ഒരു ഹദീസ് ലഭിക്കാൻ വേണ്ടി മാത്രം അനേകദൂരം സഞ്ചരിച്ച ഇമാമുമാർ ചരിത്രത്തിലുണ്ട്. തിരു ഹദീസുകൾ ക്രോഡീകരിക്കുക, അവയുടെ വിശ്വാസ്യത ഉറപ്പു വരുത്തുക, അതതു നഗരങ്ങളുടെ വൈജ്ഞാനിക സാംസ്കാരിക മുന്നേറ്റങ്ങളെ മനസ്സിലാക്കുക തുടങ്ങിയവ ഈ യാത്രകളുടെ ലക്ഷ്യങ്ങളാണ്.


അറിവു തേടിയുള്ള അന്വേഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് യാത്രകൾ. തിരുഹദീസുകൾ ശേഖരിക്കുന്നതിലും കൃത്യമായ സ്രോതസ്സുകളിൽ നിന്ന് നേരിട്ട് പഠിച്ചെടുക്കാനും യാത്രകൾ അനിവാര്യമാണ്.തിരുനബി (സ്വ)യുടെ അനുചരരായ സ്വഹാബത്തിന്റെ കാലം മുതൽ ഇത്തരം പ്രയാണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഒരു ഹദീസ് ലഭിക്കാൻ വേണ്ടി മാത്രം അനേക ദൂരം സഞ്ചരിച്ച മഹത്തുകൾ ചരിത്രത്തിൽ കാണാം.തിരു ഹദീസുകൾ ക്രോഡീകരിക്കുക, അവയുടെ വിശ്വാസ്യത ഉറപ്പ് വരുത്തുക, പണ്ഡിതന്മാരുമായി സംസാരിക്കുക, അവരുടെ വിദ്യാർത്ഥിയായി കഴിഞ്ഞുകൂടുക, ആ നഗരത്തിന്റെ സാംസ്കാരിക മുന്നേറ്റങ്ങളെ മനസ്സിലാക്കുക തുടങ്ങിയവ ഈ യാത്രകളുടെ ലക്ഷ്യങ്ങളാണ്.

വിശുദ്ധ ഖുർആനിനു ശേഷം ഇസ്ലാമിക ലോകത്തെ പ്രബല പ്രമാണമാണ് തിരു ഹദീസുകൾ. മുഹമ്മദ് നബി (സ) തങ്ങളുടെ, വാക്കുകളും, പ്രവൃത്തികളും അവിടുന്ന് നൽകിയ അംഗീകാരെങ്ങളെയുമാണ് ഹദീസുകൾ എന്ന് വിവക്ഷിക്കുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷവും തിരുനബിയുടെ ചര്യകളെ ഇസ്ലാമികലോകം ആദരവോടെ അംഗീകരിക്കുന്നു. അനുചരന്മാരും പിൻഗാമികളും അവ സംരക്ഷിക്കുന്നതിൽ കാണിച്ച സൂക്ഷ്മത ചെറുതായിരുന്നില്ല. മൈലുകളോളം യാത്ര ചെയ്ത് തിരു ഹദീസുകളെ അവർ ക്രോഡീകരിച്ചു. അറിവു തേടി ഏതറ്റം വരെയും പോവാനുള്ള പ്രേരണ മുത്ത് നബി (സ) യാണവർക്ക് പകർന്ന് നൽകിയത്. അറിവന്വേഷണത്തിന്റെ വഴിയിൽ പ്രവേശിച്ചവന് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാകുമെന്ന് തിരുനബി അവരെ ഉണർത്തി. തിരുനബി(സ്വ)യുടെ അനുചരരായ സ്വഹാബത്ത് ഹദീസ് തേടി സഞ്ചരിച്ച നിരവധി സംഭവങ്ങൾ ചരിത്രത്തിലുണ്ട്.

