ഗ്രീൻ പൊളിറ്റിക്സ് അഥവാ ജൈവരാഷ്ട്രീയം(Eco-politics) എന്നും അറിയപ്പെടുന്നു. പേരിലുള്ളത് പോലെത്തന്നെ പ്രകൃതി സംരക്ഷണത്തിലൂന്നിയ വികസന കാഴ്ചപ്പാടുകൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ആരംഭത്തിൽ വെറും ഒരു സാമൂഹിക മുന്നേറ്റമായും മധ്യഘട്ടം പിന്നിട്ടപ്പോൾ ഒരു രാഷ്ട്രീയ നിലപാടായും വളർന്ന്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രം.
ലോകത്തിന്റെ വിവിധ കോണുകളിൽ പല പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളും,കൂട്ടായ്മകളും,ആക്ഷൻ കമ്മിറ്റികളും അവസാനം ഗ്രീൻ പാർട്ടികളിലേക്ക് ചേക്കേറുകയോ, സ്വയം ഒരു പാർട്ടിയായി കൂടുതൽ ജനമനസ്സുകളിലേക്ക് പടരുകയോ ചെയ്തിട്ടുണ്ട്.
ജനാധിപത്യത്തിലെ പുതിയ കാഴ്ചപ്പാട് രൂപീകരണം പ്രകൃതിസംരക്ഷണത്തിലൂന്നിയ മുന്നേറ്റങ്ങൾക്ക് ഒരു പരിധി വരെ ഗ്രീൻ പൊളിറ്റിക്സ് കാരണമായിട്ടുണ്ട്.
മനുഷ്യ മൂലധനത്തിന്റെ ഭൂരിഭാഗവും മനുഷ്യന് വേണ്ടി ചെലവഴിക്കുകയും മനുഷ്യ വളർച്ചയും വികാസവും,സൗകര്യങ്ങളുടെ തികവും മാത്രം വികസനമായി കണക്കാക്കപ്പെടുന്ന ജനാധിപത്യത്തിലെ കസേരക്കളിക്കാരോട് നിങ്ങൾ പ്രകൃതിക്കെന്ത് ചെയ്തു? ഓരോ മനുഷ്യനും മറ്റു ജീവ ജാലങ്ങളും ഒന്നിച്ചുൾകൊള്ളുന്ന ഈ ഭൗമ വ്യവസ്ഥക്ക് എന്ത് വികസനം നൽകി? എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ ആവിർഭാവത്തെ നമുക്ക് പ്രകൃതിക്ക് വേണ്ടി വാദിക്കുന്ന ഒരു വിഭാഗത്തിന്റെ ഉയർത്തെഴുന്നേൽപായി വിലയിരുത്താം.
പ്രാദേശികമായ ഘടകങ്ങൾക്ക് വേണ്ടി,പ്രകൃതിയിലുള്ള പ്രതീകങ്ങളുടെയോ അടയാളങ്ങളുടെയോ സംരക്ഷണത്തിന് വേണ്ടി വാദിക്കുകയും സമര സമിതി രൂപീകരിക്കുകയും അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്ത ചിപ്കോ പോലോത്ത കളങ്കമില്ലാത്ത പ്രസ്ഥാനങ്ങളുടെ കാര്യമല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്, മറിച്ച് ജനാധിപത്യ വ്യവസ്ഥയുടെ ‘പിച്ചയായ’ വോട്ട് വിഹിതം ഇനി ഞങ്ങൾക്ക് തരൂ… ഞങ്ങളിതാ പ്രകൃതിയെയും മനുഷ്യരെയും കൂട്ടിയിണക്കിയുള്ള വികസന കാഴ്ച്ചപ്പാടുകൾ രൂപപ്പെടുത്തി ഒരേ സമയം പ്രകൃതിയുടെയും മനുഷ്യന്റെയും സംരക്ഷണം സാധ്യമാക്കുന്നു എന്ന് വാദിച്ച് Democracy യോടൊപ്പം Geocracy കൂടി ചേർത്ത് വെക്കുന്നവരുടെ കാര്യമാണ്,പ്രകൃതി സംരക്ഷണത്തിനെ മറയാക്കി പുതിയ പൂച്ച് കാണിക്കുന്ന പുത്തൻ തലമുറയുടെ രാഷ്ട്രീയക്കളിയെയാണ് ഉദ്ദേശിച്ചത്.
