പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. അപരസ്നേഹത്തിൻ്റെ, പകർന്നു നൽകലിൻ്റെ, പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ പകലിരവുകളെ കുളിരോർമ്മയാക്കാം.
ആഘോഷങ്ങളും ആഹ്ലാദപ്രകടനങ്ങളും വർത്തമാന കാലത്തെ സ്ഥിരം കാഴ്‌ചകളാണ്. സമൂഹത്തിൻ്റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമത്രെ ഇത്. ആഘോഷങ്ങൾ ധാർമികമൂല്യങ്ങൾ നിരസിക്കുന്നതും മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതുമാവരുത്. വർത്തമാന കാലത്തെ പല ആഘോഷങ്ങളും നടക്കുന്നത് ജീർണ്ണത മുറ്റിയ ഇത്തരം സംസ്‌കാരത്തിലൂടെയാണ്. ഇതിൽ നിന്നും വ്യത്യസ്‌തമായി ധാർമികതയിലൂന്നിയ ഒരു ക്രിയാത്മക കാഴ്‌ചപ്പാടാണ് ഇസ്‌ലാം ആഘോഷങ്ങളിൽ കാണുന്നത്.
ആത്മീയവും ഭൗതികവുമായ മോക്ഷമാണ് ഇസ്‌ലാമിൻ്റെ ലക്ഷ്യം. സമയബന്ധിതമായ അനുഷ്‌ഠാന കർമങ്ങൾക്ക് പുറമെ പാരത്രിക മോക്ഷത്തിന് വേണ്ട ആരാധനാമുറകളും ഇസ്ലാം നിഷ്കർശിക്കുന്നുണ്ട്. ആഘോഷദിനങ്ങളും ഇതിൽനിന്നും ഒഴിവല്ല. പെരുന്നാളിലും ശരീഅത്തിന് വിരുദ്ധമല്ലാത്ത രീതികളിൽ ആഘോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും മനുഷ്യൻ തയ്യാറാവണമെന്നാണ് ഇസ്‌ലാമിന്റെ കൽപ്പന. ഇതിനു വേണ്ടിയത്രെ വ്രതാനുഷ്‌ഠാനം നിഷിദ്ധമാക്കി പെരുന്നാൾ സുദിനം പ്രഖ്യാപിക്കപ്പെട്ടത്. മുത്ത് നബി (സ) പറയുന്നു: “പെരുന്നാൾ സുദിനങ്ങൾ അന്നപാനീയങ്ങൾക്കും ഇലാഹീ സ്മരണകൾ പുതുക്കാനുമുള്ളതാണ്. (മുസ്‌ലിം).
രണ്ട് പെരുന്നാളുകളാണ് ഇസ്‌ലാമിലുള്ളത്. ഈദുൽ ഫിത്വറും ഈദുൽ അള്ഹയും. ആരാധനകളിലൂടെ ആത്മശാന്തിയും ശാരീരിക ക്ഷമതയും നേടിയെടുത്ത് സന്തോഷവും സമാധാനവും കൊണ്ട് പുളകിതമായ റമളാൻ, വിശ്വാസി ഹൃദയങ്ങളെ നൊമ്പരപ്പെടുത്തി വിടചൊല്ലുമ്പോൾ സമാശ്വാസത്തിൻ്റെ വെളിച്ചം പകർന്ന് ശവ്വാൽ പൊന്നമ്പിളി ഉദിച്ചുയരുന്നതോടെ തക്ബീറിൻ്റെ മന്ത്രധ്വനികൾ വാനിലുയരുകയായി. ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) ആഗതമായി. വിശ്വാസിക്കൂട്ടം അഭിവാദനങ്ങളും പ്രാർത്ഥനകളും കൈമാറ്റം ചെയ്യാൻ ഉത്സുകരായി. ഇസ്ലാം നിർദ്ദേശിക്കുംപോലെ, പരസ്പര സ്നേഹത്തിൻ്റെയും സന്തോഷത്തിന്റെയും സമയങ്ങൾ... അശരണരുടെ കൈതാങ്ങാകാനും സഹായഹസ്‌തങ്ങൾ നീട്ടാനും വിശ്വാസികൾ തയ്യാറാകുന്ന നിമിഷങ്ങൾ.
