റമളാനിൽ പ്രത്യേകം ജമാഅത്തും ഖുനൂത്തും സുന്നത്തുള്ള, ആത്മീയ ജ്ഞാനികൾ മഹത്വങ്ങൾ ഏറെ എണ്ണിപ്പറഞ്ഞ സുന്നത്ത് നിസ്കാരമാണ് സ്വലാത്തുൽ വിത്ർ. രാത്രിയിലെ അവസാന നിസ്കാരമായാണ് മുത്താറ്റൽ നബിയോര് വിത്റിനെ പതിവാക്കിയിരുന്നത്..
വായിക്കാം:
ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളിൽ ശ്രേഷ്ഠമായതാണ് നിസ്കാരം. ഒരു വിശ്വാസി നിർബന്ധമായും നിർവഹിക്കേണ്ട ആരാധനകളിൽ ഏറ്റവും മഹത്വമേറിയത് ഫർള് നിസ്കാരങ്ങളാണെന്നത് പോലെ ഐച്ഛിക ആരാധനകളിൽ ശ്രേഷ്ഠതയേറിയത് സുന്നത്ത് നിസ്കാരങ്ങളാണ്. ഐച്ഛിക നിസ്കാരങ്ങളിൽ പ്രധാനമായൊന്നാണ് വിത്ർ. ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. നബി(സ)പറഞ്ഞു: "ളുഹാ നിസ്കരിക്കുകയും മാസത്തിൽ മൂന്ന് നോമ്പനുഷ്ഠിക്കുകയും നാട്ടിലോ യാത്രയിലോ വിത്റ് ഒഴിവാക്കാതിരിക്കുകയും ചെയ്യുന്നയാൾക്ക് രക്തസാക്ഷിയുടെ പ്രതിഫലം രേഖപ്പെടുത്തപ്പെടും". റവാത്തിബ് നിസ്കാരങ്ങളേക്കാൾ ശ്രേഷ്ഠതയുണ്ട് വിത്റിന്. വിത്ർ നിർബന്ധമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്.
വിത്ര്‍ ഏറ്റവും കുറഞ്ഞത് ഒരു റക്അത്തും പൂര്‍ണതയില്‍ ഏറ്റവും കുറഞ്ഞത് മൂന്നുമാണ്. അടുത്ത പടിയിലുള്ളത് അഞ്ചും പിന്നെ ഏഴും പിന്നെ ഒമ്പതുമാണെന്ന് ഇമാം നവവി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. സമ്പൂര്‍ണമായ വിത്ര്‍ പതിനൊന്ന് റക്അത്താണ്. പതിനൊന്നില്‍ കൂടുതല്‍ വിത്ര്‍ നിസ്‌കരിക്കാന്‍ പാടില്ല. ഒറ്റയിലാണ് അവസാനിക്കേണ്ടത് (തുഹ്ഫ 225/1). ഒന്നിലധികം റകഅത്ത് നിസ്കരിക്കുമ്പോൾ രണ്ട് റകഅത്തുകൾക്കിടയിൽ സലാം കൊണ്ട് വേർതിരിക്കൽ സുന്നത്തുണ്ട്. രണ്ട് റകഅത്തുകൾക്കിടയിൽ പിരിച്ച് നിസ്കരിക്കലാണ് ചേർത്ത് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം. മൂന്ന് റകഅത്ത് ഒരുമിച്ചു നിസ്കരിക്കൽ കറാഹത്താണ്. വിത്റിനെ നിങ്ങൾ മഗ്‌രിബിനോട് തുല്യമാക്കരുതെന്ന തിരുവചനത്തിൻ്റെ അടിസ്ഥാനത്തിലാണിത്.
മൂന്ന് റകഅത്ത് നിസ്കരിക്കുമ്പോൾ ആദ്യത്തേതിൽ സബ്ബിഹിസ്മയും രണ്ടാമത്തേതിൽ കാഫിറൂനയും മൂന്നാമത്തേതിൽ ഇഖ്ലാസും മുഅവ്വിദതൈനിയും ഓതൽ സുന്നത്താണ്. മൂന്നിനേക്കാൾ അധികരിപ്പിക്കുമ്പോൾ അവസാന മൂന്ന് റകഅത്തുകളെ അതിനു മുമ്പുള്ളവയിൽ നിന്നും വേർതിരിച്ചു നിസ്കരിക്കുകയാണെങ്കിൽ ഈ സൂറത്തുകൾ അതിൻ്റെ അവസാന മൂന്ന് റകഅത്തുകളിൽ ഓതൽ സുന്നത്തുണ്ട്. വിത്റിന് ശേഷം മൂന്ന് പ്രാവശ്യം
سبحان الملك القدوس
എന്ന് ചൊല്ലലും മൂന്നാമത്തേതിൽ ശബ്ദമുയർത്തലും തിരുനബിചര്യയാണ്. അതിന് ശേഷം اللهم إني أعوذ برضاك من سخطك وبمعافاتك من عقوبتك وبك منك لا أحصي ثناء عليك أنت كما أثنيت على نفسك
എന്ന ദിക്റ് ചൊല്ലലും മറ്റൊരു സുന്നതാണ്.
