ആധുനികലോകത്ത് നിലവിലുള്ള ഒട്ടുമിക്ക ശാസ്ത്ര മേഖലകളിലും മഹത്തായ സംഭാവനകൾ നൽകിയ ഒട്ടേറെ ശാസ്ത്ര പ്രതിഭകൾ ഇസ്ലാമിക ലോകത്ത് ജീവിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ സുവർണ്ണ കാലത്ത് ജീവിച്ച മറ്റൊരു പ്രധാനപ്പെട്ട ശാസ്ത്ര പ്രതിഭയായിരുന്നു ജാബിർ ബിൻ ഹയ്യാൻ. അബൂമൂസ ജാബിർ ബിൻ ഹയ്യാൻ എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. പ്രകൃതി ശാസ്ത്രം സസ്യ ശാസ്ത്രം,നക്ഷത്ര ശാസ്ത്രം രസതന്ത്രം,ഫിലോസഫി തുടങ്ങിയ മേഖലകളിലെല്ലാം നിസ്തുലമായ സംഭാവനകളർപ്പിച്ച ജാബിർ ‘രസതന്ത്രത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത്.

 

ജനനം,ജീവിതം

എഡി 721ൽ ഖുറാസാനിലെ പ്രധാന നഗരമായ തൂസിലാണ് ജാബിർ ബിൻ ഹയ്യാൻ ജനിച്ചത്. കൂഫയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം അന്നത്തെ ഭരണാധികാരിയായിരുന്ന ഖലീഫ മൻസൂറിന്റെ മുസ്ലിം ഗ്രന്ഥശാലകളിൽ നിന്നുള്ള ധാരാളം അ മൂല്യഗ്രന്ഥങ്ങൾ വായിച്ചിരുന്നു. തത്വശാസ്ത്രത്തിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് രസതന്ത്ര മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു.

കെമിസ്ട്രി, ഫാർമസി തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയനായ അദ്ദേഹം യൂറോപ്പിൽ അൽഗെബർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രസതന്ത്രം അക്കാലത്ത് ഇല്മുൽ ജാബർ എന്ന പേരിലും അറിയപ്പെട്ടിരുന്നു. വൈദ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ പരിജ്ഞാനം അക്കാലത്തെ ഭരണകൂടം തിരിച്ചറിയുകയും അദ്ദേഹത്തെ കൊട്ടാര വൈദ്യനായി നിയമിക്കുകയും ചെയ്തു.

 

ശാസ്ത്രീയ സംഭാവനകൾ

നിരന്തരമായ പരീക്ഷണങ്ങളിൽ സമയം ചെലവഴിച്ച അദ്ദേഹം വിവിധങ്ങളായ ലോഹങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും നടത്തി. രസതന്ത്രത്തിലെ ഓക്സീകരണം, ഘനീകരണം തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ച് ശാസ്ത്രലോകത്ത് ആദ്യമായി പരിചയപ്പെടുത്തിയത് ജാബിർ ബിൻ ഹയ്യാനായിരുന്നു. സോഡിയം കാർബണേറ്റ്, നൈട്രിക് ആസിഡ്, സൾഫ്യൂരിക്ക് ആസിഡ് എന്നിവയെക്കുറിച്ചുള്ള ആധുനികരീതിയിലുള്ള പല നിഗമനങ്ങളിലേക്ക് ജാബിർ ബിൻ ഹയ്യാൻ വെളിച്ചം വീശി. ഇരുമ്പിൽ ഈയം പൂശി അതിനെ തുരുമ്പിൽ നിന്നുമുള്ള സംരക്ഷണത്തെകുറിച്ചുള്ള വിവരം ആദ്യമായി അദ്ദേഹമാണ് പ്രസ്താവിച്ചത്. യൂറോപ്പില്‍ രസതന്ത്രത്തിന്റെ വികാസത്തിന് അടിത്തറപാകിയത് ജാബിര്‍ ഇബ്‌നു ഹയ്യാന്റെ കണ്ടുപിടുത്തങ്ങളായിരുന്നെന്ന് പ്രശസ്ത ജര്‍മ്മന്‍ ചരിത്രകാരനായ മാക്‌സ് മേയര്‍ഹോഫ് പറയുന്നുണ്ട്. പാശ്ചാത്യ ലോകത്ത് ഗീബര്‍ എന്നറിയപ്പെടുന്ന ജാബിര്‍ ഇബ്‌നു ഹയ്യാന്‍, ദ്രാവകം ആവിയാക്കി തണുപ്പിച്ച് ശുദ്ധീകരിക്കുക, ലായനി തണുപ്പിച്ചും ബാഷ്പീകരിച്ചും പരലുകളെവേര്‍തിരിക്കുക, ബാഷ്പീകരണം എന്നിവ ഉള്‍പ്പെടുന്ന നിരവധി പ്രക്രിയകള്‍ കണ്ടുപിടിച്ചുപുരാതന ആല്‍ക്കെമി പ്രധാനമായും വിലയേറിയ ലോഹങ്ങള്‍ തയ്യാറാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, അടിസ്ഥാന രാസരീതികളുടെ വികസനത്തിനായി തന്റെ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടാണ് ജാബിര്‍ തന്റെ വൈദഗ്ധ്യവും നൈപുണ്യവും പ്രകടിപ്പിച്ചത്. പരീക്ഷണത്തിലൂടെയും രാസപ്രവര്‍ത്തനങ്ങളെയും അവയുടെ തത്വങ്ങളെയും കുറിച്ചുള്ള പഠനത്തിലൂടെയുമാണ് അദ്ദേഹം ഇത് ചെയ്തത്

