സഹാനുഭൂതിയുടെ അരുവികൾ സഹസ്രം ആ തിരു ഹൃദയത്തിൽനിന്നുറവയെടുത്ത് സകലചരാചരങ്ങളിലേക്കും തണുപ്പായി പടർന്നു. സഹാനുകമ്പയും സഹിഷ്ണുതയും സഹജീവ സ്നേഹവും ആദ്രതയും ആ തിരുദർശനങ്ങളുടെ അലങ്കാരമായിരുന്നു.


മനുഷ്യ വികാരങ്ങളിൽനിന്ന് ഏറ്റവും ഉത്തമമായതാണ് കരുണ. കരുണ കാണിക്കാനുള്ള മനസ് ജീവജാലങ്ങൾക്കുള്ളതിനാലാണ് ഭൂമിയിൽ ജീവൻ നിലനിൽക്കുന്നത്. അല്ലാഹു അവനെ തന്നെ പരിചയപ്പെടുത്തുന്നത് കാരുണ്യവാൻ (റഹ്മാൻ) എന്നാണ്. അതേ വിശേഷണം തന്നെയാണ് തിരുദൂതർക്കും നൽകിയിരിക്കുന്നത്. കാരുണ്യം എന്നാൽ മനസ്സലിവ് ആണ്. ഇതിന്റെ പര്യായ പദങ്ങൾ നിരവധിയുണ്ട്. ഒരു ഹദീസിൽ ഇപ്രകാരം കാണാം, നബി (സ്വ) പറയുന്നു: 'അല്ലാഹുവിന് 100 റഹ്മത്ത് ഉണ്ട്, അതിൽ ഒരു റഹ്മത്ത് മാത്രമാണ് അവൻ ഇഹലോകത്തേക്ക് ഇറക്കിയത്, ആ കാരുണ്യം കൊണ്ടാണ് മനുഷ്യരും ജിന്നുകളും മൃഗങ്ങളുമെല്ലാം പരസ്പരം കരുണ ചെയ്യുന്നത്. ബാക്കി 99 കാരുണ്യവും അടിമകൾക്ക് അന്ത്യനാളിൽ കരുണ ചെയ്യാനായി അല്ലാഹു നീട്ടിവച്ചിരിക്കുകയാണ്'. 

ഈ ലോകത്ത് ഹബീബായ മുത്തുനബി(സ) യേയാണ് അല്ലാഹു കാരുണ്യത്തിന്റെ ഉത്തമമാതൃകയായി നിയോഗിച്ചത്. മുത്തുനബി(സ)യെക്കുറിച്ചുള്ള വർണനകൾക്കു മുന്നിൽ അക്ഷരങ്ങളും വാക്കുകളും തോറ്റുപോകും. അവിടുത്തെ ഓരോ നിമിഷങ്ങളും അനിർവചനീയവും അവർണ്ണനീയവുമാണ്. തിരുനബി(സ്വ)യുടെ കാരുണ്യം വിശുദ്ധ ഖുർആൻ എടുത്തു പറഞ്ഞതായി കാണാം. ലോകർക്കൊന്നടങ്കം കാരുണ്യത്തിന്റെ കൈനീട്ടവുമായാണ് നബി(സ)യെ നിയോഗിച്ചിരിക്കുന്നതെന്നതിനു പ്രപഞ്ച നാഥൻ തന്നെ സാക്ഷി പറയുമ്പോൾ ആ കാരുണ്യത്തിന്റെ ആഴത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ.