ഇശാഅ് നിസ്കാരത്തിനും പ്രഭാതം വെളിപ്പെടുന്നതിനുമിടയിലാണ് വിത്റിൻ്റെ സമയം. അബ്ദുൽ വലീദുൽ അദവി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. നബി(സ) പറഞ്ഞു: " പ്രതാപിയും ഉന്നതനുമായ അല്ലാഹു നിങ്ങളെ ഒരു പ്രത്യേക നിസ്കാരം കൊണ്ടനുഗ്രഹിച്ചിരിക്കുന്നു. അത് നിങ്ങൾക്ക് ചുവന്ന ഒട്ടകത്തേക്കാൾ വിലപിടിപ്പുള്ളതാണ്. അത് വിത്ർ നിസ്കാരമാണ്. ഇശാഇനും പ്രഭാതം വെളിപ്പെടുന്നതിനുമിടയിലുള്ള സമയമാണതിനു നിശ്ചയിക്കപ്പെട്ടിരിക്കുന്നത് (തുർമുദി). ഫജ്റിന് മുമ്പ് ഉണരുമെന്ന് ഉറപ്പുണ്ടെങ്കിൽ വിത്റിനെ രാത്രിയിലെ അവസാന നിസ്കാരമാക്കൽ സുന്നത്തുണ്ട്. അബ്ദുല്ലാഹി ബ്നു ഉമർ(റ) നിവേദനം ചെയ്യുന്ന ഹദീസ് അതിനെ വ്യക്തമാക്കുന്നുണ്ട്. നബി(സ) പറഞ്ഞു: നിങ്ങൾ രാത്രി ഒടുവിലെ നിസ്കാരം വിത്റാക്കുക (ബുഖാരി, മുസ്‌ലിം). രാത്രിയുടെ അവസാനത്തിൽ ഉണരുമെന്ന് പ്രതീക്ഷയില്ലാത്തവർ ആദ്യത്തിലാണ് വിത്റ് നിസ്കരിക്കേണ്ടത്. ജാബിർ(റ) നിവേദനം ചെയ്യുന്ന ഹദീസ് അതിലേക്കുള്ള സൂചനയാണ്. നബി(സ) പറഞ്ഞു: രാത്രിയുടെ ഒടുവിൽ ഉണരാനാകില്ലെന്ന് ഭയപ്പെടുന്നവർ രാവിൻ്റെ ആദ്യം വിത്റ് നിസ്കരിക്കണം. ഉണരുമെന്ന് പ്രതീക്ഷയുള്ളവർ ഒടുവിൽ നിസ്കരിക്കണം. രാത്രിയിലെ ഒടുവിലെ നിസ്കാരങ്ങൾക്ക് സാക്ഷികളുണ്ടാകും. അതാണ് കൂടുതൽ ഉത്തമം (ഇബ്നുമാജ).
അബൂബക്കർ(റ) ഉറങ്ങുന്നതിനു മുമ്പ് വിത്‌റ് നിസ്കരിക്കുകയും പിന്നീട് ഉണർന്ന് തഹജ്ജുദ് നിസ്കരിക്കുകയുമാണ് ചെയ്തിരുന്നത്. ഉമർ(റ) വിത്റ് നിസ്കരിക്കുന്നതിന് മുമ്പ് ഉറങ്ങുകയും പിന്നീട് എഴുന്നേറ്റ് തഹജ്ജുദും വിത്റും നിസ്കരിച്ചു. ഒരിക്കൽ നബി (സ) അബൂബക്കർ(റ)വിനോട് ചോദിച്ചു: താങ്കൾ ഏത് സമയത്താണ് വിത്റ് നിസ്കരിക്കാറുള്ളത്? അദ്ദേഹം പറഞ്ഞു: ഇശാഇന് ശേഷം രാത്രിയുടെ ആദ്യത്തിൽ. പിന്നെ അവിടുന്ന് ഉമർ(റ) നോട് ചോദിച്ചു: താങ്കൾ എപ്പോഴാണ് നിസ്കരിക്കാറുള്ളത്. അദ്ദേഹം പറഞ്ഞു: രാത്രിയുടെ അവസാനത്തിൽ അപ്പോൾ നബി(സ) പറഞ്ഞു: അബൂബക്കർ, താങ്കൾ ഉറപ്പിനെ അവലംബിച്ചു. ഉമർ, താങ്കൾ ഉണരുമെന്ന ദൃഢവിശ്വാസത്തെ അവലംബിച്ചു(അബൂദാവൂദ്). റമളാനിൻ്റെ രണ്ടാം പകുതിയിൽ വിത്റിൻ്റെ അവസാന റകഅത്തിൽ ഖുനൂത്ത് സുന്നത്തുണ്ട്. തറാവീഹിന് ശേഷം വിത്റിൽ ജമാഅത്ത് സുന്നത്തുണ്ടെന്ന് ഇമാം നവവി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. റമളാനല്ലാത്ത സമയങ്ങളിൽ വിത്റിൽ ജമാഅത്ത് സുന്നത്തില്ല.
സുന്നത്ത് നിസ്കാരങ്ങളിൽ മഹത്വമേറിയ വിത്റ് നിസ്കാരം മുൻഗാമികൾ പതിവാക്കിയിരുന്നു. ഇരുളിന്റെ ആഴിയിൽ അവർ അഹദിലേക്ക് അലിഞ്ഞു ചേരുകയായിരുന്നു. വിത്റിലൂടെ അവർ ഇലാഹിന്റെ പൊരുളിനെ അറിഞ്ഞു.