1970-കളുടെ മധ്യത്തിലാണ് പ്രകൃതി സംരക്ഷണത്തിന് രാഷ്ട്രീയ പാർട്ടി എന്ന ആശയം രൂപംകൊള്ളുന്നത്. സൂര്യകാന്തിച്ചെടിയെ സർവ്വ പ്രകൃതി-ജൈവീക ഘടകങ്ങളുടെയും പ്രതീകമായി ലോകവ്യാപകമായി ഈ കാലയളവിൽ ഗ്രീൻ പാർട്ടികളുടെ രൂപീകരണവും സംസ്ഥാപനവും നടന്നു എന്ന് മാത്രമല്ല ചിലയിടങ്ങളിലൊക്കെ തെരഞ്ഞെടുപ്പ് വിജയത്തിലേക്കും എത്തി.
പച്ചയോ മഞ്ഞയോ നിറങ്ങളിലായി (രണ്ട് നിറങ്ങളും സൂര്യകാന്തിയിൽ ഉൾകൊള്ളുന്നുണ്ട്) പല രാജ്യങ്ങളിലും ‘ഗ്രീനുകൾ’ സ്വാധീനമുറപ്പിച്ചു.
ഇതോടെ ജനാധിപത്യത്തിന് ഒരു തരം പുതുമ നൽകാനാവുകയും പലസ്ഥലങ്ങളിലും ഭരണവ്യവസ്ഥയുടെ ഒരറ്റത്തിരിക്കാനും ചുരുക്കം ചിലയിടങ്ങളിൽ നേരിട്ടുള്ള ഭരണ പങ്കാളിത്തത്തിനും ഗ്രീനുകൾക്ക് അവസരം ലഭിച്ചു.
ഇതിലൂടെ ഗ്രീനുകൾക്ക് അവരുടേതായ ‘Style of Politics’ ലോകത്തിന് കാണിച്ച് കൊടുക്കാനും പല അവസരവാദ,ഭരണമില്ലാ നേതാക്കൾ പാർട്ടിയിലേക്ക് ചേക്കേറാനും വഴി തെളിഞ്ഞു.
യഥാർത്ഥത്തിൽ ‘Green’എന്ന പ്രകൃതിയെ കുറിക്കുന്ന പദം, അല്ലെങ്കിൽ നിറം,അതുമല്ലെങ്കിൽ ആ അഞ്ച് അക്ഷരങ്ങളൊന്നാകെ ആവാഹിക്കുന്ന ജൈവീക-പാരിസ്ഥിതിക പരിപ്രേഷ്യങ്ങൾ ഓസ്ട്രേലിയയിലെ
‘Green Bans’ എന്ന ഒരു മുന്നേറ്റ പ്രസ്ഥാനത്തിൽ നിന്നാണ് ഉരുവം കൊണ്ടത്.
പ്രകൃതി രമണീയമായ സ്ഥലങ്ങളിലൊരിടത്തും ഒരിക്കലും കെട്ടിടങ്ങൾ നിർമിക്കുകയില്ലെന്നും അതിനനുവദിക്കില്ലെന്നും ദൃഢനിശ്ചയം ചെയ്ത ഒരു കൂട്ടം കെട്ടിട നിർമാണ തൊഴിലാളികളാണ് ‘Green Bans’ എന്ന പേരിലറിയപ്പെട്ടത്.
പരിസ്ഥിതിക്കുള്ള പ്രാധാന്യം,അക്രമ രാഹിത്യം,സാമൂഹിക നീതി,ഗ്രാസ് റൂട്ട്(അടിത്തറയുള്ള)ജനാധിപത്യം എന്നീ ലക്ഷ്യങ്ങൾ കൂടി കൈവന്നതോടെ ഇത് അതിർത്തിക്കപ്പുറത്തേക്ക് വ്യാപിച്ചു.
പരിസ്ഥിതി പരമായി നിലനിൽക്കുകയും ക്രമീകരിക്കപ്പെടുകയും ചെയ്യപ്പെടുന്ന ഒരു സമൂഹത്തിന്റെ നിർമിതിക്കനുഗുണമായതെല്ലാം ഇത് പ്രവർത്തിച്ച് വരുന്നു.