മുത്തുനബി(സ) ഉമ്മത്തിനെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നത് നമുക്ക് അറിയാം. നബി(സ)യുടെ സ്നേഹവും കാരുണ്യവും കേവലം മനുഷ്യരോട് മാത്രമായിരുന്നില്ല. കാരുണ്യത്തിന്റെ കൈവഴികൾ ആ തിരു ഹൃദയത്തിൽനിന്നു ലോകത്തെ സർവജീവജാലങ്ങളിലേക്കും പരന്നൊഴുകിയിരുന്നു. കാരുണ്യവും സ്നേഹവും സഹാനുകമ്പയും സഹിഷ്ണുതയും സഹജീവ ബോധവും ആ തിരുജീവിതത്തിന്റെ മേൽവിലാസമായിരുന്നു. പ്രകൃതിയിലെ ഓരോ കണികകളും അതിന്റെ ലഹരിയിൽ ആനന്ദം പ്രകടിപ്പിച്ചു. മനുഷ്യേതര ജീവികളോടുള്ള പ്രവാചകന്റെ പെരുമാറ്റ രീതികളെ അത്ഭുതത്തോടു കൂടി മാത്രമേ വായിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. ആ മഹൽജീവിതത്തിലൂടെ ഒന്ന് സഞ്ചരിച്ചാൽ പ്രകൃതിയിലെ ജീവജാലങ്ങളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്ത ഏറ്റവും വലിയ പ്രകൃതിസ്നേഹിയും പരിസ്ഥിതി സംരക്ഷകനുമായിരുന്നു മുത്തുനബി(സ) എന്ന് കണ്ടെത്താനാകും. സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുകയും അതിലെ ജീവജാലങ്ങളെ അവഗണിക്കുകയും ചെയ്യുന്ന ആധുനികലോകത്തിന് മുത്തുനബി(സ)യുടെ ജീവിതത്തിൽ നിന്നും നിരവധി മാതൃകകൾ പഠിച്ചെടുക്കാനുണ്ട്.

ഒരിക്കൽ നബി(സ) തന്റെ ഒരനുയായിയുടെ തോട്ടത്തിൽ പ്രവേശിച്ചു. അവിടെ ഒരു ഒട്ടകം പ്രയാസത്തോടെ കരയുകയും ഒച്ച വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളുമായി അത് അരുമയോടെ നബിയുടെ മുന്‍പില്‍ വന്നുനിന്നു: അവിടുന്ന് അതിനെ തടവി സമാധാനിപ്പിച്ചു. ‘ആരുടേതാണീ ഒട്ടകം’ അവിടുന്ന് വിളിച്ചു ചോദിച്ചു. അപ്പോള്‍ ഒരു അന്‍സാരി യുവാവ് ‘അല്ലാഹുവിന്റെ പ്രവാചകരേ, അതെന്റേതാണ്’ എന്നു പറഞ്ഞു കൊണ്ട് അങ്ങോട്ട് ചെന്നു. തിരുനബി അയാളെ ഇങ്ങനെ ഉപദേശിച്ചു. " അല്ലാഹു നിന്റെ ഉടമസ്ഥതയിലാക്കിത്തന്ന ഈ മൃഗത്തിന്റെ കാര്യത്തില്‍ നിനക്ക് അല്ലാഹുവിനെ അനുസരിച്ചു കൂടെ. നീ അതിനെ വേദനിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നുവെന്ന് അതെന്നോട് വേവലാതി പറഞ്ഞിട്ടുണ്ട് ". (അബൂദാവൂദ്, ഹാക്കിം)

നബി(സ) ഇങ്ങനെ സ്വഹാബികളോട് ഉണർത്താറുണ്ടായിരുന്നു: "മൃഗങ്ങളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങൾ അവയുടെ പുറത്ത് നല്ല നിലയിൽ യാത്ര ചെയ്യുകയും നല്ല ഭക്ഷണങ്ങൾ നൽകുകയും ചെയ്യുക.” (അബൂദാവൂദ്)

