പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യന് ദിശാബോധം നൽകുവാനുള്ള ദൃഷ്ടാന്തങ്ങളാണ്. തദവസരങ്ങളിൽ അഹദിലേക്ക് കൂടുതൽ അലിഞ്ഞു ചേർന്ന് അകപ്പൊരുൾ അന്വേഷിക്കുകയാണ് വിശ്വാസികൾക്കുചിതം.

വായിക്കാം:

സൂര്യനും ചന്ദ്രനും സ്രഷ്ടാവായ റബ്ബിന്റെ പ്രധാന ദൃഷ്ടാന്തങ്ങളിൽ ചിലതാണ്. മനുഷ്യരടങ്ങുന്ന ജീവജാലങ്ങളുടെ നിലനിൽപ്പ് ഈ രണ്ട് ഗോളങ്ങളുടെ നിലനിൽപ്പുമായി ചേർന്നു കിടക്കുന്നു. അല്ലാഹു അടിമകൾക്ക് നൽകുന്ന വിവിധ പരീക്ഷണങ്ങളിൽപ്പെട്ടതാണ് സുര്യഗ്രഹണവും ചന്ദ്രഗ്രഹണവും. ഗ്രഹണം ബാധിക്കുമ്പോൾ സൂര്യൻ്റെയും ചന്ദ്രൻ്റെയും പ്രവർത്തനങ്ങൾ ഭാഗികമായി നിലക്കുന്നു. നിരവധി പാഠങ്ങളാണ് ഈ പ്രതിഭാസത്തിലൂടെ അല്ലാഹു അടിമകളിലേക്ക് പകർന്നു നൽകുന്നത്. ചെയ്തു പോയ പാപങ്ങളിൽ പശ്ചാത്തപിച്ചു മടങ്ങിയും കൂടുതൽ സൽകർമ്മങ്ങൾ ചെയ്തും അവനിലേക്കടുക്കാനാണ് ഇത്തരം പരീക്ഷണഘട്ടങ്ങളിൽ അവൻ നമ്മോട് കൽപ്പിക്കുന്നത്. 

ഗ്രഹണം

സൂര്യന് ഭൂമിയുടെ പന്ത്രണ്ടിരട്ടി വലിപ്പമാണുള്ളത്. അതിൻറെ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരം ഒരു വർഷം മുതൽ അടുത്ത വർഷം വരെ നടക്കുന്നു. ഓരോ മാസവും അതിൻ്റേതായ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു. ഒരു വർഷം പൂർത്തിയായതിനുശേഷം സഞ്ചാരം തുടങ്ങിയ ഭ്രമണപഥത്തിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു. ശൈത്യകാലത്ത് ഏറ്റവും താഴെയുള്ള പഥത്തിലും ഉഷ്ണ കാലത്ത് ഏറ്റവും മേലെയുള്ള പഥത്തിലുമായിരിക്കും സൂര്യൻ ഉണ്ടാവുക. ചന്ദ്രനോട് കൂട്ടിമുട്ടുന്ന സാഹചര്യം ഉണ്ടാവുന്നില്ല. 

സൂര്യനും ചന്ദ്രനും അവയുടേതായ പ്രത്യേകതകളുണ്ട്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായാേ പൂർണമായോ മറയുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യപ്രകാശത്തിൽ നിന്നുണ്ടാകുന്ന ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. അറബി ഭാഷയിൽ സൂര്യഗ്രഹണത്തിന് കുസൂഫ് (كسوف) എന്നും ചന്ദ്രഗ്രഹണത്തിന് ഖുസൂഫ് (خسوف)എന്നും പറയുന്നു.

രണ്ട് ഗ്രഹണങ്ങളിലുമുള്ള ഹിക്മതിനെ കുറിച്ച് ഇമാം സുയൂത്വി (റ) വിശദീകരിക്കുന്നു: അല്ലാഹുവിനെ കൂടാതെ സൂര്യനും ചന്ദ്രനും മറ്റു നക്ഷത്രങ്ങളും ഒരു കാലത്ത് ആരാധിക്കപ്പെടുമെന്ന അവൻ്റെ അനാദിയായ അറിവ് പ്രകാരമാണ് സൂര്യനും ചന്ദ്രനും ഗ്രഹണം എന്ന ഒരു അവസ്ഥ നൽകിയത്. അവ പ്രകാശം നൽകുന്നതും കായ്കനികൾ മുളക്കാൻ കാരണമാകുന്നതുമെല്ലാം സ്രഷ്ടാവായ റബ്ബിന്റെ കൽപ്പന പ്രകാരം മാത്രമാണെന്ന് ഗ്രഹണം നമ്മെ പഠിപ്പിക്കുന്നു. (نهاية الزين)

ഇബ്നുൽ ഇമാദ് (റ) പറയുന്നു: അല്ലാഹു ഗ്രഹണത്തെ സംവിധാനിച്ചിട്ടുള്ളത് അവൻറെ അടിമകളിൽ അവനോടുള്ള ഭയം ഉണ്ടാവാനും അതുവഴി കൂടുതൽ വഴിപ്പെടാനുമാണ്. സൂര്യന്റെയും ചന്ദ്രന്റെയും പ്രവർത്തനങ്ങൾ തടഞ്ഞുവെക്കുന്ന പക്ഷം സസ്യലതാദികൾ മുളക്കുകയോ ഫലങ്ങൾ പഴുക്കുകയോ ഉണങ്ങുകയോ ചെയ്യുകയില്ല. (نهاية الزين) ഈ രണ്ടു ഗ്രഹണങ്ങൾ മനുഷ്യന് തന്റെ നിസ്സാരതയും ദുർബലതയും ബോധ്യപ്പെടുത്തുകയും സൂര്യചന്ദ്രാദികളുടെ വെളിച്ചമില്ലാതാവുന്ന അന്ത്യദിനത്തെ കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.

ഗ്രഹണ നിസ്ക്കാരം

قال الله عز وجل: ﴿ وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ ۚ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ﴾
[ فصلت: 37]
അല്ലാഹു തആല പറയുന്നു: രാത്രിയും പകലും സൂര്യനും ചന്ദ്രനും പടച്ച റബ്ബിന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ടതാണ്. നിങ്ങൾ സൂര്യനോ ചന്ദ്രനോ സുജൂദ് ചെയ്യരുത്. നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ അവയെ സൃഷ്ടിച്ച അല്ലാഹുവിന് സുജൂദ് ചെയ്യുക.

قال النبي صلى الله عليه وسلم: إن الشمس والقمر آيتان من آيات الله ، يخوف الله بهما عباده وإنهما لا ينخسفان لموت أحد من الناس فإذا رأيتم منها شيئا فصلوا وادعوا حتى ينكشف ما بكم .

നബി ﷺ യുടെ മകൻ ഇബ്‌റാഹീം (റ) വഫാതായ ദിവസം യാദൃച്ഛികമെന്നോണം സൂര്യഗ്രഹണമുണ്ടായി. തിരുനബിപുത്രന്റെ വിയോഗത്തില്‍ സൂര്യന്‍ പോലും ദുഃഖിക്കുന്നുവെന്നും അതിനാലാണ് സൂര്യഗ്രഹണം ബാധിച്ചതെന്നുമുള്ള രീതിയില്‍ ജനങ്ങൾക്കിടയിൽ സംസാരമുണ്ടായി. ഇത്തരം അന്ധവിശ്വാസങ്ങൾക്ക് മറുപടിയായി നബി (സ) പറഞ്ഞു : സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്. അവക്ക് ഗ്രഹണം ബാധിക്കുന്നത് ഒരാളുടെയും മരണം കാരണമല്ല. നിങ്ങൾ ആ ഗ്രഹണത്തെ കണ്ടാൽ അത് നീങ്ങുന്നത് വരെ നിസ്കരിക്കുകയും അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുക.

സൂര്യഗ്രഹണ നിസ്ക്കാരം ഹിജ്റ രണ്ടാം വർഷവും ചന്ദ്രഗ്രഹണ നിസ്കാരം ഹിജ്റ അഞ്ചാം വർഷം ജമാദുൽ ആഖിറിലുമാണ് ശറആക്കപ്പെട്ടത്. (ترشيح المستفيدين)

ജമാഅത്ത് സുന്നത്തുള്ള മുഅക്കദായ സുന്നത്ത് നിസ്കാരമാണ് ഗ്രഹണ നിസ്കാരം. മുകല്ലഫായവർ (പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർ) , കുട്ടികൾ, നാട്ടിലെ സ്ഥിരതാമസക്കാർ, യാത്രക്കാർ, പുരുഷന്മാർ, സ്ത്രീകൾ തുടങ്ങി എല്ലാവർക്കും ഒരു പോലെ സുന്നത്താണ് ഈ നിസ്കാരം. വീട്ടിലോ മറ്റിടങ്ങളിലോ വെച്ച് തനിച്ചും നമസ്കരിക്കാവുന്നതാണ്. പള്ളിയില്‍ ജമാഅത്തായി നിര്‍വഹിക്കുന്നതിന് തന്നെയാണ് നാം പ്രാമുഖ്യം നല്‍കേണ്ടത്.

ഗ്രഹണം ബാധിച്ചത് മുതൽ സൂര്യൻ പൂർണമായും വെളിവാകുന്നത് വരേയോ അസ്തമിക്കുന്നത് വരെയോ ആണ് നിസ്കാര സമയം. ചന്ദ്രൻ ഗ്രഹണം ബാധിച്ചത് മുതൽ പൂർണമായും വെളിവാകുന്നത് വരെയോ സൂര്യൻ ഉദിക്കുന്നതുവരെയോ ആണ് ചന്ദ്രഗ്രഹണ നിസ്കാരത്തിന്റെ സമയം.