ജാബിറുബ്നു അബ്ദില്ലാഹി (റ) പറയുന്നു: നബി(സ) തങ്ങളിൽ നിന്ന് നേരിട്ട് കേട്ട ഒരു ഹദീസ് ഒരനുചരന്റെ പക്കലുണ്ടെന്ന് ഞാനറിഞ്ഞു. ഞാനൊരു ഒട്ടകത്തെ വാങ്ങി, യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തി. ഒരു മാസത്തെ യാത്ര ചെയ്ത് ഞാൻ ശാമിലെത്തി. അവിടെ അബ്ദുല്ലാഹിബ്നു ഉനൈസുൽ അൻസാരി (റ)വിന്റെ പക്കലായിരുന്നു ഹദീസ് ഉണ്ടായിരുന്നത്. ഞാൻ അവിടെ ചെന്നു കാവൽക്കാരനോട് ജാബിർ വന്നിരിക്കുന്നു എന്നറിയിക്കാനാവശ്യപ്പെട്ടു. കാവൽക്കാരൻ മടങ്ങി വന്ന് ചോദിച്ചു. ജാബിറുബ്നു അബ്ദില്ലെയോ...? അതെയെന്ന് മറുപടി പറഞ്ഞു അദ്ദേഹം എന്നെ സ്വീകരിച്ചു. ഞാൻ പറഞ്ഞു: തിരുനബി(സ)യിൽ നിന്ന് ഞാൻ കേൾക്കാത്ത ഒരു ഹദീസ് നിങ്ങളുടെ പക്കലുണ്ടെന്ന് ഞാനറിഞ്ഞു. എനിക്കത് ലഭിക്കുന്നതിന് മുമ്പ് ഞാനോ നിങ്ങളോ മരണപ്പെടുമോ എന്ന് ഭയന്നു. അദ്ദേഹമെനിക്ക്
يحشر الله العباد عراة غرلا بهما
എന്നു തുടങ്ങുന്ന ഹദീസ് പറഞ്ഞു തന്നു. (1) പ്രമുഖ ഹദീസ് പണ്ഡിതനായ സഈദുബ്നുൽ മുസയ്യബ് (റ) പറയുന്നു: ഒരു ഹദീസിനു വേണ്ടി ഞാൻ ഏറെ രാപ്പകലുകൾ യാത്ര ചെയ്തിട്ടുണ്ട്.(2) താബിഉകളിൽ പ്രമുഖനായിരുന്ന അദ്ദേഹം മദീനയിലെ വലിയ ഫഖീഹുമായിരുന്നു. ഇമാം ബുഖാരിയുടെ ശൈഖായ അലിയ്യുബ്നുൽ മദീനി സാക്ഷ്യപ്പെടുത്തുന്നു. താബിഉകളുടെ കൂട്ടത്തിൽ അദ്ദേഹത്തെക്കാൾ വിജ്ഞാനമുള്ള ഒരാളെ എനിക്കറിയില്ല. പ്രമുഖ കർമശാസ്ത്ര പണ്ഡിതനായ ഇമാം ഔസാഇ(റ) പറയുന്നു: ഞാൻ ഹസൻ ബ്നു സീരീൻ എന്നിവരെ തേടി പുറപ്പെട്ടു. ഹസൻ എന്നവർ വിട പറഞ്ഞിരുന്നു. മുഹമ്മദ് ബ്നു സീരീൻ രോഗിയായിരുന്നു ഞാനവരെ സന്ദർശിച്ചു. കുറച്ച് ദിവസമവിടെ തങ്ങി. അദ്ദേഹം മരിച്ചു.(3)

ഇമാം ബുഖാരി(റ)

തിരു ഹദീസുകൾ തേടി

വിശ്രുത ഹദീസ് പണ്ഡിതനായ ഇമാം ബുഖാരി(റ) നടത്തിയ ജൈത്ര യാത്രകൾ നിരവധിയാണ്. ജന്മനാടായ ബുഖാറയിൽ വെച്ച് പ്രമുഖ പണ്ഡിതരിൽ നിന്ന് അറിവ് നുകർന്നു. ഹിജ്റ 210 ൽ പതിനാറാം വയസ്സിൽ ഉമ്മയോടും സഹോദരൻ അഹ്മദിനോടുമൊപ്പം ഇമാം മക്കയിലേക്ക് പുറപ്പെട്ടു. ഹജ്ജ് കഴിഞ്ഞ് ഉമ്മയും സഹോദരനും നാട്ടിലേക്ക് മടങ്ങി. ഹദീസ് അന്വേഷണാർത്ഥം ഇമാം മക്കയിൽ തങ്ങി. അവിടുത്തെ പണ്ഡിതന്മാരിൽ നിന്ന് ഹദീസുകൾ കരസ്ഥമാക്കി.

