ഇസ്‌ലാം എന്ന സമഗ്രമായ സംഹിതയെ ജീവിതത്തിലൂടെ അവതരിപ്പിച്ചത് കൊണ്ടുതന്നെ പ്രവാചക ജീവിതത്തിന്റെ നിഖിലമേഖലകളിലും മഹത്തരമായ അധ്യായങ്ങളാണ് ദർശിക്കാനാവുക. കൂട്ടുകാരൻ, കുടുംബക്കാരൻ, ഭർത്താവ്, പിതാവ്, ഗൃഹനാഥൻ, നേതാവ്, സൈനികതലവൻ, രാഷ്ട്രനേതൃത്വം തുടങ്ങി ജീവിതത്തിലെ  സർവ പ്രതിനിധാനങ്ങളിലും ഏറ്റവും മികച്ച മാതൃകയാണ് തിരുനബിയിൽ നാം വായിക്കുന്നത്. സ്വന്തം സമുദായത്തിനിടയിലും ഇതരസമുദായ-രാഷ്ട്രങ്ങളോടുമെല്ലാം തിരുനബി നടത്തിയ വ്യവഹാരങ്ങൾ അതിലേറ്റവും പ്രധാനപ്പെട്ടതാണ്. അതിസങ്കീർണമായ പ്രശ്ന സാധ്യതയുള്ള ഇടങ്ങളിൽ പോലും തിരുനബി നടത്തിയ നയതന്ത്ര ഇടപെടലുകൾ ചരിത്രത്തിൽ അതിപ്രാധാന്യത്തോടെ വായിക്കേണ്ട ഭാഗമാണ്. പ്രവാചകത്വത്തിനു മുമ്പ് സാമൂഹിക ഇടപെടലുകളിലും ശേഷം പ്രബോധന പ്രവർത്തനങ്ങളിലും പ്രവാചകർ സ്വീകരിച്ച ഇടപെടലുകളിലെ മനോഹാരിത പ്രവാചകരിലെ തികഞ്ഞ നയതന്ത്രജ്ഞനിലേക്ക്  വെളിച്ചംവീശുന്നുണ്ട്. 

തിരുനബി ജീവിതം ഏറെ കൃത്യതയാർന്ന ചുവടുവെപ്പുകളാണ്.  വിശേഷിച്ചും പ്രബോധന വഴിയിൽ തിരുനബി സ്വീകരിച്ച നിലപാട് നയതന്ത്രതയുടെ പരിപൂർണ രൂപമാണെന്ന് പറയാം.

"പ്രബോധന വഴിയിൽ നയതന്ത്രജ്ഞതയും പക്വമായ സദുപദേശ വഴിയും സ്വീകരിക്കണ"മെന്നാണ് ഖുർആൻ പറയുന്നത്(1)

നിസ്സാര കാര്യങ്ങൾക്ക് പോലും സംഘർഷങ്ങളും സംഘട്ടനങ്ങളും ഉടലെടുക്കുകയും പരിഹാരമാർഗ്ഗങ്ങളെക്കുറിച്ച് ആലോചനാശേഷി നഷ്ടമാവുകയും ചെയ്യുന്ന പുതിയ കാലത്തിന് തിരുജീവിതത്തിൽ നിന്ന് ഏറെ പകർത്താനുണ്ട്. "നിങ്ങൾക്ക് തിരുറസൂലിൽ മാതൃകയുണ്ടെ" ന്നാണ് ഖുർആനിക ദർശനം.(2)

