സ്വലാത്തു തഹിയ്യത്ത്: മസ്ജിദുകളോടുള്ള ആദരാഭിവാദനമാണ്. എളിമയോടെ അടിമ അല്ലാഹുവിൻറെ ഭവനത്തിൽ സന്നിഹിതനാവലാണ്. അതെ, പ്രാർത്ഥനയോടെ അവനിലേക്ക് മുന്നിടുകയാണ്. |
പരലോക മോക്ഷമാണ് വിശ്വാസിയുടെ പ്രഥമ ലക്ഷ്യം. ആ ലക്ഷ്യ സാക്ഷാത്കാര വഴിയില്‍ ധാരാളം ബാധ്യതകള്‍ അവന്‍ നിറവേറ്റേണ്ടതുണ്ട്. അവയില്‍ സ്രഷ്ടാവായ നാഥനോടുള്ളവയും സൃഷ്ടികളോടുള്ളവയുമുണ്ട്. അല്ലാഹുമായുള്ള ബാധ്യതകളിലെ സുപ്രധാന ബാധ്യതയാണ് നിസ്കാരം. എന്നല്ല, വിശ്വാസിയുടെ പരലോക മോക്ഷമെന്ന ലക്ഷ്യം കരസ്ഥമാകുന്നതും നിസ്കാരത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അവന് ഏറ്റവും ഇഷ്ടപ്പെട്ട ആരാധനാകർമവും നിസ്കാരമാണ്.
നിസ്കാരങ്ങളിൽ തന്നെ നിർബന്ധമായും ഓരോ വിശ്വാസിയും നിർവഹിക്കേണ്ട ഫർള് നിസ്കാരവും അല്ലാത്ത സുന്നത്ത് നിസ്കാരവുമുണ്ട്. ഫർള് നിസ്കാരങ്ങൾക്ക് പുറമേ നിരവധി സുന്നത്ത് നിസ്കാരങ്ങളും നാം നിർവഹിക്കാറുണ്ട്. പലപ്പോഴും നിസ്കാരങ്ങൾക്ക് പിന്നിലെ പാരിതോഷികങ്ങളെ മനസ്സിലാക്കാതെ മദ്റസകളിൽ നിന്ന് പഠിച്ചതോ മാതാപിതാക്കളോ മുതിർന്നവരോ ചെയ്യുന്നത് കണ്ടോ ആരുടെയെങ്കിലും ഉപദേശം കൊണ്ടോ പ്രവൃത്തി പദത്തിൽ കൊണ്ടുവന്നവയായിരിക്കുമത്. എന്നാൽ ഈ സുന്നത്ത് നിസ്കാരങ്ങൾ കൊണ്ടുള്ള യഥാർഥ ഗുണമറിയുന്നത് നിസ്കാരങ്ങളോടുള്ള നമ്മുടെ മനോഭാവം മാറ്റിയെടുക്കാനുപകരിക്കും. സുന്നത്ത് നിസ്കാരങ്ങൾ നിർവഹിക്കുന്നതിലുള്ള അലസത ഒഴിവാക്കുന്നതിനും ജീവിതത്തിൽ നിത്യമാക്കുന്നതിനും അതേറെ സഹായിക്കും.
ഇസ്ലാമിൽ ഒരുപാട് സുന്നത്ത് നിസ്കാരങ്ങൾ ശറആക്കപ്പെട്ടിട്ടുണ്ട്. അവയിൽ ചില മാസങ്ങളിൽ മാത്രം സുന്നത്തുള്ളതും, ചില സമയങ്ങളിൽ മാത്രം പ്രത്യേകമായതും, ചില നിസ്കാരങ്ങൾക്ക്, അല്ലെങ്കിൽ ചില കർമങ്ങൾക്ക് മുമ്പോ ശേഷമോ തിരുചര്യയായി വന്നവയും അല്ലാത്തതുമായ സുന്നത്ത് നിസ്കാരങ്ങൾ ധാരാളമുണ്ട്.
