ഇലാഹിന്റെ പ്രീതിയാണ് വിശ്വാസിയുടെ ജീവിതാഭിലാഷം. റബ്ബിന്റെ അനുവാദത്തോടെ സുകൃതങ്ങളിലേക്കിറങ്ങലാണ് മാന്യത. സ്വലാത്തുൽ ഇസ്‌തിഖാറ അതിലേക്കുള്ള മാർഗമാണ്. സ്വലാത്തുൽ അവ്വാബീൻ, വുളൂഇന് മുമ്പ്, യാത്രയ്ക്കു മുമ്പും ശേഷവും എന്നു തുടങ്ങി നന്മകളോട് ഓരംപറ്റി നിരവധി നിസ്കാരങ്ങൾ സുന്നത്തായുണ്ട്.
വായിക്കാം:
ഫർള് നിസ്കാരങ്ങളിൽ ഉണ്ടാകുന്ന അപാകതകളും കുറവുകളും പരിഹരിക്കാനാണ് സുന്നത്ത് നിസ്കാരങ്ങൾ ശറആക്കപ്പെട്ടിട്ടുള്ളത്. പ്രവൃത്തിയിൽ കൊണ്ടുവന്നാൽ പ്രതിഫലം ഉള്ളതും പ്രവർത്തിച്ചിട്ടില്ലെങ്കിൽ ശിക്ഷയില്ലാത്തതുമാണ് സുന്നത്ത് നിസ്കാരങ്ങൾ. പുതിയകാലത്ത് സുന്നത്ത് നിസ്കാരങ്ങൾ അന്യമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പിൽക്കാലത്ത് ചില ധാരകൾ ശറഅ് അനുവദിക്കാത്ത പുത്തനാചാരങ്ങൾ (ബിദ്അത്തുൻ ഖബീഹ) കൊണ്ടുവന്നിട്ടുണ്ട്. അതിനെ ശക്തമായ സ്വരത്തിൽ എതിർക്കുന്നതിൽ സമകാലികരായ പണ്ഡിതന്മാർ വിജയിച്ചിട്ടുണ്ട്. കാര്യകാരണങ്ങളുമായി ബന്ധിക്കുന്ന ചില സുന്നത്ത് നിസ്കാരങ്ങളെയാണ് ഇവിടെ പരാമർശിക്കുന്നത്.
സ്വലാത്തുൽ ഇസ്തിഖാറ
ഇസ്തിഖാറത്തിൻ്റെ ഭാഷാർത്ഥം ഖൈറിനെ (നന്മയെ) തേടുക എന്നതാണ്. നന്മയെ ഉദ്ദേശിച്ചുകൊണ്ട് ഒരു വ്യക്തി നിസ്കരിക്കുന്നതാണ് സ്വലാതുൽ ഇസ്തിഖാറ. രണ്ട് റക്അത്താണ് നിർവഹിക്കേണ്ടത്. ആദ്യ റകഅത്തിൽ സൂറത്തുൽ കാഫിറൂനും രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഇഖ്ലാസുമാണ് ഫാതിഹക്ക് ശേഷം പാരായണം ചെയ്യേണ്ടത്. നിസ്കാരശേഷം ഇപ്രകാരം പ്രാർത്ഥന നിർവഹിക്കലും പ്രത്യേകം സുന്നത്താണ്.
اللَّهُمَّ إِنِّي أَسْتَخِيْرُكَ بِعِلْمِكَ وَاسْتَقْدِرُكَ بِقُدْرَتِكَ وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ. فَإِنَّكَ تَقْدِرُ وَلَا أَقْدِرُ. وَتَعْلَمُ وَلَا أَعْلَمُ وَأَنْتَ عَلامُ الْغُيُوبِ اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرُ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي فَاقْدُرْهُ لِي وَ يَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ. وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرُ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي. فَاصْرِفْهُ عَنِّى وَ اصْرِفْنِي عَنْهُ. وَاقْدِرْ لِي الْخَيْرَ حَيْثُ كَانَ ثُمَّ رَضِّنِي بِهِ.