ആഘോഷങ്ങളിലെ ധന്യനേരങ്ങൾ
ആരാധനയാക്കി മാറ്റുകയെന്നതാണ് പെരുന്നാളിലൂടെ മുസ്ലിം വായിച്ചെടുക്കുന്നത്. അതിരു കടന്ന ആത്മനിർവൃതി ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അല്ലാഹുവിനെ ധ്യാനിച്ചും അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചും സമയം ചിലവഴിക്കാനാണ് അല്ലാഹുവിൻ്റെ കൽപന. തദനുസൃതമായി പ്രാധാന്യമേറിയ പല കാര്യങ്ങളും ചെയ്യാൻ പെരുന്നാൾ സുദിനത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ റമളാനിന്റെ പ്രസക്തിയെ പരാമർശിക്കുന്നിടത്ത് അല്ലാഹു പറയുന്നു: "വിശുദ്ധ റമളാൻ മാസം പൂർത്തീകരിക്കാനും അല്ലാഹുവിനെ അനുസരിക്കാനും നോമ്പനുഷ്ഠിക്കാനും മറ്റു സൽകർമങ്ങൾ സ്വരൂപിക്കാനും നിങ്ങൾക്ക് ലഭിച്ച അവസരത്തെ മാനിച്ച് റമളാൻ പൂർത്തീകരണ സന്ദർഭത്തിൽ അല്ലാഹുവിന് തക്‌ബീർ ചൊല്ലാനും അതുവഴി കൃതജ്ഞതയുള്ളവരായിത്തീരാനും വേണ്ടിയത്രേ ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്. (ആശയം: അൽബഖറ 185)
പ്രഗൽഭ ഖുർആൻ വ്യാഖ്യാതാവ് ഇമാം റാസി(റ) ഈ ആയത്തിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു: "ഈ ഖുർആൻ സൂക്തത്തിന്റെ താൽപര്യം ഈദുൽ ഫിത്വറിലെ തക്ബീർ ആണെന്ന് പറയാം" പെരുന്നാളിൽ തക്‌ബീർ ചൊല്ലൽ പ്രധാനപ്പെട്ടതാണെന്ന് ഇതിൽനിന്നു വ്യക്തമാകുന്നു.
പെരുന്നാൾ ദിനത്തിൽ തക്ബീറിനെ അധികരിപ്പിക്കൽ സുന്നത്താണെന്ന് ഹദീസുകൾ മുഖേനയും സ്ഥിരപ്പെട്ടതാണ്. നാഫിഅ്(റ)വിൽ നിന്നും നിവേദനം: “നബി(സ) രണ്ടു പെരുന്നാൾ ദിനത്തിലും നിസ്‌കാരത്തിന് പുറപ്പെടാറ് ഫള്‌ലു ബ്നു അബ്ബാസ്, അബ്‌ദുല്ലാ ഹിബ്നു അബ്ബാസ്, അലിയ്യ് ജഅ്‌ഫർ, ഹസൻ, ഹുസൈൻ, ഉസാമതുബ്നു സൈദ്, അബ്‌ദുല്ലാഹിബ്‌നു അബ്ബാസ്, ഇബ്നു ഉമ്മുഐമൻ(റ) എന്നിവരോടൊത്ത് ഉച്ചത്തിൽ തക്ബീറും തഹ്‌ലീലും ചൊല്ലിക്കൊണ്ടായിരുന്നു.
അനസ്(റ)ൽ നിന്നുള്ള ഹദീസിൽ നബി(സ) ഇങ്ങനെ പറഞ്ഞതായി കാണാം: “നിങ്ങൾ പെരുന്നാൾ ദിനത്തെ തക്ബീർ ധ്വനികളാൽ അലംകൃതമാക്കുവീൻ.” (ത്വബ്റാനി).
പെരുന്നാളിൻ്റെ തലേദിവസം സൂര്യാസ്‌തമയം മുതൽ ഇമാം പെരുന്നാൾ നിസ്‌കാരത്തിൽ പ്രവേശിക്കുന്നതുവരെയാണ് തക്ബീർ ചൊല്ലേണ്ടത്. വീടുകൾ, പള്ളികൾ, നടവഴികൾ, അങ്ങാടികൾ തുടങ്ങി എവിടെ വെച്ചും തക്ബീർ സുന്നത്തത്രെ. സ്ത്രീകൾ അന്യപുരുഷന്മാരുടെ സാന്നിധ്യത്തിൽ ശബ്‌ദമുയർത്തിച്ചൊല്ലാൻ പാടില്ല.
തക്ബീറിനു പുറമെ മറ്റു പല നന്മകൾക്കും പെരുന്നാൾ സുദിനം സാക്ഷിയാവുന്നുണ്ട്. കുളിക്കലും അണിഞ്ഞൊരുങ്ങലും സുന്നത്തായ കാര്യമാണ്. സുഗന്ധം ഉപയോഗിക്കുക, പുതുവസ്ത്രമണിയുക തുടങ്ങിയവയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. പെരുന്നാൾ ദിനത്തിൽ കുളിക്കാൻ സാധിക്കാതെ വന്നാൽ പ്രസ്‌തുത കുളി വീണ്ടെടുക്കുന്നുവെന്ന നിയ്യത്തോടെ ഖളാഅ് വീട്ടലും സുന്നത്താണെന്നാണ് പണ്ഡിതാഭിപ്രായം.