പ്രാചീന അറേബ്യൻ ജനതയുടെ സംസ്കാരത്തെക്കുറിച്ച് നമുക്കറിയാം. ഗോത്രാഭിമാനത്തിന്റെ കൊടുമുടിയിൽ വിരാചിച്ചിരുന്നവരാണ്. അതിന്റെ പേരിൽ രക്തം ചിന്തുന്നത് ധർമമായി കണ്ട അവർക്ക് രക്തച്ചൊരിച്ചിൽ ഒഴിഞ്ഞ ദിവസം വിരളമായിരുന്നു. അത്തരത്തിൽ ഒരു സംഘർഷം ഉടലെടുത്തേക്കാവുന്ന സാഹചര്യത്തെ പ്രവാചകത്വത്തിന് മുമ്പ് തന്നെ തിരുനബി പരിഹരിച്ച സന്ദർഭമുണ്ട്.  മക്കയിൽ ശക്തമായ വെള്ളപ്പൊക്ക ഭീഷണി ഉണ്ടായ ഘട്ടത്തിലാണ് അറബികൾ ആദരവോടെ ആരാധന നിർവഹിക്കുന്ന വിശുദ്ധഗേഹം കഅ്ബ പുതുക്കിപ്പണിയാനുള്ള തീരുമാനത്തിലെത്തുന്നത്. പുനർനിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കവേ കഅ്ബയുടെ ഒരു മൂലയിൽ സ്ഥാപിക്കേണ്ട ഹജറുൽ അസ് വദ് യഥാസ്ഥാനത്ത് സ്ഥാപിക്കുന്നതാരെന്ന വിഷയത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ടായി. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒട്ടുമിക്ക ഗോത്രങ്ങളും ഭാഗമായതിനാൽ വിശുദ്ധകല്ല് സ്ഥാപിക്കുന്ന പുണ്യകർമം ഏറ്റെടുക്കാൻ എല്ലാവരും മുന്നോട്ടുവന്നു. ഗോത്രമഹിമ പ്രകടിപ്പിക്കാനുള്ള അവസരമൊന്നും എത്ര സംഘട്ടനമുണ്ടായാലും ഉപേക്ഷിക്കാത്തവരാണ്. വിഷയം സംഘർഷത്തിന്റെ വക്കിലെത്തുമെന്ന് കണ്ട അബൂ ഉമയ്യത്തുബ്നു എന്ന മുതിർന്ന കാരണവർ ഒരഭിപ്രായം മുന്നോട്ടുവെച്ചു. കഅ്ബാലയത്തിനരികിലെ അൽസ്വഫ കവാടത്തിലൂടെ ആദ്യം കടന്നുവരുന്നയാൾ നിർവഹിക്കട്ടെ എന്ന അഭിപ്രായത്തിൽ എല്ലാവരും ഏകോപിച്ചു. തിരുനബിയായിരുന്നു ആദ്യം കടന്നുവന്നത്. ഹജറുൽഅസ് വദ് സ്ഥാപിക്കാനുള്ള ഉത്തരവാദിത്വത്തിന് തിരുനബി നിയോഗിക്കപ്പെട്ടു. അറബ് ജനതയെപ്രതി തികഞ്ഞ ബോധ്യമുള്ളതിനാൽ വളരെ തന്ത്രപൂർവ്വം തിരുനബി പ്രശ്നത്തെ അഭിമുഖീകരിച്ചു. തന്റെ മേൽത്തട്ടം നിലത്ത് വിരിക്കുകയും കല്ല് അതിലെടുത്തു വെക്കുകയും ചെയ്തു. ശേഷം മുഴുവൻ ഗോത്രത്തലവൻമാരോടും തട്ടത്തിന്റെ ഓരോ ഭാഗം പിടിച്ചുയർത്താൻ പറയുകയും തിരു നബി തന്നെ കല്ല് യഥാസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു. ഏറെ തന്ത്രപ്രധാനമായ ഇടപെടലായിരുന്നു. പ്രശ്ന കലുഷിതമാകാമായിരുന്നു ഒരു സാഹചര്യത്തെ ഏവർക്കും സന്തോഷത്തിനുള്ള വകയാക്കി മാറ്റുകയായിരുന്നു. സ്വന്തം നിർവഹിക്കുന്നതിനു പകരം മുഴുവൻ ഗോത്രത്തിനും പ്രാതിനിധ്യം നൽകുന്നതിലൂടെ എല്ലാവർക്കും സന്തോഷം സമ്മാനിക്കുകയായിരുന്നു തിരുനബി.

പകയിലേക്കും ശത്രുതയിലേക്കും നയിക്കുന്ന ഗോത്രാഭിമാനത്തിനപ്പുറം ഗോത്രാതീത സാഹോദര്യത്തിന് സ്ഥാനം നൽകി മതാഭിമാനം വളർത്തുകയായിരുന്നു തിരുനബിﷺ. മദീനയിലേക്ക് നമ്മളെത്തുന്നതങ്ങനെയാണ്.  മദീനയിലെ പ്രമുഖ ഗോത്രങ്ങളായ ഔസ് ഖസ്റജിനിടയിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന പകയും ശത്രുതയും കാരണം രക്തച്ചൊരിച്ചിലുകൾ സാധാരണയായിരുന്നു. ഈ യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞത് കൊണ്ട് ഇതിനുള്ള പരിഹാര മാർഗയിരുന്നു തിരുനബി പ്രഥമമായി കണ്ടെത്തിയത്. ഹിറാഗുഹക്കും മിനതാഴ്‌വാരക്കും ഇടയിലുള്ള അഖബയിൽ വെച്ചാണ് യസ്‌രിബിൽ നിന്നുള്ള സംഘവുമായി കൂടിക്കാഴ്ച്ചകൾ നടക്കുന്നത്.