ളുഹ്റിൻ്റെ റവാതിബ് പോലെ രണ്ട് റക്അത്താണ് ചുരുങ്ങിയ രൂപം. രണ്ട് ഖിയാമും രണ്ട് ഖിറാഅത്തും രണ്ട് റുകൂഉം അടങ്ങുന്ന രണ്ട് റക്അത്താണ് മധ്യനിലക്കുള്ള രൂപം.
ഗ്രഹണ നിസ്കാരത്തിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു: രണ്ടു ഖിയാമും രണ്ട് റുകൂഉം ഉള്ള രണ്ട് റക്അത്ത് നിസ്കരിക്കുക. അതിൽ ആദ്യത്തെ ഖിയാമിൽ സൂറത്തുൽ ബഖറയോ അതേ തോതിൽ വരുന്ന മറ്റ് ആയത്തുകളോ ഓതുക. രണ്ടാമത്തെ ഖിയാമിൽ 200 ആയത്തുകളും മൂന്നാമത്തെ ഖിയാമിൽ 150 ആയത്തുകളും നാലാമത്തെ ഖിയാമിൽ 100 ആയത്തുകളും ഓതുക. അതുപോലെ ആദ്യത്തെ റുകൂഇലും സുജൂദിലും സൂറത്തുൽ ബഖറയിലെ 100 ആയത്തുകളുടെ തോതിലുള്ള തസ്ബീഹ് ചൊല്ലുക. രണ്ടാമത്തേതിൽ 80 ആയത്തിന്റെ തോതിലും മൂന്നാമത്തേതിൽ 70 ആയത്തിന്റെ തോതിലും നാലാമത്തേതിൽ 50 ആയത്തിന്റെ തോതിലും തസ്ബീഹ് ചൊല്ലുക.

നിസ്കാരം ജുമുഅ നടത്തപ്പെടുന്ന പള്ളിയിലാവുക, സൂര്യഗ്രഹണ നിസ്കാരത്തിലെ ഖിറാഅത്ത് പതുക്കെയാക്കുക, ചന്ദ്രഗ്രഹണ നിസ്കാരത്തിലെ ഖിറാഅത്ത് ഉറക്കെയാക്കുക, നിസ്കാരശേഷം രണ്ട് ഖുത്വുബ നിർവഹിക്കുക എന്നിവ പ്രധാന സുന്നത്തുകളാണ്.

സൂര്യഗ്രഹണ നിസ്കാരം ഗ്രഹണം വെളിവാകലോടു കൂടിയോ സൂര്യൻ അസ്തമിക്കലോട് കൂടിയോ നഷ്ടപ്പെടുന്നതാണ്. ഇവ നിസ്കാരത്തിനിടയിലാണ് സംഭവിക്കുന്നതെങ്കിൽ നിസ്കാരം പൂർത്തീകരിക്കണം. എന്നാൽ ഗ്രഹണ നിസ്കാരത്തിലെ ഖുത്വുബ ഈ സമയത്തിന് ശേഷമായാലും നിർവഹിക്കൽ സുന്നത്താണ്.

ആദ്യത്തേയോ രണ്ടാമത്തേയോ റക്അത്തിലെ ഒന്നാമത്തെ റുകൂഇലോ രണ്ടാമത്തെ റുകൂഇലോ ഇമാമിനെ എത്തിച്ചാൽ റക്അത്ത് ലഭിക്കുന്നതാണ്. ആദ്യത്തെ റുക്കൂഇന്റെ തുടർച്ചയായാണ് രണ്ടാമത്തെ റുകൂഇനെ കണക്കാക്കപ്പെടുന്നത്.

ഓരോ റകഅതുകളിലും രണ്ടു റുകൂആണ് ചെയ്യേണ്ടത്. രണ്ടു റുകൂഇനേക്കാൾ അധികമാക്കലോ ചുരുക്കലോ അനുവദനീയമല്ല.
ഗ്രഹണനിസ്കാരവും ജുമുഅ നിസ്കാരവും നേർച്ചയാക്കിയതോ അല്ലാത്തതോ ആയ മറ്റൊരു ഫർള് നിസ്കാരവും ഒരുമിച്ച് നിസ്കരിക്കേണ്ട സാഹചര്യത്തിൽ ജുമുഅ നിസ്കാരം അല്ലെങ്കിൽ ഫർള് നിസ്കാരം എന്നിങ്ങനെയാണ് മുൻഗണന നൽകേണ്ടത്.

Questions / Comments:



No comments yet.