‘Non-Green’ വികസന കാഴ്ച്ചപ്പാടുകളും,വളർച്ചാ മാതൃകകളും’ Only for Men’ എന്ന ചിന്താഗതിയും കൊണ്ട് നടക്കുന്ന പാർട്ടികളിൽ നിന്ന് വെത്യസ്തമായി ‘Only for All’ എന്ന തരത്തിലുള്ള വികസന കാഴ്ച്ചപ്പാടുകളിലേക്ക് പരുവപ്പെടാനുള്ള അവസരങ്ങളും വ്യവസ്ഥകളുമാണ് ‘Green’ പാർട്ടികൾ മുന്നോട്ട് വെക്കുന്നത്.
ഹരിത തത്വശ്സ്ത്രത്തിനും ഹരിത ഭാവിക്കും വേണ്ടി ഹരിത വികസന കാഴ്ച്ചപ്പാടുകൾ ഏറ്റുപിടിക്കാനും പരിസ്ഥിതി ജ്ഞാനം,സുസ്ഥിര വികസനം,സാമൂഹിക നീതി,അഹിംസ,പങ്കാളിത്ത ജനാധിപത്യം,വൈവിധ്യങ്ങളോടുള്ള ബഹുമാനം എന്നിവയെല്ലാം ഉൾകൊള്ളുന്ന ഒരു രാഷ്ട്രീയ പാർട്ടി പ്രകൃതി വിഭവ-അടിത്തറയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ പ്രശ്നങ്ങൾക്കാകും ആദ്യ പരിഗണന നൽകേണ്ടി വരുക.
പാരിസ്ഥിതിക വിഭവങ്ങളുടെ ഉപയോഗത്തിനും കൈമാറ്റത്തിനും ക്രയവിക്രയങ്ങൾക്കും ഒരു അച്ചടക്കവും കാഴ്ച്ചപ്പാടും രീതികളും കൊണ്ട് വരുന്നതിനാകും ഇത്തരം പാർട്ടികളുടെ ആദ്യ പരിശ്രമങ്ങൾ.
1972-ലാണ് യൂറോപ്പിലെ ആദ്യ ‘Green Party’ രൂപം കൊള്ളുന്നത്.
‘The Popular Movement for The Environment’ ആയിരുന്നു അത്.
പിന്നീട് പല പേരുകളിലായി പല സമയങ്ങളിൽ വെത്യസ്തങ്ങളായ പ്രകൃതി പാർട്ടികൾ വന്നെങ്കിലും യൂറോപ്പിലാകെ പ്രചാരത്തിലുള്ളതും പ്രശസ്തവുമായ പാർട്ടി
‘Green Party of England and Wales(GPEP) ആണ്. ഇടത് ചായ്വുള്ള ഈ ഗ്രീൻ പാർട്ടിക്ക് ഇംഗ്ലണ്ടിലെ ഭരണ പങ്കാളിത്തത്തിൽ ന്യായമായ സ്ഥാനവും ഉണ്ട്.
2001-ലെ ആദ്യത്തെ ‘Global Green Congress’ ൽ വച്ച് ഇന്ത്യയിൽ മഹാത്മാ ഗാന്ധി പ്രധിനിധാനം ചെയ്തിരുന്ന ‘അഹിംസാ രാഷ്ട്രീയം’ ഗ്രീൻ പൊളിറ്റിക്സിന്റെ പ്രാകൃത രൂപമാണെന്ന് തിരിച്ചറിയുകയും ഹരിത രാഷ്ട്രീയമായി അംഗീകരിക്കുകയും ചെയ്തു.
സമീപ കാലത്ത് ലോകത്തിന് നേരെ വിരൽ ചൂണ്ടിയ ചെറിയ വായിൽ വലിയ സംസാരങ്ങളുമായി നിറഞ്ഞ് നിന്ന ഗ്രേറ്റ തുൻബെർഗും ആധുനിക ലോകത്തിന്റെ ചിന്തകളിലേക്ക് വനവൽക്കരണത്തിന്റെ പുതുമകൾ കാണിച്ച് തന്ന,കോടിക്കണക്കിന് വൃക്ഷങ്ങളുടെ കാവൽക്കാരനായ മിയിവാക്കിയും ഒക്കെ അറിഞ്ഞോ അറിയാതെയോ ഗ്രീൻ പൊളിറ്റിക്സിന്റെ ഭാഗമാവുകയോ പ്രചാരകരാവുകയോ ചെയ്തിട്ടുണ്ട്.