ഖസ്റജ് ഗോത്രക്കാരായിരുന്നു പ്രഥമ കൂടിക്കാഴ്ച്ചയിൽ സംഗമിച്ചത്. പതിറ്റാണ്ടുകൾ നീണ്ട ഗോത്രകുടിപ്പകയിൽ മനംമടുത്തവരായതിനാൽ തിരുനബി മുന്നോട്ടുവെച്ച ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മാർഗത്തോട് വിധേയപ്പെടാൻ അവർക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. നാട്ടിലേക്ക് മടങ്ങിയ അവർക്ക് സഹോദര ഗോത്രവുമായി കൂടിയാലോചനകൾ നടത്താനുള്ള നിർദേശം നൽകുന്നതിലൂടെ ഒരു മഞ്ഞുരുക്കത്തിന് അവസരം തെളിക്കുകയായിരുന്നു പ്രവാചകർﷺ. അത് വിജയിക്കുകയും അടുത്തവർഷം ഇരു ഗോത്രത്തിലെയും പ്രതിനിധികൾ പ്രവാചക സമക്ഷം ചർച്ചക്ക് സന്നിഹിതരാവുകയും ചെയ്തു. രക്തച്ചൊരിച്ചിൽ നിറഞ്ഞ ഗോത്രാഭിമാനത്തിനപ്പുറം സാഹോദര്യത്തിനുള്ള സ്ഥാനത്തെ പ്രൊജക്ട് ചെയ്ത് പതിറ്റാണ്ടുകളായി കുടിപ്പകയിൽ കഴിഞ്ഞിരുന്ന ഇരു ഗോത്രങ്ങളെ സമാധാനത്തിന്റെ സമക്ഷത്തേക്ക് എത്തിക്കുകയായിരുന്നു തിരുനബിയിലെ നയതന്ത്രജ്ഞൻ.

ഒന്നാമത്തെ കൂടിക്കാഴ്ചയിൽ ഉടലെടുത്ത ഉടമ്പടിയിൽ പ്രവാചകർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നാട്ടിലെ പ്രശ്നങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള മാർഗങ്ങളായിരുന്നു. അത് പ്രകാരം വ്യഭിചരിക്കുകയില്ല, മോഷണം നടത്തുകയില്ല, ശിശുഹത്യ ചെയ്യുകയില്ല, സംഘട്ടനത്തിൽ ഏർപ്പെടുകയില്ല തുടങ്ങിയ ഉടമ്പടിയിൽ ഒപ്പുവെക്കാൻ അവർ തയ്യാറായി. ഇത് വൻവിജയമായിരുന്നു. 

യസ്‌രിബിൽ സമാധാനാന്തരീക്ഷം സ്ഥാപിച്ച ശേഷം മക്കവിട്ട് പലായനത്തിന് ഒരുങ്ങിയ തിരുനബി ആദ്യം ചെയ്തത് സാമൂഹിക പരിസരം തരപ്പെടുത്തുകയായിരുന്നു. അതിനായി മുസ്അബുബ്നു ഉമൈർ(റ)ന്റെ നേതൃത്വത്തിലുള്ള സംഘത്തെ അയക്കുകയാണ് ചെയ്തത്. തിരുനബി കൂടെവരണമെന്ന് ആവശ്യപ്പെട്ട മദീനക്കാരിൽ നിന്ന് തന്നെ പ്രവാചകനും അനുയായികൾക്കുമുള്ള സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.  പലായനം നടത്തുന്നതിന് മുമ്പ് പോകാനുള്ള ഇടത്തെക്കുറിച്ച് കൃത്യമായി പഠിച്ച് അവിടുത്തെ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനപൂർവ്വം ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു തിരുനബി. കൂട്ടമായുള്ള പലായനം ശത്രുപക്ഷത്തുനിന്നുള്ള ആക്രമണങ്ങൾക്ക് കാരണമാകുമെന്ന് തിരുനബി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ഘട്ടം ഘട്ടമായുള്ള യാത്രാപ്ലാൻ തയ്യാറാക്കിയത്. സഹിഷ്ണുതയുടെ ഈ നിലപാട് തകർക്കാൻ കഴിയാത്ത വിധം ശക്തമായ ഭൗതിക സാഹചര്യം രൂപപ്പെടാൻ സഹായകമായി.  ആലോചനകളില്ലാതെ എടുത്തുചാടി  കൂട്ടമായ പലായനം നടത്തുകയായിരുന്നെങ്കിൽ മദീന വഴി സാധ്യമായ മത,രാഷ്ട്ര ഭൗതിക പുരോഗതികളൊന്നും യാഥാർത്ഥ്യമാവില്ലായിരുന്നു..

ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളുടെ തുടക്കകാലത്തും മദീനയിലേക്കുള്ള പലായന വേളയിലുമെല്ലാം തിരു നബിയുടെ നയതന്ത്രജ്ഞതയുടെ മികച്ച ഉദാഹരണങ്ങൾ ഇനിയും കാണാൻ സാധിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ആവിർഭാവ കാലഘട്ടത്തിലെ ആദ്യ മൂന്നുവർഷങ്ങൾ അതീവ രഹസ്യമായാണ് പ്രബോധന പ്രവർത്തനങ്ങൾ നടക്കുന്നത്. രഹസ്യപ്രബോധനത്തിലൂടെ കൂടുതൽ അംഗബലം നേടുകയെന്ന നയമായിരുന്നു തിരുനബി സ്വീകരിച്ചത്. ഇസ്‌ലാം ആശ്ലേഷിച്ചവരുടെ എണ്ണം വളരെ ചുരുക്കമാണ്. അപ്പോഴേക്കും പരസ്യപ്രബോധനത്തിന് ആവേശപ്പെട്ട ഉമർ(റ)വിനെ തിരുനബി വിലക്കുകയായിരുന്നു. അടിത്തറ ശക്തമാക്കാതെ പ്രസ്ഥാനം പടുത്തുയർത്തുന്നത് അപകടകരമാണെന്ന് തന്ത്രജ്ഞാനിയായ പ്രവാചകർ തിരിച്ചറിയുകയായിരുന്നു. അതുകൊണ്ടുതന്നെ ഏറെക്കുറെ സംഘടന ശേഷി കൈവരിച്ചു എന്ന് ഉറപ്പായത്തോടെയാണ് പ്രവാചകൻ പരസ്യപ്രബോധനം ആരംഭിക്കുന്നത്.

തിരുനബിയുടെ ഓരോ ആലോചനയിലും തിരഞ്ഞെടുപ്പിലും തന്ത്രജ്ഞതയുണ്ടെന്ന് വ്യക്തമാക്കിത്തരുന്ന അധ്യായമാണ് മദീനയിലേക്കുള്ള യാത്ര. ജന്മനാടായ മക്കയിൽ ശത്രുപീഡനം അതിശക്തമായതോടെ ജീവിക്കാൻ കൂടുതൽ സുരക്ഷിതമായ ഇടം ആവശ്യമായതുകൊണ്ടാണ് പ്രവാചകരും അനുയായികളും മദീനയിലേക്ക് കുടിയേറുന്നത്. വിശ്വാസികളെ ചെറിയ സംഘങ്ങളായി വ്യത്യസ്ത സമയങ്ങളിൽ യാത്രയാക്കിയതിനു ശേഷം ഒടുവിലാണ് തിരുനബി പ്രിയകൂട്ടുകാരൻ അബൂബക്ർ സിദ്ദിഖ്(റ)വിനോടൊപ്പം പലായനം ചെയ്യുന്നത്. കൊല്ലാൻ വേണ്ടി ശത്രുക്കളൊന്നടങ്കം വീട് വളഞ്ഞ ഘട്ടത്തിലാണ് പ്രവാചകർ രക്ഷപ്പെട്ട് യാത്ര ചെയ്യുന്നത്. പ്രസ്തുത സമയത്തെ യാത്ര തീർത്തും അപകടകരമാണെന്ന് തിരുനബിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. കാരണം, പ്രവാചകരെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ ഓഫർ ചെയ്യപ്പെട്ടതിനാൽ എന്ത് കഷ്ടപ്പാടും സഹിച്ച് അത് സ്വന്തമാക്കാൻ  ശത്രുക്കൾ ഭ്രാന്തമായി അലയുന്ന ഘട്ടമാണ്. കണ്ണിൽപെട്ടാൽ അപകടകരമാണെന്ന് തിരിച്ചറിഞ്ഞതിനാൽ വഴിയിലുള്ള സൗർ ഗുഹയിൽ തങ്ങാനായിരുന്നു നബിയുടെ തീരുമാനം. ഏറെ നിർണായകമായ നയമായിരുന്നു ഇത്. തിരച്ചിലിന്‍റെ തീവ്രത കുറയുന്നതുവരെ സുരക്ഷിതമായ സ്ഥാനത്ത് ഒളിക്കുക എന്ന തന്ത്രമാണ് ഇവിടെ സ്വീകരിച്ചത്. തിരച്ചിൽ ഏകദേശം അവസാനിച്ചുവെന്ന് നാലാം ദിവസം അബൂബക്ർ സിദ്ദീഖ്(റ)വിന്റെ മകൻ അബ്ദുല്ല അറിയിച്ചതോടെയാണ് നബിﷺ യാത്ര പുനരാരംഭിച്ചത്. ശത്രുക്കൾ തിരച്ചിൽ നടത്താൻ സാധ്യതയുള്ള സമയം മുൻകൂട്ടി മനസ്സിലാക്കി സുരക്ഷിതസ്ഥാനം കണ്ടെത്തുകയായിരുന്നു തിരുനബി. 

