ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യം പുരുഷകേന്ദ്രീകൃതമായി മാത്രം വായിക്കപ്പെടുകയും അതിലെ സ്ത്രീ വ്യവഹാരങ്ങളെ മാറ്റി നിർത്തപ്പെടുകയും ചെയ്തതിനാൽ ചരിത്രം അടയാളപ്പെടുത്താതെ പോയ പണ്ഡിതവനിതയാണ് പന്ത്രാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫാത്വിമ അൽ സമർഖന്ദി. ഇന്നത്തെ ഉസ്‌ബെകിസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമായ സമർഖന്ദിൽ അവിടം മംഗോളിയൻ അധീനതയിലായിരുന്ന കാലത്താണ് ഫാത്വിമയുടെ ജനനം. നഗരം കൊള്ളയടിക്കപ്പെടുകയും ജനങ്ങൾ മംഗോളിയൻ കൈരാതങ്ങൾക്കുമുമ്പിൽ നിസഹായരാവുകയും ചെയ്ത ഒരു കാലത്തിന്റെ പ്രതിരോധവാക്യമായി ഉയർന്നു വന്ന അവർ ഇച്ഛാശക്തിയുള്ള സ്ത്രീത്വത്തെ അടയാളപ്പെടുത്തുകയായിരുന്നു. മഹത്തായ കർമശാസ്ത്രജ്ഞനും വിശ്രുതനായ പണ്ഡിതനുമായ മുഹമ്മദ് ബിൻ അഹ്‌മദ് അൽ സമർഖന്ദിയുടെ മകളായിരുന്നു ഫാത്വിമ. ഹനഫി കർമശാസ്ത്രസരണിയിലെ ക്ലാസിക് കൃതികളിലൊന്നായ തുഹ്ഫതുൽ ഫുഖഹാഅ് അദ്ദേഹമാണ് രചിച്ചത്. ഈ കൃതി പിതാവിന്റെ അടുത്ത് നിന്ന് തന്നെ പഠിക്കുകയും മനഃപാഠമാക്കുകയയും ചെയ്തു. മാത്രമല്ല, ഇസ്‌ലാമിക കർമശാസ്ത്രത്തിലും ഖുർആൻ ഹദീസ് വിജ്ഞാനീയങ്ങളിലും അവർ അവഗാഹം നേടി. പിന്നീട് മറ്റു പല പണ്ഡിതൻമാരിൽ നിന്നും അറിവ് നുകരാനായി പിതാവ് അവരെ പറഞ്ഞയച്ചു, വിശിഷ്യാ ഹദീസ് വിജ്ഞാനരംഗത്ത്.
സുന്നി ഹനഫി പണ്ഡിതയായിരുന്ന അവർ വിശ്വാസശാസ്ത്രത്തിൽ മാത്വുരീദി സരണിയാണ് പിന്തുടർന്നത്. മതകാര്യങ്ങളിൽ ഫത്‌വ പുറപ്പെടുവിക്കാൻ പാകത്തിൽ അവർ വൈജ്ഞാനിക രംഗത്ത് അടയാളപ്പെട്ടു. സ്വന്തം കൈപ്പടയിലെഴുതി പിതാവിന്റെ കയ്യൊപ്പോടെയാണ് ഫത്‌വകൾ പുറത്തിറക്കപ്പെട്ടത്. സമ്പന്നരും പ്രമാണികളുമായ നിരവധി പേർ അവരെ വിവാഹം കഴിക്കാനെത്തിയിരുന്നുവെങ്കിലും പിതാവ് തന്റെ ശിഷ്യനും കർമശാസ്ത്രജ്ഞനുമായ അബൂബക്ർ ബിൻ മസ്ഊദ് അൽ കസാനിക്കാണ് വിവാഹം കഴിപ്പിച്ചു കൊടുത്തത്. താനെഴുതിയ കർമശാസ്ത്ര ഗ്രന്ഥത്തിന് ഒരു വ്യാഖ്യാനമെഴുതണം എന്ന വ്യവസ്ഥയോടെയാണ് പിതാവ് കസാനിക്ക് മകളെ വിവാഹം കഴിച്ചു കൊടുത്തത്. തുഹ്ഫതുൽ ഫുഖഹാഇിന് അദ്ദേഹം അസ്സ്വനാഇഅ് ഫീ തർതീബിശ്ശറാഇഅ് എന്ന പേരിൽ ഒരു വ്യാഖ്യാനം അപ്രകാരം എഴുതുകയുണ്ടായി. കസാനി തന്റെ വിവാഹമൂല്യമായി ഫാത്വിമക്ക് നൽകിയത് ഈ ഗ്രന്ഥമായിരുന്നു. ഫാത്വിമയെ വിവാഹശേഷവും വൈജ്ഞാനിക ലോകത്ത് സ്ഥൈര്യത്തോടെ നിൽക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ഈ വിവാഹത്തിലൂടെ പിതാവായ മുഹമ്മദ് ബിൻ അഹ്‌മദ് ചെയ്തത്. കർമശാസ്ത്രത്തിലെ ജനങ്ങളുടെ സംശയങ്ങൾ തീർക്കാൻ ഇവർ പിന്നീട് ഒരു പ്രത്യേക സംവിധാനമൊരുക്കുകയുായി. വിവിധ വിജ്ഞാനശാഖകളിലെ വൈദഗ്ധ്യം കാരണം പിതാവ് തന്റെ വിദ്യാർത്ഥികളെ മകളുടെ അടുത്തേക്ക് പറഞ്ഞുവിടുന്നതും പതിവായിരുന്നു. ഭർത്താവിന്റെ അറിവിനെയും പാടവത്തെയും മറികടക്കുന്ന വൈജ്ഞാനിക ആഴം അവർക്കുണ്ടായിരുന്നു. കസാനി പലപ്പോഴും ഫത്‌വകൾക്കായി ആശ്രയിച്ചത് ഫാത്വിമയെയായിരുന്നു. പതിമൂന്നാം നൂറ്റാിലെ പ്രസിദ്ധ ജീവചരിത്രകാരൻ അബ്‌നുൽ അദീം പറയുന്നത് കസാനിക്ക് ഫത്‌വകളിൽ സംഭവിക്കാറുള്ള സ്ഖലിതങ്ങളെ തിരുത്തിയിരുന്നതും അതിന് വിശദീകരണം നൽകിയിരുന്നതും ഫാത്വിമയായിരുന്നു എന്നാണ്. കസാനിയുടെ ഒരു വിദ്യാർത്ഥി ഇപ്രകാരം പറയുന്നു: വിദ്യാർത്ഥകൾ ചിലപ്പോൾ കസാനിയോട് കടുപ്പമേറിയ ചോദ്യങ്ങൾ ചോദിക്കും. ആ സമയം അദ്ദേഹം ഞങ്ങളോട് ഇടവേള ആവശ്യപ്പെട്ട് വീട്ടിലേക്ക് പോകും. തിരിച്ചു വരുമ്പോൾ ഉസ്താദ് വിശദമായി ഉത്തരം തരുകയും ചെയ്യും. ഇങ്ങനെ പലതവണ ആവർത്തിച്ചു. പിന്നീടാണ് അദ്ദേഹം പത്‌നിയായ ഫാത്വിമയോട് ഞങ്ങൾ ചോദിച്ചത് ചോദിക്കാൻ പോകുകയാണെന്ന് മനസ്സിലായത്.
പിതാവിന്റെ വേർപാടിന് ശേഷം സമർഖന്ദിൽ നിന്ന് പിന്നീട് ഫാത്വിമയും ഭർത്താവും അലപ്പോയിലേക്ക് താമസം മാറി. അവിടെയുള്ള ഉമവി പള്ളിയിക്കടുത്തായിരുന്നു അവരുടെ താമസം. അവർ അവിടെ അധ്യാപനം ആരംഭിക്കുകയും ചെയ്തു. ഭർത്താവ് പള്ളിക്കകത്ത് ദറസ് നടത്തുമ്പോൾ അവർ പുറത്ത് നിന്ന് കേൾക്കുകയും തെറ്റുകൾ തിരുത്തിക്കൊടുക്കുകയും ചെയ്യുമത്രെ. അവിടെ വെച്ചാണ് അന്നത്തെ അലപ്പോ ഭരണാധികാരിയായിരുന്ന നൂറുദ്ദീൻ സങ്കി മഹതിയിൽ നിന്ന് വിജ്ഞാനം നുകരുന്നത്. അതിലുപരി, പ്രധാനപ്പെട്ട ഭരണകാര്യങ്ങളിൽ സങ്കി അവരുടെ ഉപദേശം തേടുകയും ചെയ്തിരുന്നു. സുൽത്വാന്റെ കൂടിയാലോചന സമിതിയിൽ ഉണ്ടായിരുന്നതിനാൽ രാജ്യത്തെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളിലും മഹതി ഇടപെടുകയുണ്ടായി. അറിയപ്പെട്ട അറബിക് കാലിഗ്രഫറും ജീവകാരുണ്യപ്രവർത്തകയുമായിരുന്നു സമർഖന്ദി. അലപ്പൊയിൽ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ അവർ നിർമിച്ചതായി പറയപ്പെടുന്നു. നാട്ടിലെ പണ്ഡിതൻമാർക്ക് മഹതി ഭക്ഷണം നൽകുന്നത് പതിവായിരുന്നു. ഭക്ഷണം കൊടുക്കാൻ കൈയിലൊന്നുമല്ലാത്ത ഒരു ഘട്ടത്തിൽ തന്റെ വള വിറ്റാണ് അതിനുള്ള പണം കണ്ടെത്തിയത്.