മനുഷ്യർക്ക് ആവശ്യങ്ങൾ നിവർത്തിക്കാൻ പ്രധിനിധികളും നിയമങ്ങളും സംവിധാനങ്ങളുമുണ്ടെന്നിരിക്കെ പ്രകൃതിക്കായി സംസാരിക്കുന്ന പ്രകൃതിയുടെ സ്വന്തം പ്രധിനിധികളായാണ് ഗ്രീനുകൾ സ്വയം പരിചയപ്പെടുത്തുന്നത്. ആഗോളതാപന ഭീഷണിയെ ഫലപ്രദമായി ചെറുക്കാൻ കഴിയുക രാഷ്ട്രീയക്കാർക്കാണെന്നും,പ്രകൃതി മനുഷ്യർക്ക് നേരെ തിരിയുന്നുവെന്നും, ‘കാലാവസ്ഥാ വ്യതിയാനം’ എന്ന പ്രതിഭാസം പുതിയ ഒരു പ്രതിസന്ധിയിലേക്ക് നയിക്കുമെന്നൊക്കെയുള്ള ധാരാളം വാദങ്ങൾ ഗ്രീനുകളുടെ പ്രവർത്തനത്തിന് ഊർജ്ജമാകുന്നുണ്ട്.
രാജ്യത്തെ പാരിസ്ഥിതികമായും രാഷ്ട്രീയമായും ഹരിതവൽക്കരിക്കുക എന്ന ലക്ഷ്യവുമായി ഇപ്പോൾ നിലനിൽക്കുന്ന മിശ്ര സമ്പദ് വ്യവസ്ഥക്ക് പകരം ഹരിത സമ്പദ് വ്യവസ്ഥയിലായി പുതിയ മാറ്റങ്ങളോടെ പ്രകൃത്യാധിഷ്ഠിത വികസനത്തിലൂന്നിയ ഒരു ക്ഷേമ രാജ്യ സങ്കൽപം സ്വപ്നം കണ്ടാണ് 2017 ജൂലൈ-12ന് ഡൽഹിയിൽ വെച്ച് ‘India Green Patry'(IGP) സുരേഷ് നൗട്ടിയാൽ എന്ന പരിസ്ഥിതി പ്രവർത്തകന്റെ നേതൃത്വത്തിൽ പതിനേഴ് വെത്യസ്ത സംസ്ഥാനങ്ങളിലെ 44 പ്രധിനിധികൾ പങ്കെടുത്ത യോഗത്തിൽ രൂപീകൃതമാവുന്നത്.
ആദ്യ ഘട്ടമായി മുഴുവൻ സംസ്ഥാനങ്ങളിലും കമ്മിറ്റി രൂപീകരിച്ച് ഇന്ത്യൻ ഗ്രീൻ പാർട്ടി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
ചുരുക്കത്തിൽ, സാധാരണ പാർട്ടികൾ ഉപയോഗിക്കുന്ന വാക്കുകൾക്ക് മുന്നിൽ ‘ഗ്രീൻ’ എന്നോ ‘ഹരിത’ എന്നോ കൂട്ടിച്ചേർത്ത വെറും പച്ച രാഷ്ട്രീയമല്ല ഇത് മുന്നോട്ട് വെക്കുന്നത്.
മനുഷ്യർ
ഇടക്കെപ്പോഴോ കൈവിട്ട് പോയ പ്രകൃതി സ്നേഹത്തെയും ജൈവീക അവബോധത്തെയും തിരിച്ചെത്തിക്കാനുള്ള ഒരു ഭഗീരഥ യത്നമാണ്,ഒരു പരീക്ഷണമാണ്.
ഏത് പുതുമകൾക്കും അനുഭൂതിയുണ്ടല്ലോ.
കാത്തിരുന്ന് കാണാം മറ്റേത് തരം പാർട്ടികളേക്കാളും ഗ്രീനുകൾക്ക് ലോകത്തിന് വേണ്ടി എന്ത് ചെയ്യാനാവുമെന്നും, പുതിയ ലോക ക്രമത്തിലെ അവരുടെ ഇടപെടലുകളെങ്ങനെയാണെന്നും,ഇതിന്റെ പ്രായോഗികത എങ്ങനെയാണ് നിലവിലെ രീതികളിൽ മാറ്റം വരുത്തുക എന്നും.