പതിനെട്ടാം വയസ്സിൽ

പ്രവാചക നഗരമായ മദീനയിലേക്ക് യാത്ര തിരിച്ച അദ്ദേഹം പരിശുദ്ധമായ റൗളാ ശരീഫിന്റെ ചാരത്തിരുന്ന് നിലാവുള്ള രാത്രികളിൽ താരീഖുൽ കബീർ രചിച്ചു. ഹിജാസിൽ (മക്ക, മദീന, ത്വാഇഫ്, ജിദ്ദ എന്നിവക്കു പൊതുവായ പേരാണ് ഹിജാസ് ) നിന്ന് ഹദീസ് വിജ്ഞാനീയങ്ങൾക്ക് പേര് കേട്ട ബസ്വറിയിലേക്കാണ് പിന്നീട് പോയത്. അവിടെ നിന്ന് കൂഫയിലേക്കും ബഗ്ദാദിലേക്കും. അബ്ബാസിയ ഭരണത്തിന്റെ ആസ്ഥാനമായാരുന്നു അന്ന് ബഗ്ദാദ്. ലോകത്തിന്റെ വിദൂരദേശങ്ങളിൽ നിന്നും വിജ്ഞാനം തേടി ജനങ്ങൾ ബഗ്ദാദിലേക്ക് പ്രവഹിച്ചു. ഇമാം അഹ്മദ് ബ്നു ഹമ്പലിനെ പോലുള്ള വിശ്വപ്രസിദ്ധ പണ്ഡിതർ അന്ന് ബഗ്ദാദിലുണ്ടായിരുന്നു. നിരവധി പരീക്ഷണങ്ങളും പ്രതിബന്ധങ്ങളും ഈ യാത്രകൾക്കിടയിൽ നേരിടേണ്ടിവന്നു. പിന്നീട് സിറിയയിലേക്കും ഈജിപ്തിലേക്കും നൈസാബൂരിലേക്കും ഇമാം സഞ്ചരിച്ചു. ഈ യാത്രകളിലെല്ലാം ഹദീസ് പണ്ഡിത ലോകത്തെ നിരവധി അതുല്ല്യ പ്രതിഭകളെ കണ്ടുമുട്ടുകയും അവരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഹദീസ് ശേഖരണത്തിനായി ഇമാം സഞ്ചരിച്ച നാടുകളും സഹിച്ച ത്യാഗങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ഹദീസ് അന്വേഷണ യാത്രകളെ കുറിച്ച് ഇമാം പറയുന്നു. ഞാൻ ശാമിലും (സിറിയ) മിസ് റിലും (ഈജിപ്ത്) അൽജസീറയിലും രണ്ട് തവണ സന്ദർശിച്ചു. ബസ്വറയിൽ നാലുവർഷവും ഹിജാസിൽ ആറു വർഷവും താമസിച്ചു. കൂഫയിലും ബഗ്ദാദിലും പലതവണ സഞ്ചരിച്ചിട്ടുണ്ട്. (4)ഇമാം ബുഖാരിയുടെ ഈ അതിസാഹസിക യാത്രകൾ തന്നെയാണ് അദ്ദേഹത്തെ ഹദീസ് ലോകത്തെ അമീറാക്കിയത്.

ഇമാം അഹ്മദ്ബ്നു ഹമ്പൽ

കർമ ശാസ്ത്രത്തിലെ സ്വീകാര്യമായ നാലു മദ്ഹബുകളിലൊന്ന് ഇമാം അഹ്മദ് (റ) വിന്റേതാണ്.ഹദീസ് വിജ്ഞാന രംഗത്തും നിരവധി സംഭാവനകൾ സമർപ്പിച്ച അദ്ദേഹത്തിന്റെ 'അൽ മുസ്നദ് ' എറെ പ്രശസ്തമാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഹദീസ് തേടി സഞ്ചാരം തുടങ്ങി.പതിനാറാം വയസ്സിൽ തന്നെ ഹദീസ് പഠനത്തിനായി ഹുശൈമുബ്നു ബശീറുബ്നു അബീ വാസിത്വിയുമായി സഹവസിച്ചു. അതിരാവിലെ തന്നെ ഹദീസ് അന്വേഷിച്ച് പുറപ്പെടാൻ ഒരുങ്ങുന്ന ഇമാമിനെ പലപ്പോഴും ഉമ്മ വസ്ത്രത്തിൽ പിടിച്ചു നേരം പുലർന്നിട്ട് പോകാമെന്ന് പറയാറുണ്ടായിരുന്നു.(5)

