അസ്വർ വരെ മയ്യിത് നിസ്കാരമടക്കം എല്ലാ നിസ്കാരങ്ങൾക്ക് പിറകെയും തക്ബീർ ചൊല്ലൽ സുന്നതാണ്.
7. ഈ ദിവസങ്ങളിൽ പ്രത്യേകം ചൊല്ലൽ മഹത്വമുണ്ടെന്ന് തൻബീഹുൽ ഗാഫിലീൻ എന്ന ഗ്രന്ഥത്തിൽ അബുലൈസു സമർഖന്ദി (റ) രേഖപ്പെടുത്തിയ അഞ്ച് ദിക്റുകൾ :
1. لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، يُحْيِي وَيُمِيتُ، وَهُوَ حَيّ لَا يَمُوتُ بِيَدِهِ الْخَيْرُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ.
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، إِلَهًا وَاحِدًا أَحَدًا صَمَدًا لَمْ.2 يَتَّخِذْ لَهُ صَاحِبَةً وَلَا وَلَدًا
3. أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، أَحَدًا صَمَدًا، لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ.
4. أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَيّ لَا يَمُوتُ بِيَدِهِ الْخَيْرُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ.
5. حَسْبِيَ اللَّهُ وَكَفَى، سَمِعَ اللَّهُ لِمَنْ دَعَا، لَيْسَ وَرَاءَ اللَّهِ مُنْتَهَى
പാപങ്ങളുടെ പെരുമഴയിൽ നനഞ്ഞു കുതിർന്ന നമ്മുടെ ശരീരത്തെ സംശുദ്ധീകരിക്കൽ അനിവാര്യമാണ്. മലിനമായിക്കൊണ്ടിരിക്കുന്ന സാമൂഹിക പരിസരത്തു നിന്ന് ആത്മീയതയുടെ പാശം മുറുകെപ്പിടിക്കാൻ സാധിക്കേണ്ടതുണ്ട്. ജീവിത സമുദ്ധാരണത്തിനായി നാഥൻ കനിഞ്ഞേകിയ ഈ പത്തു രാപകലുകളെ ധന്യമാക്കാനാവണം വിശ്വാസിയുടെ ജീവിതസപര്യകൾ.
13 June, 2024 06:27 am
MUHAMMED ANSAR.R
ما شاء الله ❣️