ഏതൊരു ജീവിയോടും കരുണ കാണിച്ചാല്‍ പ്രതിഫലം ലഭിക്കുമെന്ന് പഠിപ്പിച്ച നബി(സ്വ) അത് സ്വജീവിതത്തില്‍ അന്വര്‍ഥമാക്കി. വേനല്‍കാലത്ത് ഒട്ടകവുമായി യാത്രചെയ്യുമ്പോള്‍ വേഗത്തില്‍ നടക്കണമെന്നും തണുപ്പ് കാലത്തു യാത്രചെയ്യുമ്പോള്‍ പുല്ല് തിന്നാന്‍ ഒട്ടകത്തിന് കഴിയും വിധം സാവകാശം നടക്കണമെന്നും കല്‍പിച്ചു. വല്ല മൃഗത്തിന്റെ പുറത്തും അമിത ഭാരം കയറ്റിയോ വേണ്ടത്ര ഭക്ഷണം നൽകാതെയോ പീഡിപ്പിക്കുന്നതായി നബി(സ്വ)ക്കു വിവരം കിട്ടിക്കഴിഞ്ഞാൽ അതിന്റെ ഉടമസ്ഥയെ വിളിച്ചുവരുത്തി മൃഗങ്ങളുടെ കാര്യത്തിൽ നീ അല്ലാഹുവിനെ ഭയപ്പെടുക'യെന്ന് ഉപദേശിക്കാറുണ്ടായിരുന്നു. മൃഗങ്ങളോട് കരുണ കാണിക്കുന്ന സകല പ്രവർത്തനങ്ങൾക്കും സ്വർഗീയമായ പ്രതിഫലമുണ്ടെന്ന് നബി(സ്വ) തങ്ങൾ അരുളി. 

ജന്തുക്കള്‍ക്ക് യഥേഷ്ടം മേയാനും വിശ്രമിക്കാനുമുള്ള സമയം നല്‍ കണമെന്നും നബി(സ്വ) തങ്ങൾ അരുളി. അബൂഹുറയ്‌റ (റ) യുടെ റിപ്പോര്‍ട്ട്: ''പുല്ലുള്ള സസ്യസമൃദ്ധമായ ഭൂഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഒട്ടകത്തിന് ഭൂമിയിലുള്ള ഓഹരി നിങ്ങള്‍ നല്‍കണം'' (മുസ്‌ലിം). ഈ ഹദീസ് വിശദീകരിച്ച നവവി(റ) പറഞ്ഞു : ''ജന്തുക്കളോട് കനിവ് കാണിക്കണമന്നും അവയുടെ താല്‍പര്യം പരിരക്ഷിക്കണമെന്നുമാണ് ഈ ഹദീസിന്റെ സൂചന. പുല്‍മേടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ അവക്ക് യഥേഷ്ടം മേയാനും വിശ്രമിക്കാനുമുള്ള സൗകര്യം ചെയ്യണം.''

മൃഗങ്ങളെ തീ കൊണ്ട് പൊള്ളിച്ചും അടയാളം വെച്ചും ക്രൂരത കാട്ടുന്നത് ദൈവകോപമേല്‍പ്പിക്കുന്ന കൊടും കുറ്റമായി നബി(സ) കണ്ടു. നബി(സ്വ) തങ്ങൾ ഒരു വഴിയിലൂടെ നടന്നു പോയപ്പോൾ ചൂട് വയ്ക്കപ്പെട്ടത് മൂലം മൂക്കിൽ കൂടി പുക പോകുന്ന നിലയിൽ ഒരു മൃഗത്തെ കാണാനിടയായി. ഇതു കണ്ട നബി(സ) ഇപ്രകാരം പറഞ്ഞു: "ഇത് ചെയ്തവനെ അല്ലാഹു ശപിക്കട്ടെ. ആരും മുഖത്ത് ചൂട് വയ്ക്കരുത് മുഖത്തടിക്കാനും പാടില്ല.” (മുസ്നദ് 3(297)

ഗയലാനു ബ്‌നു ജുനാദ ഗോത്രക്കാരന്‍ പറയുന്നു : മൂക്കിന്മേല്‍ മുദ്ര കുത്തിയ ഒട്ടകത്തെയും കൊണ്ട് ഞാന്‍ നബി(സ)യുടെ സമീപം പോവാനിടയായി. അപ്പോള്‍ നബി(സ)യുടെ മറുപടി ഇപ്രകാരമായിരുന്നു ''അടയാളം വെക്കാന്‍ മുഖമല്ലാത്ത ഒരു ഭാഗവും നിങ്ങള്‍ കണ്ടില്ലേ? നിങ്ങളുടെ കാര്യത്തില്‍ ഖിസ്വാസ് (പ്രതിക്രിയ) വേണ്ടിവരും'' (ത്വബറാനി).