തിരുനബിയിലെ നയതന്ത്രജ്ഞത വ്യക്തമാക്കുന്ന അധ്യായമാണ് ഹിജ്റ അഞ്ചിന് നടന്ന ഖന്ദഖ് യുദ്ധം. മദീനയിലെത്തിയ പ്രവാചകർﷺ പ്രധാന ജൂതഗോത്രങ്ങളോടെല്ലാം സമാധാനക്കരാറുണ്ടാക്കിയിരുന്നു. എന്നാൽ മദീനയിലെ അവിശ്വാസികളായ 20 പ്രമാണിമാർ മക്കയിൽ വരികയും ഇസ് ലാമിനെതിരെ പോരാട്ടത്തിന് സഹായം പ്രഖ്യാപിക്കുകയും പോരാട്ടത്തിന് മക്കയിലെയും മദീനയിലെയും ഗോത്രങ്ങളെ ഒരുമിച്ചുകൂട്ടി സഖ്യസേന രൂപീകരിക്കുകയും ചെയ്തു. അപേക്ഷികമായി ഭൗതിക സാഹചര്യങ്ങൾ കൂടുതലുള്ള മുസ്‌ലിംകളെ ശക്തമായ സഖ്യമായി നേരിടാമെന്ന കണക്കുകൂട്ടലായിരുന്നു ശത്രുപക്ഷത്തിന്റെത്. എന്നാൽ ഈ ശക്തിയെ നേരിടാൻ പ്രവാചകർ സ്വീകരിച്ച മാർഗം അതിധൈഷണികമായിരുന്നു. അനുചരരുമായി കൂടിയാലോചിച്ച ശേഷം മദീനയിലേക്ക് ശത്രുവിന്റെ പ്രവേശനം തടയുക എന്ന നയത്തിലാണ് തിരുനബി എത്തിയത്. അതുപ്രകാരം ഉഹ്ദ് മലയുടെ അടുത്തുനിന്ന് ഹർറത്ത് ഗർബിയ്യയുടെ ഭാഗത്തേക്ക് മൂന്ന് കിലോമീറ്റർ നീളത്തിൽ കിടങ്ങ് കുഴിക്കാൻ ധാരണയായി. ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണുള്ളത്. മുന്നിലുള്ളത് അതിസങ്കീർണമായ ജോലിയാണ്. പക്ഷേ പ്രവാചകരിലെ പ്ലാനിങ്ങിന്റെ കൃത്യതയായിരുന്നു വിജയം. പത്ത് ആളുകളടങ്ങുന്ന വിവിധ സംഘങ്ങളാക്കുകയും 20 മീറ്റർ നീളം, 5 മീറ്റർ വീതി, മൂന്ന് മീറ്റർ ആഴം അളവിൽ ഓരോ സംഘത്തിനും കുഴിക്കാനുള്ള സ്ഥലം നിശ്ചയിക്കുകയും ചെയ്തു. അതായത് ഒരാൾ രണ്ടുമീറ്റർ നീളം, അഞ്ചുമീറ്റർ വീതി, മൂന്നുമീറ്റർ ആഴത്തിൽ കുഴിക്കണം. പതിനഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് തിരുനബി എസ്റ്റിമേറ്റ് നൽകിയത്. വളരെ മനോഹരമായ യുദ്ധതന്ത്രമായിരുന്നു ഇത്. കിടങ്ങു കടക്കാൻ ശ്രമിച്ച ശത്രുസൈന്യത്തെ അമ്പെയ്ത് വീഴ്ത്തുകയായിരുന്നു.  ഒരു മാസത്തോളം നീണ്ടുനിന്ന ഈ സ്ഥിതിക്കൊടുവിൽ കാലാവസ്ഥ വ്യതിയാനം താങ്ങാനാവാതെ അക്രമികൾ പിന്തിരിഞ്ഞോടി. ആക്രമിക്കാൻ വരുന്നത് മക്കയിലെയും മദീനയിലെയും ഗോത്രങ്ങൾ ചേർന്ന് രൂപീകരിച്ച സഖ്യസേനയാണ്. വിശാലമായ ഒരു സഖ്യത്തോട് നേരിട്ട് ഏറ്റുമുട്ടുന്നതിനേക്കാൾ ഉചിതം മറ്റുമാർഗങ്ങൾ ആലോചിക്കുകയാണെന്ന് തിരുനബിക്ക് ദീർഘദൃഷ്ടി ഉണ്ടായിരുന്നു. അത് വിജയകരമായി നടപ്പാക്കാൻ കിടങ്ങ്നയം കൊണ്ട് സാധിച്ചു.