സ്വലാത്തുൽ അവ്വാബീൻ
ഈ സുന്നത്ത് നിസ്കാരത്തെ സ്വലാത്തുൽ ഗഫ്‌ലാ എന്ന് വിളിക്കുന്നു. ഗഫ് ല എന്നതിന്റെ വാക്കർത്ഥം “അശ്രദ്ധ” എന്നതാണ്. ജനങ്ങളുടെ ജീവിതോപാധിക്ക് വേണ്ടി ജോലികഴിഞ്ഞ് തിരിച്ചെത്തിയാൽ മഗ്രിബിന്റെയും ഇശാഇൻ്റെയും ഇടയിൽ അനാവശ്യമായി സമയം കളയാറുണ്ട്. സംസാരം ഉറക്കം ഭക്ഷണം പോലെയുള്ള കാര്യങ്ങളിൽ ഈ സമയത്തെ ഉപയോഗപ്പെടുത്തുന്നത് തടയുന്നതിനാലാണ് ഈ നിസ്കാരത്തിന് സ്വലാത്തുൽ ഗഫ് ലാ എന്ന് പേരിട്ടത്. നിസ്കാരത്തിൻ്റെ പരിപൂർണ്ണ രൂപം ഇരുപത് റക്അത്താണ്. ആറ്, നാല്, രണ്ട് റക്അതുകൾ വീതമാണ് അവ നിർവഹിക്കേണ്ട രൂപമെന്ന് ഹദീസിൻ്റെ ഗ്രന്ഥങ്ങൾ വിശദീകരിക്കുന്നു.
മുമ്പുള്ള സുന്നത്ത് നിസ്കാരങ്ങൾ
ഹജ്ജിനും ഉംറക്ക് ഇഹ്റാം ചെയ്യുന്നതിന്റെ മുമ്പ് രണ്ട് റക്അത്ത് നിസ്കരിക്കലും, അനുവദനീയമായ യാത്ര ആരംഭിക്കുന്നതിൻ്റെ തൊട്ടുമുമ്പ് രണ്ട് റക്അത്തും, യോദ്ധാവ് പോർക്കളത്തിലേക്ക് ഇറങ്ങുന്നതിനു മുമ്പ് രണ്ട് റക്അത്തും, നിക്കാഹിന്റെ അല്പം മുമ്പ് വരനും വധുവിന്റെ രക്ഷിതാവിനും രണ്ട് റക്അത്ത് നിസ്കരിക്കലും സുന്നത്താണ്. എന്നാൽ ഇവിടെ വധുവിന് നിസ്കാരം സുന്നതില്ല. യാത്രയ്ക്കുവേണ്ടി ഒരുങ്ങുകയോ അല്ലാതെ തന്നെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴും രണ്ട് റക്അത്ത് നിസ്കരിക്കൽ സുന്നത്താണ്.
പ്രവർത്തനങ്ങൾക്ക് ശേഷമുള്ള നിസ്കാരങ്ങൾ
ഹജജിൻ്റെയോ ഉംറയുടെയോ വേളയിൽ ത്വവാഫ് ചെയ്ത് കഴിഞ്ഞാലുടൻ രണ്ട് റക്അത്ത് ഇബ്രാഹീം മഖാമിമിൻ്റെ പിന്നിൽ നിന്ന് നിസ്കരിക്കലും, അംഗ ശുദ്ധി വരുത്തിയതിനു ശേഷം രണ്ട് റക്അത് നിസ്കാരവും പ്രത്യേകം സുന്നത്തുണ്ട്. വുളൂഇന് ശേഷമുള്ള നിസ്കാരത്തിലെ ആദ്യ റക്അത്തിൽ സൂറത്തുൽ ഫാതിഹക്ക് ശേഷം
ولو أنهم اذ ظلموا أنفسهم جاؤك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما
എന്ന ആയത്തും, രണ്ടാമത്തെ റക്അത്തിലെ ഫാതിഹക്ക് ശേഷം
ومن يعمل سوءا أو يظلم نفسه ثم يستغفر الله يجد
എന്ന ആയത്തും ഓതൽ പ്രത്യേകം സുന്നത്താക്കപ്പെട്ടിട്ടുണ്ട്. ഈ നിസ്കാരം വുളൂഇന്റെ നനവ് ഉണങ്ങുന്നതിന് മുമ്പായി നിർവഹിക്കേണ്ടതുണ്ട് എന്ന് പണ്ഡിതന്മാർ പറഞ്ഞതായി കിതാബുകളിൽ കാണാം. വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കി കഴിഞ്ഞാലും രണ്ട് റക്അത്ത് നിസ്കരിക്കൽ സുന്നത്തുണ്ട്. യാത്ര ചെയ്യുന്നവൻ അവന്റെ ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയാലും, മധുവിധു രാവിൽ ഭാര്യ ഭർത്താക്കന്മാർ സംയോഗത്തിൽ ഏർപ്പെടുന്നതിന് മുമ്പും വരനും വധുവിനും രണ്ട് റക്അത്ത് നിസ്കാരം സുന്നത്താണ്.