കുതിരകളുടെ വാലുകളും കുഞ്ചിരോമങ്ങളും മുറിച്ചുകളയരുതെന്നും അവയുടെ ശരിരത്തിൽ ഇരുമ്പ് പഴുപ്പിച്ച് ചൂട് വക്കരുതെന്നും നബി(സ) കൽപ്പിക്കുകയും ജാഹിലിയ്യാ കാലഘട്ടത്തിൽ നിലനിന്നിരുന്ന അത്തരം ആചാരങ്ങൾക്ക് ഇസ്ലാമിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു. മൃഗങ്ങളെ ഭക്ഷണത്തിനു വേണ്ടിയും വാഹനാവശ്യത്തിനും ജോലിക്ക് വേണ്ടിയുമെല്ലാം ഉപയോഗിക്കൽ അനുവദനീയമാണ്. പക്ഷേ, ആ സന്ദർഭങ്ങളിലൊക്കെ മൃഗങ്ങളോട് നല്ല നിലയിലുള്ള പെരുമാറ്റം നിർബന്ധമാണ്. മിണ്ടാപ്രാണിയല്ലേ എന്തുമാകാം എന്ന നിലപാട് അല്ലാഹുവിന്റെ കോപത്തിനിടയാക്കുന്ന കാര്യമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവേണ്ടതുണ്ട്.

മുത്തുനബി(സ) യുടെ കാലത്ത് മക്കയും മദീനയുമടക്കമുള്ള പ്രദേശങ്ങളിലെല്ലാം മൃഗസാവാരി സുലഭമായിരുന്നു. അതുകൊണ്ടു തന്നെ വാഹനമായുപയോഗിക്കുന്ന മൃഗങ്ങളെ കൃത്യമായി സംരക്ഷിക്കുകയും പോറ്റുകയും വേണമെന്ന് സ്വഹാബികളെ നബി(സ്വ) തങ്ങൾ എപ്പോഴും ഉണർത്താറുണ്ടായിരുന്നു. ഒരിക്കൽ ഒരു ഒട്ടകത്തിന്റെ അരികിലൂടെ നബി(സ) കടന്നുപോയി. വിശപ്പിന്റെ കടുപ്പം മൂലം അതിന്റെ വയർ മുതുകിനോട് ഒട്ടിയിരുന്നു. ഇതു കണ്ട പ്രവാചകൻ (സ) ഇപ്രകാരം പറഞ്ഞു. "മൃഗങ്ങളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങൾ നല്ല നിലയിൽ അതിന്റെ പുറത്തു കയറുകയും നല്ല നിലയിൽ അതിനെ അറുത്ത് ഭക്ഷിക്കുകയും ചെയ്യുക." (അബൂദാവൂദ്, ഇബ്നു ഖുസൈമ)

മറ്റൊരു സന്ദർഭത്തിൽ ഒട്ടകപ്പുറത്ത് സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘത്തെ കണ്ടപ്പോൾ നബി(സ്വ) തങ്ങൾ ഇങ്ങനെ പ്രതിവചിക്കുകയുണ്ടായി. നിങ്ങൾ അതിനെ കൊണ്ട് സുരക്ഷിതമായി യാത്ര ചെയ്യുക, സംസാരങ്ങൾക്കുള്ള ഇരിപ്പിടമാക്കരുത്. എത്ര വാഹനങ്ങളാണ് അതിന്റെ യാത്രികരെക്കാൾ നന്മയുള്ളവരും ഇലാഹീ സ്മരണയുള്ളവരും". (ഇമാം അഹ്മദ്)

ഒരാള്‍ നബിയോട്: ''ഞാന്‍ എന്റെ ഒട്ടകത്തിനു വേണ്ടി നിറച്ച പാത്രത്തില്‍നിന്ന് വേറൊരാളുടെ ഒട്ടകം വെള്ളം കുടിച്ചാല്‍ അതിന്റെ പ്രതിഫലം എനിക്കുണ്ടാവുമോ?'' നബി(സ) പറഞ്ഞു: ''തീര്‍ച്ചയായും. എല്ലാ നന്മയിലും ധര്‍മം ഉണ്ട്''(അഹ്മദ്).