പള്ളിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ പള്ളിയോടുള്ള ആദരസൂചകമായി നിർവഹിക്കപ്പെടുന്ന നിസ്കാരമാണ് തഹിയ്യത്തുൽ മസ്ജിദ് അഥവാ തഹിയ്യത്ത് നിസ്കാരം. തഹിയ്യത്ത് എന്നാൽ അഭിവാദ്യം എന്നാണർത്ഥം. പള്ളിയോടുള്ള നമസ്കാരം നിസ്കാരമാണ്. കഅ്ബയുടേത് ത്വവാഫും ഹറമിന്റെത് ഇഹ്റാമുമാണ്. പള്ളിയുടെ റബ്ബിന് അഭിവാദ്യമർപ്പിക്കലും അവനെ വന്ദിക്കലുമാണ് ഈ സുന്നത്ത് നിസ്ക്കാരം. അല്ലാതെ, ആ സ്ഥലത്തെ വന്ദിക്കലോ അഭിവാദ്യമർപ്പിക്കലോ അല്ല. ഇനി ആരെങ്കിലും അങ്ങനെ കരുതിയാൽ ആ നിസ്കാരം സ്വഹീഹാകില്ല എന്ന്ഇബ്നു ഇമാദ്(റ)വും, ഇമാം സർക്കശി(റ)വും പറഞ്ഞിട്ടുണ്ട്.
തഹിയ്യത്ത് നിസ്കാരത്തിന് പ്രത്യേകകാലമോ സമയമോ ഇല്ല. പള്ളിയിൽ പ്രവേശിച്ച് ഇരിക്കുന്നതിന് മുമ്പായി രണ്ട് റക്അത് നമസ്കരിച്ച ഏതൊരാൾക്കും തഹിയ്യത്ത് നിസ്കാരത്തിൻ്റെ പ്രതിഫലം ലഭിക്കും. പള്ളിയോടുള്ള ആദരസൂചകമായത് കൊണ്ട് തന്നെ പള്ളിയിൽ വെച്ച് മാത്രമേ നിസ്ക്കരിക്കാൻ സാധിക്കുകയുള്ളു. പള്ളി എന്നാൽ കലർപ്പില്ലാത്ത പൂർണ്ണ പള്ളി എന്നാണുദ്ദേശ്യമെന്ന് ഇബ്നുഹജർ(റ)പറയുന്നു. ഈ അഭിപ്രായമനുസരിച്ച് നിസ്കരിക്കാനായി വഖ്ഫ് ചെയ്യപ്പെട്ട സ്ഥലത്ത് തഹിയ്യത്ത് നിസ്കാരം പറ്റില്ല. എന്നാൽ ഇമാം റംലിയും മറ്റും ഇബ്നുഹജർ (റ)ന്റെ അഭിപ്രായത്തോട് എതിരാണ്.
തഹിയ്യത്ത് നിസ്കാരത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരുപാട് ഹദീസുകൾ കാണാൻ സാധിക്കുന്നതാണ്. അബൂഖത്വാദ(റ) വിൽനിന്നുള്ള നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ രണ്ട് റക്അത് നമസ്ക്കരിക്കാതെ ഇരിക്കരുത്. ജാബിർ(റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ കാണാം, ജാബിർ(റ ) പറയുന്നു: നബി(സ) പള്ളിയിലായിരുന്നപ്പോൾ ഞാൻ നബി(സ്വ) യുടെ അടുക്കൽ വന്നു. നബി (സ്വ) എന്നോട് പറഞ്ഞു : രണ്ട് റക്അത് നിസ്കരിക്കുക. വളരെ പുണ്യമേറിയ സുന്നത് നിസ്കാരമാണ് തഹിയ്യത്ത് നിസ്കാരം. ഉപരിസൂചിത ഹദീസുകളിലെ പദപ്രയോഗങ്ങൾ തഹിയ്യത്ത് നമസ്ക്കാരത്തിൻ്റെ പ്രാധാന്യത്തെ അറിയിക്കുന്നു.
`ജുമുഅ' ദിവസം ഇമാം ഖുതുബ ഓതുന്ന സന്ദർഭത്തിലാണ് ഒരാൾ പള്ളിയിൽ പ്രവേശിക്കുന്നതെങ്കിലും രണ്ട് റക്അത് തഹിയ്യത്ത് നമസ്ക്കരിക്കണമെന്ന തിരുദൂതരുടെ നിർദേശവും ഈ നിസ്കാരത്തിൻറെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
തഹിയ്യത്ത് നിസ്കാരം എങ്ങനെ?