ഖൈബർ യുദ്ധം നയരൂപീകരണത്തിലെ തിരുനബി അധ്യായത്തിന്റെ മികച്ച  ഉദാഹരണമാണ്. ശത്രു സൈന്യത്തിന് ഭൗതിക സാഹചര്യങ്ങൾ തടയുക എന്ന ലക്ഷ്യത്തിൽ കോട്ട ഉപരോധിക്കുകയായിരുന്നു പ്രവാചകർ സ്വീകരിച്ച നയം. ഇരുപത് ദിവസം നീണ്ട ഉപരോധത്തിനൊടുവിൽ ഭക്ഷ്യവസ്തുക്കൾ കൈമാറ്റം ചെയ്യാൻ കഴിയാതെ ശത്രു സമൂഹത്തിന് കീഴടങ്ങേണ്ടി വന്നു. ബനുനളീർ ഗോത്രത്തലവൻ ഹുയയ്യിന്റെ മകൾ സ്വഫിയ്യയെ വിവാഹം കഴിക്കുന്നതിലൂടെ ഒരു സമൂഹത്തെ ഒന്നടങ്കം ഇസ്‌ലാമിലേക്ക് പരിവർത്തിപ്പിക്കുകയായിരുന്നു പ്രവാചകർﷺ.

ഹുദൈബിയയിൽ തിരുനബി പരാജിതനായി പിന്മാറുകയാണോ എന്ന് പലരും കരുതിയിരിക്കണം. കാരണം ഉടമ്പടിയിലെ ഭൂരിഭാഗം കാര്യങ്ങളും ശത്രുപക്ഷത്തിന് അനുകൂലമായിരുന്നു. പക്ഷേ പ്രവാചകൻ എല്ലാം വിട്ടുവീഴ്ച നൽകി. ഹിജ്റ ആറിനാണ് സംഭവം. ഉംറ ചെയ്യാൻ വേണ്ടിയാണ് തിരുനബിയും സ്വഹാബത്തും എത്തിയത്. സമാധാന മാസമായിരുന്നിട്ടുപോലും ശത്രുക്കൾ അതിനു സമ്മതിച്ചില്ല. മാത്രമല്ല ആ വർഷം ഹജ്ജിന് അനുമതി നൽകിയില്ലെന്നതും ശ്രദ്ധേയമാണ്. രക്ഷിതാവിൻറെ അനുമതിയില്ലാതെ ആരെങ്കിലും നബിസവിധമെത്തിയാൽ തിരിച്ചയക്കണം. എന്നാൽ മക്കയിലേക്ക് വന്ന മുസ്‌ലിമിനെ തിരിച്ചയക്കുന്നതല്ല എന്നതായിരുന്നു ഉടമ്പടിയിലെ പ്രധാനപ്പെട്ട പ്രമേയങ്ങളിലൊന്ന്. തീർത്തും ഏകപക്ഷീയമായ നിലപാടാണ്. പക്ഷേ ഒരു പ്രശ്നമുണ്ടാക്കൽ  പ്രവാചകരുടെ ലക്ഷ്യമല്ലായിരുന്നു. പ്രവാചകർ പ്രതീക്ഷിച്ചത് ഉടമ്പടിയിലെ അവസാന നിബന്ധനയായിരുന്നു. പത്തുവർഷത്തേക്ക് യുദ്ധം നിർത്തിവെക്കുന്നുവെന്നതായിരുന്നു അത്. ശത്രുവിന്റെ ആക്രമണം ഭയക്കാതെ സ്വൈര്യ വിഹാരത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനപ്പുറം സ്ഥാനം ഉടമ്പടിയിൽ മേൽക്കൈ വരുന്നതിനില്ല എന്ന കൃത്യമായ കാഴ്ച്ചപ്പാട്. പ്രവാചകർക്കുണ്ടായിരുന്നു. സമാധാന സംസ്ഥാപനത്തിനായി  വിട്ടുവീഴ്ച നൽകുകയെന്നതായിരുന്നു പ്രവാചകർﷺ സ്വീകരിച്ച നയം. 