ആയിശ(റ) പ്രയാസമനുഭവിക്കുന്ന ഒരൊട്ടക പുറത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇതു കണ്ട നബി(സ്വ)തങ്ങൾ ഇപ്രകാരം പറഞ്ഞു: "ആയിശാ, നിനക്ക് നൈർമല്യം അനിവാര്യമാണ്. " (മുസ്ലിം)

അറവ് മൃഗത്തിനോട് പോലും ദയാവായ്‌പോടെ സമീപിക്കാനായിരുന്നു അവിടുത്തെ അധ്യാപനം. മൃഗങ്ങളെ അറുക്കുന്ന സന്ദർഭത്തിൽ അവയോട് കരുണ കാണിക്കേണ്ടത് അനിവാര്യമാണെന്ന് നബി (സ്വ) പഠിപ്പിച്ചു. ഒരിക്കൽ ഒരു ആടിനെ അറുക്കുന്നതിനുവേണ്ടി അതിനെ തള്ളിയിട്ട ശേഷം കത്തിക്ക് മൂർച്ച കൂട്ടുന്ന ഒരാളോട് ഗൗരവത്തോടെ പ്രവാചകർ(സ്വ) ഇങ്ങനെ ഉണർത്തുകയുണ്ടായി: "താങ്കളതിനെ രണ്ടു പ്രാവശ്യം മരിപ്പിക്കാൻ ഉദ്ദേശിക്കുന്നുവോ? അതിനെ കിടത്തുന്നതിന് മുമ്പ് തന്നെ എന്തുകൊണ്ടാണ് കത്തിക്ക് മുർച്ച കൂട്ടാതിരുന്നത്? " (ത്വബ്റാനി)

അറവ് മൃഗങ്ങളോടു പോലും കരുണയുടെയും സഹാനുഭൂതിയുടെയും അലകടലായി നബി(സ്വ) പരന്നൊഴുകുകയായിരുന്നു. അതുകൊണ്ടായിരുന്നല്ലോ യജമാനന്മാരിൽ നിന്നുള്ള പീഡനങ്ങൾ സഹിക്കവയ്യാതെ വന്നപ്പോൾ പല മൃഗങ്ങളും ആ സന്നിധിയിലേക്ക് അഭയം തേടി ഓടിവന്നിരുന്നത്.

തൊട്ടാൽ ഏഴു പ്രാവശ്യം കഴുകേണ്ട നായക്ക് ദാഹം തീർക്കാൻ വെള്ളം കൊടുത്ത കാരണത്താൽ മുൻഗാമികളിൽ പെട്ട ഒരാളെ അല്ലാഹു സ്വർഗത്തിൽ കടത്തിയ സംഭവം നബി(സ്വ) ഉദ്ധരിച്ചതായി ബുഖാരി(8/11)/യിൽ കാണാവുന്നതാണ്. ദാഹിച്ചവശനായ ഒരാള്‍ അരികില്‍ കണ്ട കിണറ്റില്‍ ഇറങ്ങി ദാഹം തീര്‍ത്തു. പുറത്തുവന്നപ്പോള്‍ അയാള്‍ കണ്ടത് ദാഹം മൂത്ത് വെള്ളം ലഭിക്കായ്കയാല്‍ മണ്ണില്‍ ചിക്കിച്ചികയുന്ന നായയെയാണ്. തന്നെ വലച്ച ദാഹമാവും നായയെയും വലച്ചത് എന്നോര്‍ത്ത അയാള്‍ തന്റെ പാദരക്ഷ അഴിച്ച് അതില്‍ വെള്ളം കോരി നായക്ക് നല്‍കി. ദൈവം അയാളുടെ പാപം പൊറുത്തു കൊടുക്കുകയും ചെയ്തു. ഇതു കേട്ട അനുചരന്മാര്‍: 'മൃഗങ്ങളുടെ കാര്യത്തിലുണ്ടാകുമോ ഞങ്ങള്‍ക്ക് പ്രതിഫലം?' നബിയുടെ മറുപടി: 'തീര്‍ച്ചയായും; പച്ചക്കരളുള്ള എല്ലാറ്റിലുമുണ്ട് പ്രതിഫലം' (മാലിക്, ബുഖാരി, മുസ്‌ലിം, അബൂദാവൂദ്). ജീവനുള്ള ഏതു ജീവിക്കും നന്മ ചെയ്യുന്നത് വലിയ പുണ്യമുള്ള കാര്യമാണെന്ന പാഠമാണ് ഇതിലൂടെ നബി(സ്വ) പകർന്നു നൽകിയത്.