പള്ളിയിൽ പ്രവേശിക്കലോടു കൂടിയാണ് തഹിയ്യത്ത് നിസ്ക്കാരം സുന്നത്താകുന്നത്. പള്ളിയിൽ പ്രവേശിച്ചതു മുതൽ ഇരിക്കുന്നതിനു മുമ്പായിട്ടെപ്പോയെങ്കിലും രണ്ട് റക്ക്അത് നമസ്കരിച്ചാൽ തഹിയ്യത്തിൻ്റെ പ്രതിഫലം ലഭിക്കും.
രണ്ട് റക്അത്താക്കി ചുരുക്കലാണ് ഉത്തമം. കൂടുതലാക്കാം. എത്ര നിസ്കരിച്ചാലും എല്ലാം തഹിയ്യത്താവുകയും ചെയ്യും. എങ്കിലും ഒരു സലാമിനുള്ളിൽ ഒതുങ്ങണം. അല്ലെങ്കിൽ രണ്ടാമത്തേത് തഹിയ്യത്തായി പരിഗണിക്കില്ല. അത് നിരുപാധികം സുന്നത്ത് നിസ്കാരമായി മാറും.
ഒരാൾ ഖുർആൻ പാരായണത്തിനോ, ഇഅ്തികാഫ് ഇരിക്കാനോ, ദിക്ർ ചൊല്ലാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഇബാദത്തുകൾ നിർവ്വഹിക്കാനോ പള്ളിയിലേക്ക് എത്തിയാൽ ഇരിക്കുന്നതിന് മുമ്പ് രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കാരം നിർവ്വഹിക്കുക. ഇനി ഒരാൾ ഏതെങ്കിലും ഫർള് നിസ്കാരത്തിനൊ അല്ലെങ്കിൽ സുന്നത്ത് നിസ്കാരത്തിനൊ പള്ളിയിലെത്തുന്നതെങ്കിൽ, അവിടെ ആ നിസ്ക്കാരം മാത്രം നമസ്കരിച്ചാൽ മതിയാവും. ഉദാഹരണത്തിന്, സുബ്ഹി ബാങ്ക് കൊടുക്കുന്നതിന് മുമ്പ് ഒരാൾ പള്ളിയിൽ പ്രവേശിക്കുന്നു. അയാൾക്ക് തഹിയ്യത്ത് നിസ്കരിക്കാവുന്നതാണ്. എന്നാൽ സുബ്ഹി ബാങ്ക് കൊടുത്തതിന് ശേഷമാണ് പള്ളിയിൽ പ്രവേശിക്കുന്നതെങ്കിൽ അയാൾക്ക് സുബ്ഹിയുടെ മുമ്പുള്ള സുന്നത് നിർവഹിക്കുന്നതോടെ തഹിയ്യത്തിന്റെ പ്രതിഫലവും നേടിയെടുക്കാനാവും. എങ്കിലും, തഹിയ്യത്തിന്റെ പ്രതിഫലവും കൂടി കിട്ടണമെന്നുണ്ടെകിൽ നിയ്യത്ത് വേണമെന്നുള്ളതാണ് ന്യായമായ അഭിപ്രായം. ' എല്ലാ കർമങ്ങളും സ്വീകാര്യമാകുന്നത് നിയ്യത്കൊണ്ട് മാത്രമാണ്" എന്ന ഹദീസാണിതിന്നടിസ്ഥാനം.
എന്നാൽ, ഒരാൾ പള്ളിയിൽ പ്രവേശിച്ചത് 'ജുമുഅ' നിസ്കാരത്തിനോ മറ്റോ സമയമാവുകയും തഹിയ്യത്ത് നിസ്ക്കരിക്കാനാരംഭിച്ചാൽ ഇമാമിനോടൊപ്പമുള്ള തക്ബീറതുൽ ഇഹ്റാമിൻ്റെ ശ്രേഷ്ഠത നഷ്ടപ്പെടുമെന്ന് ആശങ്കിക്കുകയും ചെയ്താൽ ഇരിക്കരുത്. കാത്തുനിൽക്കണം. എന്നാൽ ആ നിസ്കാരത്തോടൊപ്പം തഹിയ്യതും ലഭിക്കും. ഇത്തരം സന്ദർഭങ്ങളിൽ തഹിയ്യത്ത് ആരംഭിക്കുകയോ ഇരിക്കുകയോ ചെയ്യൽ കറാഹത്താണ്.