ഇറാഖ്, സിറിയ, ഹിജാസ്, തുടങ്ങിയ നാടുകളിലൂടെ യാത്ര ചെയ്ത്, ധാരാളം ഹദീസുകൾ ശേഖരിച്ചു. ഇമാം മുസ്ലിം , നസാഈ ,അബൂദാവൂദ്, തിർമുദി, ഇബ്നുമാജ (റ) തുടങ്ങിയവരെല്ലാം ഹദീസ് അന്വേഷണാർത്ഥം ലോകത്തിന്റെ വിവിധ ദേശങ്ങളിലേക്ക് സഞ്ചരിക്കുകയും തിരുഹദീസുകളെ ഒപ്പിയെടുക്കുകയും ചെയ്തവരാണ്.

ഹദീസ് അന്വേഷണ യാത്രകളുടെ ലക്ഷ്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം.

1) ഹദീസ് ക്രോഡീകരണം

തിരുനബി(സ)യുടെ ജീവിതത്തെ നേരിട്ടറിയാൻ അവസരം ലഭിച്ചവരാണ് സ്വഹാബത്ത്(റ). ഇസ്ലാമിക പ്രബോധനത്തിനായി ലോകത്തിന്റെ വ്യത്യസ്ത ദിക്കുകളിലേക്ക് അവരെ നിയോഗിക്കപ്പെട്ടിരുന്നു. ഇറാഖിലേക്ക് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിനെയും ശാമിലേക്ക് അബുദർദാഅ (റ)വിനെയും പറഞ്ഞയച്ചിരുന്നു. തിരുചര്യകളെ അടുത്തറിഞ്ഞ അനുചരർ മുത്ത് നബിയുടെ ഓരോ നിമിഷങ്ങളും കൃത്യമായി കാത്തു സൂക്ഷിച്ചു, പിൻഗാമികളിലേക്കും അവ പ്രസരണം ചെയ്യപ്പെട്ടു. വ്യത്യസ്ത ദേശങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന തിരുഹദീസിന്റെ മൊഴിമുത്തുകൾ ശേഖരിക്കാൻ യാത്രകൾ അനിവാര്യമായിരുന്നു

2) ഹദീസുകളുടെ സ്വീകാര്യത ഉറപ്പു വരുത്തുക

ലഭ്യമായ ഹദീസുകളുടെ സ്വീകാര്യത ഉറപ്പുവരുത്താൻ അനുചരന്മാർ അനേക ദൂരം സഞ്ചരിച്ചു. സ്വഹാബി പ്രമുഖനായ അബൂ അയ്യൂബുൽ അൻസാരി(റ) മദീനയിൽ നിന്ന് മിസ്റിലേക്ക് യാത്രപോയതും ശുഅബതുബ്നു ഹജ്ജാജ് നിവേദക പരമ്പരയിലെ വ്യത്യാസങ്ങൾ പരിശോധിച്ചതുമെല്ലാം ഇതിന്റെ ചുവടുപിടിച്ചായിരുന്നു. നിവേദക പരമ്പരയിലെ വ്യത്യാസങ്ങൾക്കനുസൃതമായി ഹദീസുകകളുടെ വ്യത്യസ്ത വിഭാഗങ്ങളെ മനസ്സിലാക്കാനും യാത്രകൾ പ്രധാനമായിരുന്നു.

3. മികച്ച നിവേദക പരമ്പര

സനദ് തിരുനബി(സ)യിലേക്ക് എത്തിച്ചേരുന്നതോടൊപ്പം നിവേദക പരമ്പയിൽ റിപ്പോർട്ടമാരുടെ എണ്ണം കുറയുക എന്നതാണ് മികച്ച നിവേദക പരമ്പര (علوالإسناد ) എന്നത് കൊണ്ടർത്ഥമക്കുന്നത്. ഇത്തരം ഹദീസുകൾക്ക് ഹദീസ് പണ്ഡിതന്മാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ജീവിച്ചിരിക്കുന്ന ശൈഖിൽ നിന്ന് നേരിട്ട് ഹദീസ് സ്വീകരിക്കുന്നതിലൂടെ ഈ നേട്ടം കൈവരിക്കാനാവും. സനദുകളെ

കുറ്റമറ്റതാക്കാനും സംരക്ഷിക്കാനും ഉലുവ്വുൽ ഇസ്നാദ് വലിയ പങ്ക് വഹിക്കുന്നു. ഹദീസിന്റെ പ്രബലതയെ ശക്തമായി സ്വാധീനിക്കുന്നതായതിനാൽ പണ്ഡിതന്മാർ കുടുതൽ ശ്രദ്ധ ചെലുത്തുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്തു. 