പുരാതന ആൽക്കമി പ്രധാനമായും വിലകൂടിയ ലോഹങ്ങൾ കണ്ടുപിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അടിസ്ഥാനപരമായ രാസപ്രക്രിയകളെ കുറിച്ചും അതിന്റെ വികാസത്തിന് ആവശ്യമായ പഠനങ്ങളിലുമാണ് ജാബിർ ബിൻ ഹയ്യാൻ ശ്രദ്ധ ചെലുത്തിയത്. മൂലകങ്ങൾ, ലോഹങ്ങൾ, ലായനികൾ, പിരിയോടിക് ടേബിന്റെ വർഗ്ഗീകരണം തുടങ്ങിയവയിയെല്ലാം അദ്ദേഹം തന്റെ കനപ്പെട്ട കണ്ടുപിടുത്തങ്ങളും നിരീക്ഷണങ്ങളും നടത്തി.

ജാബിർ ബിൻ ഹയ്യാന്റെ വിശാലമായ സംഭാവനകളെ കുറിച്ചും അദ്ദേഹത്തിന്റെ പരീക്ഷണശാലയെകുറിച്ചും കൂടുതൽ ശ്രദ്ധേയമാകുന്നത് അദ്ദേഹത്തിന്റെ മരണത്തിന് എത്രയോ വർഷങ്ങൾക്കു ശേഷമായിരുന്നു. പിൽക്കാലത്ത് നടത്തിയ ഉൽഖനനത്തിൽ അദ്ദേഹത്തിന്റെ രസതന്ത്ര പരീക്ഷണശാല കണ്ടെത്തുകയായിരുന്നു.

 

രചനാലോകം

തന്റെ ശാസ്ത്രീയ മേഖലകളിലെ വിജ്ഞാനങ്ങളും നിരീക്ഷണങ്ങളും ഉൾക്കൊള്ളിച്ച് അദ്ദേഹം നിരവധി രചനകൾ നടത്തിയിട്ടുണ്ട്. രസതന്ത്രം വൈദ്യശാസ്ത്രം പ്രകൃതിശാസ്ത്രം തുടങ്ങിയ വ്യത്യസ്ത മേഖലകളിലായി ആയിരത്തോളം വലുതും ചെറുതുമായ കൃതികൾ അദ്ദേഹത്തിനുണ്ട്. രസതന്ത്ര മേഖലയിലെ തന്റെ നിരീക്ഷണങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് എഴുപതോളം കൃതികൾ തയ്യാറാക്കിയിട്ടുണ്ട്.അറസാഇലു സബ്ഇയ്യ,മബാദിഉ ഇൽമിൽ കീമിയ, വസ്വിയ്യത്തു ജാബിർ, കിമിയാഉജാബിർ, നിഹായതുൽ ഇത്ഖാൻ, കിതാബു തക്വീസ് തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്.

അദ്ദേഹത്തിന്റെ രചനകളും കണ്ടുപിടുത്തങ്ങളും ആധുനികലോകത്തെ വൈവിധ്യങ്ങളായ കണ്ടുപിടിത്തങ്ങൾക്ക് വേഗത കൂട്ടാൻ സഹായകമായി. ലാറ്റിൻ ഫ്രഞ്ച് തുടങ്ങിയ ഒട്ടനവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ മിക്ക ജനങ്ങളും വിവർത്തനം ചെയ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പേരിൽ നിരവധി ശാസ്ത്ര, വിദ്യാഭ്യാസ സമുച്ചയങ്ങൾ ഇന്ന് ലോകത്ത് നിലവിലുണ്ട്. ശാസ്ത്രലോകത്തിന് ഒട്ടനവധി സംഭാവനകൾ നൽകിയ ഈ അതുല്യപ്രതിഭ എഡി 813ൽ ഇറാഖിലെ കൂഫയിൽ വെച്ചാണ് മരണപ്പെട്ടത്.

Questions / Comments:No comments yet.