മക്കയെ കീഴടക്കാൻ വേണ്ടി നബി(സ്വ)യും സ്വഹാബത്തും യാത്ര ചെയ്തുകൊണ്ടിരിക്കെ വഴിയിൽ ഒരു പട്ടി അതിന്റെ കുഞ്ഞുങ്ങളോടൊപ്പം കിടക്കുന്നതായി കണ്ടു. അവയെ ആരും ഉപദ്രവിക്കരുതെന്ന് നബി(സ്വ) തങ്ങൾ ഉപദേശിച്ചതിനു പുറമെ അതിനനുസരിച്ച് എല്ലാവരും പ്രവർത്തിക്കുന്നുണ്ടായെന്ന് നിരീക്ഷിക്കാൻ ഒരാളെ നിയോഗിക്കുകയും ചെയ്ത സംഭവം ഹദീസ് ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്.

ജന്തുക്കളോട് കരുണയോടെ പെരുമാറാന്‍ അനുശാസിക്കുന്നതോടൊപ്പം തന്നെ, മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയും അവയെ പീഡിപ്പിക്കുന്നതും ദൈവത്തിന്റെ കഠിന ശിക്ഷക്ക് നിമിത്തമാകുന്ന കുറ്റമാണെന്നും ഉണര്‍ത്തി. ഇടതടവില്ലാതെ ജോലി ചെയ്യിച്ചും പട്ടിണിക്കിട്ടും മൃഗങ്ങളോട് കാട്ടുന്ന ക്രൂരത ദൈവശിക്ഷക്ക് നിമിത്തമാകുമെന്ന് നബി(സ) താക്കീതു നല്‍കി. ഒരു പൂച്ചക്ക് അന്നപാനീയങ്ങൾ നൽകാതെ കെട്ടിയിടുകയും അങ്ങനെ ആ മൃഗം ചാവുകയും ചെയ്തതു കാരണത്താൽ ഒരു സ്ത്രീയെ നരകത്തിൽ പ്രവേശിപ്പിച്ച ചരിത്രവും നബി(സ്വ) തങ്ങൾ സ്വഹാബികളോട് വിവരിച്ചിട്ടുണ്ട്. ''പൂച്ചക്ക് ഭക്ഷണമോ വെള്ളമോ നല്‍കാതെ പീഡിപ്പിച്ചതു കാരണം ഒരു സ്ത്രീക്ക് നരകത്തില്‍ പ്രവേശിക്കേണ്ടിവന്നു. അവള്‍ അതിനെ കെട്ടിയിട്ടതു കാരണം അതിന് പുറത്തിറങ്ങി ആഹാരം തേടാനും പറ്റിയില്ല'' ( മുസ്‌ലിം,ബുഖാരി: 3/147)