4. നിവേദകരെ അടുത്തറിയുക

നിവേദകരുടെ ജീവിത വിശുദ്ധിയും സ്വഭാവ ഗുണങ്ങളും മനസ്സിലാക്കൽ ഹദീസുകൾ സ്വീകരിക്കുന്നതിൽ വളരെ പ്രധാനമാണ്. ചെറിയ സ്ഖലിതങ്ങൾ പോലും ഹദീസ് സ്വീകരിക്കുന്നതിന് തടസ്സമായി കണ്ടു. വിജ്ഞാനശാഖയുടെ മർമപ്രധാനമായ ഭാഗം കൂടിയാണിത്. ഇവ മനസ്സിലാക്കാൻ എല്ലാ ശ്രമങ്ങളും അവർ നടത്തി.

 ഇമാം ബുഖാരി (റ) എറെ ദൂരം സഞ്ചരിച്ച് ഒടുവിൽ ഹദീസ് സ്വീകരിക്കാതെ മടങ്ങിയ സംഭവം ചരിത്രത്തിൽ കാണാം. സ്വീകാര്യമായതും അല്ലാത്തതും വേർതിരിച്ച് അറിയാനും നിർമിത ഹദീസുകളെ കണ്ടെത്താനും ഈ അന്വേഷണങ്ങൾ അനിവാര്യമായിരുന്നു.

5.ഹദീസ് നിരൂപണത്തിലും അതിന്റെ കാരണങ്ങളിലുമുള്ള പണ്ഡിതൻമാരുടെ ചർച്ചകൾ

ആഴത്തിലുള്ള അറിവും ചിന്തയും ആവശ്യമുള്ള മേഖലയാണിത്. നിവേദക പരമ്പരകളിലേക്കും റിപ്പോർട്ടർമാരിലേക്കും കണ്ണെത്തേണ്ടതു കൊണ്ടുതന്നെപരസ്പര കൂടിക്കാഴ്ച്ചകളും ആലോചനകളും പ്രധാനമാണ് .അലിയ്യുബ്നു മദീനി എന്നവർ ഇറാഖിൽ നിന്നും മക്കയിലുള്ള സുഫ്യാനുബ്നു ഉയയ്നയിലേക്ക് ഏറെ ദൂരം താണ്ടി യാത്ര ചെയ്തത് ഇത്തരമൊരു ചർച്ചക്ക് വേണ്ടിയായിരുന്നു. ഇമാമുമാരുടെ ഹദീസ് അന്വേഷണ യാത്രകൾ ഇതിന് സഹായകമായി.

യാത്രയുടെ പൊതു നേട്ടങ്ങൾ (7)

1 വൈജ്ഞാനിക വൈവിധ്യങ്ങളെ മനസ്സിലാക്കൽ

മനുഷ്യന്റെ ജീവിത ചുറ്റുപാടുകളും സാഹചര്യങ്ങളും അവനെ സ്വാധീനിക്കും. പരിചിതമായ പരിസരങ്ങളിൽ നിന്നും പുതിയ ഇടങ്ങളിലേക്ക് പ്രയാണം ചെയ്യുന്നതിലൂടെ കൂടുതൽ ചിന്തകൾക്കും അറിവുസമ്പാദത്തിനും സൗകര്യമൊരുങ്ങും. കാഴ്ച്ചപ്പാടുകളിലും കണ്ടെത്തലുകളിലും യാത്രകൾ സ്വാധീനിക്കും.ശാഫിഈ മദ്ഹബിലെ ജദീദ്, ഖദീം എന്നീ അഭിപ്രായ വൈവിധ്യങ്ങൾ ഇമാമിന്റെ ഇറാഖിലേക്കും മിസ്റിലേക്കുമുള്ള ജ്ഞാനാന്വേഷണ യാത്രകളെ ഫലമായിരുന്നു. അറിവ് തേടിയുള്ള യാത്രകളും ഗുരുവിനെ കണ്ടുമുട്ടുന്നതും വിജ്ഞാന സംമ്പാദനത്തിൽ കൂടുതൽ പൂർണത കൈവരിക്കാൻ സഹായിക്കും എന്ന് ചരിത്ര പണ്ഡിതനായ ഇബ്നു ഖൽദൂൻ മുഖദ്ദിമയിൽ പറയുന്നുണ്ട്.