ഇമാം ഫർള്നിസ്കാരം നിർവഹിച്ചുകൊണ്ടിരിക്കെ കടന്നുവന്നവനും തഹിയ്യത്ത് കറാഹത്താണ്. വെള്ളിയാഴ്ച്ച ഖത്വീബ് ഖുതുബയിൽ നിന്ന് വിരമിച്ച ശേഷമോ ഖുതുബ അവസാനത്തിലോ കയറിവന്നവനും തഹിയ്യത്ത് കറാഹത്താണ്. ഇത്തരം സമയങ്ങളിൽ നിസ്കാരം കറാഹത്താണെങ്കിലും നിർവഹിച്ചാൽ അത് തഹിയ്യത്തായി പരിഗണിക്കുമെന്നാണ് പ്രത്യക്ഷ്യാഭിപ്രായം. എന്നാൽ കഷ്ടിച്ചു ഫർള് നിസ്കാരത്തിനുള്ള സമയം മാത്രം അവശേഷിക്കുമ്പോൾ തഹിയ്യത്ത് നമസ്കരിക്കരുത്. മാത്രമല്ല, തഹിയ്യത്ത് നിസ്കരിക്കൽ ഹറാമാണ്.
പള്ളിയിൽ പ്രവേശിച്ച് ഇരിക്കുന്നതിന് മുമ്പായി രണ്ട് റക്ക്അത്ത് നിസ്ക്കരിച്ചാൽ മതിയായും. അതിനിടയിലെ ദൈർഘ്യം അധികരിച്ചത് കൊണ്ട് നിസ്കാരം നഷ്ടപ്പെടില്ല. എന്നാൽ അറിവില്ലാതെയോ മറന്നോ ആരെങ്കിലും കുറച്ചു സമയം ഇരുന്നാൽ തഹിയ്യത്തിൻ്റെ അവസരം നഷ്ടപ്പെടും. എന്നാൽ വെള്ളം കുടിക്കാൻ വേണ്ടിയോ മറ്റോ കുറച്ചു നേരമിരുന്നാൽ അത് അറിവോ, ഓർമയോ ഇല്ലാതെ ഇരുന്നത് പോലെയാണെന്നും, പിന്നെ തഹിയ്യത്ത് നിസ്കരിക്കാമെന്നുമാണ് പണ്ഡിതാഭിപ്രായം. നിറുത്തം ദീർഘിച്ചാലും നിസ്ക്കരിക്കുന്നില്ലെന്നു കരുതിയാലും അവസരം നഷ്ടമാകില്ല.
തഹിയ്യത്തിന് സാധിക്കാത്തവർക്ക്
പ്രതിബന്ധങ്ങളൊന്നുമില്ലെങ്കിൽ തഹിയ്യത്ത് ഉപേക്ഷിക്കൽ കറാഹത്താണ്. അശുദ്ധിനിമിത്തമോ മറ്റോ തഹിയ്യത്തിനു സൗകര്യപ്പെടാത്തവർ
سبحان الله والحمد لله والله أكبر ولا إله إلا الله ولا حول ولا قوة إلا بالله العلي العظيم
എന്ന ദുആ നാല് പ്രാവിശ്യം ചൊല്ലൽ സുന്നത്താണ് . ജഹ്സി(റ) പറയുന്നു: "ഈ ദിക്ർ ഒരു പ്രായശ്ചിത്തത്തിനു തുല്യമാണ്; തഹിയ്യതല്ല".
മേൽ ഉദ്ധരിണികളിൽ നിന്നും സ്വലാത്തു തഹിയ്യത്തിന്റെ പ്രധാന്യവും ശ്രേഷ്ടതയും മനസ്സിലായിക്കാണുമല്ലോ. ഇങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ അധ്വാനമില്ലാതെ ലഭിക്കുന്ന നേട്ടങ്ങൾ കൊയ്തെടുക്കാൻ വിശ്വാസികൾ ജാഗ്രത കാണിക്കണം. സ്രഷ്ടാവിനോട് അടുക്കാനുള്ള മാർഗമായിട്ടാണ് സുന്നത്ത് നിസ്കാരം
ശറആക്കപ്പെട്ടത്. അതു നല്ലപോലെ ഉപയോഗപ്പെടുത്തേണ്ടത് സൃഷ്ടികളായ നമ്മുടെ കടമയാണ്. നാഥൻ തൗഫീഖ് നൽകട്ടെ - ആമീൻ യാ റബ്ബൽ ആലമീൻ
13 August, 2024 08:07 am
6 August, 2024 08:12 pm