ചില സുന്നത്ത് നിസ്കാരങ്ങൾ മറ്റു നിസ്കാരങ്ങളാൽ വീടുന്നതാണ്. ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങൾ, റവാത്തിബ്, ളുഹാ, വിത്ർ തുടങ്ങിയ നിസ്കാരങ്ങൾ മറ്റു സുന്നത്ത് നിസ്കാരങ്ങളാൽ വീടുകയില്ല. എന്നാൽ പറയപ്പെട്ട സുന്നത്ത് നിസ്കാരങ്ങൾ അല്ലാത്തവ, ഫർള് നിസ്കാരങ്ങളിലോ മറ്റു സുന്നത്ത് നിസ്കാരങ്ങളിലോ കരുതൽ അനുവദനീയമാണ്. അവയെ കരുതിയാൽ മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂ.
സുന്നത്ത് നിസ്കാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ബലിപെരുന്നാൾ നിസ്കാരമാണ്. പദവിയിൽ അതിനുശേഷം ശ്രേഷ്ഠമായത് ചെറിയ പെരുന്നാൾ സുന്നത്ത് നിസ്കാരവും, സൂര്യഗ്രഹണ നിസ്കാരം, ചന്ദ്രഗ്രഹണം, മഴയെ തേടിയുള്ള നിസ്കാരം, വിത്ർ, സുബ്ഹിൻ്റെ മുമ്പുള്ള രണ്ട് റക്അത്ത്, ബാക്കി റവാത്തിബുകൾ, തറാവീഹ്, ളുഹാ, പ്രവൃത്തിയോട് ബന്ധിക്കുന്ന സുന്നത്ത് നിസ്കാരങ്ങൾ (ത്വവാഫ്, തഹിയ്യത്ത്, ഇഹ്റാമിൻ്റെ സുന്നത്ത് പോലെ) വുളൂഇന്റെ ശേഷമുള്ള നിസ്കാരം, പ്രവർത്തി അല്ലാത്തതിനോട് ബന്ധിക്കുന്ന നിസ്കാരം, നിരുപാധിക നിസ്കാരം എന്നീ ക്രമത്തിലാണ്.
ഹദീസിലൂടെ സ്ഥിരപ്പെട്ട നിസ്കാരങ്ങളെയാണ് ഇമാമുമാർ അവരുടെ ഗ്രന്ഥങ്ങളിൽ പഠിപ്പിച്ചിട്ടുള്ളത്. ചിലർ ദുർവ്യാഖ്യാനം ചെയ്ത് പുതിയ നിസ്കാര ആചാരങ്ങൾ കെട്ടിച്ചമച്ചുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ തന്റെ വിശ്വപ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനിൽ വിവരിക്കുന്നുണ്ട്, ‘റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാവിൽ മഗരിബിനും ഇശാഇനുമിടയിൽ പന്ത്രണ്ട് റകഅത്ത് നിസ്കരിക്കൽ, ശഅബാനിലെ പകുതിക്ക് ശേഷം നൂറ് റകഅത്ത് നിസ്കരിക്കൽ, ആശൂറാഇൻ്റെ ദിവസം പ്രത്യേകം സുന്നത്ത് തുടങ്ങിയവകൾ ബിദ്അത്തുൻഖബീഹ (പുത്തൻ ആചാരം) യാണ്. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം അഞ്ച് വഖ്ത് നിസ്കാരങ്ങൾ നിസ്കരിച്ചാൽ ആ വർഷം ഉപേക്ഷിച്ചിട്ടുള്ള നിസ്കാരത്തെ പരിഹരിക്കുന്നതാണ് തുടങ്ങിയ നിസ്കാരങ്ങൾ നിർവഹിക്കൽ ഹറാമാണ്. ഇതുപോലോത്ത ദുരാചാരങ്ങൾക്കെതിരെ മഖ്ദൂം തങ്ങൾ അവിടുത്തെ വിശ്വപ്രസിദ്ധ കർമശാസ്ത്ര രചനയിലൂടെ നിശിതമായി വിമർശിക്കുന്നു.
23 January, 2025 01:32 pm
MOHAMMED SHAFI KV
ماشاء الله ،الله يبارك فيك