2. വിജ്ഞാന പ്രസരണം

 കഠിനാധ്വാനത്തിലൂടെ കരഗതമാക്കിയ വിജ്ഞാന മുത്തുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രസരണം ചെയ്യുക എന്നത് അറിവന്വേഷികളുടെ പതിവായിരുന്നു. നിലനിൽക്കുന്ന നാട്ടിൽ ഈ വിജ്ഞാന മേഖലക്ക് വേണ്ടത്ര സ്വീകാര്യതയില്ലാത്തും ചെന്നെത്തുന്ന പ്രദേശം വിജ്ഞാനത്തിന്റെ വിളനിലമായ തുമെല്ലാം ഇത്തരം യാത്രകൾക് പേരകമായി. ശൈഖ് ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം ശാമിലെ ഖർഖിൽ നിന്നും ഖൈ റോവിലേക്കുള്ള യാത്രാമധ്യേ കൂട്ടുകാരന്റെ അടുക്കലൂടെ കടന്നു പോയി. ഈ നാട്ടിൽ നിൽക്കണമെന്നാവശ്യപ്പെട്ടപ്പോൾ ശൈഖ് അദ്ദേഹത്തോട് പറഞ്ഞു: നിങ്ങളുടെ പ്രദേശത്ത് എന്റെ വിജ്ഞാനശാഖക്ക് വേണ്ടത്ര വേരോട്ടമില്ലല്ലോ. അദ്ദേഹം ഖൈറോവിലേക്ക് യാത തുടർന്നു.

3. സംസ്കാരങ്ങളുടെ കൂടിച്ചേരൽ

വ്യത്യസ്‌ത സംസ്കാരങ്ങളുടെ സംഗമത്തിനും അതിലൂടെ പുതു ജീവിത രീതികളെ പഠിക്കാനും യാത്രകൾ സഹായിക്കും. കൂടുതൽ ആളുകളെ പരിചയപ്പെടുന്നതിലൂടെ അവരുടെ ജീവിത രീതികളെ പകർത്താനും തിരുത്താനും സാഹചര്യമൊരുങ്ങും.

4. സദ്ഗുണങ്ങളുടെ വികാസം

മനുഷ്യന്റെ ഇടുങ്ങിയ ചിന്തകളും കാഴ്ച്ചപ്പാടുകളും വികസിക്കാനും മറ്റുള്ളവരെയും ഉൾക്കൊള്ളാനുംസഞ്ചാരം സാഹചര്യമൊരുക്കും. പ്രിയപ്പെട്ടവരെ വേർപിരിഞ്ഞ് കൊണ്ട് ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ പ്രതിബന്ധങ്ങളെ തരണം ചെയ്യാനും ത്യാഗങ്ങൾ സഹിച്ച് മുന്നേറാനും പ്രചോദനമാവുന്നു

5. ആത്മമിത്രങ്ങളെ നേടിയെടുക്കൽ

ആത്മാർത്ഥമായ സൗഹൃദം ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ്. യാത്രകളിലൂടെ പുതിയ സൗഹൃദങ്ങളെ സമ്പാദിക്കാനും അവരുടെ സ്വഭാവ ഗുണങ്ങളെ സ്വാംശീകരിക്കാനും സാധിക്കുന്ന. പരസ്പര സഹകരണത്തിന്റെ വേദിയായും ഇത് മാറാറുണ്ട്.

ഹദീസ് ക്രോഡീകരണത്തിനു വേണ്ടി ഇമാമുകൾ സഹിച്ച ത്യാഗങ്ങൾ ചെറുതായിരുന്നില്ല. നാടും വീടും വിട്ട് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ സംരക്ഷണത്തിനായി ലോകം ചുറ്റി സഞ്ചരിച്ചവരാണവർ.മുന്നോട്ടു വെച്ച ഓരോ കാലനക്കങ്ങൾക്ക് പിന്നിലും കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു.

Author

Questions / Comments:



26 June, 2023   06:36 pm

MUSSADIQUL ISLAM

Excellent