പെരുന്നാൾ നിസ്ക്കാരം
പെരുന്നാളിലെ പ്രധാനപ്പെട്ട സുന്നത്താണ് പെരുന്നാൾ നിസ്‌കാരം. ശുദ്ധി വരുത്തി, അണിഞ്ഞൊരുങ്ങി അല്ലാഹുവിന് സ്‌തുതികളർപ്പിക്കാൻ പള്ളികളിലേക്കൊഴുകുന്ന വിശ്വാസിവൃന്ദങ്ങൾ... ജഗന്നിയന്താവിന്റെ മുന്നിൽ പ്രാർത്ഥനാ വചസ്സുമായി പെരുന്നാൾ ദിനത്തെ ദീപ്തമാക്കുന്ന കാഴ്‌ച! ഒരു പ്രത്യയശാസ്ത്രത്തിനും അവകാശപ്പെടാൻ സാധിക്കാത്തത്ര ക്രിയാത്മകമായ രീതിശാസ്ത്രമാണിത്. തിരുനബി(സ) ക്യത്യമായി പെരുന്നാൾ നിസ്ക്കാരം അനുഷ്‌ഠിച്ചിരുന്നുവെന്നും ഇത് പ്രബലമായ സുന്നത്താണെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്. പെരുന്നാൾ ദിവസം സൂര്യോദയം മുതൽ ഉച്ചവരെയാണ് ഇതിൻ്റെ സമയം. സൂര്യനുദിച്ച് ഏഴ് മുഴം ഉയരുന്നതുവരെ പിന്തിപ്പിക്കുന്നതാണ് സുന്നത്ത്. അത്രയും സമയമാകുന്നതിന് മുമ്പ് നിസ്‌കരിക്കൽ കറാഹത്താണെന്നു ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു.
നിസ്ക്കാരത്തിന്റെ പൂർണരൂപം വിവരിക്കുന്നത് ഇങ്ങനെയാണ്. ഈദുൽ ഫിത്വർ സുന്നത്ത് നിസ്‌കാരം രണ്ട് റകഅത്ത് അല്ലാഹുവിന് വേണ്ടി ഖിബ്‌ലയിലേക്ക് തിരിഞ്ഞ് ഇമാമോടെ ഞാൻ നിസ്ക്കരിക്കുന്നു എന്ന നിയ്യത്തോടെ തക്ബീറതുൽ ഇഹ്‌റാം ചെയ്‌ത് നിസ്കാരത്തിലേക്ക് പ്രവേശിക്കുക. പ്രാരംഭ പ്രാർത്ഥനയായ വജ്ജഹ്‌തുവിന് ശേഷം ഏഴ് തക്ബീർ ചൊല്ലുകയും പിന്നീട് ഫാതിഹയും സൂറത്തും ഓതി സാധാരണ നിസ്കാരം പോലെ നിർവഹിക്കുക. ഇതേ പ്രകാരം രണ്ടാമത്തെ റക്അത്തിൽ അഞ്ച് തക്ബീർ കൊണ്ടുമാണ് ആരംഭിക്കേണ്ടത്. ഇങ്ങനെയാണ് റസൂൽ(സ) പഠിപ്പിച്ചത്.
അംറുബ്നു ശുഐബയിൽ നിന്നും നിവേദനം ചെയ്തത ഒരു ഹദീസ്: "നബി( സ) ചെറിയപെരുന്നാൾ നിസ്‌കാരത്തിൽ ഒന്നാം റക്അത്തിൽ ഏഴും രണ്ടാം റക്അത്തിൽ അഞ്ചും തക്ബീറുകൾ ചൊല്ലുക പതിവായിരുന്നു. തക്ബീറതുൽ ഇഹ്റാം ഇതിന് പുറമെ നിർവഹിച്ചിരുന്നു. (അബൂദാവൂദ്). ഓരോ തക്ബീറുകൾക്കിടയിലും ഒരിടവേളയും അതിൽ തസ്ബീഹും സുന്നത്താണ്.
( سبحان الله والحمد لله ولا إله إلا الله والله اكبر)
എന്ന ദിക്റാണ് ചൊല്ലേണ്ടത്. ഇത് ഹദീസുകൾ മുഖേന സ്ഥിരപ്പെട്ടതത്രെ. സന്തോഷത്തിന്റെ ഈ നിമിഷങ്ങളിൽ വിശ്വാസിക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. പരസ്‌പരം ആശംസകൾ നേർന്നും കുടുംബബന്ധം പുലർത്തിയും സ്നേഹ-സാഹോദര്യ ബന്ധങ്ങൾ സ്ഥാപിച്ചും പെരുന്നാളിനെ സജീവമാക്കാൻ വിശ്വാസി ശ്രമിക്കേണ്ടതാണ്.