പക്ഷിയോടും ഉറുമ്പിനോടും പോലും കാരുണ്യം കാണിക്കാന്‍ പ്രേരിപ്പിച്ചു. പക്ഷിക്കുഞ്ഞുങ്ങളോട് കരുണ കാണിക്കാൻ അനുചരരോട് കൽപ്പിച്ച ചരിത്ര സംഭവം പ്രസിദ്ധമാണല്ലോ. ഒരിക്കൽ ഒരു സ്വഹാബിവര്യൻ ഒരു തുണിക്കഷ്ണത്തിൽ കുറേ പക്ഷിക്കുഞ്ഞുങ്ങളെയും കൊണ്ട് തിരുനബി (സ്വ)യുടെ സന്നിധിയിലെത്തി. അവയെ ഒരു കുറ്റിക്കാട്ടിൽ നിന്നും പിടിച്ചതാണെന്നും തള്ളപക്ഷി വട്ടമിട്ട് പറക്കുന്നുവെന്നും അയാൾ നബി(സ്വ)യോട് പറഞ്ഞു. എന്നാൽ, ആ പക്ഷിക്കുഞ്ഞുങ്ങളെ എവിടെ നിന്ന് പിടിച്ചുവോ അവിടെത്തന്നെ കൊണ്ടുവിടാനാണ് അദ്ദേഹത്തോട് മുത്തുനബി(സ) കൽപിച്ചത്. ചെറിയ ജീവികളായ ഉറുമ്പുകളോട് പോലും നബി (സ്വ) തങ്ങൾ പ്രകടിപ്പിച്ച കാരുണ്യവും സ്നേഹവും അത്ഭുതാവഹമാണ്. ഉറുമ്പിൻ കൂട്ടത്തെ കരിച്ച അനുയായികളോട് 'അഗ്നിയുടെ നാഥന്നല്ലാതെ അതുകൊണ്ട് ശീക്ഷിക്കാൻ അവകാശമില്ലെന്ന് പറയുകയുണ്ടായി. (അബൂദാവൂദ്)

പാൽ കുടിച്ചു കൊണ്ടിരിക്കുന്ന കാലയളവിൽ മൃഗക്കുട്ടികളെ തള്ളയിൽ നിന്നു വേർപിരിക്കുന്നതിനെ തിരുനബി (സ്വ) നിശിതമായി വിമർശിച്ചിരുന്നു. ഒരു കുരുവിയെ ഒരാൾ കൊന്നാൽ അത് അല്ലാഹുവിനോട് 'നാഥാ ഒരാൾ എന്നെ വെറുതെ വധിച്ചിരിക്കുന്നു' എന്ന് പറയുമെന്ന് നബി(സ) തങ്ങൾ പറഞ്ഞിട്ടുണ്ട്. (നസാഈ) തവളകളെ കൊല്ലുന്നതും മൃഗങ്ങളെ പരസ്പരം പോരടിപ്പിക്കുന്നതും പ്രവാചകർ(സ്വ) വിലക്കിയതായി ഹദീസുകളിൽ കാണാവുന്നതാണ്.

ചുരുക്കത്തിൽ, കാരുണ്യത്തിന്റെ മറ്റൊരു പര്യായപദമായിരുന്നു മുഹമ്മദ്(സ്വ) എന്നത്. റബ്ബിന്റെ കാരുണ്യം ഭൂമിയിലേക്ക് പരന്നൊഴുകിയിരുന്നത് തിരുനബി(സ്വ)യിലൂടെയായിരുന്നു. പ്രപഞ്ചനാഥൻ തന്റെ ഏറ്റവും ഉൽകൃഷ്ടമായ സൃഷ്ടിയിൽ ഇത്രമാത്രം കാരുണ്യം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ആ നാഥൻ എത്രമാത്രം കാരുണ്യവാനായിരിക്കുമെന്നതു കൂടി നാം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. മനുഷ്യരോടൊപ്പം ജീവികളെ കൂടി ഇത്രമാത്രം പരിഗണിച്ച തിരുനബി(സ്വ)യുടെ ജീവിതത്തിലേക്കുള്ള മടക്കം മാത്രമാണ് സമകാലിക ലോകം നേരിടുന്ന ആന്തരികവും ബാഹ്യവുമായ പ്രശ്നങ്ങൾക്കുള്ള ഒരേയൊരു പരിഹാരം. ആത്തരത്തിൽ കരുണ നിറഞ്ഞതാകണം നമ്മുടെ ജീവിതം

Questions / Comments:



8 October, 2023   10:15 pm

Nf

????????

8 October, 2023   10:21 pm

MUHAMMED AJMAL OLAMATHIL

ഹദീസുകളെ ഒന്നുകൂടി മനോഹരമായി മലയാളത്തിലേക്ക് ആശയ വിവർത്തനം ചെയ്യാനായാൽലേഖനം ഹൃദയഹാരിയാവും

8 October, 2023   10:15 am

AAA

Good


SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....