എണ്ണിയാലൊടുങ്ങാത്ത അദ്ധ്യായങ്ങൾ തിരുനബിയുടെ നയതന്ത്രയുടെ ഭാഗമായി നമുക്ക് പറയാനുണ്ട്. തിരുനബി സ്വീകരിച്ച നയങ്ങളൊക്കെയും തന്ത്രപൂർവ്വമായിരുന്നു. ഇതര രാഷ്ട്രങ്ങളുടെ രാജാക്കന്മാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് തിരുനബി എഴുതിയ കത്തുകളിൽ പോലും നമുക്കിത് കാണാൻ കഴിയും. എത്യോപ്യയിലെ രാജാവ് നെഗസിനെഴുതിയ കത്തിലെ തുടക്ക ഭാഗത്തുതന്നെ "മർയമിന്റെ പുത്രൻ ഈസ അല്ലാഹുവിൻറെ വചനവും ആത്മാവുമാണെന്ന് ഞാൻ അംഗീകരിക്കുന്നു. പരിശുദ്ധയും പതിവ്രതയുമായ മർയമിലേക്ക് സന്നിവേശിപ്പിക്കപ്പെടുകയായിരുന്നു അദ്ദേഹം" എന്ന് പ്രയോഗിക്കുന്നുണ്ട്. നെഗസ് ചക്രവർത്തി ക്രിസ്ത്യാനിയാണെന്ന് മനസ്സിലാക്കി അദ്ദേഹത്തിന് ഇസ്‌ലാമിനോട് അനുഭാവം വരാനുതകുന്ന രൂപത്തിൽ കത്തിലെ പദങ്ങൾ ക്രമീകരിക്കുകയായിരുന്നു. ബൈസന്റൈൻ ചക്രവർത്തി ഹിറാക്ലിയസിനയച്ച കത്തിലും വേദക്കാരെ അഭിസംബോധന ചെയ്തുള്ള പ്രയോഗം കാണാൻ കഴിയും. ഓരോ രാജാക്കന്മാരുടെയും താൽപര്യങ്ങൾ മനസ്സിലാക്കി സാഹചര്യത്തിനനുസരിച്ചുള്ള സംസാരമായിരുന്നു തിരുനബി നടത്തിയത്. 

തന്ത്രജ്ഞത പ്രവാചകജീവിതത്തിലെ ജൈവിക ഘടകമായിരുന്നു. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലെയും വാക്കുകളിലും പ്രവൃത്തികളിലുമെല്ലാം അത് കാണാൻ കഴിയുന്നുണ്ട്. നയരൂപീകരണത്തിൽ പ്രവാചകർ ﷺ സ്വീകരിച്ച തന്ത്രജ്ഞത സർവ്വ കാലത്തേക്കും മാതൃകയാണ്.

Questions / Comments:



18 April, 2024   04:44 pm

Faiz Batheri

Interesting writing pattern????????

23 December, 2022   12:13 pm

Marjan mo

Very useful article ?