സ്വന്തം ഫത്‌വകൾ ഭംഗിയുള്ള കയ്യക്ഷരത്തിൽ പകർത്തുകയും ആവശ്യക്കാർക്ക് കൈമാറുകയും ചെയ്യാറുായിരുന്നു. മുഫ്തിയായ പിതാവിനും ഫാത്വിമയാണ് മതവിധികൾ ഭംഗിയിൽ എഴുതിക്കൊടുത്തിരുന്നത്. അതുവഴി ഫത്‌വകൾ വെറും മതവിധികളും മതരേഖകളും ആകുന്നതിന് പകരം അനശ്വരവും ആസ്വാദ്യകരവുമായ കലാസൃഷ്ടികളായി കൂടി പരിഗണിക്കപ്പെട്ടു. കുട്ടികളെയും സ്ത്രീകളെയും പഠിപ്പിക്കുന്ന സംവിധാനങ്ങൾ മഹതി തുടക്കം കുറിച്ചു. അവരുടെ പ്രഭാഷണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ജീവിതത്തിന്റെ അവസാന കാലത്ത് അവർ സമർഖന്ദിലേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. അവിടെ പിതാവിന്റെ അടുത്ത് അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു അതിനുപിന്നിൽ. പക്ഷേ സുൽത്വാൻ നൂറുദ്ദീൻ തന്റെ ഉപദേഷ്ടാക്കളായ കസാനിയെയും ഫാത്വിമയെയും അലപ്പൊക്ക് നഷ്ടപ്പെടരുതെന്നതിനാൽ അവരെ മടങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തി. സുൽത്വാന്റെ ഈ അഭ്യർത്ഥന അവരെ അറിയിക്കാൻ ഭർത്താവായ കസാനി ഒരു ദൂതനെ അവർ താമസിക്കുന്ന വീട്ടിലേക്കയച്ചിരുന്നു. ഭർത്താവിനുള്ള സന്ദേശവുമായ അവർ ദൂതനെ മടക്കിയയച്ചു. ആ ദൂത് ഇപ്രകാരമായിരുന്നു: ഗവർണർമാർക്കിടയിൽ ജീവിക്കുന്നതിനാൽ നിങ്ങൾ നേരത്തെ പഠിച്ച അറിവുകളെല്ലാം മറന്നുപോയോ. തനിച്ച് താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിലേക്ക് മഹ്‌റമല്ലാത്ത ഒരു പുരുഷനെ എങ്ങനെ സംസാരിക്കാനായി അയക്കാൻ കഴിയും. ഏറ്റവും നല്ലത് നിങ്ങൾ തന്നെ വന്ന് സംസാരിക്കലായിരുന്നു. മഹതിയുടെ മതകാര്യത്തിലുള്ള സൂക്ഷ്മത വ്യക്തമാക്കുന്ന സംഭവമായിരുന്നു ഇത്. ഒടുവിൽ സുൽത്വാന്റെ ആവശ്യ പ്രകാരം അവിടെടെത്തന്നെ തുടർന്നു. പക്ഷേ അധികം വൈകാതെ മഹതി മരണപ്പെടുകയാണുായത്. പ്രയതമയുടെ മരണാനന്തരം അധ്യാപനം നിർത്തിയ കസാനി എന്നും ഫാത്വിമയുടെ ഖബ്റിനരികിൽ പോയി കരയുമായിരുന്നു. വൈകാതെ അദ്ദേഹവും ഈ ലോകത്തോട് വിടപറയുകയും
ഫാത്വിമയുടെ തൊട്ടടുത്ത് മറമാടപ്പെടുകയും ചെയ്തു. അനേകം മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും സമൂഹത്തിൽ ഏറെ സ്വാധീനം നേടിയതുമായ ഫാത്വമ സമർഖന്ദിയുടെ ഫത്‌വകളോ നിവേദനം ചെയ്ത ഹദീസുകളോ ചരിത്രമോ വേണ്ടവിധം സംരക്ഷിക്കപ്പെട്ടില്ല. ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് സോഷ്യൽ എജ്യുക്കേഷൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള മുസ്‌ലിം വിമൻസ് ഹിസ്‌റ്റോറിക്കൽ ഹെറിറ്റേജ് എന്ന പദ്ധതിയിലൂടെയാണ് സമർഖണ്ഡിയെപ്പോലുള്ള സ്ത്രീകൾ വെളിച്ചത്തുവരുന്നത്. ഇസ്‌ലാമിക വൈജ്ഞാനിക മുന്നേറ്റങ്ങളിൽ തങ്ങളുടേതായ ഭാഗധേയം നിർണയിച്ച പ്രതിഭാധനരായ ഇനിയുമേറെ വനിതകളെ ചരിത്രം കവർന്നെടുത്തിട്ടുണ്ടാവാമെന്ന് തന്നെ വേണം പറയാൻ.